top of page

വി.കെ.എൻ.ഇതിഹാസങ്ങളോട് ചെയ്തത്

വി.കെ.എന്നിൻ്റെ മോക്ക് എപ്പിക്കുകളെക്കുറിച്ച് ഭാഗം-1
മനു എം.

ഇന്ത്യൻ ധാർമ്മിക വ്യവസ്ഥയിൽ ആഘാതങ്ങൾ സൃഷ്ടിച്ച, ആശാനു ശേഷം വന്ന ഏറ്റവും മികച്ച എഴുത്തുകാരനായി എസ്.സുധീഷ് വി.കെ.എന്നിനെ അടയാളപ്പെടുത്തുന്നുണ്ട്. മോക് എപ്പിക്കിൻ്റെ സവിശേഷത വി.കെ.എന്നിന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.വി.കെ.എൻ.ഇതിഹാസങ്ങളോട് ചെയ്തത് എന്ത്, എന്താണ് മോക്ക്എപ്പിക് എന്നിവ വിശദമായി പരിശോധിക്കുകയാണ് ഈ പഠനത്തിൽ


എന്താണ് മോക്ക് എപ്പിക്ക്


"ഇതിഹാസ കാവ്യത്തിൻ്റെ വിശാലമായ രൂപത്തെയും ഭാവത്തെയും ഉൾക്കൊ ള്ളുകയും അതേസമയം വളരെ ബാലിശവും ഹാസ്യാത്മകവുമായി അതിനെ അനു കരിക്കുകയും ചെയ്യുന്ന കാവ്യമാണ് മോക്ക് എപ്പിക്ക്" എന്ന് എം.എച്ച് എബ്രാംസ് (M.H. Abrahms) നിർവ്വചിക്കുന്നു.' "ഇതിഹാസ കാവ്യങ്ങളുടെ ഔപചാരികവും ഉദാ ത്തവുമായ മൂല്യസങ്കല്‌പങ്ങളെ അന്തസ്സരശൂന്യവും ബാലിശവുമായ രീതിയിൽ ഭാഷ,പ്രമേയം എന്നിവയിലൂടെ അനുകരിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നതാണ് മോക്ക് എപ്പിക്ക്" എന്ന് ക്രിസ് ബാൾഡിക്ക് (Chris baldik) അഭിപ്രായപ്പെടുന്നു.


ബാർലസ‌്ക് (Burlesque) എന്ന ഹാസ്യ സാഹിത്യവിഭാഗത്തിന്റെ ഉൾപ്പിരി വുകളിലൊന്നായിട്ടാണ് എം.എച്ച്. എബ്രാംസ് മോക്ക് എപ്പിക്കിനെ പരിഗണിക്കുന്നത്.

“അനുചിതമായ രീതിയിലുള്ള അനുകരണം" എന്നാണ് ബർലസ്‌കിനെ എം. എച്ച്.എബ്രാംസ് നിർവ്വചിച്ചിരിക്കുന്നത്.ഗൗരവമായ സാഹിത്യകൃതികളിലേയും സാഹിത്യരൂപങ്ങളിലേയും പ്രമേയത്തെയും പ്രതിപാദന രീതിയെയും അയുക്തികമായി കൂട്ടിക്കലർത്തി അനുകരിക്കുന്നതാണ് ബർലസ്‌ക്. ഗൗരവസ്വഭാവമുള്ള പ്രമേയത്തിന് താഴ്ന്ന നിലവാരത്തിലുള്ള പ്രതിപാദന രീതിയും താഴ്ന്ന നിലവാരത്തിലുള്ള പ്രമേയത്തിന് ഗൗരവസ്വഭാവമുള്ള പ്രതിപാദനരീതിയും ബർലസ്‌ക് അവലംബിക്കുന്നു. ഗൗരവസ്വഭാവമുള്ള പ്രമേയത്തിന് താഴ്ന്ന നിലവാരത്തിലുള്ള പ്രതിപാദന രീതി എന്ന വിഭാഗത്തിലാണ് എം.എച്ച്. എബ്രാംസ് മോക്ക് എപ്പിക്കിനെ ഉൾപ്പെ ടുത്തിയിരിക്കുന്നത്.


മോക്ക് എപ്പിക്ക് - ചരിത്രം,സവിശേഷതകൾ


'മോക്ക് എപ്പിക്ക്' എന്ന പദം സവിശേഷമായ സാഹിത്യവിഭാഗമായി പരാമർശിച്ചത് ഗ്രിഗറി കോളംബ് (Gregory Columb) ആണ്'. 'ഡിസൈൻസ് ഓൺ ട്രൂത്ത്, ദ പൊയറ്റിക്‌സ് ഓഫ് ദ ആഗസ്റ്റ്യൻ മോക്ക് എപ്പിക്' ( Designs on traith: The Poetics of the Augastian mock epic) എന്ന കൃതിയുടെ തലക്കെട്ടിൽ മോക്ക് എപ്പിക്ക് എന്ന പദം സൂചിതമായിരിക്കുന്നു. എന്നാൽ മോക്ക് ഹീറോയിക് സറ്റയർ (Mock heroic satire) എന്ന പരിമിതമായ അർത്ഥത്തിലാണ് ഈ കൃതി മോക്ക് എപ്പിക്കിനെ പഠനവിധേയമാക്കിയിരിക്കുന്നത്. 'മോക്ക് എപ്പിക്ക് പോയട്രി ഫ്രം പോപ് ടു ഹിനി' (Mock epic poetry from pope to heine) എന്ന ഗ്രന്ഥത്തിൽ റിച്ചി റോബ ട്സൺ (Ritchi Robertson) ആണ് മോക്ക് എപ്പിക്കിനെ സവിശേഷാർത്ഥത്തിൽ പഠിച്ചിട്ടുള്ളത്.


