top of page

കേരളപ്പിറവി ആഘോഷവും ചില മാതൃഭാഷാവിചാരങ്ങളും 

  എഡിറ്റോറിയൽ   

              വർഷംതോറും കടന്നുവരുന്ന കേരളപ്പിറവി ആഘോഷത്തോടും ഭരണഭാഷാ വാരാഘോഷത്തോടും അനുബന്ധിച്ചാണ് കേരളീയരുടെ മാതൃഭാഷാചിന്തകൾക്ക് ശക്തിപ്രാപിക്കുന്നതെന്നു കാണാം. വിവിധ വകുപ്പുകളിലും ഓഫീസുകളിലും ഭാഷാപോഷണത്തിനും ഭരണഭാഷാമാറ്റത്തിനുമുതകുന്ന പരിപാടികൾ സംഘടിപ്പിക്കണമെന്ന് സർക്കാരിന്റെ നിർദ്ദേശങ്ങളും ഇതിനോടൊപ്പം ഉണ്ടാകാറുണ്ട്. ഭരണഭാഷാപ്രതിജ്ഞയും ഇതിന്റെ ഭാഗമാണ്. എല്ലാവർഷവും നവംബർ ഒന്നു മുതൽ ഏഴു വരെ ഭരണഭാഷാവാരാഘോഷവുമായി ബന്ധപ്പെട്ട് വിവിധ സ്ഥാപനങ്ങൾ, ഭാഷാപോഷണത്തിനുതകുന്ന വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. നമ്മുടെ മാതൃഭാഷാചിന്തകളുടെ തീവ്രത ഈ ഒരാഴ്ചക്കാലം കഴിയുമ്പോൾ കുറഞ്ഞുകുറഞ്ഞു വരുന്നു. വീണ്ടും നമ്മൾ ഭരണഭാഷ മാതൃഭാഷയാകണം എന്ന ചിന്ത ഉപേക്ഷിച്ചുകൊണ്ട് കാര്യങ്ങൾ പഴയപോലെ തന്നെ ആവർത്തിക്കുന്നു.

 

              ഭാഷ എന്ന പദത്തിന്റെ ഒന്നാമത്തെ വിവക്ഷ മാതൃഭാഷ എന്നാണ്. അതിനുശേഷം മാത്രമേ മറ്റേതൊരു ഭാഷയും പരിഗണനയിൽ വരികയുള്ളൂ. നമ്മുടെ മാതൃഭാഷയായ മലയാളം ഭാഷയുടെ മാത്രം പേരല്ല. നമ്മുടെ ജീവിതരീതിയുടെയും ബോധത്തിന്റെയും നാടിന്റെയും നാട്ടാചാരത്തിന്റെയും സംസ്കാരത്തിന്റെയും ശരീരപ്രകൃതിയുടെയും മുഖഭാവത്തിന്റെയും വേഷത്തിന്റെയുമൊക്കെ പേരാണ്. നമ്മുടെ സ്വത്വവും സ്വാതന്ത്ര്യവും പ്രപഞ്ചവും മാതൃഭാഷ തന്നെയാണ്. ഒരു ജനതയുടെ സർവ്വനാശത്തിനുള്ള ആദ്യപടി അവരുടെ പൂർവികർ അവരെ ഏൽപ്പിച്ച ഭാഷയെ അപഹരിക്കുകയെന്നതാണ്. അതോടെ അവർ ദരിദ്രരും അടിമകളുമായിത്തീരുന്നു. ഓരോ ഭാഷാസമൂഹവും  ഉൾക്കിടിലത്തോടെ തിരിച്ചറിയേണ്ട ഈ ആശയം അധിനിവേശശക്തികൾ ആയുധമാക്കി തന്ത്രപൂർവം ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. മറ്റു പലതിനും എന്നപോലെ നാം ഇരകളായി സ്വയം നിന്നുകൊടുക്കുന്നതുകൊണ്ടാണ്  നിത്യജീവിതത്തിൽ നിന്നും മാതൃഭാഷയെ കഴിയുന്നത്ര അകറ്റിനിർത്താൻ നമ്മൾ ശ്രമിക്കുന്നത്. തങ്ങളുടെ മക്കൾക്ക് മാതൃഭാഷയായ മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്ന് അഭിമാനപൂർവ്വം പറയുന്നത് ഒരുപക്ഷേ കേരളീയർ മാത്രമായിരിക്കും. അടുത്ത തലമുറയ്ക്ക് വേണ്ടി മാതൃഭാഷയെ കൈമാറി നൽകുക എന്നത് ഓരോ മനുഷ്യന്റെയും കർത്തവ്യമാണ്.

 

                  തൊഴിൽ കിട്ടാനും ജീവിതം ഭദ്രമാക്കാനും ഇംഗ്ലീഷിൽ തന്നെ അഭ്യസനം നടത്തണമെന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും വിശ്വാസം. എന്നാൽ ഒരു സമൂഹത്തിലെ ആകെ തൊഴിൽശക്തിയും തൊഴിൽവിന്യാസവും പരിശോധിച്ചാൽ തദ്ദേശീയമായി തന്നെയാണ് ബഹുഭൂരിപക്ഷത്തിനും തൊഴിൽ ലഭിക്കുക എന്ന് കാണാൻ കഴിയും. മാതൃഭാഷ അല്ലാതെ മറ്റൊരു ഭാഷയും വശമില്ലാത്തവർ അന്യദിക്കുകളിൽ കുറേക്കാലം തൊഴിലെടുത്ത് ജീവിക്കുമ്പോൾ അവിടുത്തെ ഭാഷകൾ അനായാസം അവർക്ക് സ്വായത്തമാകുന്നതായാണ് കണ്ടുവരുന്നത്. ഈ സാഹചര്യത്തിൽ മറ്റു ഭാഷകൾക്കു വേണ്ടി മാതൃഭാഷയെ മറക്കേണ്ടതില്ല.

