ഒരു ദേശത്തിൻകതൈ -ഭാഗം -4
കന്നുകാലിവളർത്തൽ /മാടുവളർത്തൽ
കന്നുകാലിവളർത്തൽ അഥവാ മാടുവളർത്തൽ ഇന്നാട്ടുകാരുടെ ജീവിതോപാധികളിൽ ഒന്നാണ്. പശു, കാള, പോത്ത്, എരുമ, ആട് തുടങ്ങിയവയാണ് മാടുവിഭാഗത്തിൽപ്പെട്ട തെക്കൻതിരുവിതാംകൂറിലെ കാലികൾ. നാടൻ ഇനത്തിൽപ്പെട്ട മാടുകളും സങ്കരയിനം ആടുകളും ഇവിടെ വളർത്തുന്നുണ്ട്. നാടൻഇനങ്ങളെക്കാൾ സങ്കരയിനങ്ങൾക്ക് ഉല്പാദനക്ഷമത കൂടുകയാൽ അത്തരം മൃഗങ്ങളെ വളർത്താനാണു കർഷകർക്കു താല്പര്യം. കോയമ്പത്തൂർ, തിരുനെൽവേലി, മധുരഭാഗങ്ങളിൽനിന്നാണ് സങ്കരയിനംമാടുകളെ ഇവിടെ എത്തിക്കുന്നത്. പാൽ, മാംസം, നിലമുഴൽ എന്നിവയ്ക്കാണ് കന്നുകാലികളെ വളർത്തിയിരുന്നത്. നിലമുഴാൻ ആരോഗ്യമുള്ള കാള, പോത്ത് തുടങ്ങിയ മാടുകളെ ആവശ്യമായിരുന്നു. വയലുകളുടെ കരയിലും ആറ്റിൻവരമ്പിലും പുരയിടങ്ങളിലും കന്നുകാലികൾക്ക് ആവശ്യമായ തീറ്റപ്പുല്ല് സമൃദ്ധമായി വളർന്നിരുന്നു. വീട്ടിലെ ഭക്ഷണത്തിന്റെയും പച്ചക്കറിയുടെയും കഞ്ഞിവെള്ളത്തിന്റെയും മിച്ചംവന്ന ചേരുവകൾ 'കാടി'യായി മാടുകൾക്കു നൽകുന്നു. കൂടാതെ വയ്‌ക്കോലും നല്കും. നെൽക്കൃഷി സാർവത്രികമായിരുന്ന പഴയകാലത്തു കന്നുകാലികളില്ലാതെ നിലമൊരുക്കാൻ കഴിയില്ലായിരുന്നു. എന്നാൽ ഇന്നു പാലിനും മാംസത്തിനും മാത്രമായിട്ടാണ് മാടുവളർത്തുന്നത്. പഴയതിനെക്കാൾ കാലികളുടെ എണ്ണത്തിലും കുറവുണ്ട്. (കന്യാകുമാരി സെൻസസ് റിപ്പോർട്ട്:2011:6). നെൽക്കൃഷി ഉപജീവനമാക്കിയ കാലത്തു പശുവും കാളയും പോത്തും എല്ലാവീടുകളിലും അവിഭാജ്യഘടകമായിരുന്നു. മാടുകളുടെ ചാണകം നെൽക്കൃഷിക്ക് അനുയോജ്യമായ വളമായിരുന്നു. നെൽക്കൃഷിക്ക് ഇടിവുസംഭവിച്ചതോടെ കന്നുകാലിവളർത്തലും നാമമാത്രമായിമാറി. സ്വന്തം വീട്ടാവശ്യങ്ങൾക്കുമാത്രമായി മാടുവളർത്തൽ ചുരുങ്ങി. ആടുവളർത്തലും കോഴിവളർത്തലും പശുവളർത്തലിനുപകരം കൂടുതലായി. വീട്ടമ്മമാർക്കു സഹായകമാകുന്നവയാണ് ഇവ രണ്ടും. അധികംചെലവുകൂടാതെ വീട്ടാവശ്യങ്ങൾ നിറവേറ്റാൻ ആടുവളർത്തലും കോഴിവളർത്തലുംമൂലം കഴിയുന്നു. ആട്ടിൻകുട്ടിയെ വിറ്റുകിട്ടുന്ന കാശും കോഴിമുട്ട വിറ്റുകിട്ടുന്ന പണവും തെക്കൻതിരുവിതാംകൂറിലെ പലവീടുകളെയും ദാരിദ്ര്യം കൂടാതെ ജീവിക്കാൻ സഹായിക്കുന്നു.
