കഥ
നൗഷാദ് പെരുമാതുറ
നൂർ മഹൽ,
തെക്കതിൽക്കട ജങ്ഷൻ,
കണിയാപുരം പി.ഒ
തിരുവനന്തപുരം -695 301
വേനൽമഴയുടെ വരവറിയിച്ചൊരു സായാഹ്നം. കടൽതീരത്തെ തന്റെ വർണക്കുടക്ക് കീഴിലെ ചാരുകസേരയിലിരുന്ന് അബു അനാഥമായിക്കിടന്ന ഒരു ജോടി ചെരിപ്പുകളിലേക്ക് നോക്കി. ഹൃദയധമനികളിൽ ഒരു നിമിഷത്തിൻ്റെ ശീതക്കാറ്റ്. കാറ്റിൻ്റെ മുരൾച്ചക്കും കടലിൻ്റെ ഹുങ്കാരത്തിനും പ്രവേശനം തടഞ്ഞുകൊണ്ട് ചെവികൾ കൊട്ടിയടക്കപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി അവിടെ കിടക്കുന്ന ചെരിപ്പുകളിലേക്ക് നോക്കുമ്പോൾ ഇതൊരു പതിവാണ്. യാത്ര പൂർത്തിയാകാതെ വഴിക്കുവെച്ച് വാറഴിഞ്ഞുപോയ പാദരക്ഷകൾ. തിരകൾ ഇടക്കിടെ കരയിലേക്ക് ഓടിക്കയറി പാദരക്ഷകൾ നനച്ച് തിരികെപ്പോയി.
മുതലപ്പൊഴി കടൽത്തീരത്ത് പെരുന്നാൾ തിരക്കാണ്. ആഘോഷത്തിന്റെ സിംഫണിയായി അത് പടർന്നുകയറി. കാൽ നനയ്ക്കാനിറങ്ങിയവർ തിരകളുടെ ആശ്ലേഷം ഏറ്റുവാങ്ങി. കടലിനോട് ആകർഷണം കൂടി അതിരുവിട്ട് വെപ്രാളപ്പെട്ട് തിരയിലേക്കിറങ്ങുന്നവരെ അപകടം ഓർമിപ്പിക്കാനൊരു വിളിയടയാളമെത്തി; കടലിലേക്ക് ഇമവെട്ടാതെ നോക്കി കരയിലിരിക്കുന്ന അബുവിന്റെ കഴുത്തിൽ ഞാത്തിയിട്ടിരിക്കുന്ന ചരടിന്റെ മറുതലയ്ക്കലെ ചുവന്ന വിസിലിൽനിന്ന്..
എത്ര ഓർമിപ്പിച്ചിട്ടും തിരിഞ്ഞുനോക്കാതെ കടലിലേക്കിറങ്ങിനിന്ന വൃദ്ധയെ സസൂക്ഷ്മം നിരീക്ഷിച്ച് അയാളിരുന്നു.
'ഇവർക്കിതെന്തിന്റെ കേടാ... !'
ഓരോ തിരയിലും എന്തോ തിരയുകയാണവർ. തിര മടങ്ങിയാലും അടങ്ങാത്ത മണലിന്റെ നനവിലേക്ക് കാൽവിരലുകൾ ആഴ്ന്നിറക്കി അടുത്ത തിരക്കായി കാത്തുനിൽപ്പ്. മനസ്സറിഞ്ഞ് വേഗം വേഗം തിരകളൊരുക്കി കടൽ കൂട്ടുനിന്നു.
അസ്തമയ സൂര്യന്റെ ചെഞ്ചായം വീണ അവരുടെ മുഖത്ത് പ്രതീക്ഷയുടെ ഓളംവെട്ടൽ. ഓരോ തിരയും നൽകിയ ഉത്സാഹം കടലിലിറങ്ങിനിന്ന് അവർ പ്രകടിപ്പിച്ചുകൊണ്ടിരുന്നു. തിരകൾക്കുവേണ്ടിയുള്ള ആ കാത്തുനിൽപ്പ് തീരത്തെ സഞ്ചാരികൾ കൗതുകത്തോടെ നോക്കിയിരുന്നു.
ഒരു ദിനത്തിന്റെ യാത്രകൾ പൂർത്തിയാക്കി നിഴലുകൾ സഞ്ചാരികളുടെ കാൽച്ചുവട്ടിലേക്ക് മടങ്ങിയെത്താൻ തുടങ്ങി. തീരത്തുനിന്നു മടങ്ങാൻ സമയമാകുന്നു. അബുവിന്റെ വിസിൽ ഇടമുറിയാതെ സമയം ഓർമിപ്പിച്ചുകൊണ്ടിരുന്നു.
