ആതിര രാജൻ
സംഗ്രഹം
കേരളത്തിലെ വിവിധഗോത്രങ്ങളിൽ നിന്നുള്ള പാരമ്പര്യ ഗാനങ്ങൾ ഇന്ന് സിനിമയിൽ ഇടം പിടിച്ചിട്ടുണ്ട്. അവരുടെ സംസ്കാരവും വികാരവും പ്രതിധ്വനിക്കുന്ന പാട്ടുകൾ സിനിമയിൽ ചേർക്കപ്പെട്ടിട്ടുണ്ട്. ഇരുളടഞ്ഞു കിടക്കുന്ന ഗോത്രങ്ങളിലെ പാട്ടുകൾ ജനങ്ങളിലേക്ക് പെട്ടെന്ന് എത്തിച്ചേരുന്ന സിനിമയെന്ന ഏറ്റവും വലിയ ദൃശ്യമാധ്യമത്തിൽ ഉൾപ്പെടുത്തുമ്പോൾ അത് എപ്രകാരമാണ് മറ്റ് ജനങ്ങളിലേക്കെത്തുന്നതെന്നും എങ്ങനെയാണ് അവ സിനിമയിൽ പ്രതിനിധീകരിക്കപ്പെടുന്നതെന്നും ചർച്ച ചെയ്യുന്നതാണ് ഈ പഠനം.
താക്കോൽ വാക്കുകൾ
പ്രതിനിധാനം, ഗോത്രസാഹിത്യം, ചലച്ചിത്രഗാനം.
ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, കലാരൂപങ്ങൾ, പഴംചൊല്ലുകൾ, കടങ്കഥകൾ അങ്ങനെ മഹത്തായ വാങ്മയ സംസ്കാരത്തിന്റെ ഉടമകളാണ് ഗോത്രവും ഗോത്രജനതയും. അവർ തങ്ങളുടെ പാരമ്പര്യത്തെ സൂക്ഷിക്കുകയും പുതു തലമുറകളിലേക്ക് അവ പകർന്നു കൊടുക്കുകയും ചെയ്യുന്നു. ഏതോ ഒരു കാലത്ത് ഉടലെടുത്ത മൂളലുകളെ പാട്ടുകളാക്കുകയും അതിന് പറ്റിയ വരികൾ മെനയ്ക്കുകയും, കാലത്തിനനുസരിച്ച് തങ്ങളുടെ സംസ്കാരത്തിനും ആചാരങ്ങൾക്കും ചേർന്ന വരികൾ പിന്നീട് കൂട്ടിച്ചേർക്കുകയും, അവ കൈമാറി വരികയും ചെയ്ത വലിയൊരു സാംസ്കാരിക സമ്പന്നത അവർക്കുണ്ട്. അതുപോലെ തന്നെ മഹത്തായ സംഗീതപാരമ്പര്യമാണ് മലയാള സിനിമാചരിത്രത്തിന് അവകാശപ്പെടാനുള്ളത്. ആദ്യ ശബ്ദ ചിത്രമായ ‘ബാലനി’ൽ ഇരുപത്തിമൂന്ന് ഗാനങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പിന്നണി ഗാനാലാപന സമ്പ്രദായം ഉയർന്നുവന്നത് മലയാളത്തിലെ നാലാമത്തെ ശബ്ദ ചിത്രമായ 1948ൽ പി. വി കൃഷ്ണയ്യർ സംവിധാനം ചെയ്ത ‘നിർമ്മല’ എന്ന സിനിമയിലൂടെയാണ്. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ വരികൾക്ക് സംഗീതം പകർന്നത് പി. എസ് ദിവാകറും, ഇ. കെ വാര്യരുമായിരുന്നു. ടി. കെ ഗോവിന്ദറാവു, സി. സരോജിനി മേനോൻ, പി. ലീല തുടങ്ങിയവരായിരുന്നു ഗായകർ. അവിടുന്നിങ്ങോട്ട് പല തരം ശൈലിയിലുള്ള ഗാനങ്ങൾ ഉണ്ടായി വന്നു. ആദ്യകാലങ്ങളിൽ തമിഴ്, ഹിന്ദി സിനിമാഗാനങ്ങളെ അനുകരിച്ചായിരുന്നു ചലച്ചിത്രഗാ നങ്ങൾ വന്നതെങ്കിലും അറുപത്, എഴുപത് കാലഘട്ടങ്ങളിലായപ്പോൾ മലയാളത്തിന് സ്വന്തം ശൈലിയിലുള്ള ഗാനശാഖ കെട്ടിപ്പടുക്കാൻ കഴിഞ്ഞു. ദേശം, മതം, ഗോത്രം, വേഷം, ഭക്ഷണം, സംസ്കാരം, ലിംഗം എന്നീ വിവിധ മേഖലകളെ അധികരിച്ച് ഗാനങ്ങൾ ഭാഷയിൽ ഉണ്ടാവാൻ തുടങ്ങി. ഇന്നിതാ ഇരുപത്തിരണ്ടാം നൂറ്റാണ്ടിൽ എത്തിനില്ക്കുമ്പോൾ മലയാളത്തിലെ ഗാനശാഖ എത്രത്തോളം ഉയരത്തിലാണെന്ന് കാണാം.
