top of page

വി.കെ.എൻ.ഇതിഹാസങ്ങളോട് ചെയ്തത്വി.കെ.എന്നിൻ്റെ മോക്ക് എപ്പിക്കുകളെക്കുറിച്ച് ഭാഗം-3

മനു എം.

മോക്ക് ഹീറോയിക്ക് - വി.കെ.എൻ.കഥകളിൽ

മോക്ക് ഹീറോയിക്കിന്റെ സവിശേഷതകൾ ഉപയോഗിച്ച് വി.കെ.എന്നിൻ്റെ മഹാഭാരതപ്രമേയകഥകളെ അപഗ്രഥിക്കുകയാണ് ഈ ഭാഗത്ത്.

മോക്ക് എപ്പിക്കിന്റെ ഘടകങ്ങളിലൊന്നാണ് മോക്ക് ഹീറോയിക്ക്. വളരെ താഴ്ന്ന നിലയിലുള്ള പ്രമേയങ്ങളെ ഉദാത്തമായ രീതിയിലും ദ്വയാർത്ഥ പ്രയോഗങ്ങളോടും കൂടി അവതരിപ്പിക്കുന്നതാണ് മോക്ക് ഹീറോയിക്ക്. സാധാരണ കഥാപാത്രങ്ങൾക്കു ഉദാത്തമായ ശൈലി നൽകി ഹാസ്യം സൃഷ്ടിക്കുക എന്നതാണ് മോക്ക് ഹീറോയിക്കിന്റെ പ്രധാന സവിശേഷത, വി.കെ.എന്നിൻ്റെ മഹാഭാരത പ്രമേയകഥകളിലെ മോക്ക് ഹീറോയിക് സവിശേഷതകളെ അപഗ്രഥിക്കുകയാണ് ചുവടെ.


മനുഷ്യന്റെ  പ്രാഥമിക ചോദനകളായ ഭക്ഷണം, ലൈംഗികത, തുടങ്ങിയ കാര്യങ്ങളെ കൃതിയിൽ യഥാതഥമായി ആവിഷ്കരിക്കുന്നത് മോക്ക് ഹീറോയിക് സങ്കേത ത്തിൻ്റെ സവിശേഷതകളിലൊന്നാണ്. ഇതിഹാസ നായകന്മാർ സാധാരണയായി ഇത്തരം സങ്കേതങ്ങളിൽ പ്രത്യക്ഷപെടാറില്ല. മോക്ക് ഹീറോയിക് നായകന്മാർ സാധാ രണക്കാരെപ്പോലെ ഭക്ഷണം പാകം ചെയ്യുകയും ആഭാസകരമായ വിധത്തിൽ ലൈംഗികതയെക്കുറിച്ച് സംസാരിക്കുകയുമൊക്കെ ചെയ്യാറുണ്ട്. മഹാഭാരതത്തെയും അതിലെ കഥാപാത്രങ്ങളെയും വി.കെ.എൻ ഇതുപോലെ ആവിഷ്കരിക്കുന്നുണ്ട്.


ഭക്ഷണം



സാധാരണക്കാരെപ്പോലെ ഭക്ഷണം പാകം ചെയ്യുകയും കഴിക്കുകയുമൊക്കെ ചെയ്യുന്ന ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മോക്ക് ഹീറോയിക് സങ്കേതത്തിന്റെ സവിശേഷമായ സ്വഭാവമാണ്. ഇതിഹാസകഥയെ സ്വാഭാവികമായ സാധാരണക്കാരന്റെ ജീവിത പരിസരങ്ങളിലേക്ക് പരിവർത്തിപ്പിക്കാൻ ഇതിലൂടെ സാധിക്കാറുണ്ട്. വി.കെ.എൻ തൻ്റെ മഹാഭാരത പ്രമേയ കഥകളിലൂടെ ഇതിന് ശ്രമിക്കുന്നുണ്ട്.


കണ്വമഹർഷിയുടെ ആശ്രമത്തിൽ എത്തപ്പെട്ട ദുഷ്യന്തനെ അവതരിപ്പിക്കുന്നതിങ്ങനെയാണ് "രാജാവ് ഒരു പിഞ്ച് വെള്ളരിക്ക പറിച്ചു തിന്ന് വിശപ്പും ദാഹവും ബഡവാഗ്നിയുമടക്കി' തുടർന്ന് ശകുന്തള ദുഷ്യന്തനെ സ്വീകരിക്കുന്ന ഭാഗം ഇങ്ങനെ അവതരിപ്പിക്കുന്നു.


“മാഷ് ഇരുന്നുകഴിഞ്ഞപ്പോൾ ചെറുബാല്യക്കാരി ചോദിച്ചു.


-അന്നാഹാരം എന്തുവേണം?


