top of page

"ഇന്ത്യയിലെ NEP യുടെ ആത്മാവ് ഫൈനാൻസ് കാപ്പിറ്റലിസത്തിന് പണയപ്പെട്ടതാണ്."

പത്ത് ചോദ്യങ്ങൾ
മലയാളത്തിലെ മികച്ച എഴുത്തുകാരനും വാഗ്മിയും മലയാളം സർവകലാശാല അഡ്ജൻറ് ഫാക്കൽറ്റിയും കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി കൺവീനറുമായ ശ്രീ.കെ.പി.രാമനുണ്ണിയുമായി ചിത്രാമോൾ.ബി, ആര്യ. സി.ജി എന്നിവർ നടത്തിയ അഭിമുഖം.

1)ജീവിതത്തിൽ വളരെ നേരത്തെ തന്നെ ആത്മകഥയെഴുതിയ വ്യക്തിയാണ്. ധാരാളം ചോദ്യങ്ങൾ അതിന് നേരെ ഉയർന്നിട്ടുണ്ട്. എന്തുകൊണ്ട് ഇത്ര ചെറുപ്പത്തിൽ അത്തരമൊരു ഉദ്യമത്തിന് മുതിർന്നു ?


സ്വന്തം ജീവിതാനുഭവങ്ങൾ ആവിഷ്ക്കരിക്കാനുള്ള ആഗ്രഹത്തിൽ നിന്നായിരുന്നില്ല 'ജീവിതം ഒരു ആർത്തിക്കാരൻ്റെ കയ്യിൽ ' എന്ന ആത്മകഥാപരമായ പുസ്തകം ഞാൻ രചിച്ചത്. സാമൂഹ്യമായൊരു ദൗത്യബോധം അതിന് പിറകിൽ പ്രവർത്തിച്ചിരുന്നു. 'ജീവിതം ഒരു ആർത്തിക്കാരൻ്റെ കയ്യിൽ ' വായിച്ചവർക്കെല്ലാം മനസ്സിലാക്കാവുന്ന പോലെ അസാധാരണമായ യാതനാ പർവ്വത്തിലൂടെ കൗമാരപ്രായത്തിൽ കടന്നുപോയവനാണ് ഞാൻ. പതിനേഴാം വയസ്സിൽ ജീവിതം തന്നെ തകർന്നടിഞ്ഞ് അന്ധകാരത്തിൽ പതിക്കുമോ എന്ന സന്നി ഗ്ദാവസ്ഥയുണ്ടായി. എന്തോ യോഗഭാഗ്യം കൊണ്ടാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. അതായത് കൗമാരപ്രായത്തിൽ പലർക്കും സംഭവിക്കാറുള്ള നേരിയ മാനസിക പ്രശ്‌നങ്ങൾ പ്രിഡിഗ്രി പഠനകാലത്ത് എനിക്കുമുണ്ടായി. സ്കിസോഫ്രീനിയയെന്ന മനോരോഗരാജനെന്ന് തെറ്റിദ്ധരിക്കപ്പെട്ട് ഭീകരമായ സൈക്യാട്രിക് ചികിത്സാമുറകൾക്ക് വിധേയനാകേണ്ടി വന്നു. മാസങ്ങളോളം അതിശക്തമായ സൈക്യാട്രിക് മരുന്നുകൾ സേവിച്ച് ക്ഷീണിതനും പരവശനും ഉറക്കം തൂങ്ങിയുമായി. മുപ്പത് ദിവസത്തോളം നീണ്ടു നിന്ന ഇൻസുലിൻ തെറാപ്പി കൊണ്ട് പൊണ്ണത്തടിയനായി. (പിന്നീട് നിരോധിക്കപ്പെട്ട ചികിത്സാരീതിയാണ്

ഇൻസുലിൻ തെറാപ്പി) കടുത്ത മനോരോഗികൾക്ക് നിവൃത്തിയില്ലാത്ത സന്ദർഭങ്ങളിൽ ഉപയോഗിക്കുന്ന ഷോക്ക് ട്രീറ്റ്മെന്റ് (ഇ.സി.ടി) പോലും നാലെണ്ണമെടുത്തു. എനിക്ക് ഭ്രാന്തൊന്നുമില്ലെന്നും ചില ചിന്താപരമായ ആശയക്കുഴപ്പങ്ങൾ മാത്രമാണ് ഉള്ളതെന്നും ഞാൻ ആണയിട്ടിട്ടും ഡോക്‌ടർമാരോ ബന്ധക്കാരോ കേൾക്കാൻ കൂട്ടാക്കിയില്ല. തനിക്ക് സുഖക്കേടൊന്നുമി ല്ലെന്ന് പറയൽ എല്ലാ ഭ്രാന്തന്മാരുടെയും പ്രാഥമിക ലക്ഷണവുമാണല്ലോ. അടച്ചിട്ട മുറിയിലിട്ട് തല്ലിയാൽ പൂച്ച പ്രതികരിക്കുന്ന പോലെ പലപ്പോഴും ഞാൻ അക്രമോ ത്സുകനായി. അതോടൊപ്പം സൈക്യാട്രിക് ചികിത്സ നിർത്തി സൈക്കോളജിസ്റ്റായ പി.എം. മാത്യു വെല്ലൂരിനെ കൊണ്ടുചെന്ന് കാണിക്കാതെ ഇനി ഭക്ഷണമോ മരുന്നോ കഴിക്കില്ലെന്ന പ്രതിജ്ഞയുമെടുത്തു. ഒടുവിൽ വീട്ടുകാർ വഴങ്ങി സൈക്യാട്രിക് ചികിത്സ അവസാനിപ്പിക്കപ്പെട്ട് ഡോക്ടർ പി.എം. മാത്യു വെല്ലൂരിൻ്റെ സൈക്കോ തെറാപ്പിയാൽ സുസ്ഥിതിയിലേക്ക് മടങ്ങാൻ എനിക്ക് കഴിഞ്ഞു. ഈ വിഷയത്തെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ ഒരു പത്രത്തിൻ്റെ വാരാന്തപ്പതിപ്പിൽ ദീർഘമായ ലേഖനം എഴുതിയിരുന്നു. സംഭവം വലിയ വിവാദമായി. കഠിനമായി ചികിത്സിച്ച സീനിയർ സൈക്യാട്രിക് ഡോക്ടർമാരും ആ ചികിത്സ ഉപേക്ഷിപ്പിച്ച് ലളിതമായ സൈക്കോതെറാപ്പിയിലൂടെ എന്നെ രക്ഷപ്പെടുത്തിയ ഡോക്ടർ പി.എം. മാത്യു വെല്ലൂരും സൈക്യാട്രിക് ചികിത്സയുടെ അനാവശ്യപീഡനങ്ങൾ അനുഭവിക്കേണ്ടി വന്ന മറ്റുചിലരും പത്രത്തിലെ ചർച്ചയിൽ പങ്കെടുത്തു. ആ സമയത്താണ് എൻ്റേതു പോലുള്ള അനുഭവപരമ്പരകളിലൂടെ കടന്നുപോയ കുറേപ്പേർ സമൂഹത്തിൽ ഉണ്ടെന്ന കാര്യം വെളിവായത്. ഒരുപാട് ചെറുപ്പക്കാരും അവരുടെ മാതാപിതാക്കളും എന്നെ ബന്ധപ്പെട്ടു. തങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികൾ എന്നോട് തുറന്നു പറഞ്ഞു. വിമോചനത്തിനായി മാർഗ്ഗനിർദ്ദേശങ്ങൾ തേടി. ഈ സാഹചര്യത്തിലാണ് കടുത്ത ജീവിതാനുഭവത്തിലേക്ക് എന്നെ നയിച്ച കുട്ടിക്കാല സംഭവപരമ്പരകളും ദുരിതപർവ്വവും സ്വയം രക്ഷ പ്പെടുത്തിയെടുത്ത വിധവുമെല്ലാം ചേർത്ത് ഭാഗികമായൊരു ആത്മകഥ എഴുതാൻ എനിക്ക് പ്രചോദനമുണ്ടായത്. ആദ്യം 'ജീവിതം ഒരു ആർത്തിക്കാരന്റെ കയ്യിൽ' ഭാഷാപോഷിണി വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെടുകയും പിന്നെ ഡി.സി. ബുക്‌സ് പുസ്‌തകമാക്കുകയും ചെയ്തു.



