top of page

വി.കെ.എൻ.ഇതിഹാസങ്ങളോട് ചെയ്തത്

വി.കെ.എന്നിൻ്റെ മോക്ക് എപ്പിക്കുകളെക്കുറിച്ച് ഭാഗം-3
മനു എം.

പാരഡി വി.കെ.എൻ കഥകളിൽ

 

മോക്ക് എപ്പിക്കിന്റെ ഘടകമായ പാരഡി ഉപയോഗിച്ച് വി.കെ.എന്നിന്റെ മഹാഭാരത പ്രമേയ കഥകളെ അപഗ്രഥിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

 

 പദപ്രയോഗങ്ങളെ അനുകരിക്കുക

 

പദപ്രയോഗങ്ങളെ സവിശേഷമായി അനുകരിച്ചുകൊണ്ട് വി.കെ.എൻ മോക്ക് എപ്പിക്ക് സൃഷ്ടിക്കുന്നു.

 

ദുഷ്യന്തന്റെ ഭരണപരിഷ്കാരങ്ങളെ വി.കെ.എൻ.അവതരിപ്പിക്കുന്നതിങ്ങനെയാണ്.

 

“ആശാൻ രാജ്യത്ത് ആദ്യമായി നടപ്പാക്കിയ പരിഷ്കാരം ജനത്തിന്റെ ഭക്ഷണ സമ്പ്രദായത്തിൽ മാറ്റം വരുത്തുകയായിരുന്നു. കോതമ്പു തീനികളായ തന്റെ പ്രജക ളോട് നെല്ലരി തിന്നാൻ കല്‌പിച്ചു. അരിമർദ്ദനം നടത്തി മാവാക്കി. അതുപയോഗിച്ച് ഇഡ്ഢലി, ദോശ, പുട്ട്, - താക്കോലുണ്ടാക്കി തിന്നാൻ കല്‌പിച്ചു. പട്ടണം പൊടി- ചട്‌ണ്യാദി- കടലക്കറി കൂട്ടി മുക്തകണ്ഠ‌ം."

 

ഇതിഹാസ കഥയിലാകട്ടെ ദുഷ്യന്തനെ അവതരിപ്പിക്കുന്നതിങ്ങനെയാണ് :

 

“പൗരവന്മാരുടെ വംശാകാരനും സാഹസികരനുമായ ദുഷ്യന്ത രാജർഷി ആഴി ചൂഴുന്ന ഭൂമിയെല്ലാം ഭരിച്ചു. ആ പരാക്രമിയായ നരേന്ദ്രൻ ശത്രുക്കളെ മർദ്ദിച്ച് സൽഭരണം നടത്തി."

 

ദുഷ്യന്തനെക്കുറിച്ചുള്ള അവതരണത്തെ വി.കെ.എൻ. പാരഡിയാക്കിയിരിക്കുന്നു. വലിയ സാഹസികനായ ദുഷ്യന്തമഹാരാജാവിനെ അവതരിപ്പിക്കാനാണ് ശത്രുക്കളെ മർദ്ദിച്ച് സൽഭരണം നടത്തി എന്ന് ഇതിഹാസകഥയിൽ അവ തരിപ്പിച്ചിരിക്കുന്നത്. 'ദുഷ്യന്തൻ മാഷി' ലേയ്ക്കെത്തുമ്പോൾ ദുഷ്യന്തമഹാരാജാവിൻ്റെ ഭരണപരിഷ്‌കാരമാക്കി പാരഡിയാക്കിയിരിക്കുന്നു/മാറ്റിയെഴുതിയിരിക്കുന്നു. ഇവിടെ അരിമർദ്ദനം എന്ന പദത്തെ പാരഡിയാക്കുന്നു. അരിമർദ്ദനം എന്ന പദത്തിന് ''ശത്രുവിനെ സംഹരിക്കുക “എന്നാണ് ഇതിഹാസ കഥയിലെ അർത്ഥം. അതേസമയം അരിമർദ്ദനം നടത്തി മാവാക്കി ഇഡ്ഡലിയും ദോശയുമുണ്ടാക്കി എന്നു പറയുമ്പോൾ ഭക്ഷണ പ്രശ്നമായി കഥ മാറുന്നു.

