സാഹിത്യപഠനം
കെ. ജയകുമാർ
മഹാകവി കുമാരനാശാൻറെ ഏറെ നിരൂപക ശ്രദ്ധയാകർഷിച്ചിട്ടുള്ള കൃതിയാണ് ചിന്താവിഷ്ടയായ സീത. വ്യത്യസ്ത തലങ്ങളിൽ വായിക്കപ്പെടാവുന്നതും വിഭിന്ന കാഴ്ചപ്പാടുകളിൽ വിലയിരുത്താവുന്നതുമാണ് സീതാകാവ്യം. മനഃശാസ്ത്ര വിശകലനത്തിനും സ്ത്രീ പക്ഷ വ്യാഖ്യാനങ്ങൾക്കും അധികാര രാഷ്ട്രീയത്തിന്റെ വിമർശനങ്ങൾക്കും ഈ കൃതി വഴങ്ങും. ആശാൻറെ പ്രതിഭാവിലാസത്തിൻറെയും കല്പനാസിദ്ധിയുടെയും വൈകാരിക സൂക്ഷ്‌മതയുടെയും ഉത്തമ നിദർശനമാണ് തലമുറകളെ അതിശയിപ്പിക്കുന്ന ഈ കൃതി. ഡോ. സുകുമാർ അഴീക്കോടിൻറെ പ്രസിദ്ധമായ 'ആശാൻറെ സീതാകാവ്യം' മുതൽ മലയാളത്തിൽ ഒട്ടനവധി പഠനങ്ങളും അക്കാദമികപ്രബന്ധങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും സീതയുടെ വിചാരധാരയെക്കുറിച്ച് നമ്മുടെ പഠനങ്ങളെല്ലാം തന്നെ വഴിതെറ്റി സഞ്ചരിക്കുന്നു എന്ന് പറഞ്ഞാൽ മിക്കവാറും നിരൂപകർ അതിനെ എതിർക്കുകയേയുള്ളൂ. എങ്ങനെയാണു ആദ്യമേ വഴി തെറ്റിയതെന്നും, ഏതാണ് കൃത്യമായ വിചാരവഴി എന്നുമാണ് ഇവിടെ അന്വേഷിക്കുന്നത്.
-I-
ആദ്യത്തെ പതിനൊന്നു ശ്ലോകങ്ങൾ
ഇതിഹാസസന്ദർഭങ്ങളെയോ ജാതകകഥകളെയോ മറ്റു പുരാവൃത്തങ്ങളെയോ കാവ്യരചനയുടെ ഇതിവൃത്തമായി സ്വീകരിക്കുമ്പോൾ, ആഖ്യാനത്തിൻറെ ഫോക്കസ് നായികയുടെ മനോവ്യാപാരങ്ങളിലായിരിക്കണമെന്ന് നിർബന്ധമുള്ള കവിയാണ് ആശാൻ. സീതാകാവ്യത്തിൽ ഈ സമീപനം അതിൻറെ പരിപൂർണ്ണശോഭ പ്രാപിക്കുന്നു. സീത തന്നെ തൻറെ മനസ്സിൻറെ അവസ്ഥയെക്കുറിച്ചു വ്യാകുലപ്പെടുന്നത് ശ്രദ്ധിക്കുക:
തിരിയും രസബിന്ദു പോലെയും
പൊരിയും നെന്മണിയെന്ന പോലെയും (13 )
പൊരിയുന്ന നെന്മണിയും തിരിയുന്ന രസബിന്ദുവും തോന്നുംപടിയാണ് ചലിക്കുക. മനസ്സിന് മേൽ തനിക്കു നിയന്ത്രണമില്ലെന്നു കൂടിയാണ് സീത സമ്മതിക്കുന്നത്. ആ മനസ്സാണ് ആദ്യത്തെ പതിനൊന്നു ശ്ലോകങ്ങളിലെ പ്രതിപാദ്യം. ഈ ശ്ലോകങ്ങൾ മൗലികമായ പുനർവായനയ്ക്കു വിധേയമാക്കേണ്ടതുണ്ട്. സീതാകാവ്യത്തിൻറെ നിർണ്ണായക മുഹൂർത്തങ്ങളെ നവമായ ഉൾക്കാഴ്ചയോടെ കാണാൻ ആ വായന കൂടിയേ കഴിയൂ.
സാഹിത്യ വിദ്യാർത്ഥികൾ കേട്ട് ശീലിച്ച 'തൂലികാ ചിത്രം'എന്ന പരികല്പനയുടെ ഇടുങ്ങിയ മുറിയിൽ നിന്ന് ആദ്യമേ നമ്മുടെ മനസ്സ് പുറത്ത് വരണം. സ്വഭാവോക്തി അലങ്കാരത്തിൻറെ സൗന്ദര്യശാസ്ത്രം മറന്നേയ്ക്കുക. ഈ കൃതി പലപ്പോഴായി അച്ചടിച്ച പ്രസാധകരും അവരുടെ പുറംചട്ട ഡിസൈൻ ചെയ്ത ചിത്രകാരന്മാരും കൂടി തന്നു പോയ ഒരു വലിയ ബാധ്യതയാണ് ഈ തൂലികാ ചിത്ര സമീപനം. പുറം ചട്ടയിൽ ദുഃഖിതയായി ഇരിക്കുന്ന സീതയുടെ രേഖാ ചിത്രം കടന്നു വേണം വായനക്കാർക്ക് കൃതിയുടെ ഹൃദയത്തിലേക്ക് കടക്കാൻ. ആദ്യത്തെ പത്തു ശ്ലോകങ്ങളുടെ ഉള്ളറിയാത്ത ശുഷ്ക ദൃശ്യാവിഷ്കാരമാണ് ഈ കവർ ചിത്രങ്ങളെല്ലാം.
