top of page

കാലാവസ്ഥാവാദത്തിന്റെ രണ്ടുമുഖങ്ങൾ

കാലാവസ്ഥാവ്യതിയാനവും സാഹിത്യഭാവുകത്വവും ഭാഗം 4
ഡോ.എം.എ.സിദ്ദീഖ്

പാരിസ്ഥിതിക ഭാവുകത്വം കാലാവസ്ഥാവ്യതിയാനത്തെ കാണുന്നത് ഒരേ ദിശയിലുള്ള പ്രതിഭാസമായല്ല;പല പല അടരുകളുള്ള ഒരു പ്രശ്ന മായിട്ടാണ്. ഭൂമിശാസ്ത്രജ്ഞയായ സിൻഡികാറ്റ്സ് പറയും പോലെ കാലാവസ്ഥാവ്യതിയാനത്തിൻ്റെ ദുരന്തവാദങ്ങൾക്ക് രണ്ടു മുഖങ്ങൾ വരാം - അരാഷ്ട്രീയതയുടെ ഒരു മുഖവും പാർശ്വമായി രാഷ്ട്രീയവൽക്കരിക്കപ്പെട്ട മറ്റൊരു മുഖവും. പാർശ്വമായി രാഷ്ട്രീയവൽക്കരിക്കപ്പെടുകയെന്നാൽ, വ്യക്തിഗതമായ പ്രവർത്തനങ്ങളിലേക്കു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവിധത്തിലുള്ള സ്വയംനിഷേധത്തിൻ്റെയോ സ്വയം നിരാകരണത്തിന്റെയോ ഒരു ബോധമുണ്ടാകലാണ്.


ഇനി അരാഷ്ട്രീയതയെ സംബന്ധി ച്ചാണെങ്കിലോ? അത്, മറ്റൊരു ഭൂമിശാസ്ത്രജ്ഞനായ എറിക് സ്വിംഗെർഡോവ് പറയുന്നതിനോടു ബന്ധപ്പെടുത്തിപ്പറഞ്ഞാൽ, ‘കാലാവസ്ഥാവ്യതിയാനം കൊണ്ടുള്ള ലോകാവസാനം ഉടൻ വരും’, എന്നു വിശ്വസിക്കുംപോലെ ഒന്നാണ്. ചിലർ അങ്ങനെ വിശ്വസിക്കുന്നു. അത്, ഒരു മടങ്ങി വരവിനെയും വാഗ്ദാനം ചെയ്യുന്നില്ല.


എന്നാൽ, ഇതു രണ്ടുമല്ലാത്ത ഒന്നാണ് അല്ലെങ്കിൽ, ഇതു രണ്ടുമല്ലാത്ത കുറേ ഉപായങ്ങളാണ് കാലാവസ്ഥാവ്യതിയാനത്തെ സംബന്ധിച്ച് നമുക്കുവേണ്ടതെന്നു പറയാം. തീർച്ചയായും അങ്ങനെയൊരു ആലോചന പരിപൂർണമായും രാഷ്ട്രീയമായിരിക്കും. പുതിയ ആഗോളരാഷ്ട്രീയത്തെ നയിക്കേണ്ടുന്ന ഒരു സുപ്രധാന പ്രമേയമാണത്. അതിന് മുതലാളിത്ത പരിഹാരങ്ങളോട് ഒരിക്കലും ഒരു നിലയ്ക്കും യോജിക്കാനാവുകയില്ല.


