top of page

പാരമ്പര്യനിഷേധം - ദുരവസ്ഥയിൽ

ഡോ. രമിളാദേവി.പി.ആർ

സാഹിത്യപഠനം

മലയാളകവിതാസാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെടുകയും പഠിക്ക പ്പെടുകയും ചെയ്ത കവിയാണ് കുമാരനാശാൻ. ക്ലാസിക്ക് നിയോക്ലാസിക്ക് കാല ഘട്ടത്തിലെ കൃത്രിമ വാച്യഭംഗിയും ഛന്ദോബന്ധമായ രചനകളും കാവ്യാത്മക തയെ നശിപ്പിച്ചപ്പോൾ മലയാളികൾക്ക് ഒരുപുതിയ ഭാവുകത്വം പരിചയപ്പെടുത്തു കയായിരുന്നു അദ്ദേഹം. അന്നുവരെ മലയാളസാഹിത്യംകണ്ട പ്രമേയത്തിൽനിന്നും വിഭിന്നമായി സാമൂഹികപ്രശ്നങ്ങൾ കൈകാര്യംചെയ്യുന്ന ഉള്ളടക്കവും അതിനു യോജിച്ച കഥാപാത്രങ്ങളും ആശാന്റെ ഭാവനയിൽ ഉടലെടുത്തു. പാരമ്പര്യ ത്തിൽനിന്നും ഊർജ്ജം സ്വീകരിച്ച് സമകാലികസമൂഹത്തിന്റെ പ്രശ്നങ്ങളെ വായ നാലോകത്തിനു പരിചയപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. ഇടയ്ക്കൊക്കെ ഏറ്റുമുട്ടിയും ഇടയ്ക്കെല്ലാം സമരസപ്പെട്ടും കാണുന്ന പാരമ്പര്യം കാലത്തിന്റെ ആവശ്യമെന്ന നിലയിൽ നിഷേധിക്കപ്പെടുന്നത് ആശാൻ കൃതികളുടെ പൊതുസ്വഭാവമാണ്.

പാരമ്പര്യനിഷേധം കുമാരനാശാന്റെ കൃതികളിൽ പ്രകടമാവുന്നതെങ്ങനെ

എന്നുള്ള അന്വേഷണമാണ് ഈ പ്രബന്ധത്തിനാധാരം. അദ്ദേഹത്തിന്റെ ഖണ്ഡ കാവ്യങ്ങളെ സാമാന്യമായി നിരീക്ഷിച്ചശേഷം, പാരമ്പര്യത്തിന്റെ വിലക്കുകൾ പൊട്ടിച്ചെറിഞ്ഞ് കേരളത്തിൽ കൊടുങ്കാറ്റുതന്നെ സൃഷ്ടിച്ച 'ദുരവസ്ഥ' എന്ന കൃതിയെ മുൻനിർത്തി ആശാൻ കൃതികളുടെ പാരമ്പര്യനിഷേധസ്വഭാവം കണ്ട ത്താനുള്ള ശ്രമമാണ് ഇവിടെ.

ഭൂതകാലത്തിലെ അനുഭവങ്ങളുടെ ആകെത്തുകയാണ് പാരമ്പര്യം. സംസ്ക തഭാഷയിലെ "പരം' "പര' എന്നീ ധാതുക്കളിൽ നിന്നാണ് പാരമ്പര്യം' എന്ന പദം ഉണ്ടായത്. തലമുറകളായി ക്രമേണ കൈമാറ്റംചെയ്യപ്പെടുന്നത് എന്ന് ഇതിനെ നിർവ്വ ചിക്കാം. നമുക്കുമുമ്പുള്ള തലമുറ നമുക്കായി കരുതിവെയ്ക്കുന്ന ശീലങ്ങളും ആചാ രങ്ങളും വിശ്വാസങ്ങളും ആശയങ്ങളും എല്ലാം ഉൾക്കൊള്ളുന്നതാണ് പാരമ്പര്യം എന്നുപറയാം. അങ്ങനെവരുമ്പോൾ സംസ്കാരവും പാരമ്പര്യവും പരസ്പരം ബന്ധ പ്പെട്ടിരിക്കുന്നു എന്നുപറയേണ്ടിവരും. പാരമ്പര്യം ചരിത്രത്തോടും സംസ്കാര ത്തോടും ബന്ധപ്പെട്ടിരിക്കുന്നു എന്ന ജിദ്ദു കൃഷ്ണമൂർത്തിയുടെ അഭിപ്രായം ഈ അവസരത്തിൽ പ്രസക്തമാണ്.

ഇങ്ങനെ വ്യത്യസ്ത സാംസ്കാരികപാരമ്പര്യത്തിന്റെ സ്വാധീനം ഓരോ വ്യക്തി യിലും കണ്ടെത്താനാവും. പരമ്പരയുടെ ബോധം ഓരോ വ്യക്തിയിലേക്കും എത്തു ന്നത് അയാളുടെ മതം, കുടുംബം, വർഗ്ഗം, പ്രദേശം, ഭാഷ എന്നിവയിലൂടെയാണ്. അതുകൊണ്ടുതന്നെ ഓരോ വ്യക്തിയുടേയും പാരമ്പര്യബോധം വ്യത്യസ്തമാണ്. സാമൂഹികമായ അസ്തിത്വം ഓരോ പാരമ്പര്യത്തിനുമുണ്ടെന്നും അത് ഒരു ജനത യുടെ അടിസ്ഥാന ജീവിതരീതിയും സ്വഭാവവുമാകുന്നുവെന്നും ടി.എസ്. എലി യട്ട് പറയുമ്പോൾ പാരമ്പര്യത്തെ ബൂർഷ്വാ ആശയമായാണ് ക്രിസ്റ്റഫർ കാഡൽ പരിഗണിക്കുന്നത്.