മീൻപിടിത്തം
തീരപ്രദേശജനതയുടെ പ്രധാനതൊഴിൽ മീൻപിടിത്തമാണ്. കന്യാകുമാരി, രാജാക്കമംഗലം, മുട്ടം, കുളച്ചൽ, കടിയപട്ടണം, മണ്ടയ്ക്കാട്, മാർത്താണ്ഡൻതുറ, തേങ്ങാപ്പട്ടണം, കൊല്ലങ്കോട്, വിഴിഞ്ഞം, കോവളം തുടങ്ങിയവയാണ് തെക്കൻതിരുവിതാംകൂറിലെ പ്രധാന മീൻപിടിത്തകേന്ദ്രങ്ങൾ. ചാള, വള്ളിക്കൊഴിയാള, ചൂര, കീരിച്ചാള, ക്ലാത്തി, ചുണ്ണാമ്പുവാള, നവര, നെയ്മീൻചൂര, കണമ്പ്, അയല, നൊത്തോലി, കൊഴിയാള തുടങ്ങിയ മീനുകൾ ഇവിടത്തെ കടലുകളിൽ സമൃദ്ധമായി ലഭിക്കുന്നു. കന്യാകുമാരിജില്ലയിലെ കന്യാകുമാരി, രാജാക്കമംഗലം, മുട്ടം, കുളച്ചൽ, തേങ്ങാപ്പട്ടണംകടലുകളിൽനിന്നു കിട്ടുന്ന ചുണ്ണാമ്പുവാളയും ക്ലാത്തിയും വള്ളിക്കൊഴിയാളയും കീരിച്ചാളയും തെക്കൻതിരുവിതാംകൂറിലെ സവിശേഷമീനുകളാണ്. തെക്കൻതിരുവിതാംകൂറിന്റെ മത്സ്യസമ്പത്തിനെ അടയാളപ്പെടുത്തുന്ന മീനുകളാണ് ഇവ. കൂടുതൽ മീൻലഭ്യതയുള്ള സമയങ്ങളിൽ ബാക്കിവരുന്ന മീൻ ഉണക്കി കരുവാടായി (ഉണക്കമീൻ) സൂക്ഷിച്ച് മീൻകുറവുള്ള കാലത്ത് ഉപയോഗിക്കുന്നു. ചെന്നൈയിലും ശ്രീലങ്കയിലും കേരളത്തിലും കയറ്റുമതിചെയ്യുന്ന ഉണക്കമീനുകൾ തെക്കൻതിരുവിതാംകൂറിൽനിന്നു കയറ്റിവിടുന്ന വറുതിക്കാലത്തെ 'കരുവാടാണ്.'
മീൻപിടിത്തം തൊഴിലാക്കിയവർ തീരപ്രദേശത്തുതന്നെയാണ് താമസിക്കുന്നത്. കടൽത്തീരജനത കന്യാകുമാരിജില്ലയിലും നെയ്യാറ്റിൻകരത്താലൂക്കിലും മിക്കവാറും ക്രൈസ്തവമതവിശ്വാസികളാണ്. തേങ്ങാപ്പട്ടണം, കൊളച്ചൽ, വിഴിഞ്ഞംഭാഗങ്ങളിലെ മീൻപിടിത്തക്കാർ ഇസ്ലാംമതവിശ്വാസികളാണ്.
