വി.കെ. അജിത് കുമാർ
സിനിമ
രാഷ്ട്രീയം എങ്ങനെ സിനിമയുമായി ഇഴചേർത്തുവയ്ക്കാം എന്ന തീവ്രചിന്തയാണ് മൂന്നാം സിനിമ (Third Cinema) എന്ന ആശയത്തിലേക്കോ അതിനുപരി ഒരു ബദൽ സിനിമാ കാഴ്ചയിലേക്കോ സിനിമാ പ്രവർത്തകരെ നയിക്കുന്നത്. നിലവിലുണ്ടായിരുന്ന അതിശയക്കാഴ്ചകൾ സമ്മാനിച്ച ഹോളിവുഡിനും സൗന്ദര്യാത്മകതയിൽ സൃഷ്ടിക്കപ്പെടുന്ന യുറോപ്യൻ സിനിമകൾക്കുമുള്ള മറുപടിയായിരുന്നു അറുപതുകളുടെ അവസാനത്തിൽ അർജന്റീനിയൻ ചലച്ചിത്രപ്രവർത്തകരായ ഫെർണാണ്ടോ സോളനാസും ഒക്ടാവിയോ ഗെറ്റിനോയും ചേർന്ന് മൂന്നാം സിനിമ എന്ന ചലച്ചിത്രാനുഭവത്തിലൂടെ പങ്കുവച്ചത്. ദാരിദ്ര്യം, കോളോണിയൽ കാഴ്ചകൾ, സ്വേച്ഛാധിപത്യം വിപ്ലവ പ്രവർത്തനങ്ങൾ വ്യക്തിപരമായ ചെറുത്തുനിൽപ്പുകൾ ഇതെല്ലാം അഭിസംബോധന ചെയ്യേണ്ടത് സിനിമ എന്ന പുതിയ കലാരൂപത്തിന്റെ ഉത്തരവാദിത്വമാണെന്ന ചിന്ത പങ്കുവയ്ക്കുകയാണ് മൂന്നാം സിനിമ എന്ന ആശത്തിലൂടെ സോളനാസും ഗെറ്റിനോയും. ലോക സാമ്പത്തിക രാഷ്ട്രീയ ക്രമത്തിൽ മൂന്നാം ലോകം (Third World)എന്നത് യഥാർത്ഥത്തിൽ ഇല്ലാതാക്കുകയും ആശയപരമായി മാത്രം ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്ന കാലത്താണെങ്കിലും മൂന്നാം സിനിമ എന്നത് ഇപ്പോഴും പ്രസക്തമാണ്. ഭരണാധികാരികൾ കലാപ്രവർത്തനത്തിന് സെൻസർഷിപ്പ് ഏർപ്പെടുത്തുന്ന കാലത്താണ് ഇത്തരം സിനിമകൾ ഏറെ ശ്രദ്ധേയമാകുന്നത്.
ഇന്ത്യൻ സിനിമകളിൽ എത്രത്തോളം ഇത്തരം കാഴ്ചകൾ കടന്നെത്തിയിട്ടുണ്ട് എന്ന് കണക്കെടുത്താൽ ജനജീവിതാവസ്ഥകളെ പ്രതിനിധീകരിക്കുന്ന മൂന്നാം സിനിമാ കാഴ്ചകൾ അത്ര തന്നെ വേരോടിയിട്ടില്ല എന്നു പറയേണ്ടതായി വരുന്നു. ചില മെഗാ ബഡ്ജറ്റിൽ ഒരുങ്ങുന്ന വീരനായക പരിവേഷമുൾക്കൊള്ളുന്ന സിനിമകളെ പലപ്പോഴും ഇവിടെ രാഷ്ട്രീയ സിനിമകളായി പരിഗണിക്കാറുണ്ട്. എന്നാൽ ഇവയിൽ പലപ്പോഴും ഒരു രാഷ്ട്രീയ നേതൃത്വത്തിനെതിരെയോ തന്നിഷ്ടം പോലെ ഭരിക്കുന്ന അധികാരിക്ക് എതിരെയോ നടക്കുന്ന ഒറ്റയാൾ പോരാട്ടങ്ങളാകും കാണുന്നത്. അതാകട്ടെ നായകന്റെ വ്യക്തിപരമായ പ്രതികാരം പ്രണയം ഇവയൊക്കെയുമായി ബന്ധപ്പെട്ടിരിക്കും. മറ്റൊന്ന് പൊളിറ്റിക്കൽ സറ്റയറുകളാണ്. കാർട്ടൂൺ കഥാപാത്രങ്ങളെപ്പോലെ എക്സാജറേഷൻ നൽകി നിലവിലെ ചില സാമൂഹിക അവസ്ഥകളെ തുറന്നു കാണിക്കാൻ ഇതിലൂടെ ശ്രമിക്കുന്നു.