top of page

ഒരു ദേശത്തിൻകതൈ

Updated: Mar 15

ഭാഗം -എട്ട്

സാംസ്കാരികജീവിതത്തിലെ ബഹുസ്വരത

ഉഭയഭാഷാസംസ്കാര മുള്ള വിവിധജാതിമതവിഭാഗങ്ങൾ ഒന്നിച്ചുജീവിക്കുന്ന ഇടമായതിനാൽ തെക്കൻതിരുവിതാംകൂറിൽ വ്യത്യസ്തസാംസ്‌കാരികധാരകൾ പ്രകടമാണ്.. ആചാരം, വിശ്വാസം, ജീവിതരീതി എന്നിവയിൽ ബഹുസ്വരത പ്രകടിപ്പിക്കുമ്പോഴും ചില പൊതുകാര്യങ്ങളിൽ ഏകസ്വഭാവം പ്രകടിപ്പിക്കുന്നതും കാണാം. അത്തരത്തിലുള്ള ചില സാംസ്കാരികഘടകങ്ങളെക്കുറിച്ചാണ് താഴെ സൂചിപ്പിക്കുന്നത്.


ഭക്ഷണം

നെൽക്കൃഷിയാണ് തെക്കൻതിരുവിതാംകൂറിലെ പ്രധാന വിള.തിരുവിതാംകൂറിന്റെ നെൽക്കലവറയായ 'നാഞ്ചിനാട്' തെക്കൻതിരുവിതാംകൂറിലാണുളളത്. വയലുകളിൽ നെല്ലു ധാരാളം വിളയുമ്പോഴും സാധാരണക്കാർക്ക് അരിയാഹാരം ഒരുകാലത്ത് ലഭ്യമല്ലായിരുന്നു. നെല്ല്, ഭക്ഷണാവശ്യത്തിലുപരി ക്രയവിക്രയത്തിനുള്ള ഉപാധികൂടിയായിരുന്നു. നെല്ലു വിറ്റാണ് പലരും ജീവിതച്ചെലവുകൾ നടത്തിയിരുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും വയലിൽ പണിയെടുക്കുന്നവർക്ക് 'നെല്ലരി'യാഹാരം വയർനിറച്ചു കഴിക്കാൻ കഴിയില്ലായിരുന്നു.. തൊഴിലാളികൾക്കു കൂലിയായി കൊടുത്തിരുന്നതും നെല്ലായിരുന്നു. അതും പലപ്പോഴും ഒരു കുടുംബത്തിന്റെ ആവശ്യത്തിനുപോലും തികയുകമില്ലായിരുന്നു. ഇവിടത്തെ മനുഷ്യവിഭവശേഷിയെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള നെൽക്കൃഷി ഒരുകാലത്തും തെക്കൻ തിരുവിതാംകൂറിൽ ഉണ്ടായിരുന്നില്ല. ഉല്പാദനത്തെക്കാൾ ആവശ്യക്കാർ നെല്ലിനുണ്ടായിരുന്നു. ചില അവസരങ്ങളിൽ സാധാരണക്കാർക്കും ഉയർന്നവിഭാഗക്കാർക്കും അരി അപ്രാപ്യമായിരുന്നു. 'കഞ്ഞി'യായിരുന്നു ഇവിടത്തെ പ്രധാന അരിഭക്ഷണം. അതിനുകാരണം നെല്ലിന്റെ ഉല്പാദനക്കുറവുതന്നെ. വെള്ളം വാർത്തെടുത്ത ചോറു വിഭവസമൃദ്ധമായ ഭക്ഷണമായിരുന്നു. സാമൂഹികനിലയിൽ മുൻപന്തിയിൽ നിന്നവർപോലും എല്ലാ ദിവസവും ചോറു കഴിച്ചിരുന്നില്ല. കല്യാണം, വിശേഷദിവസങ്ങൾ എന്നീ അവസരങ്ങളിൽ മാത്രമേ ചോറ് ഉണ്ടായിരുന്നുള്ളൂ.

