top of page

അഭ്രപാളിയിലെ ദളിത് ജീവിതം-വിഗതകുമാരനില്‍

ചലച്ചിത്രപഠനം
ഡോ.രേഖ.എസ്.        

മലയാളത്തിലെ ആദ്യസിനിമയായ വിഗതകുമാരന്‍ തീയേറ്ററിലെത്തിയിട്ട് 97 വര്‍ഷം കഴിയുന്നു. 1928 നവംബര്‍ 7 നാണ് തിരുവനന്തപുരം ക്യാപിറ്റോള്‍ തീയേറ്ററില്‍ ഒരു മലയാളി ചെയ്ത ആദ്യസിനിമയുടെ പ്രദര്‍ശനം നടന്നത്. ജെ.സി. ഡാനിയേല്‍ എന്ന വ്യക്തിയുടെ എല്ലാ സ്വപ്നങ്ങളും ഒരു പ്രദര്‍ശനം കൊണ്ടു തകര്‍ന്ന ദിവസം. താണജാതിയില്‍പ്പെട്ട ഒരു സ്ത്രീ നായര്‍സ്ത്രീയുടെ വേഷം കെട്ടി എന്നതായിരുന്നു പ്രധാന കാരണം. ക്ഷേത്രകലകളിലും നാടകങ്ങളിലുമെല്ലാം സ്ത്രീകള്‍ പുരുഷന്‍മാരുടെ വേഷം കെട്ടുന്ന കാലത്ത് ഒരു സിനിമയില്‍ സ്ത്രീ അഭിനയിച്ചത് സമൂഹത്തിന് സഹിക്കാവുന്നതിനപ്പുറമായിരുന്നു. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കി ആദ്യം ബോംബെയില്‍നിന്നും ഒരു നടിയെ നിശ്ചയിച്ചുവെങ്കിലും വേതനകാര്യത്തില്‍ അവര്‍ പിണങ്ങിപ്പോയി. അങ്ങനെയാണ് ഒരു ദളിത്ക്രിസ്ത്യാനി യുവതിയായ പി.കെ. റോസിയില്‍ ചെന്നെത്തിയത്. അത് ആ സിനിമയുടെയും ജെ.സി. ഡാനിയേല്‍ എന്ന സംവിധായകന്‍റെയും അന്ത്യത്തിന് കാരണമായിത്തീര്‍ന്നു.