ദുഷ്യന്തൻ പറഞ്ഞു: ദാഹിക്കുന്നു. കുടിക്കാൻ വല്ലതും


സുന്ദരി അകത്തുപോയി മൺചട്ടികളിൽ ചുക്കുവെള്ളവും രണ്ടിഡ്ഡലിയും ചമ്മന്തിപ്പൊടിയുമായി വന്നു.


ഇവ കഴിച്ച് ഏമ്പക്കമിട്ട്, അവളുടെ ഉഡുരാജമുഖത്തെയും മൃഗരാജകടിയെയും മാറി മാറി നോക്കി ആസ്വദിച്ചു.” (ദുഷ്യന്തൻ മാഷ്)


ദുഷ്യന്തൻ വെള്ളരിക്കപറിച്ച് കഴിക്കുന്നതും ഇഡ്‌ഡലി, ചമ്മന്തിപ്പൊടി, ചുക്കു വെള്ളം എന്നിവ ശകുന്തള നൽകുന്നതുമൊന്നും ഇതിഹാസ കഥയിലില്ല. വി.കെ. എൻ കഥയിൽ ഈ ഭാഗം യുക്തിഭദ്രമായും സമർത്ഥമായും കൂട്ടിച്ചേർത്തിരിക്കുകയാണ്. ഇതിഹാസ കഥാപാത്രങ്ങളെ സ്വാഭാവികതയുള്ള മനുഷ്യരാക്കി പരിവർത്തിപ്പിക്കുന്നതിനാണ് ഇവിടെ ശ്രമിച്ചിരിക്കുന്നത്. സാധാരണ മനുഷ്യരെപ്പോലെ ഇതിഹാസകഥാപാത്രങ്ങളും ഭക്ഷണം കഴിക്കുകയും ഏമ്പക്കം വിടുകയുമൊക്കെ ചെയ്യുമെന്ന് വി.കെ.എൻ സ്ഥാപിച്ചെടുക്കുകയാണിവിടെ.


ഭീഷ്മരെക്കുറിച്ച് മറ്റൊരു കഥയിൽ ഇങ്ങനെ അവതരിപ്പിച്ചിരിക്കുന്നു.:


"ഭീഷ്‌മന്റെ കാലത്ത് വിന്ധ്യന് വടക്ക് രാജാക്കന്മാരെല്ലാം കിങ്ങുകൾ എന്നതിലുപരി നായാട്ടുകാരായിരുന്നു. മൃഗയാവിനോദസഞ്ചാരികൾ. പകലന്തിയോളം കാട്ടിൽ വേട്ടയായിരുന്നു അവരുടെ പഥ്യാഹാരം. ചികിത്സ കഴിഞ്ഞാൽ മുഴുത്ത നല്ലരിക്ക, നെല്ലിക്ക അതുകൊണ്ട് അരച്ചുകലക്കി എന്നീ ഒരേർപ്പാടുകളൊന്നും അവർക്കില്ലായിരുന്നു."


മഹാഭാരത കഥയിലെ കുരുപരമ്പരയെയും വംശാവലിയെയും കുറിച്ച് വിശദീകരിക്കുന്ന കഥയാണ് ‘’പിതാമഹിളാളികള് ‘. ഈ കഥയിൽ വളരെ പ്രകൃതമായ ഒരു കാലഘട്ടമായി ഇതിഹാസകാലഘട്ടത്തെ അവതിരിപ്പിച്ചിരിക്കുന്നു. ഇത് ഇതിഹാസ കഥയിൽ നിന്ന് വ്യത്യസ്‌തമാണ്. ഭീഷ്‌മരുടെ കാലഘട്ടം പ്രാകൃതമായിരുന്നെന്നും അവരുടെ ചെയ്ത‌ികൾ പ്രാകൃതമായിരുന്നെന്നും വി.കെ.എൻ അവതരിപ്പിക്കുന്നതും ഭക്ഷണ സമ്പ്രദായത്തെ അപഗ്രഥിച്ചുകൊണ്ടാണ്. പകൽ മുഴുവൻ നായാടി നടക്കുന്ന, നല്ലരിയും നെല്ലിക്കയും കഴിക്കുന്ന, ജനവിഭാഗമായിരുന്നു ഭീഷ്‌മരുടെ കാലത്തു ണ്ടായിരുന്നിരിക്കുക എന്ന സമകാലിക യുക്തിയുടെ പിൻബലത്തിലാണ് വി.കെ.എൻ കഥ അവതരിപ്പിച്ചിരിക്കുന്നത്. പ്രൗഢ ഗംഭീരമായ സാംസ്‌കാരികഅന്തരീക്ഷമൊന്നും ഭീഷ്മരുടെ കാലത്തുണ്ടായിരുന്നില്ല എന്നതു വി.കെ.എൻ സ്ഥാപിക്കുന്നത് ഭക്ഷണത്തെ സംബന്ധിച്ച അപഗ്രഥനത്തിലൂടെയാണ്.


