top of page

അബുദാബി ശക്തി തീയേറ്റർ


അടുത്ത ബെല്ലോടു കൂടി -6
സതീഷ് ജി. നായർ

യു.എ.ഇ.യിൽ ശക്തമായ സാംസ്കാരികപ്രവർത്തനവും ഗൗരവതരമായ നാടകപ്രവർത്തനവും നടത്തുന്ന, സർഗ്ഗാത്മകമായ പുരോഗമന ചിന്തകളോടെ പ്രവർത്തിക്കുന്ന പ്രവാസിമലയാളികളുടെ സാംസ്കാരികക്കൂട്ടായ്മയാണ് അബുദാബി ശക്തി തീയേറ്റേഴ്സ്. നാടകം എന്ന കലയെ അർപ്പണമനോഭാവത്തോടെ സമീപിക്കുന്ന അബുദാബി ശക്തി നാടകസ്നേഹികളുടെ സർഗ്ഗവേദി കൂടിയാണ്.


കേരളത്തിലെ നാടകക്കാർക്കിടയിൽ ഇവിടം അറിയപ്പെടുന്നത് 'യു.എ.ഇ.യിലെ കെ.പി.എ.സി.' എന്നാണ്. കേരളത്തിന്റെ പുരോഗമനപരമായ മുന്നേറ്റത്തിന് കെ.പി.എ.സി. എന്ന നാടകസംഘം നടത്തിയ ഇടപെടലുകൾ പോലെയാണ് അബുദാബി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശക്തി തീയേറ്റർ നടത്തുന്നത് എന്നതാണ് അതിനു കാരണമായി പറയുന്നത്. മലയാളത്തിന്റെ മൺമറഞ്ഞുപോയ മഹാനടൻ ഭരത് മുരളി മുതൽ കേരളത്തിലെ പ്രശസ്ത നാടകപ്രതിഭ ശ്രീജിത്ത് രമണൻ വരെയുള്ള മഹദ് വ്യക്തികൾ ഇവിടുത്തെ നാടകപ്രവർത്തനത്തിന്റെ ഭാഗമായവരാണ്. സമ്മർ ക്യാമ്പിന്റെ ഭാഗമായി യു.എ.ഇ.യിലെത്തിയപ്പോൾ ഈ സംഘത്തിനൊപ്പം ഒരു നാടകക്കളരി നടത്താൻ ഈ ലേഖകനും അവസരം ലഭിച്ചു. അവിടുത്തെ നാടകപ്രവർത്തനം എത്രത്തോളം ഉന്മിഷത്താണെന്ന് നേരിട്ടറിഞ്ഞതാണ് ഇതെഴുതാൻ പ്രചോദനമായത്.


യു.എ.ഇ.യിലെ ഏറ്റവും വലിയ നാടകോത്സവമാണ് ഭരത് മുരളി നാടകോത്സവം. ഇതിന്റെ ഭാഗമായി കേരളത്തിലെ ഏറ്റവും മികച്ച സംവിധായകരാണ് അബുദാബി ശക്തി തീയേറ്റേഴ്സിന് വേണ്ടി നാടകം ഒരുക്കുന്നത്. ഇത്തവണത്തെ നാടകം സംവിധാനം ചെയ്യുന്നത് പ്രശസ്ത നാടകസംവിധായകൻ ശ്രീജിത്ത് രമണനാണ്. 'അബദ്ധങ്ങളുടെ അയ്യരുകളി' എന്ന നാടകമാണ് അബുദാബി ശക്തി തീയേറ്ററിന് വേണ്ടി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അണിയറയിലൊരുങ്ങുന്നത്. സതീഷ് കെ. സതീഷ്, ജോബ് മഠത്തിൽ, അരുൺ ലാൽ, ഹസീം അമരവിള

തുടങ്ങിയ നിരവധി പ്രതിഭകൾ ഈ സംഘത്തിനുവേണ്ടി നാടകങ്ങൾ സംവിധാനം ചെയ്തിട്ടുള്ളവരാണ്. പ്രവാസിമലയാളികൾക്കു കിട്ടുന്ന സർഗ്ഗാത്മകതയുടെ മഴ പോലെയാണ് അബുദാബി ശക്തി തീയറ്ററിന്റെ ഓരോ സാംസ്കാരിക പ്രവർത്തനവും എന്നത് നിസ്സംശയം പറയാൻ കഴിയും.