അരിയുടെ കുറവു പരിഹരിച്ചത് മരച്ചീനി(കപ്പ)ക്കൃഷിയിലൂടെയായിരുന്നു. സാധാരണക്കാരന്റെ പ്രധാനഭക്ഷണമായിരുന്നു മരച്ചീനി. വിശാഖംതിരുനാളിന്റെ ഭരണകാലത്താണ് ബ്രസീലിൽനിന്നെത്തിയ ഈ ഭക്ഷ്യവസ്തു ഇവിടെ വ്യാപകമാകുന്നത്. വയലുകളിൽ ഇടവിളയായും കരകളിൽ പൊതുവിളയായും മരച്ചീനി നട്ടിരുന്നു. നൂറുമുട്ടൻ, കരിയിലെപ്പിരിയൻ, പന്നിവെള്ള, കൊണ്ടചുവപ്പൻ, കലിയൻ, സുന്ദരിവെള്ള, വെള്ളപ്പിരിയൻ തുടങ്ങിയവയാണ് പ്രധാനപ്പെട്ട മരച്ചീനിയിനങ്ങൾ. (ജനാർദ്ദനൻ നായർ ആർ: 70 വയസ്സ്: കുളത്തൂർ) മരച്ചീനി പലരീതിയിൽ ഭക്ഷണയോഗ്യമാക്കാം. പ്രാതലിന് മുറിച്ചു (കഷണങ്ങളാക്കി) വേവിച്ചു കാന്താരിമുളകോ ചമ്മന്തിയോ തേങ്ങയോ ചേർത്തു കഴിക്കും. ഉച്ചയ്ക്കും രാത്രിയും മരച്ചീനി ചെറുതായി അരിഞ്ഞു പുഴുങ്ങി മഞ്ഞൾപ്പൊടിയും മുളകും ചേർത്തു തുടുപ്പുകൊണ്ടിടിച്ചു ചേർത്ത് മീനിനോടൊപ്പമോ അല്ലാതെയോ കഴിക്കും. മിച്ചംവരുന്ന പുഴുക്ക് രാവിലെ പഴങ്കഞ്ഞിയോടുകൂടിയും കഴിക്കും. 'പാവങ്ങളുടെ തീറ്റ' എന്നറിയപ്പെട്ടിരുന്ന മരച്ചീനി ആഭിജാത്യം കുറഞ്ഞവരുടെ ഭക്ഷണമായിട്ടാണു കാണപ്പെട്ടിരുന്നത്. കഞ്ഞികുടിക്കുന്നത് തരക്കേടില്ലാത്ത സാമ്പത്തികശേഷിയുള്ളവരും മരച്ചീനി കഴിക്കുന്നത് അല്ലാത്തവരുമായിരുന്നു. എന്നാൽ ഇന്ന് ആഡംബരഹോട്ടലുകളിലെ വിശിഷ്ടഭക്ഷണമെന്ന നിലയിൽ മരച്ചീനി മാറിക്കഴിഞ്ഞു. അതിന് വിലയും കൂടുതലാണ്.


സദ്യ


സദ്യ ഒരു വിശേഷഭക്ഷണമാണ്. അത് എല്ലാ ദിവസവും ഉണ്ടാകാറില്ല. വിശേഷദിവസങ്ങളിലേ കാണൂ. സദ്യ തയ്യാറാക്കാൻ വലിയ സാമ്പത്തികച്ചെലവു വേണ്ടിയിരുന്നു. തെക്കൻതിരുവിതാംകൂറിലെ മലയാളബ്രാഹ്‌മണർ, നായർ, വെള്ളാളസമുദായക്കാർ എന്നിവർ മാത്രമായിരുന്നു സദ്യയുടെ പ്രയോക്താക്കൾ. നെൽക്കൃഷിയും അരിയും സമൃദ്ധമായുണ്ടായിരുന്ന ഒരു ജനവിഭാഗത്തിനു മാത്രമാണു സദ്യകഴിക്കാൻ ആദ്യകാലത്തു നിർവ്വാഹമുണ്ടായിരുന്നുള്ളൂ. സദ്യ വിളമ്പുന്നതിനു ചില ചിട്ടകളുണ്ട്. വാഴയുടെ തുമ്പിലയിൽ മാത്രമേ വിളമ്പാവൂ. ഇഞ്ചി, നാരങ്ങ, മാങ്ങ, കിച്ചടി, പച്ചടി, തോരൻ, അവിയൽ, പരിപ്പ്, സാമ്പാർ, ഓലൻ, പുളിശ്ശേരി, രസം, മോര്, ചോറ്, പായസം, ബോളി, മുഴുനാരങ്ങ, പഴം, വറ്റൽ, പപ്പടം തുടങ്ങിയവ ചേർന്ന കൂട്ടാണ് സദ്യ. വിഭവങ്ങൾ ക്രമം തെറ്റാതെ തുമ്പിലയുടെ ഇടതുഭാഗത്തുനിന്നു വലത്തോട്ടു വിളമ്പണം. കഴിക്കാനിരിക്കുന്ന ആളിന്റെ ഇടതുഭാഗത്തായിരിക്കണം ഇലയുടെ തുമ്പു വരേണ്ടത്. എല്ലാ വിഭവങ്ങളും വിളമ്പിക്കഴിഞ്ഞതിനുശേഷം മാത്രമേ ആളിനെ ഇരുത്താറുള്ളൂ.