പാഞ്ചാലിക്കു സൂര്യനിൽ നിന്നും അക്ഷയപാത്രം ലഭിച്ച കഥയാണ് 'പാത്രാന്ന പൂർണ്ണേശ്വരി.' ചൂതുകളിയിൽ തോറ്റ് വനവാസത്തിന് യാത്രയാവുന്ന പാണ്ഡവരും അവരെ അനുഗമിക്കുന്ന ബ്രാഹ്മണരും തമ്മിലുള്ള സംഭാഷണം ഈ കഥയിൽ ഇങ്ങനെ അവതരിപ്പിച്ചിരിക്കുന്നു.


“ഭട്ടന്മാർ പറഞ്ഞു: ഞങ്ങൾ നിങ്ങൾക്കൊപ്പം കാട്ടിലേയ്ക്കു വരുന്നു. അന്നപാനാദികളില്ലാതെയോ?


നിങ്ങൾ ഭക്ഷിക്കുന്നതിൻ്റെ ഒരംശം തന്നാൽ മതി


ഞങ്ങൾ നിരാഹാരത്തിനാണ് വട്ടമിടുന്നത്


അപ്പോൾ ഭട്ടന്മാർ പയ്യെ പിൻവാങ്ങി ഇതിഹാസകഥയിൽ പാണ്‌ഡവരുടെ അവസ്ഥയിൽ തപിച്ച് അവരോടൊപ്പം വനവാസത്തിന് തിരിക്കുന്ന ബ്രാഹ്മണരെയാണ് അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ വി.കെ. എന്നിന്റെ കഥയിലേക്കെത്തുമ്പോൾ തങ്ങൾക്കു ഭക്ഷണം ലഭിക്കാൻ സാധ്യതയില്ലാ എന്നു മനസ്സിലാക്കി തനേ പിൻവാങ്ങുന്ന ബ്രാഹ്മണരെയാണ് കാണുവാൻ സാധിക്കുന്നത്. ഇത് കൃതിയെ വളരെ സ്വാഭാവികമാക്കുന്നു. സ്വാഭാവികമായും യുക്തിഭദ്രമായും കൃതി പരിവർത്തിക്കപ്പെടുകയാണ് വി.കെ.എന്നിൻ്റെ കഥയിൽ ബ്രാഹ്മണർക്കു ഭക്ഷണത്തോടുള്ള ആർത്തിയും വി.കെ.എൻ കളിയാക്കുകയാണിവിടെ.


ഈ കഥയിൽ തന്നെ അക്ഷയപാത്രം സൂര്യൻ നൽകുന്ന സന്ദർഭം ഇങ്ങനെ അവതരിപ്പിച്ചിരിക്കുന്നു. " സൂര്യൻ അപ്രത്യക്ഷമായപ്പോൾ പാത്രത്തിൽ നിന്ന് അന്നപാനാദികൾ നിരന്തരം പ്രവഹിച്ചുതുടങ്ങി ജനം നിർത്താതെ ഊണോടുണ്ടു. രാജ്യത്തെ പഞ്ചനക്ഷത്രം ഹോട്ടലുകളൊക്കെ പൂട്ടി മുദ്രവച്ചു. രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികളുടെ ഭക്ഷണവും താമസവും പാണ്ഡവർക്കൊപ്പമായി. അപ്പോൾ പാത്രം ചൈനീസും കോണ്ടിനെന്റലും ഡിഷുകൾ പുറത്തിറക്കി. ഡിഷ് ആന്റിന വഴി ലോകരാകെ ഈ വിസ്മയം കണ്ട് കോൾമയിർ കൊണ്ടു. പിന്നാരും തിരുപ്പതിക്കു പോയില്ല. തല വടിച്ചില്ല.”


വളരെ സ്വാഭാവികവും കാലികവുമായ യുക്തികൾ കൊണ്ട് ഇതിഹാസ കഥാ സന്ദർഭത്തെ വി.കെ.എൻ നവീകരിച്ചിരിക്കുന്നു. അക്ഷയപാത്രത്തിൽ നിന്ന് കോണ്ടി നെന്റലും ചൈനീസുമൊക്കെ വരുന്നതു വളരെ രസകരമായ വിധത്തിലാണ് വി.കെ. എൻ അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോഗസംസ്‌കാരത്തിന്റെ സങ്കീർണതകളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കാനും വി.കെ.എന്നിന് ഇവിടെ സാധിക്കുന്നുണ്ട്.