മലയാളത്തിൽ രൂപപ്പെട്ട സന്ദേശമുൾപ്പടെയുള്ള അതേ ജോണറിൽപ്പെടുന്ന ചില ചിത്രങ്ങളും ഇത്തരത്തിലുള്ളതാണ്. ഇതാകട്ടെ ശക്തമായ സമരങ്ങളിലൂടെയും പ്രതിരോധങ്ങളിലൂടെയും ജനങ്ങളെ നയിക്കാൻ പ്രാപ്തരാക്കുന്ന നേതൃത്വഗുണമുള്ളവരെപ്പോലും സംശയദൃഷ്ടിയിൽ നോക്കാൻ സാധാരണക്കാരനെ പ്രേരിപ്പിക്കുന്നു. അരാഷ്ട്രീയത പടർത്തുന്ന ഇത്തരം സിനിമകൾ പോലും ചിലർക്ക് രാഷ്ട്രീയ സിനിമകളാണ്. എന്നാൽ മൂന്നാം സിനിമയെന്നത് ഇത്തരം തരം താണ രാഷ്ട്രീയ തമാശകളല്ല.അത് ലാറ്റിനമേരിക്കൻ, ആഫ്രിക്കൻ യാഥാർത്ഥ്യങ്ങൾ, പാലസ്തീൻ ചെറുത്തു നിൽപ്പുകൾ, പൊളിറ്റിക്കലും മതപരവുമായ ഹയറാർക്കിയിൽ സ്ത്രീകളുടെ അവസ്ഥ ഇവ അടയാളപ്പെടുത്തുന്ന സിനിമകളിലൂടെ ഇന്നും നിലനിൽക്കുന്നു.
ഇന്ത്യയിലെ സിനിമാവ്യവസായത്തിൽ തനത് സ്ഥാനം നിലനിർത്തുന്ന തമിഴ് സിനിമകൾ എപ്പോഴും രാഷ്ട്രീയത്തിന്റെ ഭാഗമാകാറുണ്ട്.
സ്ക്രീൻ രാഷ്ട്രീയത്തിലേക്കുള്ള ഒരു ബൈപാസ് ആയി മാറിയിട്ടുള്ള ഒരു പ്രവിശ്യ
ലോകത്തെവിടെയെങ്കിലുമുണ്ടെങ്കിൽ ഇപ്പോഴും അത് തമിഴ് നാട് തന്നെയാണ്. സ്ക്രീനിൽ സദ്ഗുണ സമ്പന്നനും ജനകീയനും ഏഴൈ തോഴനുമായി നിൽക്കുന്ന നായകൻ ക്രമേണ പൊതുബോധത്തിലും അങ്ങനെ തന്നെയെന്ന് അടിച്ചേൽപ്പിക്കപ്പെടുന്ന ഒരു ചിന്താപദ്ധതിയാണ് തമിഴ് രാഷ്ട്രീയത്തിൽ നിലനിൽക്കുന്നത്. ഇതിൽ നിന്നും അല്പമെങ്കിലും വ്യത്യാസപ്പെടുന്നത് നിലവിലെ സ്റ്റാലിൻ നയിക്കുന്ന മന്ത്രിസഭയാണ്. അവിടെയും സിനിമ നൽകിയ ഒരു പിന്തുണ നിലനിൽക്കുന്നുണ്ടെങ്കിലും അതിനെ രാഷ്ട്രീയ പ്രതിരോധങ്ങളാലും തീരുമാനങ്ങളാലും തിരുത്തി രാഷ്ട്രീയം സംസാരിക്കാൻ സ്റ്റാലിനു സാധിക്കുന്നുണ്ട്. മാസ് നായക പരിവേഷത്തിലൂടെ എത്തപ്പെടുന്നവർ പലപ്പോഴും പരാജിതരാകുന്നത് ഇത്തരത്തിൽ എപ്പോഴും നീണ്ടു നിൽക്കുന്ന പൊളിറ്റിക്കൽ സ്റ്റാന്റ് എടുക്കുന്നതിൽ പരാജിതരാകാറുണ്ട് എന്ന് മുൻകാല തമിഴ് നാടിന്റെ ചരിത്രം പരിശോധിച്ചാൽ തന്നെ വ്യക്തമാകും. അതിനുകാരണം അവരിൽ ഒരിക്കലും രാഷ്ട്രീയ ആശയധാര ഇല്ല എന്നത്
തന്നെയാണ്.