മുതലാളിത്ത പരിഹാരമാർഗങ്ങൾക്ക് മുതലാളിത്തത്തിന് ലഭിക്കുന്ന സ്വീകാര്യത തന്നെയാണ് പൊതുവിൽ ലഭിക്കുക. മാത്യു കാൻ (Mathew Kahn) തൻ്റെ ‘Climatopolis: How our cities will thrire in the hotter future' എന്ന പുസ്‌തകത്തിൽ അവതരിപ്പിച്ചിട്ടുള്ളത് അത്തരമൊരു മുതലാളിത്തമാനിഫെസ്റ്റോവാണ്. അദ്ദേഹത്തിൻ്റെ പരികൽപ്പന ഇതാണ്: “മുതലാളിത്തം ശക്തിപ്പെടുമ്പോൾ, അതിലൂടെ കൂടുതൽ സമ്പത്ത് ജനങ്ങൾക്കു വരികയും, അത് കൂടുതൽ ഗുണമേയുള്ള ഉൽപ്പന്നങ്ങൾ വാങ്ങാൻ അവരെ പ്രാപ്‌തമാക്കുകയും കൂടുതൽ മെച്ചപ്പെട്ട പരിസ്ഥിതി അങ്ങനെ വികസിച്ചുവരികയും ചെയ്യും."


കാൻ ഇവിടെ പറയുന്നത് യുക്തിപരമായ ഒരു വാദമല്ല. വിഭവങ്ങൾ, ധനം, ഉൽപ്പാദനം, സുഭിക്ഷത, ഗുണമേന്മ മുതലായ താക്കോൽ വാക്കുകൾകൊണ്ട് കാലാവസ്ഥാരാഷ്ട്രീയം പോലെ ഒന്നിനെ നിർവചിക്കാനേ കഴിയില്ല. തൻ്റെ വാദത്തെ സാധൂകരിക്കാനായി കാൻ പറയുന്ന ഒരു കാര്യം കൂടി കേട്ടോളൂ. “പാരിസ്ഥിതിക ദുരന്തങ്ങൾ സംഭവിക്കുമ്പോൾ അതിനെ സമർത്ഥമായി നേരിടുന്നത് മുതലാളിത്ത രാജ്യങ്ങൾ മാത്രമാണ്.”


ജൊനാഥൻ പാർക്ക്, തൻ്റെ,‘Climate Change and Capitalism എന്ന ലേഖനത്തിൽ (Consilience, 2015. No.14, P189-206) കാനിൻ്റെ നിരീക്ഷണങ്ങളുടെ സാധുതയെ വിമർശിക്കുന്നുണ്ട്. മുതലാളിത്ത സമൂഹത്തിൻ്റെ ഗുണഭോക്താ ക്കളായ ജനത ഉയർന്ന പാരിസ്ഥിതിക ബോധമുള്ള 'rational actors’' ആയിരിക്കും എന്നാണ് കാൻ വാദിക്കുന്നത്. എന്നാൽ, 2013 ലെ ഒരു സർവേ (Climate change in the american mind) അനുസരിച്ച് ഏറ്റവും വലിയ മുതലാളിത്ത രാഷ്ട്രീയമായ അമേരിക്കയിലെ വളരെ ചെറിയ ശതമാനം ആളുകൾ മാത്രമാണ് കാലാവസ്ഥാവ്യതിയാനം എന്നൊന്നുണ്ട് എന്നു മനസ്സിലാക്കി യിട്ടുള്ളവർ. ഈ നിരക്ക് തന്നെയാവാം ഒരു ദരിദ്രരാഷ്ട്രത്തിന്റെയും സ്ഥിതി. മുതലാളിത്തം, ഒരു സവിശേഷ പാരിസ്ഥിതിക അവബോധവും പ്രത്യേകമായി അതിൻ്റെ ഗുണഭോക്താക്കൾക്കു നൽകുന്നില്ല എന്നാണിതിനർത്ഥം. പിന്നെങ്ങനെയാണ് പാരിസ്ഥിതിക ദുരന്തങ്ങളുടെ കാര്യത്തിൽ അവർ മാത്രം rational actors ആയിത്തീരുക? മാത്യു കാണിന്റേത്‌ ഒരു ദുർബലയുക്തി മാത്രമാണ്.