ലൈംഗികത


സ്ത്രീപുരുഷ ബന്ധങ്ങളെക്കുറിച്ചും സാമൂഹിക നീതിയെ സംബന്ധിച്ചുമുള്ള ജനാധിപത്യപരമായ നിലപാടിൽ നിന്നുകൊണ്ടാണഅ വി.കെ.എൻ തൻ്റെ കഥകളിൽ ലൈംഗികതയെ അവതരിപ്പിച്ചിക്കുന്നത്. ജനാധിപത്യ ബോധത്തിൻ്റെ അടിസ്ഥാനത്തിൽ അപഗ്രഥിക്കുന്നതുകൊണ്ട് തന്നെ ഇതിഹാസ കഥാസന്ദർഭങ്ങൾ പലതും ലൈംഗികമായ അരാജകത്വത്തിൻ്റെയും അപകർഷതയുടെയുമൊക്കെ പ്രതീകങ്ങളായി മാറുന്നതായി വി.കെ.എന്നിൻ്റെ കഥകളിൽ കാണാൻ കഴിയുന്നു.


 "ദുഷ്യന്തൻ മാഷ്' എന്ന കഥയിൽ വിശ്വാമിത്രൻ്റെ തപസ്സിളക്കാൻ മേനകയ്ക്ക് ഇന്ദ്രൻ നിർദ്ദേശം നൽകുന്ന സന്ദർഭം ഇങ്ങനെയാണ് വി.കെ.എൻ. അവതരിപ്പിച്ചിരിക്കുന്നത്.


"ഇന്ദ്രൻ ചോദിച്ചു: ഞാൻ എന്തോവേണം.


വിശ്വാമിത്രന്റെ മുന്നിൽ ചെന്ന് ഞാൻ കുച്ചിപ്പുഡി കളിച്ചു തുടങ്ങിയാൽ അങ്ങ് മന്ദമാരുതൻ ഒരെണ്ണത്തെ വിട്ട് ഞാൻ ഉടുത്തിരിക്കുന്ന വാണിയം കുളം ഓരിഴത്തോർത്ത് പൊക്കാൻ പറയണം. വായുവിന് എന്നെ എളുപ്പം വിവസ്ത്രയാക്കാൻ കഴിയും.


ഹാലിളക്കിയ ദേവേന്ദ്രൻ മേനകയെ ഓൺദിസ്പോട്ട് ഒന്ന് ഒളിമ്പിക് കളിപ്പിച്ച ശേഷം അവളെ വിശ്വാമിത്രനെ ലാക്കാക്കി വിട്ടു. മോളൂട്ടി നേരെ മുനി തപസ്സു ചെയ്യുന്നിടത്ത് പോയി അർദ്ധനഗ്നൻ്റെ മുന്നിൽ നിന്ന് തെരുക്കൂത്ത് തുടങ്ങി.


ഇതിഹാസ കഥയിൽ നിന്ന് വ്യത്യസ്‌തമായിട്ടാണ് ഇവിടെ ഇന്ദ്രനും മേനകയും തമ്മിലുള്ള സംഭാഷണം അവതരിപ്പിച്ചിരിക്കുന്നത്. ലൈംഗികതയെ വളരെ താഴ്ന്ന രീതിയിലുള്ള സംഭാഷണത്തിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മേനകയെ ഇന്ദ്രൻ ഓൺദിസ്പോട്ട് ഒന്ന് ഒളിമ്പിക് കളിപ്പിച്ചു എന്നാണ് വി.കെ.എന്നിന്റെ മതം. ലൈംഗി കതയുടെ ഈ തുറന്നെഴുത്ത്, കൃതിയെ ഇതിഹാസത്തിൻ്റെ യുക്തികൾക്കും ചട്ടക്കൂടിനും പുറത്ത് സാധാരണക്കാരൻ്റെ ജീവിതാഖ്യാനമായി പരിവർത്തിപ്പിക്കാൻ സഹായകമായി തീരുന്നു.



ഉദാത്ത നായകന്മാർക്ക് ചേർന്ന ഭാഷയിൽ സാധാരണ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മോക്ക് ഹീറോയിക് സങ്കേതത്തിൻ്റെ മറ്റൊരു സവിശേഷതയാണ്.


