'പെരുന്തച്ചൻ': തിരക്കഥയുടെ എം.ടി തച്ച്(ടച്ച്)
- GCW MALAYALAM
- Jan 14
- 4 min read
Updated: Jan 15
ഡോ. എസ്. ഗോപു

സാഹിത്യത്തിന്റെ കരുത്തും സൗന്ദര്യവും ഉൾച്ചേർന്നവയാണ് എം.ടിയുടെ തിരക്കഥകൾ. തിരക്കഥയെ സാഹിത്യരൂപമായി കാണുന്നതിനുപരിയായി, സിനിമയ്ക്ക് ഭാവനകൊണ്ടും(ദൃശ്യഭാഷയിൽ) ഭാഷകൊണ്ടും(സംഭാഷണത്തിൽ) സാഹിതീയമായ പിൻബലം നൽകുക എന്നതായിരുന്നു എം.ടിയുടെ നയം. സാഹിത്യത്തിന്റെ കൈപിടിച്ച് മലയാളസിനിമ പ്രമേയപരമായ ആഴവും പരപ്പും നേടിയ ആയിരത്തിതൊള്ളായിരത്തി അറുപതുകളിലാണ് എം.ടി 'മുറപ്പെണ്ണി'ലൂടെ(1965) തിരക്കഥാരംഗത്തേക്ക് പ്രവേശിക്കുന്നത്. അദ്ദേഹത്തിന്റെതന്നെ ‘സ്നേഹത്തിന്റെ മുഖങ്ങൾ’ എന്ന ചെറുകഥയുടെ ചലച്ചിത്രാവി ഷ്ക്കാരമായിരുന്നു അത്. തുടർന്നങ്ങോട്ട് ആ ദശകത്തിലും എഴുപതുകളിലുമായി എം.ടി എഴുതിയ തിരക്കഥകൾ സാഹിത്യത്തിന്റെ ‘ബാധ’യുള്ള ജനപ്രിയരൂപങ്ങളായിരുന്നു. എം.ടി സംവിധാനം ചെയ്ത നിർമ്മാല്യം(1973) മാത്രമാണ് ഇതിൽ നിന്ന് വേറിട്ടു നിന്നത്. എൺപതുകളിൽ കലയും ജനപ്രിയതയും സമന്വയിക്കുന്ന മധ്യവർത്തിസിനിമയുടെ പ്രയോക്താവായി മാറുന്നതോടെയാണ് തിരക്കഥയുടെ 'എം.ടി തച്ച്' രൂപപ്പെടുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ 'സ്വയംവര'ത്തോടെ ഉരുവമെടുത്ത സമാന്തരധാര മുന്നോട്ടുവെച്ച കലാസിനിമയെ സംബന്ധിക്കുന്ന സൗന്ദര്യസങ്കല്പനങ്ങളും ദർശനങ്ങളും ജനസാമാന്യത്തിൽ നിന്നകന്നു നിന്നു. കച്ചവടസിനിമയാകട്ടെ അസംബന്ധങ്ങളുടെ കൂത്തരങ്ങായി മാറി. ഈ സാഹചര്യത്തിൽ നല്ല സിനിമയുടെ വ്യാകരണത്തെ ജനപ്രിയമായി അവതരിപ്പിക്കുകയാണ് മധ്യവർത്തിസിനിമാ സംവിധായകർ ചെയ്തത്. ഭരതൻ, പത്മരാജൻ, കെ.ജി ജോർജ്, മോഹൻ, ഹരിഹരൻ, ഐ.