പ്രതിനിധാനം എന്നാൽ നിരവധിയായ പ്രതീകങ്ങളുടെ ക്രമബദ്ധമായ വ്യവസ്ഥയാണ് എന്നുപറയാം. ആധുനികം, ആധുനികാനന്തരം എന്നീ ആശയമണ്ഡലത്തിൽ പ്രതിനിധാനം എന്ന സങ്കല്പം അഴത്തിലുള്ള സൈദ്ധാന്തിക വികാരങ്ങൾക്ക് പാത്രമായിട്ടുണ്ട്. ആദ്യഘട്ടത്തിൽ അനുകരണം, പ്രതിഫലനം എന്നീ അർഥത്തിൽ വ്യവഹരിച്ചുപോരുന്നു. ഈ സങ്കല്പം ആധുനിക ചിന്താ പദ്ധതികളുടെയും സവിശേഷമായ പഠനത്തിന്റെയും മേഖലയ്ക്ക് അകത്ത് വെച്ചാണ് പ്രശ്നവൽക്കരിക്കപ്പെട്ടത്. പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നീ ഗ്രീക്ക് ചിന്തകർ അനുകരണം എന്നതിന്റെ പര്യായമായിട്ടാണ് പ്രതിനിധാനം എന്ന വാക്കിനെ വ്യാഖാനിച്ചിട്ടുള്ളത്. ആഖ്യാനങ്ങളുടെ ഭാഷകളും വ്യത്യസ്തമാണ്. ഗാനം, മിമിക്രി, കഥപറച്ചിൽ, കഥാപ്രസംഗം എന്നിങ്ങനെ വ്യത്യസ്ത രീതിയിൽ ആഖ്യാനം നിർവചിക്കാൻ കഴിയും. സാഹിത്യത്തിലെ ഏറ്റവും ജനകീയമായ ഒരാഖ്യാനമാണ് സിനിമ. ഒരിക്കൽ കണ്ടാൽ തലച്ചോറിൽ നിന്നും അത്രപെട്ടെന്ന് മറഞ്ഞുപോകാത്ത ആഖ്യാനമാണിത്. ഇന്ന് സിനിമാമേഖല വളരെയധികം വളർന്നിട്ടുണ്ട്. സാങ്കേതികതയായാലും മേക്കിങ് ആയാലും കഥ അവതരിപ്പിക്കപ്പെടുന്ന രീതിയായാലും വ്യത്യാസമുണ്ട്. ചലച്ചിത്ര ഗാനങ്ങളിലേക്ക് കടന്നാൽ സന്ദർഭത്തിനനുസരിച്ചുള്ള വരികളും, പ്രദേശത്തിനനുസരിച്ചുള്ള ഭാഷകളിലെ പാട്ടുകളും സിനിമയിൽ ഏറെ കാണുന്നത് കുറച്ചുകൂടി റിയലിസ്റ്റിക്കായ അനുഭവം പ്രേഷകനിൽ ഉളവാക്കുന്നു. ഈയടുത്തകാലത്തായി ഇറങ്ങിയ ചില സിനിമകളിൽ ഗോത്രഭാഷാ പാട്ടുകളുടെ അധികമായുള്ള സാന്നിധ്യവും കാണാം.
