top of page

പി ഭാസ്കരന്റെ സർഗാത്മക രചനകളിലെ രൂപാന്തരീകരണം: വൃക്ഷവലയ സിദ്ധാന്തത്തെ അടിസ്ഥാനമാക്കി ഒരു പഠനം

അന്ന മരിയ ജോസഫ്

ആമുഖം

അതിസൂക്ഷ്മമായ പുനരാഖ്യാനങ്ങളിൽ നിന്നാണ് വിഭിന്നമായ വൈജ്ഞാനിക മേഖലകളെ കണ്ടെത്താൻ സാധിക്കുന്നത്. ഇതിലൂടെ സാഹിത്യത്തിന്റെ നൂതനമായ അനേകം സാധ്യതകളെ വീക്ഷിക്കാൻ കഴിയും. മലയാള സാഹിതീയ വിജ്ഞാനശാഖ വികാസം പ്രാപിക്കുന്നത് ഇത്തരം പ്രവണതകളിലൂടെയാണ്. സാഹിത്യം കേവലമായ പ്രതിനിധാനം മാത്രമല്ല സൃഷ്ടിക്കുന്നത്,  അത് ഒരു കാലഘട്ടത്തിന്റെ സാംസ്കാരികവും വൈജ്ഞാനികവും വ്യക്ത്യധിഷ്ഠിതവും പരിവർത്തനോന്മുഖവുമായ അനേകം ഘടകങ്ങളെക്കൂടി സംവേദനം ചെയ്യുന്നു.

സാഹിത്യം ഒരു അന്തർവൈജ്ഞാനിക (Interdisciplinary) പഠനമേഖലയാണ്. ഈ പഠനമേഖലയുടെ സാധ്യതകളെ പി. ഭാസ്കരന്റെ സർഗാത്മകപ്രപഞ്ചം എപ്രകാരം അടയാള പ്പെടുത്തുന്നുവെന്നുള്ള അന്വേഷണമാണ് ഈ പ്രബന്ധത്തിൽ നടത്തുന്നത്.  പി. ഭാസ്കരന്റെ സർഗ്ഗ പ്രപഞ്ചത്തെ സമഗ്രമായി വിശകലനം ചെയ്യുന്നതിനായി വ്യത്യസ്തമായ മൂന്ന് ആശയധാരകളെ ഈ പ്രബന്ധത്തിൽ ഉപയോഗിക്കുന്നു. നാഡീശാസ്ത്രവിജ്ഞാനീയത്തിന്റെ അടിസ്ഥാനത്തിൽ വ്യക്ത്യധിഷ്ഠിത ശൈലി രൂപപ്പെടുന്നതിന് പിന്നിലെ പരികല്പനകളെയാണ്  ആദ്യഭാഗത്ത് വിശകലനം ചെയ്യുന്നത്.  തുടർന്ന് ശൈലി എന്ന പരികല്പന രൂപപ്പെടുന്നതിന് പിന്നിലെ സാമൂഹികവും രാഷ്ട്രീയവുമായ ഘടകങ്ങളെ പീറ്റർ വോലബ (Peter Wolheben) ന്റെ വൃക്ഷവയല സിദ്ധാന്ത (Wood web Theory) ത്തെ മുൻനിർത്തി അവതരിപ്പിക്കുന്നു. അവസാന ഭാഗത്ത് വൃക്ഷ വലയത്തിന്റെ മാതൃകയിൽ ഒരു വ്യകതിയിൽ രൂപപ്പെട്ട സാമൂഹികവും രാഷ്ട്രീയവുമായ അവബോധം എങ്ങനെ അയാളുടെ സർഗ്ഗപ്രപഞ്ചത്തെ രൂപാന്തരപ്പെടുത്തുന്നുവെന്ന് കാഫ്കയുടെ രൂപാന്തരീകരണ സിദ്ധാന്ത (Metamorphosis) ത്തെ മുൻനിർത്തി അവതരിപ്പുക്കുന്നു.

പി ഭാസ്കരന്റെ സർഗ്ഗനിർമ്മിതി: സൈദ്ധാന്തിക വിശകലനം

നാഡീശാസ്ത്രവിജ്ഞാനീയത്തിന്റെ പശ്ചാത്തലത്തിൽ പരിശോധിക്കുമ്പോൾ, ഒരു വ്യക്തിയുടെ ബോധ അബോധ നിർമ്മിതിയിൽ ഒരുപാട് ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് കാണാൻ സാധിക്കും.  ഒരു വ്യക്തി ഏതൊരു രചനയിൽ ഏർപ്പെടുമ്പോഴും വ്യക്തിഗതമായ  ശൈലിയുടെ സ്വാധീനത അതിൽ ഉൾച്ചേർന്നിരിക്കും. എഴുത്ത് എന്ന പ്രക്രിയ അനേകം മാനങ്ങളിൽ വൈയക്തികമായ ഘടകങ്ങളെ പ്രതിനിധീകരിക്കുന്നുണ്ട്. വ്യക്തിസത്തയുടെ വിഭിന്നമായ തലങ്ങൾ അതിൽ ഉൾക്കൊള്ളുന്നുമുണ്ട്.  ഒരു വ്യക്തിയുടെ അബോധമനസ്സിൽ ഉൾച്ചേർന്നിരിക്കുന്ന അനേകം ബോധ്യങ്ങൾ അയാളിൽ പ്രകടമായി പ്രതിഫലിക്കുന്നു. 1998-ൽ പുറത്തിറങ്ങിയ പീറ്റർ വെയിൽ സംവിധാനം ചെയ്ത അമേരിക്കൻ സൈക്കോളജിക്കൽ കോമഡി നാടക ചലച്ചിത്രമായ 'ദി ട്രൂമാൻ ഷോ’ യിലെ കേന്ദ്രകഥാപാത്രമായ ജിം കാറിയുടെ ജീവിതം ഇതിന് ഉദാഹരണമാണ്. അദ്ദേഹം ജനിക്കുന്നത് ഒരു റിയാലിറ്റി ഷോയുടെ സെറ്റിലാണ്. അയാൾ അതുമാത്രമാണ് ലോകം എന്ന് കരുതുന്നു. എന്നാൽ ലോകത്തുള്ള എല്ലാവരും ഇദ്ദേഹത്തെയാണ് കണ്ടുകൊണ്ടിരിക്കുന്നത്.  ഇത് എന്തുകൊണ്ട് ഇയാൾക്ക് മനസ്സിലാകുന്നില്ല എന്ന് റിയാലിറ്റി ഷോയുടെ ഡയറക്ടറോട് ഒരാൾ ചോദിക്കുമ്പോൾ അയാൾ നൽകുന്ന മറുപടി ഇപ്രകാരമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്, മനുഷ്യൻ യാഥാർത്ഥ്യമായി വിശ്വസിക്കുന്നു. നമ്മുടെ മസ്തിഷ്കം യാഥാർത്ഥ്യം എന്ന് വിശ്വസിപ്പിക്കുന്നതാണ് നമ്മുടെ യാഥാർത്ഥ്യം.  ഇവിടെ ഒരു വ്യക്തിയുടെ മാനസികഘടന അയാളുടെ ജീവിത പ്രവർത്തനങ്ങളെ രൂപപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കുന്നു. നാഡീശാസ്ത്ര വിജ്ഞാനീയ പഠനങ്ങളെ അടിസ്ഥാനമാക്കി ഇതിനെ വിശദീകരിക്കാം.

ഡേവിഡ് ഈഗിൾമാനീയ മനുഷ്യമസ്തിഷ്കം എന്ന പുസ്തകത്തിൽ അദ്ദേഹം പരിചയപ്പെട്ട  ബ്ലോസി എന്ന പെൺകുട്ടിയുടെ ഇന്ദ്രിയ അനുഭവത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. അക്ഷരമാലയിലെ അക്ഷരങ്ങൾ നോക്കുമ്പോൾ നിറങ്ങളുടെ ആന്തരിക അനുഭവം ഉണ്ടാകുന്നതായി അവൾ പറയുന്നു. ഇതിനു കാരണം സിനസ്തേഷ്യ എന്ന ദൃശ്യ അനുഭവമാണ്. പലവിധത്തിൽ ഇത് പ്രകടമാകാറുണ്ട് ചിലർക്ക് വാക്കുകൾക്ക് രുചിതോന്നുക മറ്റുചിലർക്ക് ശബ്ദങ്ങൾ നിറങ്ങളായി കാണുക തുടങ്ങിയവ ഇതിൽപ്പെടുന്നു. യാഥാർത്ഥ്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ആന്തരിക അനുഭവം ഓരോവ്യക്തിക്കും തികച്ചും വ്യത്യസ്തമായിരിക്കുമെന്നും ഓരോരുത്തരുടെയും ഇന്ദ്രിയ അനുഭവങ്ങൾ പലവിധത്തിൽ ആയിരി ക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു (രാമചന്ദ്രൻ,2016:471). അതിനാൽ തന്നെ സാഹിത്യത്തിൽ എഴുത്ത് രൂപപ്പെടുത്തുന്ന വൈയക്തികമായ മനോഘടനയിൽ  സങ്കല്പനത്തിന്റെയോ ശരി തെറ്റുകളു ടെയോ രൂപീകരണം അനേകം വ്യക്തി യാഥാർത്ഥ്യങ്ങളെ ആശ്രയിച്ച് ആയിരിക്കും. ഇങ്ങനെ ഒരു വ്യക്തിയുടെ ബോധ അബോധങ്ങളിൽ രൂപപ്പെടുന്ന ധാരണകൾ എഴുത്തിലും പ്രതിഫലിക്കും.