അപ്രധാന കഥാപാത്രങ്ങൾക്ക് യുക്തി ബദ്ധമായ രീതിയിൽ ഉദാത്തമായ ശൈലിയും  സംഭാഷണവും നൽകി പരിവർത്തിപ്പിക്കുകയാണ് ഇതിലേക്കായി ചെയ്യാറുള്ളത്. മഹാഭാരത്തിലെ അപ്രധാന കഥാപാത്രങ്ങളെ പുതിയ പരിവേഷത്തിൽ വി കെ.എൻ അവതരിപ്പിക്കുന്നു. ധാരാളം കഥാപാത്രങ്ങൾക്കു പുതിയ രൂപവും ഭാവവും നൽകിയിരിക്കുന്നു. കഥാപാത്രങ്ങൾക്കു പുതിയ അസ്‌തിത്വവും വ്യക്തിത്വവും വി. കെ.എൻ നൽകിയിരിക്കുന്നു. ഇതിഹാസ ഘടനയെയും സ്വത്വത്തെയും നവീകരിച്ചു കൊണ്ടാണ് വി.കെ.എൻ ഇങ്ങനെ ചെയ്യുന്നത്.


‘’'വാചകവധം' എന്ന കഥയിൽ ഇതിഹാസ കഥയിൽ നിന്നു വ്യത്യസ്ത‌മായി കഥാപാത്രങ്ങൾക്കു പുതിയ അസ്‌തിത്വം നൽകിയിരിക്കുന്നു. ഹിഡുംബൻ എന്ന രാക്ഷസകഥാപാത്രം ഹേഡൻ എന്നായും ഹിഡുംബി എന്ന കഥാപാത്രം ഹേഡിനി എന്നായും മാറിയിരിക്കുന്നു. ഇവർ രണ്ടുപേരും ഭീകരന്മാരായ രാക്ഷസരായിട്ടല്ല വി. കെ.എന്നിന്റെ കഥയിൽ പ്രത്യക്ഷപ്പെടുന്നത്.


ഇവർ വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ്. ആദിവാസികളാണ്. ഇതിഹാസ കഥയിൽ നിന്ന് വ്യതിരിക്തമായി ഇവർ ഗൗരവസ്വഭാവത്തോടെ സംസാരിക്കുന്നു. “ഹേഡിനി ചോദിച്ചു. അവർ ശത്രുപാളയത്തിൽ നിന്നാണോ?


ഹേഡൻ: ആറും മണ്ണും കാടും ചേർന്ന ആടിപ്പാടി പരിസരത്ത് ജീവിക്കുന്ന നാം ആദിവാസികളാണെന്ന് നിനക്ക് അറിയാമല്ലോ. ത്രേതായുഗം തൊട്ട് നാം ഈ ഭൂമി യിൽ വസിച്ചവരായതുകൊണ്ടാണ് ആദിവാസികൾ എന്ന ശീർഷകത്തിൽ സർക്കാർ രേഖകളിൽ പയ്യെ നാം പതിയുന്നത്. പതിയിരിക്കുന്നത്. നമ്മെ തുരത്തി തുമ്പില്ലാതാക്കി നമ്മുടെ ഭൂമികയ്യേറി അതിൽ വിതച്ചും കൊയ്‌തും കാലയാപനം ചെയ്യാൻ ഇറങ്ങിത്തിരിച്ചവരാണ്. ഇവന്മാരെന്ന് ഞാൻ സംശയിക്കുന്നു.



ഇവിടെ വളരെ ഗൗരവപൂർണവും കാലിക പ്രസക്തവുമായ വിഷയത്തെ വി. കെ.എൻ അവതരിപ്പിച്ചിരിക്കുന്നു. ഹിഡുംബൻ എന്ന രാക്ഷസകഥാപാത്രം ഹേഡനായി പുനർവായിക്കപ്പെടുമ്പോൾ കഥ കാലികമായിത്തീരുന്നു. ആര്യാധിനിവേശ ത്തിൻ്റെ പ്രശ്ന‌ങ്ങളും ആദിവാസി പ്രശ്‌നങ്ങളും ഒരേ സമയം കൃതി ചർച്ച ചെയ്യു ന്നു. അപ്രധാനകഥാപാത്രങ്ങളായ ഇവർക്ക് ഭീമനോ അർജ്ജുനനോ ഇല്ലാത്ത വ്യക്തിത്വം വി.കെ.എൻ കല്പിച്ചു കൊടുക്കുന്നു. ഇവരുടെ സംഭാഷണങ്ങളിൽ വളരെ ഗൗരവതരമായ വിഷയങ്ങൾ കടന്നുവരുന്നു.


ആദിവാസികളെ അവരുടെ തനിമയിൽ നിലനിർത്താനാണ് നെഹ്റു ശ്രമിക്കു ന്നതെന്നുള്ള നിരീക്ഷണം വി.കെ.എൻ അവതരിപ്പിക്കുന്നത് ഹേഡനിലൂടെയാണ്. അവരെ അവരുടെ തനിമയിൽ നിലനിർത്തുന്നത് രാഷ്ട്രീയമായി അവരെ ഉപയോ ഗിക്കാനാണെന്നും വി.കെ.എൻ സമർത്ഥിക്കുന്നു.


