top of page

ടിറ്റാനെയിലെ അപരവല്‍ക്കരിക്കപ്പെട്ട സ്വത്വവും ശരീരവും - ഒരു വിശകലനം

Updated: Dec 15, 2024

ചലച്ചിത്രപഠനം
ഉണ്ണികൃഷ്ണന്‍ കെ.

ജൂലിയ ദുകുര്‍നു സംവിധാനം ചെയ്ത് 2021 ല്‍ പുറത്തിറങ്ങിയ ടിറ്റാനെ സമകാലിക ലോകസിനിമയുടെ മാറിക്കൊണ്ടിരിക്കുന്ന മുഖത്തിനൊരു ഉദാഹരണമാണ്. തന്‍റെ വ്യതിരിക്തമായ ആഖ്യാന ശൈലിയിലൂടെ, മനുഷ്യ ശരീരവുമായും സ്വത്വബോധവുമായും ബന്ധപ്പെട്ട പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ദുകുര്‍നു പ്രകടിപ്പിക്കുന്ന കയ്യടക്കത്തിന്‍റെ മകുടോദാഹരണമാണ് ടിറ്റാനെ. 2021 ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ പാം ഡി ഓര്‍ നേടിയ ഈ സിനിമ സ്വത്വം, ലിംഗം, ശരീരരൂപാന്തരീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരമ്പരാഗത സങ്കല്‍പ്പങ്ങളെ ധീരമായി അപനിര്‍മ്മിക്കുന്നുണ്ട്.  

 

തന്നില്‍ നിന്ന് വ്യത്യസ്തമായി നില്‍ക്കുന്ന മറ്റൊന്നില്‍ ഇതരത്വം ആരോപിക്കുന്നതിന് വേണ്ടി തത്വശാസ്ത്രത്തിലും സംസ്കാര പഠനത്തിലും ഉപയോഗിക്കുന്ന സംജ്ഞയാണ് അപരത്വം(Alterity). ഇമ്മാനുവല്‍ ലെവിനാസ് അടക്കമുള്ള തത്വചിന്തകര്‍ രൂപം കൊടുത്ത് സംസ്കാരപഠനത്തില്‍ വികസിപ്പിക്കപ്പെട്ട  ആള്‍റ്റെരിറ്റി സിദ്ധാന്തം/അപരത്വത്തിന്‍റെ നിര്‍മ്മിതി നിലവില്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ട സാമൂഹിക നിയമങ്ങള്‍ക്ക് എതിരെയുള്ള വെല്ലുവിളിയാണെന്ന് പ്രസ്താവിക്കുന്നു.വ്യക്തികളും സമൂഹവും സ്വത്വാധിഷ്ടിതമായ വ്യത്യസ്തതകളെ എങ്ങനെ സമീപിക്കുന്നു എന്നതും തങ്ങളില്‍ നിന്നും വ്യതിരിക്തമായ വ്യക്തി/സ്വത്വ നിര്‍മിതികളെ എങ്ങനെ മനസ്സിലാക്കുന്നു എന്നും ആള്‍റ്റെരിറ്റി പരിശോധിക്കുന്നു. സിനിമയെ സംബന്ധിച്ച് സ്ഥാപനവത്കരിക്കപ്പെട്ട കഥാപാത്ര നിര്‍മിതികള്‍, പ്രമേയങ്ങള്‍, ആഖ്യാനരീതികള്‍ തുടങ്ങിയവയെ വെല്ലുവിളിക്കുന്ന സിനിമകളെ വിശകലനം ചെയ്യുന്നതിന് ആള്‍റ്റെരിറ്റി ഒരു സിദ്ധാന്ത സാധ്യതയായി പ്രയോഗിക്കുന്നുണ്ട്.  

 

 പല മാനങ്ങളില്‍ ഉള്ള അപരത്വം പേറിക്കൊണ്ട് സാമൂഹിക സങ്കല്‍പ്പങ്ങളുടെ അതിരുകളില്‍ നിലനില്‍ക്കുന്ന കഥാപാത്രങ്ങളെയാണ് ടിറ്റാനെ അവതരിപ്പിക്കുന്നത്. സ്വത്വ നിര്‍മിതിയിലെ സങ്കീര്‍ണതകളെ സംബന്ധിച്ച് കാണികള്‍ക്കുള്ള അവഗാഹത്തെ വിലയിരുത്താന്‍ ഈ കഥാപാത്രങ്ങളിലൂടെ ദുകുര്‍നു ശ്രമിക്കുന്നു.ആള്‍റ്റെരിറ്റി ടിറ്റാനെയില്‍ ഒരു സബ്ടെക്സ്റ്റ് മാത്രമല്ല ആഖ്യാനത്തിന്‍റെ അന്തസത്ത തന്നെയാണ്.