സാഹിത്യത്തിൽ ഭാഷ ഉപയോഗിക്കുന്നതിൽ വിശേഷമായി ഉൾച്ചേർന്നിരിക്കുന്ന സവിശേഷതയാണ് ശൈലി (Style). ഇത് വ്യക്ത്യധിഷ്ഠിതമാണ്. അതിനാലാണ് കാർഡിനൽ ന്യൂമാൻ ഇപ്രകാരം പറയുന്നത്. ‘വ്യക്തിസ്വഭാവാനുസൃതമായ  ഭാഷാവിനിയോഗമാണു സാഹിത്യം. ഒരാൾ ഉപയോഗിക്കുന്നതിൽ നിന്ന് ഭിന്നമായ രീതിയിലാണ് മറ്റൊരാൾ ഭാഷ ഉപയോഗിക്കുന്നത്. അയാളുടെ ചിന്തയും വികാരവും, അതുകൊണ്ടുതന്നെ അയാളുടെ ഭാഷയും വ്യക്തിത്വനിഷ്ഠമാകുന്നു'. (ഉദ്ധ.എം അച്യുതൻ,1983:56) ശൈലിയെ നിർണയിക്കുന്ന മറ്റൊരു ഘടകം കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ സ്വഭാവവും അവ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നുള്ളതുമാണ്. ഇത് രണ്ടുതരത്തിൽ വിശകലനം ചെയ്യാം. ഒന്ന്, എഴുതുന്ന വ്യക്തിയുടെ മസ്തിഷ്കം നൽകുന്ന യുക്ത്യധിഷ്ഠിതമായ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലുള്ള വിശകലനമാണ്. ഇവിടെ പ്രവൃത്തിക്കുന്നത് മസ്തിഷ്ക്കത്തിന്റെ പ്രീ ഫ്രണ്ടൽ കോർട്ടക്സാണ് (pre frontal cortex)1. ഇത്തരം സമീപനത്തിൽ ഒരു രചന നിർവഹിക്കുമ്പോൾ പൂർവ്വമാതൃകകളെ പരിശോധിക്കുകയും അതിനുപൂരകമായി തന്നെ ആശയം രൂപപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നു. രണ്ട്, തന്റെ അനുഭവങ്ങളുടെ സഞ്ചയത്തെ വൈകാരികമായി കാണുകയും അവയെ മൗലികമായ തനതുരൂപത്തിൽ ആവിഷ്കരിക്കുകയും ചെയ്യാനുള്ള ശ്രമമാണ്. ഇവിടെ മുന്നിട്ടു നിൽക്കുന്നത് മസ്തിഷ്ക്കത്തിന്റെ ലിംബിക്ക് സിസ്റ്റം (lymbic system)2 ആണ്. വ്യക്തിസത്തയെ കൂടുതലായി കാണിക്കുന്നത് ഇത്തരം രചനയിൽ ആയിരിക്കും. അതിനാൽ വായനയുടെ തലത്തിലേക്ക് കടക്കുമ്പോൾ മൗലികമായി മുന്നിട്ടു നിൽക്കുന്നത് ഇത്തരം സർഗ്ഗരചനകൾ ആയിരിക്കും. ഇങ്ങനെ നോക്കുകയാണെങ്കിൽ ഒരു വ്യക്തിയുടെ സർഗ്ഗ പരിസരം രൂപപ്പെട്ടുത്തുന്നത് വിഭിന്നമായ സാഹചര്യങ്ങളുടെയും വ്യക്തിഗതമായ ഉൾച്ചേർക്കലുകളിലൂടെയുമാണ് എന്ന് മനസ്സിലാക്കാം.

സാഹിത്യ നിർമ്മിതിയും വൃക്ഷവലയ സിദ്ധാന്തവും

അനുഭവങ്ങളെ രൂപപ്പെടുത്തുന്ന സാമൂഹിക സാംസ്കാരികഘടകങ്ങൾ ഒരു കൃതിയുടെ കാലാതീതമായ വായനയെ ത്വരിതപ്പെടുത്തുന്നുണ്ട്. 2015ൽ പുറത്തിറങ്ങിയ പീറ്റർ വോലബന്റെ  വൃക്ഷങ്ങളുടെ രഹസ്യ ജീവിതം (The Hidden Life of Trees) എന്ന കൃതിയിൽ വൃക്ഷങ്ങളിൽ നടക്കുന്ന ആശയസംവേദനത്തിന്റെ ആന്തരിക തലങ്ങളെ വിശദീകരിക്കുന്നുണ്ട്. ആഫ്രിക്കയിലെ സാവന്നയിലുള്ള അക്വേഷൻ മരങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ നിരവധി പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ വൃക്ഷങ്ങളിൽ ആശയസംവേദനം നടക്കുന്നത് വേരുകളിലൂടെയാണെന്ന് ജർമ്മൻകാരനായ ഈ പരിസ്ഥിതിശാസ്ത്രജ്ഞൻ കണ്ടെത്തുകയുണ്ടായി. അക്വേഷൻ മരങ്ങൾ, ജിറാഫുകളെ തങ്ങളുടെ ഇലകൾ നശിപ്പിക്കുന്നതിൽനിന്ന് പ്രതിരോധിക്കുന്നതിനായി ഒരു വിഷവാതകം പുറന്തള്ളുകയും അവ തങ്ങളുടെ വേരുകൾ ബന്ധപ്പെട്ട് കിടക്കുന്ന വൃക്ഷങ്ങളിലേക്കും സമാനമായ സൂചനകൾ നൽകുകയും ചെയ്യുന്നതായി പീറ്റർ കണ്ടെത്തി3.

വൃക്ഷവലയ സിദ്ധാന്തത്തിന്റെ4 (wood wide web) പ്രധാനഘടകമായി പീറ്റർ ചൂണ്ടി ക്കാണിക്കുന്നത് പരസ്പരബന്ധിതമായ വേരുകളിലൂടെയുള്ള ആശയസംവേദനമാണ്. സർഗാത്മക വിനിമയ മാധ്യമം എന്ന രീതിയിൽ സാഹിത്യകൃതികളെ വിശകലനം ചെയ്യുമ്പോൾ അവ സംവേദനക്ഷമമാകുന്നത് ദൃഢമായ സാമൂഹികവും സാംസ്കാരികവും വ്യക്തിഗതവും ആയ അനുഭവത്തിന്റെ വേരുകളിലൂടെയാണ്. വ്യക്തി ശൈലി രൂപപ്പെടുന്നത് വ്യത്യസ്ത ഘട്ടങ്ങളിലൂടെയാണ്. അതിൽ പ്രധാനം വ്യക്തിപരമായും സാമൂഹ്യപരമായും ആർജിച്ചെടുക്കുന്ന അറിവാണ്. ഇവ ഒരു വ്യക്തിയെ ആശയപരമായി നവീകരിക്കുന്നതായി കാണാം. ഈ രൂപാന്തരീകരണം പി. ഭാസ്കരനിലും കാണാൻ സാധിക്കും. സമൂഹത്തിന്റെ വേരുകളിൽനിന്ന് സ്വീകരിച്ച ആശയ മാതൃകയും പ്രത്യയശാസ്ത്രബോധവും പി ഭാസ്കരന്റെ സർഗ്ഗ പ്രപഞ്ചത്തെ രൂപപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ രചനകൾ വ്യക്തമാക്കുന്നു.

 

 

സർഗ്ഗനിർമ്മിതിയിലെ രൂപാന്തരീകരണം ( Metamorphosis)

1915-ൽ പ്രസിദ്ധീകരിച്ച ഫ്രാൻസ് കാഫ്ക്കയുടെ നോവലാണ് 'ദി മെറ്റാമോർഫോസിസ്'’5 (The Metamorphosis). ഇതിലെ കേന്ദ്രകഥാപാത്രമായ ഗ്രിഗർ സാംസെ ഒരു പ്രഭാതത്തിൽ പ്രാണിയായി രൂപാന്തരം പ്രാപിക്കുന്നുന്നതാണ് ഇതിലെ ഇതിവൃത്തം. രൂപാന്തരീകരണതത്ത്വം മുന്നോട്ടുവയ്ക്കുന്ന പ്രധാനപ്പെട്ട ആശയം മാനസികമായ പരിവർത്തനമാണ്. കാഴ്ചകൾക്കും കാഴ്ചപ്പാടുകൾക്കും ഉണ്ടാകുന്ന മാറ്റവും ചിന്തയിലും അനുഭൂതിയിലും കടന്നുവന്ന മാറ്റവും കാലത്തിനനുസൃതമായി എഴുത്തിനെ രൂപപ്പെടുത്തുന്നതായി കാണാൻ സാധിക്കുന്നു. ഇത്തരം മാറ്റം സാഹിതീയ ചിന്തകളിൽ വലിയ പരിവർത്തനങ്ങൾക്ക് കാരണമാകുന്നു.

സാഹിത്യം എന്ന മാധ്യമത്തിലൂടെ അനുഭവങ്ങളുടെ മെറ്റാമോർഫോസിസ് സാധ്യമാ കുന്നതിനുള്ള കാരണം വ്വ്യക്ത്യനുഭവങ്ങളെ പുനരുൽപ്പാദിപ്പിക്കാനും യഥാർത്ഥ്യബോധത്തെ പുനർ നിർമ്മിക്കാനും സാഹിത്യത്തിന് സാധിക്കുന്നുവെന്നുള്ളതുകൊണ്ടാണ്. ഇന്ദ്രിയ അനുഭൂതികളെയും വൈയക്തിക യാഥാർത്ഥ്യങ്ങളെയും സാമൂഹിക സാംസ്കാരികഘടകങ്ങളെയും ഭാഷ എന്ന മാധ്യമത്തിലൂടെ രൂപാന്തരപ്പെടുത്തുകയാണ് യഥാർത്ഥത്തിൽ എഴുത്ത് എന്ന പ്രക്രിയ ചെയ്യുന്നത്. അതിനാൽ സാഹിത്യാസ്വാദനം  വ്യക്തികളെ രൂപാന്തരപ്പെടുത്തുന്നതിന് കാരണമാകുന്നു.