ആശാൻറെ സീത കാവ്യാരംഭത്തിൽ തന്നെ അസാധാരണമായൊരു മാനസികാവസ്ഥയിലാണ്. മക്കളുമായി വാല്മീകി മഹർഷി അയോധ്യയ്ക്ക് യാത്രയാകാൻ തീരുമാനിച്ച നിമിഷം മുതൽ തുടങ്ങിയതാണ് സീതയുടെ ഈ അശാന്തത. ആശ്രമത്തിൽ ശീലിച്ച ഏകാഗ്രതയെയും സമചിത്തതയെയും ഓർമ്മകൾ വന്നു ഉലയ്ക്കാൻ തുടങ്ങുന്നു. പതിനാലു വർഷം ശീലിച്ച വ്രതനിഷ്ഠയും വൈരാഗ്യവും വെല്ലുവിളിക്കപ്പെട്ട മനസ്സ് 'പൊരിയും നെന്മണി' പോലെയായി മാറുകയാണ്. ഈ അവസ്ഥയെ ലാഘവബുദ്ധിയോടെ കാണാനോ ഇത്തരം സന്ദർഭങ്ങളിൽ ഇതൊക്കെ സ്വാഭാവികം എന്ന് തുച്ഛീകരിക്കാനോ സാധിക്കില്ല. കാരണം അങ്ങേയറ്റം ഖിന്നയായും അപമാനിതയായും ആശ്രമത്തിൽ എത്തിച്ചേർന്ന സീതയെ വാല്മീകി മഹർഷി മകളെപ്പോലെ പരിപാലിച്ചു. ആശ്രമത്തിൽ വന്നെത്തിയ ദിവസങ്ങളെക്കുറിച്ചുള്ള തപ്തതീക്ഷ്ണമായ സ്മരണകളെ നേരിടാൻ സീതയെ സജ്ജയാക്കാനുള്ള ഉത്തരവാദിത്തം വാല്മീകി ഏറ്റെടുക്കുന്നു. മഹർഷി സീതയെ വ്രതചര്യ പരിശീലിപ്പിച്ചു. ആത്മവിദ്യ എന്തെന്ന് പഠിപ്പിച്ചു. അങ്ങനെ ജീവിതത്തിലെ തിരിച്ചടികളെ ധീരമായി നേരിടാൻ സീത മെല്ലെ മെല്ലെ സജ്ജയായിക്കഴിഞ്ഞു.
പഴകീ വ്രതചര്യ, ശാന്തമായ്
കഴിവൂ കാലമിതാത്മവിദ്യയാൽ.
വ്രതചര്യ പഴകി എന്ന കാരണത്താൽ ഇപ്പോൾ ആത്മവിദ്യയുടെ മാർഗ്ഗം പിന്തുടരാൻ സാധിക്കുന്നു. അതുകാരണം 'ശാന്തമായ് കഴിവു കാലം.' ആ ശാന്തമായ അവസ്ഥയിൽ സീതയെ കൊണ്ടുചെന്നെത്തിച്ചത് വാല്മീകിയുടെ ശിക്ഷണവും ആശ്രമത്തിലെ അന്തരീക്ഷവുമാണ്.
പ്രസിദ്ധമായ മൂന്നാമത്തെ ശ്ലോകം ശ്രദ്ധിച്ചൊന്നു വായിക്കാം.
രവി പോയി മറഞ്ഞതും സ്വയം
ഭുവനം ചന്ദ്രികയാൽ നിറഞ്ഞതും
അവനീശ്വരിയോർത്തതില്ല, പോ-
ന്നവിടെത്താൻ തനിയേയിരിപ്പതും.
കാവ്യാരംഭത്തിലെ ഈ ശ്ലോകം സീതയുടെ സ്ഥലകാല സൂചനകൾക്കായി എഴുതപ്പെട്ടതാണെന്ന ധാരണയിൽ വലിയ ശ്രദ്ധ പിടിച്ചു പറ്റാറില്ല. സവിശേഷമായ അപഗ്രഥനം അർഹിക്കുന്നതാണെന്നു പലരും കരുതാറുമില്ല.