യൂറോപ്യൻ നവോത്ഥാന കാലഘട്ടം' വരെ ഇതിഹാസങ്ങൾ അവയുടെ പ്രശസ്തിയുടെ കൊടുമുടിയിലായിരുന്നു. ഇതിഹാസങ്ങൾ അന്നുവരെ ചോദ്യം ചെയ്യപ്പെട്ടിരുന്നില്ല. ഇതിഹാസങ്ങളെ പുകഴ്ത്തുന്ന തരത്തിലുള്ള വിമർശനങ്ങൾ മാത്രമാണ് അന്നുണ്ടായിരുന്നത്. 'ഏറ്റവും മുഖ്യമായ സാഹിത്യം' എന്ന് ജൂലിയസ് ഷ്ളീഗർ (Julius Schlegar) എന്ന വിമർശകനും 'ഇതിഹാസമാണ് എല്ലാ സാഹിത്യങ്ങളിലും വെച്ച് മികച്ച സൃഷ്‌ടി എന്ന് ക്രിസ്റ്റഫർ ഗോട്ട് ഷെഡും നിയോക്ലാസിക്കൽ കാലഘട്ടത്തിൽ അഭിപ്രായപ്പെടുന്നത് ഇതിന് തെളിവാണ്'. ഇതിഹാസത്തിൻ്റെ സ്വഭാവത്തെക്കുറിച്ച് അരിസ്റ്റോട്ടിൽ തൻ്റെ പോയറ്റിക്സിൽ വിശദമാക്കുന്നുണ്ട്. എന്നാൽ ഇതിനെ വളച്ചൊടിച്ച് ചില നിയമങ്ങളുടെയും സങ്കേതങ്ങളുടെയും ചട്ടക്കൂട്ടിൽ കൃതികളെ ഒതുക്കിനിർത്താനാണ് നിയോക്ലാസിക് നിരൂപകർ ശ്രമിച്ചത്.


യുദ്ധം, പ്രണയം എന്നിവയായിരുന്നു ഇതിഹാസങ്ങൾ കൈക്കൊണ്ടിരുന്ന പ്രധാന പ്രമേയങ്ങൾ. മൂല്യങ്ങളുടെ ആവിഷ്കരണമായിരുന്നു ഇതിഹാസങ്ങളുടെ മുഖ്യലക്ഷ്യം. നന്മ പഠിപ്പിക്കാനും നല്ല മനുഷ്യരെക്കുറിച്ച് പറയാനുമാണ് ഇതിഹാസങ്ങൾ ശ്രമിച്ചത്. ഉദാത്തവും കുലീനവുമായ ഭാഷയിലായിരുന്നു ഇതിഹാസകഥാപാത്രങ്ങൾ സംസാരിച്ചിരുന്നത്.


ശാസ്ത്രത്തിന്റെ പുരോഗതിയും നവോത്ഥാന ചിന്തകളും ഇതിഹാസം മുന്നോട്ട് വച്ച മൂല്യങ്ങളെ പുനർവിചാരണ ചെയ്യാൻ എഴുത്തുകാരെയും വായനക്കാരെയും പ്രേരിപ്പിച്ചു. "വായനക്കാരൻ്റെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് ചിന്തിക്കുന്ന ഒരു തരം സാഹിത്യബോധം വളർന്നുവരാൻ യൂറോപ്യൻ നവോത്ഥാനം സഹായകമായി. പതിനെട്ടാം നൂറ്റാണ്ടോടുകൂടി ജനങ്ങൾക്കുണ്ടായ ആത്മവിശ്വാസവും സ്വത്വബോധവും ഇതിന് കാരണമായിരുന്നു" എന്ന് റിച്ചി റോബട്‌സൺ അഭിപ്രായപ്പെടു ന്നുണ്ട്. 1720 നും 1840 നും ഇടയിലുണ്ടായ ഒരു കൂട്ടം കവിതകളാണ് മോക്ക് എപ്പിക്ക് എന്ന കാവ്യപാരമ്പര്യത്തിന് വഴിത്തിരിവായത്. പോപ്പിൻ്റെ 'റേപ് ഓഫ് ദ ലോക്ക്' (The rape of the lock) men (Boileau) en (รใด (Le Lutrin) സാമുവൽ ഗാർത്തിൻ്റെ ദ ഡിൻപെൻസറി (The dispensary- 1699) എന്നീ കൃതി മോക്ക് എപ്പിക്കിന് വളരെ പ്രചാരം ഉണ്ടാക്കിയെടുത്തു. ഈ സമയത്ത് ഇതിഹാ സത്തിന്റെ പാരഡി എന്ന നിലയിലാണ് മോക്ക് എപ്പിക്ക് പരിഗണിക്കപ്പെട്ടിരുന്നത്. മോക്ക് ഹീറോയിക് സങ്കേതങ്ങളായിരുന്നു ഇവയിൽ പ്രധാനമായി ഉപയോഗിച്ചിരു ന്നതും.


ഹോമറിന്റെയും വെർജിലിന്റെയും ഇതിഹാസകൃതികൾക്കുനേരെ വിമർശനാത്മക സമീപനമായിരുന്നു മോക്ക് എപ്പിക് കൃതികൾ സ്വീകരിച്ചത്. ഈ കൃതികളുടെ സവിശേഷതകൾ ചുവടെ ചേർക്കുന്നു.


ഇതിഹാസത്തിന്റെ ഗൗരവപ്രകൃതിക്കു നേരെയാണ് പ്രധാനമായും വിമർശന സമീപനം കൈകൊണ്ടിരുന്നത്.