പാർക്ക്, തൻ്റെ നിരീക്ഷണങ്ങൾ ഇങ്ങനെയാണ് അവസാനിപ്പിക്കുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ എരിച്ചിൽ കൊണ്ട് വേഗതയിൽ ഓടിക്കൊണ്ടിരുന്ന ലോകത്തിൻ്റെ യന്ത്രശരീരത്തി ന്, ഇനി അതേ നിലയിൽ ഓടാൻ കഴിയുകയില്ല. നിലവിലെ പാരിസ്ഥിതികസത്യം എന്തെന്നാൽ, ഇനി ഭൂമിയിൽ അവശേഷിക്കുന്ന ഫോസിൽ ഇന്ധനങ്ങളുടെ നാലിലൊന്ന് എരി ച്ചാൽപ്പോലും അതു താങ്ങാൻ നമ്മുടെ പ്രകൃതിക്കുശേഷിയില്ല. പകരം, കൂടുതൽ വിശ്വസനീയവും മാലിന്യരഹിത (Clean) വുമായ പുതുക്കാവുന്ന ഊർജ്ജ (Renewable Energy) സ്രോതസ്സുകളിലേക്കു ലോകം കടക്കേണ്ടതുണ്ട്. ഇത്, വലിയ നിലയിൽ ആഗോളസഹകരണവും ഏകോപനവും ആവശ്യമുള്ള കാര്യമാണ്. ഇതിനുവേണ്ടി വലിയത്യാഗവും സാമൂഹിക ക്രമത്തിൽ വലിയ തോതിലുള്ള അഴിച്ചുപണിയും നടത്തേണ്ടിവരും. ഒരു പുതിയ സാമ്പത്തികജ്ഞാനോദയം (Economic Enliightenment) ഉണ്ടാവണമെന്നർത്ഥം; വളരെ ശാന്തവും തികച്ചും യുക്തിസഹവുമായ സാമ്പത്തികജ്ഞാനോദയം.


ഇങ്ങനെയൊരു നിലപാടിൻ്റെ സന്ദർഭത്തിൽ, മുതലാളിത്തവാദികൾ മാത്രമല്ല സോഷ്യലിസ്റ്റുകളായ മുതലാളിത്ത വിമർശകരും പൊതുവിൽ ചിന്തിക്കുന്ന ഒരു കാര്യമുണ്ട്. “മുതലാളിത്തം സാധ്യമാക്കിയ അനേകം സൗകര്യങ്ങൾ ഉപയോഗ പ്പെടുത്തിക്കഴിഞ്ഞവരായ നാം ഇങ്ങനെ അതിനെ തള്ളിപ്പറയുന്നതു ശരിയോ" എന്നതാണത്. തൻ്റെ ലേഖനത്തിൻ്റെ ഒടുവിൽ പാർക്ക് ഈ സന്ദേഹത്തെ സ്‌പർശിക്കുകയും അതിനു മറുപടി യെഴുതുകയും ചെയ്യുന്നുണ്ട്. "Capitalism was born from a desire for liberty and prosperity. It freed people from the bonds of feudal oppression and enabled ability to adopt to and overcome problem'എന്ന്. ‘അഭിവൃദ്ധിക്കുവേണ്ടിയുള്ള ആലോചനകളുടെ കരുത്തു നൽകുകയും സ്വാതന്ത്ര്യബോധത്തിന് വിശാലമായ പുതിയ സാമ്പത്തിക യുക്തികൾ നൽകുകയും ചെയ്‌ത മുതലാളിത്തം, പ്രതിസന്ധികളെ അതിജീവിക്കുന്നതിനുള്ള കരുത്ത് മനുഷ്യർക്കു നൽകി’ എന്ന്. അതേ കരുത്തുപയോഗിച്ച് ഭൂമിയെ തങ്ങളുടെ വരുതിയിലാക്കാനാണ് മനുഷ്യസമൂഹം ശ്രമിച്ചത്. ഇതാണ്, പാരിസ്ഥിതിക ദുരന്തങ്ങളുടെ കാരണങ്ങളിൽ മുഖ്യമായ ഒന്നായി മുതലാളിത്തം വിമർശിക്കപ്പെടാനുള്ള കാരണം. മാത്യു കാനിന്റെ വാദഗതികൾ അപ്രസക്തമാവുന്നതും അതിനാലാണ്. ഒരു പ്രശ്നത്തെയും ആ പ്രശ്‌നങ്ങളുടെ കാരണങ്ങൾ എന്താ യിരുന്നുവോ ആ കാരണങ്ങൾ തന്നെ ഉപയോഗിച്ചുകൊണ്ട് പരി ഹരിക്കാനാവില്ല എന്ന, ഐൻസ്റ്റൈൻ്റെ ഒരു വാക്യമുണ്ട്. മുതലാളിത്തം സൃഷ്ടിച്ച പ്രശ്‌നങ്ങൾക്ക് മുതലാളിത്തത്തിനുള്ളിൽ പരിഹാരമില്ല എന്നു പറയാനാവുന്നത് അതിനാലാണ്.