സദ്യ കേരളത്തിൽ എല്ലായിടത്തുമുണ്ടെങ്കിലും അതിന്റേതായ ചില ചിട്ടവട്ടങ്ങളോടെ തയ്യാറാക്കുന്നതും വിളമ്പുന്നതും തെക്കൻതിരുവിതാംകൂറിലാണ്. ഇഞ്ചി, നാരങ്ങ എന്ന ക്രമം തെറ്റാതെ വേണം സദ്യയ്ക്കു വിളമ്പാൻ. അല്ലാത്തപക്ഷം അവർ സദ്യ ബഹിഷ്‌കരിക്കും. ഇപ്പോൾ ഹിന്ദുക്കളായ എല്ലാവിഭാഗക്കാരും വിശേഷദിവസങ്ങളിൽ സദ്യയാണു പ്രധാനഭക്ഷണമായി ഒരുക്കുന്നത്.


സസ്യേതരഭക്ഷണം


ആദ്യകാലത്തു 'മീൻ' ആയിരുന്നു സസ്യേതരഭക്ഷണങ്ങളിൽ പ്രമുഖസ്ഥാനം വഹിച്ചിരുന്നത്. തെക്കൻതിരുവിതാംകൂറിൽ വിപുലമായ കടൽത്തീരമുണ്ട്. അതുകൊണ്ടു മീൻ ഇവിടെ സുലഭമാണ്. തീരപ്രദേശമില്ലാത്തതു തോവാളയ്ക്കു മാത്രമാണ്. കടലിൽനിന്നെത്തുന്ന മീൻ അന്നേദിവസം തന്നെ ലഭിക്കുന്നതുകൊണ്ട് മീൻഭക്ഷണത്തോടു് ഇന്നാട്ടുകാർക്കു വലിയ താല്പര്യമാണ്. ബ്രാഹ്‌മണരൊഴികെ ബാക്കി എല്ലാ സമുദായക്കാരും നിത്യഭക്ഷണത്തിൽ മീൻ ഉപയോഗിക്കുന്നുണ്ട്. മരച്ചീനിയോടും ചോറിനോടുംകൂടി കഴിക്കാവുന്ന ഒരു പ്രധാന കൂട്ടാണ് മീൻകറി. ചാള, നൊത്തോലി, കൊഴിയാള, കീരിച്ചാള, വാള, അയല, ചൂര, വങ്കട, നവര എന്നിവയാണ് ഇവിടത്തുകാർക്കു പ്രിയപ്പെട്ട മീനിനങ്ങൾ. മീനില്ലാതെ ഭക്ഷണം കഴിക്കാത്തവരുടെ നാടുകൂടിയാണ് തെക്കൻതിരുവിതാംകൂർ. ജാതിമതഭേദമെന്യേ എല്ലാവിഭാഗക്കാരും മീൻപ്രിയരാണ് ഇവിടെ.

ക്രിസ്തുമതത്തിന്റെയും ഇസ്ലാംമതത്തിന്റെയും വരവോടെയാണ് ഇറച്ചിയുടെ ഉപയോഗം വ്യാപകമാകുന്നത്. കോഴി, എല്ലാവിഭാഗക്കാരുടെയും വളർത്തുപക്ഷിയാണ്. മുട്ടയ്ക്കുവേണ്ടിയാണ് പ്രധാനമായും കോഴിയെ വളർത്തിയിരുന്നത്. വിശേഷദിവസങ്ങളിൽ കോഴിക്കറി ഹൈന്ദവരൊഴികെയുള്ള വിഭാഗക്കാരുടെഇടയിൽ പ്രധാനമായിരുന്നു. കാളയിറച്ചി, പോത്തിറച്ചി, ആട്ടിറച്ചി എന്നിവ അടുത്തകാലത്താണു തെക്കൻതിരുവിതാംകൂറിൽ വ്യാപകമായത്. ഇറച്ചിവിഭവങ്ങൾ ക്രിസ്ത്യൻ-മുസ്ലീം വിഭാഗക്കാരുടെയിടയിൽ സ്വാഭാവികഭക്ഷണം തന്നെയായിരുന്നു. ഇന്ന് എല്ലാ വിഭാഗം ആളുകളും തങ്ങളുടെ താല്പര്യവും ഇഷ്ടവുംനോക്കി സസ്യേതരഭക്ഷണം തിരഞ്ഞെടുത്തു കഴിക്കുന്നു. നിത്യഭക്ഷണത്തിൽ സസ്യേതരഭക്ഷണം ഉപയോഗിക്കുമ്പോഴും നായർസമുദായം തങ്ങളുടെ വിശേഷദിവസങ്ങളിൽ (ജനനം, വിവാഹം, മരണം, ഓണം) സസ്യഭക്ഷണം മാത്രമേ കഴിക്കാറുള്ളൂ. ആ ദിവസങ്ങളിൽ തൊടുകറിയായിപ്പോലും ഇറച്ചിവിഭവങ്ങൾ ഉപയോഗിക്കാറില്ല. ഈ സമുദായക്കാർക്കിടയിൽ മരണാനന്തരം പതിനാറടിയന്തരത്തിന്ന് സദ്യയോടൊപ്പം മീൻകറി നിർബ്ബന്ധമാണ്. എന്നാൽ ഇറച്ചിക്കറി പാടില്ലതാനും. ഈ ചിട്ടകൾ ഭക്ഷണകാര്യത്തിൽ ഇപ്പോഴും കൃത്യമായി പുലർത്തുന്നത് നായർസമുദായം മാത്രമാണ്.


പ്രഭാതഭക്ഷണം


സാമ്പത്തികസ്ഥിതിയുള്ള ജാതിവിഭാഗക്കാരുടെയിടയിൽ ആദ്യകാലത്തു പ്രഭാതഭക്ഷണം കഞ്ഞിയായിരുന്നു. തേങ്ങയിട്ട കഞ്ഞിയോടൊപ്പം ചമ്മന്തിയോ പപ്പടമോ ഉണ്ടാകും. സാധാരണക്കാരുടെയും തൊഴിലാളികളുടെയും വീട്ടിൽ പലപ്പോഴും പഴങ്കഞ്ഞിയും തലേദിവസം മിച്ചംവന്ന മരച്ചീനിയുമായിരിക്കും കാണുക. അതും എല്ലാവരുടെ വീട്ടിലും ഉണ്ടാകണമെന്നില്ല. ചക്കയുടെയും മാങ്ങയുടെയും കാലത്ത് അതായിരുന്നു സാധാരണക്കാരുടെ പ്രഭാതഭക്ഷണം. മാങ്ങയണ്ടിയുടെ ഉള്ളിലെ പരിപ്പ് കറിവച്ചു കഴിച്ചിരുന്നു. 'മാങ്ങയുടെ അണ്ടി നന്നായി അരച്ച് വെള്ളത്തിൽ പിഴിഞ്ഞ് ഊറ്റ കളഞ്ഞ് അരിച്ചെടുത്തു കിട്ടുന്ന മാവ് കഞ്ഞിവച്ചു കുടിക്കുമായിരുന്നു. 'അണ്ടിക്കഞ്ഞി' എന്നാണിതിനു പേര്. പുറംമുള്ളൊഴികെ ചക്കയുടെ മുഴുവൻഭാഗവും ഭക്ഷണത്തിനായി ഉപയോഗിച്ചിരുന്നു. പ്രകൃതിവിഭവങ്ങളെ ആശ്രയിച്ചായിരുന്നു അടുത്തകാലം വരെയും സാധാരണക്കാരുടെ ജീവിതം മുന്നോട്ടുപോയിരുന്നത്.'

വൃശ്ചികമാസത്തിൽ കാച്ചിൽ, നനകിഴങ്ങ്, ചെറുകിഴങ്ങ്, മുക്കിഴങ്ങ്, കൂവക്കിഴങ്ങ്, ചേമ്പ്, ചേന തുടങ്ങിയ കിഴങ്ങിനങ്ങൾ വിളവെടുക്കുന്ന സമയമാണ്. പ്രാതലും രാത്രിഭക്ഷണവും പലപ്പോഴും ഈ സമയത്തു് ഈ കിഴങ്ങുവർഗ്ഗങ്ങളായിരിക്കും.

ചക്കയും മാങ്ങയും മുമ്മാസം

താളും തകരയും മുമ്മാസം

ചേമ്പും ചേനയും മുമ്മാസം

അങ്ങനെയിങ്ങനെ മുമ്മാസം


എന്ന ചൊല്ല് പ്രകൃതിവിഭവങ്ങൾ നമ്മുടെ ഭക്ഷണത്തിലെ പ്രധാന ഘടകമായിരുന്നുവെന്നതിനു തെളിവാണ്. ഏതെങ്കിലും ഭക്ഷണത്തിന്റെ വക്താക്കളല്ല നമ്മൾ. സീസണനുസരിച്ചു പ്രകൃതിയിൽനിന്നു കിട്ടുന്ന കാർഷികോല്പന്നങ്ങളാണ് നമ്മുടെ ഭക്ഷണസംസ്‌കാരത്തിന് അടിസ്ഥാനം. എന്നാൽ ഇന്ന് ഉല്പാദനവും കാലവും നമ്മൾ കഴിക്കുന്ന ഭക്ഷണവും തമ്മിൽ ഒരു ബന്ധവുമില്ല. മറ്റു സംസ്ഥാനങ്ങളിലും മറ്റു പ്രദേശങ്ങളിലും ഉല്പാദിപ്പിക്കുന്നവയാണ് നമ്മുടെ ഭക്ഷണം. അരിയാഹാരത്തിൽ മാത്രമാണ് ഒരു തുടർച്ച കാണുന്നത്. ബാക്കിയെല്ലാം ലഭ്യതയ്ക്കനുസരിച്ചു മാറിക്കൊണ്ടിരിക്കുന്നു.