സാഹിത്യത്തിൽ കാവ്യഭാഷ, ഭാഷ ഉൾപ്പെടെയുള്ള കാവ്യത്തിന്റെ രൂപഘടന എന്നിവ കാവ്യപാരമ്പര്യവുമായി അഭേദ്യബന്ധം പുലർത്തുന്നു. ഓരോ തവ ണയും നിലവിലുള്ള ഭാഷയെ പിളർന്നിട്ടുവേണം പാരമ്പര്യത്തിനു മുന്നോട്ടു പോവാൻ. കാലഘട്ടത്തെ കാവ്യഭാഷകൊണ്ടും, കാവ്യവിചാരങ്ങളെക്കൊണ്ടും പിളർക്കുക എന്നതാണ് പാരമ്പര്യനിഷേധിയായ ഒരു കവിക്ക് ചെയ്യാനുള്ളത്. സമൂ ഹത്തോടു പൊരുത്തപ്പെടാൻ വ്യക്തി ഉപയോഗിക്കുന്ന ഉപകരണങ്ങളിൽ മുഖ്യം സാഹിത്യമാണ്. വർത്തമാനകാല ചൈതന്യത്തെ ആത്മവല്ക്കരിക്കുമ്പോൾ മാത്രമേ കവിത ഭാവികാലചൈതന്യത്തെ രൂപപ്പെടുത്താനുതകുന്ന, കരുത്തുറ്റ ഒരു സാംസ്കാ രികസ്വാധീനമായി സാഹിത്യത്തെ മാറ്റിത്തീർക്കാൻ ചുരുക്കം ചില ചരിത്രസന്ദർഭ ങ്ങളിലുരുത്തിരിയുന്ന പ്രതിഭാശാലികളായ കവികൾക്കേ കഴിയൂ. അതിനുദാഹര

ണമാണ് കുമാരനാശാൻ.

ആരോഗ്യകരമായ ഒരു സമൂഹം എന്ന സ്വപ്നമാണ് നവോത്ഥാന സാഹിത്യ കാരന്മാർക്കുണ്ടായിരുന്നത്. ശക്തമായ യാഥാസ്ഥിതികത്വത്തിന്റെ പിടിയിലായിരുന്ന സമൂഹം വിവേകാനന്ദനും, ടാഗോറും, ഗാന്ധിജിയും, ശ്രീനാരയണഗുരുവും വർണ്ണാ ശ്രമധർമ്മങ്ങളെ അതിജീവിച്ച് നിന്നിരുന്ന കാലം. മനുഷ്യനുണ്ടായത് ഒരു പരമ ചൈതന്യത്തിൽനിന്നാണെന്നും സ്ഥിതപ്രജ്ഞനായി കർമ്മം ചെയ്യുകയും തന്റെ കർമ്മംകൊണ്ട് തന്നെതന്നെ ഉദ്ധരിക്കാനാഹ്വാനം ചെയ്യുകയും ചെയ്ത, ഒരു മഹാ പാരമ്പര്യത്തിന്റെ ദാർശനീയമായ പുനരുത്ഥാനമാണ് ആശാൻ കൃതികളിൽ കാണു ന്നത്. ദർശനങ്ങളെ നിത്യജീവിതത്തിൽ വെച്ചു പരീക്ഷിക്കാൻ ശ്രീനാരയണഗുരു വിൽനിന്നു ലഭിച്ച പരിശീലനമാണ് അദ്ദേഹത്തിന്റെ കാവ്യവ്യക്തിത്വത്തിനു രൂപം കൊടുത്തത്. ജീവിതത്തിലെ എല്ലാ ദുരന്തങ്ങളേയുമകറ്റാൻ പാശ്ചാത്യമായ തത്ത്വ സംഹിതകളൊന്നും ആവശ്യമില്ലെന്നും ഇവിടെത്തന്നെയുണ്ടായ തത്ത്വശാസ്ത്ര ങ്ങൾ മതിയെന്നും ആശാൻ വിശ്വസിച്ചു. സന്യാസി എന്ന ബിംബം അദ്ദേഹത്തിന്റെ കവിതയിൽ നിറഞ്ഞുനിൽക്കുന്നത് ഈ വിശ്വാസംകൊണ്ടാണ്. തന്റെ ഏകാന്തത യിൽ നിന്നും ദേശീയവും സാമുദായികവുമായ അഭിലാഷങ്ങളിലേക്ക് കവിതയെ വളർത്തുകയായിരുന്നു കുമാരനാശാൻ.

പാരമ്പര്യത്തേയും പരിവർത്തനത്തേയും എങ്ങനെയിണക്കാമെന്നതാണ് ഏതു കാലത്തും കവികളഭിമുഖീകരിക്കുന്ന പ്രധാനപ്രശ്നം. ചരിത്രസന്ദർഭങ്ങൾ വ്യത്യാ സപ്പെട്ടിരിക്കാമെങ്കിലും ഓരോ പരിവർത്തനഘട്ടത്തിലും കവി അനുഭവിക്കുന്ന മാനസികസംഘർഷം ഒന്നുതന്നെയായിരിക്കും. മൃതഭാരമായി തന്റെ മുതുകിലിരി ക്കുന്ന ഹൈന്ദവസംസ്കാരമായിരുന്നു ആശാന്റെ വേദന. ഭാരതീയത്വത്തിൽനിന്നും പുറത്തുകടക്കാതെ, ജാതിയിൽനിന്ന് പുറത്തു കടക്കാൻ ആശാൻ ആശ്രയിച്ചത് ബുദ്ധമതദർശനത്തെയായിരുന്നു. തന്റെ കാവ്യജീവിതത്തിന്റെ അവസാനത്തിൽ ഹൈന്ദവപുരുഷാദർശമായ ശ്രീരാമനെ വിമർശിക്കാൻ മാത്രമേ ആശാൻ പുരാണ ത്തിലേക്ക് മടങ്ങുന്നുള്ളൂ. തന്റെ മാനസികസംഘർഷത്തെ അവതരിപ്പിക്കാൻ ഭാഷ അപൂർണ്ണമാണെന്നു നോന്നുന്നത് കവികളെ പുതിയഭാഷ സൃഷ്ടിക്കാൻ പ്രേരിപ്പിക്കുന്നു. ജീവിതത്തിന്റെ സങ്കീർണമായ മൂല്യപ്രശ്നങ്ങളിലേക്കു കടക്കുമ്പോൾ പാരമ്പര്യത്തിന്റെ ചില അംശങ്ങൾ നിഷേധിച്ച്, ഒരു പുനഃസൃഷ്ടിക്കു തയ്യാറാവു കയായിരുന്നു അദ്ദേഹം.