പഴയ കൃതികളെ വിമർശിക്കുമ്പോഴും സമകാലികത്വം സൂക്ഷിക്കാൻ മോക്ക് എപ്പിക്ക് കൃതികൾ ശ്രദ്ധിച്ചിരുന്നു.


എല്ലാ മോക്ക് എപ്പിക്ക് കൃതികളും ഏതെങ്കിലും കൃതിയുടെ പുനർവായനയാ യിരിക്കും. ഏതെങ്കിലുമൊരു കൃതിയെ മുൻനിർത്തി മാത്രമേ മോക്ക് എപ്പിക്ക് കൃതി ഉണ്ടാവുകയുള്ളൂ.


 കടുത്ത ചിട്ടയും നിയമങ്ങളും ഇതിഹാസകൃതികളുടെ സ്വഭാവമായിരുന്നു. മോക്ക് എപ്പിക്ക് കൃതികൾക്ക് ഈ തടസ്സം ഉണ്ടായിരുന്നില്ല. എഴുത്തുകാരന് വ്യത്യസ്ത സങ്കേതങ്ങളും രീതികളും അവലംബിക്കാനുള്ള സ്വാതന്ത്ര്യം മോക്ക് എപ്പിക്ക് കൃതികളിൽ ലഭ്യമായിരുന്നു.


പാരഡിയുടെ ഘടകങ്ങൾ എപ്പോഴും മോക്ക് എപ്പിക്കുകളിൽ ഉണ്ടായിരിക്കും.


 ഇതിഹാസത്തിൻ്റെ പ്രമേയഘടന സ്വീകരിക്കുമ്പോഴും സ്വാഭിപ്രായങ്ങൾ കൂട്ടി ച്ചേർക്കാനായിരിക്കും മോക്ക് എപ്പിക്ക് കൃതികൾ ശ്രമിക്കുക. ഡോൺ ജുവാൻ (Don Juan) എന്ന കൃതിയിൽ ബൈറൺ (Byran) ഇപ്രകാരം പറയുന്നു. "ഞങ്ങൾക്ക് ധാരാളം കാര്യങ്ങൾ കൂട്ടിച്ചേർക്കാനുണ്ട്. അതുകൊണ്ട് തന്നെ കവിതയുടെ ഉപരിപ്ലവതയിലേക്കല്ല മറിച്ച് വരികൾക്കിടയിലൂടെ സഞ്ചരിക്കാനാണ് ഞങ്ങൾ എപ്പോഴും ശ്രമിക്കുക."


സ്ത്രീവിമോചന സങ്കല്‌പങ്ങൾക്ക് ആദ്യമായി പ്രചോദനം നൽകിയത് മോക്ക് എപ്പിക്ക് കൃതികളായിരുന്നു. ലൈംഗികതയെക്കുറിച്ച് തുറന്നു സംസാരിക്കാനുള്ള ധൈര്യം മോക്ക് എപ്പിക്ക് കൃതികളിലെ നായികമാർക്ക് ഉണ്ടായിരുന്നു. ലൈംഗിക സദാചാരം അടിച്ചേൽപ്പിക്കപ്പെട്ടിരുന്ന മധ്യവർഗ്ഗ സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമായി മോക്ക് എപ്പിക്ക് കൃതികൾ മാറിയിട്ടുണ്ട്.


അഭിപ്രായ സ്വാതന്ത്ര്യമുള്ള സ്ത്രീകൾ മോക്ക് എപ്പിക്ക് കൃതികളിൽ ധാരാളമായി കടന്നുവരുന്നുണ്ട്. ഒരുവനെ കൊല്ലാൻ തക്ക ധൈര്യവും ശക്തിയുമുള്ള സ്ത്രീകൾ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത് മോക്ക് എപ്പിക്ക് കൃതികളിലൂടെയാണ്. മോക്ക് എപ്പിക്കിൻ്റെ ആഖ്യാനം പ്രധാന മായും ആവരണം ചെയ്‌തത് സാധാരണ സ്ത്രീകളുടെ ദയനീയമായ ചിത്രത്തെയാണ്.


വേദന നിറഞ്ഞ പ്രണയ കഥകളും സാധാരണ മനുഷ്യന്റെ വ്യഥകളും മോക്ക് എപ്പിക്ക് രസകരമായി ആവിഷ്‌കരിക്കുന്നു. ഡൂണിയോസിന്റെ (Dunios) ലാപുസെല്ലേ ((Lapucelle), ജൂവാൻ (Juan), ജൂലിയ (Julia), ദമ്പതികളുടെ പ്രണയം ഇതിഹാസ സങ്കല്പങ്ങളിൽ നിന്നും വേറിട്ട് നിൽക്കുന്നു.


ലൈംഗികതയെക്കുറിച്ച് സംസാരിക്കാൻ മോക്ക് എപ്പിക് കൃതികളിലെ സ്ത്രീകൾ ശ്രമിക്കുന്നുണ്ട്. അരിസ്റ്റോയുടെ (Aristo) ബ്രാഡ്‌മാൻ്റെ (Bradmante), ടാസ്സോ (Tasso)യുടെ ക്ലോറിൻഡ (Clorinda), ടാസ്റ്റോണി(Tassoni)യുടെ റെനോപ്പിയ (Rhenopea) തുടങ്ങിയ സ്ത്രീകഥാപാത്രങ്ങൾ ഇതിഹാസ നായികമാരിൽ നിന്ന് വ്യതിരിക്തമായി ജീവിതത്തെ നോക്കിക്കാണുകയും യാഥാർത്ഥ്യബോധത്തോടെ പ്രതികരിക്കുകയും ചെയ്യുന്നവരായിരുന്നു.


