ശ്രീനാഥ്
സമീപകാലത്ത് നാം നിരന്തരം കേൾക്കുന്ന ഒരു സംഗതിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമ്മിതബുദ്ധി. സംശയദൂരീകരണത്തിന്റെ പര്യായമായി ഗൂഗിൾ എന്ന സെർച്ച് എഞ്ചിൻ മാറിയിട്ട് അധികകാലമായിട്ടില്ല.എന്നാൽ ആ ഗൂഗിളിനെ ഗോദയിൽ മലർത്തി അടിക്കാൻ നിർമ്മിത ബുദ്ധിയുടെ കളരിയിൽ നിന്ന് ചാറ്റ് ജിപി ടിയും മെറ്റാ എ ഐ യുമൊക്കെ കച്ച മുറുക്കി കഴിഞ്ഞു. Prompt കൾ എന്ന ആശയങ്ങളെ അതിശയിപ്പിക്കുന്ന ചിത്രങ്ങളാക്കി മാറ്റുന്ന മിഡ്ജേണി (Mid journey)യും, ഞൊടിയിടയിൽ വരികളെഴുതി,സംഗീതം നൽകി,അടിപൊളി പാട്ടുകൾ പാടി തരുന്ന Suno AI യുമെല്ലാം നിർമ്മിത ബുദ്ധിയുടെ അനുസരണയുള്ള അനുചരന്മാരാണ് . ഇങ്ങനെ സമൂഹത്തിന്റെ എല്ലാതട്ടിലും സ്വാധീനം ചെലുത്താൻ കഴിയുന്ന ഈ ധിഷണാശാലി നമ്മുടെയൊക്കെ നിത്യജീവിതത്തിന്റെ ഭാഗമാകുന്ന കാലം വിദൂരമല്ല.
നിർമ്മിത ബുദ്ധിയെ പലതരത്തിൽ നിർവചിക്കാമെങ്കിലും പൊതുവായി പറഞ്ഞാൽ മനുഷ്യന്റെ ബുദ്ധിയെയും ചിന്തകളെയും വൻ ഡാറ്റാ ശേഖരത്തിന്റെ സഹായത്തോടെ വിശകലനം ചെയ്ത്, അസാധ്യമായ വേഗതയോടെയും സാമർഥ്യത്തോടെയും അതിനെ അനുകരിച്ച്
പ്രവർത്തിക്കുന്ന ഒരു യാന്ത്രിക സംവിധാനമാണത്. കമ്പ്യൂട്ടറിനും മൊബൈൽ ഫോണിനുമപ്പുറം ടിവി റഫ്രിജറേറ്റർ തുടങ്ങി ഗാർഹികോപകരണങ്ങളിലും ഇപ്പോൾ എ ഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്.
മറ്റു മേഖലകളിലെ പോലെ നിർമ്മിതബുദ്ധിയിലൂടെ വിപ്ലവകരമായ മാറ്റങ്ങൾക്ക് സാക്ഷിയാവുകായാണ് ജനപ്രിയ വിനോദോപാധിയായ സിനിമ മേഖലയും. അടുത്തിടെ പുറത്തുവന്ന തമിഴിലെ ചില വമ്പൻ താര ചിത്രങ്ങളിൽ നിർമ്മിതബുദ്ധിയുടെ സങ്കേതങ്ങൾ ഉപയോഗിച്ച്
മണ്മറഞ്ഞ അഭിനേതാക്കളെ തിരശ്ശീലയിൽ പുനര്ജീവിപ്പിച്ചതും,നായകൻറെ ചെറുപ്പം അവതരിപ്പിച്ചതുമെല്ലാം നാം കണ്ടതാണ് . അതൊക്കെ മഞ്ഞുമലയുടെ അഗ്രം മാത്രം .വിനോദവ്യവസായ മേഖലയിൽ അത്ഭുതങ്ങളുടെ അനന്ത സാധ്യതകൾ തുറന്നിടുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് .