തിരുവിതാംകൂറിന്‍റെ ഭാഗമായിരുന്ന കന്യാകുമാരിയിലെ അഗസ്തീശ്വരം താലൂക്കില്‍ ഒരു ക് ക്രിസ്തീയകുടുംബത്തിലാണ് ജെ.സി. ഡാനിയേല്‍ ജനിച്ചത്. ഒരു നല്ല ദന്തരോഗവിദഗ്ദ്ധനും കൂടിയായിരുന്നു അദ്ദേഹം. കളരിപ്പയറ്റില്‍ കമ്പം കയറിയ ഡാനിയേല്‍ അതില്‍ പരിശീലനം നേടുകയും കളരിഅഭ്യാസങ്ങള്‍ ഫിലിമില്‍ ചിത്രീകരിച്ച് വിദേശത്ത് അയക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. അതിനായി ഫിലിം നിര്‍മ്മാണത്തിന്‍റെ സാങ്കേതികവശങ്ങള്‍ മനസ്സിലാക്കാന്‍ ചെന്നൈയിലെ ദിണ്ടിഗലുള്ള വേല്‍ സ്റ്റുഡിയോയില്‍ കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് മുംബെയില്‍ ചെന്ന് അദ്ധ്യാപകനാണെന്ന് കള്ളം പറഞ്ഞ് സിനിമാനിര്‍മ്മാണത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കി. തുടര്‍ന്ന് നാട്ടിലെത്തി നാഞ്ചിനാട്ടില്‍ തനിക്കുണ്ടായിരുന്ന ഏക്കര്‍ കണക്കിന് ഭൂമി വിറ്റ് 'ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്ചേഴ്സ്' എന്ന സിനിമാ നിര്‍മ്മാണ സ്റ്റുഡിയോ സ്ഥാപിച്ചു. അവിടുത്തേയ്ക്കായി മദിരാശിയില്‍നിന്നും കല്‍ക്കത്തിയില്‍നിന്നും രണ്ടു വിദേശനിർമ്മിത ക്യാമറകളും വാങ്ങുകയുണ്ടായി. തുടര്‍ന്ന് ആയിടെ തിരുവനന്തപുരത്ത് അരങ്ങേറിയ ഒരു സംഭവം 'വിഗതകുമാരന്‍' എന്ന പേരില്‍ സിനിമയാക്കാന്‍ തീരുമാനിച്ചു. ഇതിന്‍റെ അര്‍ത്ഥം 'നഷ്ടപ്പെട്ട കുട്ടി' എന്നാണ്. നടന്‍മാരെയും മറ്റും സംഘടിപ്പിച്ചതിനു ശേഷം സംവിധാനത്തോടൊപ്പം കേന്ദ്രകഥാപാത്രം, നിര്‍മ്മാണം, രചന, ഛായാഗ്രഹണം, ചിത്രസംയോജനം എന്നിവയെല്ലാം നിര്‍വഹിച്ചത് ജെ.സി. ഡാനിയേല്‍ ആയിരുന്നു. നായികയെ കിട്ടാതെ ബുദ്ധിമുട്ടിയ അവസരത്തില്‍ ഹിന്ദുവിലും ഇന്ത്യന്‍ എക്സ്പ്രസിലും ആറുമാസത്തോളം പരസ്യം കൊടുത്തു. ബോംബെക്കാരി മിസ്.ലാന എന്ന ആംഗ്ലോഇന്ത്യന്‍ നടി സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറാണെന്ന് ഡാനിയേലിന് കത്തയച്ചു. എന്നാല്‍ അവരുടെ കടുംപിടിത്തവും ദുശ്ശാഠ്യങ്ങളും സഹിക്കവയ്യാതെ മടക്കി അയയ്ക്കുകയായിരുന്നു. നായികയ്ക്കായി നട്ടം തിരിയുന്ന അവസരത്തിലായിരുന്നു തന്‍റെ സഹായിയായ ജോണ്‍സണിന്‍റെ നേതൃത്വത്തില്‍ തൈക്കാട്ടുള്ള പുലയസമുദായത്തില്‍പ്പെട്ട രാജമ്മയെന്ന പി.കെ. റോസിയെ കണ്ടെത്തുന്നത്.

വിഗതകുമാരന്‍റെ ഇതിവൃത്തം:-

രക്ഷിതാക്കളെ വേര്‍പിരിഞ്ഞ ഒരു കുട്ടിയുടെ ജീവിതമായിരുന്നു ഇതിലെ പ്രമേയം. തിരുവനന്തപുരത്തെ ധനാഢ്യനായ രാമചന്ദ്രന്‍റെ മക്കളാണ് സരോജിനിയും ചന്ദ്രകുമാരനും. സരോജിനി അല്പം മുതിര്‍ന്നതും ചന്ദ്രകുമാരന്‍ നാലുവയസ്സുള്ള കുട്ടിയുമാണ്. വീടിന്‍റെ പൂമുഖത്ത് കളിച്ചുകൊണ്ടിരുന്ന ചന്ദ്രകുമാരനെ ഭൂതനാഥന്‍ എന്ന ചട്ടമ്പി സിലോണിലേയ്ക്കു തട്ടിക്കൊണ്ടുപോകുന്നു. ചന്ദ്രകുമാരന്‍റെ അകന്ന ബന്ധത്തില്‍പ്പെട്ട ജയചന്ദ്രന്‍ എന്ന വ്യക്തി സിലോണില്‍ ജോലി തേടി എത്തുകയും ചന്ദ്രകുമാരനെ കാണുകയും അവര്‍ തമ്മില്‍ സുഹൃത്തുക്കളായിത്തീരുകയും ചെയ്യുന്നു. തിരുവനന്തപുരത്തുവച്ചു ജയചന്ദ്രന്‍ സരോജിനിയെ കാണുന്നു. അവര്‍ തമ്മില്‍ പ്രേമബദ്ധരാകുന്നു. ഇതിനിടയില്‍ ജയചന്ദ്രനും ചന്ദ്രകുമാരനും ചേര്‍ന്ന് ഭൂതനാഥനെ അടിച്ചോടിക്കുന്നു. ഈയവസരത്തില്‍ റോസി ചന്ദ്രകുമാരന്‍റെ മുതുകിലെ മറുകു കാണുകയും അവന്‍ തന്‍റെ സഹോദരനാണെന്നു തിരിച്ചറിയുകയും മാതാപിതാക്കളോടൊപ്പം ചേരുകയും ചെയ്യുന്നു. അങ്ങനെ വിഗതകുമാരന്‍റെ കഥ അവസാനിക്കുന്നു.