വോൾട്ടയർ, സ്ത്രീകൾ നേരിട്ടിരുന്ന ലൈംഗിക അസമത്വങ്ങൾക്കുനേരെ തൻ്റെ കൃതികളിലൂടെ പ്രതികരിച്ചു. ജെനി (Jenie) എന്ന കഥാപാത്രം തൻ്റെ കാമുകനുവേണ്ടി നടത്തുന്ന കാത്തിരിപ്പും ലൈംഗികതയ്ക്കു വേണ്ടി നടത്തുന്ന പോരാട്ടങ്ങളും ലാപുസില്ലേ എന്ന കൃതി അടയാളപ്പെടുത്തുന്നത് ഈ മാനങ്ങളിൽ നിന്നു കൊണ്ടാണ്. ലൈംഗികബന്ധങ്ങൾ വ്യക്തിഗതമായ തെരഞ്ഞെടുപ്പിലൂടെ വേണം എന്ന വോൾട്ടറിൻ്റെ കൃതികൾ മുന്നോട്ട് വയ്ക്കുന്നുണ്ട്.



വിലാൻഡിനെപ്പോലുള്ള എഴുത്തുകാർ ലൈംഗികതയെയും പ്രണയത്തെയും സംബന്ധിച്ച പ്ലേറ്റോണിക് ആശയവാദങ്ങളെ നിരസിച്ച് കൊണ്ട് തമാശ സൃഷ്ടിക്കുമ്പോൾ തന്നെ പുതിയൊരുതരം ജീവിതാവബോധത്തെ രസകരമായി അവതരിപ്പിക്കാനാണ് ശ്രമിച്ചത്. ഫ്രഞ്ച് വിപ്ലവത്തിന് കാരണമായത് വോൾട്ടയറിന്റെ

മതത്തിന്റെയും സമൂഹത്തിൻ്റെയും യാഥാസ്ഥിതികമായ ആശയവാദങ്ങളോട് പൊരുതുകയായിരുന്നു വോൾട്ടയറുടെ ലാപുസില്ലേ അതുകൊണ്ട് തന്നെ ഫ്രഞ്ച് വിപ്ലവ വഴിയൊരുക്കിയ നിർണ്ണായകമായ കൃതിയാണ് ലാപൂസില്ലേ . ആസ്ട്രിയൻ നവോത്ഥാനത്തിന് സഹായകമായത് ബ്ലൂമുറി (Blumauer) ൻ്റെ ട്രാവസ്റ്റി ഓഫ് എനിഡ് (Travesty aenid) എന്ന് മോക്ക് എപ്പിക്ക് കൃതിയാണ്. പാരഡൈസ് ലോസ്റ്റിന്റെ പാരഡി രചിച്ച പാനി (Parni) ക്രിസ്‌തീയമായ അധീശത്വപ്രവണതകൾക്കും മതാത്മക മൂല്യങ്ങൾക്കും നേരെ പടക്കോപ്പുയർത്തുകയായിരുന്നു. പാനിയുടെ തന്നെ ലാഗുറേ സെസ്‌ഡയക്സ് (Laguerre sesdiex) എന്ന മറ്റൊരു കൃതിയും ശ്രദ്ധേയമായത് ഇത്തരം പ്രവണതകളിലൂടെയാണ്.


ക്രിസ്‌തുമതത്തിൻ്റെ അധീശത്വ മനോഭാവത്തിനും ക്രൂരതകൾക്കുമെതിരായി പോരാടുവാനാണ് ഹിനിയും ബൈറണും മോക്ക് എപ്പിക്കിനെ ഉപയോഗിച്ചത്.യൂറോപ്പിന്റെ കോളനിവത്കരണത്തിനെതിരായ സമരായുധം എന്ന നിലയിലാണ് എഴുത്തുകാരിലൊരാളായ ഹിനി തൻ്റെ അട്ടാട്രോൾ (Attatrol) എന്ന കൃതി യിലൂടെ ശ്രമിക്കുന്നത്. യൂറോപ്പും അതിൻ്റെ കോളനികളായിരുന്ന രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങളെ അവതരിപ്പിക്കാനാണ് ഹിനി മോക്ക് എപ്പിക്ക് സങ്കേതം ഉപയോഗിക്കുന്നത്. ഗ്രീക്കുകാരും പേർഷ്യൻസും തമ്മിലുള്ള യുദ്ധം, 16 സെപ്റ്റംബർ 2001 ൽ അമേരിക്കൻ വ്യാപാര സമുച്ചയത്തിന് നേരേയുണ്ടായ ആക്രമണം, മുസ്ലിം തീവ്രവാദം, ഇറാക്കിനു നേരെയുള്ള കടന്നുകയറ്റം എന്നീ പ്രശ്നങ്ങളെ ഹിനി മോക്ക് എപ്പിക്കിലൂടെ അവതരിപ്പിക്കുന്നു.


ട്രാവസ്റ്റി (Travesty), മോക്ക് ഹീറോയിക്ക്, സറ്റയർ, പാരഡി എന്നീ ഘടകങ്ങൾ മോക്ക് എപ്പിക്കിനുണ്ട്.ഇവ വി. കെ.എൻ കൃതികളിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നാണ് ഇവിടെ പരിശോധിക്കുന്നത്.