ആശാൻ ഒരു റൊമാന്റിക് കവി:

ക്ലാസിസത്തിന്റെ സങ്കേതബദ്ധമായ രചനാരീതികൾക്കെതിരെയുള്ള, മലയാളസാഹിത്യത്തിലെ ആദ്യത്തെ ചുവടുവെക്കായിരുന്നു ആശാൻകൃതികൾ. "റോമാന്റി സിസം' എന്ന് മലയാളം കൊണ്ടാടിയ കാല്പനികതയുടെ ഉദയത്തിൽ സാഹിത്യ നിയമങ്ങൾ പരാജയപ്പെടുകയും കവി വിജയിക്കുകയും ചെയ്യുന്നു. ഇത് കാവ്യ ശൈലിയിൽ പാരമ്പര്യനിഷേധത്തിന്റെ തുടക്കമാകുന്നു.

യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാത്ത നിബന്ധനകളാണ് ഫ്യൂഡലിസത്തിന്റെ സാമാന്യസ്വഭാവം. ആ കർക്കശനിയമങ്ങളുടെ കെട്ടുപാടിൽനിന്ന് മനു ഷ്യമനസ്സിന് ഭാഗികമായി മോചനം ലഭിച്ചു. പതിനെട്ടാം നൂറ്റാണ്ടിൽ വന്ന ഈ മാറ്റം സാഹിത്യത്തിലും പ്രതിഫലിച്ചു. സമൂഹത്തിന്റെ ആചാരബന്ധമായ രീതിയോ ടൊപ്പം ക്ലാസിക് സാഹിത്യത്തിന്റെ സങ്കേതങ്ങളും പൊളിഞ്ഞുവീണു. എല്ലാ ഭാര തീയഭാഷകളിലും ഈ മാറ്റം പ്രകടമായി. വ്യക്തിയ്ക്കു മാനസികമായി സ്വാതന്ത്ര്യം ലഭിച്ചതോടെ, കവി സ്വതന്ത്രമായി. തികഞ്ഞ വ്യക്തിത്വമുള്ള മനുഷ്യന്റെ ജീവിത ഭാവങ്ങൾ സ്വതന്ത്രമായി അവരുടെ സങ്കല്പത്തിനുമേൽ സഞ്ചരിച്ചുകൊണ്ടിരുന്നു. ഇംഗ്ലീഷ് കാല്പനികകവികളായ ഷെല്ലി, കീറ്റ്സ്, വേഡ്സ്വർത്ത് എന്നിവരെ സമൂഹം ഉൾക്കൊണ്ടു. റൊമാന്റിസിസത്തിന്റെ മുഖമുദ്ര അനിയന്ത്രിതമായ സ്വാത ന്ത്ര്യമാണ്. ഇങ്ങനെ സ്വാതന്ത്ര്യദാഹികളായ കഥാപാത്രങ്ങളെയാണ് ആശാൻ തന്റെ കൃതികളിൽ ആവിഷ്കരിച്ചത്. അച്ചീചരിതങ്ങളിലും, വെണ്മണിക്കവിതകളിലും മറ്റും ശരീരവർണനയുടെ ഭാഗമായി മാത്രം നിറഞ്ഞുനിന്നിരുന്ന സ്ത്രീകഥാപാത്രങ്ങളെ ആശാൻ മലയാളിക്കു പരിചയപ്പെടുത്തി. ഇവിടെയാണ് ആശാന്റെ സ്ത്രീകഥാപാത്രങ്ങൾ വ്യത്യസ്തരാകുന്നത്.

ആശാന്റെ പ്രണയസങ്കൽപം

കാല്പനികമനസ്സ് തേടുന്ന തീവ്രാനുഭൂതികൾ പലപ്പോഴും സ്ത്രീപുരുഷ മത്തോട് ബന്ധപ്പെട്ടതാണ്. കാല്പനികകവിത എന്നാൽ പ്രണയകവിത എന്നുപോലും തെറ്റിദ്ധാരണയുണ്ട്. പ്രേമം പ്രതീക്ഷാനിർഭരമായതിനാലാവാം അത്. കിട്ടാൻ സാദ്ധ്യ തയില്ലാത്തത് ആഗ്രഹിക്കുകയും, അത് ഒഴിച്ചുകൂടാൻ വയ്യാതാവുമ്പോൾ മരിക്കു കയും ചെയ്യുന്നത് റൊമാന്റിക്കുകളുടെ സ്വഭാവമാണ്. കാല്പനിക പ്രണയം മരണ ത്തിലെത്തുകയോ, മരണം പ്രണയത്തിന് വഴിമാറിക്കൊടുക്കുകയോ ചെയ്യാം.

കുമാരനാശാന്റെ മുഖ്യകൃതികളെല്ലാം പ്രണയകാവ്യങ്ങളാണ്. പ്രണയം ഏതു കാലത്തേയും കവികളുടെ ഇഷ്ടവിഷയമാണ്. “പ്രേമമെന്നത് ജന്തുസാധാരണ കാമവികാരത്തിന് മനുഷ്യസംസ്കാരം ചാർത്തിക്കൊടുത്തിട്ടുള്ള ഒരു പരിവേഷ മാണ്. സ്വേച്ഛാചാരിയായ കാമവികാരത്തെ സമൂഹത്തിന്റെ ചട്ടക്കൂടിൽ ഭദ്രമായി ഒതുക്കിനിർത്താൻ പ്രേമവും, പ്രേമത്തിന്റെ സ്വാഭാവിക നിയന്ത്രണങ്ങളും കൂടി

കഴിയൂ. എന്നാൽ മനുഷ്യർ, സാമൂഹ്യജീവിതത്തിന്റെ ഭദ്രതയ്ക്കുവേണ്ടി ഒരു ക്കിയെടുക്കുന്ന ഏതുമൂല്യത്തിനും വൈയക്തികമായ ഒരു പ്രസക്തിയും പ്രകാ ശവലയവും ചാർത്തിക്കൊടുക്കുന്നു. ഈ മൂല്യങ്ങൾ തങ്ങളുടെ ജന്മോദ്ദേശ്യ