സിനിമകളിലെ ഗോത്രഭാഷാപാട്ടുകൾ
ഏറ്റവും അടുത്തായി റിലീസ് ചെയ്ത അയ്യപ്പനും കോശിയും(2020), അജഗജാന്തരം(2021), മിന്നൽ മുരളി(2021), മ്..(2021), സ്റ്റേഷൻ 5(2022), സിഗ്നേച്ചർ(2022) തുടങ്ങിയ സിനിമകളിലെല്ലാം ഗോത്രഭാഷാപാട്ടുകളുണ്ട്. ഇതിൽ പ്രധാനമായും അജഗജാന്തരം, മ്.., സിഗ്നേച്ചർ സിനിമകളിലെ പാട്ടുകൾ നോക്കാം. ഈ സിനിമകൾ മൂന്നും വ്യത്യസ്ത ജോണറിൽ ഉള്ളവയാണ്. ‘അജഗജാന്തരം’ തികച്ചും മലയാളചിത്രവും, ‘മ്..’ ഒരു ഗോത്രഭാഷാ ചിത്രവും, ‘സിഗ്നേച്ചർ’ ഇത് രണ്ടും കൈകാര്യം ചെയ്യുന്ന ചിത്രവും കൂടിയാണ്. മൂന്ന് സമുദായങ്ങളിലെ വ്യത്യസ്ത പാട്ടുകളാണ് ഈ സിനിമകളിൽ നല്കിയിരിക്കുന്നത്. ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ 2021ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘അജഗജാന്തരം’. ഇതിൽ മാവിലർ സമുദായത്തിന്റെ പരമ്പരാഗത നൃത്തഗാനമാണ് സിനിമയിലെ ഒരാഘോഷ ഭാഗത്ത് ഉൾപ്പെടുത്തിയിട്ടുള്ളത്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ കൂടുതലായി കാണപ്പെടുന്ന ആദിവാസി വിഭാഗമാണ് മാവിലർ. പ്രാചീനകാലം മുതൽ തന്നെ മലനിരകളിൽ ജീവിതം നയിച്ച ആദിവാസി വിഭാഗക്കാരാണിവർ. ഇവരുടെ പരമ്പരാഗത കലാരൂപം തെയ്യമാണ്. തെയ്യം കൂടാതെ മാവിലരുടെ ഇടയിൽ കണ്ടുവരുന്ന മറ്റൊരു കലാരൂപമാണ് ‘മംഗലംകളി’. വിവാഹവേളകളിലാണിത് കൂടുതലായും അവതരിപ്പിക്കപ്പെടുന്നത്. തുളുവിലാണ് വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മംഗലംകളിയുടെ ചില വരികളിതാ,
“ഒള്ളുള്ളേരു ഒള്ളുള്ളേരു മാനിനങ്കേരെ
ബിരാജ് പേട്ടൈ ധുണ്ടുഗൈയെ മാനിനങ്കേരെ
ഒള്ളുള്ളേരു ഒള്ളുള്ളേരു മാനിനങ്കേരെ
മസുരപേട്ടൈ ധുണ്ടുഗൈയെ മാനിനങ്കേരെ”
സ്ത്രീ പുരുഷന്മാർ ഈ പാട്ടിന്റെയും തുടിയുടെയും താളത്തിനൊത്താണ് നൃത്തം വെക്കുന്നത്. പൊതുവേ ഈ കലാരൂപത്തിൽ തുടിയാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വാദ്യോപകരണം. അജഗജാന്തരം സിനിമയിലും ഒരു വിവാഹ സൽക്കാരത്തിന്റെ ഇടയിലാണ് ഈ പാട്ട് ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ താളത്തിന് കുറച്ചുകൂടി പ്രാധാന്യം കൊടുത്തിരിക്കുന്നു. സാധാരണ മാവിലർ പാടുന്ന താളമല്ല സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. കുറച്ചുകൂടി വേഗത കൂട്ടി ഒരു റീമിക്സ് രീതിയിലാണ് പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