2)ആത്മകഥയെഴുതിയതിന് ശേഷം, പോയ കാലത്തിലേക്ക് വീണ്ടും കടന്നുചെല്ലുന്ന അനുഭൂതി ഉണ്ടായിക്കാണുമല്ലോ. 'എങ്ങനെ ഞാൻ തിരുത്തും' എന്ന് അങ്ങ് തന്നെ സ്വയം ചോദിച്ചിട്ടുണ്ട്. ശേഷമുള്ള ജീവിതത്തിൽ എന്തെങ്കിലും തിരുത്തലുകൾ നടത്തിയിരുന്നോ? എന്ത് മാറ്റമാണ് പിന്നീട് ജീവിതത്തിൽ ഉണ്ടായത് ?


മിലാൻ കുന്ദേരയുടെ 'അൺബിയറബിൾ ലൈറ്റ്നെസ്സ് ഓഫ് ബീയിംഗ്' എന്ന നോവലിൽ മറ്റ് തത്വചിന്തകരെ വിസ്മയിപ്പിച്ചുകൊണ്ട് നീഷേ ഒരു ദർശനം മുന്നോട്ടുവെക്കുന്നുണ്ട്. 'ദി തിയറി ഓഫ് എറ്റേണൽ റിട്ടേൺസ്' എന്ന ആ ദർശനപ്രകാരം ജീവിതം സാർത്ഥകമാകണമെങ്കിൽ കഴിഞ്ഞുപോയ ഓരോ നിമിഷവും തിരിച്ച് വരികയും അത് തിരുത്താൻ ജീവിതക്കാരന് അവസരമുണ്ടാകുകയും വേണം. വ്യാവഹാരികജീവിതത്തിൽ അത് സാദ്ധ്യമല്ലാത്തതിനാൽ ജീവിതം തുച്ഛവും അർത്ഥശൂന്യവുമായി പരിണമിക്കുന്നു. എന്നാൽ എഴുത്തിലൂടെ ഭൂതകാല ജീവിതനിമിഷങ്ങൾ ആവർത്തിക്കുമ്പോൾ തിരുത്തിനുള്ള, പുനർവിചിന്തനത്തിനുള്ള വഴി യാണ് തെളിയുന്നത്. അത്തരത്തിൽ നോക്കുമ്പോൾ 'ജീവിതം ആർത്തിക്കാരൻ്റെ കയ്യിൽ ' പോലുള്ള ആത്മകഥകൾ എഴുത്തുകാരൻ്റെയും സമാനാവസ്ഥയിലുള്ള സഹജീവികളുടെയും ജീവിതങ്ങളെ നവീകരിക്കുന്നു, അർത്ഥ സംപുഷ്ടമാക്കുന്നു. ഭാവനയിൽ ഭൂതകാലത്ത് നട ത്തുന്ന തിരുത്ത് വർത്തമാനകാലത്തും ഭാവിയിലും മൂർത്തമായ പ്രവർത്തനമായി മാറുന്നു. ചരിത്രം പാഠം പഠിപ്പിക്കണമെന്ന് പറയുന്ന പോലെ ജീവിതവും പാഠം പഠിപ്പിക്കേണ്ടതുണ്ട്. ആശയങ്ങൾ പാശങ്ങളാകാതെ സൂക്ഷിക്കുക, ജീവിതത്തെ ആർത്തിയിലേക്ക് കൂപ്പുകു ത്താതെ അനാസക്തി പരിശീലിക്കുക തുടങ്ങി എത്രയോ തിരുത്തിനുള്ള തയ്യാറെടുപ്പുകൾ ആത്മകഥാരചന എനിക്ക് പ്രദാനം ചെയ്തിട്ടുണ്ട്.


3) 'സൂഫി പറഞ്ഞ കഥ' അനേകം വിലയിരുത്തലുകൾക്കും വിമർശനങ്ങൾക്കും വിധേയമായ കൃതിയാണ്. എഴുത്തുകാരനിലുള്ള മദർ ഫിക്സേഷനാണ് സൂഫിക്ക് പ്രചോദനമെന്ന് താങ്കൾ പറഞ്ഞിരുന്നു. വ്യക്തി ജീവിത ത്തിലെ അനുഭവങ്ങളോട് ആ രചന എത്രത്തോളം സത്യസന്ധത പുലർത്തിയിട്ടുണ്ട് ?

