top of page

ഉലകുടയതമ്പുരാന്‍പാട്ട് - ആചാരവും അനുഷ്ഠാനവും

ഡോ. ശ്രീലാറാണി എം.എസ്.

ഒരു ജനസാമാന്യത്തിന്‍റെ ഭൗതികവും ആത്മീയവുമായ ജീവിതസമ്പ്രദായമാണ് ഫോക് ലോർ . മനുഷ്യന്‍ ആര്‍ജ്ജിച്ചിട്ടുള്ള അറിവുകളുടെ ലോകം. പരിശീലനത്തിലൂടെയോ സ്മൃതിയിലൂടെയോ സംരക്ഷിച്ചുപോരുന്നതും ഒരാളില്‍നിന്ന് മറ്റൊരാളിലേയ്ക്ക് കൈമാറിവന്നതുമായ പാരമ്പര്യമാണ് ഫോക് ലോർ എന്ന് പ്രമുഖ ഫോക് ലോറിസ്റ്റായ തോംസണ്‍ അഭിപ്രായപ്പെടുന്നു. നാടോടിവിജ്ഞാനീയത്തില്‍ പാട്ടുകളെയും അനുഷ്ഠാനകലകളെയും തെക്കനെന്നും വടക്കനെന്നും രണ്ടായി തിരിച്ചിരിക്കുന്നു. തെക്കന്‍പാട്ടുകളില്‍ ഏറ്റവും പ്രസിദ്ധമായവയാണ് ഇരവിക്കുട്ടിപ്പിള്ളപ്പോരും ഉലകുടയപെരുമാള്‍പാട്ടും. ഇവയെ വില്പ്പാട്ടിന്‍റെ വിഭാഗത്തിലും ഉള്‍പ്പെടുത്തിക്കാണുന്നു. ഇവരണ്ടും വീരനായകന്മാരുടെ യുദ്ധവീര്യത്തിന്‍റെ കഥയാണ്.

ചരിത്രമുറങ്ങുന്ന തിരുവിതാംകൂറിന്‍റെയും വേണാടിന്‍റെയും പുതുമണ്ണില്‍ അറിവിന്‍റെ പൊരുള്‍ തേടുന്നവര്‍ക്ക് കൗതുകം ജനിപ്പിക്കുന്നവയാണ് തമ്പുരാന്‍പാട്ടുകള്‍. ചരിത്രപുരുഷന്മാരായ കഥാനായകന്മാര്‍ മരണാനന്തരം ദേവതുല്യരായി ആരാധിക്കപ്പെടുന്നു. അവരുടെ ജീവചരിത്രമാണ് തമ്പുരാന്‍പാട്ടുകളിലൂടെ പ്രകീര്‍ത്തിക്കപ്പെടുന്നത്. തെക്കന്‍പാട്ടുകളില്‍ അഗ്രഗണ്യമായ സ്ഥാനമാണ് ഇവയ്ക്കുള്ളത്. ദുര്‍ഭരണം നടത്തുന്ന ഭരണാധിപന്മാരുടെ ചതിയും വഞ്ചനയും ചരിത്രരേഖകളില്‍ കാണാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ അവയെല്ലാം പഴങ്കഥകളായി, ഐതീഹ്യങ്ങളായി നിലകൊള്ളുന്നു. ചതിയിലും വഞ്ചനയിലുംപെട്ട് രക്തസാക്ഷികളായ രാജാക്കന്മാരാണ് പാട്ടുകളിലൂടെ പുനരാവിഷ്കരിക്കപ്പെടുന്നത്. വീരാരാധനയില്‍നിന്ന് ഉടലെടുക്കുന്ന അപദാനകഥകളില്‍ പ്രധാനപ്പെട്ടതാണ് ഉലകുടയപെരുമാള്‍പാട്ടുകഥ.

തമ്പുരാന്‍ക്ഷേത്രങ്ങളിലെ പ്രധാന ഉത്സവചടങ്ങാണ് തമ്പുരാന്‍പാട്ട്. ഓരോദിവസവും പാടേണ്ട പാട്ട് കൃത്യമായി പറഞ്ഞുവച്ചിട്ടുണ്ട്. വൈകഭഗവതിയുടെ അനുഗ്രഹംകൊണ്ടുലഭിച്ച വീരപുരുഷനായ ഉലകുടയപെരുമാള്‍ യുദ്ധത്തില്‍ അതിനിപുണനായിരുന്നു. കുലവൈരിയായ മധുരമന്നനുമായുള്ള യുദ്ധത്തില്‍ തമ്പുരാന്‍ ജയിക്കുമെന്ന സന്ദര്‍ഭത്തില്‍ ദേവി തന്‍റെ ഉടവാള്‍ തിരിച്ചുവാങ്ങുന്നു. ഇതിനെത്തുടര്‍ന്ന് അഭിമാനിയായ തമ്പുരാന്‍ ആത്മഹത്യ ചെയ്യുന്നു. ഇതാണ് ഉലകുടയതമ്പുരാന്‍ക്ഷേത്രങ്ങളിലെ പാട്ടിനാധാരമായ കഥ.