 

ഇതിഹാസ കഥയെ യുക്തിഭദ്രമായി സമകാലികവത്കരിക്കാൻ വി.കെ. എന്നിന് സാധിക്കുന്നത് ഇപ്രകാരമാണ്. രാജാധിപത്യത്തിൽ ശത്രുക്കളെ നിഗ്രഹിക്കുന്ന രാജാവ് വീരനായകനാകുന്നു. എന്നാൽ ജനാധിപത്യധിഷ്ഠിതമായ കേരളീയ സമ കാല സമൂഹത്തിൻ ശത്രുനിഗ്രഹമല്ല ഭക്ഷണ പ്രശ്‌നം തന്നെയാണ് പ്രധാനം എന്ന് അദ്ദേഹം തിരിച്ചറിയുന്നു. ഇതിഹാസകാലഘട്ടത്തിലേയും സമകാലിക കേരളത്തി ലെയും പ്രശ്നം ഭക്ഷണമാണ്. ഇതിഹാസകഥ അതിനെ മൂടിവയ്ക്കുമ്പോൾ വി.കെ.എൻ അതിനെ പ്രധാന പ്രശ്‌നമായി അവതരിപ്പിക്കുന്നു. ഇങ്ങനെ ഇതിഹാസ കഥാസന്ദർഭത്തെയും അതിൻ്റെ ഉദാത്ത പ്രമേയസങ്കല്പങ്ങളെയും പൂർണമായി തരം താഴ്ത്തുകയാണ് വി.കെ.എൻ ചെയ്യുന്നത്. സമകാല ജീവിതയാഥാർത്ഥ്യങ്ങളെ കാണാനും തിരിച്ചറിയാനുമുള്ള ഉപാധിയായി മോക്ക് എപ്പിക്കിലെ പാരഡി എന്ന സങ്കേതത്തെ വി കെ എൻ ഉപയോഗിക്കുന്നു.

 

 

ശന്തനുവിൻ്റെയും സത്യവതിയുടെയും കഥപറയുന്ന സന്ദർഭം വി.കെ.എൻ. ആവിഷ്‌കരിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

 

 "ഒട്ടുദിവസം കഴിഞ്ഞ് തന്റെ ജന്മവാസ നയ്ക്കു പിറകെ ശാന്തനു വീണ്ടും. ഇത്തവണ ഗംഗയല്ലാത്ത വേറൊരു നദിക്കരയിൽ നായ്ക്കളെ മുൻനടത്തി അവറ്റിനെ ആട്ടാൻ തുടങ്ങി. മണത്താലും മണത്താലും മതിവരാത്ത ഒരു ഫ്രഞ്ച് സൗരഭ്യം രുദ്ര കാറ്റേറി അദ്ദേഹത്തെ ചുറ്റിവന്നു. ഫെയർ ആൻഡ് ഡെഡ്ലിയായ ഇവന്റെ സ്രോതസ്സറിവാൻ ഒരു കുരുടനെപ്പോലെ രാജാവ് താഴ്വ‌ാരം ചുറ്റി""

 

നായാട്ട് എന്ന പദത്തിനെ ഇവിടെ പാരഡിയാക്കിയിരിക്കുന്നു.

 

നായ്ക്കളെ മുൻനടത്തി അവറ്റയെ ആട്ടാൻ തുടങ്ങി' എന്നാണ് നായാട്ടിന് വി. കെ.എൻ നൽകുന്ന പാരഡി. ശന്തനു മഹാരാജാവ് നായാട്ടിന് പോയവഴിയിൽ സത്യ വതിയെ കണ്ടുമുട്ടുന്നതായാണ് ഇതിഹാസ കഥ. ഇതിഹാസ കഥയുടെ ഉദാത്ത പ്രമേയം ഇവിടെ തരം താഴ്ത്തപ്പെടുന്നു. ഗംഗയുമായുള്ള ബന്ധത്തിൽ ഭീഷ്‌മർ പിറന്ന ശേഷമാണ് ശന്തനു വീണ്ടും നായാട്ടിന് പുറപ്പെടുന്നത്. ശന്തനുവിൻ്റെ നായാട്ടിന്റെ ലക്ഷ്യം വി.കെ.എൻ പുനർനിർണയിക്കുകയാണിവിടെ. ശന്തനുവിന്റെ യാത്ര ജന്മ വാസനയ്ക്കു പിറകെയുള്ളതാണ്. ലൈംഗികതയ്ക്കായുള്ള യാത്രയാണ്. മൃഗങ്ങളെ വേട്ടയാടുക എന്നതല്ല ശന്തനുവിന്റെ ലക്ഷ്യം എന്ന് വി.കെ.എൻ കണ്ടെത്തുന്നു.