 ബ്രാഹ്മണാധീശ മൂല്യവ്യവസ്ഥയോടുള്ള കലഹവും നിഷേധവും വി.കെ.എൻ. കഥകളുടെ അന്തർധാരയാണ്.' മിനുസമായ പ്രതലങ്ങളിലല്ല ഇരുളടഞ്ഞതും വൃത്തി ഹീനവുമായതുമായ ഗുഹ്യഭാഗങ്ങളിലാണ് യാഥാർഥ്യം നിലകൊള്ളുന്നത് എന്ന തിരിച്ചറിവാണ് ആ കഥകളുടെ സവിശേഷത, ഹാസ്യത്തിനുള്ളിൽ ദുരന്തസംഘർഷങ്ങളെ ഒതുക്കി വെയ്ക്കുന്ന, എഴുത്തിനെ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഞാണിന്മേൽ കളിയാക്കുന്ന, നമ്പ്യാരുടെയും ബഷീറിൻ്റെയും മോക്ക് എപ്പിക്ക് പാരമ്പര്യത്തെ വി.കെ.എൻ കഥകളിൽ അന്വേഷിക്കുകയാണ് ഈ പ്രബന്ധം.


ട്രാവസ്റ്റി വി.കെ. എൻ. കഥകളിൽ


മോക്ക് എപ്പിക്കിന്റെ പ്രധാന ഘടകങ്ങളിലൊന്നായ ട്രാവസ്റ്റി, ഏതെങ്കിലുമൊരു

സാഹിത്യകൃതിയെയോ അതിൻ്റെ ഉദാത്തമായ ശൈലിയേയോ തമാശരൂപത്തിലും അനുദാത്തമായും ആവിഷ്‌കരിക്കാനാണ് ശ്രമിക്കാറുള്ളത്. ട്രാവസ്റ്റിയുടെ സവിശേഷതകളെ മുൻനിർത്തി വി.കെ. എന്നിൻ്റെ മഹാഭാരത പ്രമേയകഥകളെ അപഗ്രഥിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. മഹാഭാരത പ്രമേയകഥകളെ ട്രാവസ്റ്റി സങ്കേതമുപയോഗിച്ച് വി.കെ.എൻ പുനർവായിക്കുന്നു.


പ്രമേയത്തെ ഇടിച്ചുതാഴ്ത്തുന്നു. (Degrading the noble subject)


 മഹാഭാരത കൃതി ഗൗരവമായി അവതരിപ്പിക്കുന്ന പ്രമേയങ്ങളെ തരംതാഴ്ത്തു കയാണ് വി.കെ.എൻ തൻ്റെ മഹാഭാരത കഥകളിലൂടെ ചെയ്യുന്നത്. ഇതിഹാസസ്വഭാവമുള്ള പ്രമേയങ്ങളെ വളരെ താഴ്ന്നതരത്തിലുള്ളതാക്കി മാറ്റി അതിന്റെ ഗൗരവപ്രകൃതിയെ പാടേ തകർത്തുകളയുന്നു. കൂടാതെ വിഷയത്തിൻ്റെ സങ്കീർണ്ണതയും അയുക്തികതയും തന്റേതായ ആശയങ്ങളുടേയും ജനാധിപത്യസാമൂഹിക ബോധത്തിന്റേയും അടിസ്ഥാനത്തിൽ വിലയിരുത്തി മൂല്യനിർണ്ണയം ചെയ്യാനും ട്രാവസ്റ്റി സങ്കേതം ഉപയോഗിക്കുന്നു.


വനവാസം


ഭാരതീയമായ ഇതിഹാസ സങ്കല്പങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഘടകങ്ങ ളിലൊന്നാണ് വനവാസം, മഹാഭാരതത്തിലും രാമായണത്തിലും ധാരാളം വനവാസ കഥകൾ സാധിക്കും. ധാർമ്മികവും ആത്മീയവുമായ മൂല്യങ്ങളുടെ സംരക്ഷണത്തിനും ജീവിത ദർശനങ്ങൾ കണ്ടെത്തുന്നതിനുമൊക്കെ വേണ്ടിയാണ് സാധാരണയായി ഇതിഹാസങ്ങളിൽ വനവാസം പ്രമേയമായി കടന്നുവരാറുള്ളത്.


