top of page

പ്രകൃതി സൗന്ദര്യലഹരി പി. ഭാസ്കരന്റെ സിനിമാഗാനങ്ങളിൽ

സാഹിത്യപഠനം
ഡോ. ധന്യ ശിവൻ

പ്രകൃതിയും പ്രണയവും പരസ്പരം പൂരകമായി പ്രവർത്തിക്കുന്നുണ്ട്. പ്രണയം ആധാരമാക്കിയുള്ള കലാസൃഷ്ടികൾ എല്ലാം തന്നെ പ്രകൃതി പശ്ചാത്തലത്തിലാകുന്നു. പ്രകൃതിയില്ലാതെ പ്രണയമില്ല. പ്രണയത്തെ ഉദ്ദീപിപ്പിക്കുന്ന ഘടകമായി പ്രകൃതി വസ്തുക്കൾ പ്രവൃത്തിക്കുന്നുണ്ട് എന്ന് നാട്യശാസ്ത്രകാരനായ ഭരതൻ തുടങ്ങിയവർ പറയുന്നു. രസസൂത്രം ഇതിന് തെളിവാണ്. ഉദ്ദീപനവിഭാഗത്തെക്കുറിച്ച് പറയുമ്പോൾ അദ്ദേഹം ഇത് ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്നതു കാണാം. രതി മുതലായ സ്ഥായിഭാവങ്ങൾ പ്രകൃതി ഘടകങ്ങളുടെ സാന്നിദ്ധ്യത്തിൽ ഉദ്ദീപ്തമാകുന്നു. ദ്രാവിഡ സൗന്ദര്യശാസ്ത്രമായ ‘തിണസങ്കൽപ്പ’ത്തിലും പ്രകൃതിയും പ്രണയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.

പാശ്ചാത്യരും പ്രകൃതിയും സാഹിത്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് രേഖപ്പെടുത്തുന്നുണ്ട്. പ്ലേറ്റോ, അരിസ്റ്റോട്ടിൽ, ലോംഗിനസ്, ബനഡിക്റ്റോ ക്രോച്ചേ, വേർഡ്സ് വർത്ത്, ഫിലിപ് സിഡ്നി തുടങ്ങിയ പാശ്ചാത്യ നിരൂപകരുടെ ചിന്തകൾ ഇതിനു തെളിവാണ്. എഴുത്തിൽ പ്രകൃതിക്കുള്ള സ്ഥാനം ഇവർ കൃത്യമായി അടയാളപ്പെടുത്തുന്നു. ഗ്രാമീണന്റെയും പ്രകൃതിയുടെയും ഭാഷയാണ് എഴുത്തിൽ വേണ്ടതെന്ന നിരീക്ഷണം വേർഡ്സ്വർത്ത് അവതരിപ്പിക്കുന്നുണ്ട്. അധ്വാനം/ പ്രകൃതി എന്ന കാഴ്ചപ്പാട് അദ്ദേഹത്തിന്റെ ചിന്തകളിൽ കാണാം. “പ്രകൃതിയുടെ വരദാനമായ നമ്മുടെ ജൈവഘടനയിൽ വേരുകളുള്ളതാണ് സൗന്ദര്യബോധമെന്ന് ആധുനിക ഗവേഷണം സാക്ഷ്യപ്പെടുത്തുന്നു. മനസ്സ് പ്രകൃതിയുടെയും ചുറ്റുപാടുകളുടെയും കൂടി സൃഷ്ടിയാണ്”. എഴുത്തുകാരന്റെ മനസ്സിൽ ചുറ്റുപാടുകൾ ചെലുത്തുന്ന സ്വാധീനം കൂടിയാണ് സാഹിത്യ കൃതികൾ. എഴുത്തുകാരന്റെ സൗന്ദര്യബോധത്തിന് മാറ്റുകൂട്ടുന്നത് പ്രകൃതി തന്നെയാണെന്നത് നിസ്സംശയമാണ്. ആദികാലം മുതൽ സമകാലം വരെയുള്ള സൃഷ്ടികളെല്ലാം തന്നെ അത് സാക്ഷ്യപ്പെടുത്തുന്നു. “പ്രകൃതിയിലെ വസ്തുക്കൾ പലപ്പോഴും കലാകാരന് അസംതൃപ്തി ജനിപ്പിക്കുന്നു. അസംതൃപ്തി ജനകങ്ങളായ ഘടകങ്ങൾ ദുരീകരിച്ച് അവയ്ക്ക് മുമ്പില്ലാതിരുന്ന രൂപം നൽകുകയാണ് കലാകാരന്റെ കൃത്യം” എന്ന് അരിസ്റ്റോട്ടിൽ രേഖപ്പെടുത്തുന്നു.