വിജീഷ്മണിയുടെ സംവിധാനത്തിൽ 2021ൽ ചലച്ചിത്ര ആഘോഷങ്ങളിൽ (film fest) പ്രദർശനത്തിന് എത്തിയ ചിത്രമാണ് ‘മ്..’ തേനീച്ചയുടെ കുലത്തിന്റെ കഥപറയുന്ന ഈ ചിത്രം ഗോത്രഭാഷാ ചലച്ചിത്രമാണ്. അട്ടപ്പാടിയിലെ കുറുമ്പ ഭാഷയിലാണ് ഇത് എടുത്തിരിക്കുന്നത്. കേരളത്തിൽ വയനാട് ജില്ലയിലും, പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലും താമസിക്കുന്ന ആദിവാസി വിഭാഗമാണ് കുറുമ്പർ. കേരളത്തിൽ ഇവരെ പ്രാക്തനഗോത്രവർഗമായിട്ടാണ് കണക്കാക്കുന്നത്. കുറുമ്പർ ജനവിഭാഗത്തിന്റെ പാരമ്പര്യനൃത്തരൂപമാണ് കുറുമ്പനൃത്തം. വിവാഹം, ജനനം, തിരണ്ടുകല്യാണം, മരണം തുടങ്ങിയ സന്ദർഭങ്ങളിലും ഊരുകളിലെ ആഘോഷവേളകളിലും ഇത് അവതരിപ്പിക്കുന്നു.
“പാതയിലെ നെറങ്കി മുളു
പൂവേക്കൊടി പൊന്നാമോ..
പൂവേക്കൊടി പൊന്നാമോ..
തൊട്ടതെല്ലാം മറികൂളാതെ
പൂവേക്കൊടി പൊന്നാമോ..
പൂവേക്കൊടി പൊന്നാമോ..
തന്നാനേ നാനേ നാനേ
താനേ താനേ തന്നാനേ
താനേ താനേ തന്നാനേ.. (2)
പാതയിലെ കാരമുളു
പൂവേക്കൊടി പൊന്നാമോ..
പൂവേക്കൊടി പൊന്നാമോ..
പൂവേക്കൊടി പൊന്നാമോ..
പൂവേക്കൊടി പൊന്നാമോ..
തൊട്ടതെല്ലാം മറികൂളാതെ
തില്ലേലേ ലേ ലേ ലേ ലോ
തില്ലലേ ലേ ലേ ലേ ലോ
തില്ലലേ ലേ ലേ ലേ ലോ..” (2)[1]
കുറുമ്പരുടെ വിവാഹ അവസരങ്ങളിൽ വിവാഹത്തിന് മുമ്പ് ആദ്യം വധുവിന്റെയും വരന്റെയും ബന്ധുക്കൾ ഈ പാട്ടിന് നൃത്തം ചെയ്യുന്നു. പിന്നീട് വധുവും വരനും വിവാഹശേഷം നൃത്തം ചെയ്യുന്നു. പിന്നീട് വിവാഹശേഷം വധു വരനോടൊപ്പം വരന്റെ വീട്ടിൽ എത്തുമ്പോൾ വീണ്ടും നൃത്തം ചെയ്യുന്നു. ഒരു നൃത്തത്തിന്റെ താളത്തിലല്ല കുറച്ചുകൂടി ഈണത്തിലാണ് (melody) സിനിമയിൽ ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
മനോജ് പാലോടൻ സംവിധാനം നിർവ്വഹിച്ച് 2022ൽ പുറത്തിറങ്ങിയ സിനിമയാണ് ‘സിഗ്നേച്ചർ’. ഇത് അട്ടപ്പാടി കേന്ദ്രീകരിച്ച് എടുത്ത സിനിമയായതുകൊണ്ട് തന്നെ അട്ടപ്പാടി ആദിവാസി വിഭാഗത്തിന്റെ പ്രധാനപ്പെട്ട ഭാഷകളിൽ ഒന്നായ മുഡുക ഭാഷയിൽ രണ്ട് ഗാനങ്ങൾ നിർവ്വഹിച്ചിരിക്കുന്നു. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ഒരാദിവാസി വിഭാഗമാണ് മുഡുകർ. അഗളി, പരൂർ എന്നിവിടങ്ങളിലാണ് മുഡുകർ അധികമായുള്ളത്. പ്രാകൃത തമിഴാണ് ഭാഷ. ഈ ഭാഷയിൽ ചിട്ടപ്പെടുത്തിയിരിക്കുന്നതാണ് ഈ സിനിമയിലെ രണ്ട് പാട്ടുകൾ.