1970-കളോടെ പ്രഭാതഭക്ഷണത്തിൽ പഴങ്കഞ്ഞിക്കു പകരം ദോശ, പുട്ട്, ഇഡ്ഡലി എന്നിവ കടന്നുവന്നു. അരി, ഗോതമ്പ്, മരച്ചീനി, ചളങ്ങ തുടങ്ങിയവയുടെ മാവുപയോഗിച്ചായിരുന്നു ആദ്യകാലത്ത് ഈ പലഹാരങ്ങൾ ഉണ്ടാക്കിയിരുന്നത്. ഇന്നു ബേക്കറിപ്പലഹാരങ്ങളും ഫാസ്റ്റ് ഫുഡു ജീവിതത്തിന്റെയും ഭക്ഷണത്തിന്റെയും അവിഭാജ്യഭാഗമായി മാറി.


വസ്ത്രധാരണം


പത്തൊൻപതാംനൂറ്റാണ്ടിന്റെ അവസാനംവരെ കേരളത്തിൽ വസ്ത്രധാരണം ഗൗരവമുള്ള സംഗതിയായിരുന്നില്ല. നാണം മറയ്ക്കാനുള്ള വസ്ത്രം മാത്രമേ ജാതിമതഭേദമെന്യേ എല്ലാ വിഭാഗക്കാരും ധരിച്ചിരുന്നുള്ളൂ. പതിമൂന്നാംനൂറ്റാണ്ടിൽ കേരളത്തിലെത്തിയ മാർക്കോപ്പോളൊ, ഇവിടത്തെ രാജാക്കന്മാരുടെ വേഷം കഷ്ടിച്ചു മുട്ടോളമെത്തുന്ന ഒറ്റമുണ്ടായിരുന്നുവെന്നു രേഖപ്പെടുത്തിയിട്ടുണ്ട് (വില്യംലോഗൻ:2017:350). 1662-ൽ കൊല്ലം റാണിയെ സന്ദർശിച്ച ഡച്ചു നാവികനായ ജോൺ ന്യൂഹാഫ് റാണിയുടെ വേഷം അരയിൽ ചുറ്റിയ മുണ്ടും തോളത്തിട്ടിരുന്ന ഒരു ചെറിയ വസ്ത്രവുമാണെന്ന് യാത്രാവിവരണത്തിലെഴുതിയിട്ടുണ്ട് (വില്യംലോഗൻ:2017:355). നായന്മാരുടെ വസ്ത്രം ഒരു കഷണം തുണിയാണ്. നായർസ്ത്രീകൾ വെളുത്ത മുണ്ട് അരവരെ ചുറ്റി മുട്ടറ്റമെത്തുംവരെ ഉടുക്കുന്നു. ജാത്യാചാരപ്രകാരം നായർസ്ത്രീകൾ മാറുമറയ്ക്കാൻ പാടില്ലായിരുന്നു എന്ന് വില്യം ലോഗൻ മലബാർ മാന്വലിൽ പറയുന്നുണ്ട് (2017:360). ആചാരത്തിന്റെ ഭാഗമായിരുന്നു വസ്ത്രധാരണവും എന്നർത്ഥം. 1905-ലെ ഒരു പത്രവാർത്ത ഇപ്രകാരമാണ്:

'കൊച്ചിയിലെ തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ റവുക്ക ധരിച്ചുപോയ ചില നായർസ്ത്രീകളോടു റവുക്ക ധരിച്ചു ക്ഷേത്രത്തിൽ കയറാൻ പാടില്ലെന്നു ക്ഷേത്രാധികാരികൾ അറിയിച്ചതിനാൽ ആ സ്ത്രീകൾക്കു റവുക്ക അഴിക്കേണ്ടിവന്നതായും ഇതിനെപ്പറ്റി സ്ത്രീകളുടെ സംബന്ധക്കാർ ഹർജികൾ അയച്ചിട്ടുള്ളതായും മറ്റും കേട്ടുകേൾവി വാസ്തവമാണെന്നറിയുന്നു' (മലയാളമനോരമ ദിനപത്രം:1905 ഡിസംബർ 23).