“പ്രകൃതിയെ അധ്വാനിക്കുന്നവന്റെ കാഴ്ചയിൽ നിന്നല്ലാതെ ആസ്വാദകന്റെ കാഴ്ചയിൽ നിന്നു കാണുന്ന രീതിയാണ് ചലച്ചിത്രഗാനങ്ങൾ സാമാന്യമായി സ്വീകരിക്കുന്നത്. ക്യാമറയുടെ കാഴ്ചകളാണ് പ്രണയഗാനങ്ങളിൽ നാം കാണുന്നത്. അവയ്ക്കനുസൃതമായ ഗാനസാഹിത്യമായിരുന്നു മലയാള സിനിമയുടെ പൊതുലോകത്തെ നിർണ്ണയിച്ചത്”.ചലച്ചിത്രഗാനങ്ങളെല്ലാം തന്നെ ആസ്വാദകന്റെ താത്പര്യത്തിന് അനുസൃതമായി രചിക്കപ്പെട്ടവയാണ്. ആസ്വാദക സംതൃപ്തി എന്നതിലുപരി അവർക്ക് മറ്റു താത്പര്യങ്ങളൊന്നും ഇല്ലായിരുന്നു എന്നത് വ്യക്തമാണ്. വണ്ടും തുമ്പിയും പൂമ്പാറ്റയും എല്ലാം പാറിനടക്കുന്ന ഒരു ലോകമാണ് ചലച്ചിത്ര ഗാനങ്ങളിൽ കാണുന്നത്. വിപ്ലവകവിതകളുടെ രചയിതാവ് എന്ന നിലയിൽ നിന്നും ചലച്ചിത്രഗാനരംഗത്തേക്ക് പ്രവേശിച്ച പി. ഭാസ്കരന്റെ ഗാനങ്ങളും ഈ നിലപാടിനെ സാധൂകരിക്കുന്നവയാണ്. കാരണം പാടുന്ന രാക്കുയിലും തത്തമ്മയും പൂക്കളും അടങ്ങുന്ന പ്രകൃതി പ്രതീകങ്ങളുടെ ചിത്രീകരണത്തിൽ തന്നെയാണ് പി. ഭാസ്കരനും ശ്രദ്ധിക്കുന്നത്. അദ്ധ്വാനവർഗ്ഗജീവിതത്തിന്റെ ആവിഷ്ക്കാരങ്ങൾ ഗാനങ്ങളിൽ കണ്ടെത്താൻ കഴിയുമെങ്കിലും പ്രകൃതി ചിത്രീകരണത്തിൽ വർണ്യവസ്തു എന്ന നിലയിലുള്ള പ്രകൃതിയുടെ പങ്കാളിത്തമാണ് അദ്ദേഹം കാണാൻ ശ്രമിച്ചത്. പ്രകൃതി ഘടകങ്ങൾ കലാകാരനെ എപ്പോഴും പ്രചോദിപ്പിക്കുന്നു എന്ന നിലപാട് അരിസ്റ്റോട്ടിൽ പുലർത്തുന്നുണ്ട്. ഒപ്പം പ്രകൃതി ഘടകങ്ങൾ പലപ്പോഴും എഴുത്തുകാരനിൽ അസംതൃപ്തി ജനിപ്പിക്കുന്നുണ്ട്. ആ അസംതൃപ്തിയെ പൂർത്തീകരിക്കാൻ ഭാവനയുടെ സഹായം എഴുത്തുകാരൻ തേടുന്നു. അങ്ങനെ മനോഹരങ്ങളായ കൃതികൾ സൃഷ്ടിക്കപ്പെടുന്നു.   

അനുരാഗബദ്ധരായ കാമുകീകാമുകന്മാരെ ചുറ്റുമുള്ള സാഹചര്യങ്ങൾ വളരെയധികം സ്വാധീനിക്കും. മനോഹരമായ പ്രകൃതിയുടെ സാന്നിധ്യം അതിലൊന്നാണ്. നിലാവ്, പൂർണ്ണചന്ദ്രൻ, നക്ഷത്രങ്ങൾ, ഋതുക്കൾ, പക്ഷികളുടെ പാട്ടുകൾ, പൂക്കൾ, മൃഗങ്ങൾ, കാറ്റ്, മണ്ണിന്റെ മണം, മഴ, കടൽ, പുലർക്കാലം എന്നിവയെല്ലാം അനുരാഗത്തെ ഉദ്ദീപിക്കുന്ന ഘടകങ്ങളായി എഴുത്തുകാർ അവതരിപ്പിക്കുന്നു. ഇത്തരം പ്രകൃതിവിഭങ്ങളുടെ ഔചിത്യപൂർണ്ണമായ സന്നിവേശിപ്പിക്കൽ കൊണ്ടു കൂടിയാണ് സൃഷ്ടികൾ വായനാക്ഷമമാകുന്നത്. പ്രാചീനകാലം മുതൽ ഇന്നുവരെയുള്ള സാഹിത്യചരിത്രം ഇത് വ്യക്തമാക്കുന്നു. പ്രകൃതിയുടെ ചിത്രീകരണം കൃതികളുടെ അനുപേക്ഷണീയമായ ഘടകമാണ്.  മലയാള സിനിമാഗാനങ്ങൾക്ക് ഇത്തരമൊരു അവസ്ഥയിൽ നിന്നും മാറി ചിന്തിക്കാൻ കഴിയില്ല. സിനിമാ ഗാനങ്ങളുടെ ആസ്വാദനം കൃതിയിലെ പ്രകൃതിവിഭവങ്ങളുടെ ഉപയോഗത്തിൽ നിന്നു കൂടിയാണ് ഉണ്ടാകുന്നത്. പ്രണയ ചിത്രീകരണത്തിന്റെ കാര്യത്തിൽ പ്രണയവും പ്രകൃതിയും പരസ്പര പൂരകങ്ങളായി പ്രവർത്തിക്കുന്നു. സിനിമാഗാനങ്ങളിലെ പ്രകൃതി ഘടകങ്ങൾ പ്രണയത്തിന്റെ അവതരണത്തിന് എങ്ങനെയൊക്കെ പ്രയോഗിക്കപ്പെടുന്നു എന്ന് പി. ഭാസ്കരൻ തന്റെ സിനിമാഗാനങ്ങളിലൂടെ അവതരിപ്പിക്കുന്നുണ്ട്.

സ്ത്രീസൗന്ദര്യത്തിന്റെ പ്രതീകമായി പ്രകൃതി പ്രത്യക്ഷപ്പെടുന്നു. സ്ത്രീയേയും പ്രകൃതിയേയും പരസ്പരം ബന്ധപ്പെടുത്തി കൊണ്ടാണ്  ആദ്യകാലം മുതലുള്ള എഴുത്തുകാരെല്ലാം എഴുത്തിനെ സർഗ്ഗാത്മകമായി നിർമ്മിക്കുന്നത്. പ്രകൃതിക്കുണ്ടാകുന്ന മുറിവുകൾ സ്ത്രീക്കുണ്ടാകുന്ന മുറിവുകൾ കൂടിയാണെന്ന അവബോധം സൃഷ്ടിക്കുന്ന പരിസ്ഥിതി സ്ത്രീവാദം പോലുള്ള ചിന്താധാരകളും ഇന്ന് പ്രചാരത്തിലുണ്ട്. സ്ത്രീയും പ്രകൃതിയും ഒന്നാണെന്ന സങ്കൽപമാണ്  ഭാരതീയർക്കുള്ള സ്ത്രീയുടെ ഉടൽ / അംഗപ്രത്യംഗ വർണ്ണനകൾ പ്രകൃതിയുമായി ബന്ധപ്പെടുവാനുള്ള കാരണം. അവളുടെ കണ്ണും മൂക്കും കൈകളുമെല്ലാം പ്രകൃതി വസ്തുക്കളുമായി താരതമ്യപ്പെടുത്താറുണ്ട്. പി. ഭാസ്കരന്റെ സിനിമാഗാനങ്ങൾ പരിശോധിക്കുമ്പോഴും സ്ത്രീയും പ്രകൃതിയും തമ്മിലുള്ള അഭേദ്യബന്ധം വ്യക്തമാകുന്നു.

    “തങ്കക്കിനാക്കൾ ഹൃദയേവീശും

വനാന്ത ചന്ദ്രികയാരോ നീ

സങ്കൽപമാകെ പുളകംവീശും

വസന്തസുമമോ ആരോ നീ

നിരുപമ സുന്ദരവാനിൽ വിരിയും

മനോജ്ഞതാരകപോലെ

മമ മനമുരുകും മന്ദാരവനിയിൽ

വരൂ നീലക്കുയിലേ നീ വരൂ നീലക്കുയിലേ.”

                                             (നവലോകം)

ഇവിടെ തികച്ചും കാൽപനികമായ വാക്കുകൾ കൊണ്ട് സ്ത്രീയെ സംബോധന ചെയ്യുന്നു. വനാന്തചന്ദ്രിക, വസന്തസുമം, മനോജ്ഞതാരകം, നീലക്കുയിൽ എന്നീ പദങ്ങളാണ് സ്ത്രീയെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നത്. ഈ പദങ്ങളെല്ലാം തന്നെ പ്രകൃതിയിലെ സുന്ദരമായ അവസ്ഥകളാണ്. ജീവിതസ്വപ്നങ്ങളെയെല്ലാം രോമാഞ്ചം കൊള്ളിക്കുന്ന വസന്തകാല പുഷ്പത്തോടാണ് സ്ത്രീയെ ഉപമിച്ചിരിക്കുന്നത്.

   "രാസനിലാവിൽ ആടാൻ പാടാൻ

 രാധയ്ക്കു വല്ലാത്ത നാണം

 താമരക്കാടലി താളം മറന്നു."

(അനാഥ)

ഇവിടെ രാധയുടെ കാൽപ്പാദങ്ങൾക്ക് താമരപ്പൂവിനോട് സമാനത കൽപ്പിക്കുന്നു. താമരപ്പൂവിന്റെ പരിശുദ്ധിയാണ് രാധയുടെ കാൽപാദങ്ങളിൽ ഉള്ളത്. രാധയുടെ മനസ്സിന്റെ പരിശുദ്ധിയിലേക്കാണ് എത്തുന്നത്. കണ്ണനോടുള്ള വിശുദ്ധ പ്രണയത്തിന്റെ  പരിശുദ്ധിയാണ് കവി ഇവിടെ അടയാളപ്പെടുത്തുന്നത്.

"അഞ്ജനക്കണ്ണിണയിൽ

ആയിരം തിരിയിട്ട

മഞ്ജു സങ്കൽപങ്ങൾ കൊളുത്തി വച്ചു."

(അനാഥാ)

കാമിനിയുടെ കണ്ണുകളെയാണ് ഇവിടെ വിശേഷിപ്പിക്കുന്നത്. കരിമഷിയെഴുതിയ കണ്ണുകളിൽ വിരിയുന്ന സ്വപ്നങ്ങളെക്കുറിച്ച് കവികൾ പാടിയിട്ടുണ്ട്. പ്രണയത്തെക്കുറിച്ചുള്ള മനോഹരസങ്കൽപങ്ങൾ കത്തിച്ചുവെച്ചിരിക്കുന്ന സ്വപ്നം മയങ്ങുന്ന കണ്ണുകൾ കാമിനിയെ അവതരിപ്പിക്കുന്നു.