“അഞ്ജവേട മല്ലോ ആകവേട മല്ലോ
അവ്വയപ്പസൊത്തരെന്ത് ആകവേട മല്ലോ (2)
അക്ക തങ്കി മക്കാ.. അണ്ണ തമ്പി മക്കാ..
നിനക്കെന്ത് ഇരിക്കാല് അഞ്ജവേട മല്ലോ (2)
തില്ലേലോ തില്ലോലേ തില്ലലേലോ തില്ലലേലോ
തില്ലേലേലോ തില്ലേലോലേ തില്ലലേലോ ലേ ലോ
തന്നിധാനേ നാനേ നാനേ നാനേ നാനേ
തന്നിതാനേ നാനേ നാനേ നാനേ നാനേ.. “ (രചന - തങ്കരാജ് മൂപ്പൻ)
“നേ തായേക്ക് സ്വന്തമാ.. ഇല്ലേ തന്തയ്ക്ക് സ്വന്തമാ.. (2)
ചെല്ലി ചെല്ലി ചെല്ലി ചെല്ലി ചെല്ലി ചെല്ലി ഇരരരേ (2)
നേ ഊരുക്ക് സ്വന്തമാ.. ഇല്ലേ കാട്ക്ക് സ്വന്തമാ.. (2)
ചെല്ലി ചെല്ലി ചെല്ലി ചെല്ലി ചെല്ലി ചെല്ലി ഇരരരേ” (2) (രചന - തങ്കരാജ് മൂപ്പൻ)
ഇത് സിനിമയ്ക്ക് വേണ്ടി മാത്രം എഴുതിയതാണ്. തന്നെയുമല്ല ഇന്ത്യയിലെ ആദ്യത്തെ മുഡുക ചലച്ചിത്രഗാനവും ഇത് തന്നെയാണ്.
ഇതേ രീതിയിൽ വരുന്ന മറ്റൊരു ചലച്ചിത്രമാണ് സച്ചിയുടെ സംവിധാനത്തിൽ 2020ൽ പുറത്തിറങ്ങിയ ‘അയ്യപ്പനും കോശിയും’. അട്ടപ്പാടിയുടെ ഗോത്രജീവിത പരിസരങ്ങൾ കാണിക്കുന്നുണ്ടെങ്കിലും പൂർണമായും ഇതൊരു ഗോത്രഭാഷാ സിനിമയല്ല. ഗോത്രജീവിതങ്ങൾ കാണിക്കുന്നിടത്ത് അവരുടെ തന്നെ ഭാഷയിലെ ഗാനവും ഒരുക്കിയിട്ടുണ്ട്. ജേക്സ് ബിജോയ് സംഗീത സംവിധാനം നിർവ്വഹിച്ച ഈ പാട്ട് വളരയേറെ ശ്രദ്ധിക്കപ്പെട്ടതാണ്.