എക്കാലത്തെയും തമിഴന്റെ ആരാധനാമൂർത്തിയായ എം.ജി. ആർ രൂപപ്പെട്ടുവന്നത് രാഷ്ട്രീയ സിനിമകളിലല്ല. രജനീകാന്തിനും ഇനി വരാൻ ശ്രമിക്കുന്ന വിജയ് യ്ക്ക് പോലും കൃത്യമായ തമിഴ് അവസ്ഥ സംസാരിച്ച സിനിമകളില്ല. ചില ദീനാവസ്ഥകളെ ചൂഷണം ചെയ്യുന്ന സീനുകളാണ് ഇവരുടെ ചിത്രങ്ങളുടെ മേമ്പൊടി. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തമിഴ്സിനിമയിൽ വ്യക്തമായ തമിഴ് രാഷ്ട്രീയ അവസ്ഥ ആദ്യവസാനകഥയുടെ ഭാഗമായി ചിത്രീകരിക്കുന്ന സിനിമകൾ രൂപപ്പെടുന്നുണ്ട്, അവ പ്രേക്ഷകർ സ്വീകരിക്കുന്നുമുണ്ട്.
ഭാരതിരാജയെപ്പോലുള്ള മുൻഗാമികളെ പിന്തള്ളിക്കൊണ്ട് ഹാർഡ് കോറിൽ തമിഴ് നാടിന്റെ നാട്ടിൻപുറവും പ്രണയവും അഭിമാനവും ദുരഭിമാനവും ചിത്രീകരിച്ച വസന്ത് ബാലന്റെ വെയിൽ നൽകിയത് നടുക്കുന്ന അനുഭവമായിരുന്നു. കുറ്റകൃത്യങ്ങളും അക്രമ പ്രതിരോധങ്ങളും നിറഞ്ഞ നാട്ടിൻപുറങ്ങൾ വീണ്ടും സ്ക്രീനിൽ നിറയുവാൻ തുടങ്ങി. സുബ്രഹ്മണ്യപുരം ഇത്തരത്തിൽ കഥ പറഞ്ഞ ചിത്രങ്ങളിലൊന്നാണ്. പ്രണയമെന്നതിന്റെ യഥാർത്ഥ്യം നിലനിൽക്കേണ്ടത് എവിടെയാണെന്ന് ബോധ്യപ്പെടുത്തുന്ന സിനിമകൾ.
പാ രഞ്ജിത് എന്ന സംവിധായകന്റെ വരവ്, ശരിക്കും തമിഴ് പ്രേക്ഷകനിൽ കാഴ്ചയുടെ മാറ്റം സൃഷ്ടിച്ചു കൊണ്ടായിരുന്നു. സാമൂഹികാവസ്ഥയും പാർശ്വവത്കൃത ജീവിതവും വരച്ചു കാണിക്കാൻ കൊമേഴ്സ്യൽ സ്റ്റാർഡത്തെപ്പോലും ഹൈജാക്ക് ചെയ്യാൻ അദ്ദേഹത്തിനു സാധിച്ചു. അട്ടാക്കത്തി മുതൽ തങ്കലാൻ വരെയുള്ള പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ രൂപപ്പെട്ട ചിത്രങ്ങളിൽ രജനീകാന്ത് എന്ന എക്കാലത്തെയും സൂപ്പർ താരമുൾപ്പടെയുള്ളവർ ഇമേജിന്റെ ലയറുകൾ പലതും ഉപേക്ഷിച്ച് രഞ്ജിത്തുമായി സന്ധിചേർന്നു പോയി. ദളിത് എന്നതിനു പരി ദളിത് അവസ്ഥയിൽ അംബേദ്ക്കർ എന്ന ബിംബം എത്ര മാത്രം ശ്രദ്ധേയമാകണം എന്ന പ്രൊപ്പഗണ്ട, പാ രഞ്ജിത്ത് അദ്ദേഹത്തിന്റെ സിനിമകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു. കപാലിയ്ക്ക് വന്ന റിവ്യൂകളിൽ ശ്രദ്ധിക്കപ്പെട്ടത് 49 % രജനി ഫാക്ടറും 51% പാരഞ്ജിത് ഫാക്ടറുമാണ് എന്നത് ഈ സംവിധായകന്റെ മികവായി കാണണം.