പ്രണയഭാവങ്ങൾ പ്രകൃതിഘടകങ്ങളിൽ ആരോപിക്കുന്ന സമ്പ്രദായം ആദിമകാലം മുതൽ തന്നെ പാശ്ചാത്യ ഭാരതീയസാഹിത്യചിന്തയിലുണ്ട്. ദ്രാവിഡസാഹിത്യമീമാംസയിലെ തിണസിദ്ധാന്തം ഇതിനുദാഹരണമാണ്. പ്രണയാവിഷ്ക്കാരത്തിന് അനുസൃതമായി പ്രകൃതി ഘടകങ്ങളിൽ മാറ്റമുണ്ടാകുന്നു. പ്രകൃതിക്കനുസരിച്ച് മനുഷ്യൻ ജീവിക്കുന്ന ഇടത്തിന്റെ സാഹിത്യമാണ് അകംപുറം കവിതകൾ മുന്നോട്ട് വയ്ക്കുന്നത്. അത്തരത്തിൽ പ്രകൃതി ഘടകങ്ങൾ പ്രണയഭാവത്തിന് അനുസൃതമായി സങ്കൽപ്പിക്കപ്പെടുന്ന സർഗ്ഗാത്മകതയാണ് പി.ഭാസ്കരന്റെ ചലച്ചിത്ര ഗാനങ്ങളിൽ കാണാൻ സാധിക്കുന്നത്. 

"സുരഭീമാസം വന്നല്ലോ

കുടകപ്പാലകൾ പൂത്തല്ലോ

ആശ്രയ രമണികൾ നാമൊന്നായി

കൂടുക വസന്തലീലകളിൽ

ഓടിയോടി വരുന്നവളാരോ

വേടൻ വിരട്ടിയ മാനല്ലോ

മാരനെയ്തൊരു മലരമ്പേറ്റ്

മാധുരി നുകരും മയിലല്ലോ

വേദം മാത്രം ചൊല്ലാനറിയും

മാടപ്രാവിൻ ചുണ്ടുകളെ

(ശീലാവതി)

സുരഭീമാസം എന്നത് വസന്തകാലമാണ്. വസന്തകാലം പ്രണയികളുടെ  മനോവികാരം ഉദ്ദീപ്തമാക്കുന്ന കാലം കൂടിയാണ്. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യമായ ഉണ്ണിനീലി സന്ദേശത്തിൽ വസന്തകാലവും പ്രണയവും തമ്മിലുള്ള സമ്യക്ഭാവത്തെ വിശദീകരിക്കുന്നുണ്ട്.

പ്രണയവിരഹത്തിന്റെ ആവിഷ്ക്കാരത്തിലും പ്രകൃതി ഘടകങ്ങൾക്കാണ് കവികൾ ഏറെ പ്രാധാന്യം നൽകുന്നത്.  മനുഷ്യന് പ്രകൃതിയോടുള്ള അമിതമായ അടുപ്പമാകാം പ്രകൃതിയുമായി ഏതവസരത്തിലും താദാമ്യം പ്രാപിക്കാനുള്ള ഈ ശ്രമം. നഷ്ടപ്രണയത്തിലുണ്ടാകുന്ന വേദനകൾ താങ്ങാൻ കാമുകീകാമുക ഹൃദയങ്ങൾക്ക് താങ്ങാവുന്നത്  പലപ്പോഴും പ്രകൃതിവസ്തുക്കൾ ആയിരിക്കും. സിനിമാഗാനങ്ങളുടെ ആവിഷ്ക്കാരത്തിൽ ഇത് കൃത്യമായി അടയാളപ്പെടുത്തുന്നു. പി.ഭാസ്കരന്റെ സിനിമാഗാനങ്ങളിൽ വിരഹഭാവങ്ങൾ ആവിഷ്ക്കരിക്കുന്നതിൽ പ്രകൃതി ഘടകങ്ങൾക്ക് വലിയ പങ്കുണ്ട്.

1953-ൽ ഇറങ്ങിയ 'തിരമാല' എന്ന ചിത്രത്തിലെ ഗാനങ്ങളിൽ വിരഹഭാവങ്ങൾ ആവിഷ്ക്കരിക്കുന്നതിനായി പ്രകൃതിഘടകങ്ങൾ ഉപയോഗിച്ചിരിക്കുന്നത് ഇങ്ങനെയാണ്,

" കരയുന്നതെന്തേ ശൂന്യതയിൽ കാനനക്കിളിയേ ഈ

കൂരിരുൾ കാണുകയില്ലമ്പിളിപ്പൊളിയേ

തെളിയുകയില്ല പ്രേമദീപം കണ്ണുനീരിനാലെ

കിനാവുകൾ തൻ പൂഞ്ചിറകിൽ പാറും

പൈങ്കിളിയേ

നിൻ-നിഗൂഢരാഗം എന്തിനേവം ബാലേ!