“കളക്കാത്ത സന്ദനമേറെ വെഗുവോക പൂത്തിറിക്കോ
പൂപറിക്കാ പോകിലാമോ വിമേനാത്തെ പക്കിലാമോ (2)
തില്ലേലെ ലേ.. ലെ ലേ ലെ
ലേ ലേ ലേ.. ലേ ലോ.. ലേ
തില്ലേലേ ലേ.. ലേ ലേ ലേ
ലേ ലേ ലേ ലേ.. ലേ ലോ ലോ..” (രചന - നഞ്ചിയമ്മ)
കഥ പറയുന്ന ഗാനങ്ങൾ
ആദ്യകാലങ്ങളിൽ നാടകഗാനങ്ങളെ ആസ്പദമാക്കിയാണ് ചലച്ചിത്രഗാനങ്ങൾ വന്നിരുന്നത്. എന്നാൽ വളരെ കുറച്ചു കാലം കൊണ്ടുതന്നെ ചലച്ചിത്ര ഗാനങ്ങൾക്ക് അവരുടേതായ വ്യക്തിത്വം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. ഭാഷാപരവും സാംസ്കാരികവുമായ വ്യത്യാസങ്ങളെ മറികടന്ന് ഇന്ന് ഈ തരത്തിലുള്ള ഗോത്രഭാഷാ പാട്ടുകൾ സിനിമകളിൽ സമ്പുഷ്ടമാകുമ്പോൾ ഒരു വലിയ പരമ്പര്യത്തിന്റെ, സംസ്കാരത്തിന്റെ കഥ തന്നെ പറയാനുണ്ടാകും. രണ്ട് തരത്തിലാണ് ചലച്ചിത്രങ്ങളിലെ ഗോത്രഭാഷാപാട്ടുകളുടെ ആഖ്യാനം എന്നുപറയാം.
1. ആസ്വാദനം
2. അടയാളപ്പെടുത്തൽ
ഒരു സിനിമയിലെ ഗാനങ്ങളുടെ ദീർഘകാല ശരാശരി എണ്ണം എട്ട് ആണ്. ഇന്ന് അതിൽ കൂടുതൽ ഗാനങ്ങളുള്ള സിനിമകളും ഇറങ്ങുന്നുമുണ്ട്. പലപ്പോഴും നൃത്തത്തോടൊപ്പമുള്ള ഗാനരംഗങ്ങൾ സിനിമയുടെ അഭിവാജ്യ ഘടകമാണ്. അതുകൊണ്ടുതന്നെ സിനിമയിൽ ഒരു പാട്ടെങ്കിലും നൃത്തരംഗമായി ഉണ്ടാവും. ഇത് ആസ്വാദനത്തിന് വേണ്ടി നിർമ്മിക്കപ്പെടുന്നതാണ്. ഏതെങ്കിലും ഒരു സമുദായത്തിന്റെ/ ഗോത്രത്തിന്റെ പാട്ടുകൾ സിനിമയിൽ അവതരിപ്പിക്കപ്പെടുമ്പോൾ അതിലെ വരികളെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല. അവിടെ താളത്തിനായിരിക്കും പ്രാധാന്യം. പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന രീതിയിൽ അത് ചിട്ടപ്പെടുത്തുക എന്നത് മാത്രമാണ് ഉദ്ദേശം. ‘അജഗജാന്തര’ത്തിൽ സന്ദർഭത്തിന് യോജിച്ച ഗോത്രപ്പാട്ടാണു എടുത്തിരുന്നതെങ്കിലും അതിലെ താളം ഗോത്രക്കാർ ഉപയോഗിക്കുന്ന പാരമ്പര്യ രീതിയിലുള്ളതായിരുന്നില്ല. പാട്ട് കുറച്ചുകൂടി വേഗത്തിലാക്കി, അതിനനുസരിച്ചുള്ള സംഗീതം നല്കി അങ്ങനെ പ്രേക്ഷകന് എല്ലാം മറന്ന് ആടാനും പാടാനുമുള്ള പരുവത്തിലാണ് സംഗീത സംവിധായകൻ സിനിമയിൽ പ്രയോഗിച്ചിരിക്കുന്നത്. ഇത് കേൾക്കുന്ന വ്യക്തിക്ക് അതിലെ വരികളോ, വരികളുടെ അർഥങ്ങളോ മനസ്സിലാകണം എന്നില്ല. ആസ്വാദനത്തിന് വേണ്ടി കേട്ടു പോവുക എന്നതിൽ കവിഞ്ഞ് മറ്റൊന്നും ഇതിൽ ചെയ്യാറില്ല. എന്നാൽ രണ്ടാമത്തെ ഘടകമായ സാംസ്കാരിക അടയാളപ്പെടുത്തലുകൾ ചിലത് ചെയ്തു വെക്കുന്നുണ്ട്. മികച്ച ഗാനങ്ങൾ പലപ്പോഴും നമ്മുടെ പരിസരങ്ങളിൽ നിന്നും വ്യക്തിപരമായ അനുഭവങ്ങളിൽ നിന്നും വികാരങ്ങളിൽ നിന്നുമാണ് ഉണ്ടാകുന്നത്. അത്തരത്തിലുള്ള ഗാനങ്ങളാണ് ഗോത്രഗാനങ്ങളുടേത്. ആ ഗാനങ്ങളിൽ അവരുടെ സംസ്കാരത്തിന്റെ, ആചാരത്തിന്റെ, അനുഷ്ഠാനങ്ങളുടെ, ജീവിതത്തിന്റെ കഥകൾ ഉണ്ടാവും. ഏത് ഗോത്രത്തിന്റെ പാട്ടുകൾ എടുത്തുനോക്കിയാലും ഇത് തന്നെയാകും കാണാനാകുക. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് അവർക്ക് മാത്രം അവകാശപ്പെടാൻ കഴിയുന്ന അവരുടെ ഭാഷ. കേരളത്തിലെ എല്ലാ ഗോത്രഭാഷകളിലും കൂടുതലും ഉപയോഗിക്കപ്പെടുന്നത് തമിഴ്, മലയാളം പദങ്ങളുടെ മിശ്രിതരൂപമാണ്. പിന്നെ കാസർഗോഡ്, കണ്ണൂർ പ്രദേശങ്ങളിലെ ഗോത്രഭാഷകളിലാണ് തുളു, മലയാളം മിശ്രിതരൂപം കാണുന്നത്. നമുക്ക് അറിയാത്ത ഒരു സംസ്കാരത്തെ/ ഒരു ഭാഷയെ അടയാളപ്പെടുത്തുകയാണ് ഇത്തരം പാട്ടുകളിലൂടെ ചെയ്യുന്നത്. മുമ്പ് പറഞ്ഞതുപോലെ സിനിമ ഒരു വലിയ മാധ്യമമാണ്. അതുകൊണ്ടുതന്നെ സിനിമയിലൂടെ എന്ത് അവതരിപ്പിച്ചാലും അത് വലിയൊരു സമൂഹത്തിലേക്കായിരിക്കും എത്തുന്നത്. ഗോത്രഭാഷാപാട്ടുകൾ ഇതിലൂടെ അവതരിപ്പിക്കപ്പെടുമ്പോൾ വലിയൊരു ജനതയിലേക്ക് എത്തുകയും നമ്മുടെ നാട്ടിലെ അറിയപ്പെടാത്ത സംസ്കാരത്തിന്റെയും , ഭാഷയുടെയും അറിവിന് വേണ്ടി ഇത് സഹായിക്കുകയും ചെയ്യുന്നു. ഇത് ഒരുതരത്തിൽ അവരുടെ സംസ്കാരത്തെ അടയാളപ്പെടുത്തുക കൂടിയാണ് ചെയ്യുന്നത്. ഇന്ന് പല ജില്ലകളിലെ വ്യത്യസ്ത പദങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ധാരാളം സിനിമാ പാട്ടുകൾ സുലഭമാണ്. അതിൽ ഗോത്രഭാഷാ പാട്ടുകൾ കൂടി വരുമ്പോൾ ആ പാട്ടിന്റെ പദ ക്രമീകരണം എങ്ങനെയാണ്, താളം എങ്ങനെയാണ്, ഏതൊക്കെ സമയങ്ങളിൽ പാടുന്ന പാട്ടുകളാണ് എന്നുള്ള വിവരങ്ങൾ കൂടുതലായും ജനങ്ങളിലേക്കെത്തിക്കുന്നു. ഗോത്രഭാഷാ പാട്ടുകളെ കുറിച്ച് ധാരാളം പഠനങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. എന്നാൽ, പുസ്തകങ്ങളിൽ എഴുതിയതിനെക്കാൾ കൂടുതൽ വിവരങ്ങൾ ജനങ്ങളിലേക്കെത്തുന്നത് ഇത്തരം ദൃശ്യമാധ്യമത്തിലൂടെ തന്നെയാണ്. ഒരു സമൂഹത്തെ പ്രതിനിധാനം ചെയ്ത് ഇത്തരം പാട്ടുകൾ കടന്നുവരുമ്പോൾ പ്രോൽസാഹിപ്പിക്കേണ്ടതിന്റെ അവശ്യകതയുണ്ട്.