ത്തന്നെ തിരസ്കരിച്ച് സ്വയം ലക്ഷ്യങ്ങളായി മാറുന്ന അവസ്ഥകളും വിരള മല്ല'' ഇങ്ങനെ സമൂഹത്തിന്റെ ഭദ്രതയ്ക്കുവേണ്ടി നിർമ്മിച്ചിട്ടുള്ള ചട്ടക്കൂടുകൾ ലംഘിക്കുന്നതാണ് ആശാന്റെ പ്രണയകവിതകളുടെ സ്വഭാവം. നായികാനായക ന്മാർ ഒരുപോലെ ആഗ്രഹിച്ചുകൊണ്ടുള്ള പ്രണയങ്ങളല്ല ആശാൻ ചിത്രീകരിച്ചിട്ടുള്ളത്. നായികമാരാണ് പ്രേമിക്കുന്നത്. നായകന്മാർ വിരക്തരോ യോഗികളോ ആണ്. നായികമാരാകട്ടെ, സമാഗമത്തിലൂടെയല്ലെങ്കിൽ മരണത്തിലൂടെ തങ്ങളുടെ പ്രണ യത്തെ സാക്ഷാത്ക്കരിച്ചവരാണ് (ദുരവസ്ഥയിലൊഴികെ). ആശാന്റെ കവിതകളിൽ പ്രണയമെന്നത് സമൂഹത്തിന്റെ മൂല്യമായിട്ടല്ല; മറിച്ച് ജീവിതത്തിന്റെ മൂല്യമായി ട്ടാണ് നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ, ഈ ജീവിതമൂല്യങ്ങൾ സമൂഹത്തിന്റെ മൂല്യങ്ങളെ വെല്ലുവിളിക്കുകയും എതിർത്തുതോൽപിക്കുകയും ചെയ്യുന്നു.


സാമൂഹ്യപരിഷ്കർത്താവായ ആശാൻ

ഫ്യൂഡൽകാലത്ത് കേരളീയജീവിതത്തിന്റെ സമസ്തമണ്ഡലങ്ങളിലും അദ്ധ്യക്ഷപദവി അലങ്കരിച്ചിരുന്നത് ബ്രാഹ്മണരാണ്. ക്ഷേത്രങ്ങളെ ആധാരമാക്കിയതായി രുന്നു അന്നത്തെ സാമൂഹ്യജീവിതം. ജീവിതത്തിന്റെ ഓരോ സ്പന്ദനവും ക്ഷേത്ര ഭരണം നടത്തിയിരുന്ന നമ്പൂതിരിമാരുടെ ആഗ്രഹത്തിനു വിധേയമായതായിരുന്നു. ഭൗതികജീവിതം മാത്രമല്ല, ആത്മീയമേഖലയും ഇവർക്കധീനമായിരുന്നു.

ബ്രാഹ്മണമേധാവിത്വത്തെക്കുറിച്ചും അതുമൂലമുണ്ടായ ജാതിവ്യവസ്ഥയെക്കു റിച്ചും പി.കെ.ഗോപാലകൃഷ്ണൻ പറയുന്നതിങ്ങനെ: “ജാതിവ്യവസ്ഥ ഏറ്റവും കർശ നമായി പാലിക്കാനുള്ള എല്ലാ ഏർപ്പാടുകളും അവർ ഉണ്ടാക്കി. നമ്പൂതിരിമാരു മായി സഹകരിക്കാതിരിക്കുന്നവരെയെല്ലാം താണജാതിക്കാരും അയിത്തക്കാരു മാക്കി. അയിത്തമാകുന്ന ദൂരത്തിനപ്പുറം അയിത്തജാതിക്കാരൻ അടുത്തെത്തിയാൽ ഉയർന്ന ജാതിക്കാരൻ അശുദ്ധപ്പെടും. ഇങ്ങനെ അശുദ്ധപ്പെട്ട ഉയർന്ന ജാതിക്കാ രൻ തൊട്ടാലും അശുദ്ധപ്പെടും. അശുദ്ധി തീരണമെങ്കിൽ കുളിക്കണം. ബ്രാഹ്മ ണൻ കുളിക്കുന്ന കുളത്തിന്റെ സമീപത്തുകൂടി അയിത്തജാതിക്കാരൻ നടന്നുപോ യാൽ കുളവും അശുദ്ധപ്പെടും. കുളം ശുദ്ധി ചെയ്യാൻ പുണ്യാഹം കഴിക്കണം”

അന്ന് ബ്രാഹ്മണൻ മാത്രമേ സാഹിത്യസൃഷ്ടി നടത്തിയിരുന്നുള്ളൂ. അവരാ ണെങ്കിൽ ക്ഷേത്രോപാസനയിലും സ്ത്രീകളുടെ അംഗലാവണ്യം ആസ്വദിക്കുന്ന തിലുംമാത്രം മുഴുകിയവരായിരുന്നു. ബഹുഭാര്യാത്വവും ബഹുഭർത്തൃത്വവും സാധാ രണമായിരുന്നു. കലയും സാഹിത്യവും സവർണരുടെ മാത്രം സ്വത്തായി. ബ്രാഹ്മ ണർക്കും, ദേവദാസികൾക്കും, ഗണികകൾക്കുംവേണ്ടി രചിക്കപ്പെട്ട കൃതികൾക്ക് സാധാരണ ജനങ്ങളുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല.

മണിപ്രവാളകൃതികളിലധികവും വേശ്യാകഥകളായിരുന്നു പ്രതിപാദ്യം. ഉണ്ണി യച്ച പരിചയം, ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടീചരിതം എന്നീ ചമ്പുക്കളിലും കോകസന്ദേശം, ഉണ്ണുനീലിസന്ദേശം തുടങ്ങിയ സന്ദേശകാവ്യങ്ങളിലും വൈശി കതതന്ത്രം, ചന്ദോത്സവം, മാരലേഖാമലർബാണകേളി, മേദിനീ വെണ്ണിലാവ് തുട ങ്ങിയ മറ്റു പ്രാചീനകൃതികളിലുമുള്ള സ്ത്രീകളുടെ അംഗപ്രത്യം ഗവർണ്ണന ത്രൈവർണ്ണികരുടെ ലൈംഗിക അരാജകത്വം വെളിപ്പെടുത്തുന്നവയാണ്.