 

 ഫെയർ ആൻഡ് ഡെയ്‌ലിയായ സൗരഭ്യം എന്നാണ് സത്യവതിയുടെ ഗന്ധത്തെ വി.കെ.എൻ ആവിഷ്കരിക്കുന്നത്. ഇതിഹാസകഥയിൽ മത്സ്യഗന്ധം എന്നാണ് അവതരിപ്പിച്ചിട്ടുള്ളത്. വി.കെ.എൻ കഥയിൽ അത് 'ഫെയർ ആൻഡ് ലൗവ്ലി' എന്ന മുഖസൗന്ദര്യവർദ്ധകവസ്തുവിന്റെ പാരഡിയായി തീരുന്നു. മുഖത്തെ മനോഹരമാക്കുന്നു എന്നാണ് 'ഫെയർ ആൻഡ് ലൗവ്ലി' എന്ന മുഖസൗന്ദര്യ വർദ്ധക വസ്തുവിൻ്റെ പരസ്യം.എന്നാൽ മുഖത്തെ ശവതുല്യമാക്കുന്നത് എന്ന അർത്ഥം കിട്ടത്തക്ക വിധത്തിൽ വി.കെ.എൻ. ഫെയർ ആൻഡ് ഡെഡ്‌ലി എന്നാക്കി പാരഡി നിർമ്മിച്ചിരിക്കുന്നു. ഇവിടെ കൃതിയെ സാർവ്വകാലികവും സമകാലികവുമാക്കുക എന്ന മോക്ക് എപ്പിക്ക് തന്ത്രം സവിശേഷമായി സ്വാംശീകരിക്കപ്പെട്ടിരിക്കുന്നു. മത്സ്യഗന്ധി കസ്തൂരഗന്ധിയാകുന്നതും ഫെയർ ആൻഡ് ലവ് ലി ഉപയോഗിച്ച് സുന്ദരിയാകുന്നതും പരസ്പരം ബന്ധിപ്പിക്കുന്നു. പഴയ ബ്രാഹ്മണമതത്തിൻ്റെ സ്ഥാനം ഇന്ന് കമ്പോളത്തിനാണ്.

 

" ആര്യപുത്രൻ" എന്ന രാജകീയ പദത്തെ വി.കെ.എൻ പാരഡിയായക്കുന്നു. 'ചകവധം' എന്ന കഥയിൽ ഹേഡനും ഹേഡിനിയും തമ്മിലുള്ള സംഭാഷണമാണ് സന്ദർഭം

 

"ദരിദ്രവാസികളായ ഇവർ ആര്യോ, ആര്യപുത്ര, ആരാണ്ടാ ഇത് എന്നാണ് തങ്ങൾ തങ്ങളെ വിശേഷിപ്പിക്കുക. തത്രഭവാൻ, തത്ര ഭവതി തുടങ്ങിയ പ്രയോഗങ്ങളുമുണ്ട്. എത്രവരുമിത്? പ്രയോഗങ്ങള്? കൃത്യമായി അളന്നിട്ടില്ല.