പി. ഭാസ്കരന്റെ സർഗ്ഗനിർമ്മിതയെ വിഭിന്നമായ ഈ സൈദ്ധാന്തിക പരിസരങ്ങളെ അടിസ്ഥാ നമാക്കി വിശകലനം ചെയ്യുകയാണ് ഈ പ്രബന്ധത്തിൽ ചെയ്യുന്നത്. വ്യത്യസ്തമെന്ന് തോന്നാവുന്ന, എന്നാൽ പരസ്പരബന്ധിതമായ മൂന്നു ആശയധാരകളിൽ നിന്നുകൊണ്ടാണ് പി. ഭാസ്കരന്റെ സർഗ്ഗപ്രപഞ്ചത്തെ ഇവിടെ അന്വേഷണ വിധേയമാക്കുന്നത്. ഇതിനായി പ്രാഥമികമായി അതിന്റെ സൈദ്ധാന്തിക പരിസരങ്ങളെ വിശകലനം ചെയ്യുകയാണ് ഈ ഭാഗത്ത് ചെയ്തിരിക്കുന്നത്.

 പി. ഭാസ്ക്കരന്റെ സർഗ്ഗാത്മകതയിലെ ശൈലി (style): ഒരു മനോവിശകലനം

പി. ഭാസ്കരന്റെ (1924-2007) സർഗ്ഗസാഹിത്യം സവിശേഷമായും ഒരു കാലഘട്ടത്തിന്റെ പ്രതിനിധാനമാണ്. കവി, ഗാനരചയ്താവ്, സംവിധായകൻ, നടൻ മുതലായ മേഖലകളിൽ അദ്ദേഹത്തിന്റെ സർഗ്ഗപ്രതിഭ വെളിവാക്കപ്പെട്ടിട്ടുണ്ട്. 1949-ൽ 'അപൂർവ സഹോദരർകൾ' എന്ന തമിഴ് ചിത്രത്തിൽ ഒരു ബഹുഭാഷാ ഗാനത്തിലെ ഏതാനും വരികളായിരുന്നു അദ്ദേഹം ആദ്യമായി എഴുതിയത്.  പി. ഭാസ്കരന്റെ സർഗ്ഗസൃഷ്ടികളെ വീക്ഷിക്കുമ്പോൾ സാമൂഹികവും വൈയക്തികവുമായ അനുഭവപരിസരങ്ങൾ അവയിൽ കാണപ്പെടുന്നു. ഒരു വ്യക്തിയുടെ ബോധ അബോധ മനസ്സിൽ ഉൾച്ചേർന്നിരിക്കുന്ന അനേകം ഘടകങ്ങൾ അയാളുടെ സർഗാത്മക സൃഷ്ടിയിൽ പ്രതിഫലിക്കും. പി. ഭാസ്കരന്റെ എന്റെ തൂലിക (1944), കവിയുടെ ആത്മകഥ (1945) എന്നീ കവിതകളെ വിലയിരുത്തു മ്പോൾ അതിലെ ഭാഷ കാല്പനികമാണെന്ന് മനസ്സിലാക്കാം. വില്ലാളി (1945), വയലാർ ഗർജിക്കുന്നു (1946) എന്നീ കൃതികളിലേക്ക് വരുമ്പോൾ അതിലെ ഭാഷ വിപ്ലവാഭിമുഖ്യം പുലർത്തുന്നുവെന്നും കാണാം. ഇങ്ങനെ പ്രത്യക്ഷമായും പരോക്ഷമായും അദ്ദേഹത്തിന്റെ രചനകളിൽ ഇത്തരം മാറ്റങ്ങൾ കാണാൻ സാധിക്കും.

ഒരു രചനയുടെ നിർമ്മാണ പ്രക്രിയയിൽ പി. ഭാസ്കരൻ അതിസൂക്ഷ്മമായാണ് പദങ്ങളെ സ്വീക രിക്കുന്നത്. ‘ഗാനരചന’ (1993) എന്ന അദ്ദേഹത്തിന്റെ കവിതയിൽ ആ പ്രക്രിയ വിവരിക്കുന്നുണ്ട്.

"വാചകങ്ങൾ നുറുക്കി തൻ

മസ്‌തിഷ്‌ക- പാചകത്തിന്നടുപ്പത്തു

വെച്ചിട്ടും സ്വാദുപോരെന്ന ഖേദത്തി

നാലാത്മ- സ്വേദമാർന്നകക്കാമ്പിലുരുകവേ "

                                                                                               (ഭാസ്ക്കരൻ,2021:248)

മസ്തിഷ്കത്തിന്റെ സൂക്ഷ്മമായ പ്രതികരണങ്ങൾക്ക് ശേഷം മാത്രമാണ് താൻ ഓരോ വാക്കുകളും ഉപയോഗിക്കുന്നതെന്ന് പി. ഭാസ്കരൻ വീണ്ടും ഓർമ്മിക്കുകയാണ് ഇവിടെ ചെയ്യുന്നത്. അദ്ദേഹത്തിന്റെ കാവ്യനിർമ്മാണത്തിൽ പൂർവ്വ അനുഭവങ്ങളുടെ ജീവിതവീക്ഷണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കാണാൻ സാധിക്കും. ഒരു വാക്കിന്റെ തിരഞ്ഞെടുപ്പിൽ പോലും ഒരു വ്യക്തിയുടെ ബോധ-അബോധ തലങ്ങൾ രൂപപ്പെട്ടുവന്ന പ്രത്യയശാസ്ത്രവുമായി അഭേദ്യമായ ബന്ധം ഉള്ളതായി കാണാം.

പി ഭാസ്കരന്റെ ‘ദുഃഖത്തിന്റെ നിറം’ (1994) എന്ന കവിതയിൽ കവി ദുഃഖത്തിന്റെ നിറ ത്തെക്കുറിച്ച് ചോദിക്കുന്നുണ്ട്. ദുഃഖത്തിന്റെ നിറം കറുപ്പാണെന്ന് ഭൂരിപക്ഷവാദത്തെ എതിർത്തുകൊണ്ട് കവി നടത്തുന്ന പ്രസ്താവന അദ്ദേഹത്തിന്റെ അബോധ പ്രത്യയശാസ്ത്രത്തെയാണ് പ്രതിഫലിക്കുന്നത്. കറുപ്പിന്റെ ആദർശത്തെ ഇവിടെ കവി തിരുത്തുന്നുണ്ട്. സുന്ദരീമണികൾ തൻ കൺകളിൽ തെളിയുന്ന സുറുമതൻ നിറമാണ് കവിക്ക് കറുപ്പ്  (ഭാസ്ക്കരൻ,2021:255).

"കറുപ്പെന്നാരു ചൊല്ലീ കദനത്തിന്റെ വർണ്ണം?

നിറമേയില്ലാത്തൊരു നിർഗുണ സത്വം ദുഃഖം!

മണവും സ്വാദും നിറഭേദവും കാട്ടാതതു

മരണംപോലെ മർത്ത്യചിത്തത്തെ ഗ്രസിക്കുന്നു!"

                                                                                     (ഭാസ്ക്കരൻ,2021:255)

പി. ഭാസ്കരൻ രൂപപ്പെടുത്തിയ ജീവിത വീക്ഷണവും കാഴ്ചപ്പാടുമാണ് ഇത്തരം ശൈലികളിലൂടെ വ്യക്തമാകുന്നത്. കറുപ്പ് എന്ന നിറത്തിന്റെ സാമാന്യമായ പ്രത്യക്ഷവത്കരണത്തിൽ നിന്ന് വിഭിന്നമായി കവി ആ നിറത്തെ അവതരിപ്പിക്കുന്നത് സൂക്ഷമമായ അർത്ഥതലങ്ങളിൽ അദ്ദേഹത്തിന്റെ ആന്തരിക ഘടനയാണ് വിശദീകരിക്കുന്നത്. ഇങ്ങനെ നോക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ രചനകളും അനുഭവപരിസരങ്ങളും പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്നതായി കാണാൻ സാധിക്കും.

    ‘കവിയുടെ ആത്മകഥ’ (1945) എന്ന കൃതിയിൽ ഭാസ്കരന്റെ ശൈലി നിർമ്മിതമായ ദർശനം കാണാവുന്നതാണ്.

"ജീവിതമിതിവൃത്തം,

ജീവരക്തംതാൻ മഷി,

ഭാവിയെ രചിക്കുന്ന

കാവ്യംതാൻ മഹാകാവ്യം!"

