top of page

അതിജീവനത്തിന്റെ ഓണക്കാലം

                    മലയാളി ലോകത്തിനു സമ്മാനിച്ച സമത്വത്തെക്കുറിച്ചുള്ള ഏറ്റവും വലിയ പാഠമാണ് ഓണസങ്കല്പം. എല്ലാ മനുഷ്യരെയും ഒരുപോലെ കണ്ടിരുന്ന ആ മധുരമനോഹരമായ ‘മാവേലിനാട്’ എന്ന സങ്കല്പം തന്നെയാണ് ഓണത്തെ മഹത്തരമാക്കുന്നത്. ജാതി-മത-വർണ്ണ-വർഗ്ഗ ഭേദങ്ങൾ ഒന്നുമില്ലാതെ പണ്ഡിതപാമരഭേദമില്ലാതെ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള ഭേദങ്ങൾ ഒന്നുമില്ലാതെ എല്ലാ കേരളീയരും ഓണത്തെ തങ്ങളുടെ ദുഃഖങ്ങളെല്ലാം മാറ്റിവച്ച് വരവേൽക്കുന്നു.

                      ആഘോഷങ്ങൾ ആവേശപൂർവം ആസ്വദിക്കാനുള്ള ഒരു മനോഭാവം മലയാളി എല്ലാ പ്രതിസന്ധികൾക്കിടയിലും കാത്തുസൂക്ഷിക്കാറുണ്ട്. അടിക്കടി ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങൾക്കും തിരിച്ചടികൾക്കും ഇടയിൽ  അതെല്ലാം മറന്ന് മലയാളി ആഘോഷങ്ങളെ സ്വീകരിക്കാറുണ്ട്. കേരളത്തിലെ മുഴുവൻ ജനതയും ആഘോഷിക്കുന്ന ദേശീയോത്സവമാണ് ഓണം. എല്ലാവിധ ജീവിത പ്രതിസന്ധികൾക്കിടയിലും മലയാളി ആഘോഷങ്ങളെ ആവേശപൂർവം സ്വീകരിക്കുന്നത് ജീവിതത്തിന്റെ അനിശ്ചിതത്വത്തെ മനസ്സിലാക്കിക്കൊണ്ടാണ്.

                      വയനാട്ടിലെ പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഔദ്യോഗിക ആഘോഷങ്ങൾ ഒഴിവാക്കിയിരിക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇന്നലെകളിൽ നമ്മളോടൊപ്പം ഓണം ആഘോഷിച്ച ഒരു ജനതയും പ്രദേശവും ഇന്നില്ല എന്ന വസ്തുത  എല്ലാവർക്കും ഹൃദയവേദന ഉണ്ടാക്കുന്നതാണ്. എല്ലാ കാലത്തും പ്രകൃതിക്ഷോഭങ്ങളും അതിജീവനത്തിനായുള്ള മനുഷ്യന്റെ പോരാട്ടങ്ങളും ഉണ്ടാകാറുണ്ട്. വയനാട്ടിലെ ജനത ദുരന്തത്തിന്റെ ഓർമ്മകളിൽ നിന്നും സാധാരണ ജീവിതത്തിലേക്ക് എത്രയും വേഗത്തിൽ തിരികെ വരട്ടെ എന്ന് പ്രത്യാശിച്ചുകൊണ്ട് നമുക്ക് ഈ ഓണക്കാലത്തെ വരവേൽക്കം. വയനാടിന്റെ അതിജീവനത്തിനായി നമ്മളാൽ കഴിയുന്ന സഹായഹസ്തങ്ങൾ നീട്ടിക്കൊണ്ട് അവരെ പുതു ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ നമുക്കേവർക്കും  ഒരുമിച്ചു ചേർന്നുകൊണ്ട് ഈ ഓണക്കാലത്തെ അതിജീവനത്തിന്റെ ഓണക്കാലമാക്കി മാറ്റാം.

                   എല്ലാം കമ്പോളവൽക്കരിക്കപ്പെട്ട ഈ കാലത്ത് ഓണവും അതിന്റെ പിടിയിൽ നിന്ന് മുക്തമല്ല എന്ന് നമുക്കറിയാം. പരമ്പരാഗതമായ ഓണാ ഘോഷങ്ങൾക്കും രീതികൾക്കും ഇന്ന് ഒരുപാട് മാറ്റം സംഭവിച്ചിരിക്കുന്നു. വിപണി നിയന്ത്രിക്കുന്ന ആഘോഷമായി ഓണം മാറിയിട്ട് നാളുകൾ ഏറെയായി. മലയാളിയുടെ ഉപഭോഗ സംസ്കാരം നന്നായി മുതലെടുത്തുകൊണ്ട് കമ്പോള ശക്തികൾ ഓണത്തെയും വിപണിക്ക് അനുകൂലമാക്കി മാറ്റിയിരിക്കുന്നു. ഓണസദ്യയും ആഘോഷങ്ങളുമെല്ലാം വിപണിക്കും വിപണന തന്ത്രങ്ങൾക്കും വഴിമാറുന്ന കാഴ്ചയും ഇന്ന് നമുക്ക് കാണാം. ഇന്ന് വ്യാപാരമഹോത്സവം കൂടിയായി ഓണം മാറിയിരിക്കുന്നു.       