ശ്ലോകത്തിൻറെ പൂർവ്വഭാഗം സ്ഥലകാല സൂചകങ്ങളാണെന്നു സമ്മതിക്കണം. എന്നാൽ അവനീശ്വരിയോർത്തതില്ല പോന്നവിടെത്താൻ തനിയേയിരിപ്പതും' എന്ന ഉത്തരഭാഗം നിർവ്വഹിക്കുന്നത് മറ്റൊരു ധർമ്മമാണ്. സീതയുടെ അവസ്ഥ പരിചയപ്പെടുത്തലാണ് ഉദ്ദേശ്യം. അവിടെ വന്നെത്തിയത് എന്തിനാണെന്നും എങ്ങനെയാണെന്നും വ്യക്തതയില്ലാത്ത (ഓർത്തതില്ല) ഒരവസ്ഥയിലാണ് സീത. അസാധാരണമാണ് സീതയ്ക്ക് ഈ ശ്രദ്ധ കുറഞ്ഞ അവസ്ഥ. പതിവിനു വിരുദ്ധമാണ്. അവിടെപ്പോയി തനിയെ ഇരിക്കാൻ എത്തിയത് ഒട്ടു യാന്ത്രികമായിരുന്നു എന്ന് സാരം. ബോധപൂർവമുള്ള ഒരു തീരുമാനമായിരുന്നില്ല അത്. സാധാരണ സീത ഈ സമയയത് ചെന്നെത്താറുള്ളതല്ല ഈ സ്ഥലം. 'തനിയെ' എന്ന വിശേഷണത്തിനും അർത്ഥവ്യാപ്തിയുണ്ട്. ആശ്രമത്തിലെ മറ്റുള്ളവരോടൊപ്പമിരിക്കാനല്ല. 'തനിയേ ' ഇരിക്കാനാണ് സീതയ്ക്കിപ്പോൾ ആഗ്രഹം.
നാലും അഞ്ചും ശ്ലോകങ്ങളിൽ രണ്ടു പ്രകൃതി ചിത്രങ്ങളാണ് ആലേഖനം ചെയ്യപ്പെടുന്നത്. വെണ്ണിലാവൊളിയിലെ വനരാജിയും സീതയുടെ ഘനവേണിയിൽ വന്നു പതിച്ച 'തൈജസ കീട പംക്തിയു'മാണ് ആ രണ്ടു ചിത്രങ്ങൾ. എന്നാൽ അവ കേവലം നിശ്ചല ചിത്രങ്ങളാണ്. നിശ്ചലമായ അവസ്ഥകളുടെ പിന്നിലെ ചലനം കാട്ടിത്തരലും കൂടിയയാണ് ആ രണ്ടു ശ്ലോകങ്ങളുടെ ലക്ഷ്യം. ആദ്യചിത്രത്തിൽ വെണ്ണിലാവൊളിയിൽ വെള്ളിയിൽ വർത്തതുപോലെ കാണപ്പെടുന്ന വന രാജി, തമസാസമീരനിൽ ഇളകുകയാണ്.
'കൂന്തലിൽ പതിയുന്ന മിന്നാമിന്നികളെ ഉപമിച്ചിരിക്കുന്നത് , 'വനമുല്ലയിൽ നിന്ന് വായുവിൻ ഗതിയിൽ പാറി വരും പൂക്കളോടാണ്. ഇളകും വനരാജിയും പാറിവരുന്ന പൂക്കൾ പോലെയുള്ള മിന്നാമിന്നികളും നിശ്ചലതയല്ല ചലനമാണ് സംവേദനം ചെയ്യുന്നത്. . ഇളകുന്ന ഈ പശ്ചാത്തല ദൃശ്യങ്ങൾക്ക് ശേഷം സീതയെ നാം കാണുമ്പോൾ:
ഉടൽ മൂടിയിരുന്നു ദേവത-
ന്നുടയാടത്തളിരൊന്നു കൊണ്ടു താൻ
വിടപങ്ങളൊടൊത്ത കൈകൾ തൻ
തുടമേൽ വച്ചുമിരുന്നു സുന്ദരി.
കവർ ചിത്രങ്ങളുടെ ഇഷ്ട രുപമാണിത്. എന്നാൽ കൈകൾ തുടമേൽ വച്ചിരുന്നു എന്ന സൂചന ആരും കാര്യമായി എടുത്തു കണ്ടില്ല. എവിടെയെങ്കിലും വയ്ക്കണമല്ലോ കൈകൾ. ഇരിക്കുമ്പോൾ സൗകര്യം തുടമേൽ വയ്ക്കാനാണല്ലോ എന്ന് മാത്രമേ ചിത്രകാരന്മാർ ഈ ശ്ലോകത്തിനു അർഥം കൽപ്പിച്ചുള്ളൂ. മാത്രവുമല്ല വരയുടെ സൗകര്യത്തിനു വേണ്ടി സീതയെ കല്ലിലും മൺതിട്ടയിലും ഒക്കെ ഇവർ ഇരുത്തിയിട്ടുണ്ട്. 'ഹരിനീല തൃണങ്ങൾ ഒരുക്കിയ പട്ടുവിരിപ്പി'ലാണ് സീതയുടെ ഇരിപ്പെന്ന് കവി വ്യക്തമാക്കുന്നുണ്ട്. ശാഖ വിതിർത്തിയ പൂവാകയുടെ ചുവട്ടിലോ പീഠത്തിലോ ഇരുന്നതായി കവി പറയുന്നില്ല. കൈകൾ തുടമേൽ വച്ചൂ എന്നതാണ് കൃത്യമായി ചൂണ്ടിക്കാണിക്കുന്ന വസ്തുത. പുല്ലു വിരിച്ച നിലത്തു, ചമ്രം പടിഞ്ഞിരുന്ന് തുടമേൽ കൈകൾ വച്ചിരിക്കുന്ന സീതയുടെ ചിത്രമാണ് ആശാൻറെ മനസ്സിൽ. അതൊരു ധ്യാനസജ്ജയാകുന്ന യോഗിനിയുടെ ചിത്രമാണ്. വാസ്തവത്തിൽ സീത ഒരു യോഗിനി തന്നെയല്ലേ?
