കാർഷികവൃത്തിയിൽ സ്ത്രീകളുടെയും യുവതലമുറയുടെയും പ്രാധാന്യവും പങ്കാളിത്തവും: കുട്ടനാടൻ പശ്ചാത്തല പഠനം.
- GCW MALAYALAM
- Mar 14
- 2 min read
Updated: Mar 15
സിനി എസ്. ജോസഫ്

2026 വനിതാ കർഷകർക്കും സുസ്ഥിര വികസന സന്നദ്ധ പ്രവർത്തകർക്കുമായുള്ള അന്താരാഷ്ട്ര വർഷമായി ആചരിക്കാനാണ് ഐക്യരാഷ്ട്രസഭയുടെ തീരുമാനം. ഈ സാഹചര്യത്തിൽ കാർഷിക വൃത്തിയിൽ സ്ത്രീകളുടെയും യുവജനങ്ങളുടെയും പ്രാധാന്യവും പങ്കാളിത്തവും വളരെ ഗൗരവത്തോടെ അവലോകനം ചെയ്യേണ്ടതുണ്ട്. കൃഷി ഒരു പുരുഷപ്രധാന മേഖലയാണെന്ന തെറ്റിദ്ധാരണ ഇപ്പോഴും നിലനിൽക്കുന്നു. എന്നാൽ, പരമ്പരാഗതകാലം മുതൽ സ്ത്രീകൾ കാർഷികവൃത്തിയിൽ സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്. വിത്ത് തെരഞ്ഞെടുക്കൽ മുതൽ വിളവെടുപ്പ് വരെ നിരവധി ഘട്ടങ്ങളിൽ സ്ത്രീകൾ നിർണ്ണായക സംഭാവനകൾ നൽകിവരുന്നു. ആഗോളതലത്തിലും ദേശിയതലത്തിലും സ്ത്രീകളുടെ കാർഷിക പങ്കാളിത്തം വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും, അവർക്കു നേരിടേണ്ടി വരുന്ന വെല്ലുവിളികളും പിന്നാക്കാവസ്ഥകളും അതേപടി തുടരുന്നു. എങ്കിലും കേരളത്തിലെ കുട്ടനാടൻ മേഖലയിലെ നെൽകൃഷിയിൽ വനിതാ കർഷകരുടെയും യുവ കർഷകരുടെയും പ്രാതിനിധ്യം കുറഞ്ഞു വരുന്നത് ഒരു വലിയ ആശങ്കയാകുന്നു. ഇതിന് പ്രധാന കാരണമായി കണക്കാക്കുന്നത് തൊഴിൽ സുരക്ഷയുടെ അഭാവം, സാങ്കേതികവിദ്യകളുടെ പരിമിതികൾ, സാമൂഹിക-സാമ്പത്തിക അവസ്ഥ എന്നിവയാണ്. കൂടാതെ, നഗരവൽക്കരണം, വിദ്യാഭ്യാസം, തൊഴിൽ സുരക്ഷ, ആധുനിക സാങ്കേതിക വിദ്യകളിലേക്കുള്ള ചായ്‌വ് തുടങ്ങിയ ഘടകങ്ങൾ യുവാക്കളെ കാർഷികവൃത്തിയിൽ നിന്ന് അകറ്റുകയാണ്. അതേസമയം, കാർഷിക മേഖല സുസ്ഥിരമായ രീതിയിൽ വികസിക്കണമെങ്കിൽ യുവാക്കളെ കൂടുതൽ ആകർഷിക്കേണ്ടതുണ്ട്. ഈ പഠനത്തിൽ കാർഷികവൃത്തിയിലെ സ്ത്രീകളുടെയും യുവജനങ്ങളുടെയും പങ്കും അവർ നേരിടുന്ന വെല്ലുവിളികളും പരിഹാര മാർഗങ്ങളും വിശകലനം ചെയ്യുന്നു.