അപ്പോഴും തിരകളിൽ മുങ്ങിത്തപ്പി ആ വൃദ്ധമാത്രം മടങ്ങാതെനിന്നു. അബു അസ്വസ്ഥനായി. ആപത്തൊന്നുമില്ലാതെ ആ ദിനവുമങ്ങ് അവസാനിച്ചേക്കണേയെന്ന് എന്നത്തേം പോലെ അയാൾ പടച്ച റബ്ബിനെ വിളിച്ച് പ്രാർത്ഥിച്ചു. ഒരാഴ്ചയാകുന്നു ഒരു ചെറുപ്പക്കാരൻ കടലിൽ വീണ് കാണാതായിട്ട്. അതിൻ്റെ കണ്ണീരിനിയും പെയ്തടങ്ങിയിട്ടില്ല. കടൽ തീരത്ത് അനാഥമായിക്കിടന്ന ചെരിപ്പുകളിലേക്ക് അബ്ദുവിൻ്റെ ഓർമത്തിരകൾ ഓടിക്കയറി.
വെടിച്ചില്ലൊത്ത വേനൽച്ചൂട് കഴിഞ്ഞെത്തിയ അസ്തമയ സന്ധ്യയിലാണ് അവൻ തിരകളെ തേടിയെത്തിയത്. സന്ദർശകരൊക്കെ തീരം വീട്ടെന്ന് അബ്ദു ഉറപ്പിക്കുകയായിരുന്നു. സന്ദർശകരെ ആട്ടിയോടിച്ച വിസിൽ ശബ്ദം നേർത്തുവന്നു. ഉറയ്ക്കാത്ത കാലടികളോടെ അവൻ തിരയിലേക്കിറങ്ങി.
'ഏയ് ... എങ്ങോട്ടാ പോണത്. സമയം കഴിഞ്ഞ്. വേഗം സ്ഥലംവിട്... വേഗം'
'എനിക്കിവിടെ കുറച്ചുനേരം ഇരിക്കണം'
തിരകൾ വന്ന് മടങ്ങുന്നിടത്തെ നനഞ്ഞ മണ്ണിൽ അവൻ ഇരുന്നു. അപ്പോഴാണ് അബ്ദു അവനെ ശ്രദ്ധിച്ചത്; ഇരുപത്തഞ്ചിനടുത്ത് പ്രായം വരുന്ന സുന്ദരൻ. കർക്കടക കടലിൻ്റെ പ്രക്ഷുബ്ധത മുഖത്ത് പ്രകടം. ചുവന്ന് നീരുകെട്ടിയ കണ്ണുകൾ. തലമുടി അലക്ഷ്യമായി പാറിക്കിടന്നു. മനസ്സുറക്കാത്ത വസ്ത്രധാരണം.
'പറഞ്ഞത് മനസ്സിലായില്ലേ..ഇവിടിനി ഇരിക്കാൻ പറ്റില്ല. ഇരുന്നേ പറ്റൂന്നുണ്ടെങ്കിൽ വീട്ടിൽ പോയിരിക്ക്. ഇവിടെ പറ്റില്ല'
'എനിക്ക് വീടില്ല..ഞാനെങ്ങട്ടും പോണില്ല. എന്നെയാരും നിയന്ത്രിക്കാൻ വരണ്ട'
അവൻ്റെ ശബ്ദം ഇരുണ്ടു. മുഖം വലിഞ്ഞുമുറുകി
'യ്യോ കഷ്ടം തന്നെ! പിന്നെവിടന്നാ ഇപ്പോ വരണത്'
'വീട്ടീന്നുതന്നെ...അമ്മയെന്നെ ഇറക്കിവിട്ടു. പോയി ചാവാൻ പറഞ്ഞു. ഞാനിനി അങ്ങോട്ടില്ല'
'ഓ.. അതുശരി. വീടിനും നാടിനും ഭാരമായിക്കാണും. അങ്ങനേള്ളോര് ചാവണതാണ് നല്ലേന്ന് അമ്മക്ക് തോന്നിക്കാണും. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. ഈ സാധനങ്ങളൊക്കെ കൊണ്ടുവെച്ച് ഞാൻ തിരിച്ചുവരുമ്പോഴേക്കും സ്ഥലം വിട്ടോളണം. കേട്ടല്ലോ. അല്ലെങ്കിൽ...'