പൂന്താനം, ചെറുശ്ശേരി, എഴുത്തച്ഛൻ തുടങ്ങിയവർ സാംസ്കാരികമൂല്യമുള്ള കൃതികൾ രചിച്ചെങ്കിലും, അവ സവർണ്ണാധിപത്യമുറപ്പിക്കാൻ സഹായകമാവുക യാണുചെയ്തത്. ബ്രാഹ്മണമേധാവിത്വത്തെ എതിർക്കാൻ കഴിഞ്ഞെങ്കിലും സവർണ്ണ മേധാവിത്വത്തിന്റെ ശക്തി തകർക്കാൻ കുഞ്ചൻ നമ്പ്യാർക്കും കഴിഞ്ഞില്ല.

രാഷ്ട്രീയ, വിദ്യാഭ്യാസ, ആരാധനാ സ്വാതന്ത്ര്യങ്ങൾ ഒന്നുമില്ലാത്ത അവശസമുദായത്തിൽ ജനിച്ച കുമാരനാശാൻ സ്വന്തം പ്രയത്നത്താൽ വിദ്യാഭ്യാസം നേടു കയും, തന്റെ ചുറ്റുപാടുകളെക്കുറിച്ചറിയുകയും, ചിന്തിക്കുകയും ചെയ്തു. ജാതിക്കും ജാതിയിലധിഷ്ഠിതമായ ഉച്ചനീചത്വങ്ങൾക്കുമെതിരെ ശ്രീനാരായണഗുരു തുടങ്ങി വെച്ച സാമൂഹികവിപ്ലവത്തിന്റെ തുടർച്ചയായാണ് ശിഷ്യനായ ആശാൻ ഈ രംഗ ത്തേക്കു കടന്നുവന്നത്. സാമൂഹികസമത്വത്തിന്റേയും രാഷ്ട്രീയ സ്വാതന്ത്ര്യത്തി ന്റെയും ആവശ്യത്തെക്കുറിച്ച് തികച്ചും ബോധവാനായിരുന്നു അദ്ദേഹം.

തനിയ്ക്കു ലഭ്യമായിരുന്ന എല്ലാ വേദികളും, മാധ്യമങ്ങളും ആശാൻ സാമൂ ഹികപരിഷ്ക്കരണത്തിനായി വിനിയോഗിച്ചു. ഒരു പ്രത്യേക സമുദായത്തിലോ പ്രദേശത്തോ അല്ല അദ്ദേഹത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചത്. വ്യക്തികളോടല്ല; വ്യവസ്ഥ കളോടായിരുന്നു ആശാൻ മത്സരിച്ചത്. താലൂക്കടിസ്ഥാനത്തിൽ അന്നു നടത്തിയി രുന്ന തെരഞ്ഞെടുപ്പു സംവിധാനത്തിൽ, ലെജിസ്ലേറ്റീവ് കൗൺസിലിൽ പിന്നോക്ക വിഭാഗക്കാർക്ക് പ്രാതിനിധ്യം ഉണ്ടായിരുന്നില്ല. ഇതിനെതിരെ ആശാൻ ശബ്ദമു യർത്തി. എല്ലാ ജാതിക്കാർക്കുമായി തുറന്നുകൊടുത്ത സ്കൂളുകളിലെല്ലാംതന്നെ ഒരു പിന്നോക്ക വിദ്യാർത്ഥിയെയെങ്കിലും പ്രവേശിപ്പിക്കണമെന്നും, സമ്പന്നവിഭാ

ഗത്തിനു നൽകിയിരുന്ന ഫീസാനുകൂല്യം അനാവശ്യമാണെന്നും അദ്ദേഹം അഭി പ്രായപ്പെട്ടു. ഈഴവയുവാക്കൾക്ക് അവരുടെ തൊഴിലിൽ സാങ്കേതികപരിജ്ഞാനം നേടുന്നതിനും, താഴ്ന്ന ജാതിക്കാർക്ക് സംസ്കൃതാദ്ധ്യയനത്തിനും ഉള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കണമെന്നും ഗവൺമെന്റിനോടാവശ്യപ്പെട്ടു.

അസംഘടിതമായി കേരളത്തിൽ പരന്നുകിടന്നിരുന്നവരെ ഒന്നിപ്പിക്കുവാനാണ് കുമാരനാശാൻ ശ്രമിച്ചത്. "സ്നേഹമെന്ന ഒറ്റ വികാരത്തിനേ സാമൂഹ്യ, സാമ്പ ത്തിക, രാഷ്ട്രീയ പുരോഗതി ഉണ്ടാക്കാൻ കഴിയൂ എന്നദ്ദേഹം വിശ്വസിച്ചു. വ്യക്തിക്കു സമൂഹത്തിലുള്ള സ്ഥാനം കഴിഞ്ഞജന്മത്തിൽ നിശ്ചയിക്കപ്പെട്ടതാണെന്ന സിദ്ധാന്തം മാറ്റിയെഴുതുകയായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. കാലത്തിന്റെ ആവ ശ്യവും അതുതന്നെയായിരുന്നു. സാംസ്കാരിക സമന്വയത്തിനുള്ള ഉത്തമോപാ ധിയായ സാഹിത്യം വികാരങ്ങളെ ഉണർത്തുകയും, വികാരങ്ങളിൽനിന്നും വിചാ രങ്ങളിലേയ്ക്കും, ഭാവനയിൽനിന്നും ചിന്തയിലേയ്ക്കും, മൃഗീയതയിൽ നിന്നും ദൈവീകതയിലേയ്ക്കും മനുഷ്യനെ നയിക്കുമെന്നായിരുന്നു കുമാരനാശാന്റെ വിശ്വാസം. "വീണപൂവ്' മുതൽ 'കരുണ' വരെയുള്ള അദ്ദേഹത്തിന്റെ കാവ്യങ്ങൾ ഇതിനുദാഹരണമാണ്.