കാർഷികവൃത്തിയിലെ സ്ത്രീകളുടെ പങ്കാളിത്തം:
സ്ത്രീകൾ കൃഷിയുമായി ബന്ധപ്പെട്ട മിക്ക ജോലികളിലും സജീവമാണ്. വിത്ത് ശേഖരണം, ഞാറ് നാൽ, പരിപാലനം, വിളവെടുപ്പ്, എന്നിവയൊക്കെ സ്ത്രീകളുടെ പ്രധാനപ്പെട്ട മേഖലകളാണ്. വീട്ടുവളപ്പുകൃഷി, സസ്യസംരക്ഷണം, കൃഷിയുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങൾ എന്നിവയിൽ സ്ത്രീകൾ മുൻപന്തിയിലുണ്ട്. ഗ്രാമീണ കാർഷിക കുടുംബങ്ങളിൽ സ്ത്രീകളാണ് പലപ്പോഴും കാർഷിക മാർഗനിർദേശങ്ങൾ കൈകാര്യം ചെയ്യുന്നത്. സ്ത്രീകൾ പരമ്പരാഗത കാർഷിക അറിവുകൾക്ക് സംരക്ഷണകാരികളായിട്ടാണ് പ്രവർത്തിക്കുന്നത്. എഫ്. എ. ഒ. റിപ്പോർട്ട് പ്രകാരം, സ്ത്രീകൾക്ക് പുരുഷന്മാർക്ക് തുല്യമായ സൗകര്യങ്ങളും അവസരങ്ങളും ലഭിച്ചാൽ കാർഷിക ഉൽപ്പാദനം ഇരുപത് മുതൽ മുപ്പത് ശതമാനം വരെ വർധിപ്പിക്കാനാകും. തന്നെയുമല്ല, വനിതകൾ ഉൾപ്പെടുന്ന കൃഷി പ്രദേശങ്ങളിൽ ഭക്ഷ്യസുരക്ഷയും പോഷകാഹാര നിലവാരവും മെച്ചപ്പെട്ടിരിക്കുന്നു.
കാർഷിക മേഖലയിൽ വനിതകൾ നേരിടുന്ന പ്രധാന വെല്ലുവിളികൾ ഏതൊക്കെയെന്ന് നോക്കാം:
സ്ത്രീകൾക്ക് കാർഷിക ഭൂമിയുടെ ഉടമസ്ഥാവകാശം നേടുന്നത് സംബന്ധിച്ച് പല തടസ്സങ്ങളുണ്ട്. കുടുംബ അവകാശങ്ങൾ, പാരമ്പര്യ നിയമങ്ങൾ എന്നിവ സ്ത്രീകൾക്ക് ഭൂമി കൈവശപ്പെടുത്തുന്നതിൽ വെല്ലുവിളികൾ സൃഷ്ടിക്കുന്നു. സാങ്കേതിക വിദ്യകളുടെ കുറവ്, പരിശീലന അവസരങ്ങളില്ലായ്മ, സ്ത്രീ-സൗഹൃദ മാനദണ്ഡങ്ങളുടെ കുറവ് എന്നിവയെല്ലാം സ്ത്രീകളുടെ കാർഷിക മുന്നേറ്റത്തിന് തടസ്സമാകുന്നു. പെൻഷൻ, ആരോഗ്യ സൗകര്യങ്ങൾ, അവധി പരിഗണന എന്നിവ സ്ത്രീ കാർഷിക തൊഴിലാളികൾക്ക് പരിമിതമാണ്. ഈ സാഹചര്യത്തിൽ വനിതാ കർഷകരെയും കർഷകത്തൊഴിലാളികളെയും പ്രോത്സാഹിപ്പിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്.