സീത പൂർണ്ണ യോഗിനിയാണെന്നും ഇപ്പോൾ ധ്യാനിക്കാൻ തുടങ്ങുകയാണെന്നുമുള്ള നിഗമനങ്ങൾക്ക് ആശാൻറെ വരികൾ തന്നെയാണ് ആസ്പദം.
ഒരു നോട്ടവുമെന്നി നിന്നിതേ
വിരിയാതൽപ്പമടഞ്ഞ കണ്ണുകൾ
പരുഷാളക പംക്തി കാറ്റിലാ-
ഞ്ഞുരസുമ്പോഴും ഇളക്കമെന്നിയേ. (8)
അളകപംക്തികൾ കാറ്റിലിളകി ഉരസി അലോസരപ്പെടുത്തുന്നുവെങ്കിലും സീത ഇളകാതിരിക്കുകയാണ്. ആ കണ്ണുകൾ പ്രത്യേകിച്ചെങ്ങും നോക്കുന്നില്ല. അവ അല്പം അടഞ്ഞിട്ടാണ്. അങ്ങനെയല്ലേ ധ്യാനിക്കാൻ തുടങ്ങുന്ന അരാളുടെ കണ്ണുകൾ? കാറ്റിലിളകുന്ന പരുഷമായ അളകങ്ങളുടെ അലോസരം സീതയെ ബാധിക്കുന്നില്ല. സഹജമായ പ്രതികരണം ആ അളകങ്ങളെ തഴുകി ഒതുക്കുകയാണ്. എന്നാൽ സീതയ്ക്ക് ഇളക്കമില്ല. അതറിയിക്കുക എന്ന ധർമ്മമാണ് ഈ വരികൾ നിറവേറ്റുന്നത്. കാരണം ബാഹ്യമായ അലോസരങ്ങളല്ല ആന്തരികമായ വിചാരവിക്ഷോഭങ്ങളാണ് കഠിനം എന്നറിയിക്കാനുള്ള മുന്നുരയാണിത്.
തുടർന്ന് വരുന്ന മൂന്നു ശ്ലോകങ്ങളിൽ സീതയുടെ അവസ്ഥയുടെ സമീപ സൂക്ഷ്മ ദൃശ്യങ്ങളാണ്. ഒമ്പതു മുതൽ പതിനൊന്നു വരെയുള്ള ശ്ലോകങ്ങളിലൂടെ ധ്യാനിക്കാനുള്ള തയ്യാറെടുപ്പും എന്നാൽ ധ്യാനാവസ്ഥയിലേക്കു പ്രവേശിക്കാൻ സാധിക്കാത്ത അവസ്ഥാവിശേഷവും കവി സ്ഥാപിക്കുന്നു.
അലസംഗി നിവർന്നിരുന്നു , മെ -
യ്യാലയാതാനത മേനിയെങ്കിലും (9 )
'ആയതമേനി'യാണെങ്കിലും സീത നിവർന്നിരുന്നു എന്ന പ്രസ്താവം ഏറെ പ്രസക്തം. ധ്യാനയോഗത്തിലെ പ്രധാനപ്പെട്ട ചിട്ടകളിലൊന്നാണല്ലോ. നട്ടെല്ല് നേരെ വയ്ക്കുകയെന്നത്. സീതയെ ഈ ശ്ലോകത്തിൽ സംബോധന ചെയ്തിരിക്കുന്നത് 'അലാസാംഗി' എന്നത്രെ. . ധ്യാനത്തിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് ഈ അലസാംഗിത്വം മാറി ചിട്ടയാം വിധം ഉടലിനെയും മനസ്സിനെയും ഇളകാത്ത അവസ്ഥയിലാക്കണം. എന്നാൽ ആ സായംകാലത്തിൽ സീതാദേവിക്ക് അതിനൊന്നും കഴിയാത്ത മനസ്സാണ്. യോഗിനിക്കു പരിചിതമല്ല ആ ഉദാസീനത. ആ സന്ധ്യയുടെ വൈകാരികത സീതയെ 'അലാസാംഗി'യാക്കി മാറ്റിക്കളഞ്ഞു. എങ്കിലും ധ്യാനിക്കാനുള്ള ശ്രമമാണ് സീത നടത്തുന്നത്.
ആ ശ്രമം അടുത്ത രണ്ടു വരികളിൽ വരച്ചിട്ടുണ്ട് കവി.