എന്നാൽ മേൽ സൂചിപ്പിച്ച മൂന്നാം സിനിമ എന്ന ആശയത്തോടടുത്ത് നിൽക്കുന്നത് മാരി ശെൽവരാജിന്റെ ചിത്രങ്ങളാണ്. പരിയേരും പെരുമാൾ എന്ന ആദ്യ സിനിമയിൽ തന്നെ പുതിയ കാലത്തെ തമിഴ് ദളിത് യുവത്വത്തിന്റെ നിസ്സഹായത വളരെ യാഥാർത്ഥ്യ ബോധത്തോടെ മാരി ശെൽവരാജ് പ്രേക്ഷകനെ ബോധ്യപ്പെടുത്തുന്നു. പ്രണയം പ്രതികാരം നിസ്സഹായതയിലൂടെ സഞ്ചരിക്കേണ്ടിവരുന്ന നായകൻ ഇതൊക്കെ ഒരു പക്ഷേ തമിഴ്സിനിമാ കാഴ്ചകളിൽ ഒരു കാലത്ത് ആലോചിക്കാൻ പോലും സാധ്യമല്ലായിരുന്നു. അത്തരം അവസ്ഥകളെ ഒരു രാഷ്ട്രീയ പ്രസ്താവന പോലെ നിരന്തരമായി എഴുതിച്ചേർക്കാൻ പിന്നീട് വന്ന കർണ്ണനിലൂടെയും മാമന്നനിലൂടെയും ശെൽവരാജിന് സാധിക്കുന്നുണ്ട്. വളരെ താഴ്ന്ന നിലയിൽ ജീവിക്കുന്ന മനുഷ്യരുള്ള പൊഡിയൻ കുളമെന്ന സ്ഥലത്ത് സർവീസ് ബസുകൾ നിർത്താതെ പോകുന്ന സംഭവത്തെ അടയാളപ്പെടുത്തുക വഴി അതിനു വേണ്ടിയുള്ള പോരാട്ടത്തെയും അനന്തര ചരിത്രത്തെയും പ്രേക്ഷകരിലേക്ക് എത്തിക്കാൻ കർണ്ണനിലൂടെ ശെൽവരാജിനു കഴിഞ്ഞു.
മിഡിൽ ക്ലാസിനുമുപരി നിൽക്കുന്ന ജനപ്രതിനിധി കൂടിയായ ദളിതൻ അനുഭവിക്കുന്ന മാനസിക സാമൂഹിക പ്രശ്നങ്ങളെയാണ് മാമന്നനിൽ മാരി ശെൽവരാജ് കൈകാര്യം ചെയ്യുന്നത്. ഈ സിനിമയുടെ തീമിനെ ഇരിപ്പിന്റെ രാഷ്ട്രീയം എന്നു വേണമെങ്കിൽ സൂചിപ്പിക്കാം. പലപ്പോഴും മുഖ്യരാഷ്ട്രീയ കക്ഷികളുടെ ദയയായി മാറുന്ന റിസർവേഷൻ സീറ്റിൽ മത്സരിച്ച് വിജയിച്ച ജനപ്രതിനിധിയായ മനുഷ്യൻ അനുഭവിക്കുന്ന അസ്വാതന്ത്ര്യങ്ങൾ ഇതിനു മുമ്പ് കാഴ്ചയായിട്ടില്ല. രാഷ്ട്രിയ മേലധികാരിക്ക് മുന്നിൽ വൃത്തിയുള്ള ഒരു കസാരയിൽ പോലും ഇരിക്കാൻ ഭയക്കുന്ന മനുഷ്യനാണ് മാമന്നനിലെ നായകൻ. ഒടുവിൽ അയാൾ നേടിയെടുക്കുന്ന ആത്മാഭിമാനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. വളരെ വ്യക്തമായിത്തന്നെ പറയേണ്ട കാര്യം ഇവിടെ പറഞ്ഞു വയ്ക്കുന്നുണ്ട്. ഈയിടെ പ്രദർശനത്തിനെത്തിയ വാഴൈ യിലും തൊഴിലിടത്തിൽ നടന്നിരുന്ന ചൂഷണത്തെയോ അടിമത്വത്തെയോ ആണ് മാരി ശെൽവരാജ് വിഷയമാക്കുന്നതും ദൃശ്യവത്കരിക്കുന്നതും. ഇതാണ് ശരിക്കും നാടും നാട്ടുകാരുമെന്നും അല്ലാതെ പൊതിഞ്ഞു കെട്ടി അവതരിപ്പിക്കുന്ന സുന്ദരമായ ദൃശ്യവിന്യാസങ്ങളല്ല തമിഴനെന്നും മാരി ശെൽവരാജ് സിനിമകൾ വ്യക്തമാക്കുന്നു.