വിഗതകുമാരന്‍റെ പ്രദര്‍ശനം

1928-ല്‍ സിനിമയുടെ ഷൂട്ടിംഗ് അവസാനിച്ചു. ജെ.സി. ഡാനിയേല്‍ തിരുവനന്തപുരത്തെ ക്യാപിറ്റോള്‍ ടെന്‍റ് തിയേറ്ററിലെത്തി സിനിമ പ്രദര്‍ശിപ്പിക്കാനുള്ള അനുവാദം നേടുന്നു.  1928 നവംബര്‍ 7 നായിരുന്നു വിഗതകുമാരന്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. നിശബ്ദചിത്രമായതിനാല്‍ രംഗങ്ങളും കഥാസന്ദര്‍ഭങ്ങളും കാണികളോട് പറയുവാന്‍ ഒരു വിളിച്ചു പറച്ചിലുകാരനെയും സംഘടിപ്പിച്ചു. ആദ്യ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യാന്‍ അന്നത്തെ അഭിഭാഷകനായ മുള്ളൂര്‍ എസ്. ഗോവിന്ദപിള്ളയെയും ക്ഷണിച്ചിരുന്നു. 1928 നവംബര്‍ 7 ന് 5.30 നായിരുന്നു പ്രദര്‍ശനോത്സവം. തിരുവനന്തപുരം ക്യാപിറ്റോള്‍ തിയേറ്ററിലും നാഗര്‍കോവില്‍ പയനിയര്‍ തിയേറ്ററിലും ആലപ്പുഴ പൂപ്പള്ളി തീയേറ്ററിലുമായിരുന്നു വിഗതകുമാരന്‍ ആദ്യം പ്രദര്‍ശിപ്പിച്ചത്. സരോജിനിയുടെ വേഷം അഭിനയിച്ച റോസിയുടെ രംഗപ്രവേശത്തോടെ കാണികള്‍ കൂക്കുവിളി ആരംഭിച്ചു. സൈക്കിളില്‍ വരുന്ന നായകന്‍ ജെ.സി. ഡാനിയേല്‍, നായിക റോസിയുടെ തലയില്‍നിന്നു പൂവെടുത്തു മണപ്പിക്കുന്ന രംഗത്തോടെ കാണികള്‍ ഇളകി മറിഞ്ഞു. തൊട്ടുകൂടാത്ത സമുദായങ്ങള്‍ക്ക് റോഡിലൂടെ നടക്കാനും പൊതുഇടങ്ങളില്‍ കയറാന്‍ പോലും കഴിയാതിരുന്ന അവസരത്തിലാണ് നായര്‍ വേഷത്തില്‍ ദളിത്സ്ത്രീയായ റോസി പ്രത്യക്ഷപ്പെടുന്നത്. തന്മൂലം നായര്‍ ജാതി പ്രഭുക്കന്മാരില്‍നിന്നും കടുത്ത ആക്രമണമാണ് സിനിമയ്ക്ക് നേരിടേണ്ടി വന്നത്. റിലീസ് ചെയ്ത ദിവസം തന്നെ നായര്‍സ്ത്രീയുടെ വേഷത്തില്‍ ദളിത് സ്ത്രീ ഒരു പുരുഷനുമായി പ്രണയരംഗങ്ങള്‍ അഭിനയിക്കുന്നത് കണ്ടുനില്‍ക്കാനാവാതെ സിനിമാസ്ക്രീന്‍ കുത്തിക്കീറുകയും തീയേറ്റര്‍ തീവച്ച് നശിപ്പിക്കുകയും ചെയ്തു. തന്‍റെ സിനിമയിലൂടെ നായരെ പുനഃസൃഷ്ടിക്കാന്‍ ശ്രമിച്ച കീഴ്ജാതി നാടാര്‍ ക്രിസ്ത്യന്‍ ചലച്ചിത്രനിര്‍മ്മാതാവ് ജെ.സി. ഡാനിയേലിന്‍റെ നീക്കം തുടക്കത്തിലെ പരാജയപ്പെടുകയുണ്ടായി.