ദുരവസ്ഥയിലേക്ക്

ആദ്ധ്യാത്മികതയുടെ ചുവടുപിടിച്ചു കൊണ്ട് സാമൂഹികവിഷയങ്ങളെ കൈകാര്യം ചെയ്യുന്നതാണ് കുമാരനാശാന്റെ രീതിയെന്ന് സാമാന്യമായിപ്പറയാ മെങ്കിലും "വിലക്ഷണകാവ്യം' എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിച്ച 'ദുരവസ്ഥ' ആദ്ധ്യാത്മികതയുടെ യാതൊരാവരണവുമില്ലാതെ രചിക്കപ്പെട്ട കൃതിയാണ്. സാമൂ ഹ്യബോധമാർന്ന വ്യക്തിത്വം ആശാന്റെ കവിത്വത്തിൽ ചെലുത്തിയ ബോധപൂർവ്വ മായ പ്രേരണയുടെ ഫലമാണ് ഈ കാവ്യം. പാരമ്പര്യമൂല്യങ്ങളെ പാടേ നിഷേ ധിച്ച് വിപ്ലവകരമായ പരിഷ്കരണത്തിനുവേണ്ടിയുള്ള അദമ്യമായ ആഹ്വാനമായിരുന്നു ഇത്.

സമൂഹത്തിലെ ഏറ്റവും ഉന്നതകുലത്തിൽ നിലകൊള്ളുന്ന ഒരു ബ്രാഹ്മണകു മാരി, അവരുടെ ദൃഷ്ടിയിൽപ്പെട്ടാൽപോലും ദോഷമുള്ള പുലയൻ ചാത്തനെ വേൾക്കുന്നതാണിതിന്റെ കഥ. അരനൂറ്റാണ്ടുമുമ്പ് ഇത്തരം ഒരു കഥപറഞ്ഞ് ജന ങ്ങളെ വിശ്വസിപ്പിക്കാൻ പ്രയാസമായിരുന്നു. മലബാറിൽ 1921 ൽ നടന്ന മാപ്പിളല ഹളയെ പശ്ചാത്തലമാക്കിയപ്പോൾ അതിനു സ്വാഭാവികത കൈവന്നു.

ലഹളയിൽ ആളും അർത്ഥവും നശിപ്പിക്കപ്പെട്ട ഒരു ബ്രാഹ്മണകന്യക പുലയക്കുടിലിൽ എത്തിപ്പെടുകയും ചാത്തനെന്ന യുവാവിന്റെ സംരക്ഷണത്തിൽ കഴി യുകയും ചെയ്യുന്നു. അയാളുടെ സ്വഭാവശുദ്ധിയിലും സ്നേഹത്തിലും സംതൃപ്ത യായ സാവിത്രി ചാത്തനെ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. ആചാരങ്ങൾ അങ്ങേയറ്റം വിലക്കിയിട്ടും, സംഭവിക്കാൻ പാടില്ലാത്ത ഒന്നിനെ സംഭാവ്യമാക്കിത്തീർത്തു.

വൈയക്തിക പ്രേമബന്ധത്തിന്റേതായ ജീവിതവീക്ഷണം വളർന്നുവരുമ്പോൾ മാതാപിതാക്കളുടെ ആജ്ഞകളെലംഘിച്ച് സ്വയം പ്രേമബന്ധത്തിലേർപ്പെടാനും വിവാഹിതരാവാനും മടിക്കാത്ത ഒരു തലമുറ വളർന്നുവരും. അവരുടെ വളർച്ച നിലവിലുള്ള കുടുംബവ്യവസ്ഥകളെയും അതിനോടുബന്ധപ്പെട്ടുകിടക്കുന്ന പ്രഭു ത്വത്തേയും പിടിച്ചുകുലുക്കും. ഈ പ്രക്രിയയുടെ ഫലമായി ജാതിമതാദികെട്ടുപാ ടുകൾ മുറിച്ചുകൊണ്ടുള്ള ഒരു സമൂഹം ഉയർന്നുവരും. ഇതാണ് യഥാസ്ഥിതികരെ അരിശംകൊള്ളിച്ച ആശയം. ബ്രാഹ്മണകുമാരിയെ മറക്കുടയ്ക്കുള്ളിൽനിന്നും പുറ ത്തെടുത്ത് സൂര്യപ്രകാശം കാണിക്കാനുള്ള ധൈര്യം ആശാനുണ്ടായി.

“മാറ്റുവിൽ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ

മാറ്റുമതുകളീ നിങ്ങളെത്താൻ” എന്നുദ്ഘോഷിക്കുന്ന 'ദുരവസ്ഥ' സോഷ്യലിസ്റ്റ് സംസ്കാരത്തിന്റെ ആശയങ്ങളുൾക്കൊള്ളുന്നു. ഈ നിലയിൽ പുരോഗമനസാഹിത്യത്തിന്റെ മുന്നോടിയാണിതെന്നു പറയാം.

ക്രൂരമായ നിയമങ്ങൾക്കു വിധേയമായ സമുദായത്തിന്റെ ചിത്രം ദുരവസ്ഥയിൽ വളരെ വ്യക്തമാണ്.

“വണ്ണം കുറഞ്ഞൊരു രണ്ടു ചാൺ പൊക്കത്തിൽ

മണ്ണുചുവരുണ്ടതിന്നു ചുറ്റും

കോണും മുഴകളും തീർത്തിട്ടില്ലായതിൽ

കാണുന്നു കൈവിരൽപ്പാടുപോലും'

דഇത്തരത്തിലുള്ള പുലയച്ചാളയുടെ ചിത്രവും "ഉച്ചമാമില്ലത്തെ വെണ്മാടമൊ ന്നിന്റെ അകലവും ഇതിനുദാഹരണമാണ്. ഈ അകലം കുറയ്ക്കാനുള്ള വർഗ്ഗസ മരങ്ങൾ നടത്തേണ്ടത് ചാത്തന്റെ വർഗ്ഗമാണ്. ഇതിന് അവന്റെ സമൂഹത്തെ സജ്ജ മാക്കാനുള്ള ആദ്യപടിയാണ് ഒരു ബ്രാഹ്മണതരുണിയ്ക്ക് പുലയയുവാവിനോട് പ്രണയം തോന്നിയത്. ജാതിയെ ചലിപ്പിച്ച് ചാത്തനേയും അവന്റെ വർഗ്ഗത്തേയും ചരിത്രവുമായി കൂട്ടിയിണക്കുകയാണ് ആശാന്റെ ലക്ഷ്യം. ഭാരതീയ അസ്തിത്വ ദർശനങ്ങളേയും ഇന്ത്യൻ സാമൂഹ്യപ്രശ്നങ്ങളേയും

സമന്വയിപ്പിക്കുന്നതാണ് ദുര വസ്ഥയിൽ കാണുന്നത്.