വിഷാദമോടെ മാഞ്ഞുപോകും മഞ്ഞുതുള്ളിയിതേ "

കാനനക്കിളി, കാനനസുമം, പൈങ്കിളി എന്നിവയായി കാമുകീകാമുക ഹൃദയം സങ്കൽപ്പിക്കുകയാണ് കവി. ശൂന്യതയിൽ വനവിജനതയിൽ കരയുന്ന കാനനക്കിളിയായി കാമുകി സങ്കൽപ്പിക്കപ്പെടുന്നു. അമ്പിളിപ്പൊളി എന്ന് വിശേഷിപ്പിക്കപ്പെടുന്നത് പ്രണയമാണ്. കൂരിരുൾ, പ്രണയത്തിന് തടസ്സം നിൽക്കുന്ന സമ്പത്ത് എന്ന ഘടകമാണ്.

സാമ്പത്തികമായ അന്തരം നിറഞ്ഞുനിൽക്കുന്ന സാമൂഹിക ഘടനയിൽ വിജയിക്കാത്ത തങ്ങളുടെ പ്രണയത്തെക്കുറിച്ചുള്ള സൂചനയാണ് വരികളിൽ നിറയുന്നത്. കാമുകി/കാമുക ഹൃദയത്തിന്റെ വേദനകൾ ആവിഷ്ക്കരിക്കപ്പെടുന്നത് പ്രകൃതി ഘടകങ്ങളിലൂടെയാണ് എന്നത് ശ്രദ്ധേയമാകുന്നു. വിഷാദത്തോടെ മാഞ്ഞുപോകുന്ന മഞ്ഞുതുള്ളിയോടാണ് നഷ്ടപ്രണയത്തെ ഉപമിക്കുന്നത്.

"താരകമിരുളിൽ മറയുകയോ

പാടിയ പൈങ്കിളി കേഴുകയോ

മജുനാ നിൻ നീതികൾ വീശിയ വലയിൽ

ഒരു ചെറുരാക്കുയിൽ വീഴുകയോ

അലറീടും ജീവിത സാഗരസീമയിൽ

എൻ കളിയോടം താഴുകയോ "

സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾ സൃഷ്ടിച്ച നഷ്ടപ്രണയവും അതിൽ നിന്നുണ്ടായ വിരഹവുമാണ് ഈ ഗാനത്തിന്റെ പ്രമേയതലം. താരകം, പൈങ്കിളി, ചെറുരാക്കുയിൽ തുടങ്ങിയ പ്രകൃതി ഘടകങ്ങളിലേക്ക് കാമുകന്റെ ജീവിതം ആരോപിക്കുകയാണ് കവി. ഇരുട്ടിൽ മറയുന്ന താരകം എന്നത് കാമുകന്റെ ജീവിതാഭിലാഷങ്ങളുടെ നഷ്ടത്തിന്റെ സൂചനയാണ്. പാടിയ പൈങ്കിളി എന്നത് കാമുകീ ഹൃദയത്തിന്റെ വേദനകളെ സൂചിപ്പിക്കുന്നു. ചെറുരാക്കുയിൽ എന്നത് കാമുകന്റെ തന്നെ പ്രതീകമാണ്. സമൂഹത്തിന്റെ അനീതിയിൽ ആഗ്രഹങ്ങൾ നഷ്ടപ്പെട്ട ചെറുപ്പക്കാരന്റെ പ്രതീകമായി ചെറുരാക്കുയിൽ മാറുന്നു.

പൂങ്കുയിൽ പി.ഭാസ്കരന്റെ സിനിമാഗാനങ്ങളിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന ബിംബമാണ്. പ്രണയത്തിന്റെ വേർപിരിയൽ അവതരിപ്പിക്കുന്നതിനുള്ള ബിംബം എന്ന നിലയിൽ ഉപയോഗിക്കുന്നു.

"കരിങ്കുയിലുകൾ കവിത മൂളുമ്പോൾ

കവിൾ നനയുന്നു കരളുരുക്കുന്നു. "

(ജന്മഭൂമി)

കാമുകീകാമുകന്മാരുടെ വേർപിരിയലിനെ സൂചിപ്പിക്കുകയാണിവിടെ. കരിങ്കുയിലിന്റെ പാട്ടുകൾ കേൾക്കുമ്പോൾ തന്റെ നഷ്ട്പ്പെട്ടുപോയ പ്രണയിതാവിനെ ഓർക്കുന്നു.

“ഇന്നോളമെന്റെ ജീവനിൽ

പൊൻതിരികത്തിച്ച താരമേ

ഓടക്കുഴൽ പൊട്ടി വീണുപോയ്

പാടാൻ കൊതിച്ച പൂങ്കുയിൽ”

(ലൈല മജ്നു)

    ഇവിടെ പൂങ്കുയിൽ എന്ന ബിംബം കാമിനിയെ സൂചിപ്പിക്കുന്നു.

ഖയസി(മജ്നു) നോടൊപ്പം ജീവിതം നയിക്കാൻ ആഗ്രഹിച്ച ലൈലയ്ക്ക് പകുതിവഴിയിൽ പ്രണയ ജീവിതം അവസാനിപ്പിക്കേണ്ടിവരുന്നു. അതു സൂചിപ്പിക്കാനാണ് പാടാൻ കൊതിച്ച പൂങ്കുയിൽ ഓടക്കുഴൽ പൊട്ടി വീണു പോയ് എന്നു പറയുന്നത്.