ഉലകുടയപെരുമാള്‍ചരിതം

പുരാതനകാലത്ത് വൈക എന്ന രാജ്യത്ത് പ്രജാക്ഷേമതല്പരനും ഈശ്വരഭക്തനും വീരശൂരപരാക്രമിയും നീതിമാനുമായ ഒരു പെരുമാള്‍ രാജ്യം ഭരിച്ചിരുന്നു. ആ രാജാവിന്‍റെ സദ്ഭരണത്തില്‍ യജ്ഞ-ദാനധര്‍മ്മാദികളാല്‍ ഭൂമീദേവി സസ്യസമ്പൂര്‍ണ്ണയായി ശോഭിച്ചു. ജനങ്ങള്‍ സത്യസന്ധരും ദാനകര്‍മ്മങ്ങളില്‍ താല്പര്യമുള്ളവരും ആയിരുന്നു.

വൈകരാജ്യത്തിന്‍റെ വളര്‍ച്ചയില്‍ അസൂയമൂത്ത മധുരമന്നന്‍ ആ രാജ്യത്തെ തന്‍റെ രാജ്യത്തോടുചേര്‍ക്കാന്‍ അതിയായി ആഗ്രഹിച്ചു. പാണ്ഡ്യരാജാവായ മധുരമന്നന്‍ പെരുമാളിനെ പോരിനുവിളിച്ചു. ടപരുമാള്‍ തന്‍റെ നാലുസഹോദരന്മാര്‍ക്കൊപ്പം യുദ്ധം ചെയ്തു. പക്ഷേ ആ യുദ്ധത്തില്‍ അഞ്ചുരാജാക്കന്മാരും കൊല്ലപ്പെട്ടു വീരസ്വര്‍ഗ്ഗം പൂകി. അങ്ങനെ രാജ്യം മധുരമന്നന് സ്വന്തമായി. അഞ്ചുരാജാക്കന്മാര്‍ക്കുംകൂടി ഒരു സഹോദരി ഉണ്ടായിരുന്നു. രാജാക്കന്മാര്‍ വീരസ്വര്‍ഗ്ഗം പ്രാപിച്ചതോടെ രാജകുമാരി ഒറ്റപ്പെട്ടു. എന്നാല്‍ കൊട്ടാരത്തില്‍ അവശേഷിച്ച രാജകുമാരിയെ ഒറ്റപ്പെടുത്തി മധുരമന്നന് കീഴടങ്ങാന്‍ വൈകയിലെ മന്ത്രി തയാറായിരുന്നില്ല. കപ്പം നല്‍കിക്കൊള്ളാമെന്നും രാജകുമാരിയെക്കൊണ്ട് രാജായം ഭരിപ്പിച്ചുകൊള്ളാമെന്നുമുള്ള മന്ത്രിയുടെ ഉറപ്പിന്മേല്‍ രാജകുമാരി ഭരണം തുടര്‍ന്നു.