 

മുകൾ ഖണ്‌ഡികയിൽ ചേർത്ത ആര്യപുത്രൻ എന്നു പറഞ്ഞാൽ? അനാര്യന്റെ പുത്രൻ ആരാന്റെ ചെക്കൻ അതാണ് അവരുടെ സദാചാരത്തിന്റെ ലൈൻ. മനസ്സിലായില്ലേ"

 

 

ഹിഡുംഹൻ ഹിഡുംബി എന്നീ രാക്ഷസന്മാരെ (ഇതിഹാസകഥയിൽ) ഹേഡൻ, ഹേഡിനി എന്നീ ആദിവാസികളായി ചിത്രീകരിക്കുകയാണ് വി.കെ.എൻ തൻ്റെ കഥയിൽ ആദിവാസികളുടെ കാഴ്‌ചപ്പാടിൽ നിന്നുകൊണ്ട് രാജാക്കന്മാരെക്കുറിച്ച് അവരുടെ ജീവിതത്തെക്കുറിച്ചും ചിന്തിക്കുകയാണ് വി.കെ.എൻ. ഇതിഹാ സകഥയിൽ രാജാക്കന്മാരെ അവരുടെ പത്നിമാർ ആര്യപുത്ര എന്നാണ് സംബോധന ചെയ്യാറുള്ളത്. ബഹുമാന സൂചകമായിട്ടാണ് ഈ പദം പ്രയോഗിക്കാറുള്ളത്. എന്നാൽ വി.കെ. എൻ ആര്യപുത്രൻ എന്നതിന് അനാര്യൻ്റെ പുത്രൻ 'ആരാൻ്റെ ചെക്കൻ' എന്നിങ്ങനെ പാരഡി രൂപപ്പെടുത്തിയിരിക്കുന്നു. പിതാവാരാണെന്ന് കൃത്യമായി നിശ്ചയമില്ലാത്തവൻ എന്ന അർത്ഥത്തിലാണ് വി.കെ.എൻ ആര്യപുത്രൻ എന്ന പദത്തെ പരിവർത്തിപ്പിക്കുന്നത്. കുന്തിയെ സംബന്ധിച്ച് ഈ അർത്ഥം ചേരുന്നുമുണ്ട്. പാണ്ഡുവിന്റെ മക്കൾ എന്ന് പറയുമ്പോഴും വായുവിന്റെയും സൂര്യന്റെയുമൊക്കെ മക്കളാണ് പഞ്ചപാണ്ഡവർ എന്ന സത്യം വി.കെ.എൻ സമർത്ഥമായി ഓർമപ്പെടുത്തുകയാണ് ഇവിടെ. ഗൗരവതരമായ സംബോധനകളെ മറിച്ചിട്ട് ഹാസ്യം സൃഷ്ടി ക്കാനാണ് വി.കെ.എൻ ഇവിടെ ശ്രമിക്കുന്നത്.

 

ജനാധിപത്യഘടനയിലേയ്ക്ക് ഇതിഹാസകഥ പരിവർത്തിപ്പിക്കപ്പെടുമ്പോഴാണ് രാക്ഷസർ ആദിവാസിയായി തീരുന്നത്. അങ്ങനെയൊരു സമൂഹത്തിൽ നിന്നുകൊണ്ട് മാത്രമാണ് അധഃസ്ഥിതന് സംസാരിക്കാൻ സാധിക്കുന്നത്. ഇവിടെ അധഃസ്ഥിതൻ വെറുതെ സംസാരിക്കുകയല്ല. രാജകീയ ജീവിതങ്ങളുടെ പൊങ്ങച്ചങ്ങളെ കളിയാക്കാനാണ് ശ്രമിക്കുന്നത്. ഇതിലേക്ക് പാരഡി സങ്കേതം സമർത്ഥമായി വി.കെ.എൻ പയോഗിച്ചിരിക്കുന്നു.

 