    “മനുജാ നിൻ വീശിയ വലയിൽ

      ഒരു ചെറുരാക്കുയിൽ വീഴുകയോ”

(തിരമാല)

    ഇവിടെ ചെറുരാക്കുയിൽ എന്ന പ്രയോഗം വളരെ അന്വർത്ഥമാകുന്നു. മനുഷ്യന്റെ നീതിരഹിതമായ പ്രവൃത്തികൾ മൂലം മുറിവേൽക്കുന്ന മനുഷ്യരെത്തന്നെയാണ് ചെറുരാക്കുയിൽ എന്നു വിശേഷിപ്പിക്കുന്നത്. അത് ജാതി മതവർഗ്ഗ ചിന്തകൾ മൂലമോ സാമ്പത്തിക അസമത്വം സൃഷ്ടിക്കുന്ന വേലിക്കെട്ടുകൾ കൊണ്ടോ വേർപിരിയെണ്ടി വന്ന കമിതാക്കളാകാം. പ്രണയവും പ്രണയവിഷാദവും ചിത്രീകരിക്കാനുപയോഗിക്കുന്നതു പോലെയാണ് ജീവിതത്തിന്റെ ദുരന്തങ്ങളും അതിൽ നിന്നുളവാകുന്ന ദു:ഖവും രാക്കുയിൽ എന്ന ബിംബത്തിലൂടെ ആവിഷ്കരിക്കുന്നത്.

    പ്രണയത്തെ ഉദ്ദീപിക്കുന്ന ഒരു ബിംബം എന്ന നിലയിൽ കാറ്റ് രചനകളിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. പി. ഭാസ്കരന്റെ സിനിമാഗാനങ്ങളിലും പ്രണയത്തിന്റെ പശ്ചാത്തലമായി കാറ്റ് കടന്നു വരുന്നു.

    “പ്രേമപവനൻ വീണനീട്ടി

     പാടിത്തന്നൊരുഗാനവും

     കന്നിയാറ്റിൻ അലകളിളകി

     മെല്ലെയുയരും മേളവും”

           (നാടോടികൾ)

    ഇവിടെ കാറ്റ് പ്രേമപവനൻ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. കാറ്റ് വീണമീട്ടി ഗാനം ആലപിക്കുന്നു എന്ന് കവി സങ്കൽപ്പിക്കുന്നു. കാറ്റടിക്കുമ്പോൾ ഇലകളിൽ തട്ടിയുണ്ടാകുന്ന ചെറിയശബ്ദമാണ് കാറ്റ് വീണമീട്ടി പാടുന്ന ഗാനമായി കവി സങ്കൽപ്പിക്കുന്നത്. കാറ്റടിക്കുമ്പോൾ പുഴയിൽ അലകൾ ഇളകുന്നതിനെ മേളമായും സങ്കൽപ്പിക്കുന്നു.

    “പിടയുന്ന മാനസങ്ങൾ ഒന്നായല്ലോ

     പറയൂ താരകമേ പാടുന്ന തെന്നലേ”

              (മിന്നൽപ്പടയാളി)

    അനുരാഗ കഥ കേൾക്കാൻ തെന്നലിനെ ക്ഷണിക്കുന്ന കവിയെ കാണാം. പിടയുന്ന മനസ്സുകൾ ഒന്നായിച്ചേർന്നതിലുള്ള സന്തോഷം കാറ്റിനോട് പങ്കു വയ്ക്കുന്നു.

    “ഒരു കഥപറയാമോ കാറ്റേ

     ഒരു കഥ പറയാമോ കാറ്റേ

     കദനം നീക്കണ- കവിത തുളുമ്പുന്ന

     കഥ പറയാമോ കാറ്റേ”

           (സ്ത്രീഹൃദയം)

    മനുഷ്യനും പ്രകൃതിയും അധ്യാത്മിക ബന്ധം ഇവിടെ കാണാം. ഏകാന്തതയും അഗാധദു:ഖങ്ങളുമുണ്ടാക്കിയ അനുഭവങ്ങളിൽ നിന്ന് പക്വതയാർജ്ജിച്ച മനുഷ്യഹൃദയത്തെയും കവി അവതരിപ്പിക്കുന്നു. തന്റെ ഏകാന്തതയിൽ കളിക്കൂട്ടുകാരനായി കവി വിളിക്കുന്നത് പ്രകൃതിശക്തിയായ കാറ്റിനെയാണ്. തന്റെ ദു:ഖം മാറ്റുന്ന, കവിത തുളുമ്പുന്ന കഥ പറയുന്നതിനായി കവി കാറ്റിനെ വിളിക്കുന്നു.

    ഈശ്വരനും ജീവജാലങ്ങളും തമ്മിലുള്ള ഉടമ്പടിയുടെ അടയാളമായി മഴവില്ലിനെ സമൂഹം കാണുന്നു. ഏഴുനിറങ്ങളുമായി ആകാശത്ത് കാണുന്ന മഴവില്ലിന് എഴുത്തുകളിൽ അഗാധസ്ഥാനമുണ്ട്. സിനിമാഗാനങ്ങളിലും മഴവില്ല് അദ്വിതീയ സ്ഥാനമാണ് വഹിക്കുന്നത്. പ്രണയപ്രതീകം എന്ന നിലയിൽ മഴവില്ല് മിക്ക രചനകളിലും കേന്ദ്രമാകുന്നുണ്ട്.

