വിവർത്തനകവിത
സിൽവിയ പ്ലാത്ത്
വിവ.ലക്ഷ്മി പ്രിയ പി.എസ്
ഇനിയും എനിക്ക്
നിങ്ങളെ സഹിക്കാനാവില്ല;
എനിക്ക്
നിങ്ങളെ സഹിക്കാനാവില്ല.
കറുത്ത ഷൂവിലെ
പാദം പോലെ
മുപ്പതു വർഷമാണ് ഞാൻ ജീവിച്ചത്
- നിസ്വയായി... വിളറി വെളുത്ത് ...
ശ്വസിക്കാനും ചുമയ്ക്കാനുമാകാതെ ....
അച്ഛാ ....
എനിക്ക് നിങ്ങളെ കൊല്ലണമായിരുന്നു
പക്ഷേ,
അതിന് മുമ്പേ
നിങ്ങൾ ചത്തൊടുങ്ങി.
ഒരു പെരുത്ത ചാക്കിലെ ദൈവരൂപമായിരുന്നു,
നിങ്ങൾ;
കനമേറിയ മാർബിളിലെ ഭയാനകശില്പം ...
ഒറ്റപ്പാദം ഉന്തിച്ച് നിൽക്കുന്ന ഭീകരജന്തു
- ഭൂപടത്തിലെ സാൻഫ്രാൻസിസ്കോയെപ്പോല ...
അറ്റ്ലാന്റിക്കിലെ,
പ്രശാന്തമായ നൗസറ്റ് തീരമുള്ള
അറ്റ്ലാന്റിക്കിലെ
ഭയാനകമായ പച്ചനിറജലത്തിലാണ്
നിങ്ങളുടെ തല.
ഞാനെപ്പോഴും ജർമ്മൻഭാഷയിൽ
പ്രാർത്ഥിക്കാറുണ്ട്
- നിങ്ങളെ തിരിച്ചുകിട്ടാൻ
യുദ്ധം, അതെ യുദ്ധം ....
യുദ്ധം തകർത്തെറിഞ്ഞ
പോളണ്ട് നഗരത്തിലായിരുന്നു
നിങ്ങളുടെ വാസം.
സാധാരണ പേരുള്ള ഒരു സ്ഥലം.
എന്റെ പോളണ്ട് സുഹൃത്ത് പറഞ്ഞു
- അതുപോലെ രണ്ടോ അതിലധികമോ
സ്ഥലങ്ങളുണ്ടെന്ന്.
അതുകൊണ്ട്
എനിക്കൊരിക്കലും
നിങ്ങളോട് പറയാനായില്ല
- നിങ്ങവിടെയാണെന്ന്
- നിങ്ങളുടെ നിൽപ്പെവിടെയാണെന്ന്
- നിങ്ങളുടെ വേരുകളെവിടെയാണെന്ന്
നാക്ക് ഒരു കെണിയിലെന്നവണ്ണം
കഴുത്തിൽ കുടുങ്ങിപ്പോയതുകൊണ്ടു
നിങ്ങളോടൊരിക്കലും
എനിക്ക് സംസാരിക്കാനായില്ല
"ഞാൻ ..... ഞാൻ .... ഞാൻ....."
എനിക്ക് നിങ്ങളോട് സംസാരിക്കാനായില്ല.
എന്നെ സംബന്ധിച്ച്
ഓരോ ജർമ്മൻകാരനും നിങ്ങളാണ് ;
ജർമ്മൻഭാഷ അശ്ലീലവും.
അത് ജൂതരുമായ് പായുന്ന തീവണ്ടിയെന്നവണ്ണം
എന്നെയും ചുമന്ന്
കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് പായുന്നു.
ഒരു ജൂതയെപ്പോലെ ഞാൻ സംസാരിക്കാൻ തുടങ്ങി
ഞാനൊരു ജൂത തന്നെയെന്ന് ഞാൻ വിചാരിക്കുന്നു.
ടൈറോളിലെ ഹിമക്കട്ടയും
വിയന്നയിലെ തെളിഞ്ഞ ബിയറും
ശുദ്ധമോ സത്യമോ അല്ല.
എന്റെ ജിപ്സിപാരമ്പര്യവും
വികലമായ ഭാഗ്യവും
ആചാരവഴക്കങ്ങളുമൊക്കെ
എന്നെ ഒരു ജൂതയായി നിർണ്ണയിക്കുന്നു.
എനിക്കെപ്പോഴും നിങ്ങളെ പേടിയായിരുന്നു
-ആയുധധാരിയായ നിങ്ങളെ
-നിങ്ങളുടെ Luftwaffe പട്ടാളം
-നിങ്ങളുടെ ഇടവിടാതെയുള്ള ശബ്ദം
-നിങ്ങളുടെ ഒത്ത മീശ
-തിളങ്ങുന്ന, നീലനിറമുള്ള
നിങ്ങളുടെ ആര്യൻകണ്ണ് ....
നിങ്ങൾ ദൈവമായിരുന്നില്ല;
പക്ഷേ, സ്വസ്തികയായിരുന്നു.
ഒരുതരി വെട്ടവും കടക്കാത്ത
കറുത്ത സ്വസ്തിക.
എല്ലാ സ്‌ത്രീകളും,
മുഖത്ത് ബൂട്ട്സിന്റെ പാടുകളുള്ള
എല്ലാ സ്ത്രീകളും
ഫാഷിസ്റ്റുകളെ ആരാധിക്കുന്നു
-നിങ്ങളെപ്പോലെ മൃഗരൂപിയായ
ക്രൂരഹൃദയമുള്ള ഫാഷിസ്റ്റുകളെ.