ഏതെങ്കിലും ജാതിയോടോ പ്രത്യേകവിഭാഗത്തോടോ ഉള്ള വിവേചനമായിരുന്നില്ല ഇത് എന്ന് ഈ വാർത്ത തെളിയിക്കുന്നു. സവർണ്ണരായാലും അവർണ്ണരായാലും അരയ്ക്കുമേലുള്ള വസ്ത്രധാരണം ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കംവരെ ആചാരവിരുദ്ധമായിരുന്നു. 'ഏതാഢ്യന്റെയും ഓമനമക്കൾ കോണകമേ ഉടുത്തിരുന്നുള്ളൂ' എന്നു ഭാസ്‌കരനുണ്ണി പി. പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് (2012:612). ആയില്യംതിരുനാളിന്റെ കാലത്തുപോലും രാജാക്കന്മാർ മേൽവസ്ത്രം അണിഞ്ഞിരുന്നില്ല. ചരിത്രപരമായ ഈ വസ്തുതകളിൽനിന്നു വസ്ത്രധാരണം തിരുവിതാംകൂറിലും തെക്കൻതിരുവിതാംകൂറിലും തീർത്തും ആധുനികമാണെന്നു മനസ്സിലാക്കാം. ബ്രിട്ടീഷുകാരുടെ വരവും നവീനവിദ്യാഭ്യാസവും പുതുവസ്ത്രസാംസ്‌കാരികബോധത്തിന് ഇട നൽകി.

വിശേഷാവസരങ്ങളിൽ പുരുഷന്മാർ വെള്ള മുണ്ടും ഷർട്ടും ധരിക്കുന്നതാണ് ഇപ്പോഴത്തെ പതിവ്. വീട്ടിൽ കൈലി (ലുങ്കി) ഉപയോഗിക്കുന്നു. സ്ത്രീകൾ പുറത്തുപോകുമ്പോൾ സാരിയും ബ്ലൗസും ധരിക്കുന്നു. വീട്ടിലായിരിക്കുമ്പോൾ കൈലിയും ബ്ലൗസും തോർത്തുമാണ് അവരുടെ വസ്ത്രം. ആൺകുട്ടികൾക്കു നിക്കറും ബനിയനുമാണു വീട്ടിലെ വേഷം. പെൺകുട്ടികൾ ഫ്രോക്കും പാവാടയും ഉടുക്കുന്നു. ചെറിയ കുട്ടിയായിരിക്കുമ്പോൾ ചെറിയ പാവാട ഉപയോഗിക്കുന്നു. വലുതാകുമ്പോൾ പെൺകുട്ടി വലിയ പാവാടയിലേക്കു മാറുന്നു. വസ്ത്രധാരണം സദാചാരത്തിന്റെയും സംസ്‌കാരത്തിന്റെയും ചിഹ്നമായിരുന്നു. പെൺകുട്ടി പ്രായപൂർത്തിയായാൽ പിന്നെ ദാവണിയിലേക്കു മാറുന്നതാണ് സാധാരണം.

വിവാഹദിവസം കല്യാണച്ചെറുക്കൻ വെള്ള മുണ്ടും വെള്ള ഷർട്ടും ധരിക്കുന്നു. സ്ത്രീ പട്ടുസാരിയും കസവുസാരിയും അണിയുന്നു. കല്യാണത്തിനെത്തുന്ന സ്ത്രീകളുടെ വസ്ത്രവും സാരിയായിരിക്കും. പുരുഷന്മാരുടേതു മുണ്ടും ഷർട്ടുംതന്നെ. സ്‌കൂളുകളിൽ യൂണിഫോം നിലവിൽവരുന്നതിനുമുൻപു് ആൺകുട്ടികളുടെ വസ്ത്രം മുണ്ടും ഷർട്ടും തന്നെയായിരുന്നു. ക്രിസ്ത്യൻസമുദായത്തിലെ പുരുഷന്മാർ വിവാഹത്തിനു പാന്റും ഷർട്ടും സ്ത്രീകൾ സാരിയും ധരിക്കുന്നു.

കൂലിപ്പണിക്കും വയലിൽപ്പണിക്കും പോകുന്നവരുടെ തലയിൽ തോർത്തുകൊണ്ടോ തുണികൊണ്ടോ ഒരു ചുറ്റിക്കെട്ടുണ്ടാകും.

ഇന്നു തെക്കൻതിരുവിതാംകൂറിനുമാത്രമായി ഒരു വസ്ത്രധാരണരീതിയില്ല. പുതിയ കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചുള്ള വസ്ത്രസങ്കല്പം ഇവിടെയും കാണാം. മുണ്ടും ഷർട്ടും പാന്റും ഷർട്ടും ടീഷർട്ടും ഒക്കെയായി മാറി. സ്ത്രീകൾ ചുരിദാറും നൈറ്റിയും ഉപയോഗിക്കുന്നു. പാരമ്പര്യഭക്ഷണം, പാരമ്പര്യാചാരം പാരമ്പര്യവിശ്വാസം എന്നതുപോലെ വസ്ത്രത്തിൽ ഇവിടത്തുകാർ പാരമ്പര്യവാദികളല്ല.