ദശരഥൻ കൈകേയിക്ക് കൊടുത്ത വാക്കുപാലിക്കാനാണ് രാമായണകഥയിൽ ശ്രീരാമൻ വനവാസത്തിന് പോകുന്നത്. യുധിഷ്‌ഠിരൻ കൗരവരോടൊത്ത് ചൂത് കളിച്ച് തോൽക്കുന്നതിനാലാണ് പാണ്‌ഡവർക്കു വനവാസത്തിന് പോകേണ്ടി വരുന്നത്. സഹോദരനായ പുഷ്‌കരനോട് ചൂത്‌കളിച്ച് തോൽക്കുന്നതിനാലാണ് നളന് വനവാസത്തിന് പോകേണ്ടിവരുന്നത്. ഇവിടെയൊക്കെത്തന്നെയും കൊടുത്തവാക്ക് പാലിക്കുക എന്ന ധാർമ്മികമൂല്യത്തിൻ്റെ സംരക്ഷണാർത്ഥമാണ് ഓരോ വനവാസ കഥയും രൂപപ്പെടുന്നത്. ഈ വനവാസകഥകളുടെ സാമൂഹിക നീതിയും യുക്തിയും പരിശോധിക്കാനാണ് വി.കെ.എൻ ശ്രമിക്കുന്നത്. വി.കെ.എൻ വനവാസകഥകളെയും, അതിന്റെ പ്രമേയങ്ങളെയും ആവിഷ്കരിക്കുന്നത് ഇതിഹാസകഥയിൽ നിന്ന് വ്യതി രിക്തമായ രീതിയിലാണ്.അർജുനനെ കേന്ദ്രകഥാപാത്രമാക്കി വി.കെ എൻ രചിച്ച കഥയാണ്“മറ്റു പൂച്ചെടി ചെന്നു തിന്നാൻ ” പ്രസ്തുത കഥ അർജുനൻ്റെ വനവാസത്തെയാണ് മോക്ക് എപ്പിക്ക് ആക്കുന്നത്. ഇതിഹാസകഥയിലെ അർജുനൻ ധാർമ്മിക വ്യവസ്ഥ പാലിക്കാനാണ് വനവാസത്തിന് പോകുന്നത്. പാഞ്ചാലിയൊടൊപ്പം ശയിക്കുന്നതിന് പാണ്ഡവർക്കിടയിൽ ചില വ്യവസ്ഥകളുണ്ടായിരുന്നു. അതിൽ പ്രധാനമായത്, പാണ്ഡവരിൽ ഒരാൾ പാഞ്ചാലിയോടൊപ്പം ശയിക്കുന്ന കാലത്ത് മറ്റൊരാൾ അവിടേയ്ക്ക് കടന്നു ചെല്ലരുതെന്നായിരുന്നു. അങ്ങനെ ഇടയ്ക്കുകയറി ചെല്ലുന്നയാൾ പന്ത്രണ്ടുവർഷത്തെ വനവാസം അനുഷ്‌ഠിക്കണം. കൂടാതെ അത്രയും കാലം ബ്രഹ്മചര്യവ്രതവും പാലിക്കണം. ഒരിക്കൽ ഒരു ബ്രാഹ്മണൻ്റെ പശുക്കൾ മോഷണം പോയതിനെ തുടർന്ന് അയാൾ പരാതിയുമായി എത്തിയപ്പോൾ, ആയുധം എടുക്കാനായി, യുധിഷ്ഠിരനും പാഞ്ചാലിയും ഒരുമിച്ച് ഇരിക്കുന്ന പുരത്തിലേക്ക് അർജ്ജുനന് പോകേണ്ടിവന്നു. തുടർന്ന് താൻ വ്യവസ്ഥ ലംഘിച്ചിരിക്കുന്നു എന്ന് സ്വയം പ്രഖ്യാപിച്ച് വനവാസത്തിന് പോകുന്ന അർജ്ജുനനാണ് ഇതിഹാസകഥയിൽ ഉള്ളത്. അർജ്ജുനൻ തങ്ങൾ ഇരിക്കുന്ന ഇടത്തേയ്ക്ക് അപ്രതീക്ഷിതമായി കടന്നുവന്നതിൽ യുധിഷ്ഠിരനോ പാഞ്ചാലിക്കോ യാതൊരു വിധ പ്രശ്നവും ഉണ്ടായിരുന്നില്ല. അതിനാൽ അർജ്ജുൻ വനവാസത്തിന് പോകേണ്ടതില്ല എന്ന സാമാന്യ യുക്തി മഹാഭാരത കഥയിൽ യുധിഷ്‌ഠിരൻ പറയുന്നു. എന്നാൽ അർജ്ജുനൻ തൻ്റെ ധാർമ്മിക ബോധത്തെ മുറുകെപ്പിടിച്ച് വനവാസത്തിന് പോകുന്നു. പക്ഷേ പോകുന്ന വഴിക്ക് ഉലൂപി, ചിത്രാംഗദ തുടങ്ങിയ സ്ത്രീകളുമായി ബന്ധത്തിലേർപ്പെടുന്ന അർജ്ജുനനെ മഹാഭാരതം ആവിഷ്കരിക്കുന്നുണ്ട്. കഠിനമായ ബ്രഹ്മചര്യത്തോട് കൂടിയ വനവാസം എന്ന വ്യവസ്ഥ അർജ്ജുനൻ തുടക്കത്തിൽ തന്നെ തകർത്തെറിയുന്നു. പക്ഷേ, അതിനുള്ള ന്യായങ്ങളോ യുക്തികളോ മഹാഭാരത കഥ വിശദീകരിക്കുന്നില്ല. എന്നാൽ വി.കെ.എൻ തന്റെ കഥയിലൂടെ അർജുനൻ്റെ വനവാസത്തെ വ്യത്യസ്തമായി ആവി ഷ്‌കരിക്കുന്നു.


എന്തിന് വനവാസത്തിനുപോയി എന്നതിന് വി.കെ.എൻ യുക്തി കണ്ടെത്തുന്നു. അത് 'മറ്റ് പൂച്ചെടി ചെന്ന് തിന്നാനാണ്' (കഥയുടെ തലക്കെട്ട്) ആയോധന പാടവത്തിലൂടെ അർജ്ജുനനാണ് പാഞ്ചാലിയെ വിവാഹം കഴിച്ചത്. എന്നാൽ കുന്തിയ്ക്ക് സംഭവിച്ച പിഴവ് കാരണം അഞ്ചുപേരുടെ ഭാര്യയായി പാഞ്ചാലിയെ നൽകാൻ അർജ്ജുനന് തയ്യാറാകേണ്ടിവന്നു. പാഞ്ചാലിക്ക് അതിൽ എതിർപ്പില്ലായിരുന്നു താനും. ഈ ഗതികേടിനെ മറികടക്കാനാണ് അർജ്ജുനൻ വനവാസത്തിന് പോകുന്നത്. ബ്രാഹ്മണനെ ചട്ടംകെട്ടി പശുക്കൾ മോഷണം പോയതായി കളളക്കഥ ഉണ്ടാക്കിയെടുക്കുകയാണ് അർജ്ജുനൻ ചെയ്യുന്നത്. ധർമ്മത്തിന്റെ പേര് പറഞ്ഞ് അർജ്ജുനൻ വനവാസത്തിന് പോകുന്നു. വനവാസമാകട്ടെ തന്റെ ലൈംഗികമായ അസ്‌തിത്വത്തെ വീണ്ടെടുക്കാനുള്ള ഇടമാക്കി മാറ്റുകയാണ് അർജ്ജുനൻ. താൻ ആഗ്രഹിക്കുന്ന സ്ത്രീയിൽ തൻ്റെ കുഞ്ഞ് ജനിക്കണം എന്ന മക്കത്തായ ദായക്രമത്തിലെ പുരുഷൻ്റെ ബോധം അർജുനനിൽ വി.കെ.എൻ ചാർത്തി ക്കൊടുക്കുന്നു. ഉലൂപിയിൽ ഇരാവാൻ എന്ന പുത്രനെയും ചിത്രാംഗദയിൽ ബൗ വാഹനൻ എന്ന പുത്രനെയും സൃഷ്ടിച്ചുകൊണ്ട് അർജ്ജുനൻ മാറ്റി മറിക്കുന്നത് തൻ്റെ ഗതികെട്ട ലൈംഗിക ജീവിതത്തെയാണ്.അതിനുവേണ്ടിയുള്ള ഉപാധിയാണ് വനവാസം. ഇവിടെ വനവാസം എന്ന ഇതിഹാസ പ്രമേയത്തിൻ്റെ ഗൗരവബോധം തകർന്നു വീഴുന്നു. മഹാഭാരതം മൗനം പാലിക്കുന്ന ധർമ്മവ്യവസ്ഥയുടെ നീതികേടുകളെ വളരെ കൃത്യമായ യുക്തികൊണ്ട് വി.കെ. എൻ. ന്യായീകരിക്കുന്നു. ഇവിടെ ഇതിഹാസ കഥയുടെ പ്രമേയവും അയുക്തികതയും ചോദ്യം ചെയ്യപ്പെടുന്നു.


