'ഇപ്പോൾ'
- GCW MALAYALAM
- Oct 14, 2024
- 1 min read
Updated: Oct 15, 2024
കവിത
അപ്പു മുട്ടറ

ദർബാറിൽ പടർന്ന
കുരുതിച്ചോരയെ
കുങ്കുമം എന്നേ വിളിക്കൂ
കുഞ്ഞേ, ഇപ്പോൾ ഇങ്ങനെ.
ചോദ്യം പ്രളയമുണ്ടാക്കും,
അതു കാട്ടുതീയാട്ടും
മഹായുദ്ധം പടയ്ക്കും.
ചോദ്യങ്ങളെ വിഴുങ്ങുക
വിശപ്പു ശമിച്ചു കിട്ടും.
ചിന്തയെ വെടിഞ്ഞേക്കുക
അതിനിപ്പോൾ പേര്
ഗൂഢാലോചനയെന്നാണ്
പരാതിയെന്നതിന്റെയർഥം
രാജദ്രോഹമെന്നാണ്.
മൗലികാവകാശവാദം
നിന്നെ'മാവോയിസ്‌റ്റാ'ക്കും.
നിലവിളിക്കാൻ പാടില്ല
അത് അധിക്ഷേപമാണ്.
വംശഹത്യയെന്നുവച്ചാൽ
ദേശഭക്തിയെന്നർഥം.
പൊടുന്നനേ കാണാതായ
കൂടപ്പിറപ്പിന്റെ പേരു നീ
ചൊല്ലിവിളിക്കാതിരിക്കുക
അതാണ് അച്ചടക്കം.
ശ്വാസം നിലയ്ക്കുവോളം
മൂക്കുപൊത്തിപ്പിടിക്കുക
അതാണ് പൗരബോധം.
ഖനിയുടെ കവാടത്തിൽ
നിലംപറ്റിക്കിടക്കുന്നു
കാവലന്റെ കൃഷ്ണമണി.
കവാടത്തിന്റെ റിമോട്ട്
കാണാമറയത്താകുന്നു.
കുഞ്ഞേ, നീയറിയുക :
ഉപ്പുകട്ടയിൽ കൊത്തിയെടുത്ത
അവസാന വിഗ്രഹവും
അലിഞ്ഞു പോയിരിക്കുന്നു.
മകുടം മുറിഞ്ഞു പോയ
നികുംഭിലയിൽ നിന്ന്
അരിച്ചരിച്ചു വരുന്നുണ്ട്
ദേവനാഗരീ ഗന്ധങ്ങൾ
എനിക്കായ് ഉഴിഞ്ഞു വച്ച
അവസാന 'ഗോലി'യെ
ഇറ്റാലിയൻ ജറീറ്റകൾ
പാട്ടുപഠിപ്പിക്കുകയാണ്.
ചിദംബരം,
നെടുമ്പന (തപാൽ)
കണ്ണനല്ലൂർ,
691 576,
കൊല്ലം.
Comments