പ്രാദേശിക, ദേശീയ, അന്തർദ്ദേശീയതലത്തിലുള്ള മാറ്റങ്ങൾ ഇന്നാട്ടിലെ വസ്ത്രസങ്കല്പത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. തിരുവിതാംകോടു ഭാഗത്തുള്ള മുസ്ലീംസ്ത്രീകൾ ധരിക്കുന്ന പർദ്ദ ഒഴിച്ചുനിർത്തിയാൽ, മറ്റു സ്ത്രീപുരുഷന്മാർ ഉപയോഗിക്കുന്ന വസ്ത്രങ്ങൾക്കെല്ലാം വ്യത്യാസത്തെക്കാൾ സമാനതയാണു കാണാൻ കഴിയുന്നത്. വസ്ത്രധാരണത്തിൽ തെക്കൻതിരുവിതാംകൂറിനു മാത്രമായി മൗലികതയില്ല.


ദായക്രമവും കുടുംബഘടനയും


തെക്കൻതിരുവിതാംകൂറിൽ മക്കത്തായവും മരുമക്കത്തായവും ഉണ്ടായിരുന്നു. ബ്രാഹ്‌മണസമുദായം മക്കത്തായമാണു പിൻതുടർന്നത്. തിരുവിതാംകൂർരാജകുടുംബവും നായർസമുദായവും മരുമക്കത്തായരീതിയാണു സ്വീകരിച്ചിരുന്നത്. അധികാരം മരുമക്കൾക്കു ലഭിക്കുന്നതാണ് മരുമക്കത്തായത്തിന്റെ പ്രത്യേകത. അധികാരത്തിന്റെയും സ്ഥാവരജംഗമവസ്തുക്കളുടെയും അവകാശം മരുമക്കത്തായത്തിൽ മരുമക്കൾക്കു ലഭിക്കും. തിരുവിതാംകൂറിന്റെ രാജാധികാരം മരുമക്കത്തായമുറയ്ക്കാണു കൈമാറിയിരുന്നത്. രാജാക്കന്മാർ നായർസമുദായത്തിലെയോ വെള്ളാളസമുദായത്തിലെയോ സ്ത്രീകളെയാണു വിവാഹംകഴിച്ചിരുന്നത്. മാർത്താണ്ഡവർമ്മയുടെ അമ്മാവനായ രാമവർമ്മമഹാരാജാവിന്റെ മക്കൾ മക്കത്തായത്തിനുവേണ്ടി വാദിച്ചവരായിരുന്നു. മക്കളായ രാമൻതമ്പിയും പപ്പുത്തമ്പിയും രാജാധികാരം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നു മനസ്സിലാക്കി മാർത്താണ്ഡവർമ്മയുമായി ശത്രുതയിലാകുന്നു. മാർത്താണ്ഡവർമ്മയാകട്ടെ രണ്ടുപേരെയും വധിച്ചുകളഞ്ഞു. മക്കത്തായം തെക്കൻതിരുവിതാംകൂറിൽ പൊതുദായക്രമമാകുന്നതിനു പിന്നെയും വർഷങ്ങൾ വേണ്ടിവന്നു. 1912-ലെ തിരുവിതാംകൂർ നായർ റെഗുലേഷൻ ആക്ട് പ്രകാരം നായർസമുദായം മക്കത്തായത്തിലേക്കു വഴിമാറി (Anil Kumar S:2016:118). അച്ഛന്റെ സ്വത്തിനു മക്കൾ അവകാശികളായി. അച്ഛന്റെ മരണാനന്തരച്ചടങ്ങുകൾ മക്കൾ ചെയ്യേണ്ടിവന്നു. തുടർന്ന് കൂട്ടുകുടുംബവ്യവസ്ഥ തകരുന്നു, അണുകുടുംബരീതി കടന്നുവരുന്നു.

തെക്കൻതിരുവിതാംകൂറിൽ മറ്റുസമുദായങ്ങളെല്ലാം ആദ്യംമുതൽക്കേ മക്കത്തായം പിൻതുടരുന്നവരായിരുന്നു. നാടാർ (ചാന്നാർ), പുലയർ, പറയർ, ഈഴവർ തുടങ്ങിയവരെല്ലാം മക്കത്തായികളാണ്. വെള്ളാളരിൽ രണ്ടുവിഭാഗക്കാരുണ്ട്. നാഞ്ചിനാട്ടുവെള്ളാളരും ശൈവവെള്ളാളരും. നാഞ്ചിനാട്ടുവെള്ളാളർ ആദ്യകാലത്തു മരുമക്കത്തായികളായിരുന്നു, ശൈവവെള്ളാളർ മക്കത്തായികളും. ശൈവവെള്ളാളരെ തമിഴ്‌വെള്ളാളരെന്നും നാഞ്ചിനാട്ടുവെള്ളാളരെ മലയാളവെള്ളാളരെന്നും (മരുമക്കത്തായികളായതുകൊണ്ട്) വിളിച്ചിരുന്നു.നാഞ്ചിനാട്ടുവെള്ളാളരുടെ കുടുംബത്തിലെ സ്ത്രീകളെയാണ് തിരുവിതാംകൂർരാജാക്കന്മാർ സംബന്ധം ചെയ്തിരുന്നത്.ഇന്നു വെള്ളാളസമുദായത്തിലെ എല്ലാവിഭാഗക്കാരും മക്കത്തായികളാണ്.ഏറ്റവും പ്രാചീനദായക്രമമായ മരുമക്കത്തായം പുതിയ കാലത്തിന്റെ ആവശ്യത്തിനനുസരിച്ചു മക്കത്തായത്തിലേക്കു പൂർണമായും മാറി. തെക്കൻതിരുവിതാംകൂറിലെ എല്ലാജാതിവിഭാഗങ്ങളും നിലവിൽ മക്കത്തായികളാണ്.