                                                                                                       (ഭാസ്ക്കരൻ,2021:22)

വ്യക്തിഗതമായ ശൈലിയുടെ രൂപപ്പെടൽ എഴുത്തുകാരിൽ സ്വതസിദ്ധമാണ്. എഴുതുന്ന വ്യക്തിയുടെ മസ്തിഷ്കം നൽകുന്ന യുക്തി അധിഷ്ഠിതമായ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ, ശൈലീപരമായ ഘടനയെ രൂപപ്പെടുത്തുന്നതാണ് വ്യക്തി ശൈലിയുടെ ഒന്നാമത്തെ തലം. ഈ തലത്തിൽ പൂർവ്വ മാതൃകകളെ പരിശോധിക്കുകയും അതിനുപൂരകമായിതന്നെ ആശയം രൂപപ്പെടുത്തുകയും ചെയ്യുന്നു. പി. ഭാസ്കരന്റെ കവിതകളെ പഠനവിധേയമാക്കുമ്പോൾ പൂർവ്വമാതൃകകളോടുള്ള സാദൃശ്യം കാണാ വുന്നതാണ്. നാഡീശാസ്ത്രത്തെ അധികരിച്ച് പറയുകയാണെങ്കിൽ യുക്തി അധിഷ്ഠിതമായ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ് ഇവ രൂപപ്പെടുന്നത്. ഭാവാത്മകമായ അനേകം പരിണാമങ്ങൾ പി ഭാസ്കരന്റെ രചനകളിൽ കാണാവുന്നതാണ്. എന്നാൽ രൂപപരമായ തലങ്ങളിൽ പ്രത്യക്ഷമായ മാറ്റം വരുന്നില്ല. ഇത് പി.ഭാസ്ക്കരന്റെ കൃതികൾക്ക് പൂർവ്വ മാതൃകകളോടുള്ള അനുരൂപണത്തെ വ്യക്തമാക്കുന്നു

"കാൽപ്പനികതയുടെ ഭാവപരിസരം പി. ഭാസ്കരനെന്ന വിപ്ലവകാരിയായ കവിയെ സ്വാധീനിച്ചില്ല. എന്നാൽ കാൽപ്പനികതയുടെ ഭാഷാസ്വരൂപം എക്കാലവും അദ്ദേഹത്തിന്റെ കവിതകളെ നിർണയിച്ചു. സോദ്ദേശ്യമായ കാവ്യനിർമാണ പദ്ധതിയിൽ നിന്ന് വൈയക്തികമായ അനുഭവപ്രപഞ്ചത്തിലേക്ക് ഭാസ്കരകവിത പരിണമിക്കുന്നതിന് പരമപ്രധാനമായ കാരണം രാഷ്ട്രീയമല്ല; കാവ്യഭാഷയിൽ അദ്ദേഹം പുലർത്തിയ കാൽപ്പനിക വിധേയത്വമാണ്." (എസ് ഗോപു,2024:72) എന്ന ഡോ. എസ് ഗോപുവിന്റെ നിരീക്ഷണം ഇതിനോട് ചേർത്ത് വായിക്കപ്പെടേണ്ടതാണ് കാവ്യാനു ഭൂതികളെ അവയുടെ മൗലികമായ തനത് രൂപത്തിൽ ആവിഷ്ക്കരിക്കുന്നത് എഴുത്തുകാരന്റെ വ്യക്തിഗതമായ ശൈലിയുടെ സ്വാധീനത്താലാണ്. 1967 ൽ എം. ടി തിരക്കഥ എഴുതിയ 'നഗരമേ നന്ദി’ എന്ന സിനിയിൽ ഗാനരചന നിർവഹിക്കുമ്പോൾ പി. ഭാസ്കരൻ താന്നിയൂർ എന്ന ദേശത്തെക്കുറിച്ച് ആ ഗാനത്തിൽ പ്രതിപാദിക്കുന്നുണ്ട്. 'താന്നിയൂരമ്പലത്തില്‍ കഴകക്കാരനെപ്പോലെ താമര മാലയുമായ് ചിങ്ങമെത്തുമ്പോള്‍' എന്ന വരികളിലെ താന്നിയൂർ എന്ന ദേശത്തെക്കുറിച്ച് കൗതുകം തോന്നിയ എം ടി, പി. ഭാസ്കരനോട് അതേക്കുറിച്ച് ചോദിക്കുന്നതായി ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെടുന്നുണ്ട്. എംടിയുടെ രചനകളിലെ താന്നിക്കുന്ന് എന്ന മിത്തിനെയും കൂടല്ലൂർ എന്ന ദേശത്തെയും ചേർത്ത് കൊണ്ട് ഭാസ്കരൻ സൃഷ്ടിച്ച സർഗ്ഗദേശമാണ്  'താന്നിയൂർ' (ആലങ്ങോട് ലീലാകൃഷ്ണൻ,00:12:55). പി. ഭാസ്കരന്റെ രചന ശൈലിയെ രൂപ പ്പെടുത്തുന്നത് ഇത്തരത്തിലുള്ള സൂക്ഷ്മമായ കൂട്ടി ചേർക്കലുകളിലൂടെയാണ്.

 

 

വ്യക്ഷവലയ സിദ്ധാന്തവും പി.ഭാസ്ക്കരന്റെ സർഗ്ഗാത്മക നിർമ്മിതിയും.

വ്യക്തി ശൈലി രൂപീകരിക്കപ്പെടുന്നത് ഒരു വ്യക്തിയുടെ അനുഭവഘടനയിൽ നിന്നും ആ വ്യക്തി നിലകൊള്ളുന്ന സാമൂഹികവലയത്തിൽ നിന്നുമാണ്. 2015-ൽ പീറ്റർ വോലബൽ അവതരിപ്പിച്ച വൃക്ഷവലയസിദ്ധാന്തം പോലെ  വ്യക്തി ശൈലിയെ രൂപീകരിക്കുന്ന പ്രക്രിയയെ കാണാവുന്നതാണ്. ഇങ്ങനെ ഒരു വ്യക്തിക്ക് വേരുകളിലൂടെ ലഭിക്കുന്ന ജ്ഞാനാർജ്ജം വ്യക്തിയുടെ സർഗ്ഗപ്രപഞ്ചത്തിൽ രൂപാന്തരീകരണം ഉണ്ടാക്കുന്നു.  വൃക്ഷങ്ങൾക്കിടയിലെ ആശയ സംവേദനമാണ് വൃക്ഷവലയ സിദ്ധാന്തത്തിലൂടെ വോലബൽ അവതരിപ്പിക്കുന്നത്. സാഹിത്യത്തിൽ ഇവയെ രണ്ടുതരത്തിൽ വിശദീകരിക്കാം. ഒന്ന് വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക് എന്ന ശ്രേണിയിൽ കൈമാറ്റം ചെയ്യപ്പെടുന്ന ആശയങ്ങൾ. മറ്റൊന്ന് സമൂഹത്തിൽ നിന്ന് വ്യക്തിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ആശയങ്ങൾ.

വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്ക്

സർഗ്ഗസൃഷ്ടിയുടെ സംവേദനവും രൂപീകരണവും വിഭിന്നമായ രീതിയിലാണ് നടക്കുക. വ്യക്തിയിൽനിന്ന് വ്യക്തിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന സർഗ്ഗസംവേദനം അക്വേഷൻ മരങ്ങളുടെ വേരുകളിൽ കെട്ടുപിണഞ്ഞുകിടക്കുന്ന സൂചകകൈമാറ്റംപോലെ തന്നെയാണ് നടക്കുന്നത്. പി. ഭാസ്കരന്റെ  സർഗ്ഗശേഷിയെ രൂപപ്പെടുത്തിയ പ്രാഥമികഘടകം അദ്ദേഹത്തിന്റെ പിതാവായ നന്തിലത്ത് പത്മനാഭമേനോനാണ്. തന്റെ ബാല്യകാലത്തെക്കുറിച്ച് പിന്നീട് ഭാസ്ക്കരൻ മാഷ് എഴുതുകയുണ്ടായി 'കുട്ടിക്കാലത്തെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നത് അച്ഛനാണ്. നന്തലത്ത് പത്മനാഭമേനോന്റെ മകനായി ജനിച്ചത് കൊണ്ടാണ് ഞാൻ പി. ഭാസ്ക്കരൻ ആയത്. പരി:സ്ഥിതിയും, പാരമ്പര്യവുമാണ് എന്നെ എഴുതാൻ പ്രേരിപ്പിച്ചത്. എന്നിലെ കവിത്വവും സംഗീതവും രാഷ്ട്രീയവുമെല്ലാം അച്ഛന്റെ സംഭാവനകളാണ് (സുകു പാൽക്കുളങ്ങര,2016:27) അക്കാലത്തെ പ്രസിദ്ധമായ പ്രസിദ്ധീ കരണങ്ങളും മാസികകളും വീട്ടിൽ വരുത്തിയിരുന്നതായി പി. ഭാസ്കരൻ പറയുന്നുണ്ട്. കൂടാതെ തന്റെ പിതാവായ പത്മനാഭമേനോൻ രണ്ടുതവണ ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയിൽ അംഗമായിരുന്നതിനാൽ എഴുത്തുകാർ പുസ്തകങ്ങൾ അദ്ദേഹത്തിന് അയച്ചു കൊടുത്തിരുന്നു. ഇവ പി. ഭാസ്ക്കരനിൽ വായനാ സംസ്കാരത്തെ രൂപപ്പെടുത്തുന്നതിന് സഹായകരമായിത്തീർന്നുവെന്ന് വ്യക്തമാണ്.

പി. ഭാസ്കരന്റെ കാവ്യനിർമ്മിതിയെ വീക്ഷിക്കുമ്പോൾ ചങ്ങമ്പുഴയുടെ സ്വാധീനം എടുത്തു പറയേണ്ടവയാണ്. 1948-ൽ പി. ഭാസ്ക്കരൻ രചിച്ച 'പാടുന്ന മൺതരികൾ' എന്ന കവിത ചങ്ങമ്പുഴയുടെ സമരണാർത്ഥമുള്ളതാണ്. പി.ഭാസ്കരൻ തന്റെ ഓർമ്മകളെ അത്രമാത്രം സൂക്ഷ്മായി അതിൽ അവതരിപ്പിക്കുന്നു. കൂടാതെ അദ്ദേഹത്തിന്റെ രചനയിൽ ചങ്ങമ്പുഴയ്ക്കുള്ള സ്ഥാനവും ഈ കവിതയിൽ വ്യക്തമാക്കുന്നുണ്ട്.

'പ്രണയഗായക, നിൻ നറും ഗാനം

നിനവിലൂടെ ഞാൻ പാടിടുന്നേരം,

ഒരു മനോഹരസ്വപ്നമായ് മാറു-

                                                   മനഘമാകുമാ പ്രേമകുടീരം'    (ഭാസ്ക്കരൻ,2021:112)

എന്ന് പാടുന്നമൺതരികളിൽ പി. ഭാസ്കരൻ ഉദ്ധരിക്കുന്നത് ഇതിനാലാണ്. ചെത്തു തൊഴിലാളി സംഘടനയുടെ സ്ഥാപക നേതാവായ ജോർജ് ചടയൻമുറിയെക്കുറിച്ച് പി. ഭാസ്കരൻ എഴുതിത് ഇപ്രകാ രമാണ്.