                   ജനത്തെ വിപണിയിലേക്ക് ആകർഷിക്കാനുള്ള കമ്പോളതന്ത്രങ്ങളെല്ലാം ഓണത്തിനു മുന്നോടിയായി അരങ്ങേറുന്നു. അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഓണവിപണിയുടെ പരസ്യ കേന്ദ്രങ്ങളായി മാറുന്നു. ജനത്തിന്റെ അഭിരുചി നിർണയിക്കുന്നത് പോലും പലപ്പോഴും വിപണിയുടെ പരസ്യ തന്ത്രങ്ങളാണ്. അതിൽ വീണുപോകാത്ത മനുഷ്യർ വളരെ കുറവാണ്. മാധ്യമങ്ങളും പരസ്യങ്ങളും നിയന്ത്രിക്കുന്ന സമൂഹമായി മലയാളി പ്രധാനമായും മാറുന്നതും  ഓണക്കാലത്താണ്.

                    സാഹിത്യത്തിൻ്റെ കമ്പോളത്തിലും ഓണത്തിന് വലിയ വിപണി മൂല്യമാണ്. പ്രധാനപ്പെട്ട പത്രമാധ്യമ സ്ഥാപനങ്ങളും മാഗസിനികളുമെല്ലാം ഓണപ്പതിപ്പുകൾ ഇറക്കാറുണ്ട്. ഈ പതിപ്പുകൾ എല്ലാം ലാഭകരമായി വിറ്റഴിക്കപ്പെടുന്നു എന്നതും ഓണക്കാലത്തിന്റെ പ്രത്യേകതയാണ്. വിപണി വൽക്കരിക്കപ്പെട്ട ഈ ലോകത്ത് കമ്പോള താൽപര്യത്തിനനുസരിച്ചാണ് ഇതിലെ പംക്തികൾ തയ്യാറാക്കപ്പെടുന്ന തെങ്കിലും വായനയ്ക്കായും ഒരു വിഭാഗം മലയാളികൾ ഓണക്കാലത്തെ ഉപയോഗപ്പെടുത്തുന്നു എന്നത് ആശാവമായകാര്യമാണ്.

                   ഇന്നത്തെ മലയാളിയുടെ ഓണക്കാലജീവിതം പ്രധാനമായും ടെലിവിഷൻ പരിപാടികളിലും സദ്യയിലും  സിനിമയിലും മാത്രമായി ഒതുങ്ങുന്നു. ഓണസദ്യ പോലും ഹോട്ടലുകളിൽ നിന്ന് വരുത്തി കഴിക്കുന്ന രീതിയിലേക്ക് മലയാളി മാറിയിരിക്കുന്നു. നാട്ടിൻപുറങ്ങളിൽ മാത്രമാണ് കൂട്ടായ്മയുടെ ഓണാഘോഷപരിപാടികൾ കുറച്ചെങ്കിലും കാണാൻ കഴിയുന്നത് അവിടെയും ആൾക്കാരുടെ എണ്ണം പഴയതോതിൽ ഇല്ല എന്നത് വസ്തുതയാണ്. വരുന്നവർ തന്നെ മൊബൈലിന്റെ ലോകത്ത് അവനവനിലേക്ക്തന്നെ ചുരുങ്ങുന്ന കാഴ്ചയാണ് കൂടുതലും കാണാൻ കഴിയുന്നത്.

                  എത്രമേൽ വിപണിക്ക് കീഴടങ്ങിയാലും മലയാളിക്ക് ഓണം  കൂട്ടായ്മയുടെയും ഒത്തുചേരലിന്റെയും സന്തോഷകരമായ സുദിനങ്ങളാണ് സമ്മാനിക്കുന്നത്. കൂട്ടുകുടുംബ വ്യവസ്ഥയിൽനിന്ന് അണുകുടുംബങ്ങളിലേക്ക്  ചുരുങ്ങിയതിന്റെ കുറവുകൾ നമ്മുടെ എല്ലാ ആഘോഷങ്ങളെയും ബാധിച്ചിട്ടുണ്ട്. എങ്കിലും ഓണം പഴയകാല നന്മകളുടെ ഓർമ്മകളിലേക്ക് മലയാളികളെ എല്ലായ്പ്പോഴും കൂട്ടിക്കൊണ്ടുപോകുന്നു. അന്യജീവനുതകി സ്വജീവിതം ധന്യമാക്കാനുള്ള മനോഭാവം മലയാളിയിൽ ഉണ്ടാക്കുന്നതിനും ഓണത്തിന് വലിയ പങ്കുണ്ട്. എല്ലാ തിരിച്ചടികൾക്കിടയിലും ഒരു നല്ല നാളെ വീണ്ടും വരുമെന്ന പ്രതീക്ഷയുടെ പ്രതീകമാണ് മലയാളിക്ക് ഓണം. അതിജീവനത്തിന്റെ ഈ ഓണക്കാലത്തെ അവരോടൊപ്പം ചേർന്നുനിന്നു കൊണ്ട് നമുക്ക് വരവേൽക്കാം. ഏവർക്കും ഹൃദ്യമായ ഓണാശംസകൾ…                    


ഡോ.ലാലു.വി

അസോസിയേറ്റ് പ്രൊഫസർ & വകുപ്പധ്യക്ഷൻ

മലയാളവിഭാഗം

സർക്കാർ വനിതാകോളേജ് തിരുവനന്തപുരം


41 views0 comments
bottom of page