കഥയുടെ അന്ത്യത്തിൽ ബകാസുരനെക്കുറിച്ച് ഹേഡൻ ഇങ്ങനെ പറയുന്നു.


“”ബകാസുകരൻ എന്നല്ല അയാളുടെ പേര്, വാസുവാണവൻ. രാക്ഷസനല്ല കക്ഷി. ആദിവാസിയാണ്. മാംസഭുക്കുമല്ല അസസ്യമേ വാസു ഭക്ഷിക്കു. അവൻ്റെ ഭൂമി കയ്യേറി കൃഷി ചെയ്ത് കൊയ്തു‌ം മെതിച്ചും തിന്നുന്ന ഭട്ടന്മാരോടാണ് അവനും കൂട്ടരും ഭക്ഷണം നിർബന്ധമായി വാങ്ങുന്നത്. നിങ്ങൾ ഭട്ടന്മാരോട് പറഞ്ഞ് അവൻ ഭൂമി തിരിച്ചു കൊടുക്കണം.""ഇവിടെങ്ങളിലെല്ലാം ശ്രദ്ധയമായ വ്യക്തിത്വമായി ഹേഡൻ മാറുന്നു.


മോക്ക് ഹീറോയിക് സങ്കേതത്തിലൂടെ സാധാരണക്കാരെ സവിശേഷമായി ഉയർത്തിക്കൊണ്ട് വരാനും അടയാളപ്പെടുത്താനും വി.കെ.എന്നിന് ഈ കഥയിലൂടെ സാധിക്കുന്നു.




'മൂലധനം' എന്ന കഥയിൽ നാഗരാജാവിനെ സവിശേഷമായി അവതരിപ്പിച്ചി രിക്കുന്നു. ദുര്യോധനൻ ഭീമനെ ചതിയിലൂടെ വെള്ളത്തിൽ തള്ളിയിടുന്നു. ഭീമൻ എത്തപ്പെടുന്നത് കടലിനടിയിലെ നഗേന്ദ്ര രാജാവിൻ്റെ കൊട്ടാരത്തിലാണ്. നാഗേന്ദ്ര മഹാരാജാവും മന്ത്രിയും തമ്മിലുള്ള സംഭാഷണത്തിന് ഗൗരവ സ്വഭാവമാണ് വി. കെ.എൻ നൽകിയിരിക്കുന്നത്. അതേസമയം കഥയിൽ ഭീമനും ഭീഷ്മരുമൊക്കെ കോമാളിയാക്കപ്പെടുന്നു.


"നാഗരാജാവ് മന്ത്രിയോട് ചോദിച്ചു.


ഈ വിദ്വാനാര് ഭീമനോ, കുംഭകർണ്ണനോ? മന്ത്രി പറഞ്ഞു


കുംഭകർണ്ണനെ നാം കണ്ടിട്ടില്ലാത്ത സ്ഥിതിയ്ക്ക് ഈ വിദ്വാൻ തന്നെയാണ് ഭീമൻ എന്നു നിരീക്കയാവില്ലേ ബുദ്ധി?


മന്ത്രിയുടെ യുക്തിവാദം രാജാവിന് ബോധിച്ചു."'


ഭീമന്റെ അത്യാർത്തിയും ഉറക്കവുമൊക്കെ കണ്ട് ഇങ്ങനെ മന്ത്രിയോട് സംസാരിക്കുന്ന നാഗേന്ദ്രനെ വി.കെ.എൻ ഇതിഹാസ കഥയിൽ നിന്ന് വ്യത്യസ്‌തമായി ഗൗരവ സ്വഭാ വത്തോട് കൂടിയാണ് അവതരിപ്പിച്ചിരിക്കുന്നത്.





സ്ത്രീകളെ കേന്ദ്രകഥാപാത്രമാക്കുന്നതു മോക്ക് ഹീറോയിക്കിൻ്റെ സവിശേഷതകളിലൊന്നാണ്. 



വളരെ വ്യക്തിത്വമുള്ള സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് മോക്ക് ഹീറോയിക്ക് സങ്കേതത്തിലൂടെ ശ്രമിക്കാറുള്ളത്. വി.കെ.എന്നിന്റെ മഹാഭാരത പ്രമേയ കഥകളിൽ ഈ ഘടകം സവിശേഷമായി കാണു വാൻ സാധിക്കുന്നു.