രാജകുമാരിക്ക് വിവാഹപ്രായമായപ്പോള്‍ തെങ്കാശിയിലെ രാജാവായ ധര്‍മ്മപ്പെരുമാളെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. രാജാവിന്‍റെ മേല്‍നോട്ടത്തില്‍ റാണി ഭരണം തുടര്‍ന്നു. തന്‍റെ ജ്യേഷ്ഠസഹോദരന്മാരെ വധിച്ച മധുരമന്നനോട് പ്രതികാരം ചെയ്യുന്നതിനുവേണ്ടി തനിയ്ക്കൊരു പുത്രനെ നല്‍കണമെന്ന് റാണി കുലദേവതയായ വൈകഭഗവതിയോട് പ്രാര്‍ത്ഥിക്കുന്നു. റാണി തന്‍റെ ആഗ്രഹം രാജാവിനെ അറിയിക്കുന്നു. റാണിയുടെ ഉദ്ദേശ്യശുദ്ധിയും ഈശ്വരഭക്തിയും പ്രതികാരവാഞ്ഛയും മനസ്സിലാക്കിയ രാജാവ് ക്ഷേത്രത്തില്‍ ഭജനമിരിക്കാന്‍ റാണിക്ക് അനുവാദം നല്‍കുന്നു. അങ്ങനെ റാണി ക്ഷേത്രത്തില്‍ ഭജനമിരിക്കുന്നു. തന്‍റെ ആഗ്രഹം സാധിക്കാന്‍ റാണി ക്ഷേത്രത്തില്‍ പൊന്നില്‍ കൊടിമരവും വെള്ളിയില്‍ ആല്‍ത്തറയും പൊന്നുകൊണ്ട് ശ്രീകോവിലും പണിയിച്ചു. മുടങ്ങാതെ പൂജ നടത്തി. എന്‍റെ അണ്ണന്മാരെ വധിച്ച മധുരമന്നനോട് പകരം വീട്ടാന്‍ വീരശൂരപരാക്രമിയും സമര്‍ത്ഥനും വിഷ്ണുതുല്യനുമായ ഒരു ഉത്തമപുത്രനെ മകനായി ലഭിക്കാന്‍വേണ്ട വരം തരണേയെന്ന് ഹൃദയം നൊന്ത് പ്രാര്‍ത്ഥിച്ചു. കുമാരിയുടെ ഭക്തിയില്‍ അകമലിഞ്ഞ് ദേവി പ്രത്യക്ഷപ്പെടുകയും അഭീഷ്ടമെന്തെന്ന് ആരായുകയും ചെയ്തു. റാണി തന്‍റെ ആഗ്രഹം ദേവിയെ അറിയിച്ചു. എന്നാല്‍ ഇത് സാധ്യമല്ല, എന്‍റെ പിതാവിനെ വിവരം ധരിപ്പിച്ച് മറുപടി നല്‍കാമെന്ന് പറഞ്ഞ് ദേവി അപ്രത്യക്ഷയായി. ദേവിയുടെ അഭ്യര്‍ത്ഥനപ്രകാരം ശ്രീമഹാദേവന്‍റെ അനുഗ്രഹത്താല്‍ ദേവി റാണിയുടെ അഭീഷ്ടം സാധിച്ചുകൊടുത്തു. പക്ഷേ ജനിക്കുന്ന കുഞ്ഞിന് ആയുസ്സ് കുറവായിരിക്കുമെന്നുകൂടി മഹാദേവന്‍ അറിയിച്ചു.

വൈകഭഗവതിയുടെ വരം ലഭിച്ച റാണി ഗര്‍ഭിണിയാവുകയും അനന്തരം ഗര്‍ഭധാരണകര്‍മ്മങ്ങളായ പൊങ്കപ്പാന, ശിവപൂജ, ഭഗവതിസേവ, ബ്രാഹ്മണര്‍ക്ക് ഗോദാനം മുതലായവ നല്‍കുകയും ചെയ്തു. പ്രസവത്തിനായി ചിത്രകൂടം നിര്‍മ്മിച്ചു. ആ സമയത്ത് കുറത്തിവേഷംധരിച്ച വൈകഭഗവതി കൊട്ടാരത്തിലെത്തി രാജ്ഞിയുടെ കൈനോക്കി ഫലം പറഞ്ഞു. കലിവര്‍ഷം 325-ാമാണ്ട് പൂരുട്ടാതിമാസം 5-ാം തീയതി വെള്ളിയാഴ്ച ഉത്രം നക്ഷത്രത്തില്‍ സാര്‍വ്വഭൗമനായ ഒരു പുത്രന്‍ ജനിക്കുമെന്ന് അറിയിച്ചു. അതിനുശേഷം സമ്മാനങ്ങളും വാങ്ങി കുറത്തി അപ്രത്യക്ഷയായി.