മടക്കിയെടുത്ത വർണക്കുടയും കസേരയുമായി അബു കാറ്റാടി മരങ്ങൾക്കിടയിലെ കുടിലിലേക്ക് പോയി. മടങ്ങിയെത്തുമ്പോൾ അവനില്ല. ഓളങ്ങളുടെ പ്രാർത്ഥന ഏറ്റുവാങ്ങി ചെരിപ്പുകൾ മാത്രം. അന്തരീക്ഷത്തിൽ അവൻ്റെ സങ്കടവാക്കുകൾ. ചിന്താഭാരത്താൽ അബു തളർന്നിരുന്നുപോയി. അവൻ്റെ സങ്കടങ്ങൾ മുഴുവൻ കേൾക്കേണ്ടതായിരുന്നു. മനസ്സിലെ ഒരു നിമിഷത്തിൻ്റെ ശൂന്യതയിൽ ഒരു നേർവാക്കിൻ്റെ സാന്നിധ്യമെങ്കിലും ആകാമായിരുന്നു. തിരുത്താൻ ഇനി എന്തുവേണം. പ്രലോഭനക്കടലിൽ ദിശയറിയാതെ തോണിയിറക്കാതിരിക്കാം.തിരകൾ ആർത്തലയ്ക്കുമ്പോൾ ക്ഷോഭമില്ലാതിരിക്കാം.
അബു ക്ഷോഭമടക്കി തിരകളെ നോക്കിയിരുന്നു. അവസാന നിമിഷങ്ങൾക്കും പ്രാർത്ഥനകൾക്കുമിടയിൽ ആശങ്കയുയർത്തി വൃദ്ധ പിന്നെയും തിരയിലേക്കിറങ്ങി. ഉടുവസ്ത്രത്തിലെ നനവിന്റെ ഭാരത്താൽ കാലുകൾ വലിച്ചിഴച്ച് മുന്നോട്ട്. ചെറുതിരകൾ കൈകോർത്തുവരവായി. പിന്നെയത് ഇരുൾഗുഹയായി വായ് പിളർന്ന് അലറിപ്പാഞ്ഞു. തിരക്കൈകളിൽ മുങ്ങിപ്പോയ വൃദ്ധ കുറച്ചകലെയായി നിവർന്നപ്പോൾ തീരത്തുനിന്നവർ നെടുനിശ്വാസം പൊഴിച്ചു.
പ്രാർത്ഥന തൊണ്ടയിൽ കുരുങ്ങി അബുവിന്റെ കണ്ണുകൾ പുറത്തേക്ക് തുറിച്ചു. അലസമായി കണ്ടിരിക്കുന്നതിന്റെ അതിർവരമ്പ് കഴിഞ്ഞു. അയാൾ തിരയിലേക്കിറങ്ങി വൃദ്ധയുടെ സമീപമെത്തി.
'എന്ത് പണിയാണമ്മേ നിങ്ങളിക്കാണിക്കുന്നേ! എന്തേലും കളഞ്ഞുപോയതാണോ? കരയിലേക്ക് കേറിയാട്ടേ... ഞാൻ നോക്കിത്തരാം'
നനഞ്ഞു തണുത്ത കൈകളിൽ അയാൾ മുറുകെപ്പിടിച്ചു. ചുക്കിച്ചുളിഞ്ഞ കൈകൾക്ക് കരുതിയതിലുമേറെ കരുത്ത്. ഒന്ന് കുതറി പിന്നിലേക്കുമാറി സ്വതന്ത്രയായി. തിരകളിൽ അവർ തെന്നി നീങ്ങി. ആരുമെന്നെ പിന്തിരിപ്പിക്കാൻ നോക്കേണ്ടെന്ന് പറയാതെ പറഞ്ഞു.
'കുറേ നേരായില്ലേ തെരയണത്. കിട്ടീലല്ലോ... ഇനി ഞാനൊന്നു നോക്കട്ടേ. അമ്മയിങ്ങട്ട് കേറിയാട്ടേ'
'അതങ്ങനല്ല. ഒന്നും കിട്ടാനല്ല. ഞാനിങ്ങനെ നിൽക്കട്ടേ. എന്റെ മനസ്സ് തണുക്കട്ടേ. സാറ് വെറുതേ നനയാതെ...'
തീരത്ത് കാവലിരിക്കാൻ തുടങ്ങീട്ട് പത്തു വർഷത്തിലേറെയായി. ഇതിങ്ങനെ ആദ്യത്തെ അനുഭവമാണ്. നിസ്സഹായനായിപ്പോകുകയാണല്ലോ! വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു പിടിവാശിക്കുമുന്നിൽ ഉമ്മയോട് തോറ്റ് നിന്നുപോയത് ഓർമയിലെത്തി.