സാധാരണയായി പ്രൊഡക്ഷൻ (Pre-Production), പ്രൊഡക്ഷൻ(Production), പോസ്റ്റ് പ്രൊഡക്ഷൻ (Post Production) എന്നീ മൂന്ന് പ്രധാന ഘട്ടങ്ങളിലൂടെയാണ് ചലച്ചിത്ര നിർമ്മാണപ്രക്രിയ കടന്നു പോകുന്നത്.നിർമ്മാണം പൂർത്തിയാകുന്ന സിനിമ വിതരണം ,പ്രദർശനം എന്നീ ഘട്ടങ്ങൾകൂടെ പിന്നിട്ട് പ്രേക്ഷകരിലേക്കെത്തുന്നു.ചലച്ചിത്ര നിർമ്മാണത്തിന്റെ ഓരോ ഘട്ടങ്ങത്തിലും അതിശയിപ്പിക്കുന്ന സ്വാധീനം ചെലുത്താൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധിക്കും.
സിനിമയുടെ ചിത്രീകരണത്തിന് വേണ്ട മുന്നൊരുക്കങ്ങളാണ് പ്രീ പ്രൊഡക്ഷൻ ഘട്ടത്തിൽ നടക്കുന്നത് .ഒരു ചെറിയ കഥാതന്തുവിൽ നിന്ന് വിവിധ സന്ദർഭങ്ങളിലൂടെ വികസിച്ച് കഥാപാത്രങ്ങളും ദൃശ്യങ്ങളും സംഭാഷണങ്ങളും അടങ്ങിയ ഒരു തിരക്കഥ രൂപപ്പെടുന്നതും ചർച്ചകളിലൂടെ ചിത്രീകരണത്തിനായി അത് പരുവപ്പെടുന്നതും ഈ ഘട്ടത്തിലാണ്.ആ തിരക്കഥയെ അടിസ്ഥാനമാക്കി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അഭിനേതാക്കളെ തെരഞ്ഞെടുക്കുന്ന കാസ്റ്റിംഗും ,അനുയോജ്യമായ ലൊക്കേഷനുകൾ കണ്ടെത്തുന്നതും,സുഗമമായ ചിത്രീകരണത്തിന് വേണ്ട കൃത്യമായ ഷൂട്ടിംഗ് ഷെഡ്യൂൾ ചാർട്ട് ചെയ്യപ്പെടുന്നതും, ചലച്ചിത്രത്തിന്റെ ദൃശ്യ സ്വഭാവം മുൻകൂട്ടി രൂപപ്പെടുത്തുന്ന സ്റ്റോറി ബോഡിങ്ങ് ഉൾപ്പെടെയുള്ള കാര്യങ്ങളുമെല്ലാം പ്രീ പ്രൊഡക്ഷൻ ഘട്ടത്തിൽ ചെയ്യേണ്ടതുണ്ട്.
എ ഐ യുടെ കടന്നു വരവോടെ ആശയങ്ങൾ അഥവാ പ്രോംപ്റ്റുകൾ നൽകി കഥയും തിരക്കഥയും നിർമ്മിച്ചെടുക്കുന്നതിനു പുറമെ, ഒരു ഒരു ചലച്ചിത്രകാരന് വിപണിയിലെ മുൻകാല വിജയ പരാജയങ്ങളുടെ ഡാറ്റ നിമിഷങ്ങൾക്കകം വിശകലനം ചെയ്തു തന്റെ തിരക്കഥയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനാവും.കൂടാതെ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപരിസരങ്ങൾ, അവർ ഏറെ ആസ്വദിച്ച കഥാസന്ദർഭങ്ങൾ തുടങ്ങിയവയൊക്കെ വിശകലനം ചെയ്തത് സമാനമായ രീതിയിൽ തന്റെ തിരക്കഥയിൽ അവയെ പുനരവതരിപ്പിക്കാനും സാധിക്കും. സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്നത് മനുഷ്യന്റെ സർഗ്ഗാത്മകതയെ എത്രകണ്ട് ബാധിക്കും എന്ന ആശങ്കയോടെയാണ് എ ഐ എന്ന, ഒരൽപം പേടിക്കേണ്ട ഈ സൗകര്യത്തെ പലരും സമീപിക്കുന്നത് .