ആത്മീയതയുടെ യാതൊരാവരണവുമില്ലാത്ത കൃതിയാണ് ദുരവസ്ഥ. മറ്റു കൃതി കൾക്കുള്ള പല സ്വഭാവങ്ങളും ഇതിനില്ല. അതിനാലാണിതിനെ "വിലക്ഷണകാവ്യം' എന്ന് ആശാൻ തന്നെ വിളിക്കുന്നത്. “ആദ്യം പ്രാസവാദത്തിന്റെ കാര്യത്തിലും അന്ന് ഉൽപതിഷ്ണു ചേരിയിൽ നിന്നിരുന്ന രാജരാജവർമ്മയുടെ നിർദ്ദേശങ്ങൾ നടപ്പിൽവരുത്താൻ കഴിയുന്നില്ല എന്ന് ഖേദം പ്രകടിപ്പിച്ചുകൊണ്ടുതന്നെ നളിനിയും, ലീലയും എല്ലാമെഴുതിയ ആശാനാണ് അവസാനം ദുരവസ്ഥയിലേക്ക് വന്നപ്പോ ഴേയ്ക്കും ഈ കാവ്യസങ്കേതങ്ങൾ, കവിതാരൂപങ്ങൾ എന്നിവയെ സംബന്ധിച്ച് താൻ പഠിച്ചുവെച്ച സിദ്ധാന്തങ്ങളെയെല്ലാം മുറിച്ചുകടന്നുകൊണ്ട് ധർമ്മാദർശത്താൽ പ്രേരിതനയി” പ്രവർത്തിക്കുന്നത് എന്ന് ഇ.എം.എസ് പറയുന്നുണ്ട്. ഇതിലൂടെ തന്നെ ത്തന്നെ നിഷേധിക്കുന്ന ആശാനെ നമുക്കുകാണാം.

ഹൈന്ദവസമൂഹത്തിന്റെയും സംസ്കാരത്തിന്റെയും നേരെ ആശാൻ നടത്തിയ ഗംഭീര ഒരാക്രമണം തന്നെയാണ് "ദുരവസ്ഥ

ദുരവസ്ഥ ആശാന്റെ മറ്റുകൃതികളെ അപേക്ഷിച്ച് ലളിതമാണ്, സുഗ്രാഹ്യമാ ണ്. അതുവരെ എഴുതിവന്ന ഒരു രീതിയിൽ നിന്നും മാറി മറ്റൊരു രീതി പരീക്ഷിക്കു കയായിരുന്നു അതിലൂടെ അദ്ദേഹം ചെയ്തത്. “ജാതിയുടെ അർത്ഥശൂന്യതയോ വർഗ്ഗീയതയുടെ അനാശാസ്യതയോ പലരും കരുതുന്നതുപോലെ അനുവാചക രുടെ ഹൃദയത്തിൽ അനുസ്മരണ വിധേയമാംവണ്ണം ആഴത്തിൽ പതിപ്പിക്കുവാൻ ദുരവസ്ഥക്ക് കഴിവില്ല' എന്ന പ്രസ്താവന അല്പത്വത്തിന്റെ ലക്ഷണമായേ കരു താനാവൂ. നിലനിൽക്കുന്ന ജാതിവ്യവസ്ഥകൾക്കെതിരെ ആഞ്ഞടിക്കുന്ന കൊടു ങ്കാറ്റുതന്നെയാണ് ദുരവസ്ഥ. അത് സംവേദനക്ഷമവുമാണ്. അന്നത്തെ സമൂഹ ത്തിനു മാത്രമല്ല, കാലമേറെ കഴിഞ്ഞിട്ടും ഇന്നും പ്രമാണ് ഈ കൃതി.

ദേശീയ സ്വാതന്ത്ര്യത്തിനുവേണ്ടി ജാതിചിന്തകൾക്കതീതമായി കേരളം ഒറ്റ ക്കെട്ടായി പോരാടേണ്ടതിന്റെ ആവശ്യകത കുമാരനാശാൻ "ദുരവസ്ഥ'യിലൂടെ ബോധ്യപ്പെടുത്തുന്നു. തൊഴിൽ വിഭജനത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്നുവന്ന ജാതിശ്രേണി മനുഷ്യരുടെ ഉള്ളിൽ ഒടുങ്ങാത്ത പക കുത്തിവെക്കുന്നു എന്ന വസ്തുത അദ്ദേഹത്തിനറിയാമായിരുന്നു. ഇതിനുപ്രതിവിധി ജാതിവിഭാഗീയത കൾക്കതീതമായി വളർന്നുവരുന്ന സ്നേഹം ഒന്നുമാത്രമാണെന്ന് അദ്ദേഹം കരു തിയിരിക്കാം. അങ്ങനെയാണ് ഒരുകാലത്ത് സ്വപ്നം മാത്രമായിരുന്ന വിജാതീയ വിവാഹം സാഹിത്യത്തിലവതരിപ്പിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങിയത്; പതുക്കെ പതു ക്കെയാണെങ്കിലും ഇന്ന് യാഥാർത്ഥ്യമാവാൻ തുടങ്ങിയ ഈ സങ്കല്പനം അന്ന് കാവ്യഭാവനയിലൂടെയെങ്കിലും സാക്ഷാത്കരിക്കാൻ ശ്രമിക്കുകയായിരുന്നു സാവി തീചാത്ത പരിണയത്തിലൂടെ ആശാൻ. മനുഷ്യർക്കിടയിൽ നിലനിൽക്കുന്ന എല്ലാ അതിർവരമ്പുകളും പൊളിച്ചുകൊണ്ട്, സ്നേഹമെന്ന മഹാസത്യത്തിലൂടെ കൈവ രുന്ന സമത്വസുന്ദരമായ ഒരു ലോകമാണ് ആശാൻ "ദുരവസ്ഥ'യിലൂടെ വിഭാ വനംചെയ്യുന്നത്. ഇത്രയും വ്യക്തമായ സാമൂഹികലക്ഷ്യത്തോടെ രചിച്ച ഈ കാവ്യം.