രാജ്ഞിക്ക് പ്രസവവേദന തുടങ്ങി. പരിചാരികയെ വരുത്തി ശുശ്രൂഷിച്ചു. കലിവര്‍ഷം 325-ാമാണ്ട് പൂരുട്ടാതിമാസം 5-ാം തീയതി വെള്ളിയാഴ്ച ഉത്രം നക്ഷത്രം പൗര്‍ണ്ണമിപക്ഷം പ്രഭാതം നാലുനാഴികക്കുമുന്‍പ് ചിങ്ങംരാശിയില്‍ സാര്‍വ്വഭൗമനായ തമ്പുരാന്‍ തിരുഅവതാരം ചെയ്തു. രാജ്യം ആഹ്ലാദത്തിലാറാടി. ജാതകനിര്‍ണ്ണയം, പേരിടല്‍ കര്‍മ്മം എന്നിവ നടന്നു. കുഞ്ഞിന് ഉലകുടയപെരുമാള്‍ എന്ന് നാമകരണം ചെയ്തു. അഞ്ചാംവയസ്സില്‍ വിദ്യാഭ്യാസവും ഏഴാംവയസ്സില്‍ ഉപനയനവും കഴിഞ്ഞു. പത്താംവയസ്സില്‍ ഗുരുകുലവിദ്യാഭ്യാസം മതിയാക്കി ഗുരുദക്ഷിണയും നല്‍കി ഗുരുവിന്‍റെ അനുഗ്രഹവും വാങ്ങി തിരികെ കൊട്ടാരത്തിലെത്തി. തുടര്‍ന്ന് ആയുധാഭ്യാസവും അശ്വാരൂഢപരിശീലനവും സ്വായത്തമാക്കി. അതിനുശേഷം അദ്ദേഹം നാലുയുവാക്കളെ സഹോദരന്മാരായി ദത്തെടുത്തു.

യൗവനദശയെത്തിയ പെരുമാള്‍ ചോഴമണ്ഡലത്തിലെ ഏഴ്കന്യകമാരെ ആചാരപ്രകാരം വിവാഹം കഴിച്ചു. കലിവര്‍ഷം 345-ാമാണ്ട് വൈകാശിമാസം 22-ാം തീയതി രാജകിരീടം ധരിച്ച് ഉലകുടയപെരുമാള്‍ രാജ്യഭരണം ആരംഭിച്ചു.