സോഷ്യൽ മീഡിയ ഡാറ്റ വിശകലനം ചെയ്ത് ,ഒരു അഭിനേതാവിന്റെ ജനപ്രീതി നിര്ണയിച്ചുകൊണ്ട് കാസ്റ്റിംഗ് തീരുമാനങ്ങളെ സ്വാധീനിക്കാനും
കഴിയും.കൂടാതെ ഓരോ കഥാപാത്രത്തിന്റെയും സ്വഭാവഗുണങ്ങൾ മനസ്സിലാക്കി A യിലൂടെ അഭിനേതാക്കളെ കഥാപാത്രങ്ങളായി മുൻകൂട്ടി ചിത്രീകരിച്ച് കഥാപാത്രങ്ങളുടെ രൂപം അഭിനേതാക്കൾക്ക് എത്രകണ്ട് യോജിക്കുന്നു എന്ന് മനസ്സിലാക്കാം. ചിട്ടയോടെ ബഡ്ജറ്റും ഷൂട്ടിംഗ് ചാർട്ടും തയാറാക്കാനും,സ്റ്റോറി ബോർഡ് ചിത്രീകരിക്കാനും, കഥാപാത്രങ്ങളുടെ വസ്ത്രങ്ങളും ലുക്കും തീരുമാനിക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന സഹായിയെയും കൂടെ കൂട്ടാം .
ചലച്ചിത്ര നിർമ്മാണത്തിലെ രണ്ടാം ഘട്ടമായ പ്രൊഡക്ഷൻ അഥവാ ചിത്രീകരണ സമയത്ത് ഏറ്റവും മനോഹരമായ കാമറ ആംഗിളുകൾ തീരുമാനിക്കുന്നതിലും ലൈറ്റിംഗിന്റെയും പശ്ചാത്തല ശബ്ദങ്ങളുടെയും തെരെഞ്ഞെടുക്കലിലുമൊക്കെ നിർമ്മിതബുദ്ധി തുണയാകും.
എ ഐ യുടെ സാദ്ധ്യതകൾ ഏറ്റവും കൂടുതൽ പ്രയോജനപ്പെടുത്തുന്നത് മൂന്നാം ഘട്ടമായ പോസ്റ്റ് പ്രൊഡക്ഷനിലാണ് . കംപ്യൂട്ടർ വിഷൻ അൽഗോരിതം ഉപയോഗിച്ച് നീളൻ ഫുട്ടേജുകളിൽ നിന്ന് ഒരുപോലെയുള്ള ഷോട്ടുകളെ കണ്ടെത്തനും എഡിറ്റ് ചെയ്യാനും AI സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. അൺറീയൽ എൻജിൻ ഡീപ് ഫെയ്ക്/ഫേസ് മോർഫ് ,മോഷൻ/പെർഫോമൻസ് ക്യാപ്ച്ചർ,ഡി ഏജിങ് തുടങ്ങി പോസ്റ്റ് പ്രൊഡക്ഷനിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാവുന്ന ധാരാളം ടൂളുകൾ ഇന്ന് പ്രചാരത്തിലുണ്ട് . എഡിറ്റിംഗും, വിഷ്വൽ എഫ്ഫക്ട്സും, കളർ ഗ്രേഡിംഗും ഡബ്ബിംഗും, മ്യൂസിക്കും,പശ്ചാത്തലശബ്ദങ്ങളും ഇവയുടെ മിക്സിങ്ങുമൊക്കെ ഉൾപ്പെടുന്ന സങ്കീർണ്ണമായ പോസ്റ്റ് പ്രൊഡക്ഷൻ പ്രക്രിയകളുടെ വേഗതയും കൃത്യതയും, കാര്യക്ഷമതയും പതിന്മടങ്ങാക്കാൻ നിർമ്മിതബുദ്ധിക്ക് സാധിക്കുന്നു .