  മൂന്നര വയസ്സിൽ അച്ഛൻ മരിച്ചുപോയി അമ്മയുടെ സംരക്ഷണത്തിൽ വളർന്ന കുട്ടിയാണ് ഞാൻ.സ്വാഭാവികമായും മദർ ഫിക്സേഷൻ ചൈൽഡിൻ്റെ എല്ലാ പ്രവണതകളും എന്നിൽ പ്രകടമായി. എന്തിനും ഏതിനും അമ്മയെ ആശ്രയിക്കുക, അമ്മയാണ് ശരിയെന്ന് വിശ്വസിക്കുക, അത്യുന്നതയായി അമ്മയെ മനസ്സിൽ പ്രതിഷ്ഠിക്കുക.... ഭാഗ്യവശാൽ ഞാൻ വെച്ചുപുലർത്തിയ എല്ലാ പ്രതീക്ഷകളെയും എൻ്റെ കുട്ടിക്കാലത്ത് അമ്മ പൂർത്തീകരിച്ചുതന്നു. അങ്ങേയറ്റത്തെ കരുതലോടും കരുത്തോടും ആത്മധൈര്യത്തോടും കൂടി എന്നെ വളർത്തിവലുതാക്കി. എന്നാൽ പ്രീഡിഗ്രി പഠനകാലത്ത് ചില ചിന്താക്കുഴപ്പ ങ്ങൾക്ക് അടിമപ്പെട്ട് ബന്ധക്കാർ മുഖേനെ ഞാൻ തെറ്റായ സൈക്യാട്രിക് ചികിത്സക്ക് വിധേയനായപ്പോൾ അവർ തകർന്ന് തരിപ്പണമായി. നിസ്സഹായയും നിരാലംബയുമായി ശ്രീപോതിക്കൂടിന് മുന്നിൽ നിന്ന് എനിക്ക് വേണ്ടി പ്രാർത്ഥി ക്കുന്ന അമ്മയെ ഞാൻ വേദനയോടെ കണ്ടു. ദുർബ്ബലയായ അമ്മ, അല്ലെങ്കിൽ ദുർബ്ബലയായ സ്ത്രീ എന്നത് എന്റെ അബോധമനസ്സിന് താങ്ങാനായില്ല. പ്രപഞ്ചേശ്വരിയോളം ഉയർന്നുനിൽക്കുന്ന അമ്മക്ക് വേണ്ടിയുള്ള പിടച്ചിലാണ് ' സൂഫി പറഞ്ഞ കഥ' യിലെ കാത്തിയിൽ കലാശിച്ചതെന്ന് പറയാം. ശക്തിസ്വരൂപിണിയായ ദേവതയോളം പൊലിപ്പിച്ചെടുത്ത സ്ത്രീബിംബം മാത്രമല്ല, ഹിന്ദു-മുസ്ലീം സമന്വയദർശനവും സൂഫിയിലുണ്ട്. അതിനും വ്യക്തിജീവിത ത്തിലെ അനുഭവപരിസരവുമായി ബന്ധമുണ്ട്. മതമൈത്രിയുടെ കേദാരമായ പൊന്നാനിയാണ് എൻ്റെ നാട്. കുട്ടിക്കാ ലത്തെ പ്രിയപ്പെട്ട ചങ്ങാതി അയൽവീട്ടിലെ അബുല്ലാജിയുടെ മകനായ അബ്‌ദുൾ ഖയ്യുമായിരുന്നു. ഒരേ കുടുംബമെന്ന നിലക്കാണ് ഞാനും അബ്‌ദുല്ലാജിയുടെ മക്കളും കളിച്ച് രസിച്ച് ജീവിച്ചിരുന്നത്. പുരുഷൻ സ്ത്രീയിലേക്കെന്ന പോലെയാണ് പൊന്നാനിയിൽ ഹിന്ദു മുസ്ലീമിലേക്കും മുസ്ലീം ഹിന്ദുവിലേക്കും ആകർഷിക്കപ്പെട്ടി രുന്നതെന്ന് ഞാൻ എഴുതിയിട്ടുമുണ്ട്. പക്ഷെ പത്താം ക്ലാസ്സ് കഴിഞ്ഞ് കോളേജ് ചേരാൻ കോഴിക്കോട്ടേക്ക് മാറിയപ്പോൾ നഗരത്തിൻ്റേതായ കാലുഷ്യങ്ങൾ ഹിന്ദു-മുസ്ലീം ബന്ധത്തിലും എൻ്റെ ശ്രദ്ധയിൽപ്പെട്ടു. മുസ്ലീംങ്ങൾക്ക് ഞമ്മന്റെ ആളാണ് വലുതെന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങൾ, പരസ്പ‌രം പറയുന്ന കുത്തുവാക്കുകൾ, അപൂർവ്വമായെങ്കിലും വന്നുഭവിക്കുന്ന അന്യത്വഭാവങ്ങൾ... സമൂഹത്തിലെ പ്രശ്ന‌ങ്ങളായല്ല ഞാനും ഖയ്യൂമും തമ്മിലുള്ള വ്യക്തിസൗഹൃദത്തിന് നേരെയുള്ള വൻഭീഷണിയായാണ് എന്റെ മനസ്സ് ഇതെല്ലാം സ്വീകരിച്ചത്. അന്നു മുതലേ അന്തരാളത്തിൽ മുറുകിയ സംഘർഷമായിരുന്നു മതത്തിൽ വ്യത്യസ്തരെങ്കിലും ഹിന്ദുവും മുസ്ലീമും ഒരേ മണ്ണിൻ മക്കളാണെന്ന സൂഫി പറഞ്ഞ കഥയിലെ ദർശനസ്ഥാപനത്തിലേക്ക് എന്നെ എത്തിച്ചത്. അതെ, ഇവിടെ ആർക്കും ആരേയും അന്യവൽക്കരിക്കാൻ അവകാശമില്ല. എല്ലാവരും ഒരേ സംസ്ക്കാരത്തിൻ്റെ വെള്ളവും വളവും വലിച്ചെടുത്ത് വളർന്നവർ.


4) വ്യക്തിജീവിതത്തിൽ ഉണ്ടാവുന്ന ആന്തരിക സംഘർഷമാണ് ഒരു സാഹിത്യകാരൻ തൻ്റെ രചനകളിലൂടെ ആവിഷ്ക്കരിക്കുന്നത് എന്ന് പറയാറുണ്ട്. അങ്ങയുടെ എഴുത്തുജീവിതം വ്യക്തിജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു ? വിശദീകരിക്കാമോ?

 വ്യക്തിജീവിതത്തിലെ ആന്തരിക സംഘർഷങ്ങൾ എഴുത്തുകാരൻ്റെ എഴുത്തിൽ പല തരത്തിൽ പ്രതിഫലിക്കും എന്നത് വാസ്‌തവമാണ്. എന്നാൽ വ്യക്തിജീവിതത്തിലെ സംഘർഷങ്ങൾക്കൊപ്പം സമൂഹജീവിതത്തിലെ സംഘർഷങ്ങളും എഴുത്തിൽ ആവിഷ്കൃതമാകാറുണ്ട്. തന്റെ പാലക്കാടൻ ഗ്രാമത്തെ പശ്ചാത്തലമാക്കി വിപ്ലവനോവൽ രചിക്കാൻ പുറപ്പെട്ട ഒ.വി. വിജയൻ പത്തു വർഷത്തിന് ശേഷം 'ഖസാക്കിൻ്റെ ഇതിഹാസമെന്ന' അസ്ത‌ിത്വ ദർശന ഗരിമയുള്ള കൃതിയിലേക്ക് എത്തിച്ചേർന്നത് ആധുനികകാലത്തെ മനുഷ്യാവസ്ഥയുടെ അന്തർദ്ദേശീയ സംഘർഷങ്ങളെ സ്വാംശീകരിച്ചതു കൊണ്ടാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