 

അപരവല്‍ക്കരിക്കപ്പെട്ട ലിംഗ/ശരീര പ്രതിനിധാനം പ്രധാന പ്രമേയമായ  ടിറ്റാനെയിലെ പ്രധാന കഥാപാത്രമായ അലക്സിയ അപരത്വത്തിന്റെ(Alterity) പുതിയ മാനങ്ങള്‍ തുറന്നിടുന്ന നായികയാണ്. കഥയില്‍ ഉടനീളം വ്യത്യസ്ത സ്വത്വങ്ങളെ പ്രതിനിധാനം ചെയ്യുന്ന അലക്സിയ ലിംഗം , സ്വത്വം തുടങ്ങിയവയില്‍ കാണികള്‍ക്കുള്ള സാമ്പ്രദായിക ധാരണകളെ കീഴ്മേല്‍ മറിക്കുന്നുണ്ട്. കുട്ടിക്കാലത്ത് അച്ഛനോടോപ്പമുള്ള ഒരു കാര്‍ യാത്രയില്‍ സംഭവിച്ച അപകടത്തെ തുടര്‍ന്ന് അലക്സിയയുടെ തലയോട്ടിയില്‍ ഒരു ടൈറ്റാനിയം പ്ലേറ്റ് ഘടിപ്പിക്കപ്പെടുന്നു.അതേ തുടര്‍ന്ന് അവളില്‍ കാറുകളോട് അസാധാരണമായ അഭിനിവേശം ഉടലെടുക്കുന്നു. അവളുടെ തലയോട്ടിയെ പൊതിയുന്ന ലോഹഭാഗം അവളെ ഒരു യന്ത്ര സമാനമായ മനുഷ്യനായി മാറ്റുന്നു. ഒരു മോട്ടോര്‍ഷോയില്‍ മോഡല്‍ ആയി ജോലി ചെയ്യുന്ന സമയത്ത് തന്നെ ബലമായി ചുംബിക്കാന്‍ ശ്രമിക്കുന്ന സഹപ്രവര്‍ത്തകനെ അവള്‍ മുടി കെട്ടി വെക്കാന്‍ ഉപയോഗിക്കുന്ന ലോഹചീള് കൊണ്ട് കുത്തിക്കൊല്ലുന്നു. ഇക്കാലത്തിനിടയില്‍ അവള്‍ മറ്റനേകം കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടെന്നു വെളിപ്പെടുന്നു. പോലീസില്‍ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി അവള്‍ അഡ്രിയാന്‍ എന്ന് പേരുള്ള ഒരു അഗ്നിരക്ഷാസേനയിലെ ജീവനക്കാരന്‍റെ വ്യക്തിത്വം സ്വീകരിക്കുന്നു. തുടര്‍ന്ന് അഡ്രിയാന്‍ തന്‍റെ കാണാതെ പോയ മകന്‍ ആണെന്ന് കരുതുന്ന വിന്‍സെന്‍ന്റ്റ് എന്നയാളുടെ കൂടെ ജീവിക്കുന്നു.

 

 ശരീരത്തിന്‍റെ ഭീതിമായ പ്രകടനങ്ങളില്‍ ഊന്നിയുള്ള ഈ അപരവ്യക്തിത്വ സ്വീകരണം പ്രേക്ഷകനെ സ്വത്വനിര്‍മിതിയുടെ അതിര്‍വരമ്പുകളെക്കുറിച്ചുള്ള സങ്കീര്‍ണതകളെ ഓര്‍മിപ്പിക്കുന്നു. കഥാപാത്രങ്ങളുടെ ലിംഗശരീരപരിമിതികളെ അതിലംഘിക്കുന്ന ഇത്തരത്തിലുള്ള പ്രതിനിധാനങ്ങള്‍ അപരത്വത്തെക്കുറിച്ചുള്ള പ്രേക്ഷക ധാരണകളെ അട്ടിമറിക്കുന്നുണ്ട്. ഇത്തരം അതിലംഘനസ്വഭാവമുള്ള മാറ്റങ്ങളെ അവതരിപ്പിക്കുന്നതിന് ബോഡിഹൊറര്‍ സങ്കേതത്തെ സിനിമയില്‍ ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. വിചിത്രവും അയഥാര്‍ത്ഥവുമായ ബിംബകല്പനകളിലൂടെ കുട്ടിക്കാലത്ത് നടന്ന കാര്‍ അപകടത്തിന്‍റെ ഓര്‍മ്മകള്‍ അലക്സിയയെ ജീവിതത്തില്‍ ഉടനീളം പിന്തുടരുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് തലയോട്ടിയില്‍ ഘടിപ്പിക്കപ്പെട്ട ലോഹഭാഗം ഒരേ സമയം അവളുടെ സ്വത്വവ്യതിയാനത്തിന്‍റെ ഭൗതിക രൂപമായും കഥയുടെ അതിരുകളെ അതിലംഘിക്കുന്ന സ്വഭാവത്തിന്‍റെ അടയാളമായും നിലകൊള്ളുന്നു.