വി ശശി, ഹരികുമാർ തുടങ്ങിയവരുടെ സിനിമകളിലൂടെ വികസിച്ച ഈ ധാരയ്ക്ക് തിരക്കഥയിലൂടെ കൂടുതൽ തെളിച്ചം നൽകാൻ എം.ടിക്ക് സാധിച്ചു. പക, പ്രണയം, പ്രതികാരം, കുറ്റാന്വേഷണം, ചരിത്രം, പുരാണം, മിത്ത് എന്നുതുടങ്ങി കച്ചവടസിനിമ നിലവാരരഹിതമായി കൈകാര്യം ചെയ്ത പ്രമേയങ്ങൾ കലാത്മകമായും ജനപ്രിയമായും ആവിഷ്ക്കരിക്കാൻ മധ്യവർത്തി സിനിമാക്കാർ ശ്രമിച്ചു. ഇതിനായി താരസാന്നിധ്യം, പാട്ടുകൾ, വൈകാരികത തുടങ്ങിയ ഘടകങ്ങളെ പ്രയോജനപ്പെടുത്തി. താരങ്ങളുടെ വിപണനമൂല്യത്തിനൊപ്പം അവരുടെ അഭിനയശേഷിയെ ഉപയോഗിച്ചു, പാട്ടുകളെ അർത്ഥവത്തായി പ്രയോഗിച്ചു, വൈകാരികതയെ ആഖ്യാനത്തിൽ ഇടകലർത്തി. ബോക്സോഫീസിൽ വൻവിജയം നേടാനും അംഗീകാരങ്ങൾ നേടാനും സാധിച്ചതോടെ മധ്യവർത്തിസിനിമ ശ്രദ്ധേയമായി. മലയാളത്തിലെ മധ്യവർത്തിസിനിമയെ നിർണ്ണയിക്കുന്നതിൽ എം.ടിയുടെ തിരക്കഥകൾ വലിയ പങ്കുവഹിച്ചു.
സംവിധാനം ചെയ്ത സിനിമകൾക്കായി എഴുതിയവ(നിർമ്മാല്യം, കടവ്, ഒരു ചെറുപുഞ്ചിരി), സ്വന്തം കൃതികൾ മറ്റൊരാൾ സംവിധാനം ചെയ്യുമ്പോൾ പ്രസ്തുത കൃതിക്ക് നൽകിയ തിരക്കഥാരൂപം(മുറപ്പെണ്ണ്, ഇരുട്ടിന്റെ ആത്മാവ്, ഓപ്പോൾ, കുട്ട്യേടത്തി, ആൾക്കൂട്ടത്തിൽ തനിയെ, ഓളവും തീരവും, എന്ന് സ്വന്തം ജാനകിക്കുട്ടിക്ക്, ദയ, തീർത്ഥാടനം), സിനിമക്കായി കണ്ടെത്തിയ പ്രമേയങ്ങളെ മുൻനിർത്തി എഴുതിയ തിരക്കഥകൾ(നഖക്ഷതങ്ങൾ, ഉയരങ്ങളിൽ, ആരണ്യകം, പഞ്ചാഗ്നി, അമൃതംഗമയ, സദയം, സുകൃതം, താഴ് വാരം), പുരാണം-ഇതിഹാസം-മിത്ത്-ചരിത്രം തുടങ്ങിയവയെ ഉപജീവിച്ച് എഴുതിയവ(ഒരു വടക്കൻവീരഗാഥ, പെരുന്തച്ചൻ, പരിണയം, വൈശാലി, പഴശ്ശിരാജ) എന്നിങ്ങനെ എം.