മലയാളത്തിലെ ആദ്യസിനിമാനടിയുടെ ദുരന്ത ജീവിതം

സാമൂഹികമായ അസന്തുലിതാവസ്ഥ വളരെയധികം നിലനിന്നിരുന്ന കാലത്താണ് രാജമ്മ എന്ന പി.കെ. റോസി ജനിച്ചത്. അയിത്തം തുടങ്ങിയ അനാചാരങ്ങളാല്‍ വലിഞ്ഞു മുറുകിയ കീഴാളജീവിതത്തിന് അയ്യങ്കാളിയുടെ നിരന്തര പോരാട്ടത്താല്‍ മാറ്റം സംഭവിച്ചു തുടങ്ങിയിരുന്നു. ഈ സമയത്താണ് നന്തന്‍കോട് ആമത്തറവയലിനു സമീപം കോലപ്പൻ-കുഞ്ഞി ദമ്പതികളുടെ രണ്ടാമത്തെ മകളായി 1903-ല്‍ രാജമ്മ ജനിച്ചത്. ബാല്യത്തില്‍ സര്‍ക്കാര്‍ സ്കൂളില്‍ അയച്ച് പഠിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രവേശനം ലഭിച്ചില്ല. പുലയ സമുദായത്തില്‍ ജനിച്ച കുട്ടികള്‍ക്ക് സ്കൂള്‍ പ്രവേശനം അനുവദിച്ചുകൊണ്ട് 1914 ല്‍ രാജകീയ വിളംബരം പുറപ്പെടുവിച്ചെങ്കിലും ആര്‍ക്കും സ്കൂളില്‍ പ്രവേശനം ലഭിച്ചില്ല. ആ സമയത്താണ് അവര്‍ പള്ളിയില്‍ ചേര്‍ന്ന് (എല്‍.എം.എസ്) ക്രിസ്തുമതം സ്വീകരിച്ചത്. രാജമ്മ വളര്‍ന്നു വന്ന അവസരത്തിലാണ് നന്ദന്‍കോട് ആമത്തറഭാഗത്തെ ദളിതര്‍ സംഘടിച്ച് 'ചേരമര്‍ കലാസംഘം' എന്നൊരു പ്രസ്ഥാനം രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ഇതിന്‍റെ നേതൃത്വത്തില്‍ കാക്കാരശ്ശിനാടകവും മറ്റും നടത്തിയിരുന്നു. അതില്‍ കാക്കാത്തിവേഷം കെട്ടിയാടിയത് രാജമ്മയായിരുന്നു. ഇക്കാലത്ത് അവിടെ വന്ന തമിഴ്നാടകസംഘം രാജമ്മയുടെ കാക്കാത്തിവേഷം കാണുകയും അവരുടെ നാടകത്തില്‍ അഭിനയിക്കാന്‍ ക്ഷണിക്കുകയും ചെയ്തു. ഇത് കാക്കാരശ്ശി നാടകക്കാരുടെ എതിര്‍പ്പിനു കാരണമായിത്തീര്‍ന്നു. എതിര്‍പ്പ് കൂടിയവസരത്തില്‍ തൈക്കാട് പുറമ്പോക്ക് ഭൂമിയില്‍ മാറിത്താമസിക്കാന്‍ അവരുടെ കുടുംബം തീരുമാനിച്ചു.