    “മഴവില്ലുകളെ പിഴിഞ്ഞ ചാറിൽ

     എഴുതുക നമ്മുടെ സുന്ദരചിത്രം

     പ്രഭയും വസന്തചന്ദ്രനുമായി

     പ്രണയിച്ചീടും സുന്ദരചിത്രം”

              (സ്നേഹദീപം)

    പ്രണയത്തിന്റെ സുന്ദരചിത്രം മഴവില്ലുകളെ പിഴിഞ്ഞ ചാറിൽ വരച്ചെടുക്കാൻ കവി ആവശ്യപ്പെടുന്നു. മഴവില്ല് ലോകത്തിലെ മനോഹരവും ഹൃദയാകർഷകവുമായ ബിംബമായി തങ്ങളുടെ രചനകളിൽ എഴുത്തുകാർ ഉപയോഗിക്കുന്നു. പ്രണയത്തിന്റെ ഉദാത്ത ഭാവങ്ങളുടെ ആവിഷ്ക്കാരത്തിനുപയോഗിക്കാൻ കഴിയുന്ന സുന്ദര പ്രതീകമാണ് മഴവില്ല്.

    “ഇനിയൊരിക്കലും നിന്റെ മനതാരിൽ മാനത്തിൽ

  അനുരാഗമഴവില്ലുതെളിയില്ലല്ലോ”

                              (നിണമണിഞ്ഞകാൽപ്പാടുകൾ)

അനുരാഗത്തിന്റെ അടയാളമായി കവികൾ മഴവില്ലിനെ കാണുന്നു. പ്രണയിനിയുടെ മനസ്സിൽ മഴവില്ലിന്റെ ഏഴഴകും നിറഞ്ഞ വർണ്ണങ്ങളുടെ/ സ്വപ്നങ്ങളുടെ ലോകമാണ്. ഈ ഗാനത്തിൽ മനസ്സിനെ ആകാശമായി സങ്കൽപ്പിച്ചിരിക്കുന്നു. മനസ്സാകുന്ന ആകാശത്തിൽ ഇനിയൊരിക്കലും അനുരാഗ മഴവില്ല് തെളിയുകയില്ല എന്ന ആശങ്ക പ്രണയനഷ്ടത്തെ സൂചിപ്പിക്കുന്നു.

“മാനത്തിൻ മുറ്റത്തു മഴവില്ലാലഴകെടും

  മധുമാസ സന്ധ്യകളെ”

                    (കറുത്തപൗർണ്ണമി)

ആകാശമാകുന്ന മുറ്റത്ത് മഴവില്ല് കൊണ്ട് ‘അഴ’ കെട്ടുന്ന സന്ധ്യകൾ എന്ന് കവി കൽപന.

പ്രണയസങ്കൽപം വിശദീകരിക്കുന്നതിനായി കവികൾ നിരന്തരം ഉപയോഗിക്കുന്ന പദമാണ് നിലാവ്.

“വൃശ്ചികപ്പൂ നിലാവേപിച്ചകപ്പൂനിലാവേ

 മച്ചിന്റെ മേളിലിരുന്നൊലിച്ചുനോക്കാൻ

 ലജ്ജയില്ലേ- ലജ്ജയില്ലേ നിനക്കു ലജ്ജയില്ലേ

 ഇളമാവിൻ തയ്യുതളിർത്തപോലെ

വയനാടൻ വാകത്തൈ പൂത്തപോലെ- എന്റെ

 മാറത്തു മയങ്ങമീ മംഗളാംഗിയെ

അരുതേ... അരുതേ... നോക്കരുതേ”

           (തച്ചോളി മരുമകൻ ചന്തു)

    വൃശ്ചികപ്പൂനിലാവിനോട് തന്റെ പ്രണയിനിയെ ഒളിഞ്ഞുനോക്കരുതെന്ന് കാമുകൻ ആവശ്യപ്പെടുന്നു. തങ്ങളുടെ പ്രണയസല്ലാപത്തിനിടയിൽ കടന്നുവരാൻ ലജ്ജയില്ല എന്ന ചോദ്യം ഉന്നയിക്കുുന്നു. പ്രണയത്തിന്റെ കാൽപ്പനിക ഘടകം എന്ന നിലയിൽ നിലാവിനെ ഉപയോഗിക്കുന്നു.

    പി. ഭാസ്കരന്റെ സിനിമാഗാനങ്ങളിൽ പ്രണയാവിഷ്ക്കാരത്തിനായി കാമദേവൻ എന്ന സങ്കൽപം ഏറെ ഉപയോഗിക്കുന്നുണ്ട്. പ്രണയത്തെ ത്രസിപ്പിക്കുന്ന/ ഉത്തേജിപ്പിക്കുന്ന ദേവനായി ഐതിഹ്യങ്ങളിലും പുരാവൃത്തങ്ങളിലും അടയാളപ്പെടുത്തുന്നു. കാമദേവന് കരിമ്പുകൊണ്ടുള്ള ഒരു വില്ലും വണ്ടുകളെ കൊണ്ടുള്ള ഞാണും അഗ്രം പുഷ്പമായിട്ടുള്ള അമ്പുകളുമാണ് ഉള്ളത്. കാമദേവനെ സൂചിപ്പിക്കുുന്ന മാരൻ, രമണൻ, കാമൻ, മദനൻ തുടങ്ങിയ പദങ്ങൾ പി. ഭാസ്കരന്റെ സിനിമാഗാനങ്ങളിൽ ധാരാളം കാണുന്നു.