കാർഷികവൃത്തിയിൽ യുവതലമുറയുടെ പ്രാധാന്യം:
കാർഷിക മേഖലയിലേക്ക് യുവതലമുറയുടെ പ്രവേശനം വർദ്ധിപ്പിക്കുമ്പോൾ പുതിയ ആശയങ്ങളും സാങ്കേതിക നവീകരണങ്ങളും നൂതന സാങ്കേതികവിദ്യകളും വലിയ രീതിയിൽ ഉൾക്കൊള്ളിക്കാൻ കഴിയും. അഗ്രി - ടെക്ക് സ്റ്റാർട്ടപ്പുകൾ, പ്രിസിഷൻ ഫാമിങ്, വെർട്ടിക്കൽ ഫാമിങ്, ഹൈഡ്രോപോണിക്സ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളുടെ പ്രചാരണം യുവമുന്നേറ്റത്തിലൂടെ സാധ്യമാണ്. യുവതയുടെ സജീവ പങ്കാളിത്തം കാർഷിക മേഖലയിൽ സംരംഭകത്വം വളർത്താൻ സഹായിക്കും. സ്വയം തൊഴിൽ സംരംഭങ്ങൾ, കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർധിത ഉൽപ്പാദനം, ഓൺലൈൻ മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ യുവതയുടെ പങ്ക് ശക്തിപ്പെടുത്തിയാൽ കാർഷിക മേഖലയിലെ വരുമാന സ്രോതസ്സുകൾ വർദ്ധിപ്പിക്കാം. എഫ്. എ. ഒ. റിപ്പോർട്ട് പ്രകാരം, യുവതലമുറ കൃഷിയിലേക്ക് കൂടുതൽ തിരിയുകയാണെങ്കിൽ കാർഷിക ഉൽപ്പാദനം മുപ്പത് മുതൽ നാല്പത് ശതമാനം വരെ വർദ്ധിപ്പിക്കാനാകും. കൂടാതെ ഈ മേഖലയിൽ പുതുമയുള്ള സമീപനങ്ങൾ ഉപയോഗിച്ചാൽ പരിസ്ഥിതി സൗഹൃദമായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കാം.
പുതുതലമുറ കാർഷികവൃത്തിയിൽ നിന്ന് അകന്നുപോകുന്ന തിനുള്ള പ്രധാന കാരണങ്ങൾ ഏവയാണെന്ന് പരിശോധിക്കാം:
കാർഷിക തൊഴിൽ സുരക്ഷയില്ലായ്മയാണ് ഒന്നാമത്തെ കാരണം. കാർഷിക വൃത്തി സ്ഥിരതയില്ലാത്തതും വരുമാനം കുറഞ്ഞതുമായതിനാൽ യുവജനങ്ങൾ മറ്റ് തൊഴിൽ മേഖലകളിലേക്കാണ് അടുത്തിടെ ചേക്കേറുന്നത്. കർഷകരുടെ ആരോഗ്യ സുരക്ഷ, സാമൂഹിക പ്രതിഷ്ഠ തുടങ്ങിയ ഘടകങ്ങൾ യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാത്തതിന് ഒരു പ്രധാന കാരണമാണ്.
ഈ പ്രശ്നങ്ങളെ കുട്ടനാടൻ പശ്ചാത്തലത്തിൽ പരിശോധിക്കാം:
കുട്ടനാടൻ നെൽകൃഷിയെയും അതിന്റെ ദീർഘകാല ഭാവിയെയും പ്രതിസന്ധിയിലാക്കി മാറ്റുന്ന ഒന്നാണ് വനിതാ കർഷകരുടെയും യുവ കർഷകരുടെയും എണ്ണത്തിലുള്ള ഗണ്യമായ കുറവ്. വനിതാ കർഷകരുടെയും യുവ കർഷകരുടെയും കുറവിനെ മറികടക്കുക എന്നത് കുട്ടനാടൻ നെൽകൃഷിയുടെ ദീർഘകാല നിലനിൽപ്പിനായി അത്യാവശ്യമാണ്. സർക്കാർ നയങ്ങൾ, സഹകരണസംഘങ്ങൾ, പുതിയ സംരംഭകത്വ മാർഗങ്ങൾ, സാമ്പത്തിക സഹായങ്ങൾ എന്നിവ ഉൾപ്പെടുത്തിയാൽ മാത്രമേ ഈ പ്രശ്നം വിജയകരമായി നേരിടാനാകൂ.