'ചുടുചായയിലാർത്തിപൂണ്ടവൻ

സ്ഫുടമായ് മാർക്സിസഭാഷ ചൊല്ലുവോൻ

ചടയൻ, മുറി വിട്ടുപോകണം

ചടയൻമുറി വിട്ടുപോകണം.'

                                                                                            (ഭാസ്ക്കരൻ,2021:108)

വിപ്ലവാഭിമുഖ്യത്തിന്റെയും സൂക്ഷ്മ പ്രത്യയശാസ്ത്രങ്ങളുടെയും രാഷ്ട്രീയം രൂപവൽക്കരിക്കുന്നതിന് ഇത്തരത്തിൽ വ്യക്തികളിൽനിന്ന് വ്യക്തികളിലേക്കുള്ള ഊർജ്ജ കൈമാറ്റമാണ് പി. ഭാസ്കരന്റെ സർഗാത്മകതയെ രൂപപ്പെടുത്തിയത് എന്ന് കാണാം.

സമൂഹത്തിൽ നിന്ന് വ്യക്തിയിലേക്ക്

പി ഭാസ്കരന്റെ സർഗാത്മകജീവിതത്തെ വീക്ഷിച്ചാൽ കാലഘട്ടത്തിന് അനുസൃതമായ ദിശാവ്യതിയാനം ഉണ്ടാകുന്നതായി കാണാം. കാൽപനികതയിൽ നിന്ന് വിപ്ലവാഭിമുഖ്യത്തിലേക്ക് അദ്ദേഹത്തിന്റെ എഴുത്തിനെ രൂപപ്പെടുത്തിയത് സാമൂഹികമായ ചുറ്റുപാടിനെ അദ്ദേഹം തന്റെ വേരുകളിലൂടെ സ്വീകരിച്ചതുകൊണ്ടാണ്. മലയാള ചലച്ചിത്രഗാനങ്ങളെ ജനകീയവൽക്കരിക്കുന്നതിൽ പ്രധാനപങ്കുവഹിച്ച വ്യക്തിയാണ് പി ഭാസ്കരൻ. കേരളീയ നാടോടി വഴക്കങ്ങളുടെ സാധ്യത അദ്ദേഹം തന്റെ ഗാനങ്ങളിൽ പ്രയോഗിച്ചു. 1954-ൽ പുറത്തിറങ്ങിയ ‘നീലക്കുയിൽ’ എന്ന സിനിമയിലെ ഗാനങ്ങൾ പരിശോധിച്ചാൽ അവ വ്യക്തമാണ്. മാപ്പിള സംസ്കാരത്തിന്റെയും കീഴാള സംസ്കൃതിയുടെയും സമന്വയത്തിലൂടെ സാധാരണക്കാരന്റെ സർഗാത്മക പ്രപഞ്ചമാണ് പി.ഭാസ്കരൻ സൃഷ്ടിച്ചത്. കേരളീയ സംസ്കൃതിയിലെ  ആഖ്യാനശൈലികളും ഭൂപ്രദേശങ്ങളും അദ്ദേഹത്തിന്റെ രചനകളിൽ കടന്നുവരുന്നു. 1993-ല്‍ ഭരതൻ സംവിധാനം ചെയ്ത വെങ്കലം എന്ന സിനിമയിലെ 'പത്തു വെളുപ്പിന്.....' എന്ന് ആരംഭിക്കുന്ന ഗാനത്തിൽ വള്ളുവനാട്ടിലെ നിളാതീരത്തെ പ്രദേശങ്ങളായ കിള്ളിക്കുറിശ്ശി മായന്നൂർ കാവ് എന്നിവ കടന്നുവരുന്നു. ഇത്തരത്തിൽ കേരളത്തിന്റെ സാംസ്കാരിക ഭൂമിശാസ്ത്രത്തെ നിർമ്മിക്കുന്നതിലും അവയെ ഗാനങ്ങളിലൂടെ ജനകിയമാക്കുന്നതിലും പി.ഭാസ്കരൻ പ്രധാന പങ്ക് വഹിച്ചു.   ഒരർത്ഥത്തിൽ ‘കേരളീയത’ എന്ന് ഇന്നു നാം ഗൃഹാതുരത്വത്തോടെ ഓർക്കുന്ന ആധുനികകേ രളീയതയുടെ നിർമ്മിതിയിൽ പി. ഭാസ്‌കരന്റെ കവിത എത്രമേൽ സർഗ്ഗാത്മകമായി പ്രവർത്തിച്ചിരിക്കുന്നു എന്നറിയുവാൻ ഈ കവിതകൾ ആഴത്തിൽ വായിക്കുകതന്നെ വേണം. ഒരുപക്ഷേ കേരളം പ്രളയമെടുത്തു പോയാലും ഒരു നവകേരളം സൃഷ്‌ടിച്ചെടുക്കുവാനുള്ള സാംസ്‌ കാരികശേഷിപ്പുകളിലൊന്ന് ഭാസ്കരകവിതയായിരിക്കും' (ആലങ്കോട് ലീലാകൃഷ്ണൻ,2021:9) ഇത്തരത്തിൽ വിശകലനം ചെയ്യുകയാണെങ്കിൽ സമൂഹത്തിൽനിന്ന് വ്യക്തിയിലേക്കുള്ള അനുഭവ പരിസരങ്ങളുടെ സ്വാധീനം കാണാം.

1946-ൽ നടന്ന പുന്നപ്ര-വയലാർ സമരം ഉൾക്കൊണ്ട് പി. ഭാസ്കരൻ രചിച്ച ‘വയലാർ ഗർജജിക്കുന്നു’ എന്ന കവിത സന്ധിക്കുന്നതും സാമൂഹിക അനുഭവ മാധ്യമം എന്ന ബിന്ദുവിലാണ്. ആ കവിതകളിൽ തെളിഞ്ഞുനിന്ന വിപ്ലവ വീര്യം പി. ഭാസ്കരന് ലഭിച്ചതും സാമൂഹികമായ കൈമാറ്റത്തിലൂടെ തന്നെയാണ്. നാഡീശാസ്ത്ര വിജ്ഞാനീയത്തെ അധികരിച്ച് മിറർ ന്യൂറോൺസിന്റെ6 പ്രവർത്തനം ഇതോടുകൂടെ ചേർത്ത് വായിക്കാവുന്നതാണ്. നാം ഒരു പ്രവൃത്തി ചെയ്യുമ്പോൾ സക്രിയമാക്കപ്പെടുന്ന മസ്തിഷ്ക ഭാഗങ്ങൾ ആ പ്രവൃത്തി മറ്റൊരാളിൽ കണ്ടാലും സമാനമായി സക്രിയമാക്കപ്പെടുന്നുവെന്ന് മിറർ ന്യൂറോൺസിന്റെ പ്രവർത്തനത്തെ വിശകലനം ചെയ്യുമ്പോൾ മനസ്സിലാക്കാൻ കഴിയും. കാലഘട്ടങ്ങൾക്കിപ്പുറം പി. ഭാസ്കരന്റെ സർഗാത്മക പ്രപഞ്ചത്തിന്റെ ആസ്വാദ്യത അനുവാചകരിൽ സൃഷ്ടിക്കുന്നത് ഇതിനാലാണ്. എഴുത്തുകാരന്റെയും വായനക്കാരന്റെയും ബോധ അബോധ മണ്ഡലങ്ങൾ സന്ധിക്കുന്ന ബിന്ദുവിൽ നിന്നാണ് ഇതിന്റെ സാധ്യത ഉടലെടുക്കുന്നത്.

അനുഭവങ്ങളുടെ രൂപാന്തരീകരണം (Metamorphosis) പി. ഭാസ്ക്കരന്റെ സർഗ്ഗ നിർമ്മിതിയിൽ:

പി.ഭാസ്കരന്റെ സർഗാത്മക രചനകളെ വ്യതിരിക്തമാക്കുന്ന പ്രധാന ഘടകം അതിലെ വ്യക്തിഗതമായ ശൈലി തന്നെയാണ്. വ്യക്തിഗതവും സാമൂഹികവുമായ അനേകം പ്രത്യയശാസ്ത്രം ഈ ശൈലിയുടെ രൂപീകരണത്തിന് പിന്നിലുണ്ട്. ഇതിനാലാണ് കേവലം അക്ഷരങ്ങളിൽ നിന്ന് വിഭിന്നമായ സർഗ്ഗനിർമ്മിതയിലേക്കുള്ള പരിവർത്തനം പി ഭാസ്കരന്റെ  കൃതികളിൽ സംഭവിക്കുന്നത്. ഇത് ഗ്രിഗർ സാംസയ്ക്ക് സംഭവിച്ച പരിവർത്തനം പോലെ അതിശയകരമാണ്. ഫ്രാൻസ് കാഫ്ക്ക അവതരിപ്പിച്ച മെറ്റാമോർഫോസസ് എന്ന പരികൽപ്പനയുടെ പ്രത്യക്ഷതലങ്ങൾ പി. ഭാസ്കരന്റെ രചനങ്ങളിൽ കാണാവുന്നതാണ്. 1987-ൽ  വി ആർ ഗോപിനാഥ് സംവിധാനം ചെയ്ത 'ഒരു മെയ് മാസ പുലരിയിൽ ' എന്ന ചിത്രത്തിൽ പി ഭാസ്കരൻ രചന നിർവഹിച്ച ഗാനമാണ്  'പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായി മാറി' എന്നത് സ്വപ്നാത്മകമായി ഭാഷയിലൂടെ പി ഭാസ്കരൻ നടത്തുന്ന ഈ രൂപാന്തരീകരണം കാഫ്ക്കയുടെ രൂപാന്തരീകരണ സിദ്ധാന്തത്തോടെ സമാനത പുലർത്തുന്നതാണ്. എഴുത്തിലൂടെ സംഭവിക്കുന്ന നൂതനമായ കൂട്ടിച്ചേർക്കലുകൾ ആണ് ഇതിൽ കാണുന്നത്. പി. ഭാസ്കരന്റെ സർഗ്ഗ പ്രപഞ്ചത്തെ രൂപപ്പെടുത്തിയ അനേകം ഘടകങ്ങൾ ഈ രൂപാന്തരീ കരണത്തിന് പ്രേരകം ആയിട്ടുണ്ട് എന്ന് കാണാം. സംഗീതം പി. ഭാസ്കരന് എന്നും വ്യത്യസ്തമായ അനുഭൂതിയാണ്. 1992-ൽ ഇദ്ദേഹം രചിച്ച പുതിയ ചിറകുകൾ എന്ന കവിതയിൽ ഇതിന്റെ മറ്റൊരു തലമാണ് കാണുന്നത്