വി.കെ. എന്നിൻ്റെ ‘’ടൂർപ്രോഗ്രാം ‘ എന്ന കഥ വ്യത്യസ്‌തമാകുന്നത് ഈ സവിശേഷത കൂടി കൊണ്ടാണ്. മഹാഭാരതത്തിലെ കിർമ്മീരവധ കഥയാണ് വി.കെ.എൻ 'ടൂർപ്രോഗ്രാം' എന്ന കഥയാക്കി മാറ്റുന്നത്. ഘോരരൂപിയായ കിർമ്മീരനെകണ്ട് ഭയ ക്കുന്ന പാഞ്ചാലിയെ "ദുശ്ശാസ്സനൻ അഴിച്ചുലച്ച കേശത്തോടെയുള്ള ദ്രൗപതി ഘോര മായ രാക്ഷസാകാരം കണ്ടു മിഴികളടച്ചു. അഞ്ചു കുന്നുകളുടേയും മധ്യേയുള്ള നദി പോലെ അവൾ സംഭ്രമിച്ചു. മോഹാലസ്യപ്പെട്ട ദ്രൗപതിയെ വിഷയാസക്തമായ ഇന്ദ്രിയങ്ങൾ രതിയെ സ്വീകരിക്കുന്നതുപോലെ പാണ്‌ഡവന്മാർ താങ്ങിയെടുത്തു" എന്നാണ് ഇതിഹാസകഥയിൽ അവതരിപ്പിക്കുന്നത്. പേടിച്ചരണ്ട പാഞ്ചാലിയെ പാണ്ഡവർ താങ്ങിയെടുക്കുകയും തുടർന്ന് ഘോരമായ യുദ്ധത്തിലൂടെ ഭീമൻ കിർമ്മീരനെ വധിക്കുകയും ചെയ്യുന്നതാണ് ഇതിഹാസ കഥ.


എന്നാൽ ടൂർപ്രോഗ്രാം എന്ന കഥയിലേക്കെത്തുമ്പോൾ പാഞ്ചാലി കേന്ദ്രകഥാപാത്രമാകുന്നു. കിർമ്മീരനും പാണ്ഡവരും തമ്മിൽ യുദ്ധമുണ്ടാകുന്നില്ല. കിർമ്മീരൻ രാക്ഷസനല്ല ആദിവാസിയാണ്. ബകനെ പാണ്ഡ‌വർ കൊന്നിട്ടില്ല എന്ന് മനസ്സിലാക്കുന്ന കിർമ്മീരൻ അവരുമായി രമ്യതയിലാകുന്നു. അങ്ങനെ വരുമ്പോൾ യുദ്ധത്തിന്റേയും ഭീമന്റെ സാഹസത്തിൻ്റെയും വിവരണങ്ങൾ തൻ്റെ കഥയിൽ വി.കെ.എന്നിന് ആവശ്യമില്ലാതെ വരുന്നു. അവിടെ പാഞ്ചാലിയെ മുഖ്യകഥാപാത്രമാക്കി കഥയെ മോക്ക് ഹീറോയിക്ക് ആക്കുന്നു.


ഇതിഹാസ കഥയിൽ നിന്നു വ്യത്യസ്‌തമായി,പാഞ്ചാലി പേടിക്കുന്ന രംഗങ്ങളൊന്നും തന്നെ വി.കെ.എൻ അവതരിപ്പിക്കുന്നില്ല. കിർമ്മീരൻ പരാക്രമം കാണിച്ചു തുടങ്ങിയപ്പോൾ പാണ്ഡവരെല്ലാം വില്ലും ശരവും റെഡിയാക്കി നിന്നു. പാഞ്ചാലി മുടിപാറിച്ച് കലിയാടി എന്ന് വി.കെ.എൻ പറയുന്നു. ഭീമൻ കടപുഴക്കിയെറിഞ്ഞ മര ങ്ങളെല്ലാം കൂട്ടിച്ചേർത്ത് പാണ്‌ഡവർ വീട് നിർമ്മിക്കാൻ തയ്യാറാവുന്നു. തുടർന്ന് പാണ്ഡ‌വരും കിർമ്മീരനും തമ്മിലുള്ള സംഭാഷണത്തിലാണ് കിർമ്മീരവധം എന്ന തലക്കെട്ട് ടൂർപ്രോഗ്രാമായി വി.കെ.എന്നിൻ്റെ കഥയിൽ മാറുന്നതിൻ്റെ സാംഗത്യം വിശദീകൃതമാകുന്നത്.


“എട്ടുകെട്ട് ഞങ്ങൾക്കു ആറുപേർക്കും പാർക്കാൻ പത്തായപ്പുര പാഞ്ചാലിയുമായി ഊഴമിട്ട് നേരമ്പോക്കാൻ ആയ്ക്കോട്ടെ. പക്ഷേ, അറ്റാച്ച്ഡ് ബാത്ത്, ഞങ്ങൾക്കു ടൂറ് പോകാൻ ദിവസം എത്രമറി തൂറും?


മൂന്നുമറി, എന്നില്ല, മുട്ടുമ്പോഴൊക്കെ ടൂറപ്പെടും പറഞ്ഞ സമയത്ത് മരാമത്ത് കഴിഞ്ഞു.