യുദ്ധം


ലോക ഇതിഹാസങ്ങളുടെ ചരിത്രം തന്നെ പരിശോധിച്ചാൽ യുദ്ധം ഒരു പ്രധാന ഇതിഹാസ പ്രമേയമാണെന്ന് കാണുവാൻ സാധിക്കും. വലുതും ചെറുതുമായ അനേകം യുദ്ധങ്ങളുടെ സമാഹാരമാണ് എല്ലാ ഇതിഹാസകൃതികളും മഹാഭാരതവും രാമായണവും ഇതിൽ നിന്നും വ്യത്യസ്‌തമല്ല. ചെറുതും വലുതുമായ നിരവധി യുദ്ധ ങ്ങളെക്കൊണ്ട് നിറഞ്ഞതാണ് മഹാഭാരത കഥ. മഹാഭാരതത്തിലെ യുദ്ധം എന്ന പ്രമേയത്തെ വളരെ രസകരമായി കളിയാക്കുന്ന ബകവധം, കിർമ്മീരവധം തുടങ്ങിയ മഹാഭാരത്തിലെ കഥകളെ വി.കെ.എൻ വാചകവധം," ടൂർപ്രോഗ്രാം' എന്നീ മോക്ക് എപ്പിക്ക് കഥകളായി പുനർവ്യാഖ്യാനം ചെയ്യുന്നു. മഹാഭാരത്തിലെ പ്രസ്തുത കഥകൾ ഭീമന്റെ വീരപരാക്രമങ്ങൾ ഉദ്ഘോഷിക്കുന്നവയാണ്. ഭീമന്റെ പരാക്രമങ്ങൾ വിവരിക്കുന്ന അതിഘോരങ്ങളായ യുദ്ധങ്ങളായാണ് ബകവധവും കിർമ്മീരവധവും വിവരിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ ഈ യുദ്ധ പ്രമേയങ്ങളെ വി.കെ.എൻ കളിയാക്കുന്നു


ബകവധം വെറും വാചകവധം മാത്രമായിരുന്നു എന്നാണ് വി.കെ.എൻ.കണ്ടെത്തുന്നത്. ഏകചക്ര എന്ന ഗ്രാമത്തിൽ ഓരോ ദിവസവും ഒരു മനുഷ്യൻ, ഒരു വലിയ പാത്രം ഭക്ഷണം എന്നിവ കഴിക്കുന്ന രാക്ഷസനാണ് ബകാസുരൻ. പാണ്ഡവർ തങ്ങൾ അജ്ഞാതവാസക്കാലത്ത് കഴിഞ്ഞുകൂടിയ വീട്ടിലെ ബ്രാഹ്മണരെ രക്ഷിക്കാനായി ബകനെ വധിക്കാൻ തീരുമാനിക്കുന്നു. കുന്തിയുടെ നിർദ്ദേശപ്രകാരം ഭീമൻ ബകനെ ഘോരമായ യുദ്ധത്തിൽ വധിക്കുന്നു. ഇതാണ് മഹാഭാരത കഥ.