പി.കെ. റോസിയെന്ന വ്യക്തി വെറുമൊരു സിനിമാനടിയോ മലയാളസിനിമയിലെ ആദ്യനായികയോ മാത്രമായിട്ടല്ല കേരളചരിത്രത്തില്‍ രേഖപ്പെടുത്തേണ്ടുന്നത്. ജാതിയുടെ ക്രൂരമായ അവഗണനയും ആക്ഷേപവും ഏല്‍ക്കേണ്ടിവന്ന ഒരു ചരിത്ര വനിതയായിട്ടുവേണം അവരെ അടയാളപ്പെടുത്തേണ്ടത്. വിഗതകുമാരനിലെ നായിക എന്ന നിലയില്‍ മലയാളസിനിമയുടെ ചരിത്രത്താളുകളില്‍ ഇടംപിടിച്ച വ്യക്തിയാണവര്‍. സ്ത്രീകള്‍ സാമൂഹികമായി പല വിധത്തിലുള്ള അടിച്ചമര്‍ത്തലുകള്‍ നേരിട്ട കാലഘട്ടത്തിലാണ് അതിനെയെല്ലാം അടിച്ചമര്‍ത്തി സിനിമയെന്ന കലാരൂപത്തിലേയ്ക്കു പി.കെ. റോസി വന്നത്. ഡാനിയലിന്‍റെ സുഹൃത്തായ ജോണ്‍സണ്‍ വിഗതകുമാരനില്‍ അഭിനയിക്കാന്‍ നായികയെ തിരക്കി നടക്കുമ്പോഴാണ് രാജമ്മയെ കാണുന്നതും അഭിനയിക്കാന്‍ ക്ഷണിച്ചതും. അവര്‍ സമ്മതിച്ചതോടെ മലയാളത്തിലെ ആദ്യനായികയുടെ അരങ്ങേറ്റമായിരുന്നു സംഭവിച്ചത്. പത്തുദിവസത്തെ അഭിനയം പൂര്‍ത്തിയാക്കി റോസി തിരിച്ചു വീട്ടില്‍ പോയി. തന്‍റെ അഭിനയ മുഹൂര്‍ത്തം ചരിത്രത്തിലെ ഒരു നിയോഗമായി മാറുമെന്നൊന്നും അവര്‍ കരുതിയില്ല. എന്നാലും റോസിയെന്ന കീഴാളയുവതി മലയാളസിനിമയുടെ ചരിത്രത്തിന്‍റെ ഭാഗമാകുകയായിരുന്നു. പ്രദര്‍ശന ദിവസം ഡാനിയേല്‍ റോസിയെ ക്ഷിച്ചിരുന്നില്ല. കാരണം അയിത്ത ജാതിക്കാരിയായ റോസി വന്നാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് ഡാനിയലിന് അറിയാമായിരുന്നു. എന്നാല്‍ അതിലും കഠിനമായ പ്രതികരണമായിരുന്നു ഡാനിയേലിന് നേരിടേണ്ടി വന്നത്.  സൈക്കിളില്‍ വരുന്ന നായകന്‍ ജെ.സി. ഡാനിയേല്‍ നായിക റോസിയുടെ തലയില്‍നിന്നും പൂവെടുത്തു മണപ്പിക്കുന്ന രംഗം കണ്ടതോടെ കാണികള്‍ ഇളകി മറിഞ്ഞു. അയിത്ത ജാതിക്കാരി സിനിമയില്‍ അഭിനയിച്ചതിന്‍റെ പേരില്‍ സ്ക്രീനിലേയ്ക്ക് കല്ലേറ് നടത്തി തിരശ്ശീല നശിപ്പിച്ചു. അങ്ങനെ ആദ്യ ദിവസം തന്നെ വിഗതകുമാരന്‍റെ പ്രദര്‍ശനം നിര്‍ത്തി വച്ചു. ജാതിക്കോമരങ്ങള്‍ റോസിയുടെ വീട്ടിനു മുന്നിലെത്തി കല്ലേറ് നടത്തുകയും കൂക്കി വിളിക്കുകയും ആക്രമിക്കുകയും ചെയ്തു. ശല്യം സഹിക്കാതെ വന്നപ്പോള്‍ ഡാനിയേല്‍ രാജകൊട്ടാരത്തില്‍ വിവരമറിയിച്ചു. രണ്ടു പോലീസുകാരെ കാവല്‍ നിര്‍ത്തിയിട്ടും അവര്‍ക്കവിടെ ജീവിക്കാനായില്ല. അടുത്തദിവസം ചാല കമ്പോളത്തില്‍ വെച്ച് അവരെ വസ്ത്രാക്ഷേപം നടത്തുകയുണ്ടായി. 1928 നവംബര്‍ 10 ന് (മൂന്നാം ദിവസം) റോസി താമസിച്ചിരുന്ന ഓലപ്പുര തീവെച്ച് നശിപ്പിച്ചു. റോസി  നാട്ടില്‍ നില്‍ക്കാന്‍ കഴിയാതെ കുടുംബവുമായി നാടുവിട്ടു. കേശവപിള്ള എന്ന വ്യക്തിയുമായി തമിഴ്നാട്ടിലേയ്ക്ക് ഒളിച്ചോടി രാജമ്മാള്‍ എന്ന പേരില്‍ ജീവിച്ചു മരിച്ചതായും അടുപ്പമുള്ളവര്‍ വ്യക്തമാക്കുന്നു.