ഭീമൻ പറഞ്ഞു. എടാ കിർമി, നീ വഴങ്ങിയിരുന്നില്ലെങ്കിൽ നിന്നെ ഞാൻ തൂക്കിയെറിഞ്ഞേനെ നാലു ടൺ വണ്ണത്തിൽ.


പാഞ്ചാലി പറഞ്ഞു:ഇല്ലെങ്കിൽ ഞാൻ


ഭീമൻ ചോദിച്ചു: നീ നാലു ടൺ ഭാരം ചുമക്കുമോ?


ദ്രൗപതി പറഞ്ഞു: എടോ ഭീം അഞ്ചു മെട്രിക് ടൺ ഭാരമുള്ള നിന്നെ രണ്ടുവർഷമാ രാത്രി നിൻ്റെ ലൗസിഫക്കിങ്ങ് ഊഴത്തിൽ പുലരും വരെ ഞാൻ വഹിക്കുന്നത് അറിയാമോ?


കിർമി ഇറുകെപ്പിടിച്ച് തൂറിയോടി""



ഇവിടെ ഭീമന്റെ കഥ പാഞ്ചാലിയുടെ കഥയായി മാറുന്നു. ഇതിഹാസത്തിൻ്റെ യുക്തി കളെ ചോദ്യം ചെയ്തു‌തുകൊണ്ട് പാഞ്ചാലി മുഖ്യകഥാപാത്രമാകുന്നു.


വാചകവധം എന്ന കഥയിൽ കേന്ദ്രകഥാപാത്രമായി ഹേഡിനിയെ അവതരി പ്പിച്ചിരിക്കുന്നു. ഹിഡുംബിയെയാണ് ഹേഡിനി എന്ന് വി.കെ.എൻ പറയുന്നത്. ഇതിഹാസകഥയിൽ രാക്ഷസിയാണ് ഹിഡുംബി. ഭീമന് ഇഷ്‌ടമില്ലാതിരുന്നിട്ടും കാമാർത്തി മൂലം ഭീമനോട് തന്നെ പ്രാപിക്കാൻ അപേക്ഷിക്കുന്ന കഥാപാത്രമാണ് ഇതിഹാസ കഥയിലെ ഹിഡുംബി. ഹിഡുംബി കുന്തിയോട് ഇങ്ങനെ അപേക്ഷിക്കുന്നു. “ഹേ വരവർണിനി, എന്നെ വിഡ്ഢിയെന്നോ ഭക്തയെന്നോ ദാസിയെന്നോ പരിഗണിച്ച് ഭവതിയുടെ മകന്റെ ഭാര്യയായി സ്വീകരിക്കണം.""


ഇങ്ങനെ വളരെ മോശപ്പെട്ട വ്യക്തിത്വമുള്ള കഥാപാത്രമാണ് ഇതിഹാസ കഥയിലെ ഹിഡുംബി. എന്നാൽ വാചകവധം കഥയിൽ ഹിഡുംബൻ ഭീമനാൽ വധിക്കപ്പെടുന്നില്ല. ഹിഡുംബൻ ഹേഡൻ എന്ന ആദിവാസിയാണ്. ഹിഡുംബി ഹേഡിനിയാണ്. ഇതിഹാസകഥയിൽ നിന്ന് വിഭിന്നമായി വ്യക്തിത്വമുള്ള, സ്വന്തമായ അഭിപ്രായമുള്ള ആദിവാസി ദളിത് സ്ത്രീയാണ് ഹേഡിനി. ഹേഡിനി ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ച് ഭീമനോട് സംസാരിക്കുന്നു. ദളിത് പ്രശ്നങ്ങൾ ഭീമനുമായി ചർച്ച ചെയ്യുന്നു. ഹേഡിനി ഭീമനുമായി നല്ലൊരു സൗഹൃദ സംഭാഷണം നടത്തുകയാണിവിടെ കുന്തിയോട് ഹേഡിനി യാചനയൊന്നും നടത്തുന്നില്ല. കഥ അവസാനിക്കുന്നതിങ്ങനെയാണ്.


"ഹേഡിനി പറയുന്നു 'ഭീമൻ ഇവിടെ നിൽക്കട്ടെ. അവന് ഉറങ്ങണം. ഉണർന്നാൽ തടിയനെക്കൊണ്ട് എനിക്കസാരം കാര്യമുണ്ട്. "


ഇതിഹാസ കഥയിൽ നിന്ന് വിഭിന്നമായി മോക്ക് എപ്പിക്ക് സങ്കേതത്തിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് മികച്ച വ്യക്തിത്വം നൽകുന്നതിന് ഉദാഹരണമാണ് ഈ കഥ

(തുടരും)

0 comments
bottom of page