കെട്ടുകഥകളുടെ കാതലും മൂലധനത്തിന്റെ മോഹവും - ചുവപ്പ് പട്ടയം തേടിയ യാത്ര ഉയർത്തുന്ന പരിസ്ഥിതി ചിന്തകൾ
- GCW MALAYALAM
- Aug 16, 2024
- 2 min read
Updated: Aug 18, 2024
ഡോ. ആംനസ് ബേബി
അസിസ്റ്റന്റ് പ്രൊഫസർ മലയാളവിഭാഗം
പാവനാത്മാ കോളേജ്, മുരിക്കാശ്ശേരി ഇടുക്കി
Mob: 9400 768 068
Email: amnusbaby@gmail.com

ദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യത്തെപ്പറ്റി വൈവിധ്യപൂർണ്ണവും യുക്തിയിലും യാഥാർത്ഥ്യത്തിലും ഏറ്റക്കുറച്ചിലുകൾ ഉള്ളതുമായ വാദഗതികൾ രണ്ടായിരത്തിന്റെ ആദ്യ ദശകങ്ങളിൽതന്നെ സജീവമായിട്ടുണ്ടെന്നത് വസ്തുതയാണ്. പാരിസ്ഥിതിക സൗന്ദര്യശാസ്ത്രമെന്ന് വിജ്ഞാനശാഖയും മലയാളഭാഷാസാഹിത്യവും തമ്മിൽ നടത്തിപ്പോരുന്ന ക്രയ - വിക്രയങ്ങളും ഈ ചർച്ചകൾക്കും വാദഗതികൾക്കും ഊർജം പകർന്നിട്ടുണ്ടാകാമെന്നതും തള്ളിക്കളയാനാവില്ല. സാംസ്കാരിക - വൈജ്ഞാനികമേഖലകളിലെ ഈ പരിസ്ഥിതി പരിഗണനാപദ്ധതികൾ പക്ഷേ, മൂലധനകേന്ദ്രീകൃതമായ കമ്പോളവ്യവസ്ഥയുടെ ഭാഗമായ പൊതുസമൂഹത്തിലേക്ക് പമ്പ് ചെയ്യപ്പെട്ടത് അപകടകരമായ വിധത്തിലായിരുന്നു. ഇക്കോ - ടൂറിസം എന്ന പേരിൽ ആരംഭിക്കുകയും ഉത്തരവാദിത്ത ടൂറിസം എന്ന ഓമനപ്പേരിൽ വളരുകയും ചെയ്ത നവ - ടൂറിസം
സംസ്കാരം ഏറെയും കേന്ദ്രീകരിക്കപ്പെട്ടത് പരിസ്ഥിതി ലോല മേഖലകളിലായിരുന്നു എന്നത് ശ്രദ്ധേയമാണ്. ഈ കേന്ദ്രങ്ങളും ചുറ്റുവട്ട പ്രദേശങ്ങളും മൂലധനകേന്ദ്രീകൃ തമായ നിർമ്മാണരീതികളിലേക്കും വിശിഷ്യാ കോൺക്രീറ്റ് വനവല്ക്കരണത്തിലേക്കും പരിവർത്തനപ്പെട്ടു. ഇത് പരിസ്ഥിതിയെ ദുർബ്ബലപ്പെടുത്തുകയും അപകടകരമാംവിധം നശിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തേണ്ടിയിരുന്നവർ ഇരയുടെ വേഷം ധരിച്ച് വേട്ടക്കാരുടെ മുന്നണിയുണ്ടാക്കി.