ടിയുടെ തിരക്കഥകളെ നാലുവിഭാഗമായി തരംതിരിക്കാം. ഇക്കൂട്ടത്തിൽ അദ്ദേഹം സംവിധാനം ചെയ്യാനായി തയ്യാറാക്കിയ തിരക്കഥകളൊഴികെ ഭൂരിഭാഗവും മധ്യവർത്തിധാരയുടെ സ്വഭാവമുള്ളവയാണ്. എന്നാൽ സംവിധായകൻ എന്ന നിലയിൽ എം. ടി സമാന്തരധാരയോട് ചേർന്നാണ് നിലകൊണ്ടത്. ‘നിർമ്മാല്യം’, ‘കടവ്’, ‘ഒരു ചെറുപുഞ്ചിരി’ തുടങ്ങിയ സിനിമകൾ ഇത് സാക്ഷ്യപ്പെടുത്തുന്നു. ദൃശ്യങ്ങളെ ഗൗരവപൂർവ്വം പരിചരിക്കുന്ന, ദൃശ്യത്തെ ഭാഷയായി വികസിപ്പിക്കുന്ന, സംഭാഷണം മുതൽ സംഗീതം വരെ സമസ്ത ഘടകങ്ങളെയും അർത്ഥവത്തായി ഉപയോഗിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത സംവിധായകനായിരുന്നു എം.ടി. ഉന്നതമായ ഈ ചലച്ചിത്രബോധ്യത്തെ ജനപ്രിയമായി പുന:സംഘടിപ്പിച്ചതിലൂടെയാണ് എം. ടി എന്ന തിരക്കഥാകൃത്ത് തനത് സ്വത്വം നേടിയത്. ഐ.വി ശശി, ഭരതൻ, ഹരിഹരൻ എന്നിവർക്കു വേണ്ടി എഴുതിയ തിരക്കഥകളാണ് മലയാളസിനിമയിൽ എം.ടി എന്ന ബ്രാൻഡിനെ സൃഷ്ടിച്ചത്.
'പെരുന്തച്ചൻ'(1991) എം.ടി ശൈലിയുടെ മാതൃകയായി എല്ലാ അർത്ഥത്തിലും പരിഗണിക്കാവുന്ന തിരക്കഥയാണ്. ഭവചിത്രയുടെ ബാനറിൽ ജി. ജയകുമാർ നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് അജയനാണ്. 'പറയിപെറ്റ പന്തിരുകുല'മെന്ന പ്രഖ്യാതമായ മിത്തിലെ പെരുന്തച്ചന്റെ കഥയാണ് തിരക്കഥയുടെ ആധാരം. സന്ദർഭരൂപണത്തിലെ കൈയടക്കം, സംഭാഷണരചനയിലെ ഭാവാത്മകമായ ഒതുക്കം, ആന്തരികസംഘർഷങ്ങളുടെ വൈകാരികത നിറഞ്ഞ പാത്രസൃഷ്ടി, രാഷ്ട്രീയ ഉള്ളടക്കം എന്നീ ഘടകങ്ങളെ മുൻ നിർത്തി ‘പെരുന്തച്ചൻ’ എന്ന സിനിമയുടെ തിരക്കഥയെ പരിശോധിക്കാം.
ഒരു ഇടത്തിൽ, രണ്ടു കാലങ്ങളിൽ, രണ്ട് സന്ദർഭങ്ങളിലായാണ് എം. ടി തിരക്കഥയിലെ സംഭവങ്ങളെ പ്രധാനമായും സജ്ജീകരിച്ചിരിക്കുന്നത്. കുന്നത്തൂർ കോവിലകമാണ് ഇടം. പെരുന്തച്ചന്റെ യൗവനവും മധ്യവയസുമാണ് കാലം. വാഗീശ്വരിയായ ചിറ്റാരിക്കാവിലമ്മയുടെ ബിംബം കൊത്താൻ യൗവനത്തിൽ പെരുന്തച്ചൻ കോവിലകത്തെത്തുന്നതാണ് ഒന്നാമത്തെ സന്ദർഭം. സരസ്വതീ മണ്ഡപം പണിയാൻ മകൻ കണ്ണനോടൊപ്പം മധ്യവയസ്കനായ പെരുന്തച്ചൻ അതേ ഇടത്തിൽ എത്തുന്നതാണ് രണ്ടാമത്തെ സന്ദർഭം. ഈ രണ്ടു കാലങ്ങളെയും സന്ദർഭങ്ങളെയും ബന്ധിപ്പിക്കുന്നത് കോവിലകത്തെ സംബന്ധക്കാരനായ മാമ്പറ്റ ഉണ്ണിത്തമ്പുരാൻ എന്ന കഥാപാത്രമാണ്. രണ്ട് സന്ദർഭങ്ങളിലും സംഘർഷം രൂപപ്പെടുന്നത് ജാതിക്കതീതമായ സ്ത്രീ-പുരുഷ ബന്ധങ്ങളെ മുൻനിർത്തിയാണ്. പെരുന്തച്ചനും ഭാർഗവി തമ്പുരാട്ടിക്കും ഇടയിൽ രൂപമെടുക്കുന്ന മാനസികമായ അടുപ്പവും, കണ്ണനും കുഞ്ഞിക്കാവിനുമിടയിലുണ്ടാകുന്ന പ്രണയവും വ്യത്യസ്തമായ നിലയിൽ കഥാഗതിയെ നിർണ്ണയിക്കുന്നു. ഇതോടൊപ്പം പെരുന്തച്ചന്റെ അത്ഭുതപ്രവൃത്തികൾ(കൽവിളക്കു കെടാതെ കാറ്റ് മറയ്ക്കുന്നത്, ശകുനവും ലക്ഷണവും പറയുന്നത്, പാലത്തിലെ തുപ്പുന്ന പാവ) സമർത്ഥമായി ഇണക്കിവെച്ചിരിക്കുന്നു. പെരുന്തച്ചൻ എന്ന മിത്തിലെ പ്രധാനഘടകങ്ങളെ ചലച്ചിത്രത്തിന്റെ ആഖ്യാനത്തിന് ഉതകുന്ന നിലയിൽ കേന്ദ്രീകരിക്കാൻ ഇതുവഴി സാധിക്കുന്നുണ്ട്. സന്ദർഭരൂപണത്തിലെ ഈ കൈയടക്കം തിരക്കഥയ്ക്ക് ശില്പഭദ്രതയും ഏകാഗ്രതയും നൽകുന്നു.
എം.ടി തിരക്കഥകൾക്ക് കരുത്തും സൗന്ദര്യവും നൽകുന്ന പ്രധാനഘടകം അവയിലെ സംഭാഷണങ്ങളാണ്. പുരാണം, ചരിത്രം, മിത്ത് തുടങ്ങിയവയുടെ വ്യാഖ്യാനങ്ങൾ എന്ന നിലയിൽ എം.ടി എഴുതിയ തിരക്കഥകളിലാണ് ഇത് സവിശേഷമായി പ്രകടമാകുന്നത്. 'ഒരു വടക്കൻ വീരഗാഥ'യിലെ ചന്തുവിന്റെ സംഭാഷണങ്ങൾ, 'പരിണയ'ത്തിലെ താത്രിക്കുട്ടി സ്മാർത്തവിചാര വേളയിലുന്നയിക്കുന്ന ചോദ്യങ്ങൾ, 'വൈശാലി'യിലെ ഋഷ്യശൃംഗന്റെയും വൈശാലിയുടെയും പ്രണയഭാഷണം, 'പഴശ്ശിരാജ'യിലെ പഴശ്ശിയുടെ ദേശാഭിമാനഭരിതമായ വാക്കുകൾ തുടങ്ങിയവയിലെല്ലാം സംഭാഷണരചനയിലെ എം.