തേനീച്ചവളർത്തൽ
ചെറുകിടവ്യവസായമെന്ന നിലയിൽ നാട്ടുകാർക്ക് സാമ്പത്തികമേന്മ ഉണ്ടാക്കിക്കൊടുക്കുന്ന ഒരു തൊഴിലാണ് തേനീച്ചവളർത്തൽ. കൃഷിസ്ഥലങ്ങളിൽ കൃഷിക്കു തടസ്സം ഉണ്ടാക്കാതെതന്നെ തേനീച്ച വളർത്താൻ സാധിക്കും. റബ്ബർത്തോട്ടങ്ങളിലും പുരയിടങ്ങളിലുമാണ് തേനീച്ചക്കൃഷി കൂടുതലായി നടത്താറുള്ളത്. വലിയ ഇനം തേനീച്ചകളെയാണ് ഇതിനുവേണ്ടി തിരഞ്ഞെടുക്കുന്നത്. തടികൊണ്ടുള്ള കൃത്രിമാവാസവ്യവസ്ഥ ഒരുക്കിയാണ് കർഷകർ തേനീച്ചകളെ വളർത്തുന്നത്. കുടിൽവ്യവസായമെന്ന നിലയിൽ തേനീച്ചക്കൃഷി വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. വിപണിയിൽ ലിറ്ററിന് നാനൂറോളം രൂപ വൻതേനിനുണ്ട്. ഇതുകൂടാതെ മലയോരഭാഗങ്ങളിൽ കാട്ടുതേനും ചെറുതേനും ലഭിക്കാറുണ്ട്. രണ്ടും പ്രകൃതിദത്തവും ഔഷധസ്വഭാവമുള്ളവയുമാണ്. ചെറുതേൻ അടുത്തകാലംവരെയും നാട്ടിൻപ്രദേശങ്ങളിലും കിട്ടുമായിരുന്നു. റബ്ബർക്കൃഷിയുടെ വരവോടെ റബ്ബറിന്റെ ചൂടുകാരണം ചെറുതേൻ (കൊഴിയൻതേൻ) വളരെ കുറച്ചേ ലഭിക്കുന്നുള്ളൂ. വൻതേനുപോലെ സുലഭമല്ല ചെറുതേനും കാട്ടുതേനും. വംശനാശഭീഷണിയിലാണ് ചെറുതേനീച്ചകൾ.
പട്ടുനൂൽപുഴുവളർത്തൽ
പട്ടുവസ്ത്രങ്ങൾ നിർമ്മിക്കുന്നതിനാവശ്യമായ നൂലിനുവേണ്ടിയുള്ള പട്ടുനൂൽപുഴുവളർത്തൽ തെക്കൻതിരുവിതാംകൂറിന്റെ പലയിടങ്ങളിലും വാണിജ്യാടിസ്ഥാനത്തിൽ ചെയ്തുവരുന്നുണ്ട്. 2011-ലെ കന്യാകുമാരിജില്ലാ സെൻസസ് റിപ്പോർട്ടുപ്രകാരം 65 ഹെക്ടറുകളിലായി പട്ടുനൂൽപ്പുഴുക്കൾക്കുള്ള മൾബറിച്ചെടികൾ ഇതിനായി കൃഷിചെയ്തുവരുന്നു. ഇതൊരു പരമ്പരാഗതതൊഴിലല്ലാത്തതുകൊണ്ടു തന്നാട്ടുകാർ അല്ല പലപ്പോഴും ഇതിന്റെ ഉടമകൾ. തൊഴിലാളികൾ മാത്രമാണ് ഇവിടത്തുകാർ. ലക്ഷക്കണക്കിനു രൂപയുടെ കച്ചവടം പട്ടുനൂൽപുഴുവളർത്തൽവഴി ഓരോവർഷവും നടക്കുന്നുണ്ട് (കന്യാകുമാരിജില്ല സെൻസസ് റിപ്പോർട്ട്:2011:6). കാലാവസ്ഥാവ്യതിയാനംമൂലമുള്ള അതിവർഷം മറ്റുകൃഷികളെ ബാധിച്ചതുപോലെ മൾബറിക്കൃഷിയെയും സാരമായി ബാധിച്ചിട്ടുണ്ട്.
കൈത്തറിവ്യവസായം/നെയ്ത്ത്
കൈത്തറിവ്യവസായത്തിനു പേരുകേട്ട ഇടങ്ങളാണ് നെയ്യാറ്റിൻകരത്താലൂക്കിലെ ബാലരാമപുരം ശാലിയത്തെരുവും അഗസ്തീശ്വരംതാലൂക്കിലെ വടശ്ശേരിയും. പരമ്പരാഗതകേരളശൈലിയിലുള്ള കൈത്തറിവസ്ത്രങ്ങൾക്കു കല്ക്കുളം, വിളവൻകോടുതാലൂക്കുകൾ പ്രസിദ്ധമാണ് (കന്യാകുമാരിജില്ല സെൻസസ് റിപ്പോർട്ട്:2011:9). വടശ്ശേരി, കൊളച്ചൽ, ഇരണിയൽ, നട്ടാലം, കോട്ടാർ, പള്ളിയാടി, അംശി തുടങ്ങിയ പ്രദേശങ്ങൾ പ്രധാന പരുത്തി കൈത്തറിനെയ്ത്തുശാലാ ഇടങ്ങളാണ്. കയറ്റുമതിയിനത്തിൽ നല്ല വരുമാനം കൈത്തറിവഴി നാട്ടുകാരായ തൊഴിലാളികൾക്കു ലഭിക്കുന്നു (കന്യാകുമാരിജില്ല സെൻസസ് റിപ്പോർട്ട്:2011:10).
