ഒച്ച തുടർച്ചകൾ...
- GCW MALAYALAM
- Sep 14, 2024
- 1 min read
Updated: Sep 15, 2024
കവിത
രാജീവ് മാമ്പുള്ളി
ഗവ. പോളിടെക്നിക്ക് കോളേജ്
പെരിയ - കാസർകോഡ് - 671320.

ഒച്ചയിലിണയിമ്പം ചേർത്തു
തുമ്പമലിഞ്ഞു പാടിയോരുഭയജീവി
ശബ്ദവിന്യാസത്തോടുമല്ലിട്ട്
സുല്ലിടാതെ സ്വരസാധകം ചെയ്ത്
വട്ടക്കിണർജീവിതപൊയ്മറതാണ്ടി
തലവിരിഞ്ഞോരാകാശം കണ്ടന്തിച്ചു നിൽപ്പുണ്ട് -
പടരുമിമ്പമാമൊച്ചത്തോർച്ചയിൽ വീണ്ടും നനഞ്ഞുണരാൻ.
ഇമ്പം മുറിച്ചയിടർച്ചാസ്വരങ്ങൾ
വാക്കീണത്തിലിണഞ്ഞുപിണഞ്ഞ്
ഉൾത്തൊണ്ടയിലൊളിച്ചിരുപ്പുണ്ട് -
ഇമ്പകാമ്പാർന്ന വാക്കിനെ
ചൊറിച്ചുമല്ലി ഉൾത്തരിപ്പുണർത്താൻ.
ഇളവെയിലൊച്ചയിൽ ഒരൊച്ചരിച്ചരിച്ചു നീങ്ങുന്നു.
ഒച്ചയിടാത്ത മൗനം വാക്കുലയിൽ വെന്തു നീറുന്നു.
ഉച്ചവെയിലിൽ നിഴലൊളിപ്പിച്ചോരൊച്ച സ്വരസ്ഥാനത്തണൽ മാറ്റിയുരുകി ഉച്ചസ്ഥായിയിൽ പാടുന്നു.
ചോരചൂടേറ്റിയ വാക്കിടർച്ചയിൽ
ഓർമ്മയൊച്ചപ്പെയ്ത്തുകളൊക്കെ
അഴിഞ്ഞൊരുകാലം.
അറിയാതെ നിറഞ്ഞുതഴുകുന്ന
കാറ്റൊച്ചയുയിരലിഞ്ഞൊരു
പാട്ടലയിലൊളിക്കുന്നു.
നിറവാർന്നോരരുവി തലതല്ലി
ചിരിച്ചാർത്തുമയങ്ങിയയൊഴുക്കിൽ വിണ്ണൊച്ചയൊളിപ്പിക്കുന്നു.
ഉൾത്തുടിപ്പാൽ
തലതെറിച്ചുണർന്ന വിത്ത്
മാറിൽ മണ്ണൊച്ചയൊളിപ്പിക്കുന്നു.
സ്നേഹപകർച്ച മുറിഞ്ഞോരൊച്ചയൊളിപ്പിച്ച രാവിൻ കടൽക്കരയിൽപൂന്തിയ കാൽപ്പാടുകൾ പിൻതിരയിലലിഞ്ഞുമായുന്നു.
ഒച്ചമയങ്ങിയമച്ചിലെ
പഴകിയ മണമരിച്ചിറങ്ങി
മൂക്കുപിടഞ്ഞു തുമ്മിയയൊച്ച
ഒറ്റമുറി വീടിന്നുണർച്ചയായി
തുടരൊച്ചയായി പടരുന്നു...!
Comments