യു.എ.ഇ.യിലെ പൂന്തോട്ട നഗരിയായ അൽ - ഐൻ മലയാളി സമാജം സംഘടിപ്പിച്ച 'മധുരം മലയാളം' സമ്മർ ക്യാമ്പിൽ പങ്കെടുക്കാനായി എത്തിയപ്പോഴാണ് എഴുത്തുകാരനും സാംസ്കാരികപ്രവർത്തകനുമായ സഫറുള്ള പാലപ്പെട്ടി ഒരു ദിവസത്തെ തിയേറ്റർ വർക്ക്ഷോപ്പിനായി ശക്തി തിയേറ്റേഴ്സിലേക്ക് ക്ഷണിച്ചത്. നാടകം എന്ന കലയുടെ പ്രായോഗികവശങ്ങൾ പരിചയപ്പെടുത്തിക്കൊണ്ട് നടന്റെ ശരീരവും ശബ്ദവും മനസ്സും തിയേറ്റർ എന്ന മാധ്യമത്തിൽ ഏതൊക്കെ തരത്തിലാണ് രൂപപ്പെടുത്തേണ്ടത്, അതിന്റെ ആഴങ്ങളിലേക്ക് നടന് / നടിക്ക് ഏതെല്ലാം തരത്തിലുള്ള മെയ് വഴക്കത്തോടെ അഭിനയ തലങ്ങളിലേക്ക് ചുവടുവെക്കാൻ സാധിക്കും തുടങ്ങി പല തരത്തിൽ ഈ തീയറ്റർ വർക്ക്ഷോപ്പിൽ

അഭിനയമികവുകൊണ്ട് അത്ഭുതപ്പെടുത്തുന്ന പ്രവർത്തനമാണ് അവിടുത്തെ ഓരോ അംഗവും പ്രകടിപ്പിച്ചത്. അതിനാൽ ചുരുങ്ങിയ സമയം കൊണ്ട് ചെറുഗ്രൂപ്പുകളുടെ ആറ് ലഘുനാടകങ്ങൾ അവതരിപ്പിക്കാൻ സാധിച്ചു.


ജോബ് മഠത്തിൽ സംവിധാനം ചെയ്ത കക്കുകളി,ഹസീം അമരവിള സംവിധാനം ചെയ്ത സോവിയറ്റ് സ്റ്റേഷൻ കടവ് എന്നീ നാടകങ്ങളാണ് കഴിഞ്ഞ വർഷങ്ങളിൽ ഈ നാടക സംഘം വിജയകരമായ അവതരിപ്പിച്ചത്. നാടകം എന്ന കലയോടുള്ള അഭിനിവേശമാണ് പ്രവാസ ജോലി തിരക്കുകൾക്കിടയിലും ഇതിലെ ഓരോ പ്രവർത്തകരെയും ചേർത്ത് നിർത്തുന്നത്.കൃത്യമായ രാഷ്ട്രീയ ബോധ്യവും നമ്മൾ ജീവിക്കുന്ന സമൂഹത്തിനോടുള്ള ശക്തമായ ഇടപെടലും ആണ് അബുദാബി ശക്തി തീയേറ്ററിന്റെ ഓരോ നാടകത്തിലും കാണാൻ കഴിയുന്നത്. ഓരോ ഡിസംബർ മാസവും അബുദാബിയിൽ നാടക രാവുകളാണ് സമ്മാനിക്കുന്നത്. അരങ്ങിൽ വെളിച്ചം നിറയുമ്പോൾ ആൾക്കൂട്ടങ്ങളുടെ ആരവങ്ങളിൽ നിന്നും നാടകം തുടങ്ങുകയാണ്.


ആയിരത്തി തൊള്ളായിരത്തി എഴുപതുകളുടെ അവസാനത്തില്‍ അരങ്ങേറിയ കെ.ടി.മുഹമ്മദിന്റെ 'നാല്‍ക്കവല' മുതല്‍ കഴിഞ്ഞ ഭരത് മുരളി നാടകോത്സവത്തില്‍ അവതരിപ്പിച്ച 'സോവിയറ്റ് സ്റ്റേഷൻ കടവ് ' വരെ നീണ്ടു കിടക്കുന്നതാണു ശക്തിയുടെ സംഭവബഹുലമായ നാടക ചരിത്രം '


'സൃഷ്ടി', 'സ്ഥിതി', 'സംഹാരം', സാക്ഷാത്ക്കാരം, 'സമന്വയം', 'ദീപസ്തംഭം മഹശ്ചര്യം' തുടങ്ങിയ നാടകങ്ങള്‍ ശക്തിയുടെ അരങ്ങുകളില്‍ നിറഞ്ഞുനിന്നപ്പോള്‍ ഭ്രമാത്മകതയും യഥാതഥത്വവും ഇഴനെയ്യുന്ന കെ.ടിയുടെ നാടകങ്ങളുടെ സവിശേഷ ഘടനയിലൂടെ ജീവിതത്തെ കുറിച്ചുള്ള ദാര്‍ശനിക സമീപനങ്ങള്‍ മുഴുവന്‍ പ്രേക്ഷകര്‍ നിറഞ്ഞ മനസ്സോടെ പങ്കുവെക്കുകയായിരുന്നു............