ഒരു ഗോത്രത്തിന്റെ പാട്ട് നമ്മൾ അവരുടെ അറിവോടെയോ ഇല്ലാതെയോ സിനിമയിലേക്കൊ അല്ലെങ്കിൽ മറ്റ് മാധ്യമങ്ങളിലേക്കൊ എടുത്താൽ അതിന് കോപ്പി റൈറ്റ് വെക്കേണ്ടതുണ്ട്. എവിടുന്നാണോ എടുത്തത് അതിന്റെ റഫറൻസ് കൂടി കാണിക്കണം. യൂട്യൂബ്, ഗൂഗിൾ പോലുള്ള വലിയൊരു ജനമാധ്യമത്തിൽ ഇത്തരം പാട്ടുകൾ കൊടുക്കുമ്പോൾ ചില പാട്ടുകൾക്ക് മാത്രമാണ് റഫറൻസ് വെച്ചിട്ടുള്ളത്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് 2021ൽ ഇറങ്ങിയ ‘മിന്നൽ മുരളി’ എന്ന സിനിമയിൽ ഒരു ട്രൈബൽ ബേസ്ഡ് റീമിക്സ് ബി. ജി. എം കൊടുക്കുന്നുണ്ട്. അതിന്റെ ടൈറ്റിലിൽ തന്നെ ‘ട്രൈബൽ സോങ്’ എന്നു കൊടുക്കുന്നുണ്ട്. അജഗജാന്തരത്തിലും, സിഗ്നേച്ചറിലും ഇത്തരം റഫറൻസ് കൊടുത്തിട്ടുണ്ട്. എന്നാൽ അയ്യപ്പനും കോശിയും പോലെയുള്ള ജനശ്രദ്ധ ഏറെ കിട്ടുന്ന സിനിമകളിൽ ഇത്തരം റഫറൻസ് ഉപയോഗിച്ചിട്ടുമില്ല.
ആധാരസൂചി
● വേലപ്പൻ,കെ. (2014). സിനിമയും സമൂഹവും. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്.
ഗവേഷണ പ്രബന്ധങ്ങൾ
● ദൃശ്യ, വി പി. (2020). കറുത്തവരുടെ പ്രതിനിധാനം ന്യൂജനറേഷൻ സിനിമകളിൽ : കമ്മട്ടിപ്പാടം, തൊട്ടപ്പൻ എന്നീ സിനിമകളെ മുൻനിർത്തിയുള്ള വിമർശനാത്മക പഠനം. കാലിക്കറ്റ് സർവ്വകലാശാല : മലയാള-കേരളപഠനവിഭാഗം.
● രതീഷ് കുമാർ, സി പി. (2019). ചരിത്രവും ചലച്ചിത്രാഖ്യാനവും : മലയാള സിനിമയിലെ ചരിത്രപ്രതിനിധാനങ്ങളുടെ വിമാർശനാത്മക പഠനം. കാലിക്കറ്റ് സർവ്വകലാശാല : മലയാള-കേരള പഠനവിഭാഗം.
● ശരത് ചന്ദ്രൻ. (2023). അരേഖീയാഖ്യാനത്തിന്റെ മാനങ്ങൾ : തെരെഞ്ഞെടുത്ത സിനിമകളെ മുൻനിർത്തിയുള്ള അന്വേഷണം. കാലിക്കറ്റ് സർവ്വകലാശാല : മലയാള-കേരള പഠനവിഭാഗം.
[1] രചന – നഞ്ചിയമ്മ
ആതിര രാജൻ
ഗവേഷക
മലയാള-കേരള പഠനവിഭാഗം
കാലിക്കറ്റ് സർവ്വകലാശാല