വസ്ത്രസങ്കല്പത്തിൽ വലിയ മാറ്റംവന്നെങ്കിലും കൈത്തറി ഉല്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയുണ്ട്. ശാലിയർ (ചാലിയർ) സമുദായക്കാരാണ് പരമ്പരാഗതമായി നെയ്ത്തുജോലികൾ ചെയ്തുവരുന്നത്. ബാലരാമപുരത്തെ ചാലിയത്തെരുവ് ഈ സമുദായത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. തമിഴ്‌നാട്ടിൽനിന്നു കുടിയേറിയവരാണ് ഇവിടത്തെ ചാലിയസമുദായം. തിരുവിതാംകൂർ രാജാവായ അവിട്ടംതിരുനാൾ ബാലരാമവർമ്മയുടെ കാലത്താണ് ചാലിയർ ഇവിടെ എത്തുന്നത്. രാജകുടുംബത്തിനു വസ്ത്രം തയ്യാറാക്കാൻവേണ്ടിയായിരുന്നു ഇവരെ കൊണ്ടുവന്നത്. പിന്നീട് നാട്ടുകാർക്കുമുഴുവൻ വസ്ത്രം ഉല്പാദിപ്പിക്കുന്നവരായി അവർ മാറി (തിരുവിതാംകൂർ സെൻസസ് റിപ്പോർട്ട് :1951: VI). കുടിൽവ്യവസായത്തിൽനിന്നു വൻകിടവ്യവസായമായി കൈത്തറിവ്യവസായം മാറിക്കഴിഞ്ഞു.
'തറി'യിൽ കൈമാത്രം ഉപയോഗിച്ചു നൂൽനെയ്തിരുന്ന അവസ്ഥയല്ല കൈത്തറിരംഗത്ത് ഇന്നുള്ളത്. വലിയൊരുവിഭാഗം തുണിയും മെഷീനിലും തയ്യാറാക്കുന്നുണ്ട്. എന്നിരുന്നാലും കൈകൊണ്ടു നെയ്യുന്നതിനാണ് ഇപ്പോഴും ആവശ്യക്കാർ കൂടുതൽ. കൽക്കുളംതാലൂക്കിലെ നെയ്യൂർ കൈത്തറിനെയ്ത്തിന്റെ ഇടമെന്ന പേരിലാണ് സ്ഥലനാമമായി മാറിയത് (തിരുവിതാംകൂർ സെൻസസ് റിപ്പോർട്ട്:1951:XI).
എണ്ണയാട്ട്
തേങ്ങ, എള്ള്, പുന്നയ്ക്ക, ആവണക്ക് എന്നിവയിൽനിന്നാണ് എണ്ണ ആട്ടിയെടുത്തിരുന്നത്. എല്ലാത്തരം എണ്ണയും നിത്യജീവിതത്തിൽ ആവശ്യമായിരുന്നു. എണ്ണയാട്ടുന്ന തൊഴിൽ ചെയ്തിരുന്നത് ചക്കാലനായർസമുദായത്തിൽപ്പെട്ടവരാണ്. അവരുടെ കുലത്തൊഴിലാണ് എണ്ണയാട്ട്. കല്ലിൽ നിർമ്മിച്ച ചക്ക് ഉപയോഗിച്ച് കാളകളുടെ സഹായത്തോടെയാണ് മുൻകാലത്ത് എണ്ണ ആട്ടിയിരുന്നത്. തേങ്ങയെണ്ണ ഭക്ഷണത്തിനും, നല്ലെണ്ണ ശാരീരികാവശ്യങ്ങൾക്കും ഔഷധനിർമ്മാണത്തിനും അച്ചാറുകൾ ഉണ്ടാക്കുന്നതിനും, പുന്നയ്ക്കയെണ്ണ വിളക്കുകത്തിക്കുന്നതിനും, ആവണക്കെണ്ണ ഔഷധാവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നു. എള്ള്, പുന്നയ്ക്ക, ആവണക്ക് എന്നിവ ഇന്നു കുറവാണ്. തേങ്ങ മാത്രമാണ് എണ്ണയ്ക്കായി ആട്ടുന്നത്. ചക്കുകൾകൊണ്ട് ആട്ടുന്നരീതിക്കും മാറ്റംവന്നു. ഇപ്പോൾ എണ്ണയാട്ടുന്നത് യന്ത്രങ്ങളിലാണ്. സമയലാഭവും ഉല്പാദനച്ചെലവും ഇതുവഴി ലാഭിക്കാൻ കഴിയുന്നു.