എം. ടി. വാസുദേവന്‍ നായരുടെ 'ഗോപുരനടയില്‍',

കെ. എസ്. ഗോപിനാഥന്റെ 'ശാന്തി പര്‍വ്വം',

കെ. എം. രാഘവന്‍ നമ്പ്യാരുടെ 'നിശായനം',

ടി. പവിത്രന്റെ 'ശിരസ്സുകള്‍',

കെ. എസ്. നമ്പൂതിരിയുടെ 'സോപാനം'

'സ്വതിതിരുനാള്‍',

'ഇടനാഴി' എന്നീ നാടകങ്ങള്‍ ശക്തിയുടെ വേദികളില്‍ അരങ്ങ് തകര്‍ത്തപ്പോള്‍ മലയാള നാടകവേദിയുടെ ചരിത്രത്തില്‍ പുതിയ അധ്യായങ്ങള്‍ എഴുതിച്ചേര്‍ക്കുകയായിരുന്നു.................


പിന്നീട്, പത്തു വര്‍ഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം കെ.ടി.മുഹമ്മദിന്റെ 'സൂത്രധാരന്‍' അവതരിപ്പിച്ചുകൊണ്ട് അബുദാബി ശക്തി തിയറ്റേഴ്സ് ഗള്‍ഫിലെ നാടകരംഗം സജീവമാക്കുകയായിരുന്നു.......


മികച്ച നാടകങ്ങളുടെ അരങ്ങുകളായി മാറുകയായിരുന്നു ഈ വേദികൾ.

രാജൻ കിഴക്കനേലയുടെ കുഞ്ചന്‍ നമ്പ്യാര്‍,

ഇബ്രാഹിം വെങ്ങരയുടെ 'പകിട പന്ത്രണ്ട്'

എം.ടി. വാസുദേവന്‍ നായരുടെ നോവലിനെ ആധാരമാക്കി പ്രമോദ് പയ്യന്നൂര്‍ രചിച്ച 'ഇരുട്ടിന്റെ ആത്മാവ്' തുടങ്ങിയ നാടകങ്ങള്‍ അവതരിപ്പിക്കുക വഴി അബുദാബിയില്‍ മാത്രമല്ല, യു.എ.ഇ യില്‍ തന്നെ പുതിയൊരു നാടക സംസ്കാരം വളര്‍ത്തിയെടുക്കാന്‍ ശക്തി തിയറ്റേഴ്സിനു കഴിഞ്ഞു............


പതിനഞ്ച് വര്ഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2008 ൽ ശക്തി തിയറ്റേഴ്‌സ് അബുദാബി സംഘടിപ്പിച്ച 'പി.ആർ. കരീം സ്മാരക ഏകാങ്ക നാടകമത്സര'മായിരുന്നു 2009 ൽ കേരള സോഷ്യല്‍ സെന്റര്‍ തുടക്കം കുറിച്ച 'ഭരത് മുരളി നാടകോത്സവ'ത്തിനു പ്രേരകമായത് എന്നതിൽ ശക്തി തിയറ്റേഴ്സ് അബുദാബിക്ക് എന്നും അഭിമാനിക്കാം..............


പുലിജന്മം,

കേളു,

ഘടകർപ്പരന്മാർ,

ഉവ്വാവ്,

കവിയച്ഛന്,

സ്വപ്നമാർഗ്ഗം,

കാഴ്ചയെ കീറി ഭ്രാന്തും കടന്ന്,

ചിരി

പണി

ഈഡിപ്പസ്

കക്കുകളി,

സോവിയറ്റ് സ്റ്റേഷൻ കടവ്

എന്നീ നാടകങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് പിന്നിട്ട പതിനൊന്ന് വര്‍ഷങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യം അറിയിച്ചുകൊണ്ട് നാടകം എന്ന കലയെ നെഞ്ചേറ്റിക്കൊണ്ട് അബുദാബി ശക്തി തീയേറ്ററിന്റെ സർഗ്ഗസഞ്ചാരം തുടരുകയാണ്....


അതിരുകളില്ലാത്ത ലോകമാണ് നാടകം. അത് ദേശാന്തരങ്ങളിലൂടെ വിപ്ലവത്തിന്റെ തീക്കാറ്റുമായി സഞ്ചരിക്കുന്നു. ഏതുനാട്ടിലാണെങ്കിലും താൻ ജീവിക്കുന്ന ഭൂമിയിൽ ഒരു അനീതി നടന്നാൽ നടൻ ചലിക്കണം - അതാണ് ഓരോ നാടകക്കാരും ഏറ്റെടുക്കുന്ന ദൗത്യം. അതാണ് നാടകത്തിന്റെ ശക്തി. ആ ശക്തി തന്നെയാണ് അബുദാബി ശക്തി തീയേറ്ററിലൂടെ പ്രവാസലോകത്ത് വീശീയടിക്കുന്ന നാടകക്കാറ്റും....

0 comments
bottom of page