അച്ഛാ...
ഒരു ബ്ലാക്ക് ബോർഡിനരികിൽ നിൽക്കുന്ന
നിങ്ങളുടെ ചിത്രം എന്റെ കൈയിലുണ്ട്.
പാദത്തിന് പകരം
താടിയിലാണ് നിങ്ങൾക്ക് പിളർപ്പ്
എങ്കിലും
ഒരു പിശാചിനെക്കാളോ
എന്റെ ഹൃദയം പിളർത്തിയ
കരിമുഖനെക്കാളോ
ചെറുതല്ല, താങ്കൾ
എനിക്ക്
പത്തുവയസ്സായിരുന്നപ്പോഴാണ്
നിങ്ങൾ കുഴിച്ചിടപ്പെട്ടത്.
ഇരുപത് വയസ്സായപ്പോൾ
നിങ്ങളുടെ അരികിലെത്താൻ
ഞാൻ ചാകാൻ ശ്രമിച്ചു.
നിങ്ങളുടെ എല്ലുകളോടൊപ്പം
ചേരാമെന്ന് ഞാൻ വിചാരിച്ചു.
പക്ഷേ അവരെന്നെ വീണ്ടെടുത്തു.
എന്നെ ഒട്ടിച്ചെടുത്തു.
പിന്നെ എനിക്ക് മനസ്സിലായി,
എന്താണ് ചെയ്യേണ്ടതെന്ന്.
നിങ്ങളുടെ മാതൃകയിൽ
ഞാൻ മറ്റൊന്നിനെ നിർമ്മിച്ചു
- മെയ്ൻകാംഫ് രൂപത്തിലുള്ള
ഒരു കറുത്ത മനുഷ്യൻ.
അവനുമായി
ഞാൻ യാന്ത്രികമായി ഇണചേർന്നു.
അതെ, ഞാനത് ചെയ്തു.
അച്ഛാ,
ഇപ്പോൾ ഞാനതതിജീവിച്ചിരിക്കുന്നു.
ആ കറുത്ത ടെലഫോണിന്റെ
വയറുകൾ അറ്റുപോയിരിക്കുന്നു.
അതിന്റെ ശബ്ദം നിലച്ചിരിക്കുന്നു.
ഒരു കൊലയിലൂടെ
രണ്ടെണ്ണമാണ് ഞാൻ നിർവ്വഹിച്ചത്.
ആ രക്തദാഹി
ഒരു വർഷമാണ് എന്റെ രക്തം കുടിച്ചത്.
- കൃത്യമായി ഏഴുവർഷം.
അച്ഛാ,
ഇനി നിങ്ങൾക്കുറങ്ങാം.
നിങ്ങളുടെ തടിച്ച ഹൃദയം
ആഴത്തിൽ കുത്തിമുറിക്കപ്പെട്ടിരിക്കുന്നു.
ജനത ഒരിക്കലും നിങ്ങളെ സ്നേഹിച്ചിരുന്നില്ല
അവർ നിങ്ങൾക്ക് ചുറ്റും നൃത്തം ചവിട്ടി ;
നിങ്ങളെ തൊഴിച്ചു.
അവർക്ക് നിങ്ങളെ നന്നായറിയാമായിരുന്നു.
എടോ .... തന്തേ
തന്തയില്ലാത്ത തന്തേ.....
ഇപ്പോൾ ഞാനതിജീവിച്ചിരിക്കുന്നു..
സിൽവിയ പ്ലാത്ത് (1932 - 1963) അമേരിക്കൻ എഴുത്തുകാരി. അമ്മ ഓസ്ട്രിയയിലെ ജൂതവംശജയായ സ്കോബർ പ്ലാത്ത്. അച്ഛൻ ജർമ്മനിയിൽ ആര്യൻ വംശജനും ബയോളജി പ്രൊഫസറുമായ ഓട്ടോ പ്ലാത്ത്. ഭർത്താവ് ഐറിഷ് വേരുകളുള്ള കവി ടെഡ് ഹ്യൂസ്. പ്ലാത്തിന്റെ എട്ടാം വയസ്സിലാൻ പിതാവ് മരണപ്പെടുന്നത്. പിതൃഅധികാരരൂപങ്ങളാൽ ചവിട്ടി അരയ്ക്കപ്പെടുക്കപ്പെടുമ്പോൾ ഒരു നിലവിളിയും കവിതയാണ് എന്ന് ഡാഡി ബോധ്യപ്പെടുത്തുന്നു പറഞ്ഞാലും പറഞ്ഞില്ലെങ്കിലും കൊല്ലപ്പെടുമെന്ന് ഉറപ്പുള്ള സാഹചര്യത്തിന്റെ ഉൽപ്പന്നം ; പറച്ചിൽ. പിതാവിനെയും ഭർത്താവിനെയും കുറിക്കുന്ന വൈയക്തികരൂപകങ്ങൾ കവിതയിൽ നിറയുമ്പോഴും ആവർത്തിച്ചുകൊണ്ടേയിരിക്കുന്ന ഹിറ്റ്ലർഅധികാരരൂപങ്ങളോടുള്ള സംവാദമായും അത് മാറുന്നുണ്ട്. എഴുത്ത് ഒരേസമയം സമകാലികവും സാർവ്വകാലികവുമാകുന്നത് ഇങ്ങനെയാണ്.
ലക്ഷ്മി പ്രിയ പി.എസ്.
അസിസ്റ്റന്റ് പ്രൊഫസർ
ഇംഗ്ലീഷ് വിഭാഗം
എസ്. എൻ. കോളെജ്
ചെമ്പഴന്തി