എണ്ണ ആട്ടുന്ന ചക്കാലനായരെ 'കപ്പള്ളി' (കയ്പള്ളി) എന്നും വിളിക്കാറുണ്ട്. അഗസ്തീശ്വരം, തോവാളത്താലൂക്കുകളിൽ ഇവർ 'ചെട്ടിയാർ' എന്നാണ് അറിയപ്പെടുന്നത്.ഒരുകാലത്തു പരമ്പരാഗതതൊഴിലായിരുന്ന എണ്ണയാട്ട് ഇന്ന് വ്യാവസായികാടിസ്ഥാനത്തിൽ എല്ലാവിഭാഗക്കാരും ചെയ്തുവരുന്നു.
മൺപാത്രനിർമ്മാണം
വിളവൻകോട്, കല്ക്കുളം, തോവാളത്താലൂക്കുകൾ മൺപാത്രനിർമ്മാണത്തിന്റെ കേന്ദ്രങ്ങളാണ്. കളിമണ്ണു മെനഞ്ഞാണ് പാത്രങ്ങൾ തയ്യാറാക്കുന്നത്. തോവാളത്താലൂക്കിലെ താഴക്കുടിയും കല്ക്കുളംതാലൂക്കിലെ തഴക്കരയും മൺപാത്രനിർമ്മാണത്തിനു പ്രശസ്തമായ സ്ഥലങ്ങളാണ്. കുശവസമുദായത്തിൽപ്പെട്ടവരുടെ പാരമ്പര്യത്തൊഴിലാണിത്. തെക്കൻതിരുവിതാംകൂറിലെ തമിഴ്‌സ്വാധീനതയുള്ള സ്ഥലങ്ങളിൽ ഇവർ 'കമ്മാളർ' എന്നാണ് അറിയപ്പെടുന്നത്
ചുടുകല്ലുനിർമ്മാണം
വിളവൻകോട്, കല്ക്കുളം, തോവാള, നെയ്യാറ്റിൻകരത്താലൂക്കുകളിലാണ് ചുടുകല്ലുനിർമ്മാണം ഏറ്റവും കൂടുതലുള്ളത്. സാധാരണമായി, ചെമ്മണ്ണാണ് ചുടുകല്ലുനിർമ്മാണത്തിന് ഉപയോഗിക്കുന്നത്. ചെമ്മണ്ണിൽനിന്നു നിർമ്മിക്കുന്ന ചുടുകല്ലുകൾ ചെങ്കല്ലുകൾ എന്നാണ് അറിയപ്പെടുന്നത്, ചൂളകൾ ചെങ്കൽചൂളകളും. വിളവൻകോട്, നെയ്യാറ്റിൻകരത്താലൂക്കുകളിൽ ചെമ്മണ്ണ് സുലഭമാണ്. ഈ താലൂക്കുകൾ, നല്ല ചെമന്നുവെന്ത ചുടുകല്ലുകൾക്കു പേരുകേട്ട സ്ഥലങ്ങളാണ്. വിളവൻകോടുതാലൂക്കിലെ തിക്കുറിച്ചി ചുടുകല്ലിനു പ്രസിദ്ധമായ നാടാണ്. മറ്റിടങ്ങളിലെ ചുടുകല്ലുകൾ വയൽമണ്ണ് ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. കളിമണ്ണിന്റെ അംശം അതിൽ കൂടുതലാണ്. ചെങ്കല്ലുകൾക്കുള്ള ഉറപ്പ് അതിനാൽ വയൽമണ്ണുകല്ലുകൾക്കില്ല. ആവശ്യക്കാർ കൂടുതലുള്ളത് ചെങ്കല്ലുകൾക്കാണ്.