അയവാർന്നിടയിൽ ശ്വസിച്ചു ഹാ !
നിയമം വിട്ടൊരു തെന്നൽ മാതിരി.
മുറുകി നിൽക്കുന്ന മനസ്സാണെങ്കിലും ശ്വസന നിയന്ത്രണത്തിലൂടെ മനസ്സിനെ വരുതിയിലാക്കാം. എന്നും ധ്യാനിക്കുന്ന സീതയ്ക്ക് അതൊന്നും അറിയാത്തതല്ല. അതിനുള്ള ആദ്യ പടി ശ്വസന നിയന്ത്രണമാണല്ലോ. 'അയവാർന്നിടയിൽ ശ്വസിച്ചു' എന്ന് പറയുമ്പോൾ പരിശ്രമത്തിൻറെ ഫലമായി ഉടലിൻറെ മുറുക്കത്തിന് ലേശം അയവു വരുത്തി എന്നർത്ഥം. ധ്യാനാരംഭത്തിലെ ശ്വാസ നിയന്ത്രണത്തിന് ദേവി ശ്രമിക്കുകയാണ്. അല്ലാതെ വെറുതെ നെടുവീർപ്പിട്ടു ഇരിക്കുകയാണെന്ന തരത്തിലുള്ള സ്ഥിരം സമീപനം എത്ര വായനക്കാരെയാണ് വഴിതെറ്റിച്ചിട്ടുള്ളത്. ആ ശ്വാസഗതിയെ 'നിയമം വിട്ട തെന്നൽ' എന്ന് വിവക്ഷിച്ചിരിക്കുന്നതിൻറെ യുക്തിയും അന്വേഷിക്കണം , ധ്യാനാരംഭത്തിലെ ശ്വാസ നിയന്ത്രണത്തിലൂടയാണ് ചിത്തവൃത്തികളെ നിയന്ത്രിക്കേണ്ടതും നിശ്ശബ്ദമാക്കേണ്ടതും. എന്നാൽ സീതയ്ക്ക് അത്തരത്തിലുള്ള 'നിയമങ്ങൾ' അന്ന് പാലിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ടാണ് ആ ശ്വസനത്തെ 'നിയമം വിട്ട തെന്നലി'നോട് ഉപമിക്കാൻ കവി മുതിരുന്നത്. ധ്യാനത്തിൻറെ ചിട്ടകളോ നിയമങ്ങളോ പൂർണ്ണമായും പിന്തുടരാൻ സാധിക്കാതെ കുഴങ്ങുകയാണ് സീതാദേവി.
ദയനീയമായ ഈ അവസ്ഥയുടെ കാരണം പത്താം ശ്ലോകത്തിലുണ്ട്.
നിലയെന്നിയേ ദേവിയാൾക്കക-
ത്തല തല്ലുന്നൊരു ചിന്തയാം കടൽ
പല ഭാവമണച്ചു മെല്ലെ നിർ-
മലമാം ചാരു കവിൾത്തടങ്ങളിൽ. (10)
നിലയില്ലാത്തതും അലതല്ലുന്നതുമായ ഒരു കടൽ എത്ര അനിയന്ത്രിതമാണ്! അതാണ് ദേവിയുടെ അകത്തെ 'ചിന്തയാം കടൽ.' ഈ ഒറ്റ രൂപകത്തിലൂടെ സീതയുടെ മനസ്സിൻറെ അവസ്ഥ സൂക്ഷ്മവും ഭാവതീവ്രവുമായി നമുക്ക് പരിചിതമാവുകയാണ്. അതിൻറെ ആഴം 'നിലയില്ല’ എന്ന വിശേഷണത്തിലൂടെയും, അവസ്ഥ ' 'അലതല്ലുന്നു' എന്ന വിവരണത്തിലൂടെയും ആശാൻ സംവേദനം ചെയ്യുന്നു. ഉപരിപ്ലവമായ അലമാലകളല്ല നിലയില്ലാത്ത ആഴക്കടലിലെ അലയിളക്കമാണ്. അവിടെ ഓളങ്ങളും തിരകളുമെല്ലാം നിരന്തരമായി രൂപപ്പെട്ടുകൊണ്ടേയിരിക്കുന്നു . തിരകളില്ലാത്ത കടലില്ല; ചിന്തകളുണരാത്ത മനസ്സുമില്ല. ചിന്തകൾ ഉൽപ്പാദിപ്പിക്കലാണ് മനസ്സിൻറെ സ്വധർമ്മം. എന്നാൽ ആ ചിന്തകൾ ഉണർത്തുന്ന വൈകാരികമായ ഇളക്കങ്ങൾ ധ്യാനത്തിന് തടസ്സമാകയാൽ ചിന്തകളെ വരുതിയിലാക്കണം. തിരമാലയില്ലാത്ത കടലായി മനസ്സ് മാറണം ആ ചിന്തകളെ -ചിത്ത വൃത്തിയെ- നിരോധിക്കലാണ് ധ്യാന യോഗത്തിലെ പ്രധാന ഘട്ടം.