‘ദിവ്യമാം സംഗീതമേ, നീയുള്ളിൽ മുളപ്പിച്ച

നവ്യമാം ചിറകിന്റെ നാകീയപ്രഭാവത്താൽ

എല്ലിന്റെയഴിക്കൂടും മാംസവൃക്ഷത്തിൻ പൊത്തും

എൻറെയുള്ളിലെക്കൊച്ചുതത്തമ്മ വെടിയുന്നു;’

                                                                                        (ഭാസ്കരൻ,2021: 224)

എഴുത്തിൽ സംഭവിക്കുന്ന രൂപാന്തരീകരണം അതിന്റെ തീവ്രതയിൽ തന്നെ ഭാസ്കരനിൽ കാണാൻ കഴിയുന്നു. ഇവയിലെല്ലാം പി. ഭാസ്കരന്റെ സർഗാത്മക നിർമ്മിതിയിലെ അനുഭവങ്ങളുടെ മെറ്റാ മോർഫോസിസാണ് കാണാൻ സാധിക്കുന്നത്. അവ അനുഭവങ്ങളെ അക്ഷരങ്ങളിലൂടെ നൂതനമായ പ്രത്യയശാസ്ത്ര പ്രതിനിധാനങ്ങൾ ആക്കുന്നു.

പി. ഭാസ്കരന്റെ സർഗാത്മക രചനകളെ വീക്ഷിക്കുമ്പോൾ, അവയിൽ നടക്കുന്ന ആശയങ്ങളുടെ രൂപാന്തരീകരണം വിഭിന്നമായ തലങ്ങളിലാണ് സംഭവിക്കുന്നത്. പൂർവ രചനകളുടെ പുനരാഖ്യാനമാ യും പുനർവിചിന്തനങ്ങളുമായി അത് മാറുന്നു. ഇതിഹാസങ്ങളും പുരാണങ്ങളും പി. ഭാസ്കരനിൽ നവീനമായ രൂപാന്തരീകരണം സൃഷ്ടിക്കുന്നു. ‘ഉത്തരമില്ലാത്ത ഒരു രാമായണം’ എന്ന അദ്ദേഹത്തിന്റെ കവിത ഇതിനുദാഹരണമാണ്. കോടതി മുറ്റത്തിന് മുന്നിൽ നിൽക്കുന്ന ജാനുവിന്റെ ജീവിതം ഈ കവിതയിൽ കടന്നുവരുന്നു. തെളിവുകൾക്ക് ബലം പോരാ എന്ന കാരണത്താൽ വിവാഹമോചനം ലഭിക്കാതെ ജാനുവിന് കോടതി മുറിയിൽ നിന്ന് നിശബ്ദയായി ഇറങ്ങേണ്ടി വരുന്നു. ജാനകി പ്രസവിച്ച ലവനും കുശനും മുറ്റത്ത് ഓടിക്കളിക്കുമ്പോൾ ജാനകിയായി സ്തംഭയായി നിൽക്കുന്നത് കവി ചിത്രീകരിക്കുന്നുണ്ട്. ഇവിടെ രാമായണത്തിന്റെ രൂപാന്തരീകരണം സംഭവിക്കുന്നത് വിഭിന്നമായ മറ്റൊരു രീതിയിലാണ്.

‘ഒരിറ്റു കണ്ണീരമ്മ പാഴ്‌മണ്ണിൽ വിതച്ചീല

കൺമിഴി രണ്ടും പൂട്ടിക്കത്തിച്ചാൾ അവൾ

തന്റെ ചിമ്മിനി വിളക്കിന്റെ നാളത്താൽ

ചെറ്റക്കുടിൽ! കത്തിയ ചാരത്തിങ്കൽ പിറ്റേന്നു

കണ്ട ലോകം ഉത്തരമില്ലാതെഴും മറ്റൊരു രാമായണം!’

                                                                                        (ഭാസ്കരൻ,2021: 224)

എഴുത്തിലൂടെ സംക്രമിക്കപ്പെട്ട മറ്റൊരു രാമായണമാണ് പി ഭാസ്കരൻ ഇതിൽ ചിത്രീകരിക്കുന്നത്. രൂപാന്തരീകരണ തത്വത്തിന്റെ (Metamorphosis) മറ്റൊരുതലം കൂടി പി. ഭാസ്കരന്റെ സർഗാത്മക നിർമ്മിതിയിൽ കാണുന്നു. ഒരു സർഗാത്മക മാധ്യമമായ നോവലിനെ സിനിമയാക്കുകയും ആ സിനിമയിലെ ഗാനത്തിലേക്ക് നോവലിന്റെയും സിനിമയുടെയും കേന്ദ്ര ആശയത്തെ അതിന്റെ പൂർണ്ണതയിൽ ഉൾക്കൊള്ളിക്കാൻ കഴിച്ചുയുകയും ചെയ്യുക എന്നതുമാണ് പി. ഭാസ്കരന്റെ സ്വാഗതമായ ആഖ്യാന ശൈലിയുടെ പ്രത്യേകത. രൂപാന്തരീകരണ തത്വത്തിന്റെ സാധ്യത ഇവിടെ കാണാവുന്നതാണ്. ത്രിതീയ തലത്തിലുള്ള രൂപാന്തരീകരണമാണ് ഇതിൽ കാണാവുന്നത്. 1954ൽ പ്രസിദ്ധീകരിക്കപ്പെട്ട ഉമ്മാച്ചു എന്ന നോവൽ സിനിമയായപ്പോൾ, ഭാസ്കരന്റെ സർഗ്ഗ പ്രതിഭ അതിനെ നാല് വരികളിൽ ഗാനരൂപത്തിൽ സംക്രമിപ്പിക്കുന്നു.

‘കൽപ്പകത്തോപ്പന്യനൊരുവനു പതിച്ചു നൽകി

നിന്റെ ഖൽബിലാറടി മണ്ണിലെന്റെ ഖബറടക്കി

                                              എന്റെ ഖബറടക്കി’     (ഭാസ്കരൻ,2021:582)

 

 അതിശക്തമായ അനുഭവഘടനയും സർഗ്ഗശേഷിയും ഉള്ള ഒരു വ്യക്തിക്ക് മാത്രമേ ഇത്തരത്തിലുള്ള ഒരു രൂപാന്തരികരണം എഴുത്തിലൂടെ പ്രതിഫലിപ്പിക്കാൻ സാധിക്കുകയുള്ളൂ. വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന നോവലിനെ  അടിസ്ഥാനമാക്കി 1964ൽ എ.വിൻസെന്റ് സംവിധാനം ചെയ്ത ‘ഭാർഗവിനിലയം’ എന്ന ചിത്രത്തിൽ പി. ഭാസ്കരൻ ഗാനനിർവഹണം നടത്തിയിരിക്കുന്നതായി കാണാം. കഥയുടെ പൂർണ്ണമായ അംശത്തെ അതിൻറെ ഗാനങ്ങളിൽ പി.ഭാസ്കരൻ സന്നിവേശിപ്പിച്ചു. 'ഏകാന്തതയുടെ അപാരതീരം' നീലവെളിച്ചത്തെയും ഭാർഗവീ നിലയത്തെയും പ്രതിനിധാനം ചെയ്യുന്ന രൂപാന്തരീകരണത്തിന്റെ മറ്റൊരു തലമാകുന്നു.

ആദിമ ഭീകര വനവീഥികളിൽ നിലാവിൽ

മുങ്ങിയ മരുഭൂമികളിൽ നൂറ്റാണ്ടുകളുടെ

ഗോപുരമണികൾ വീണു തകർന്നൊരു

തെരുവീഥികളിൽ തെരുവീഥികളിൽ ??

(ഭാസ്കരൻ,2021:747)

 

ഭാർഗ്ഗവീനിലയം എന്ന നോവലിന്റെ വിവിധ ആശയങ്ങൾ ആ വരികളിൽ കാണാവുന്നതാണ്. കഥയുടെ പ്ലോട്ടുകളിലേക്കുള്ള വിവിധ സൂചനകളാണ് അതിൽ കാണുന്നത്. ഭാർഗവീനിലയം എന്ന സങ്കൽപ്പനത്തിന്റെ രൂപീകരണത്തിൽ ഇവ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇത്തരത്തിൽ വീക്ഷിക്കുകയാണെങ്കിൽ വിഭിന്നമായ അനേകം തലങ്ങളിലൂടെ പി ഭാസ്കരന്റെ സർഗ്ഗപ്രതിഭ വികസിക്കുന്നതായി കാണാം. വ്യത്യസ്തവും ദൃഢവും സ്വത്വവും ഉള്ള ഒരു ശൈലി പി. ഭാസ്കരന്റെ സർഗ്ഗ പ്രപഞ്ചത്തെ പൂർണ്ണമായും ഉൾക്കൊള്ളുന്നു. ഇവ രൂപപ്പെടുത്തിയത് സാമൂഹികവും വൈയക്തികവുമായ ഘടകങ്ങളാണ്. ഈ ആശയ  സംവേദനത്തിലൂടെ പി ഭാസ്കരന്റെ പ്രതിഭ വികാസം പ്രാപിച്ചിരിക്കുന്നു. ഇതര വൈജ്ഞാനിക മേഖലകളിലെ വിഭിന്നമായ സൈദ്ധാന്തിക പരിസരങ്ങളിൽ നിന്ന് വിശകലനം ചെയ്യുന്ന ഈ പഠനം പി ഭാസ്കരന്റെ സർഗാത്മക പ്രപഞ്ചത്തിന്റെ പുനരാഖ്യാനം ആകുന്നു.