ഏതാണ്ട് നാലുപതിറ്റാണ്ടിനു ശേഷമാണ് മലയാളത്തിലെ ആദ്യനായികയായ പി.കെ. റോസിയുടെ ചരിത്രം കേരളക്കാര്‍ അറിയുന്നത്. വിഗതകുമാരനെക്കുറിച്ചും അതിന്‍റെ ദാരുണമായ വിധിയെക്കുറിച്ചും ആദ്യലേഖനം പ്രസിദ്ധീകരിച്ചത് മലയാള സിനിമാ ചരിത്രകാരനായ ചേലങ്ങോട്ട് ഗോപാലകൃഷ്ണനായിരുന്നു. 2011 ജനുവരിയിലാണ് റോസിയുടേതെന്ന് കരുതുന്ന ചിത്രം ചേലങ്ങോട്ട് ഗോപാലകൃഷ്ണന്‍റെ ശേഖരത്തില്‍ നിന്നും കണ്ടെടുത്തത്. ജെ.സി. ഡാനിയേലില്‍നിന്നും വിവരങ്ങൾ സ്വീകരിച്ച കുന്നുകുഴി മണി 1971-ല്‍ റോസിയെക്കുറിച്ച് ശ്രദ്ധേയമായ വിവരങ്ങള്‍ മലയാളികള്‍ക്ക് കൈമാറി. റോസിയും ഭര്‍ത്താവും അവരുടെ ഭൂതകാലം ആരോടും പറയാതെയാണ് തമിഴ്നാട്ടില്‍ ജീവിച്ചത്. റോസിയുടെ മക്കള്‍പോലും അമ്മയുടെ സിനിമാ ജീവിതത്തെ അവഗണിക്കുകയാണ് ചെയ്തത്. പി.കെ. റോസിയെന്ന രാജമ്മയുടെ ചരിത്രം അങ്ങനെ അവസാനിച്ചു. ഇവരുടെ മകളെ ഗോരിപാളയത്ത് വച്ചു കണ്ടപ്പോള്‍ തന്ന അഭിമുഖത്തില്‍ തങ്ങളുടെ അമ്മ ആദ്യ സിനിമാനടിയായിരുന്നു എന്നതിലുപരി എല്ലാവരാലും കൈയൊഴിഞ്ഞ അവരെ ജാതി നോക്കാതെ വിവാഹം കഴിച്ച വിപ്ലവകാരിയായ അച്ഛനായിരുന്നു അവരുടെ ഹീറോ.