'സൂഫി പറഞ്ഞ കഥ'യിലേക്ക് പ്രചോദിപ്പിച്ച എന്റെ വ്യക്തിസംഘർഷങ്ങളെപ്പറ്റി നേരത്തെ പറഞ്ഞുവല്ലോ. അതിലുപരി ബാബറി മസ്‌ജിദ് തകർച്ചയിലേക്ക് ഉരുണ്ടുകൂടിയ കാലത്തിൻ്റെ സാമൂഹിക സംഘർഷങ്ങളും നോവലിൽ സന്നിവേശിച്ചിട്ടുണ്ട്. സൈക്യാട്രിക് ചികിത്സക്ക് വിധേയനായതുകൊണ്ട് എന്റെ പഠിപ്പ് ഇടക്ക് വെച്ച് മുറിഞ്ഞിരുന്നു. അച്ഛൻ സർവ്വീസിൽ ഇരിക്കുമ്പോൾ മരിച്ചതിൻ്റെ പേരിൽ അർഹതയുള്ള കംപാഷനേറ്റ് ഗ്രൗണ്ട് ജോലിക്ക് ഞാൻ സ്റ്റേറ്റ് ബാങ്കിൽ കയറി. ശത്രുക്കൾക്ക് പോലും ബാങ്ക് ജോലി ലഭിക്കരുതെന്ന അഭിപ്രായക്കാരനായിരുന്നു എൻ്റെ അച്ഛനെന്നതിനാൽ അത്യന്തം അതൃപ്‌തിയോടെയായിരുന്നു ഞാൻ ജോലി സ്വീകരിച്ചത്. ബാങ്ക് ജോലിയോട് എനിക്കുണ്ടായ മടുപ്പും അന്യവൽക്കരണവും 'ചരമവാർഷികം' എന്ന നോവലിൽ കൃത്യമായി പ്രതിഫലിക്കുന്നുണ്ട്. അതേപോലെ കളിക്കൂട്ടുകാരൻ അബ്ദുൾ ഖയ്യൂമുമായുള്ള ബന്ധത്തിന്റെ സ്നേഹോഷ്‌മളമായ ചിത്രങ്ങളും നോവലിൽ തെളിഞ്ഞുകാണാം. എനിക്ക് ബാങ്ക് ജോലിയോടുണ്ടായ അന്യവൽക്കരണം വ്യവസായവൽക്കരണത്തിനും ഡിവിഷൻ ഓഫ് ലേബറിനും ശേഷം എല്ലാ തൊഴിലാളികൾക്കും എല്ലാ തൊഴിലിനോടും സൃഷ്‌ടിക്കപ്പെട്ടതാണ്. അങ്ങനെ 'ചരമ വാർഷിക'ത്തിലെ ഭാവമണ്ഡലത്തിന് ആഗോള പ്രസക്തി കൈവരുന്നു. പേഴ്‌സണൽ പൊളിറ്റിക്കൽ ആയി മാറുന്നു.


സ്റ്റേറ്റ് ബാങ്കിൽ ജോലിക്ക് കയറിയ മുതൽ എനിക്ക് ബാങ്ക് ജീവിതം അവസാനിപ്പിച്ച് സർഗ്ഗാത്മകമായൊരു മണ്ഡലത്തിലേക്ക് പ്രവേശിക്കണമെന്ന ആഗ്രഹമായിരുന്നു. നാൽപത്തിരണ്ടാം വയസ്സിൽ ഞാൻ വോളണ്ടറി റിട്ടയർമെന്റ് എടുക്കുകയും ചെയ്തു. ജീവിതത്തിൻ്റെ പുസ്ത‌കത്തിലെ ഗോവിന്ദവർമ്മരാജ ട്രെയിൻ ആക്സിഡൻ്റിൽ ആംനീഷ്യ സംഭവിച്ച് അതിയന്നൂരിലെ സർഗ്ഗാത്മകമായ മുക്കുവജീവിതത്തിലേക്ക് മൂക്കുകുത്തി വീഴുന്നു. ബാങ്ക് ഓഫീസറുടെ ജോലിയുടെ വിശദാംശങ്ങൾ വരെ ആ നോവലിലുണ്ട്. അസഹനീയമായ ആധുനിക നാഗരികതയെ വലിച്ചെറിഞ്ഞ് ഒരു ബദലിന് വേണ്ടിയുള്ള അന്വേഷണമാണ് 'ജീവിതത്തിൻ്റെ പുസ്‌തക'ത്തിലെ സാംസ്ക്കാരികവും രാഷ്ട്രീയവുമായ തലം. 'ദൈവത്തിൻ്റെ പുസ്‌തകം ' എന്ന എന്റെ നാലമത്തെ നോവലിലാണെങ്കിൽ പൊന്നാനിയിലെ ഹിന്ദു-മുസ്ലീം സൗഹൃദാന്തരീക്ഷം കണ്ടുമുട്ടാം. ഖയ്യൂമിന്റെ മുഹമ്മദ് നബി നമ്മുടെ ശ്രീകൃഷ്ണന്റെ പോലെ തന്നെയാണെന്ന് കുട്ടിക്കാലത്ത് അമ്മ പറഞ്ഞുതന്നിരുന്നതിന്റെ സഹമത സ്നേഹദർശനവും നോവലിനെ വർണ്ണാഭമാക്കുന്നു. മറുവശത്ത് ദൈവത്തിൻ്റെ പുസ്തകം മനുഷ്യചരിത്രത്തിൻ്റെ ബ്രഹത്തായ വിചാരണ കൂടിയായിത്തീരുന്നു.


5) 'ജീവിതത്തിൻ്റെ പുസ്‌തകം', 'ജാതി ചോദിക്കുക, ചരമവാർഷികം' ഈ രചനകളെല്ലാം തന്നെ താൻ ജീവിക്കുന്ന ജീവിതത്തിൽ നിന്ന് എല്ലാം വിട്ടെറിഞ്ഞ് മറ്റൊന്നിലേക്ക് നടക്കാനാഗ്രഹിക്കുന്നവയാണ്. രാമനുണ്ണി എന്ന വ്യക്തി അത്തരം ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടോ. ആഗ്രഹിച്ചിരുന്നോ ? 'വൈദ്യശരീരം' പോലെ ഭ്രമാത്മകകഥകൾ എഴുതിയതിന്റെ  പ്രചോദനമെന്താണ്?

 

 ആംനീഷ്യയിലൂടെയെങ്കിലും ആധുനിക നാഗരികതയെ ഇട്ടെറിഞ്ഞ് മറ്റൊരു ബദൽ തേടുന്നതാണ് 'ജീവിതത്തിന്റെ പുസ്തകം'. യാന്ത്രികമായ വാഴ്വിനെ ഉപേക്ഷിച്ച് നാടിന്റെ സ്വത്വത്തെ പുണരാൻ മോഹിക്കുന്നവനാണ് 'ചരമവാർഷിക'ത്തിലെ ദാമോദരൻ. ജാതി ചോദിക്കുന്നതിലെ രവിമാസ്റ്റർ തന്റെ ജാതിത്തടവറയിൽ ഭേദിച്ച് പുറത്തുകട ക്കുന്നവനും. വ്യക്തിജീവിതത്തിലും ഞാൻ ജോലിയുടെ യാന്ത്രികതയിൽ നിന്ന്, വ്യവസ്ഥിതിയുടെ കെട്ടുപാടുകളിൽ നിന്ന്, ജാതിയുടെ പരിമിതികളിൽ നിന്ന് വിമോചിത നാകാൻ ആഗ്രഹിക്കുന്നവനാണ്.ദാമുവിൻ്റെ നിഴലുകൾ എഴുത്തുകാരനിലും എഴുത്തുകാരന്റെ പ്രതിച്ഛായ ദാമുവിലും കണ്ടെത്താവുന്നതാണ്. പക്ഷെ എഴുത്തുകാരൻ്റെ വ്യക്തിത്വമോ ജീവിതമോ പൂർണ്ണമായും ഒരു രചനയിലും മുദ്രിതമാകാറില്ലെന്ന് ഓർക്കണം. സ്വന്തത്തിൽ നിന്നും അപരത്തിൽ നിന്നും പല അംശങ്ങളും സംയോജിപ്പിച്ചെടുത്താണ് എഴുത്തുകാരൻ കഥാപാത്രസൃഷ്ടി നടത്തുന്നത്. അസ്‌തിത്വം കണ്ടെത്താൻ വിദൂരതയിലേക്ക് നടക്കുമ്പോൾ ദാമു അനുഭവിച്ച പങ്കപ്പാട് വോളണ്ടിയർ റിട്ടയർമെൻ്റെടുത്ത് പുത്തൻ ജീവിതം കരുപ്പിടിപ്പിക്കുമ്പോൾ ഞാനും പങ്കുവെച്ചെന്ന് പറയാവുന്നതാണ്.