    “ജീവന്റെ ജീവനിൽ

 പൂവമ്പനെവിടെപ്പോയ് തോഴിമാരെ”

                                        (പൂജ)

ഇവിടെ പൂവമ്പൻ എന്ന പദം കാമുകി തന്റെ കാമുകനെ വിശേഷിപ്പിക്കുന്നതാണ്. പുഷ്പങ്ങൾ അമ്പുകളായിട്ടുള്ളവൻ എന്ന അർത്ഥത്തിലാണ് പൂവമ്പൻ എന്ന് കാമദേവനെ വിളിക്കുന്നത്. തന്റെ കാമദേവൻ വരാൻ വൈകുന്നതിൽ ആധിപിടിക്കുന്ന കാമുകിയെ അവതരിപ്പിക്കുന്നു. സ്വർഗ്ഗത്തിലെ നന്ദനോധ്യാനത്തിൽ സ്വപ്നവും കണ്ടുകിടക്കുകയാണോ എന്നവൾ സംശയിക്കുന്നു.

“പുഷ്പങ്ങൾ ചൂടിയ പൂങ്കാവേ

 മദനശരമേറ്റു വലഞ്ഞു മാധവൻ

 മദനശരമേറ്റു

 മദനശരമേറ്റു

 വലഞ്ഞു മാധവൻ”

       (വിരുതൻ ശങ്കു)

മദനൻ കാമദേവൻ എന്ന അർത്ഥത്തിളാണ് പ്രയോഗിച്ചിരുന്നത്. കാമുകനും കാമുകിയും ചേർന്ന് പാടുന്ന യുഗ്മഗാനമാണിത്. മദനന്റെ അമ്പുകളേറ്റു വലഞ്ഞ മാധവൻ കൃഷ്ണനാണ്. കാമിനിമാർക്ക് തങ്ങളുടെ കാമുകനെപ്പോഴും കൃഷ്ണൻ എന്ന സങ്കൽപ്പമാണ്.

“മല്ലികാബാണൻ തന്റെ വില്ലെടുത്തു

 മന്ദാരമലർകൊണ്ടു ശരംതൊടുത്തു”

                                        (അച്ചാണി)

പ്രണയത്തിന് കാരണക്കാരൻ എന്ന സ്ഥാനത്തേക്ക് ഓരോ ഗാനത്തിലും കാമദേവൻ ആരോപിക്കപ്പെടുന്നു. മല്ലികാബാണൻ കാമദേവനാണ്. പ്രണയിനികളിലേക്ക് പ്രണയത്തിന്റെ വേലിയേറ്റങ്ങൾ ഉണ്ടാക്കാൻ ശരംതൊടുക്കുന്നതായി കാമദേവനെക്കുറിച്ച് കവി സങ്കൽപം. അത്തരമൊരു സങ്കൽപം വളരെ മനോഹരമായിത്തന്നെ പി. ഭാസ്കരൻ ഉപയോഗിച്ചിരിക്കുന്ന.

പ്രകൃതിഘടകങ്ങൾ പ്രണയഭാവങ്ങളെ ദീപ്തമാക്കുന്നവയായി പി. ഭാസ്കരന്റെ ചലച്ചിത്രഗാനങ്ങളിൽ പ്രവർത്തിക്കുന്നതു കാണാം. സ്ത്രീ സൗന്ദര്യത്തിന്റെ വർണ്ണന, പ്രണയഭാവങ്ങൾ, വിരഹം എന്നിയുടെ ചിത്രീകരണത്തിൽ പ്രകൃതിഘടകങ്ങളുടെ മനോഹരമായ അവതരണം അദ്ദേഹത്തിന്റെ  ഗാനങ്ങളിലുണ്ട്. നാടൻ ശീലുകളെ ഉപയോഗപ്പെടുത്തികൊണ്ട് പ്രകൃതിഘടകങ്ങളെയും അതിന്റെ തന്നെ ഘടനയെയും രൂപകങ്ങളായി സ്വീകരിച്ച് നായിക/ നായക ശരീരങ്ങളിലേക്കോ പശ്ചാത്തലങ്ങളിലേക്കോ വിന്യസിച്ച് സൗന്ദര്യവൽക്കരിക്കുന്നത് പി. ഭാസ്കരനിൽ ശക്തമായി കാണാം. മലയാള ചലച്ചിത്രഗാനശാഖയിൽ ഈ സാംസ്കാരിക ഭാഷാനിർമ്മാണത്തിന്റെ തുടർച്ച വാസ്തവത്തിൽ സംഭവിക്കുന്നില്ല എന്നു തന്നെ പറയാം. ചലച്ചിത്രഗാനസംബന്ധമായി പി. ഭാസ്കരന്റെ ഭാഷാസാംസ്കാരികമായ നിർവചനവും നിർമ്മാണവും അദ്ദേഹത്തിൽ തന്നെ അവസാനിക്കുകയാണ്. അതുതന്നെയാണ് പി. ഭാസ്കരന്റെ ചലച്ചിത്രഗാനങ്ങളുടെ സാംസ്കാരികവും ചരിത്രപരവുമായ പ്രസക്തിയും.

 
ഡോ. ധന്യ ശിവൻ

അസിസ്റ്റന്റ് പ്രൊഫസർ

മലയാള വിഭാഗം

ടി. എം. ജേക്കബ് മെമ്മോറിയൽ ഗവ. കോളേജ്,

മണിമലക്കുന്ന്

ഇമെയിൽ: dhanyasivan881@gmail.com


0 comments
bottom of page