1920 ല്‍ റോസിയും ഡാനിയേലും ചേര്‍ന്ന് നടത്തിയത് ജാതിവ്യവസ്ഥയ്ക്കെതിരെയുള്ള വിപ്ലവമാണ്. അന്ന് റോസിയുടെ കഥാപാത്രം സരോജിനിനായരെന്ന നായര്‍സ്ത്രീയുടേതാണ്. ഇതാണ് അന്നത്തെ ജാതിക്കോമരങ്ങളെ പ്രകോപിപ്പിച്ചത്. കാലം മാറിയിട്ടും സാമൂഹികബോധം മാറിയിട്ടും മലയാളസിനിമയിലെത്തിയ ദളിത് സ്ത്രീകളുടെ ചരിത്രം വളരെ കുറവാണ്. ജാതി സിനിമയില്‍ ഇപ്പോഴും മരിച്ചിട്ടില്ലായെന്നാണ് പല സംഭവങ്ങളും വ്യക്തമാക്കുന്നത്. നിറമില്ലാത്ത നായകനെയും നായികയെയും അംഗീകരിക്കാന്‍ മടിക്കുന്നവരാണ് കൂടുതല്‍ പ്രേക്ഷകരും. അതുകൊണ്ട് പി.കെ. റോസിയുടെ ചരിത്രം ഓര്‍മ്മപ്പെടുത്തുന്നത് മലയാള സിനിമാ മേഖലയുടെ സാധ്യതകളെയാണ്. 1992 മുതല്‍ മലയാള ചലച്ചിത്രമേഖലയ്ക്ക് സമഗ്രസംഭാവനകള്‍ നല്‍കുന്നവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ജെ.സി. ഡാനിയേലിന്‍റെ പേരില്‍ ഒരു ലക്ഷം രൂപയുടെ പുരസ്കാരം ഏര്‍പ്പെടുത്തിയെങ്കിലും മലയാളസിനിമയുടെ ആദ്യനായികയ്ക്ക് എന്തു അംഗീകാരമാണ് നല്‍കിയതെന്നത് പ്രധാന ചോദ്യമാണ്. കഴിഞ്ഞവര്‍ഷം മലയാള സിനിമയിലെ ആദ്യനായികയുടെ 120-ാം ജന്മദിനം ആഘോഷപൂര്‍വം കൊണ്ടാടി. എന്നാല്‍ ജാതിയുടെ പേരില്‍ അവര്‍ അനുഭവിച്ച ദുരന്തജീവിതത്തെ മലയാളി പ്രേക്ഷകര്‍ ഓര്‍ക്കുന്നില്ല. റോസിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നല്‍കുന്നതിനുള്ള പേപ്പര്‍ വര്‍ക്കുകള്‍ സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ തുടങ്ങി വച്ചിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് യാതൊരു തീരുമാനവും പിന്നീട് ഉണ്ടായില്ല.

 
ഡോ.രേഖ.എസ്.        

അസിസ്റ്റന്‍റ് പ്രൊഫസര്‍

ശ്രീനാരായണ വനിതാ കോളേജ്

 കൊല്ലം

0 comments
bottom of page