 എഴുത്തുമനസ്സിൽ മാത്രമല്ല സാധാരണ മനുഷ്യമനസ്സിലും ഭ്രമാത്മകത പലപ്പോഴും ഉണ്ട്. നാം മൂന്നിലൊന്ന് ജീവിതം ചെലവഴിക്കുന്ന നിദ്രയിലെ സ്വപ്‌നം മുഴുക്കെ ഭ്രമാത്മകസ്വഭാവിയാണല്ലോ. അത്തരം ഭ്രമാത്മകതയുടെ നാരുകൾ കൂട്ടിപ്പിരിച്ച് എഴുത്തുകാരൻ ചിലപ്പോൾ കഥ മെനയുന്നത് വ്യാവഹാരിക സത്യങ്ങളെ ആഘാതപൂർവ്വം ആവിഷ്ക്കരിക്കാനായിരിക്കും. 'വൈദ്യശരീര'ത്തിൽ അതാണ് സംഭവിക്കുന്നത്. ആരോഗ്യത്തിലും സൗന്ദര്യത്തിലുമുള്ള അമിതശ്രദ്ധ പുത്തൻ നാഗരികതയിൽ മനുഷ്യനെ കൂടുതൽക്കൂടുതൽ ശരീരനിഷ്‌ഠനാക്കുന്നു. മനസ്സും ആത്മാവും കൂടി അവൾക്ക്  അവന് നഷ്ടപ്പെട്ടു പോകുന്നു. ഈ ഭീതിദാവസ്ഥ ഹൃദയത്തിൽ പതിയണമെങ്കിൽ യഥാതഥ ചിത്രീകരണത്തിലൂടെ സാദ്ധ്യമല്ല, അതിനാ ലാണ് ഭ്രമാത്മകമായൊരു ആവിഷ്ക്കാരം തെരഞ്ഞെടുത്തത്. വീട്ടിലെ ജിംനീഷ്യത്തിൽ മസിൽ പെരുപ്പിച്ചുകൊണ്ടിരിക്കുന്നവൻ അയലത്തെ അത്യാഹിതത്തിൻ്റെ നിലവിളി കേൾക്കാതെ പോയതിൻ്റെയും എയർപോർട്ടിലെ വാഷ്റുമിൽ മേക്കപ്പിൽ മുഴുകിയ അമ്മ കുഞ്ഞിനെ ആരോ കട്ടെ ടുത്തത് ശ്രദ്ധിക്കാതെ പോയതിൻ്റെയും മറ്റും വാർത്തകൾ കഥക്ക് പ്രചോദനമായിട്ടുണ്ട്.



6) താങ്കളുടെ കൃതികളിൽ കോസ്മോളജി, ന്യൂറോളജി, സൈക്കോളജി , ഗൈനക്കോളജി തുടങ്ങിയ ശാസ്ത്രങ്ങളുടെ പരിചരണവും കാണാമല്ലോ. ബാങ്ക് ജീവിതം, സിനിമാരംഗം, മുക്കുവസംസ്കാരം തുടങ്ങിയ വ്യത്യസ്ത കൾച്ചറൽ റജിസ്റ്ററുകളുടെ കടന്നുവരവും രചനകളിൽ പ്രകടമാണ്. വിവിധ ജ്ഞാനമണ്ഡലങ്ങൾ കൃതികളിലേക്ക് സന്നിവേശിപ്പിക്കാൻ രാമനുണ്ണി നടത്തിയ ശ്രമങ്ങളെപ്പറ്റി പറയാമോ?


കുട്ടിക്കാലത്ത് ശാസ്ത്രജ്ഞനാകണമെന്നായിരുന്നു എന്റെ മോഹം. ജീവിതത്തിൽ സംഭവിച്ച ഒരു ആക്സിഡന്റ്റിനാലാണ് എനിക്ക് സാഹിത്യരംഗത്തെ വരിക്കേണ്ടിവന്നത്. അതിൻറെ ഭാഗമായി സാഹിത്യത്തിലും ശാസ്ത്രം കലർത്താനുള്ള പ്രവണതയെ മലയാള സർവ്വകലാശാലയുടെ അഡ്ജങ്റ്റ് ഫാക്കൽറ്റിയുടെ ഉദ്ദേശലക്ഷ്യങ്ങൾ കൂടുതൽ പ്രചോദിപ്പിച്ചെന്ന് മാത്രം.


ശാസ്ത്രം, ടെക്നോളജി, ചരിത്രം, തത്വശാ സ്ത്രം, സാമ്പത്തികശാസ്ത്രം തുടങ്ങിയ കാര്യങ്ങൾ സാഹിത്യകൃതികളിലൂടെ ആവിഷ്ക്കരിക്കപ്പെടുമ്പോൾ വിവിധ വിജ്ഞാനമണ്ഡലങ്ങൾ കൈകാര്യം ചെയ്യാനുള്ള മലയാളത്തിൻ്റെ ശേഷിയാണ് സത്യത്തിൽ വർദ്ധിക്കുന്നത്. അതുപോലെ ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള ഗ്രന്ഥങ്ങൾ മലയാളത്തിൽ രചിക്കപ്പെടുകയും വേണം. അതൊന്നും ചെയ്യാതെ മെഡിസിനും എഞ്ചിനീയറിംഗും പഠിപ്പിക്കാൻ നമ്മുടെ ഭാഷയ്ക്ക് കരുത്തില്ലെന്ന് ആക്ഷേപിച്ചിട്ട് കാര്യമില്ല. ഉപയോഗം കൊണ്ടേ ഉപയോഗിക്കാനുള്ള കരുത്തുണ്ടാകൂ. പേശി വളർന്നതിന് ശേഷം വ്യായാമം ചെയ്യാമെന്ന് വിചാരിക്കുന്നത് വിഡ്ഡിത്തമാണ്. വ്യായാമം കൊണ്ട് പേശി വളരൂ.