ഈ മുതലാളിത്ത വിമർശനത്തിന് നാളിതുവരെ ഉണ്ടായിരുന്ന മുതലാളിത്ത വിമർശനത്തെക്കാൾ ശക്തിയും വ്യക്തതയുമുണ്ട്. പരമ്പരാഗത, ഇടതുപക്ഷ പ്രവർത്തനങ്ങളെയും തൊഴിലാളി വർഗ സംഘാടനങ്ങളെയും കൂടുതൽ തീക്ഷ്ണമായി പുനർനിർവചിച്ചുകൊണ്ടും പുനഃസൃഷ്ടിച്ചുകൊണ്ടുമാണ് ഇനിയുള്ള സോഷ്യലിസ്റ്റ്കാലത്തിന് പാരിസ്ഥിതികമായി മുന്നോട്ടു പോകാനുള്ളത്. ഇടതുപ്രവർത്തനങ്ങളുടെ മുഖ്യലക്ഷ്യങ്ങളി ലൊന്ന് 'കാലാവസ്ഥാനീതി' (Climate Justice) ആയിക്കഴിഞ്ഞ


കാലവുമാണിത്.


കാലാവസ്ഥാവ്യതിയാനം മൂലമുള്ള വലിയ ദുരനുഭവങ്ങൾ കൂടുതലും അനുഭവിക്കേണ്ടിവരുന്നത് ആഗോള ദക്ഷിണ രാജ്യങ്ങൾ (Global South) എന്നറിയപ്പെടുന്ന മൂന്നാംലോക രാജ്യങ്ങളും ദരിദ്ര രാജ്യങ്ങളുമാണെന്ന ഒരു നിലയുണ്ടായിരു ന്നു. ബംഗ്ലാദേശ് അതിനൊരു പ്രത്യക്ഷ ഉദാഹരണവുമാണ്. എന്നാൽ, ജീവിത സൗകര്യങ്ങളിലും പ്രതിശീർഷ വരുമാനത്തിലും ഏറ്റവും മുന്നിൽ നിൽക്കുന്ന ആഗോളഉത്തരദേശങ്ങൾ (Global North) എന്നറിയപ്പെടുന്ന ഒന്നാംലോക രാജ്യങ്ങൾ ഇപ്പോൾ അത്തരം ദുരന്തങ്ങൾ അനുഭവിക്കാൻ തുടങ്ങിയിരിക്കു ന്നു. ഓസ്ട്രേലിയ, കാലിഫോർണിയ എന്നിവിടങ്ങളിലെ കാട്ടുതീ, ഇംഗ്ലണ്ടിന്റെ ദക്ഷിണ പൗരസ്ത്യഭാഗങ്ങളിലും യോർക്ക്ഷെയറിലും ഉണ്ടായ വെള്ളപ്പൊക്കങ്ങൾ, യുകെയിൽ അടിയ്ക്കടി ഉണ്ടാവുന്ന കൊടുങ്കാറ്റുകൾ മുതലായതൊക്കെ, കാലാവസ്ഥാഅത്യാപത്തുകൾ തങ്ങളെയും ബാധിക്കുമെന്നഭയം ഒന്നാംലോക രാജ്യങ്ങളിൽ സൃഷ്ടിക്കുന്നതിനു കാരണമാ യിത്തീർന്നിട്ടുണ്ട്.