ഉപസംഹാരം

വിശാലമായ സാഹിതീയ ഭൂമിശാസ്ത്രമാണ് പി ഭാസ്കരന്റെ സർഗാത്മക പ്രപഞ്ചം. അദ്ദേഹത്തിന്റെ സർഗ സൃഷ്ടികൾ ഓരോന്നും വിഭിന്നമായ അനേകം ആന്തരിക തലങ്ങളെ ഉൾക്കൊള്ളുന്നു. ഭാസ്കരന്റെ സർഗാത്മക പ്രപഞ്ചത്തെ മുൻനിർത്തി വിഭിന്നമായ മൂന്നു തലങ്ങളിലാണ് ഈ പ്രബന്ധം വിശകലവിധേയമാക്കിയത്. പി. ഭാസ്കരന്റെ സർഗാത്മക നിർമ്മിതിയിലെ ശൈലി എന്ന പരികല്പനയുടെ രൂപാന്തരീകരണത്തെ കുറിച്ചാണ് ഈ പ്രബന്ധം പ്രധാനമായും വിശകലനം ചെയ്തത്. ശൈലിയെ രൂപപ്പെടുത്തുന്ന ബോധ അബോധ തലങ്ങളെ വിലയിരുത്തി  അവ എങ്ങനെ വൃക്ഷവലയ സിദ്ധാന്തവുമായി ബന്ധപ്പെട്ട് നിൽക്കുന്നു എന്ന് വ്യക്തമാക്കുകയും അവയിൽ ഉള്ള രൂപാന്തരീകരണ പ്രക്രിയ വിശദമാക്കുകയുമാണ് സൈദ്ധാന്തിക വിശകലനത്തിൽ ചെയ്തിരിക്കുന്നത്.

1924-27 വരെ നീണ്ടുനിൽക്കുന്ന  ഭാസ്കരന്റെ സർഗ്ഗാത്മക പ്രപഞ്ചത്തെ വിലയിരുത്തുമ്പോൾ തനതായ ഒരു ശൈലി ഭാസ്കരന്റെ രചനയിൽ കാണാവുന്നതാണ്. പദങ്ങളെ സ്വീകരിക്കുന്നതിനുള്ള പി ഭാസ്കരന്റെ  തിരഞ്ഞെടുപ്പ് അദ്ദേഹത്തിന്റെ അബോധ പ്രത്യാശാസ്ത്രത്തെ പ്രതിഫലിക്കുന്നുണ്ട് എന്ന് ‘ഗാനരചന’ (1993) എന്ന കവിതയെ മുൻനിർത്തി പറയാം. നൂതനമായ വീക്ഷണങ്ങൾ കൊണ്ട് തന്റേതായ ഒരു രചന ശൈലി അദ്ദേഹം രൂപപ്പെടുത്തി. ‘ദുഃഖത്തിന്റെ നിറം’ (1994) എന്ന കവിതയിൽ കറുപ്പ് എന്ന നിറത്തിന്റെ വിഭിന്നമായ അടയാളപ്പെടുത്തലാണ് നാം കാണുന്നത്. വ്യക്ത്യധിഷ്ഠിതമായ രചനാരീതി രൂപപ്പെടുന്നത് പ്രധാനമായും രണ്ട് രീതിയിലാണ്. ഒന്ന്, പൂർവ്വ മാതൃകകളെ അടിസ്ഥാനമാക്കിയും രണ്ട് വ്യക്തിഗതവും സാമൂഹികമായ അനുഭവങ്ങളെ സ്വാഗതമായ രീതിയിൽ ആവിഷ്കരിക്കുന്നതും. ഇവ രണ്ടും പി. ഭാസ്കരന്റെ കൃതികളെ വിശകലനം ചെയ്യുമ്പോൾ കണ്ടെത്താ വുന്നതാണ്. പൂർവ്വ മാതൃകകളോട് അനുരൂപമായി പി. ഭാസ്കരന്റെ രചനകൾ രൂപതലത്തിൽ സമാനത പുലർത്തുന്നതായി കാണാം. എന്നാൽ താൻ ഉൾക്കൊണ്ട ആശയ പ്രപഞ്ചത്തെ വിഭിന്നമായ ഒരു സർഗാത്മക ദേശമായി അവതരിപ്പിക്കുന്നതിനും പി. ഭാസ്ക്കരന് കഴിയുന്നു. ‘താന്നിയൂർ’ എന്ന സർഗ്ഗ ദേശനിർമ്മിതി ഇതിനുദാഹരണമാണ്.

വൃക്ഷവലയ സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തി രണ്ട് രീതിയിലാണ് ‘ശൈലി’ എന്ന പരികല്പനയെ തുടർന്ന് ഈ പ്രബന്ധ വിശകലനം ചെയ്യുന്നത്. ഒരു വ്യക്തിയിലെ ശൈലിയെ രൂപപ്പെടുത്തുന്നത് പ്രധാനമായും രണ്ട് വിധത്തിലാണ്. വ്യക്തിയിൽനിന്ന് വ്യക്തിയിലേക്കും സമൂഹ ത്തിൽനിന്ന് വ്യക്തിയിലേക്കും ഇവയുടെ രൂപാന്തരീകരണം സംഭവിക്കുന്നു ഇവയുടെ രൂപാന്തരീകരണം സംഭവിക്കുന്നു. പി. ഭാസ്കരന്റെ സർഗാത്മക പ്രപഞ്ചത്തെ വിശകലനം ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പിതാവായ നന്തിലത്ത് പത്മനാഭമേനോൻ, ചങ്ങമ്പുഴ കൃഷ്ണപിള്ള, ജോർജ് ചടയൻമുറി എന്നിവർ അദ്ദേഹത്തിന്റെ അനുഭവ പ്രപഞ്ചത്തെ നിർമ്മിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. അതോടൊപ്പം തന്നെ സാമൂഹികമായ അന്തരീക്ഷവും കേരളത്തിന്റെ ഭൂമിശാസ്ത്രവും പി. ഭാസ്കരന്റെ സർഗാത്മക നിർമിതിയുടെ ഭാഗമാണ്. ഇത്തരത്തിൽ രൂപീകരിക്കപ്പെട്ട പി. ഭാസ്കരന്റെ അനുഭവഘടനയിൽ സംഭവിക്കുന്ന രൂപാന്തരീകരണം ആണ് അദ്ദേഹത്തിന്റെ എഴുത്ത്. ഉറൂബിന്റെ ഉമ്മാച്ചു എന്ന നോവൽ സിനിമയാക്കിയപ്പോൾ അദ്ദേഹം എഴുതിയ ഗാനവും ബഷീറിന്റെ നീലവെളിച്ചം ‘ഭാർഗവീനിലയം’ ആയപ്പോൾ അദ്ദേഹം എഴുതിയ ഗാനവും അനുഭവത്തിന്റെ ഈ രൂപാന്തരീകരണ തത്വത്തെയാണ് അടയാളപ്പെടുത്തുന്നത്. മലയാള സാഹിത്യത്തെ ഇതര വൈജ്ഞാനിക മേഖലകളുമായി ബന്ധപ്പെടു ത്തിയുള്ള ഈ പഠനം അന്തർവൈജ്ഞാനിക (Interdisciplinary) സമീപനത്തിന്റെ സാധ്യതയാണ് കാണിക്കുന്നത്. വിഭിന്നമായ തലങ്ങളിൽ സാഹിത്യത്തെ വീക്ഷിക്കുന്നതിന് ഇത്തരം സമീപനം സഹായകരമാകുന്നു. മലയാളത്തിൽ പി. ഭാസ്കരന്റെ സർഗാത്മകപ്രപഞ്ചം എന്ന സാഹിത്യ വൈജ്ഞാനികശാഖയെ വ്യത്യസ്തങ്ങളായ മൂന്നു തലങ്ങളിൽ ഈ പ്രബന്ധം വിശകലനം ചെയ്യുന്നു. അത് പി ഭാസ്കരന്റെ സർഗ്ഗനിർമ്മിതിയുടെ പുനരാഖ്യാനം ആകുന്നു.

കുറിപ്പുകൾ 

1.തലച്ചോറിന്റെ മുൻവശത്ത് സ്ഥിതിചെയ്യുന്ന ഭാഗമാണ് പ്രീഫ്രോണ്ടൽ കോർട്ടെക്സ് (prefrontal cortex). തീരുമാനമെടുക്കൽ, പ്രശ്നം പരിഹരിക്കൽ, പെരുമാറ്റം നിയന്ത്രിക്കൽ തുടങ്ങിയ സുപ്രധാന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന മസ്തിഷ്ക്കത്തിന്റെ ഭാഗമാണ്.

 

2. ഓർമ്മ, വികാരങ്ങൾ, പെരുമാറ്റം എന്നിവയിൽ പ്രധാന പങ്ക് വഹിക്കുന്ന തലച്ചോറിലെ ഘടനകളുടെ ഒരു കൂട്ടമാണ് ലിംബിക് സിസ്റ്റം (Limbic system). ഇത് സന്തോഷം, ഭയം തുടങ്ങിയ വികാരങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്നു, കൂടാതെ ഓർമ്മകൾ രൂപപ്പെടുത്തുന്നതിൽ ഉൾപ്പെടുന്നു.