അമ്മയുടെ അഭീഷ്ടശപഥത്തിന് വിരാമമിടണമെന്ന് പെരുമാള്‍ ചിന്തിക്കുന്നു. അമ്മയുടെ അനുവാദം വാങ്ങി അദ്ദേഹം വൈകക്ഷേത്രത്തിലെക്ക് പോകുകയും അവിടെ ഭജനമിരിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ കഠിനമായ തപസ്സില്‍ പ്രസന്നയായ ദേവി പ്രത്യക്ഷപ്പെട്ട് അഭീഷ്ടമെന്താണെന്ന് ചോദിക്കുന്നു. തന്‍റെ അമ്മാവന്മാരെ കൊന്ന മധുരമന്നനോട് യുദ്ധം ചെയ്യുന്നതിന് ദാരികനെ കൊന്ന വാള്‍ നല്‍കണമെന്ന് പെരുമാള്‍ അപേക്ഷിക്കുന്നു. എന്നാല്‍ ആ വാള്‍ തന്‍റെ കയ്യിലില്ലെന്നും ഒരു ചൊട്ട വാള്‍ മാത്രമേ ഉള്ളൂവെന്നും അതുവേണമെങ്കില്‍ തരാമെന്നും ദേവി പറഞ്ഞു. എന്നാല്‍ ദാരികനെ കൊന്ന വാള്‍തന്നെ വേണമെന്ന് അദ്ദേഹം വീണ്ടും അപേക്ഷിക്കുന്നു. ദാരികന്‍റെ തലയും വാളും താന്‍ താതന്‍റെ തൃപ്പാദത്തില്‍ അടിയറ വച്ചുപോയെന്നും ഇനിയത് തിരികെ ചോദിക്കുക സാധ്യമല്ലെന്നും ദേവി പറഞ്ഞു. ഇതില്‍ കുപിതനായ പെരുമാള്‍ വീണ്ടും കഠിനതപസ്സ് തുടങ്ങി. ദേവി പ്രത്യക്ഷപ്പെട്ടില്ല. തന്‍റെ അഭീഷ്ടം സാധിക്കാത്ത ദൈവത്തെ ഇനി ആരാധിക്കുകയില്ലെന്ന് പറഞ്ഞ് അദ്ദേഹം ക്ഷേത്രമതില്‍ ഇടിച്ചുനിരത്തി ചുറ്റുമതില്‍തകര്‍ക്കാനും കൊടിമരം പിഴുതെറിയാനും കല്പന നല്‍കി. ദേവിക്ക് നില്ക്കപ്പൊറുതി ഇല്ലാതായി. ദേവി ഉഗ്രരൂപിണിയായി തമ്പുരാനെ പേടിപ്പിച്ചു. അദ്ദേഹം ഭയപ്പെട്ടില്ല. അനന്തരം ദേവി ശിവഭഗവാനെ ശരണം പ്രാപിച്ചു. വാള്‍ നല്‍കാമെന്നും ചോദിക്കുന്ന സമയത്ത് തിരികെ നല്‍കണമെന്ന് സത്യം ചെയ്യിച്ച് വാള്‍ നല്‍കാന്‍ ശിവഭഗവാന്‍ പറഞ്ഞു. അങ്ങനെ ഉപാധികളോടെ ലഭിച്ച വാളുമായി പെരുമാള്‍ യുദ്ധത്തിനുപോകുന്നു. പല തടസ്സങ്ങളും ഉണ്ടായെങ്കിലും ഘോരമായ യുദ്ധം തുടര്‍ന്നു. മധുരമന്നന്‍റെ ആറുസഹോദരങ്ങളും മരിക്കുകയും സൈന്യത്തിന്‍റെ ഏറിയ ഭാഗവും നശിക്കുകയും ചെയ്തു. ആുദ്ധത്തില്‍ തോറ്റമധുരമന്നന്‍ മലയിലൊളിച്ചു. അവിടെവച്ച് വേടപ്പടയുമായി സഖ്യം ചേരുകയും അവരുമായി വന്ന് വീണ്ടും യുദ്ധം ചെയ്യുകയും ചെയ്തു. യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയത്ത് പരമശിവന്‍റെ നിര്‍ദ്ദേശപ്രകാരം ദേവി തന്‍റെ ഉടവാള്‍ തിരികെചോദിച്ചു. തമ്പുരാന്‍ കൊടുക്കാന്‍ തയാറായില്ല. ദേവി വാള്‍ ഒടിച്ചെടുത്തുകൊണ്ട് അപ്രത്യക്ഷയായി. വാള്‍ നഷ്ടപ്പെട്ടാല്‍ യുദ്ധം ജയിക്കാനാവില്ലെന്ന് നന്നായി അറിയാവുന്ന തമ്പുരാന്‍ പരിവാരങ്ങള്‍ക്കൊപ്പം അശ്വാരൂഢനായി ശിവക്ഷേത്രത്തിലെത്തി ചൊട്ടവാള്‍ നിലത്തൂന്നി അതിലേയ്ക്കു കമിഴ്ന്നുവീണ് ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്ത തമ്പുരാനെയും സഹോദരന്മാരെയും വിമാനസഞ്ചാരികളായ ദേവന്മാര്‍ ദേവലോകത്തെത്തിച്ചു. അനന്തരം അവര്‍ മഹാദേവന്‍റെ സന്നിധിയിലെത്തി സ്വര്‍ഗ്ഗത്തെ പ്രാപിച്ചു. ഈ വാര്‍ത്തയറിഞ്ഞ മധുരമന്നന്‍ ദു:ഖാകുലനായി തമ്പുരാന്‍റെ കൊട്ടാരത്തിലേയ്ക്ക് ദു:ഖക്കൂറ കൊടുത്തയച്ചു. വിവരമറിഞ്ഞ മാതാവും ഭാര്യമാരും നാവുചുറ്റിപ്പിഴുതെറിഞ്ഞ് ആത്മഹത്യ ചെയ്തു. കൈലാസപതിയായ ഭഗവാന്‍റെ അനുഗ്രഹത്താല്‍ സ്വര്‍ഗ്ഗം പൂകിയ ഉലകുടയമന്നവന് അദ്ദേഹം വരം കൊടുത്തു. സര്‍വ്വചരാചരങ്ങളും മന്നനെ പൂജിക്കും, ഭൂലോകവാസികളാല്‍ വാഴ്ത്തപ്പെടും എന്ന് അരുളിച്ചെയ്തു. മന്നനെ നിന്ദിക്കുന്നവര്‍ക്ക് മഹാരോഗങ്ങളായ വസൂരി, വിഷൂചിഭ്രാന്ത്, അപസ്മാരം, സന്താനനാശം, വീട്ടുകലഹം, ദുര്‍മരണം എന്നിവ സംഭവിച്ച് ഉന്മൂലനാശം വരുമെന്നും ഭഗവാന്‍ അരുളിച്ചെയ്തു. ഇതാണ് പൂര്‍ണ്ണമായ ഉലകുടയപെരുമാള്‍ചരിതം.