ചിന്തകളെ നിലയ്ക്ക് നിറുത്തുക എത്ര കഠിനമാണ്! സീതയുടെ അന്നത്തെ അവസ്ഥയിൽ അത് ഏറെക്കുറെ അസാധ്യം. ചിന്തകളെ നിരോധിക്കാൻ എളുപ്പമല്ല. അതിനു യോഗ ശാസ്ത്രത്തിൽ നിർദ്ദേശിക്കപ്പെടുന്നത് മമതാ ബന്ധത്തിൽ വീഴാതെ അവയെ നിരീക്ഷിക്കുക എന്നതാണ്. മുൻ വിധികളോ വിലയിരുത്തലുകളോ ഇല്ലാതെ അവയെ നിരീക്ഷിക്കുക മാത്രം ചെയ്യുക.
അതിനു സീതയ്ക്ക് സാധിക്കുമോ ? മനസ്സിൽ അന്നുയരുന്ന വിചാരങ്ങളെ നിർമ്മമയായി നോക്കി വിട്ടു കളയാൻ സാധിക്കുമോ? അടുത്ത ശ്ലോകം ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്.
ഉഴലും മനതാരടക്കുവാൻ .
വഴികാണാതെ വിചാര ഭാഷയിൽ
അഴലാർന്നരുൾ ചെയ്തിതന്തരാ-
മൊഴിയോരോന്നു മഹാമനസ്വിനി (11)
വിചാരങ്ങളെ നിഷ്പക്ഷമായി നിരീക്ഷിച്ചും അവയുടെ ഇളക്കത്തിനപ്പുറം മനസ്സിനെ പ്രതിഷ്ഠിച്ചും ധ്യാനിക്കുന്നതാണ് സീതയുടെ ആശ്രമചര്യ. എന്നാൽ ഇന്ന്, മനസ്സ് അഗാധമായ വൈകാരികഭാരത്താൽ പ്രക്ഷുബ്ധം. ധ്യാനം ഉപേക്ഷിക്കാനാണ് സീതയുടെ തീരുമാനം ചിന്തകളെ നിയന്ത്രിക്കാനല്ല, വിചാര ഭാഷയിൽ അന്തരാ മൊഴി അരുൾ ചെയ്യാൻ തുടങ്ങുകയാണ്. ‘മഹാമനസ്വിനി’ എന്നു സീതയെ കവി വിശേഷിപ്പിച്ചിരിക്കുന്നതിലും യുക്തിയുണ്ട്. വിരക്തിയിലേക്കല്ല, ആസക്തിയിലേക്കു സ്വയം സമർപ്പിക്കുകയാണ് സീത. ധ്യാനിക്കുക എന്നത് അസാധ്യം എന്ന് തിരിച്ചറിയുന്നത്തോടെ വിചാരങ്ങളെ നിയതന്ത്രിക്കാനല്ല, വിചാരഭാഷയിൽ തൻറെ ആന്തരികതയോട് സംവദി ക്കാനാണ് സീത മുതിരുന്നത്.
ഈ വാക്കുകളുടെ സൂക്ഷ്മതരംഗദൈർഘ്യം കാണാതെ ' വിടപങ്ങളൊടൊത്ത കൈകൾ’ എന്ന് വർണ്ണിച്ചതും സുന്ദരീ എന്ന് വിളിച്ചതുമെല്ലാം രാജവധുവിനു ചേർന്നതാണെന്നും സംന്യാസിനിക്ക് ചേർന്നതല്ലെന്നുമൊക്കെ നിരീക്ഷിച്ചു കളയുന്ന നിരൂപണം വായനക്കാർക്കു നൽകുന്ന 'സഹായം' വിചിത്രമെന്നു തന്നെ പറയണം. (എം. തോമസ് മാത്യു, ആശാൻറെ സീതായനം'). മഹാകവിയുടെ മനസ്സറിഞ്ഞ പ്രൊഫ .എം. കെ.സാനുവിൻറെ നോട്ടവും ഈ രംഗ വർണ്ണനയുടെ ബാഹ്യതലത്തിനപ്പുറത്തേയ്ക്ക് നീളുന്നില്ല. 'പൂവാക വിതിർത്ത ശാഖകൾ' 'അണിപ്പന്തൽ' 'ഹരിനീലതൃണങ്ങൾ' 'പട്ടുവിരിപ്പ്’ 'ചന്ദ്രിക' 'വെള്ളിയിൽ വാർത്ത വനരാജി' 'തൈജസ കീട പംക്തി' 'താരാപഥ ഭാഗം' 'വിടപങ്ങളൊടൊത്ത കൈകൾ', 'അല്പമടഞ്ഞ കണ്ണുകൾ', 'ചാരു കവിൾത്തടങ്ങൾ' മുതലായ ഘടകങ്ങൾ ചേർന്ന് രൂപം പ്രാപിക്കുന്ന ആ വർണ്ണന ഒരു പെയിൻറ്റിങിനോട് കിടപിടിക്കുന്നു ' എന്നു മാത്രമാണ് അദ്ദേഹത്തിൻറെ വിലയിരുത്തൽ.