 

കാറുകളോട് അലക്സിയക്ക് തോന്നുന്ന അസാധാരണമായ ലൈംഗികാഭിനിവേശം മനുഷ്യനും യന്ത്രവും തമ്മില്‍ നിലനില്‍ക്കുന്ന കൊടുക്കല്‍ വാങ്ങലുകളുടെ അതിരുകളെ പൂര്‍ണമായും അതിലംഘിക്കുന്നതോടൊപ്പം പരമ്പരാഗതമായി നിലനില്‍ക്കുന്ന സാമൂഹിക നിയമങ്ങളെ അട്ടിമറിക്കുന്നുമുണ്ട്. കാര്‍ ഷോയില്‍ അലക്സിയ നടത്തുന്ന രതിജന്യനൃത്തപ്രകടനങ്ങള്‍ സൃഷ്ടിക്കുന്ന ഇന്ദ്രിയാനുഭൂതിയും വൈകാരികാനുഭവങ്ങളും തന്‍റെ സുരക്ഷിതമായ കംഫര്‍ട്ട് സോണില്‍ ഇരിക്കുന്ന പ്രേക്ഷനെ വെല്ലു വിളിക്കുന്നതിലൂടെ അപരരത്വത്തെക്കുറിച്ച് ആഴത്തില്‍ ചിന്തിക്കാന്‍ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നുണ്ട്. മനുഷ്യയന്ത്ര സംയോജനത്തിന്‍റെ  ഈ ഉദാഹരണം നിയാമകമായ ലിംഗപദവീ സങ്കല്പങ്ങളെ ചോദ്യം ചെയ്യുന്നതോടോപ്പം കൂടുതല്‍ വിശാലമായ സ്വത്വ സാധ്യതകളിലേക്ക് പ്രേക്ഷകനെ തള്ളി വിടുന്നു. പരിമിതമായ പരമ്പരാഗത സ്വത്വ ബോധത്തിനപ്പുറത്ത് മനുഷ്യയന്ത്ര സങ്കരമായ മനുഷ്യാതീതശരീരം (Posthuman) സ്വത്വനിര്‍മിതിയില്‍ തുറന്നു വെക്കുന്ന പുതിയ സാധ്യതകളെക്കുറിച്ച് പുനര്‍ വിചിന്തനം നടത്തുന്നതിന് ടിറ്റാനെ പ്രേക്ഷകനെ ക്ഷണിക്കുന്നുണ്ട്.

 

അഡ്രിയാന്‍ എന്ന യുവാവായി മാറുന്നതിലൂടെ ലിംഗവ്യക്തിത്വം സംബന്ധിച്ച മുന്‍വിധികളെ തിരുത്തുക മാത്രമല്ല ലിംഗപദവിയുടെ വഴക്കത്തെക്കുറിച്ചും (Fluidity) അലെക്സിയ പ്രേക്ഷകനെ ഓര്‍മപ്പെടുത്തുന്നു. ഒരേ സമയം വിപരീത ലിംഗത്തിലുള്ള രണ്ടു വ്യക്തികളായി ജീവിക്കുന്നതിലൂടെ അഡ്രിയാന്‍ /അലെക്സിയ,  ജൂഡിത് ബട്ലര്‍ ജെന്‍ഡര്‍ ട്രബിളില്‍ (Gender Trouble) ല്‍ സൂചിപ്പിക്കുന്ന  ലിംഗപദവിയുടെ പ്രകടന സ്വഭാവത്തെ അടിവരയിട്ട് ഉറപ്പിക്കുന്നുണ്ട്.  റോസി ബ്രൈദോത്തി ദി പോസ്റ്റ്‌ ഹ്യുമന്‍(The Posthuman) എന്ന പുസ്തകത്തില്‍  സൂചിപ്പിക്കുന്നത് പോലെ അലെക്സിയയുടെ സ്വത്വമെന്നത് അനിശ്ചിതമായതും നിരന്തരം പരിണാമം സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു നോമാഡിക് വ്യക്തിത്വമാണ്(Nomadic subjectivity). 