TG ജ്ഞാനവേലിന്റെ ജയ് ഭീമും നൽകുന്നത് വളരെ നടുക്കമുണ്ടാക്കുന്ന സിനിമാക്കാഴ്ചയാണ്. യാതൊരു പ്രിവിലേജുകളും ലഭിക്കാതെ ജനിച്ചു മരിക്കാൻ മാത്രം നിയോഗമുള്ള ഇരുളർ ഗോത്രത്തിൽ നിന്നും പോലീസ് ഇന്ററോഗേഷന് വിധേയമാക്കുകയും മരണപ്പെടുകയും ചെയ്ത രാജാക്കണ്ണ് എന്ന മനുഷ്യന് വേണ്ടി നടന്ന നിയമ പോരാട്ടമാണ് ജയ് ഭീമിനെ ഒരു രാഷ്ട്രീയ സിനിമയായി മാറ്റുന്നത്. ഇതേ ശ്രേണിയിൽ ഉൾപ്പെടുത്താൻ സാധിക്കും വിജയ് സേതുപതി നിർമ്മിച്ച് ലെനിൻ ഭാരതി സംവിധാനം ചെയ്ത മേർക്ക് തൊഡർച്ചിമലൈ എന്ന
ചിത്രവും.
എന്ത് മാറ്റമാണ് ഇത്തരം സിനിമയിലൂടെ ആത്യന്തികമായി സംഭവിക്കുന്നതെന്ന ചോദ്യം നിലനിൽക്കുന്നു. ഒരു സിനിമ എന്നതിനു പരി സമൂഹികമായ പരിവർത്തനം എങ്ങനെ? എന്ന ചോദ്യം ഉയരുമ്പോൾ കലാപ്രവർത്തനത്തിന് കൃത്യമായ രാഷ്ട്രീയമുണ്ടാകണം എന്ന അഭിപ്രായമാണ് ശക്തമാകേണ്ടത്. കേരളത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ സംഭവിച്ച സാമൂഹികമാറ്റങ്ങൾക്ക് നാടകങ്ങൾ ഉൾപ്പെടുന്ന കലാപ്രവർത്തനങ്ങൾ പാഠമായിരുന്നുവെന്ന് മറക്കരുത്. തമിഴ്സിനിമാ മേഖലയിൽ നിറഞ്ഞാടിയിരുന്ന നായകപരിവേഷ സിനിമകളെ വെല്ലുവിളിക്കാനും തിയറ്ററിൽ ആളെ കൂട്ടാനും ഈ സിനിമകൾക്കും ഇതിന്റെ പിന്നിലുള്ളവർക്കും കഴിയുന്നുവെന്നത് തന്നെ ഒരു രാഷ്ട്രിയ പ്രസ്താവനയാണ്. അതിലൂടെ യാതൊരുവിധ പരിഗണനയും കിട്ടാതെ ജീവിക്കുന്ന മനുഷ്യർ കൂടി നമ്മുടെ പരിസരങ്ങളിൽ തൊട്ടടുത്തു തന്നെയുണ്ട് എന്ന ബോധ്യപ്പെടുത്തൽ കൂടുതൽ ശക്തമാവുകയും ചെയ്യുന്നു.
എടുത്തു പറയേണ്ടുന്ന ഒരു വസ്തുത നമ്മളിവിടെ ക്ലാരയും മഴയും ഇപ്പോഴും ചർച്ച ചെയ്യുമ്പോൾ തമിഴൻ അവന്റെ സിനിമാ മേഖല വിഷയ വൈവിധ്യത്തിലേക്ക് കൊണ്ടു ചെല്ലുന്നുവെന്നതാണ്. കൊമേഷ്യൽ സെറ്റപ്പിനും അതിനു താഴെ നിൽക്കുന്ന നൊസ്റ്റാൾജിക് ഫീൽ ഗുഡിനും വെല്ലുവിളിയുയർത്താൻ ഈ മൂന്നാം സിനിമകൾക്ക്
കഴിയുന്നുണ്ട്. അതും ക്രൗഡ് പുള്ളിംഗായി.
വി. കെ. അജിത് കുമാർ
Naval Enna Jewel movie writer