പനകയറ്റവും കള്ളുചെത്തലും
തെക്കൻതിരുവിതാംകൂറിലെ ചാന്നാർ (നാടാർ) സമുദായത്തിൽപ്പെട്ടവരുടെ കുലത്തൊഴിലാണ് പനകയറ്റവും കള്ളുചെത്തും. പനനൊങ്കിൽ നിന്നെടുക്കുന്ന നീര് (അക്കാനി) വാറ്റിയാണ് കള്ളുണ്ടാക്കുന്നത്. അക്കാനി പ്രത്യേകപരുവത്തിൽ തിളപ്പിച്ച് കുറുക്കിയെടുക്കുന്നതാണ് കരിപ്പട്ടി. പനങ്കൽക്കണ്ടും പനയിൽനിന്നു കിട്ടുന്നതാണ്. അടുത്തകാലംവരെ വ്യാവസായികാടിസ്ഥാനത്തിൽ പനക്കൃഷി തെക്കൻതിരുവിതാംകൂറിലുടനീളം ഉണ്ടായിരുന്നു. പനനീരു ചുണ്ണാമ്പുകലർത്തി നേർപ്പിക്കുമ്പോഴാണ് അക്കാനിയാകുന്നത്. ഏതുപ്രായത്തിലുള്ളവർക്കും കുടിക്കാവുന്ന ഒരു ആരോഗ്യപാനീയമാണ് അക്കാനി. ചുണ്ണാമ്പു കലർത്താതെ മൂപ്പിച്ചെടുത്തതാണ് കള്ള്. അക്കാനിയിൽനിന്നുണ്ടാക്കുന്ന കരിപ്പട്ടി ജലദോഷം, ചുമ, പനി എന്നിവയ്ക്കു തയ്യാറാക്കുന്ന ഔഷധങ്ങളിലെ ഒരു ചേരുവയാണ്. കുളച്ചൽതുറമുഖം വഴി ധാരാളമായി കരിപ്പട്ടി അന്യരാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്തിരുന്നു. ഇന്ന് ഈ വ്യവസായം അന്യംനിന്നുതുടങ്ങി. പനയുമില്ല, പനകയറാനുള്ള ആളുമില്ല. കൊല്ലങ്കോട്, ഇരണിയൽ, നാഗർകോവിൽ, വിളവൻകോടുഭാഗങ്ങളിൽ ചിലയിടങ്ങളിൽമാത്രമാണ് പനകയറ്റമുള്ളത്.
കേരളത്തിന്റെ മറ്റു പ്രദേശങ്ങളിൽ തെങ്ങിൽനിന്നാണ് കള്ള് ഉല്പാദിപ്പിച്ചിരുന്നത്. എന്നാൽ തെക്കൻതിരുവിതാംകൂറിൽ കരിമ്പനകളിൽനിന്നാണ് കള്ള് ചെത്തിയെടുത്തിരുന്നത്. പനങ്കൂമ്പ് പ്രത്യേകരീതിയിൽ മുറിച്ചുവച്ചതിനുശേഷം അതിൽനിന്നുവരുന്ന നീര് ശേഖരിക്കാൻ പ്രത്യേകതരം മൺചട്ടികൾ പനമുകളിൽ പനയോലകൾക്കിടയിൽ സ്ഥാപിക്കും. മൺചട്ടികളിൽ നിറയുന്ന ദ്രാവകം 'കുടുവാ' എന്ന മറ്റൊരു പാത്രത്തിൽ ശേഖരിച്ചു താഴെയിറക്കും. ഈ ദ്രാവകം ചുണ്ണാമ്പുചേർത്തു നേർപ്പിച്ചെടുക്കുന്നതാണ് അക്കാനി. ലഹരിയില്ലാത്ത ഈ പാനീയം പ്രായഭേദമെന്യേ എല്ലാവർക്കും ഉപയോഗിക്കാവുന്നതാണ്. ഔഷധഗുണമുള്ള പാനീയമാണിത്. ഈ അക്കാനി തിളപ്പിച്ചു 'പതിനി' പരുവത്തിലാക്കി ഇളക്കിയെടുക്കുന്നു. ഇതാണ് കരിപ്പട്ടി. കർപ്പകകട്ടിയാണ് കരിപ്പട്ടിയായത് ചാന്നാർ, നാടാർസമുദായത്തിൽപ്പെട്ടവരുടെ കുലത്തൊഴിലാണ് പനകയറ്റവും കള്ളുചെത്തും കരിപ്പട്ടിനിർമ്മാണവും.