 

മോട്ടോര്‍ ഷോയില്‍ താൻ മോഡല്‍ ആയി നിന്ന കാറുമായി അലെക്സിയ ലൈംഗിക ബന്ധത്തിന് സമാനമായ ഒരു അവസ്ഥയില്‍ കൂടിച്ചേരുന്നു. പിന്നീട് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ തന്‍റെ ശരീരത്തില്‍ നിന്നും മോട്ടോര്‍ ഓയിലിന് സമാനമായ ദ്രാവകം പുറത്ത് വരുന്നതായി അവള്‍ മനസ്സിലാക്കുന്നു. ശേഷം ഒരു പ്രെഗ്നന്‍സി പരിശോധനയില്‍ താന്‍ ഗര്‍ഭം ധരിച്ചതായി അവള്‍ മനസ്സിലാക്കൂന്നു. കാറുമായുള്ള  അലക്സിയുടെ അടുപ്പം മനുഷ്യനും മനുഷ്യേതരവസ്തുക്കളും തമ്മില്‍ പരമ്പരാഗതമായി നിലനില്‍ക്കുന്ന ബന്ധങ്ങളെ മാറ്റി മറിച്ച് പുതിയൊരു സ്വത്വനിര്‍മിതി (അപരത്വം) സാധ്യമാകുന്നതിനെ പ്രതീകാത്മകമായി അവതരിപ്പിക്കുന്നു.  ഇവിടെ കാറു തന്നെ ഒരു അപരവ്യക്തിത്വമായി മാറുകയും അലക്സിയുടെ സ്വത്വരൂപികരണത്തില്‍ സ്വാധീനിക്കുകയും സിനിമയുടെ ആഖ്യാനഗതിയെ നിര്‍ണയിക്കുകയും ചെയ്യുന്നു. ഒരു വാഹനം എന്നതില്‍ നിന്ന്  മാറി  സാമ്പ്രദായിക ധാരണകളെയും വ്യവസ്ഥാപിത മൂല്യങ്ങളെയും വെല്ലു വിളിക്കുന്ന പ്രകോപനപരമായ സാന്നിധ്യമായി കാര്‍ മാറുന്നു.  കാറുമായുള്ള അലക്സിയുടെ സാമ്പ്രദായികമല്ലാത്ത ബന്ധം മനുഷ്യലൈംഗികതയെ സംബന്ധിച്ച അടിസ്ഥാനതത്വങ്ങളെ വെല്ലു വിളിക്കുന്നതോടൊപ്പം അസ്തിത്വപരവും ധാര്‍മികവുമായ ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. 

 

ഇങ്ങനെ പരമ്പരാഗതമായി കാര്‍ക്കശ്യമുള്ള  ലിംഗ/ലൈംഗിക ദ്വന്ദങ്ങളെ ടിറ്റാനെ ഉടച്ചു വാര്‍ക്കുന്നു. മനുഷ്യാവസ്ഥയുടെ സങ്കീര്‍ണ്ണതലങ്ങളെ ബോഡി ഹൊറര്‍ അടക്കമുള്ള സങ്കേതങ്ങളിലൂടെ അവതരിപ്പിക്കുന്നതോടൊപ്പം നിഷിദ്ധമായ ലൈംഗികതയെ സംബന്ധിച്ച ദാര്‍ശനികവും അസ്തിത്വപരവുമായ ചോദ്യങ്ങളും ടിറ്റാനെ ഉയര്‍ത്തുന്നു. സാമൂഹിക സദാചാരസംഹിതകളുടെ ദുര്‍ബലമായ അരികുകളെ വെളിപ്പെടുത്തുന്നതോടൊപ്പം മനുഷ്യ ശരീരത്തെ അപര/ഇതര സ്വത്വ നിര്‍മിതിയുടെ സുപ്രധാന ഇടമായും ടിറ്റാനെ അടയാളപ്പെടുത്തുന്നു. 

 

References

Albela, F. (2011). The body and transcendence in Emmanuel Levinas’ phenomenological ethics, 5(1), 36-50. https://www.researchgate.net/publication/318095483

Braidotti, R. (2013). The post human. Polity Press.

Butler, J. (2006). Gender trouble: Feminism and the subversion of identity. Routledge.

Ducournau, J. (Director). (2021). Titane. Kazak Productions.

Gomez, T. & Hennessey, C. M. (2016). Gender in hispanic literature and visual arts. Lexington Books.

Levinas, E. (1991). Totality and infinity: An essay on exteriority. Netherlands: Kluwer Academic Publishers.

Lukhhurst, R., Marks, P. (1999). Literature and the contemporary: fictions and theories of the present.  London: Routledge.

Pohl, R. (2018). Donna haraway’s a cyborg manifesto. Macat Library.

Treanor, B. (2007). Aspects of alterity: Levinas, Marcel and the contemporary debate. Fordham University Press.

 

 
ഉണ്ണികൃഷ്ണന്‍ കെ. 

അസിസ്റ്റന്റ്റ് പ്രൊഫസ്സര്‍

ഇംഗ്ലീഷ് വിഭാഗം 

ഗവ. ആര്‍ട്സ് ആന്‍ഡ്‌ സയന്‍സ് കോളേജ് തവനൂര്‍ 

 


Comentários

Avaliado com 0 de 5 estrelas.
Ainda sem avaliações

Adicione uma avaliação
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page