ശാസ്ത്രാവിഷ്ക്കാരത്തിൽ മലയാളഭാ ഷയുടെ ശേഷി വളർത്താൻ ചെറുതല്ലാത്ത സംഭാവന ഞാൻ സാഹിത്യത്തിലൂടെ ചെയ്തിട്ടുണ്ട്. എൻ്റെ 'കുർക്സ്' എന്ന കഥ 116 സെയിലേഴ്‌സുമായി കടലിൽ മുങ്ങിപ്പോയ റഷ്യൻ ആണവ മുങ്ങിക്കപ്പലിനെ സംബന്ധിച്ചതാണ്. ആറ്റൊമിക്ക് സബ്‌മറൈനിൻ്റെ ഘടന, പ്രവർത്തനം, ആക്രമണരീതി, കപ്പിത്താന്മാരുടെ ജീവിതസാഹചര്യം എന്നീ കാര്യ ങ്ങളെല്ലാം ഈ കഥയിൽ ആവിഷ്കൃതമായിരിക്കുന്നു.'കുർക്സ്' എന്ന കഥ അത്ഭുതകരമായാണ് ശാസ്ത്രവിഷയത്തെ കലാപരമായി ആഖ്യാനത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് എം.ടി. പറഞ്ഞിട്ടുണ്ട്. മലയാളകഥയുടെ വിശിഷ്ടമായ ഒരു സമാഹാരഗ്രന്ഥത്തിൽ എൻ. എസ്. മാധവൻ കുർക്‌സ് എടുത്തുചേർത്തിട്ടുമുണ്ട്.


ജീവിതത്തിൻ്റെ പുസ്‌തകത്തിൽ ന്യൂറോളജിയും ഗൈനക്കോളജിയും സൈക്കോളജിയുമെല്ലാം സംലയിച്ചിരിക്കുന്നു. മുക്കുവജീവിതം, ബാങ്ക് ജീവിതം, സിനിമാജീവിതം എന്നീ കൾച്ചറൽ റജിസ്റ്ററുകളും കടന്നുവരുന്നു. ദൈവത്തിൻ്റെ പുസ്‌തകം തുടങ്ങുന്നത് തന്നെ നാസയിൽ അത്ലാന്റിക് 7 എന്ന ഉപഗ്രഹം വിക്ഷപിക്കുന്നത് ചിത്രീകരിച്ചുകൊണ്ടാണ്. തമോഗർത്തത്തെക്കുറിച്ചുള്ള ശാസ്ത്രീയ കാര്യങ്ങളും നോവലിൽ വിവരിക്കപ്പെടുന്നു.

ചരിത്രം, മതം, സാമ്പത്തികശാസ്ത്രം എന്നിവയും ആഖ്യാനഘടനയിൽ ഉൾച്ചേർന്നിട്ടുണ്ട്. മാതൃഭൂമി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച 'ഇവാക്വേറ്റ്'എന്ന കഥ ആദ്യമായി ഒരു ഫ്‌ളൈറ്റിനകത്തെ കാര്യങ്ങളും എയർ ഹോസ്റ്റസ്സുമാരുടെ ജീവിതവും ചിത്രീകരിക്കപ്പെടുന്ന രചന യാണ്. ഈ കഥ ഇപ്പോൾ എം.ജി. യൂണിവേഴ്‌സിറ്റി അവരുടെ സിലബസ്സിൽ ചേർത്തിട്ടുണ്ട്.


'എയർപോർട്ട് 'എന്ന് പേരുള്ള പുതിയൊരു ഇംഗ്ലീഷ് നോവൽ വായിച്ചാൽ പിന്നെ നേരെ കോക്ക്പിറ്റിൽ ചെന്നിരുന്ന് വിമാനം പറത്താമെന്ന തരത്തിലാണ് സാഹിത്യ ത്തിൽ ശാസ്ത്രം കയറിവരുന്നതെന്ന് നമ്മൾ ഓർക്കണം.


 

7)കേരളത്തിലെന്നല്ല, ഇന്ത്യയിലെന്നല്ല, ലോകത്ത് മൊത്തം വിദ്യാഭ്യാസരംഗം വലിയ വെല്ലുവിളികൾ നേരിടുകയാണ്. വിദ്യാർത്ഥിക്കും വിവരത്തിനുമിടയിലെ ഫെസിലിറ്റേറ്റർ മാത്രമാക്കി അദ്ധ്യാപകനെ ചുരുക്കിയതാണ് ഒരു പ്രധാന പ്രശ്‌നമെന്ന് താങ്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റെന്തെല്ലാം കാര്യങ്ങളാണ് വിദ്യാഭ്യാസരംഗത്തെ കുഴപ്പിക്കുന്നത്? വിദ്യാഭ്യാസം വിപണിസേവനമായി അധ:പ്പതിക്കുന്നത് വല്ലാത്ത പ്രശ്‌നമല്ലേ?

 

സാർവ്വലൗകികമായി വിദ്യാഭ്യാസരംഗം നേരിടുന്ന മൗലികപ്രശ്നം വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യസങ്കൽപ്പത്തിൽ സംഭവിച്ച പാകപ്പിഴയാണ്. ആ പാകപ്പിഴയുടെ ഭാഗമാണ് വിപണിസേവനവും. നല്ല വ്യക്തിയെ, നല്ല പൗരനെ, നല്ല മനുഷ്യനെ സൃഷ്ട‌ിക്കലാണ് സത്യത്തിൽ പഠനത്തിന്റെ ലക്ഷ്യം. എന്താണ് ഈ നല്ല വ്യക്തി, നല്ല പൗരൻ, നല്ല മനുഷ്യൻ?  നല്ല മനുഷ്യൻ സ്നേഹം, വാത്സല്യം, ദയ, സൗന്ദര്യബോധം, കാരുണ്യം എന്നീ ഗുണങ്ങൾ ഉൾച്ചേർന്ന ഹോമോസാപ്പിയനാണ്. ചെകുത്താനോ നാൽക്കാലിയോ ആയി പരിണമിക്കാവുന്ന ഇരുകാലിയെ മനുഷ്യത്വമുള്ള മനുഷ്യനാക്കുന്നതിനാണ് വിദ്യാഭ്യാസം പ്രധാനമായും ഉപകരിക്കേണ്ടത്. മറ്റു കാര്യങ്ങളെല്ലാം കുട്ടി ജനിച്ചശേഷം കണ്ണെഴുതിക്കുകയും പൊട്ട് തൊടുവിക്കുകയും കുപ്പായമിടുവിക്കുകയും ചെയ്യുന്ന പോലെയാണ്. ജീവനുണ്ടെങ്കിലല്ലേ അതിലെല്ലാം അർത്ഥമുള്ളു. ശവത്തിന്മേൽ ഇപ്പറഞ്ഞ പണികൾ ചെയ്‌തിട്ട് കാര്യമില്ലല്ലോ. അതിനാലാണ് വിശ്വഭാരതിയെന്ന മഹാവിദ്യാലയത്തിന് മുകളിൽ മഹാ കവി രവീന്ദ്രനാഥ ടാഗോർ യത്ര വിശ്വം ഭവത്യേക നീഡം എന്ന് എഴുതിവച്ചത്. അതായത് ഈ കലാലയത്തിലെ പഠിതാക്കളെല്ലാം ലോകത്തെ പക്ഷിക്കൂട് പോലെയാക്കാൻ തക്കവണ്ണം സ്നേഹവാത്സല്യചൈതന്യം നിറഞ്ഞവരാകട്ടെയെന്ന്.