എന്നാൽ 'വാചകവധം' എന്ന കഥയിൽ ഭീമൻ ബകനെ വധിക്കുന്നില്ല. വാച കവധം ഓരൊത്തുതീർപ്പിന്റെ കഥയാണ്. അജ്ഞാതവാസക്കാലത്ത് ബകാസുരനെ വധിക്കാൻ യാത്രതിരിക്കുന്ന പാണ്ഡവർ വഴിമധ്യത്തിൽ വച്ച് ഹിഡുംബിയെ (ഹേഡിനി) കണ്ടുമുട്ടുന്നു. ഹിഡുംബിയുമായുള്ള സംഭാഷണത്തിൽ നിന്നും ബകാസുരൻ ബ്രാഹ്മണർ പറഞ്ഞതുപോലെ ക്രൂരനായ രാക്ഷസനല്ല എന്ന് മനസ്സിലാക്കുന്നു. ബകാസുരൻ എന്നല്ല വാസു എന്നാണ് അയാളുടെ പേര്. അയാൾ മാസംഭുക്കല്ല സസ്യഭുക്കാണ്. അവൻ്റെ ഭൂമി കൈയ്യേറി കൃഷിചെയ്ത‌് കൊയ്തും മെതിച്ചും തിന്നിരുന്ന ഭട്ടന്മാരോടാണ് വാസു ഭക്ഷണം നിർബന്ധിച്ച് വാങ്ങിച്ച് കഴിക്കുന്നത്. അതിനാൽ ഭട്ടന്മാരോട് പറഞ്ഞ് വാസുവിന് അവൻ്റെ ഭൂമിതരികെ വാങ്ങി ക്കൊടുക്കണമെന്ന് ഹേഡിനി അപേക്ഷിച്ചു. ആ അപേക്ഷ കുന്തി സ്വീകരിച്ചു. അങ്ങനെ ബകവധത്തിനു പകരം വാചകവധമായി കഥ പരിവർത്തിപ്പിക്കപ്പെടുന്നു. ആദിവാസി ജീവിത പ്രശ്‌നവും നെഹ്റുവിൻ്റെ ഭരണ പരിഷ്കാരങ്ങളുമൊക്കെ നിരീ ക്ഷിച്ചു കൊണ്ട് ബ്രാഹ്മണൻ/രാക്ഷസൻ എന്ന ദ്വന്ദ്വത്തെ ഉയർത്തിക്കൊണ്ട് വന്ന് ബ്രാഹ്മണർക്കനുകൂലമായ സാമൂഹിക നീതിബോധം സൃഷ്‌ടിച്ചെടുക്കുന്നതിനെ വിമർശിക്കുകയാണ് വി.കെ.എൻ ചെയ്യുന്നത്. ഘോരമായ യുദ്ധസന്ദർഭത്തെ വളരെ യുക്തി ഭദ്രമായി കേരളീയ, ഭാരതീയ സാഹചര്യങ്ങളുമായി കോർത്തിണക്കി കഥ പുതിയൊരു മാനം കൈക്കൊളളുന്നു.


കിർമ്മീരവധം


ടൂർപ്രോഗ്രാം എന്ന കഥ മഹാഭാരതത്തിലെ കിർമ്മീരവധം സന്ദർഭത്തെ വി.കെ.എൻ മോക്ക് എപ്പിക്ക് ആക്കുന്നതാണ്. മഹാഭാരത കഥയിലെ കിർമ്മീരൻ ബകാസുരന്റെ വധത്തിന് പകരം ചോദിക്കാനെത്തുന്ന രാക്ഷസനാണ്. ബകന്റെ അനു ജനാണ് കിർമ്മീരൻ. കിർമ്മീരനും ഭീമനും തമ്മിൽ അതിഘോരമായ യുദ്ധം നടക്കുകയും ഒടുവിൽ കിർമ്മീരനെ ഭീമൻ കൊല്ലുകയും ചെയ്യുന്നതാണ് മഹാഭാരത കഥ. എന്നാൽ വി.കെ.എന്നിന്റെ 'ടൂർപ്രോഗ്രാം ' എന്ന കഥ 'വാചകവധം' എന്ന കഥയുടെ തുടർച്ച എന്ന നിലയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.


ബകനെ കൊന്നതിന് പകരം ചോദിക്കാനായി കിർമ്മീരൻ പാണ്‌ഡവരുടെ അടുത്തേക്ക് എത്തുന്നു. കിർമ്മിയെക്കണ്ട് പാഞ്ചാലി പേടിക്കുന്നു. എന്നാൽ ' വാസു (ബകാസുരൻ) വിനെ തങ്ങൾ കൊന്നിട്ടില്ല എന്ന് ഭീമൻ പറയുന്നു. വാസുവിനെ കൊല്ലാനായി വന്ന വഴിക്ക് അവൻ്റെ ജീവിതത്തിൻ്റെ സത്യാവസ്ഥയറിഞ്ഞ തങ്ങൾ അയാളെ വെറുതെ വിടുകയായിരുന്നു. എന്നിട്ട് കൃഷിഭൂമി ഭട്ടന്മാരിൽ നിന്ന് തിരികെ കൊടുക്കുകയും ചെയ്‌തു. ഭീമൻ പറഞ്ഞതനുസരിച്ച് കിർമ്മി വാസുവിനെ ഉറക്കെ കൂകി വിളിച്ചുകാര്യംതിരക്കുന്നു. വാസു മറുപടിയായി കൂകുകയും ഭീമൻ വാസുവിനെ കൊന്നിട്ടില്ലായെന്ന് പറയുകയും ചെയ്‌തു.


ഇങ്ങനെ മഹാഭാരത കഥയിൽ നിന്ന് വ്യത്യസ്‌തമായി കഥ പര്യവസാനിക്കു ന്നു. ഘോരമായ യുദ്ധം എന്ന പ്രമേയം ഹാസ്യമായി തീരുന്നു. ആദിവാസികളുടെ പ്രശ്നത്തെ വളരെ ഗൗരവമായി ചർച്ചചെയ്യുന്നതിന് ഈ പ്രമേയ ഘടനയിലുണ്ടാകുന്ന മാറ്റം സഹായകമായിത്തീരുന്നു. ആദിവാസികളെ, ദളിതരെ അവരുടെ സ്വത്വത്തിൽ നിലനിർത്തി ചൂഷണം ചെയ്യുന്ന സാമൂഹ്യ നീതി ഇവിടെ ചോദ്യം ചെയ്യപ്പെ ടുന്നുണ്ട്. ദളിതപക്ഷം എന്നതിലുപരി അധഃസ്ഥിതപക്ഷ കഥയായി 'ടൂർ പ്രോഗ്രാം' മാറുന്നത് പ്രമേയഘടനയിലുണ്ടാകുന്ന ഈ പരിവർത്തനത്തിലൂടെയാണ്.


 


86 views1 comment
bottom of page