തമ്പുരാന്‍പാട്ട് ആചാരങ്ങളും അനുഷ്ഠാനങ്ങളും

തമ്പുരാന്‍പാട്ട് ഒരു അനുഷ്ഠാനകലയായും ഗണിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ പാലിക്കേണ്ടതായ ചിട്ടവട്ടങ്ങളുണ്ട്. തമ്പുരാന്‍പാട്ടുമായി ബന്ധപ്പെട്ട് അനേകം കഥാവ്യതിയാനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പല ക്ഷേത്രങ്ങളിലും ഇതിന്‍റെ ആചാരാനുഷ്ഠാനങ്ങളിലും വ്യത്യാസങ്ങളുണ്ട്. ഈ പാട്ടുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്ന, പാലിക്കപ്പെട്ടുപോരുന്ന പ്രസിദ്ധമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം വെഞ്ഞാറമൂടിനടുത്തുള്ള ആലിയാട് എന്ന സ്ഥലത്തുള്ള ആലിയാട് ഊരൂട്ടുമണ്ഡപം തമ്പുരാന്‍ക്ഷേത്രം. അപമൃത്യു സംഭവിച്ച രാജാക്കന്മാര്‍ക്കുവേണ്ടി പൂജ നടത്തുന്ന സ്ഥലങ്ങളാണ് ഊരൂട്ടുമണ്ഡപങ്ങള്‍ അല്ലെങ്കില്‍ ഊരൂട്ടമ്പലങ്ങള്‍. വൈകഭഗവതിയായ ഭദ്രാദേവിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ദേവിയ്ക്ക് കാവലാളായി നില്‍ക്കുന്ന തമ്പുരാനാണ് പ്രധാന ആരാധനാമൂര്‍ത്തി. ഉത്സവം തുടങ്ങി ഏഴുദിവസവും തമ്പുരാന്‍പാട്ട് മുടങ്ങാതെ പാടിവരുന്നു. ഓരോദിവസവും തമ്പുരാന്‍റെ ഓരോ അപദാനകഥയാണ് പാടുന്നത്. തമ്പുരാന്‍റെ ജന്മനാളായ ഉത്രം നക്ഷത്രത്തില്‍ ഉത്സവം കൊടിയേറുന്നു. ഇവിടെ നടത്തപ്പെടുന്ന മറ്റൊരു ചടങ്ങാണ് ഊട്ടുപാട്ട്. സന്ധ്യാദീപാരാധന കഴിഞ്ഞ് പാണന്‍ മുരശുകൊട്ടിയതിനുശേഷം കണിയാന്‍ ഊട്ടുതുടങ്ങുന്നു. ഊട്ടുകഴിഞ്ഞിട്ടാണ് പാട്ട് ആരംഭിക്കുന്നത്. തമ്പുരാന്‍റെ ആത്മാവ് പ്രതികാരദാഹിയായി വസൂരി വിതറിക്കൊണ്ട് യാത്രചെയ്തെന്നും അത് ഈ ലോകത്തെത്തന്നെ നശിപ്പിക്കുമെന്ന് മനസ്സിലാക്കിയ പരമശിവനും പാര്‍വതീദേവിയും പാണന്‍റെയും കണിയാന്‍റെയും വേഷത്തില്‍ ആറ്റിങ്ങല്‍ കല്ലമ്പലത്തിനടുത്ത് മുള്ളറംകോട് എന്ന സ്ഥലത്തുവച്ച് ആ ആത്മാവിനെ തടഞ്ഞെന്നുമാണ് ഐതീഹ്യം. അതുകൊണ്ടുതന്നെ തെക്കുനിന്ന് വടക്കോട്ടുപോകുമ്പോള്‍ കാണുന്ന അവസാനത്തെ ഊരൂട്ടുമണ്ഡപമാണ് മുള്ളറംകോടുള്ളതെന്നു കാണാം. തടഞ്ഞ ആത്മാവിനെ പ്രസാദിപ്പിക്കുന്നതിനായി, ജനങ്ങള്‍ ഇനിയുള്ള കാലം ക്ഷേത്രങ്ങളില്‍ മുരശുമുട്ടിയശേഷം ഊട്ടുപാട്ടുനടത്തുമെന്നു പറഞ്ഞതില്‍ സന്തുഷ്ടനായ തമ്പുരാന്‍ തന്‍റെ യാത്ര അവസാനിപ്പിച്ചെന്നാണ് ഊട്ടുമായി ബന്ധപ്പെട്ട ഐതീഹ്യം. പകല്‍സമയങ്ങളില്‍ ഊട്ടുപാട്ട് നടത്താറില്ല, തമ്പുരാന്‍പാട്ട് മാത്രമേയുള്ളൂ.

