മധു ചെങ്ങന്നൂർ
കനവുവാടി ഉറങ്ങുമെന്റെ
പുല്ലുമേഞ്ഞപുരയിലെന്തിന്
കനലെറിഞ്ഞു.
കരളുകായും വറുതികളിൽ
എന്തിനെന്റെ കാട്ടുചോലയിൽ
വിഷമെറിഞ്ഞു.
എന്തിനെന്റെ കുഞ്ഞുമക്കടെ
കുഞ്ഞുമേനികൾ
കടിച്ചുകീറി
കാട്ടുപൊന്തയിൽ
അണലിവായിലെറിഞ്ഞു നിങ്ങൾ.
പകലുദിച്ചമനസ്സുകളിൽ
മലിനവായുതുറന്നുവിട്ടു
മദഗജംപോലെന്റെ ജീവിത
തൊടികൾനിങ്ങൾ കുഴകുഴച്ചു.
കുടലുകാളി കാട്ടുതീയായ്
ആളുമീമരച്ചില്ലകളിൽ
ചുടലനൃത്തചുലടിലാടി
മതിമറന്നുരസിപ്പു നിങ്ങൾ.
കാടെരിച്ച്
യക്ഷിമലമുടിച്ച്
മറപൊളിച്ച് മടിയഴിച്ച്
പടപെരുക്കിപോവതെവിടെ
നിങ്ങളിന്ന്.
കുലമുടച്ച്
പുരയെരിച്ച്
പുലരിവെട്ടപഴുതുകളെ
പുകമറച്ച് പോവതെവിടെ
നിങ്ങളിന്ന്.
പുഴയൊടുക്കി
വയലൊടുക്കി
വറുതികാലപോറ്റിനുള്ള
വിത്തുകുത്തികടമൊടുക്കി.
കനവുപൂക്കും മലകൾതോറും
മലമെറിഞ്ഞുമലിനമാക്കി
തെയ്യമാടിയുറഞ്ഞുമണ്ണിൽ
മുലകൾ
മൂക്ക്
കരങ്ങൾ വെട്ടി
പടപെരുക്കിപോവതെവിടെ
നിങ്ങളിന്ന്.
എന്റെ മക്കടെ
കൊടിയചോരപുഴയിൽമുങ്ങി
കൊടിപഥങ്ങൾതെളിച്ചു നിങ്ങൾ.
കുറിയപാതമുടിച്ചുമണ്ണിൽ
നെടിയപാതകൾനിങ്ങൾ വെട്ടി
കാടുതോൽക്കും നീതി നിഷ്ഠകൾ
കാഴ്ചവെച്ചു.
ആർക്കുവേണ്ടി അരചരായി
അവരെനിങ്ങളൊടുക്കി മണ്ണിൽ.
പകപുകയും നാട്ടുവഴികളിൽ
ജാതിവെറിയുടെ തിരകൊളുത്തി
നിങ്ങളവരുടെഉള്ളുടച്ചു
നിങ്ങളവരുടെഉയിരുടച്ചു.
ഉടലുപോയവർ
ഉയിരുപോയവർ
അറിവിടങ്ങളറ്റുപോയവർ
അടവറിയാചുഴലിയായവർ
ഉയിരുപോറ്റാ,നുലകുതാണ്ടും
ഉലകിനുണ്മകൾപേറുവോരെ
മടകൾതീർത്തുമടിയിലാക്കി
മനകൾതോറുംകാഴ്ചവെച്ചു
നേടിനിങ്ങളധികാരപ്പടവുകൾ.
വരും നാളെ
മണ്ണറിഞ്ഞോർ
മരമറിഞ്ഞോർ
മതിലുടച്ച്
മതമുടച്ച്
കാട്ടുതീയുടെപൊൻകരുത്തായ്
കോട്ടവാതിൽതകർത്തു ഞങ്ങടെ
പിന്മുറക്കാരെത്തിടും.
നാടുണർത്തി
നടുനിവർത്തി
നിങ്ങൾതീർത്തകൊടുമുടികൾ
തച്ചുടച്ചവരെത്തിടും.
മധു ചെങ്ങന്നൂർ,
നൂറ്റവൻപാറ,
ചെങ്ങന്നൂർ പി.ഒ.
ആലപ്പുഴ ജില്ല.
പിൻ - 689121.
മൊബൈൽ : 9562163035.