-2-
കാവ്യത്തിൻറെ തുടക്കത്തിലെ സീതയുടെ ഇരുപ്പിനെക്കുറിച്ചു ഇത്രയേറെ ചിന്തിക്കേണ്ടതുണ്ടോ എന്ന് സന്ദേഹിക്കുന്നവരുണ്ടാകാം. സീത ധ്യാനിക്കാൻ ശ്രമിക്കുകയാണെന്നും, ആശ്രമത്തിലെ ചിട്ടകൾക്കനുസരിച്ചു ജീവിക്കുന്ന യോഗിനിയാണെന്നും, ധ്യാനയോഗം ശീലിച്ചവളാണെന്നുമുള്ള മുന്നറിവ് കാവ്യത്തിൻറെ ആശയവികാസഗതിയും വിചാരവൈപുല്യവും ഉൾക്കൊള്ളുന്നതിനു അനുപേക്ഷണീയമാണ്. സീതയുടെ വിചാരങ്ങൾ നേരെയങ്ങു തൻറെ പരിത്യാഗത്തിലേക്കല്ല നീങ്ങുന്നത്. ജീവിതത്തെക്കുറിച്ചുള്ള പൊതുവായ നിരീക്ഷണത്തിലേക്കാണ്. അനുഭങ്ങളിൽ നിന്നാർജ്ജിച്ചെടുത്തതാണ്' 'ഒരു നിശ്ചയമില്ലയൊന്നിനും' എന്ന തത്ത്വവിചാരം. അനുഭവിയായ മനുഷ്യന് ജീവിതത്തിൻറെ ദുർജ്ഞേയതയെക്കുറിച്ചുള്ള അന്ധാളിപ്പാണത്. ജീവിത വിപര്യയങ്ങളോട് അതിവൈകാരികതയോടെയല്ല സ്ഥിതപ്രജ്ഞയോടെയാണ് സീത പ്രതികരിക്കുന്നത്.. പന്ത്രണ്ടു മുതൽ മുപ്പത്തിയഞ്ചു വരെയുള്ള ശ്ലോകങ്ങളിലെ ഭാവം നിർമ്മമതയുടേതാണ്. തത്വചിന്താപരമായ നിർമ്മമതയാൽ . സ്വന്തം ദുഃഖത്തിൽ മുഴുകി ആത്മപരിതാപത്തിൻറെ വഴിയേ പോകാൻ സീതയ്ക്കിപ്പോൾ സാധിക്കില്ല. എന്നാൽ തനിക്കു അനുഭവിക്കേണ്ടി വന്ന ദുര്യോഗങ്ങളെക്കുറിച്ചു തികഞ്ഞ ബോധ്യമുണ്ട് താനും.
'അഴലും സുഖവും സ്ഫുരിപ്പതും നിഴലും ദീപവുമെന്ന പോലവേ' എന്ന അറിവിൻറെ നിലപാട് തറയിൽ നിന്ന് കൊണ്ടാണ് സ്വന്തം ജീവിതത്തെ അതിഭാവുകത്വലേശമില്ലാതെ ഓർക്കാൻ സീതയ്ക്ക് സാധിക്കുന്നത്. സീത ആർജ്ജിച്ച യോഗബലവും മനസ്സിൻറെ പരിപാകവുമാണ് രാമനെ രാജാവായും ഭർത്താവായും കാണാനും വിചാരണ ചെയ്യാനും, അംഗീകരിക്കാനും രാമൻറെ ഗതികേട് മനസ്സിലാക്കാനും സീതയെ സഹായിക്കുന്നത്. 'ക്ഷിതിവാണിടുമോ സഗർഭയാം / സതിയേക്കാട്ടിൽ വെടിഞ്ഞു മന്നവൻ?' എന്ന് ചോദ്യം ചെയ്യുന്ന സീതയ്ക്ക്, 'ദ്യുതിയേറിയ ധർമ്മ ദീപമ-മ്മതിമാൻ മാന്യനെനിക്ക് സർവ്വദാ' എന്ന് പറയാനും സാധിക്കും.