 

3. Trees can communicate with each other and share resources through a vast network of fungal conn ections. They warn each other about dangers, such as insect attacks, by sending out distress signals. When trees are connected in this way, they form a community that can support and protect one another (Wohlleben, 2018, pg.no 45).

 

4. Trees can exchange nutrients through their roots and communicate about threats, creating a suppo rtive community that enhances their survival (Wohlleben, 2018, pg.no 66).

 

5. 1915-ൽ പ്രസിദ്ധീകരിച്ച ഫ്രാൻസ് കാഫ്കയുടെ ഒരുനോവലാണ് ദി മെറ്റാമോർഫോസിസ്. ഗ്രിഗർ സാംസ

എന്ന വ്യക്തിയുടെ രൂപാന്തരീകരണമാണ് ഇതിൽ പ്രതിപാദിക്കുന്നത്. ജനനശേഷം  ഒരു ജീവിക്ക്  കോശവി ഭജനം വഴിയും മറ്റും ശരീരത്തിൽ സംഭവിക്കുന്ന ജൈവശാസ്ത്രമാറ്റങ്ങളെയും രൂപാന്തരീകരണം അഥവാ മെറ്റാ മോർഫോസിസ് (Metamorphosis) എന്ന് പറയുന്നു.

 

6. ഒരു പ്രവർത്തി ചെയ്യുമ്പോൾ ഉത്തേജിപ്പിക്കപ്പെടുന്ന കോശങ്ങൾ അതേ പ്രവർത്തി മറ്റൊരാളിൽ കണ്ടാലും സമാനമായി ഉത്തേജിപ്പിക്കുന്നത്  മിറർന്യൂറോൺസിന്റെ പ്രവർത്തനഫലമായാണ് എന്ന് നാഡീശാസ്ത്ര ജ്ഞനായ ഡോ. വി. എസ് രാമചന്ദ്രൻ അഭിപ്രായപ്പെടുന്നു. നമ്മിൽ തന്മയീഭാവം ( Empathy) ജനിപ്പിക്കുന്നത് ഇത്തരം നാഡീകോശങ്ങളാണ്.

 

ഗ്രന്ഥസൂചി

 

അച്യുതൻ, എം., പാശ്ചാത്യസാഹിത്യദർശനം,സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം, 1983.

 

ആലങ്കോട് ലീലാകൃഷ്ണൻ, "കവിത തിരഞ്ഞെടുപ്പ്, പഠനം",പി.ഭാസ്കരൻ കൃതികൾ കവിതകൾ ഗാന ങ്ങൾ,ഡിസി ബുക്സ്, കോട്ടയം, 2021.

 

ഉൻമേഷ് കെ.എസ്, ഒഎൻവി, വയലാർ, പി. ഭാസ്കരൻ-സാഹിത്യ ചരിത്രങ്ങളിലെ തിരസ്കൃത ഭാഷ്യങ്ങൾ, ചെങ്ങഴി മലയാളം വിഭാഗം,ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി,2024.

 

ഈഗിൾമാൻ, ഡേവിഡ്, മനുഷ്യമസ്തിഷ്കം, വിവ.അബ്ദുൽ ജലീൽ,കറണ്ട് ബുക്ക്സ്, തൃശ്ശൂർ,2022.

ഭാസ്കരൻ,പി., പി. ഭാസ്കരൻ കൃതികൾ കവിതകൾ -ഗാനങ്ങൾ,ഡിസി ബുക്സ്, കോട്ടയം, 2021.

 

ഭാസ്കരൻ, പി., നഗരപുരാവൃത്തങ്ങൾ,സാഹിത്യപ്രവർത്തക സഹകരണസംഘം,കോട്ടയം,2014.

 

രാമചന്ദ്രൻ, വി എസ്., മസ്തിഷ്കം കഥ പറയുന്നു,വിവ. രവിചന്ദ്രൻ സി., ഡിസി ബുക്സ്,കോട്ടയം, 2016.

ലീലാവതി,എം., കവിതാധ്വനി, സാഹിത്യപ്രവർത്തക സഹകരണസംഘം,കോട്ടയം,2009.

 

ലീലാവതി,എം., മലയാള കവിത സാഹിത്യ ചരിത്രം,കേരള സാഹിത്യ അക്കാദമി, തൃശൂർ,2011.

 

ഷൈമ,വി."പി ഭാസ്കരന്റെ ഗാനങ്ങളും കേരളീയ സ്വത്വബോധവും", എഡി.കുമാരൻ വയലേരി, ചലച്ചിത്ര ഗാനപഠനങ്ങൾ,സാഹിതി മലയാളവിഭാഗം കൂട്ടായ്മ‌, സംസ്കൃത സർവ്വകലാശാല പ്രാദേശിക കേന്ദ്രം, പയ്യന്നൂർ,2011.

 

സുകു പാലക്കുളങ്ങര, പി. ഭാസ്കരൻ മലയാളത്തിന്റെ നീലക്കുയിൽ,ലിപി പബ്ലിക്കേഷൻസ്, കോഴിക്കോട്,2016.

 

Wohlleben, Peter. The Hidden Life of Trees: What They Feel, How They Communicate – Discoveries from a Secret World,Greystone Books, 2016.

 

Wohlleben, Peter.The Inner Life of Animals: Love, Grief, and Compassion—Surprising Observations of a Hidden World. Greystone Books, 2017


ആനുകാലികസൂചി

ഗോപു, എസ്.,(ഡോ), പി. ഭാസ്കരന്റെ കവിതകളുടെ രൂപതലം,വിജ്ഞാനകൈരളി,56,6(ജൂൺ 2024), പു.72-74.

ശ്രീകുമാരൻ തമ്പി , ഒരു ചന്ദനത്തിൽ മണി വീണ, കൗമുദി (പി. ഭാസ്കരൻ ജന്മശതാബ്ദി പതിപ്പ്) മെയ് -ജൂൺ, 2024, പു. 9 -11.

സിദ്ദിഖ്,എം എ.(ഡോ), കാഫ്ക്കയിലുണ്ട് മനുഷ്യരുടെ വംശനാശം,മാതൃഭൂമി, 22,28 (മാർച്ച് 2020), പു.67-73


ഓൺലൈൻ റഫറൻസുകൾ

4. Kerala S Uniqueness Traditions A Study Based on the Poems of Vayalar Rama Varma O N V Kurup P Bhaskaran https://shodhganga.inflibnet.ac.in/handle/10603/175778

5. Malayalam film songs text and performance a study based on the selected songs of Vayalar Ramavarma P Bhaskaran and O N V Kurup https://shodhganga.inflibnet.ac.in/handle/10603/213792

6.The influence of marxian aesthetics in the poems of O N V, P Bhaskaran, Vayalar: Upto 1960: a study https://shodhganga.inflibnet.ac.in/handle/10603/7593

ദൃശ്യ പാഠങ്ങൾ

1. ജോൺ പോൾ, ചരിത്രം എന്നിലൂടെ പി. ഭാസ്ക്കരൻ; ഓർമ്മയനുഭവങ്ങൾ,യൂട്യൂബ്,https://youtu.be/i3-gai6w_Pg?si=CZrd_sDyRXSC5Edn, പ്രവേശിച്ചത്, 21 സെപ്റ്റംബർ, 2024.

2. ആലങ്ങോട് ലീലാകൃഷ്ണൻ, വയലാർ പി ഭാസ്കരൻ; പ്രഭാഷണം, യൂട്യൂബ്, https://youtu.be/prRbO6e-7Z8?si=1lXkToyL_RenlnMQ,പ്രവേശിച്ചത്, 19 സെപ്റ്റംബർ, 2024.

3. ശ്രീകുമാരൻ തമ്പി,'പി ഭാസ്കരന് കിട്ടാത്ത പത്മശ്രീ എനിക്കെന്തിനാ'; ശ്രീകുമാരൻ തമ്പി; സംവാദം,യൂട്യൂബ്

4. സിദ്ദിഖ് ,എം എ.(ഡോ)ശാസ്ത്രവും സാഹിത്യഭാവനവും;പ്രഭാഷണം,യൂട്യൂബ്, https://youtu.be/2 JMxje0knJQ?si=b77RcsSkIj91Fl6d, 21 സെപ്റ്റംബർ 2024.

 

അനുബന്ധം

പീറ്റർ വോലബന്റെ (Peter Wohlleben) വൃക്ഷവലയ സിദ്ധാന്ത പരികല്പനകൾ അടിസ്ഥാനപ്പെടുത്തി നിർമ്മിത ബുദ്ധി (Ai Bing Image Creator) ഉപയോഗിച്ച് രൂപപ്പെടുത്തിയ ചിത്രം.

പി. ഭാസ്കരന്റെ സർഗാത്മക പ്രപഞ്ചത്തെ നിർണയിക്കുന്ന പ്രധാന ഘടകമാണ് അദ്ദേഹത്തിന്റെ ശൈലി (Style). ഈ ശൈലി രൂപീകൃതമാകുന്നത് വ്യക്തിഗതവും (Individual) സാമൂഹികവുമായ (Social) സങ്കലനത്തി ലൂടെയാണ്. ഇവ എഴുത്തിലൂടെ രൂപാന്തരീകരണത്തിന് (Metamorphosis)വിധേയമാകുന്നു.

 

അന്ന മരിയ ജോസഫ്

ബി എഡ്

മലയാളം വകുപ്പ്

മാർ തെയോഫിലസ് ട്രെയിനിംഗ് കോളേജ്, തിരുവനന്തപുരം

പിഎച്ച് നമ്പർ: 8129830040

 

0 comments
bottom of page