നിർഭാഗ്യവശാൽ ഇരുകാലിയെ മനുഷ്യനാക്കാൻ മെനക്കെടാതെ ആറക്കം ശബളം വാങ്ങുന്ന, അംബരചുംബികൾ കെട്ടിപ്പൊക്കുന്ന, ആഡംബരവസ്തുക്കൾ പടച്ചുവിടുന്ന, പരിസ്ഥിതിയെ നശിപ്പിക്കുന്ന, ഗ്ലോബൽ വാമിംഗിന് തീ പിടിപ്പിക്കുന്ന രാക്ഷസന്മാരാക്കി മാറ്റാനുള്ള പഠിപ്പാണ് ലോകവ്യാപകമായി നടക്കുന്നത്. അതിന്റെ ഭാഗമായാണ് അദ്ധ്യാപകർ വെറും വിവരദാതാക്കളായി വേഷം കെട്ടുന്നത്, കച്ചവടതാൽപര്യം കലാലയത്തിലേക്ക് കയറുന്നത്. സാഹിത്യത്തെയും കലയെയും മാനവികവിഷയങ്ങളെയും അരുകാക്കി സയൻസിൻ്റെയും ടെക്നോളജിയുടെയും അനുപാതം സിലബസ്സിൽ കാൻസർ സെല്ലു പോലെ പെരുകുന്നതും അതുകൊണ്ടാണ്. പതിറ്റാണ്ടുകൾ ഈ പരിപാടി നടത്തിയ ശേഷം, അമേരിക്കയിലും മറ്റും ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ പത്തും പതിനഞ്ചും സഹപാഠികളെ തോക്കെടുത്ത് ചുടുമ്പോഴാണ് അയ്യോ, കുട്ടികളിൽ ഹ്യൂമൺ വാല്യൂസ് നഷ്ടപ്പെട്ടല്ലോയെന്ന് യുനെസ്ക്‌കോ അലറിവിളിക്കുന്നത്. വാല്യൂ ബേസ്ഡ് എഡ്യുക്കേഷനെപ്പറ്റി ഗവേഷണങ്ങൾ സംഘടിപ്പിക്കുന്നത്, ബുദ്ധിജീവികൾ ഘോരഘോരം പ്രസംഗിക്കുന്നത്.ഗവണ്മെ് ഓഫ് ഇന്ത്യാ റിപ്പോർട്ട് ഓൺ വാല്യു ബേസ്‌ഡ് എഡ്യൂക്കേഷൻ കുട്ടികളിൽ സംഭ വിക്കുന്ന മൂല്യച്യുതിക്ക് പറയുന്ന മുഖ്യകാരണമെന്താണെന്നോ?

'എക്സ‌്‌ക്ലൂസീവ് ഫോക്കസ്സ് ഓൺ കോഗ്നെറ്റീവ് റ്റു ദ ടോട്ടൽ നെഗ്ലറ്റ് ഓഫ് എഫക്റ്റീവ് ഡൊമൈൻസ്' എന്നാണ്.

അതായത് സയൻസും ടെക്നോളജിയും കോരിക്കുടിപ്പിച്ച് സാഹിത്യവും കലയും മാനവികവിഷയങ്ങളും മതമൂല്യങ്ങളും കൂട്ടിത്തൊടീക്കാത്തതാണ് പിള്ളേർ മൂല്യബോധമില്ലാത്ത നിഷ്‌ഠൂരരാകാൻ കാരണമെന്നർത്ഥം.




8)വിദ്യാഭ്യാസം പ്രാഥമികമായി നല്ല വ്യക്തിയെ, നല്ല പൗരനെ, നല്ല മനുഷ്യനെ സൃഷ്ടിച്ചെടുക്കുന്ന പ്രക്രിയയായി രിക്കണമെന്ന് പറഞ്ഞുവല്ലോ. ജ്ഞാനാന്വേ ഷണമെന്ന വിദ്യാഭ്യാസത്തിൻ്റെ ദൗത്യത്തിലും അതേപോലെ ഊന്നേണ്ടതില്ലേ? ഏതായാലും തൊഴിൽ തേടുന്നതിനുള്ള ഉപാധി മാത്രമായി വിദ്യാഭ്യാസത്തെ സമീപിക്കുന്ന ഇന്നത്തെ രീതി ശരിവയ് ക്കേണ്ടതുണ്ടോ ?


 ഏത് ജ്ഞാനവും പ്രവർത്തനക്ഷമമാകുന്നത് സമൂഹ ത്തിലാണ്. സമൂഹനിരപേക്ഷമോ, മനുഷ്യനിരപേക്ഷമോ ആയ കേവലജ്ഞാനം അസാദ്ധ്യമാണ്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസത്തിന്റെ ജ്ഞാനാന്വേഷണലക്ഷ്യവും ഉത്തമ മനുഷ്യ നിർമ്മാണലക്ഷ്യവും പരസ്‌പരം കൈകോർത്ത് പോകേണ്ടതാണ്. ഒന്ന് മുന്നിലും മറ്റൊന്ന് പിന്നിലും നടക്കേണ്ട കാര്യമില്ല. ജ്ഞാനം സമൂഹബദ്ധമായിരിക്കെ അതിൻ്റെ ആർജ്ജിക്കൽ സമൂഹത്തിന്റെയും വ്യക്തിയുടെയും ഉൽക്കർഷത്തിന് ഉതകുക തന്നെ ചെയ്യണം.


തൊഴിൽ നേടുന്നതിനുള്ള ഉപാധി മാത്ര മായി വിദ്യാഭ്യാസത്തെ മാറ്റുന്നത് മേൽപ്പറഞ്ഞ രണ്ട് ലക്ഷ്യത്തെയും അപായപ്പെടുത്തും. പക്ഷെ ലോകം മുഴുക്കെ പ്രബലമാകുന്ന പ്രവണത അതാണ്. ഫൈനാൻസ് കാപ്പിറ്റലിസത്തിന് ആവശ്യമുള്ള കൂലിപ്പണിക്കാരെ പടച്ചുവിടുന്ന ഫാക്റ്ററിയായി വിദ്യാലയങ്ങളെ പരിവർത്തിപ്പിക്കാനുള്ള നീക്കങ്ങൾ തകൃതിയാണ്. കലയെയും സാഹിത്യത്തെയും മാനവികവിഷ യങ്ങളെയും സ്ഥാനഭ്രഷ്ടമാക്കി സയൻസും ടെക്നോളജിയും സിലബസ്സിൽ കനം വയ്ക്കുന്നത് വെറുതെയല്ല. ഇന്ത്യയിലെ നാഷണൽ എഡ്യൂക്കേഷൻ പോളിസിയുടെ ആത്മാവും ഫൈനാൻസ് കാപ്പിറ്റലിസത്തിന് പണയപ്പെട്ടതാണ്.