ദീർഘകാലത്തെ ധ്യാനയോഗ പരിശീലനത്തിൻറെ ഫലമായി സീതയ്ക്ക് കൈവന്നത് സ്ഥിതപ്രജ്ഞ മാത്രമല്ല ഭവിഷ്യ ദർശനവും കൂടിയാണ്. മുനി രചിച്ച മനോജ്ഞ കാവ്യം രാമൻ കേട്ടിരിക്കുമെന്നും, 'അനുതാപമിയന്നിരിക്കണം' എന്നും 'തനയന്മാരെയറിഞ്ഞിരിക്കണം' എന്നുമൊക്കെ വെറുതെ ഊഹിക്കുകയല്ല. എല്ലാം സീതയുടെ ഉൾക്കണ്ണിൽ തെളിയുകയാണ്. തൻറെ ആസന്നമായ മൃത്യുവെക്കുറിച്ചും സീതയ്ക്ക് അറിയാം. ഇല്ലെങ്കിൽ എന്തിനാണ് സന്ധ്യയോടും സുമങ്ങളോടും വനങ്ങളോടും സൂര്യ ചന്ദ്ര താരകളോടുമെല്ലാം സീത യാത്ര ചോദിക്കുന്നത് ? . 'ആസന്നസാഗരയായ നദിയെപ്പോലെ മനസ്സിൻറെ ഗതി ശാന്തമാക്കുന്നു. തൻറെ ഭൂതപഞ്ചകം ആദിമൂലപ്രകൃതിയിൽ വിലയം കൊള്ളുന്നത് അന്യാദൃശമായ കാവ്യഭാവനയിൽ ദർശിക്കുന്നു. ധ്യാന യോഗത്തിൽ മാത്രം വിഭാവനം ചെയ്യാവുന്ന ആദിചൈതന്യത്തിൽ തൻറെ ചൈതന്യം വിലയിക്കുന്നതും ഒടുവിൽ വിയോഗവേദനയുടെ അഗ്നിയിൽ സ്ഫുടം ചെയ്ത രാമചേതനയുമായുള്ള ആത്യന്തിക സംയോഗവും ദർശിക്കുന്നു . (ബാലചന്ദ്രൻ ചുള്ളിക്കാട്, ചിന്താവിഷ്ടയായ സീത, മാതൃഭൂമി ബുക്സ്)
രാമസന്നിധിയിലെത്തിയ സീത 'അനുശയക്ലാന്താസ്യനാം' കാന്തനെ' ഒന്ന് കണ്ടു. പിന്നെ പൗരസമക്ഷമാ നിലയിൽ 'ലോകം വെടിഞ്ഞാൾ സതി' എന്ന നിരീക്ഷണത്തിൽ സീതാകാവ്യം അവസാനിക്കുന്നു. എങ്ങനെയാണ് പൗരസമക്ഷം ജീവൻ വെടിയുക? പ്രത്യേകിച്ച് സന്നാഹമൊന്നും വേണ്ടി വന്നില്ല എന്ന് 'അന്നിലയിൽ' എന്ന വാക്കു സൂചിപ്പിക്കുന്നു. ഭൂമി പിളർന്നു ഭൂമീ മാതാവ് പ്രത്യക്ഷപ്പെട്ടില്ല. ആകാശത്തേയ്ക്ക് ആരും വന്നു സംവഹിച്ചില്ല. യോഗശാസ്ത്രത്തിൽ സ്വേച്ഛ പോലെ ജീവൻ വെടിയാൻ സാധിക്കുന്ന നിഗൂഢ മുദ്രകളും നിയന്ത്രണങ്ങളുമുണ്ടെന്നത് സുവിദിതം. സീത സ്വന്തം ഇച്ഛ കൊണ്ട്, യോഗബലത്താൽ ജീവൻ വെടിയുന്നു. അത് മുൻകൂട്ടി തീരുമാനിച്ചാണ് സീതയുടെ വരവ്. മാത്രവുമല്ല സ്വന്തം ഇച്ഛപ്രകാരമുള്ള മൃതിയായിരുന്നു അതെന്നു 'സതി' എന്ന വാക്കിലൂടെ ആശാൻ സ്ഥിരീകരിക്കുന്നുമുണ്ട്. ഭർത്താവിൻറെ പശ്ചാത്താപാഗ്നിയിലാണ് സീത സതി അനുഷ്ഠിച്ചത്. .
ഈ വിധമുള്ള വ്യാഖ്യാനങ്ങൾ സാധ്യമാകണമെങ്കിൽ സീത യോഗിനിയായിരുന്നെന്ന് ആദ്യമേ അംഗീകരിക്കണം. ധ്യാനിക്കാൻ ശ്രമിക്കുന്ന സീതയെ ആദ്യത്തെ പതിനൊന്നു ശ്ലോകങ്ങളിൽ കാണാൻ സാധിച്ചില്ലെങ്കിൽ, സീതാ കാവ്യത്തതിൻറെ ആത്മസത്ത അപ്രാപ്യമായിത്തീരും. ധ്യാനം ശീലമാക്കിയ സീതയ്ക്ക് ആ സായംകാലത്തിൻറെ സവിശേഷ വിഷാദം കൊണ്ട് സംഭവിച്ച ധ്യാനവിഘ്‌നത്തിൽ മനസ്സിലുദിച്ചതാണ് ആ വിചാര ഭാഷ. നാസ്തിക വഴിയിലൂടെമാത്രമേ സാഹിത്യനിരൂപണം സഞ്ചരിക്കാവൂ എന്ന ദുഃശാഠ്യം മലയാള നിരൂപണത്തെ മുമ്പും വഴിതെറ്റിച്ചിട്ടുണ്ടല്ലോ.
സഹായ ഗ്രന്ഥങ്ങൾ:
ബാലചന്ദ്രൻ ചുള്ളിക്കാട്: ചിന്താവിഷ്ടയായ സീത, മാതൃഭൂമി ബുക്‌സ്, (2019 )
എം തോമസ് മാത്യു, ആശാൻറെ സീതായനം,മാളുബെൻ പ്രസിദ്ധീകരണം. (2019)
എം. കെ. സാനു, അശാന്തിയിൽ നിന്ന് ശാന്തിയിലേയ്ക്ക് ഗ്രീൻ ബുക്സ്, (2013)
,