 മുച്ചീട്ടുകളി എന്ന പദം ചൂതാട്ടം എന്ന ഇതിഹാസ കഥയിലെ പദത്തിന്റെ പാരഡിയാണ്. യുധിഷ്ഠിരനെ കൗരവർ ചൂതിന് വിളിക്കാൻ തയ്യാറാകുന്ന സന്ദർഭമാണ് മുച്ചീട്ടുകളി' എന്ന കഥയിലൂടെ വി.കെ.എൻ ആവിഷ്കരിക്കുന്നത്. കഥയുടെ പ്രമേയത്തെയൊന്നാകെ നിയന്ത്രിക്കുന്ന തലക്കെട്ടാണ് : “മുച്ചീട്ട്കളി' ചൂതാട്ടം എന്നത് രാജാക്കന്മാർ ചെയ്യാൻ പാടില്ലാത്ത സപ്തവ്യസനങ്ങളിലൊന്നാണ്. പക്ഷേ ആ പദത്തിൻ്റെ രാജകീയമായ പ്രൗഢിയെ പാരഡിയെ മറിച്ചിട്ടു കൊണ്ടാണ് വി കെ എൻ പാരഡി സൃഷ്ടിക്കുന്നത് .ചൂതാട്ടം എന്ന പദത്തിന്റെ വികലാനുകരണമാണ് മുച്ചീട്ടുകളി

 

യുധിഷ്ഠിരന്റെ രാജകീയ പൊങ്ങച്ചത്തെ മറിച്ചിടാനാണ് മുച്ചീട്ടുകളി എന്ന പദത്തെ ഇവിടെ ഉപയോഗിക്കുന്നത്. രണ്ട് പദങ്ങളും ഒരേ അർത്ഥമാണ് ഉത്പാദിപ്പിക്കുന്നതെങ്കിലും മുച്ചീട്ടുകളി എന്ന പദം ചൂതാട്ടം എന്ന പദത്തിന്റെ പ്രൗഢതയെ മുഴുവൻ തകിടം മറിയ്ക്കുന്നു. മാത്രമല്ല വളരെ സ്വാഭാവികമായ സാഹചര്യത്തെ സൃഷ്ടിച്ച് സമകാല യഥാർത്ഥ്യങ്ങളിലേക്ക് കഥയെ പരിവർത്തിപ്പിക്കുന്നു. മാത്രമല്ല ഇതിഹാസത്തിന്റെ പ്രൗഢതയെ തരംതാഴ്ത്തി സാധാരണക്കാരൻ്റെ കഥയും സന്ദർഭവും സൃഷ്ടിച്ചെടുക്കാനാണ് വി.കെ.എൻ ഇവിടെ ശ്രമിക്കുന്നത്.

 

സമീകരണം

 

വീരശൂരപരാക്രമികളായ ഇതിഹാസ കഥാപാത്രങ്ങളെ വി.കെ.എൻ പരിഹാസ കഥാപാത്രങ്ങളാക്കുന്നത് ട്രാവസ്റ്റിയിലൂടെയാണ്. ഇതിഹാസത്തിന്റെ യുക്തികളെ സമകാലിക ജീവിതത്തിന്റെ യുക്തികൾ കൊണ്ട് വി.കെ.എൻ സമീകരിക്കുന്നു. ലൈംഗികാപകർഷതയുടെയും പ്രണയനിരാസത്തിന്റെയും ജീവിതനിരാസത്തിൻ്റെയും വ്യവസ്ഥാ നിഷേധ പാഠങ്ങൾ വികെഎൻ.അവതരിപ്പിക്കുന്നത് മോക്ക് എപ്പിക്കിൻ്റെ ഘടകമായ ട്രാവസ്റ്റിയിലൂടെയാണ്. പണത്തിൻ്റെയും അധികാരത്തിൻ്റെയും പൊങ്ങച്ചവ്യക്തിത്വങ്ങൾക്കുള്ളിലെ ഷണ്ഡ‌തയും അപകർഷതയും അവതരിപ്പിക്കാനും ഉപഭോഗസംസ്കാരവും കച്ചവടമൂല്യങ്ങളും എങ്ങനെ ജീവി ത്തെ തട്ടിപറിച്ചുകൊണ്ടുപോകുന്നു എന്ന് കാണിക്കാനും വി.കെ.എൻ മോക്ക് എപ്പിക്ക് ഘടകമായ പാരഡി ഉപയോഗിക്കുന്നു. പഴയ ബ്രാഹ്മണമതത്തിൻ്റെയും കമ്പോള വ്യവസ്ഥയുടെയും പരസ്പര ബന്ധ ചിത്രീകരണവും വിമർശനവുമായി അതു മാറുന്നു.

(തുടരും)

 

 


 


0 comments
bottom of page