ഉത്സവം കൊടിയേറിയശേഷം മുരശുമുട്ടി ഊട്ടുംകഴിഞ്ഞ് പാട്ട് ആരംഭിക്കുന്നു. ആദ്യ ദിവസം പാട്ട് കുറച്ചുസമയംമാത്രമേ ഉണ്ടാകുകയുള്ളൂ. ഗണപതിസ്തുതിയും മറ്റ് ദേവതാസ്തുതികളും പാടി അവസാനിപ്പിക്കുന്നു. അടുത്തദിവസംമുതല്‍ തമ്പുരാന്‍പാട്ട് കഥയ്ക്കനുസരിച്ച് അവതരിപ്പിക്കപ്പെടുന്നു. പത്തുചേരും വൈകക്കര തന്നിലേ എന്നുതുടങ്ങുന്ന പാട്ടോടെ കഥ തുടങ്ങുന്നു. ഇതിനെ കീഴ്പ്പാട്ടെന്നാണ് പറയുന്നത്. തമ്പുരാന്‍റെ അമ്മ ഋതുമതിയാകുന്നതും നല്ല മകനെ ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നതും ഭജനമിരിക്കുന്നതും തമ്പുരാനെ ഗര്‍ഭം ധരിക്കുന്നതും പൊങ്കാലചടങ്ങുമെല്ലാമാണ് അതില്‍ ഉള്‍പ്പെടുന്നത്. റാണിയുടെ കല്യാണത്തിന് പാട്ടില്‍ അധികപ്രാധാന്യം കാണുന്നില്ല. മൂന്നാംദിവസമാണ് തമ്പുരാന്‍റെ ജനനം. പാലകന്‍പിറപ്പ്എന്നാണ് പാട്ടില്‍ അതിനെ പറയുന്നത്. മൂന്നാംദിവസം വൈകിട്ടോടെ റാണിക്കു പ്രസവിക്കുവാനുള്ള സ്ഥലം സജ്ജീകരിക്കുന്നു. അതിന് ചിത്തിരകൂടം കെട്ട് എന്നാണ് പറയുന്നത്. രാത്രി പത്തരമണിയ്ക്കാണ് തമ്പുരാന്‍റെ ജനനം. പിന്നീട് പൊക്കിള്‍ക്കൊടി മുറിക്കലും തൊട്ടിലാട്ടും നടക്കുന്നു. തൊട്ടിലാട്ടുന്ന ഭാഗം പാടുമ്പോള്‍ പൊലിവ് എന്നൊരു ചടങ്ങുണ്ട്. തമ്പുരാനെ (കുഞ്ഞിനെ) കാണാന്‍ വരുന്നവര്‍ എന്ന സങ്കല്പത്തില്‍ ഭക്തജനങ്ങള്‍ കാണിയ്ക്ക സമര്‍പ്പിക്കുന്ന ചടങ്ങാണത്. അന്നത്തെ പാട്ട് പൊലിവോടെ അവസാനിക്കുന്നു. നാലാംദിവസം കുഞ്ഞിന്‍റെ ചോറൂണ്, എഴുത്തിനിരുത്ത്, വിദ്യാഭ്യാസം, ആയോധനമുറ, അഭ്യാസം എന്നിവയാണ് പാടുന്നത്. അഞ്ചാംദിവസം യുദ്ധം ആരംഭിക്കുന്നു. പാട്ടില്‍ ഇതിനെ കടലിപ്പോര് എന്നാണ് പറയുന്നത്. മധുരമന്നനെ കൊലചെയ്യുക എന്ന ചിരകാലാഭിലാഷം സാര്‍ത്ഥകമാക്കാന്‍ നടത്തുന്ന യുദ്ധമാണത്. പോരില്‍ ജയിക്കുന്ന തമ്പുരാനെ രാജാവായി അഭിഷേകം ചെയ്യുന്നു. അതിനുശേഷം വീണ്ടും യുദ്ധം ചെയ്യുന്നു. ഏഴാംദിവസത്തെ യുദ്ധത്തില്‍ ദേവി വാള്‍ തിരിച്ചുവാങ്ങുകയും അതോടെ തന്‍റെ സൈന്യത്തിന് ജയിക്കാന്‍ കഴിയില്ലെന്ന് തമ്പുരാന് ബോധ്യമാവുകയും ചെയ്യുന്നു. അങ്ങനെ ആത്മാഭിമാനിയായ തമ്പുരാനും സഹോദരന്മാരും ആത്മഹത്യ ചെയ്യുന്നതാണ് പൊതുവിലുള്ള സങ്കല്‍പ്പം. അതുകൊണ്ട് ഏഴാംദിവസത്തെ പാട്ടിന് ദു:ഖക്കൂറ എന്നാണ് പറയുന്നത്. പല ക്ഷേത്രങ്ങളിലും ഇത് പാടിവരുന്നു. എന്നാല്‍ ആലിയാട് ക്ഷേത്രത്തില്‍ ദു:ഖക്കൂറ പാടാറില്ല. പകരം തമ്പുരാനും സഹോദരന്മാരും കാടുകയറുന്നുവെന്ന് പാടിനിര്‍ത്തുന്നു. കാരണം ഇവിടുത്തെ ഭക്തരുടെ സങ്കല്‍പ്പമനുസരിച്ച് തമ്പുരാന് മരണമില്ല. ഇവിടെ കുഞ്ഞുങ്ങള്‍ക്ക് പേരിടല്‍ കര്‍മ്മം നടത്തുമ്പോള്‍ ആണ്‍കുഞ്ഞാണെങ്കില്‍ പെരുമാള് എന്ന് പേര് ചൊല്ലിയാണ് വിളിക്കുന്നത്.