9) എൻ.ഇ.പി. യിൽ അടങ്ങിയിട്ടുള്ള അപകടങ്ങളെക്കുറിച്ച് വ്യാപകമായ ചർച്ചകൾ രാജ്യമൊട്ടാകെ നടന്നു. താങ്കളുടെ കാഴ്ച്‌ചപ്പാടിൽ നാഷണൽ എഡ്യൂക്കേഷൻ പോളിസിയുടെ പ്രധാന ദോഷങ്ങൾ എന്തെല്ലാമാണ്?


 പെട്ടെന്ന് മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ഇവയാണ്.


●       കലാലയ ജനാധിപത്യത്തെ ദമനം ചെയ്യൽ എൻ.ഇ.പി. യുടെ സുപ്രധാന വൈകല്യമാണ്. കാമ്പസ്സുകളിലെ സംഘടനാ പ്രവർത്തനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, ആവിഷ്ക്കാര സ്വാതന്ത്യം എന്നിവയെല്ലാം പുതിയ വിദ്യാഭ്യാസപദ്ധതിയുടെ കണ്ണിലെ കരടാണ്. വിദ്യാർത്ഥികൾക്കകത്തെ വിമർശനപ്രജ്ഞയെ എൻ.ഇ.പി. തീർച്ചയായും ഛിദ്രപ്പെടുത്തും.


●        സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരെയും ദരിദ്രരെയും വിദ്യാഭ്യാസത്തിൻ്റെ പരിധിയിൽ നിന്ന് പുറത്താക്കാനുള്ള ഗൂഢോദ്ദേശം നാഷണൽ എഡ്യൂക്കേഷൻ പോളിസിക്കുണ്ട്. പാവപ്പെട്ടവർ മിക്കവാറും തൊഴിൽ പരിശീലനകേന്ദ്രങ്ങളിലേക്ക് തള്ളപ്പെടും.


●       പുതിയ വിദ്യാഭ്യാസനയത്തിൽ സംവരണത്തെക്കുറിച്ച് മിണ്ടാട്ടമില്ല. പോകെപ്പോകെ സംവരണപദ്ധതികൾ തന്നെ നിരാകരിക്കപ്പെടും. ദളിതരെ പുറത്തുനിർത്തൽ, ന്യൂനപക്ഷങ്ങളെ പുറത്തുനിർത്തൽ, മതനിരപേക്ഷമൂല്യങ്ങളെ പുറ ത്തുനിർത്തൽ, ജനാധിപത്യമൂല്യങ്ങളെ പുറത്തുനിർത്തൽ, ഇതെല്ലാം എൻ.ഇ.പി. യുടെ അഭേദ്യഭാഗമാണ്.


●       സ്കില്ലിന് നൽകുന്ന അമിതപ്രാധാന്യവും ലാൻഗ്വേജിനെ സ്കില്ലായി കാണലും എൻ.ഇ.പി. യുടെ മുഖ്യതകരാറാണ്. ടെക്നോളജി ലിങ്ക്‌ഡ് ആയി വിദ്യാഭ്യാസത്തെ കാണേണ്ടതില്ല, സ്കില്ലിനെയും ടെക്നോളജിയെയും ലിങ്ക് ചെയ്യേണ്ടതുമില്ല.


●       വിദേശസർവ്വകലാശാലാ കാമ്പസ്സുകൾ ഇന്ത്യയിൽ ആരംഭിച്ച് ഇന്ത്യൻ വിദ്യാഭ്യാസത്തെ ആഗോളവൽക്ക രിക്കാനുള്ള നീക്കം നടക്കും. ഇന്ത്യയിലെ വിദ്യാഭ്യാസം പടിഞ്ഞാറൻ നാടുകളിലേതിൽ നിന്ന് വ്യത്യാസ‌മായിരിക്കണം. ബ്രിട്ടീഷ് വിദ്യാർത്ഥിയെയോ അമേരിക്കൻ വിദ്യാർത്ഥിയെയോ പഠിപ്പിക്കേണ്ടതില്ലാത്ത കാര്യങ്ങൾ ഇന്ത്യൻ വിദ്യാർത്ഥിയെ നിർബ്ബന്ധമായും പഠിപ്പിക്കേണ്ടതുണ്ട്. ലോകത്തെ എല്ലാ സർവ്വകലാശാലകൾക്കും പൊതുവായ ഒരു സിലബസ്സ് എന്നൊരു കാര്യം അസാദ്ധ്യമാണ്. ഓക്സ്ഫോർഡോ കേംബ്രിഡ്‌ജോ ഇങ്ങോട്ടു വരുന്നുണ്ടെങ്കിൽ തന്നെ മറ്റൊരു ഓക്സ്ഫോർഡോ കേംബ്രിഡ്ജോ അവർ ഇവിടെ ഉണ്ടാക്കില്ല. പണമുണ്ടാക്കാനുള്ള സംരംഭമേ ആരംഭിക്കൂ. ഉപരിവർഗ്ഗത്തിനു മാത്രം കട ന്നുചെല്ലാവുന്ന ഇടങ്ങളായിരിക്കുമത്. അങ്ങനെ വിദ്യാഭ്യാസക്കച്ചവടം തകൃതിയാകും.


10) ഉന്മാദത്തിൻ്റെ വക്കിൽ നിന്നും ആർത്തിയോടെ ജീവിതം തിരിച്ചുപിടിച്ച രാമനുണ്ണി എന്ന വ്യക്തി രാമനുണ്ണി എന്ന എഴുത്തുകാരനിൽ എത്രത്തോളം തൃപ്തനാണ് ?


 സ്ക്കൂളിൽ പഠിക്കുന്ന കാലത്തെല്ലാം എനിക്ക് എഴുത്തുകാരനാകണമെന്ന ചിന്തയേ ഉണ്ടായിരുന്നില്ല. ശാസ്ത്രജ്ഞനാകാനായിരുന്നു മോഹം. നേരത്തെ സൂചിപ്പിച്ച അടിച്ചേൽപ്പിക്കപ്പെട്ട മനോരോഗമാണ് എന്നെ എഴുത്തുജീവിതത്തിലേക്ക് ഉന്തിത്തള്ളിയിട്ടത്. ആദ്യകഥയും നോവലുമെല്ലാം എഴുതുമ്പോൾ ഉന്നതമായ ലക്ഷ്യബോധമൊന്നും ഉണ്ടായിരുന്നില്ല. പിന്നെപ്പിന്നെയാണ് ഞാൻ എന്നിലെ എഴുത്തുകാരനെ നിർണ്ണയിച്ചത്. കുറേയെല്ലാം എഴുതാൻ കഴിഞ്ഞു, അതിന് ഭേദപ്പെട്ട അംഗീകാരങ്ങളും ലഭിച്ചു. എന്നാൽ ജീവിതത്തെയും ലോകത്തെയും മനു ഷ്യാവസ്ഥയെയും കുറിച്ച് എനിക്ക് പറയാനുള്ളതെല്ലാം പറയാൻ എന്നിലുള്ള എഴുത്തുകാരന് സാധിച്ചിട്ടില്ല എന്ന തോന്നലുണ്ട്. അത്തരത്തിൽ നോക്കുമ്പോൾ ഞാൻ എന്നിലെ എഴുത്തുകാരനിൽ അസംതൃപ്തനാണ്.


 



41 views0 comments
bottom of page