ചുവപ്പ് പട്ടയം തേടി ഒരു യാത്ര
വർത്തമാനകാലത്തിന്റെ ഈ ദുർഘടസന്ധിയിൽ നിന്നാണ് ഭൂതകാലത്തിന്റെ നിറം പിടിച്ച ഓർമ്മകളെ കൂട്ടുപിടിച്ച് മൈന ഉമൈബാൻ വയനാടൻ ചുരം കയറുന്നത്. ഈ പോക്കിനും മറ്റേതൊരു യാത്രയിലെയും പോലെ കൃത്യമായ ഉദ്ദേശമുണ്ടെന്ന് വ്യക്തമാണ്. ചുവപ്പ് പട്ടയം കണ്ടെത്തുകയും അതിന്റെ സവിശേഷതകളെ തിരിച്ചറിയുകയും ചെയ്യുക. പത്ത് അധ്യായങ്ങളിലായി അൻപത് പേജിൽ താഴെയുള്ള ഈ യാത്രാവിവരണത്തിന്റെ പേരും മറ്റൊന്നല്ല ചുവപ്പ് പട്ടയം തേടി. മിനുറ്റുകൾക്കുള്ളിൽ വായന പൂർത്തീകരിക്കാനാകുന്ന
ഈ ലഘുഗ്രന്ഥം പക്ഷേ അത്ര നിസ്സാരമായ ഒരു വായനയല്ല ലക്ഷ്യം വെയ്ക്കുന്നതെന്ന് ആദ്യ അധ്യായങ്ങൾ തന്നെ വെളിപ്പെടുത്തു ന്നുണ്ട്. വയനാടൻ ചുരത്തിലൂടെ, അതിന്റെ വിവിധ ഭാവങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട് എഴുത്തുകാരി പങ്കുവയ്ക്കുന്നത് യാത്രയുടെ കൗതുകങ്ങളല്ല, മറിച്ച് ഒരു ദേശത്തിലെ പ്രകൃതി ഘടനയിൽ വന്നിട്ടുള്ള പരിണാമങ്ങളാണെന്ന് പറയാം. മറ്റൊരു രീതിയിൽ വയനാടൻ ചുരവും പരിസരപ്രദേശങ്ങളുമായി ഇഴുകിച്ചേർന്നിരിക്കുന്ന കെട്ടുകഥകളു ടെ പാരിസ്ഥിതിക പ്രസക്തി കൂടി ഇവിടെ അനാവൃതമാക്കപ്പെടുന്നുണ്ട്. കരിന്തണ്ടനും മറ്റനേകം കെട്ടുകഥകളും ചുരം കയറി തുടങ്ങി അധികം വൈകാതെ കാണാൻ സാധിക്കുന്ന ചങ്ങല മരത്തെക്കുറിച്ചുള്ള മിത്തിന് എഴുത്തുകാരി നൽകുന്ന വ്യാഖ്യാനം ഇവിടെ ചേർത്തു വായിക്കേണ്ടതാണ്. "പക്ഷേ, ഞാൻ വിചാരിക്കുന്നത് പ്രകൃതിയായിരിക്കാം കരിന്തണ്ട ന്റെ പ്രേതമെന്നാണ്. കരിമ്പാറക്കെട്ടുകൾ നിറഞ്ഞതും സസ്യനിബിഢവുമായിരുന്ന പശ്ചിമഘട്ടത്തിലെ ഒരു മലയെയാണ് കീറിമുറിച്ച് ആ റോഡ് ഉണ്ടാക്കിയിരിക്കുന്നത്. ചിലയിടത്തൊക്കെ പാറപൊട്ടിച്ചുമാറ്റിയും മണ്ണിടിച്ചും നിർമ്മിച്ച വഴി. വികസനത്തിന്റെ വഴി മാത്രമേ സായിപ്പ് കണ്ടിട്ടുള്ളൂ. പരിസ്ഥിതിയെ മറന്നിരിക്കണം... സ്വാഭാവികമായി നിലനില്ക്കേണ്ട പ്രകൃതിയെ കീറിമുറിച്ചതിലുള്ള പ്രത്യാഘാതമല്ലേ ഇതെന്ന് തോന്നിപ്പോ കുന്നു. പ്രകൃതിയിലേക്ക് മനുഷ്യൻ നടത്തുന്ന കടന്നുകയറ്റങ്ങൾ സാഹിത്യം കാലങ്ങൾക്കുമുമ്പേ വിഷയമാക്കിയിട്ടുണ്ട്.
ബിഭൂതി ഭൂഷൺ ബന്ദോപാധ്യായയുടെ ആരണ്യകം എന്ന നോവൽ ഭാഗത്തെ എഴുത്തുകാരി സാന്ദർഭികമായി ഇവിടെ പരാമർശിച്ചുപോകുന്നുണ്ട്.
പൂക്കോട് തടാകവും വൈത്തിരിയും ചെമ്പ്രയും ഹൃദയസരസ്സും അമ്പുകുത്തി മലയും എടയ്ക്കൽ ഗുഹയുമടക്കം പ്രകൃതി സൗന്ദര്യം നിറഞ്ഞ പ്രദേശങ്ങളുടെ വിവരണം ഇനിയങ്ങോട്ട് സജീവമാണ്. പ്രകൃതിയുടെ ഭംഗിയെയും സ്വച്ഛതയെയും കളങ്കപ്പെടുത്തുന്ന മനുഷ്യന്റെ ഇടപെടലുകൾ ഇവിടെയെല്ലാം കാഴ്ചയിലെ അശാന്തിയായി വായനക്കാരനെ ഞെട്ടിക്കുന്നു. രാമകഥയുമായി ബന്ധപ്പെട്ട നിരവധി ഇടങ്ങളുടെ കേന്ദ്രം കൂടിയാണ് വയനാടൻ മലനിരകൾ. താടകമലയും അമ്പുകുത്തിയുമെല്ലാം ഇവിടെ കഥകളുടെ വറ്റാത്ത സ്രോതസ്സുകളായി നിലകൊള്ളുന്നു. ഈ പറയുന്ന കഥകളിലെല്ലാം അടിസ്ഥാനപരമായി ഒരൊറ്റ ആശയമേ വായനക്കാരന് കാണാനാകൂ പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം അതിന്റെ അവസ്ഥകളിൽ സൃഷ്ടിക്കുന്ന മാറ്റം ഇവയ്ക്ക് വലിയ വില കൊടുക്കേണ്ടിവരും. ഇന്ന് ഈ പറയുന്ന കെട്ടുകഥകളൊക്കെയും പറഞ്ഞത്, സംഹാരരൂപിയായ പ്രകൃതി കേരളത്തെ ബോധ്യപ്പെടുത്തികൊണ്ടിരിക്കുന്നു. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണമെന്നത് വികസനവിരോധികളുടെ വെറും വാക്കുകളാണെന്നു പുച്ഛിച്ച വേട്ടക്കാരൊക്കെയും അവരവരുടെ ഇടങ്ങളിൽ അല്ലലില്ലാതെ ഉണ്ടും
ഉറങ്ങിയും ഇരിക്കുമ്പോൾ ഇത്തരക്കാരുടെ ലാഭക്കൊതി ഇല്ലാതാക്കുന്നത് സാധാരണ മനുഷ്യന്റെ ആഗ്രഹങ്ങളെയും പ്രതീക്ഷകളെയും ജീവിക്കാനുള്ള അവകാശ ത്തെ തന്നെയുമാണെന്ന് ഇന്ന് വെളിപ്പെടുന്നുണ്ട്.