സോഷ്യലിസ്റ്റ് സമൂഹത്തെക്കുറിച്ചുള്ള മാർക്‌സിസത്തിന്റെ അടിസ്ഥാന കാഴ്‌ചപ്പാട്, മനുഷ്യരെ മാത്രം ഉൾക്കൊള്ളുന്ന സാമൂഹിക കാഴ്‌ചപ്പാടല്ല; സഹജീവനത്തെ മുൻനിർത്തിയുള്ള ഘടനാപരമായ കാഴ്‌ചപ്പാടാണ്. ഇത് ഇന്ന് സൈദ്ധാന്തികമാർക്സിസം മാത്രമല്ല; അതിൻ്റെ ഒട്ടുമിക്ക പ്രവർത്തനപരിപാടികളുടെയും ഭാഗമായി അംഗീകരിച്ചു കഴിഞ്ഞിട്ടുള്ള കാര്യമാണ്.


2019 ലെ ബ്രിട്ടീഷ് തിരഞ്ഞെടുപ്പിൽ, ജെറെമി കോർബിൻ നേതൃത്വം നൽകിയ ലേബർ പാർട്ടിയുടെ പരാജയത്തെ മുൻനിർത്തി, 2020 മാർച്ചിൽ ട്രിബ്യൂണിനു നൽകിയ അഭിമുഖത്തിൽ പ്രമുഖ സോഷ്യലിസ്റ്റ് സൈദ്ധാന്തികനായ ലിയോ പാനിച്ച് (Leo Panitch) മുന്നോട്ടുവയ്ക്കുന്ന ഒരു ദർശനം വളരെ പ്രധാനമാണ്. 2010 മുതൽ 2020 വരെയുള്ള പത്തുവർഷങ്ങൾ ലോക ഇടതുപക്ഷ രാഷ്ട്രീയത്തിലുണ്ടാക്കിയ പുതിയ പ്രതീക്ഷകളാണ് ആ അഭിമുഖത്തിൻ്റെ ഉള്ളടക്കം (A Decade on the Left, Tri- bune 07.03.2020)


അഭിമുഖത്തിന്റെ അവസാനചോദ്യമായി, അഭിമുഖകാര നായ റോണർ ബർട്ടൻഷോ ചോദിക്കുന്നു. “കോർബിനൊപ്പം അവസാനം വരെയും നിന്ന യുവജനങ്ങളായ സോഷ്യലിസ്റ്റുകൾ ശരിയായ വർഗ്ഗപ്രശ്‌നങ്ങൾ അപഗ്രഥിക്കാൻ ശേഷിയുള്ളവരായിരുന്നു. കുറഞ്ഞ വേതനം, ഉയർന്ന വാടക, വിദ്യാർത്ഥി കടം എന്നിങ്ങനെ പ്രകടമായ വർഗപ്രശ്‌നങ്ങളെ. അവരിൽ നല്ലൊരു പങ്ക് കോർബിന്റെ്റെ ലേബർ പാർട്ടിയിൽ തങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനുള്ള സാധ്യത കണ്ടു. പതിറ്റാണ്ടുകളായി ഇടതു പക്ഷത്തു നിൽക്കുന്ന ഒരാളെന്ന നിലയിൽ, ഈ യുവസോഷ്യലിസ്റ്റുകൾക്ക് നിങ്ങൾ നൽകുന്ന ഉപദേശം എന്തായിരിക്കും?"