ടി സ്പർശം കാണാം. ഭാവാത്മകത, കഥയുടെ സാംസ്കാരിക പരിസരവുമായിണങ്ങുന്ന വാക്കുകളുടെ തിരഞ്ഞെടുപ്പ്, ധ്വന്യാത്മകമായ ഒതുക്കം എന്നിവകൊണ്ട് ശ്രദ്ധേയമാണ് 'പെരുന്തച്ചനി'ലെ സംഭാഷണങ്ങൾ. ഭാര്യയുടെ അവിചാരിതമായ മരണമുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് പെരുന്തച്ചൻ പറയുന്നത് 'മനസിലൊരു വീതുളി വീണപോലെ' എന്നാണ്. ആശാരിമാരുടെ സാമൂഹിക-ജീവിത സാഹചര്യത്തിൽ നിലകൊള്ളുന്ന 'വീതുളി' എന്ന വാക്കാണ് വൈകാരികമായ ആഘാതം അനുഭവിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. പെരുന്തച്ചൻ തന്റെ ജ്ഞാനം പ്രകടമാക്കുന്നിടത്തും ആചാരങ്ങളും ഉപചാരങ്ങളും പറയുന്നിടത്തും സാംസ്കാരികപരിസരത്തെ ഉൾക്കൊള്ളുന്ന സംഭാഷണ രചനാരീതി കാണാം. 'കല്ല് ദേവിയായിക്കഴിഞ്ഞു, അപ്പോ ആശാരി തീണ്ടാപ്പാടകലെ' എന്നിങ്ങനെ ചിത്രത്തിന്റെ രാഷ്ട്രീയദർശനത്തെത്തന്നെ ഉൾക്കൊള്ളാൻ ശേഷിയുളള സംഭാഷണങ്ങളും 'പെരുന്തച്ചനി'ൽ ധാരാളമായുണ്ട്. കണ്ണൻ ഉന്നയിക്കുന്ന കൂർമ്മതയുള്ള ചോദ്യങ്ങളും ഈ ഗണത്തിൽപ്പെടുന്നു. ഭാർഗവി തമ്പുരാട്ടിയും ഉണ്ണിത്തമ്പുരാനും തമ്മിലുള്ള സംഭാഷണങ്ങൾ അവർക്കിടയിലെ സംഘർഷങ്ങളെ ധ്വനിസാന്ദ്രമായി അവതരിപ്പിക്കുന്നവയാണ്. ഭാർഗവിയുടെ മുഖത്തെ സ്വയംവരദുർഗയുടെ ലക്ഷണത്തെക്കുറിച്ച് പെരുന്തച്ചൻ പറഞ്ഞത് ഉണ്ണിത്തമ്പുരാൻ ഉദ്ധരിക്കുമ്പോൾ 'അത് മനസിലാക്കിത്തരാൻ ഇപ്പോൾ ഒരാശാരി പറയേണ്ടി വന്നുവല്ലോ' എന്ന് ഭാർഗവി പരിഭവിക്കുന്നത് ഉദാഹരണം. തന്നെ തെറ്റിദ്ധരിക്കുന്ന തമ്പുരാനോട് 'മനസ്സിലെ വിഗ്രഹങ്ങളും തീണ്ടി അശുദ്ധമാക്കാറില്ല' എന്ന പെരുന്തച്ചന്റെ മറുപടിയാകട്ടെ അത്രമേൽ വൈകാരികവുമാണ്. കഥാപാത്രങ്ങളുടെ മനസും ജീവിതവും സംസ്കാരവുമെല്ലാം വെളിപ്പെടുന്ന ഭാവാത്മകധ്വനിയാണ് എം.ടിയുടെ തിരക്കഥയിലെ സംഭാഷണങ്ങളെ വേറിട്ടതാക്കുന്നത്.