ചുവപ്പ് പട്ടയത്തിന്റെ യാഥാർത്ഥ്യങ്ങൾ
അമ്പുകുത്തിയിലും പരിസരദേശങ്ങളിലും ഉണ്ടെന്ന് പറയപ്പെടുന്ന , വിശ്വസിക്കപ്പെടുന്ന ചുവപ്പുപട്ടയം ഏതോ കാലത്തെ ഒരു കൂട്ടം പ്രദേശവാസികൾ തങ്ങളുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ സൃഷ്ടിച്ചെടുത്ത കെട്ടുകഥയാണെന്ന് യാത്രയുടെ ഒടുവിൽ എഴുത്തുകാരി തിരിച്ചറിയുന്നുണ്ട്. എടയ്ക്കൽ ഗുഹകൾ ഒരു സംസ്കാരനിർമ്മിതിയുടെ അടയാളങ്ങൾ പേറി നിൽക്കുന്നത് ഇന്നത്തെ ടൂറിസം നോട്ടങ്ങൾ എങ്ങനെയെല്ലാമാണ് ചൂഷണം ചെയ്യുന്നതെന്ന് വായനക്കാരന് ബോധ്യപ്പെടും. ചുവപ്പ് പട്ടയത്തെപ്പറ്റി എഴുത്തുകാരിയുമായി സംസാരിച്ചതൊക്കെയും സ്ത്രീകളായിരുന്നു എന്നവർ പറയുന്നുണ്ട്. പരിസ്ഥിതി/പ്രകൃതി സ്ത്രീ തന്നെയാണെന്ന വ്യാഖ്യാനം ഇവിടെ സ്പർശിച്ചുപോകുന്നുണ്ട്.
ഈ പത്ത് അധ്യായങ്ങളിലൂടെ വയനാടൻ പ്രകൃതിയുടെ വൈവിധ്യങ്ങളും കെട്ടുകഥകളും അവിടെ മനുഷ്യൻ നടത്തുന്ന ഇടപെടലുകളും എഴുത്തുകാരി ഒന്നിനൊ ന്നോടു ചേരുംവിധം വിളക്കി ചേർത്തിട്ടുണ്ട്. അപൂർവ്വമായി മാത്രം പരാമർശിക്കപ്പെടു ന്നതും ഏറെ വിവാദങ്ങൾക്കും സമരങ്ങൾക്കും വഴിവെച്ചിട്ടുള്ളതുമായ ഒരു പഠനറിപ്പോർട്ട് ഇന്നും നിലവിലുണ്ട് 'പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി റിപ്പോർട്ട് (പ്രൊഫ. മാധവ് ഗാഡ്ഗിൽ റിപ്പോർട്ട്. ഈ റിപ്പോർട്ടും അതിലെ നിരീക്ഷണങ്ങളും ഈ യാത്രാവിവരണത്തിന്റെ ഊർജ്ജമായി പ്രവർത്തിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. പരിസ്ഥിതി വിജ്ഞാനവും ഭാഷാസാഹിത്യവും ചേർന്ന് പ്രവർത്തിക്കുന്ന ഒരു പ്രകൃതി സൗഹൃദമുന്നേറ്റത്തിന്റെ സാധ്യതകൾ ഇനിയുള്ള കാലത്തിന്റെ ആവശ്യകതയാണെന്ന് നിസംശയം പറയാം.
സഹായകഗ്രന്ഥങ്ങൾ
1. മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ടം ഒരു പ്രണയകഥ. കോഴിക്കോട് : മാതൃഭൂമി ബുക്സ്, 2023.
2. മൈന ഉമൈബാൻ. ചുവപ്പ് പട്ടയം തേടി. തൃശ്ശൂർ : ശാസ്ത്ര സാഹിത്യപരിഷത്ത്.
2024.
3. പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ധസമിതി റിപ്പോർട്ട്. 2011.
Comments