ചിത്രീകരണം കഴിഞ്ഞു പ്രദര്ശത്തിന് തയ്യാറാവുന്ന സിനിമക്കായി ഡിജിറ്റൽ അപ്ലോഡിനും, തീയറ്ററുകൾ ചാർട്ട് ചെയ്യാനും OTT റിലീസിലുമൊക്കെ AI സാന്നിധ്യം പ്രയോജനപ്പെടുത്താം.മുൻപ് സൂചിപ്പിച്ച ഡാറ്റ വിശകലനത്തിലൂടെ പ്രചരണപരിപാടികളും എന്തിന് റിലീസ് തീയതി പോലും തീരുമാനിക്കാം.ഒരു കാലത്ത് ചീട്ടു ജ്യോൽസ്യന്മാരും മറ്റും പ്രവചിച്ചിരുന്ന സിനിമയുടെ ഭൂതവും ഭാവിയും വർത്തമാനവും ഇനി എ ഐ പ്രവചിക്കും!
സിനിമ വ്യവസായത്തിലും എ ഐ യുടെ വരവ് ഒരു വിപ്ലവമാകും എന്നുറപ്പിക്കുമ്പോഴും ചർച്ച ചെയ്യപ്പെടേണ്ട ചില ആശങ്കകൾ കൂടെയുണ്ട് . ഹോളിവുഡിൽ ഉൾപ്പെടെ പ്രതിഷേധാഗ്നി ആളിക്കത്തിച്ച് തൊഴിൽ നഷ്ടപ്പെടൽ തന്നെയാണ് അതിൽ പ്രധാനം. എഐ കൂടുതൽ ജോലികൾ ഏറ്റെടുക്കുമ്പോൾ, ധാരാളം പേർക്ക് ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.ഓരോ വ്യവസായ വിപ്ലവത്തിന്റെയും കാലഘട്ടങ്ങൾ കടന്നു വന്നത് പോലെ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ തയ്യാറാകണം മറ്റൊന്ന് ,എഐയുടെ സൃഷ്ടിപരമായ പരിമിതികൾ സിനിമയുടെ
കലാപരമായ മൂല്യങ്ങളെയും മാനുഷികവികാരങ്ങളെയും അവഗണിക്കുമ്പോൾ അത് ചലച്ചിത്ര ആസ്വാദനത്തിന്റെ നിലവാരത്തെ ബാധിക്കും. ഇതിനൊക്കെയൊപ്പം എഐ സൃഷ്ടിക്കുന്ന ഉള്ളടക്കത്തിന്റെ ആവർത്തന സ്വഭാവത്തെക്കുറിച്ചും ബൗദ്ധികവും നിയമപരവുമായ അവകാശങ്ങളെക്കുറിച്ചും കൂടുതൽ വ്യക്തത വരേണ്ടതുണ്ട് .സമസ്ത മേഖലകളിലും വരവറിയിച്ചും വെട്ടിപ്പിടിച്ചും വാഴാൻ തയ്യാറെടുക്കുമ്പോഴും മനുഷ്യന്റെ വികാരവും വിവേകവും നിർമ്മിതബുദ്ധിക്ക് കീഴടങ്ങാതെ നിൽക്കും എന്ന് പ്രത്യാശിക്കാം.
ശ്രീനാഥ് വി.നാഥ്
കോൾഡ് കേസ് എന്ന സിനിമയുടെ എഴുത്തുകാരനാണ് ലേഖകൻ