കഴിഞ്ഞ കാലത്തോളം കുട്ടനാടൻ കൃഷിയിൽ സ്ത്രീകളുടെ വലിയ പങ്ക് ഉണ്ടായിരിന്നു. പുരുഷന്മാർ കർഷകരായി പ്രവർത്തിക്കുമ്പോൾ, സ്ത്രീകൾ കൃഷിയുമായി ബന്ധപ്പെട്ട ജലനിരീക്ഷണ പ്രവർത്തനങ്ങൾ, വിളവെടുപ്പ്, വിത്ത് നിർമാണം തുടങ്ങിയവയിലായിരുന്നു ശ്രദ്ധ ഊന്നിയിരുന്നത്. എന്നാൽ, നിലവിൽ ഉയർന്ന അധ്യാപന, ഐ.ടി., ആരോഗ്യമേഖലാ തൊഴിലുകൾക്ക് സ്ത്രീകളുടെ അനിവാര്യത ഏറി വരുന്നതും, കൃഷിയിൽ കഠിനാധ്വാനം ആവശ്യമായതും ശമ്പള വ്യത്യാസവുമുള്ളതിനാൽ സ്ത്രീകൾ കാർഷിക വൃത്തി ഉപേക്ഷിക്കുന്ന പ്രവണത കൂടി വരുന്നു.
യുവാക്കൾ നെൽകൃഷിയിൽ നിന്ന് മറ്റു തൊഴിൽ മേഖലകളിലേക്ക് മാറുന്നതിന് പ്രധാന കാരണം നഗരവത്കരണവും, തൊഴിൽ പരിവർത്തനവുമാണ്. ധാരാളം പ്രോത്സാഹന പദ്ധതികൾ നിലവിലുണ്ടെങ്കിലും ലാഭക്ഷമതയില്ലാത്തതിനാൽ യുവാക്കൾ കൃഷിയിലേക്ക് എത്തുന്നില്ല. കൂടാതെ, കുട്ടനാട്ടിലെ വിദ്യാഭ്യാസ സാധ്യതകൾ വികസിച്ചതോടെ യുവാക്കൾ മെച്ചപ്പെട്ട തൊഴിൽ പ്രതീക്ഷിച്ച് അതിന്റെ ഭാഗമാകുന്നു. ഒപ്പം തന്നെ, കൃഷിയെയും പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള ആത്മീയ ബോധം യുവാക്കൾക്കിടയിൽ കുറവാണ്.
കാർഷിക വൃത്തിയിൽ സ്ത്രീകളുടെയും യുവജനങ്ങളുടെയും പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി ഏതാനും പരിഹാര നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു:
കൃഷിയിൽ വനിതാ മുന്നേറ്റം ഉണ്ടാകുന്നതിനുവേണ്ടി ഭൂമിയുടെ ഉടമസ്ഥാവകാശം വനിതകൾക്കും മറ്റും ലഭ്യമാക്കുന്നതിനായി നയപരമായ മാറ്റങ്ങൾ കൊണ്ടുവരണം. കുടുംബ ഭൂമികളിൽ സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതിന് നിയമപരമായ പിന്തുണ നൽകണം. വനിതാ കർഷകരുടെ സഹകരണ സംഘങ്ങൾ രൂപീകരിച്ച് അവരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കണം. സ്ത്രീകൾക്കായി പ്രത്യേക കാർഷിക വായ്പാ പദ്ധതികളും ധനസഹായങ്ങളും പ്രാവർത്തികമാക്കണം. ഇതിനോടൊപ്പം, സ്ത്രീകൾക്ക് കൃഷിയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകളിൽ പരിശീലനം നൽകണം. അവരുടേത് മാത്രമായ കാർഷിക കമ്പോളങ്ങൾ സ്ഥാപിച്ച് സ്ത്രീകളുടെ ഉൽപ്പന്നങ്ങൾക്കു പ്രോത്സാഹനം നൽകണം. സ്ത്രീകൾക്ക് സബ്സിഡി, കാർഷിക വായ്പകൾ, നൈപുണ്യപരിശീലനം മുതലായവ നൽകി സംരംഭകത്വം ഉയർത്തുകയും ചെയ്യണം.