വിലക്ഷണകാവ്യമോ ദുരവസ്ഥയോ അല്ല. യാഥാസ്ഥിതികരുടെ ആക്രമണത്തെ അതിജീവിക്കാനുള്ള രക്ഷാകവചമായിരുന്നു ആമുഖത്തിലെ "വിലക്ഷണ കാവ്യ'മെന്ന പരാമർശവും കൃതിയുടെ 'ദുരവസ്ഥ' എന്ന തലക്കെട്ടും എന്ന് നിരീ ക്ഷിക്കാതെ വയ്യ. നിലവിലുള്ള കവിതാശൈലിയുടേയും കാവ്യപ്രമേയത്തിന്റെയും പൊളിച്ചെഴുത്തുനടത്തിയ കുമാരനാശാൻ തന്റെ കാവ്യത്തിന് നേരിടേണ്ടിവരുന്ന പ്രതിസന്ധികളെ മുൻകൂട്ടി കണ്ടിരിക്കണം.

ഇങ്ങനെ പാരമ്പര്യ അനുഭവങ്ങളിൽനിന്നും ജൈവാംശം ഊറ്റിയെടുത്ത് അതു സമൂഹത്തിനനുസരിച്ച് വാർത്തെടുക്കുന്നതാണ് ആശാൻ കൃതികളുടെ രീതി. മുമ്പു ള്ളവരെന്തു ചെയ്തു എന്നതിലല്ല, മറിച്ച് തനിക്ക് ചെയ്യാനുള്ളതെന്ത് എന്ന വ്യക്ത മായ ധാരണയിലൂന്നിയതാണ് അദ്ദേഹത്തിന്റെ കാവ്യദർശനം. മലയാളി പാരമ്പരാ ഗതമായി ശീലിച്ചുവന്ന കാവ്യരീതിയുടേയും കാവ്യസൗന്ദര്യദർശനത്തിന്റെയും കാവ്യപ്രമേയത്തിന്റെയും പൊളിച്ചെഴുത്തുതന്നെയാണ് "ദുരവസ്ഥ"



സഹായക ഗ്രന്ഥങ്ങൾ

  1. Caudwell, Christopher, Illusion and Reality, 1978, Peoples publishing house, New Delhi.

  2. Eliot,T.S. Selected Prose, 1965, Penguin Books, London.

  3. Lutyens, Mary, The Second Krishnamoorthy Reader, 1991, Penguin Books, London

  4. അലക്സാണ്ടർ, കെ.ജെ, സ്നേഹഗായകൻ, 1959 (1945), കറന്റ് ബുക്സ്, തൃശൂർ

  5. കക്കാട്, എൻ.എൻ, കവിതയും പാരമ്പര്യവും, 2009 (1984), വള്ളത്തോൾ വിദ്യാപീഠം, ശുകപുരം.

  6. കുമാരനാശാൻ, ദുരവസ്ഥ, 1997 (1975), ദേവി ബുക്സ്റ്റാൾ, കൊടുങ്ങല്ലൂർ

  7. കുമാരനാശാൻ, ആശാന്റെ പദ്യകൃതികൾ, 1992 (1990), കറന്റ് ബുക്ക്സ്, തൃശൂർ.

  8. ഗോപിനാഥൻ, എ, ആശാനും ഭാരതീയ ദർശനങ്ങളും, 1993, ഡി.സി. ബുക്ക്സ്, കൊട്ടയം.

  9. ഗോപാലകൃഷ്ണൻ, പി. കെ, കേരളത്തിന്റെ സാംസ്കാരികചരിത്രം, 2000(1974), കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

  10. ജോസഫ്, മുണ്ടശ്ശേരി, ആശാൻ കവിത: ഒരു പഠനം, 1971, മംഗളോദയം, തൃശൂർ.

  11. ദാമോദരൻ,എൻ.കെ (എഡി), ആശാൻ കവിത, 1967, ആശാൻ അക്കാദമി, തിരുവനന്തപുരം.

  12. പണിക്കർ,എം.പി, മലയാളഖണ്ഡകാവ്യങ്ങൾ ഒരു പഠനം, 1985, കേരളാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തുരുവനന്തപുരം.

  13. ബാലകൃഷ്ണൻ,പി.കെ, കാവ്യകല കുമാരനാശാനിലൂടെ 1979 (1970), നാഷ ണൽ ബുക്ക്സ്റ്റാൾ, കോട്ടയം.

  14. ലീലാവതി,എം. മലയാളകവിതാസാഹിത്യചരിത്രം, 2002(1980), കേരളസാ ഹിത്യ അക്കാദമി, തൃശൂർ.

  15. ശങ്കരൻ, തായാട്ട്, ആശാൻ നവോത്ഥാനത്തിന്റെ കവി, 1973, ഗ്രന്ഥ കർത്താവ്

  16. ശങ്കരൻ, തായാട്ട്, ദുരവസ്ഥ ഒരു പഠനം, 1978, നാഷണൽ ബുക്ക്സ്റ്റാൾ,

    കോട്ടയം.

  17. ശങ്കരൻ നമ്പൂതിരിപ്പാട്, ഇ.എം, ആശാനും മലയാളസാഹിത്യവും, 1995, ചിന്ത പബ്ലിക്കേഷൻ, തിരുവനന്തപുരം

  18. സാനു,എം.കെ.(എഡി), കുമാരനാശാന്റെ കാവ്യപ്രപഞ്ചം, 1974, നവോത്ഥാ നസമിതി, കൊച്ചി.

  19. സുഭാഷ്,എം.പി.(എഡി), ആശാനും ആശാന്റെ കാലഘട്ടവും (1993), കുമാ

    രനാശാൻ സ്മാരകസമിതി, തോന്നയ്ക്കൽ.


 

ഡോ. രമിളാദേവി.പി.ആർ

അസിസ്റ്റന്റ് പ്രൊഫസർ

സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്

കോഴിക്കോട്

ഫോൺ : 9961639365

E-mail: ramiladevi 1981@gmail.com

8 views0 comments
bottom of page