ചെമ്പട്ട് മസ്താന്റെ മഖ്ബറയിലെ ആണ്ടുനേർച്ചക്കുള്ള യാത്രക്കിടയിൽ പുഴയിൽ വീണുപോയ കൈലേസിനായി എല്ലാ വിലക്കുകളും തള്ളി ഉമ്മ വെള്ളത്തിലിറങ്ങിനിന്നു. ഓർമയുള്ള കാലം മുതൽ കാണാൻ തുടങ്ങിയതാണ് ഉമ്മയുടെ കൈയിലെ നിറംമങ്ങിയ പൂക്കൾ നിറഞ്ഞ കൈലേസ്. അത് എവിടന്ന് കിട്ടിയെന്ന് ചോദിച്ച ദിവസങ്ങളിൽ പിന്നെ ഉമ്മ മിണ്ടീട്ടില്ല. അതിനുമേലുള്ള അവകാശം അത്രക്കുണ്ടായിരുന്നു. ചളിയിലിറങ്ങി അത് തപ്പിയെടുത്ത് നൽകിയശേഷമേ വാശിവിട്ട് ഉമ്മ കരയ്ക്ക് കയറിയുള്ളൂ. മരണം വരേക്കും ഉമ്മയുടെ ജീവിത പുസ്തകത്തിൽ ആ കൈലേസ് കരുതിവെച്ചിരുന്നു. ഇപ്പോഴിതാ ഒരു നിശ്ചയവുമില്ലാത്ത മറ്റെന്തോ കാര്യത്തിനായി വാശിപിടിച്ച് വേറൊരമ്മ...
'കളഞ്ഞത് എന്താണെന്നൊന്ന് പറേങ്കിലും ചെയ്യ്. ഞാനൊന്നു നോക്കട്ടേ. ചെലപ്പം വേഗം കിട്ടീങ്കിലോ?'
'അതിനൊന്നും കളഞ്ഞുപോയില്ലല്ലോ. ഞാൻ കളഞ്ഞതല്ലേ...ഞാൻ ഇറക്കിവിട്ടതല്ലേ. എൻ്റെ കുഞ്ഞിനെ... ആകക്കൂടി ഉണ്ടായിരുന്ന തണലായിരുന്നു. സങ്കടം തിന്നുതിന്ന് മതിയായി സാറേ.. നിങ്ങളൊക്കെ ഉണ്ടായിട്ടും എന്റെ പൊന്നിനെ കണ്ടെത്താനായോ. ഈ തിരകൾ വന്നുപോകുമ്പോൾ അവനെന്നെ തൊടുകയാണ്. എനിക്കിത് വല്യ സമാധാനമാണ് സാറേ. എന്നെ തടയല്ലേ...ഞാനിങ്ങനെ നിൽക്കട്ടേ'
സങ്കടം ചെന്ന് മനസ്സിൽ മുട്ടി മുഴങ്ങി. അത് ക്ഷോഭിച്ച കടലിന്റെ ആഴങ്ങളിൽ ചെന്ന് പ്രതിധ്വനിച്ചു. ഒരു നിമിഷം കൈവിട്ടുപോയ മനസ്സിലേക്ക് അബു മടങ്ങിയെത്തുമ്പോഴേക്കും വൃദ്ധ തിരകൾ ചവിട്ടി ചക്രവാളത്തെ ലക്ഷ്യംവെച്ചുകഴിഞ്ഞു. തിര മുറിച്ചുകയറി അബ്ദു വൃദ്ധയുടെ കൈകളിൽ പിടിമുറുക്കി.
'എന്റെ പൊന്നെന്നെ തൊട്ടോട്ടെ. എന്നെ തടയരുതേ... ' എന്ന യാചന ചക്രവാളത്തിൽ ചുവപ്പുരാശിയായി പടർന്നു. അബ്ദു മടങ്ങുമ്പോൾ ഇടം നെഞ്ചിനോട് ചേർത്ത് വിറയാർന്നൊരു വൃദ്ധശരീരം അണച്ചുപിടിച്ചിരുന്നു. ചെമ്പട്ട് മസ്താൻ്റെ മഖ്ബറക്കടുത്ത ഖബർസ്ഥാനിൽനിന്നൊരു മൈലാഞ്ചിക്കാറ്റ് അയാളെ തഴുകിക്കടന്നുപോയി.
'അബുവേ..എൻ്റെ പൊന്നു മുത്തേ!
'ഉമ്മാ...എൻ്റുമ്മാ. ഞാനിനി അനാഥനല്ല
തീരത്തു കിടന്ന ചെരിപ്പുകൾ അവിടെ കളഞ്ഞിട്ടുപോകാൻ അയാളുടെ മനസ്സനുവദിച്ചില്ല. അയാളത് അണിഞ്ഞുനോക്കി. അദ്ഭുതത്തോടെ തിരിച്ചറിഞ്ഞു; തനിക്കത് പാകമാണ്.....