ആന്തരികസംഘർഷങ്ങൾ പേറുന്നവരാണ് 'പെരുന്തച്ചനി'ലെ കഥാപാത്രങ്ങൾ. ഭാര്യയുടെ പെട്ടെന്നുള്ള മരണം, മകനെ സംരക്ഷിക്കാനാവാത്ത അവസ്ഥ, മകൻ വളരുമ്പോൾ അവനോടൊപ്പം വളരുന്ന പാരമ്പര്യനിഷേധം, ജാതീയമായ കീഴ്നില ഇതെല്ലാമാണ് പെരുന്തച്ചന്റെ മനോഘടനയെ സങ്കീർണ്ണമാക്കുന്നത്. മാമ്പറ്റ ഉണ്ണി നമ്പൂതിരി യഥാർത്ഥ അധികാരമില്ലാത്ത പുരുഷനാണ്. തമ്പുരാൻ എന്ന് വിളിക്കപ്പെടുന്നെങ്കിലും കുന്നത്തൂർ കോവിലകത്തെ വെറും കൂട്ടിരുപ്പുകാരൻ. ഭാർഗവിയ്ക്കും കുഞ്ഞിക്കാവിനും വിധേയപ്പെട്ട് ജീവിക്കേണ്ടി വരുന്ന അയാൾ കർത്തൃത്വമില്ലായ്മയുടെ ആന്തരികമായ നോവ് അനുഭവിക്കുന്നു. വ്യവസ്ഥയുടെ ജാതിശ്രേണീകരണത്തോട് പൊരുത്തപ്പെടാനാവാത്ത കണ്ണന് അച്ഛൻ പെരുന്തച്ചനിൽ നിന്നുപോലും പിന്തുണ കിട്ടുന്നില്ല. സർഗാത്മകമായ കലഹവും കണ്ണന്റെ മനസിനെ പ്രക്ഷുബ്ധമാക്കുന്നുണ്ട്. ഭാർഗവിയും കുത്തിക്കാവും മരുമക്കത്തായ തറവാട്ടിലെ, അധികാരമുള്ള സ്ത്രീകളാണ്. എങ്കിലും അവരും പലകാരണങ്ങളാൽ അസംതൃപ്തരാണ്. മനോനിലയിലെ ഇത്തരം സംഘർഷങ്ങളാണ് എം. ടിയുടെ പാത്രസൃഷ്ടിയെ അനന്യമാക്കുന്നത്.
ജാതിവ്യവസ്ഥയുടെയും ജാതിവിവേചനത്തിന്റെയും അസംബന്ധം തുറന്നുകാട്ടുന്ന നിരവധി സന്ദർഭങ്ങൾ സിനിമയിലുണ്ട്. ആദ്യ സീനിൽ ദീക്ഷക്കായി പൂണൂലിട്ട പെരുന്തച്ചനെ നമ്പൂതിരിയായി വാര്യർ തെറ്റിദ്ധിരിക്കുന്നുണ്ട്. മറ്റൊരു സീനിൽ വള്ളം തുഴഞ്ഞുവരുന്ന പെരുന്തച്ചന്റെ മകൻ കണ്ണനെ കാണുമ്പോൾ നമ്പൂതിരിയാണെന്നാണ് കുഞ്ഞിക്കാവും സംഘവും മനസിലാക്കുന്നത്. 'കണ്ടാലറിയാത്തത് പറഞ്ഞാൽ അറിയുമോ?' എന്ന നാരായണ ഗുരുദേവന്റെ പ്രഖ്യാതമായ ചോദ്യം ഈ സന്ദർഭങ്ങളിൽ മുഴങ്ങി നിൽക്കുന്നു. 'പേരും പെരുമയും വരുമ്പം നമ്പൂതിരിയുടേത് എന്നു പറയുന്നതാവും പാരമ്പര്യം' എന്ന് പറയിപെറ്റ പന്തിരുകുലത്തിന്റെ ഐതിഹ്യത്തിലെ നമ്പൂതിരി ബീജസങ്കല്പത്തെ കണ്ണൻ പരിഹസിക്കുന്നു. 