നേർപ്പിക്കാത്ത പനനീരാണ് കള്ളായി ഉപയോഗിക്കുന്നത്. മൂപ്പിനനുസരിച്ചു ലഹരിക്കു വ്യത്യാസം വരും. നെയ്യാറ്റിൻകര, കാഞ്ഞിരംകുളം, കൊല്ലങ്കോട്, ഇടയ്‌ക്കോട്, കരിങ്കൽ, തോവാള, കല്ക്കുളംഭാഗങ്ങളിൽ ധാരാളം പനകളുണ്ടായിരുന്നു. ഈ പ്രദേശത്തിന് ആവശ്യമായ കള്ള് നാട്ടിലെ പനകളിൽനിന്നു സമൃദ്ധമായി കിട്ടിയിരുന്നു.
പനകയറ്റം കഠിനാധ്വാനവും സാഹസികതയും നിറഞ്ഞ തൊഴിലാണ്. അപകടമരണം ഈ തൊഴിലിന്റെ ഭാഗമായിരുന്നു. വിദ്യാഭ്യാസംനേടിയ പുതുതലമുറ പനകയറാനും കള്ളെടുക്കാനും വിമുഖത കാണിക്കുന്നു. പുതിയകാലത്തു ലാഭകരമല്ലാത്ത ഒരു തൊഴിലായി പനകയറ്റം മാറിയതും സാമൂഹികാംഗീകാരം ലഭിക്കാത്തതും ഈ തൊഴിലിൽനിന്നു പനകയറ്റക്കാരായ ചാന്നാർസമുദായത്തെ പിൻതിരിയാൻ പ്രേരിപ്പിച്ചു. ഇന്നു കൊല്ലങ്കോട്, കല്ക്കുളം, ഇരണിയൽ തോവാളഭാഗങ്ങളിൽ നാമമാത്രമായി പനകയറ്റം ഉണ്ട്. ദ്രാവിഡാരാധനകളിലെ ദേവീദേവന്മാർക്കുള്ള ഇഷ്ടവിഭവങ്ങളിലൊന്നു പനങ്കള്ളായിരുന്നു. ഭദ്രകാളീക്ഷേത്രങ്ങളുടെയും മാടൻ, മറുത തുടങ്ങിയ ദേവതാ ആരാധനാലയങ്ങളുടെ മുന്നിലും അടുത്തകാലംവരെ കരിമ്പനകൾ കാണാൻ കഴിയുമായിരുന്നു. തെക്കൻതിരുവിതാംകൂറിലെ കെട്ടുകഥകളിലും ഐതിഹ്യങ്ങളിലും പന ഒരു പ്രധാനകഥാപാത്രമാണ്.
പായ്‌നിർമ്മാണം
തെക്കൻതിരുവിതാംകൂറിലെ പുലയ, പറയസമുദായക്കാരുടെ കുലത്തൊഴിലുകളിലൊന്നായിരുന്നു പായ്‌നിർമ്മാണവും ഓലമെടയലും. പനയോല ഉപയോഗിച്ചാണ് പായകൾ നിർമ്മിച്ചിരുന്നത്. പായ കൂടാതെ കുട്ട, വട്ടി, വല്ലം, തടുക്ക് എന്നിവയും പനയോലയിൽനിന്നുണ്ടാക്കുന്നു (കുടപ്പനയോലയിൽനിന്നും ചെയ്യാറുണ്ട്). നെല്ലു ചിക്കാനുള്ള പരമ്പ് (കട്ടികൂടിയ പായ) വേ ചെടിയിൽ നിന്നാണ് ഉണ്ടാക്കുന്നത്. അതുകൊണ്ട് ഈ പായ 'വേമ്പരമ്പ്' എന്നാണ് അറിയപ്പെടുന്നത്. 1990-കൾവരെ ഓലമേഞ്ഞവീടുകൾ ധാരാളമുണ്ടായിരുന്നു. തെങ്ങോലയാണ് ഈ ആവശ്യത്തിന് ഉപയോഗിച്ചിരുന്നത്. തെങ്ങോല പ്രത്യേകരീതിയിൽ മെടയാനുള്ള വൈദഗ്ദ്ധ്യം ഇവർക്കുണ്ടായിരുന്നു. കോൺക്രീറ്റുവീടുകൾ വന്നതോടെ, ഓലമെടയലും നെൽക്കൃഷിയും നശിച്ചതോടെ പനയോലനിർമ്മാണവും അന്യംനിന്ന തൊഴിലായി മാറി.