ഇനി യുവതലമുറയുടെ കാർഷിക പങ്കാളിത്തം വർദ്ധിപ്പിക്കാൻ സ്വീകരിക്കേണ്ട മാർഗങ്ങൾ എന്തൊക്കെയെന്ന് അവലോകനം ചെയ്യാം. ഒന്നാമതായി കാർഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ അഗ്രി–ടെക്ക് സ്റ്റാർട്ടപ്പ് പദ്ധതികൾക്ക് സർക്കാർ തലത്തിൽ കൂടുതൽ പിന്തുണ നൽകണം. രണ്ടാമതായി, കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധന, പ്രോസസ്സിങ് യൂണിറ്റുകൾ, കാർഷിക ടൂറിസം മുതലായ മേഖലകളിൽ യുവതയെ പ്രോത്സാഹിപ്പിക്കണം. ഇതോടൊപ്പം, യുവ ജനങ്ങളെ കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റാൻ സാങ്കേതിക പരിശീലനം നൽകുന്നതിനു വേണ്ടി അഗ്രി–ടെക്ക് ഹബ്ബുകൾ സ്ഥാപിക്കണം. യുവ കർഷകർക്ക് സബ്സിഡിയോടെയുള്ള കാർഷിക വായ്പകളും ധനസഹായവും ഉറപ്പാക്കണം. യുവ സംരംഭകരെ മുൻനിർത്തിയുള്ള കാർഷിക സംരംഭക പദ്ധതികൾ നടപ്പിലാക്കണം. കൃഷിയെ ഒരു ആകർഷകമായ കരിയർ ആക്കി മാറ്റാൻ സ്കൂൾ തലത്തിൽ നിന്നു തന്നെ കാർഷിക വിദ്യാഭ്യാസം നൽകണം.
കാർഷിക മേഖല ആഗോളതലത്തിലും ദേശിയതലത്തിലും നിരവധി മാറ്റങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്. എന്നാൽ, ഈ മേഖലയിൽ വനിതകളുടെയും യുവതലമുറയുടെയും പങ്കാളിത്തം കുറഞ്ഞുകൊണ്ടിരിക്കുന്നതും ഈ മേഖലയിൽ നിന്ന് അവർ മറ്റ് തൊഴിൽ മേഖലകളിലേക്ക് മാറിക്കൊണ്ടിരിക്കുന്നതും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
സ്ത്രികൾ കാർഷിക മേഖലയിലെ അദൃശ്യശക്തികളാണ്. കാർഷിക വിപ്ലവത്തിന് പിന്നിലെ വൻപങ്കാളികൾ ആയിട്ടുള്ള സ്ത്രീകൾക്ക് വേണ്ട പിന്തുണ നൽകാതെ, കാർഷിക വികസനത്തിന്റെ സുസ്ഥിരത ഉറപ്പാക്കാനാകില്ല. അതിനാൽ, നയതലത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ ഉറപ്പാക്കുകയും അവരെ ഉൽപാദനശേഷിയുള്ള കാർഷിക സംരംഭകരായി മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾ നടപ്പിലാക്കുകയും ചെയ്യേണ്ടതുണ്ട്. സ്ത്രീകൾക്ക് തുല്യ അവസരങ്ങൾ നൽകിയാൽ, കാർഷിക മേഖലയിലെ വളർച്ചയിലേക്കുള്ള വാതായനങ്ങൾ തുറക്കും എന്നതിൽ തർക്കമില്ല.
അതുപോലെ തന്നെ കാർഷികവൃത്തിയിൽ യുവജനങ്ങളുടെ പങ്ക് വർദ്ധിപ്പിക്കുന്നതിലൂടെ കാർഷിക മേഖലയെ നവീകരിക്കാനും കൂടുതൽ ലാഭകരമാക്കാനും കഴിയും. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്ന സ്മാർട്ട് കാർഷിക രീതികൾ, സംരംഭകത്വം, ധനസഹായങ്ങൾ എന്നിവ വഴി യുവതയുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതാണ്. "കൃഷി ഒരു ജീവിതശൈലിയായിരിക്കണം, ഉപജീവനം മാത്രമാകരുത്" എന്ന ചിന്താഗതിയിലേക്കു യുവതലമുറയെ നയിക്കാനായാൽ കാർഷിക മേഖലയെ ഒരു സുസ്ഥിരമായ വ്യവസായമാക്കി മാറ്റാം.
സിനി എസ്. ജോസഫ്
ഗവേഷണ വിദ്യാർത്ഥിനി
സാമ്പത്തിക ശാസ്ത്ര വിഭാഗം
സർക്കാർ വനിതാ കലാലയം
തിരുവനന്തപുരം
Comentários