'സമൃദ്ധിയുള്ള ഒരൊറ്റവീടും, ഒരാശാരിയ്ക്കും കണ്ടില്ലല്ലോ എന്നോർത്തു ചിരിച്ചതാണ്, നമുക്കടക്കം...' എന്ന കണ്ണന്റെ വിമർശനം ജാതി രൂപപ്പെടുത്തിയ സാമ്പത്തിക അസമത്വത്തെ ലക്ഷ്യംവെക്കുന്നതാണ്. ഇത്തരത്തിൽ ജാതിവിമർശനത്തിന്റെ രാഷ്ട്രീയത്തെ മുൻനിർത്തി മിത്തിനെ പുനരാഖ്യാനം ചെയ്യുന്നതാണ് 'പെരുന്തച്ചൻ' എന്ന തിരക്കഥ. അസൂയ മൂത്ത് മകനെ ഉളിയിട്ടു കൊല്ലുന്നവനല്ല എം. ടിയുടെ പെരുന്തച്ചൻ. മകനെ കൊല്ലാൻ അയാൾ തീരുമാനിക്കുന്നതിന് മറ്റൊരു കാരണം എം.ടി കണ്ടെത്തുന്നു. അത് വൈയക്തികമല്ല; സാമൂഹികമാണ്. സുഹൃത്തായ തമ്പുരാന്റെ 'മാനം കാക്കാൻ' സവർണ്ണ ജാതിബോധ്യങ്ങൾക്കു കീഴ്പെട്ട് പെരുന്തച്ചനെന്ന അവർണ്ണൻ നടത്തുന്ന ദുരഭിമാനകൊലയായി എം.ടി മിത്തിനെ മാറ്റിയെഴുതുന്നു. തമ്പുരാട്ടിപ്പെണ്ണിനെ പ്രണയിക്കുന്ന ആശാരിച്ചെക്കൻ തന്റെ സവർണ്ണാഭിമാനത്തിന് കളങ്കമാകുമെന്ന ഘട്ടത്തിൽ കണ്ണന്റെ മരണം തമ്പുരാൻ ആഗ്രഹിക്കുന്നുണ്ട്. അതയാൾ തുറന്നു പറയുന്നുമുണ്ട്. ‘എത്ര ആള് പണിസ്ഥലത്ത് മരിക്കുന്നു. അടിതെറ്റി വീണ് ഒന്ന് തീർന്ന് കിട്ടണേ ഇവനെന്ന് അറിഞ്ഞ നാള് മുതല് ഞാൻ പ്രാർത്ഥിക്കുകയായിരുന്നു' എന്ന് പെരുന്തച്ചനോട് പറയുന്നതിന്റെ തുടർച്ചയിൽത്തന്നെ 'മാനം കെടുംമുമ്പ് എന്നെ എളുപ്പത്തിലൊന്ന് അരിഞ്ഞിട്ട് അവസാനിപ്പിച്ചു താ രാമാ..' എന്നുകൂടി അയാൾ കൂട്ടിച്ചേർക്കുന്നു. തമ്പുരാന്റെ ഈ വാക്കുകൾക്ക് സ്വഹത്യയ്ക്കുമപ്പുറത്തേക്ക് ദൂരമുണ്ട്. സവർണ്ണ വിധേയത്വത്താൽ പെരുന്തച്ചൻ താണ്ടുന്നത് ഹിംസയുടെ ആ ദൂരമാണ്. 'മകനോടുള്ള അസൂയ' എന്ന ധാരണ ചുറ്റുമുള്ള സമൂഹത്തിന് ഉണ്ടാകുന്ന നിലയിൽ പെരുന്തച്ചനും മകനും തമ്മിലുള്ള സർഗാത്മകമായ ആശയഭിന്നതയെ സമർത്ഥമായി, ചില സന്ദർഭങ്ങളിലൂടെ തിരക്കഥാകൃത്ത് സൂചിപ്പിച്ചിട്ടുമുണ്ട്. ആ പുറന്തോടിനുള്ളിൽ സൂക്ഷ്മമായി തന്റെ വ്യാഖ്യാനത്തെ സന്നിവേശിപ്പിക്കുന്ന കലാതന്ത്രമാണ് 'പെരുന്തച്ചന്റെ' തിരക്കഥയെ അസാധാരണമാക്കുന്നത്.