 

              ഏതൊരു സമൂഹത്തിന്റെയും വളർച്ചയും വികസനവും ബഹുഭാഷാധിഷ്ഠിതമാണെന്നാണ് ചരിത്രം തന്നെ തെളിയിക്കുന്നത്. മാതൃഭാഷ കൊണ്ടു മാത്രം ഒരു സമൂഹത്തിനും ജീവിക്കാൻ കഴിയില്ല. സമകാലിക ലോകസാഹചര്യം നമ്മെ നിർബന്ധിക്കുന്നത് ഇംഗ്ലീഷ് ഭാഷ നന്നായി സ്വായത്തമാക്കണം എന്നു തന്നെയാണ്. മാതൃഭാഷയ്ക്ക് പ്രാമുഖ്യം കൊടുക്കണം എന്ന് പറയുമ്പോൾ ഇംഗ്ലീഷിനെ അവഗണിക്കണം എന്നതിനർത്ഥമില്ല. ഇംഗ്ലീഷിന്റെ മറവിൽ മാതൃഭാഷയെ അവഗണിക്കുന്നത് ആപത്താണ് എന്ന വസ്തുതയാണ് നാം ഉൾക്കൊള്ളേണ്ടത്. എല്ലാ ഭാഷകളും പരസ്പരം കൊടുക്കൽ വാങ്ങൽ നടത്തിയാണ് വളർന്നിട്ടുള്ളത്. കുട്ടികളുടെ ധാരണാശേഷിയിലും വൈകാരിക അനുഭവങ്ങളിലും പ്രത്യുൽപ്പന്നമതിത്വത്തിലും മാതൃഭാഷാ വിദ്യാഭ്യാസത്തിലൂടെയാണ് കൂടുതൽ മികവുണ്ടാക്കാൻ കഴിയുക.

 

              കേരളപാണിനി പഠനവും ഭരണവും മാതൃഭാഷയായ മലയാളത്തിലാവണമെന്ന് കേരളപാണിനീയത്തിൽ സൂചിപ്പിക്കുന്നുണ്ട്. ജോർജ് മാത്തന്റെ ‘ബാലാഭ്യസനം’ എന്ന ലേഖനത്തിൽ മാതൃഭാഷയിൽ വിദ്യാഭ്യാസം നടത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുന്നുണ്ട്. ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, വി.ടി.ഭട്ടതിരിപ്പാട് തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കൾ മാതൃഭാഷയുടെ  മാഹാത്മ്യം അറിഞ്ഞു പ്രവർത്തിച്ചവരാണ്.  മാതൃഭാഷയിലാണ് വിദ്യാഭ്യാസം നടത്തേണ്ടതെന്ന് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ മന്ത്രിസഭ പ്രഖ്യാപിച്ചിരുന്നു. ഇത്രയേറെ മാതൃഭാഷാവബോധമുള്ള ഒരു രാഷ്ട്രീയ- സാമൂഹിക-സാംസ്കാരിക പശ്ചാത്തലമുള്ള കേരളം ഇന്ന് എവിടെ നിൽക്കുന്നുവെന്ന് പരിശോധിക്കേണ്ടതാണ്.

 

            അറിവും അധികാരവും കൈകാര്യം ചെയ്യാത്ത ഭാഷ, ജനങ്ങളുടെ ഇടയിൽ അപ്രസക്തമായി തീരും. ഒരു ജനതയുടെ സ്വത്വത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണ് മാതൃഭാഷ. ‘ഒരാൾക്കു മനസ്സിലാകുന്ന ഭാഷയിൽ നിങ്ങൾ സംസാരിച്ചാൽ അത് അയാളുടെ തലയിൽ എത്തും. നിങ്ങൾ അയാളുടെ ഭാഷയിൽ തന്നെ സംസാരിച്ചാൽ അത് ഹൃദയത്തിൽ എത്തും’ എന്ന് നെൽസൺ മണ്ടേല പറയുന്നത് ഹൃദയസ്പർശിയായ ഭാഷയാണ് മാതൃഭാഷ എന്ന അർത്ഥത്തിലാണ്. ലോകമെമ്പാടും സംസാരിക്കുന്ന ഏഴായിരത്തോളം ഭാഷകളിൽ ഏതാണ്ട് 40 ശതമാനത്തോളം നിലനിൽപ്പിനായി വലിയ വെല്ലുവിളികൾ നേരിടുകയാണ്; അല്ലെങ്കിൽ എന്നേക്കുമായി മാഞ്ഞുപോകുന്നതിന്റെ വക്കിലാണ്. ഒരു ഭാഷയെ വീണ്ടെടുക്കുമ്പോൾ ഒരു ജീവിതക്രമത്തെയും അതുണ്ടാക്കിയ ജ്ഞാനപാരമ്പര്യത്തേയും സംസ്കാരത്തെയുമാണ് നാം വീണ്ടെടുക്കുന്നത്. ഒരു ഭാഷ തിരോഭവിക്കുമ്പോൾ അതു മാതൃഭാഷയായ ജനതയും സാംസ്കാരികമായി അന്യവൽക്കരിക്കപ്പെടുന്നു.

 

 

ഡോ. ലാലു വി.

അസോസിയേറ്റ് പ്രൊഫസർ & വകുപ്പധ്യക്ഷൻ

മലയാളവിഭാഗം

സർക്കാർ വനിതാകോളേജ്, തിരുവനന്തപുരം.

 

 

0 comments
bottom of page