ആലിയാട് പ്രദേശത്ത് തമ്പുരാന്‍പാട്ടിനെ ജനകീയമാക്കുന്നതില്‍ പ്രധാനപങ്ക് വഹിച്ചത് ചെറുക്കുഴിക്കര വൈദ്യനാശാന്‍, കണ്ണാട്ട് ആശാന്മാര്‍, കൃഷ്ണനാശാന്‍, സുകുമാരപിള്ള ആശാന്‍, അപ്പുക്കുട്ടന്‍പിള്ള ആശാന്‍ എന്നിവരാണ്. അതിന്‍റെ പിന്‍തുടര്‍ച്ചക്കാരനായിരുന്നു അകാലത്തില്‍ പൊലിഞ്ഞുപോയ ശ്രീകുമാര്‍ എം എസ്. ഇന്നും ഈ മേഖലയില്‍ സജീവമായി നില്‍ക്കുന്നവരാണ് ആലിയാട് രമണന്‍ നായര്‍, ആലിയാട് ഉദയകുമാര്‍, ശ്രീധരന്‍പിള്ള എന്നിവര്‍. ആചാരപ്രകാരം സ്ത്രീകള്‍ തമ്പുരാന്‍പാട്ട് പഠിക്കാന്‍ പാടില്ല എന്നാണ് വിശ്വാസം. ചരിത്രമുറങ്ങുന്ന മണ്ണില്‍ഒരു സംസ്കാരത്തിന്‍റെ അവശേഷിപ്പുകളായി തുടരുന്ന പൈതൃകസവിശേഷതയായ ഈ പാട്ടുകളെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയും പുതുതലമുറയുടെ ആവശ്യവുമാണെന്ന് തിരിച്ചറിഞ്ഞ് കൂടൂതല്‍ ആളുകള്‍ ഈ കലയെ ഏറ്റെടുക്കുക്കുമെന്നും പഠനവിധേയമാക്കുമെന്നും പ്രത്യാശിക്കാം.


സഹായഗ്രന്ഥങ്ങള്‍

  • ഉലകുടെപ്പെരുമാള്‍ പാട്ടുകഥ - ഡോ. ഗംഗാധരന്‍ തിക്കുറിശ്ശി, സാഹിത്യകൈരളി പബ്ലിക്കേഷന്‍സ്, നവംബര്‍ 2006

  • തെക്കന്‍കഥാഗാനങ്ങള്‍ - ഡോ. ഗംഗാധരന്‍ തിക്കുറിശ്ശി, കേരളഭാഷാഇന്‍സ്റ്റിറ്റ്യൂട്ട്, ജൂണ്‍ 2005

  • തെക്കന്‍പാട്ടുകള്‍ പാഠവും പഠനവും - പ്രൊഫ. ജെ പദ്മകുമാരി, (സംശോധനവും പഠനവും), കേരളസാഹിത്യ അക്കാഡമി, നവംബര്‍ 2009

  • തെക്കന്‍പാട്ടുകള്‍ ചില അടിസ്ഥാനചിന്തകള്‍ - ഡോ. വിക്രമന്‍തമ്പി, രാജരാജവര്‍മ്മ ഭാഷാപഠനകേന്ദ്രം, നവംബര്‍             2000

Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page