അച്ഛനാൽ കൊല്ലപ്പെടുന്ന കണ്ണനെ പെരുന്തച്ചന്റെ മകൻ, സമർത്ഥനായ ആശാരി എന്നതിനപ്പുറം വ്യവസ്ഥയോട് കലഹിക്കുന്ന നിഷേധിയുടെ സ്വത്വമുളളവനായിട്ടാണ് എം. ടി അവതരിപ്പിക്കുന്നത്. അവൻ കണക്കു പറഞ്ഞ് കൂലി ചോദിക്കുന്നവനാണ്, 'അടിയൻ' എന്ന് ഉപചാരം പറയുന്നതിനു പകരം 'ഞാൻ' എന്ന് ആത്മവിശ്വാസത്തോടെ പറയാൻ മടിയില്ലാത്തവനാണ്, ജാതിവിവേചനത്തെ ചോദ്യം ചെയ്യുന്നവനാണ്, തമ്പുരാട്ടിക്കുട്ടിയെ പ്രണയിക്കുന്നവനാണ്, യാതൊരു സങ്കോചവുമില്ലാതെ അവളെ ആലിംഗനം ചെയ്യുന്നവനാണ്, സാമ്പത്തിക സമത്വം എന്ന ആശയം ഉന്നയിക്കുന്നവനാണ്. അതുകൊണ്ടുതന്നെ സവർണ്ണ പ്രത്യയശാസ്ത്രം നിർമ്മിച്ചുവെച്ച ജീർണ്ണവും മനുഷ്യത്വരഹിതവുമായ വ്യവസ്ഥയെ ചോദ്യംചെയ്യുന്ന വിപ്ലവകാരിയുടെ രക്തസാക്ഷിത്വമായി കണ്ണന്റെ അന്ത്യത്തെ കാണാം. എം.ടി എക്കാലത്തും ഉയർത്തിപ്പിടിച്ച രാഷ്ട്രീയനിലപാടുകളുടെ സ്വാധീനം ഏറ്റവുമധികം പ്രകടമാകുന്ന തിരക്കഥയാണ് ‘പെരുന്തച്ചൻ’.
തിരക്കഥയ്ക്ക് ഉചിതമായ ദൃശ്യഭാഷ നൽകുന്നതിൽ സംവിധായകനായ അജയൻ പുലർത്തിയ ജാഗ്രത എടുത്തു പറയേണ്ടതാണ്. മികച്ച മധ്യവർത്തി സിനിമയാണ് 'പെരുന്തച്ചൻ'. ദൃശ്യരൂപണം(ഭൂമിക, വഴികൾ, പ്രകൃതി, നിർമ്മിതികൾ, വെളിച്ചം തുടങ്ങിയവയുടെ ആവിഷ്ക്കാരത്തിലെ വിശദാംശങ്ങൾ), ദൃശ്യസംയോജനം(പെരുന്തച്ചൻ കണ്ണനെ ഉളിയിട്ട് കൊല്ലുന്ന സന്ദർഭം), സംഗീതം(ഭാർഗവിത്തമ്പുരാട്ടിയുടെ വീണാനാദവും കരിങ്കല്ലിൽ പെരുന്തച്ചൻ തീർക്കുന്ന നാദവും ഇടകലർത്തുന്നത്), മുഖഭാവങ്ങളുടെ ചിത്രീകരണത്തിലെ സൂക്ഷ്മത, വൈകാരികമായ പരിചരണം, തിലകൻ, നെടുമുടി, മോനിഷ തുടങ്ങിയ മുഖ്യധാരാ നടീനടന്മാരുടെ പ്രതിഭയെ ഉപയോഗിക്കുന്ന രീതി തുടങ്ങി ഒട്ടനവധി ഘടകങ്ങളെടുത്തു പരിശോധിച്ചാൽ കലയും ജനപ്രിയതയും സമന്വയിക്കുന്ന പരിചരണരീതി വ്യക്തമാവും.
****************************************************
വിലാസം
ഡോ. എസ്. ഗോപു
അദ്ധ്യക്ഷൻ
മലയാളവിഭാഗം
ഗവ. ആർട്സ് & സയൻസ് കോളേജ് നിലമ്പൂർ
9745 868 276
Comments