അതിന് പാനിച്ച് നൽകിയ മറുപടി ചെറുതായിരുന്നു. പക്ഷേ, അതിനകത്തെ ആലോചനകളുടെ വിസ്തൃതി വളരെ വലുതുമായിരുന്നു. പാനിച്ച് പറഞ്ഞു: "ദീർഘകാലത്തേക്കു നമ്മെ നയിക്കുന്നതാവണം എൻ്റെ ഉപദേശമെന്നു ഞാൻ കരുതുന്നു. നാം നേരിടുന്ന കാലാവസ്ഥാ അടിയന്തരാവസ്ഥ, നമുക്ക് വളരെക്കുറച്ചുകാലമേ ഇനി അവശേഷിക്കുന്നുള്ളൂ എന്ന നിരാശ നൽകുന്നു. "We have only got five or ten years left’ എന്നുപറയാവുന്ന ഒരു മുദ്രാവാക്യം ആ നിരാശ നൽകുന്നുണ്ട്. പക്ഷേ, അത് കാര്യങ്ങൾ വളരെ ഗൗരവമുള്ളതാണ് എന്നു കാണാൻ മാത്രമേ ജനങ്ങളെ സഹായിക്കൂ. ഒരു രാഷ്ട്രീയ തന്ത്രമെന്ന നിലയിൽ അതിനൊരു ജീവനുമില്ല. എത്ര നിരാശാജനകമാണ് ഈ കാലാവസ്ഥാസാഹചര്യമെങ്കിലും നമുക്ക് അത്തരം ചിന്തകളുമായി മുന്നോട്ടുപോകാൻ കഴിയില്ല.


നമുക്ക് ദീർഘകാല ശുഭപ്രതീക്ഷകളാണു വേണ്ടത്. പത്തോ പതിനഞ്ചോ ഇരുപതോ കൊല്ലത്തെ പ്രവർത്തനങ്ങളെ മുൻകുട്ടിക്കാണുന്ന ഒരു രാഷ്ട്രീയ പദ്ധതി. വർഗ്ഗപരവും സംഘടനാപരവുമായ പുനർനിർമിതി അതിലൂടെ നാം നടത്തേണ്ടിവ രും. സമയമെടുക്കുന്ന കാര്യമാണത്."


പാനിച്ച് പറയുന്നത് സുപ്രധാനമായ ഒരു ഭാവുകത്വ (Sensibility) ദർശനം കുടിയാണ്. കഠിനനിരാശകൾ, ആധുനികതാകാലത്ത് വ്യക്തികളെ അസ്‌തിത്വപരമായ ശൂന്യതാവാദ (pessimism) ത്തിലേക്കു നയിച്ചതിലും സംഭീതമായ ശൂന്യതാവാദമാവാം പുതിയ കാലാവസ്ഥാ ഭീതിയുടെ കാലം സൃഷ്ടിക്കാൻ പോവുന്നത്. അവിടെ, ഇടതുപക്ഷം വച്ചുപുലർത്തേണ്ടത് നിരാ ശയുടെ രാഷ്ട്രീയമല്ല; ദീർഘദർശിതയുള്ള പ്രതിരോധ രാഷ്ട്രീ യമാണ് എന്നാണ് പുതിയ സാംസ്‌കാരിക രാഷ്ട്രീയത്തിന് പാനിച്ച് നൽകുന്ന നിർദ്ദേശം.



* ലിയോ പാനിച്ച് - ലിയോ വിക്ടർ പാനിച്ച് (1945-2020). രാഷ്ട്രമീംമാംസയിലും താരതമ്യരാഷ്ട്രീയ - സമ്പദ്ശാസ്ത്രത്തിലും റിസർച്ച് പ്രൊഫസറായി യോർക്ക് യൂണിവേഴ്‌സിറ്റിയിൽ പ്രവർത്തിച്ചു. 1985 മുതൽ 2021 വരെ Socialist Register ന്റെ കോ-എഡിറ്റർ. The Canadian State Political Economy and Political Power (1977) ആദ്യ പുസ്‌തകം. 1979 മുതൽ State and Economy Liftപുസ്തകസിരീസിൻ്റെ ജനറൽ എഡിറ്റർ. ഒൻപതു പുസ്ത‌കങ്ങളും നൂറോളം ഗവേഷണലേഖനങ്ങളും പാനിച്ചിൻ്റേതായുണ്ട്. The Socialism Challenge today. The End of Parliamentary Socialism. Working class Politics in Crisis മുതലായവയാണ് പ്രസിദ്ധകൃതികൾ.

 

ഡോ.എം.എ.സിദ്ദീഖ്

പ്രൊഫസ്സർ,

മലയാളവിഭാഗം,

കേരള സർവ്വകലാശാല

0 comments
bottom of page