അച്ഛനും അമ്മയും മക്കളുമടങ്ങുന്നതാണ് തെക്കൻതിരുവിതാംകൂറിലെ നിലവിലെ കുടുംബം. മരുമക്കത്തായക്രമം പിൻതുടർന്നിരുന്ന കാലത്ത് കൂട്ടുകുടുംബമായിരുന്നു കുടുംബവ്യവസ്ഥ. നായർ, നാഞ്ചിനാട്ടുവെള്ളാളർ എന്നിവർ താവഴി ദായക്രമം പാലിച്ചതിനാൽ പല തലമുറക്കാരുടെ വലിയൊരു സംഖ്യ കുടുംബാംഗങ്ങൾ ഓരോ വീട്ടിലുമുണ്ടായിരുന്നു. മരുമക്കത്തായവ്യവസ്ഥ മാറിയതോടെ കൂട്ടുകുടുബസമ്പ്രദായം തകർന്നു. പകരം അണുകുടുംബങ്ങൾ രൂപംകൊണ്ടു. നേട്ടങ്ങൾ പലതുണ്ടെങ്കിലും വ്യക്തിപരമായ അരക്ഷിതാവസ്ഥ അണുകുടുംബങ്ങൾക്കിടയിൽ വന്നുപെടുന്നതിനു മക്കത്തായവ്യവസ്ഥ കാരണമായിട്ടുണ്ട്.


മീശ

തെക്കൻതിരുവിതാംകൂറിലെ പുരുഷന്മാരുടെ ഒരു സവിശേഷതയാണ് വലിയ മേൽമീശ. രണ്ടുവശത്തേക്കും പിരിച്ച് ഉയർത്തിപ്പിടിച്ച കൊമ്പൻമീശ ആൺസ്വത്വത്തെ നിർണ്ണയിക്കുന്ന ഒരു ഘടകമായി ഇവിടെ കണക്കാക്കപ്പെടുന്നു. വലിയ മീശയുള്ളവനു വീരപരിവേഷമാണ്. ദ്രാവിഡദൈവങ്ങളും ദൈവങ്ങളുടെ അംഗരക്ഷകരും ഇവിടെ രൗദ്രമുഖഭാവമുള്ള മേൽമീശക്കാരാണ്. വീരപാണ്ഡ്യകട്ടബൊമ്മനെപ്പോലുള്ള ധീരദേശാഭിമാനികളുടെ മുഖത്തെ അലങ്കരിച്ചിരുന്നതു ശൗര്യമുള്ള മീശകളായിരുന്നു.

തെക്കൻതിരുവിതാംകൂറിലെ വീരപുരുഷന്മാർക്കും ഇതേ മീശയുണ്ട്. ഇരവിക്കുട്ടിപ്പിള്ള, മാർത്താണ്ഡവർമ്മ, കാർത്തികതിരുനാൾ, വേലുത്തമ്പിദളവ, സി വി രാമൻപിള്ള, സുന്ദരൻനാടാർ (രാഷ്ട്രീയനേതാവ്) തുടങ്ങിയ ചരിത്രപുരുഷന്മാരുടെയും മുഖത്തു വലിയമീശ പ്രകടമായിരുന്നു. മീശയായിരുന്നു ഇവരെ തിരിച്ചറിയുന്ന ഘടകം. സമൂഹത്തിലെ മിക്ക സമുദായക്കാരും വലിയ മേൽമീശക്കാരായിരുന്നു. പ്രതാപത്തിന്റെ ചിഹ്നംകൂടിയായിരുന്നു ഇവിടെ മീശ. 'മീശപിരിച്ചുനിൽക്കുന്നവൻ' നായകനും വീരനും ആയിരിക്കാം എന്നായിരിക്കാം വിശ്വാസം.


 

ഡോ.ഷിബു കുമാർ പി എൽ

അസിസ്റ്റൻറ് പ്രൊഫസർ

മലയാളവിഭാഗം

ഗവ.കോളേജ് കാസറഗോഡ്

9496953293

Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page