വിവർത്തനം നർമ്മകഥ
ഹരിശങ്കർ പർസായി
വിവ.ഡോ.എസ്. സുനിൽകുമാർ
നഗരത്തിലെ വൃത്തികെട്ട ഒരു തെരുവിൽ ഒരു ചെറിയ പഴയ വീട്ടിൽ ഒരാൾ
താമസിച്ചിരുന്നു. ത്രിശങ്കു എന്നായിരുന്നു അയാളുടെ പേര്. അദ്ദേഹം ഒരു സ്കൂൾ അധ്യാപകനായിരുന്നു.
തുശങ്കു മാസ്റ്റർക്ക് എല്ലാറ്റിനും പരാതിയായിരുന്നു. ഏറ്റവും കൂടുതൽ പരാ തിയും പരിഭവവും തന്റെ വീടിനെക്കുറിച്ചുതന്നെയായിരുന്നു. അയാളുടെ ഏറ്റവും വലിയ ആഗ്രഹം ഒരു നല്ല തെരുവിൽ ഒരു വലിയ വീട്ടിൽ താമസിക്കുക എന്നതാ യിരുന്നു. വലിയ വീട്ടിലെ കുട്ടികൾ സ്കൂളിൽ വരുമ്പോൾ അവരോട് മാസ്റ്റർക്ക് പ്രത്യേക സ്നേഹമായിരുന്നു. പരീക്ഷയാകുമ്പോൾ അവരോട് പ്രധാന ചോദ്യങ്ങൾ പറഞ്ഞുകൊടുക്കുകയും അവർക്ക് കൂടുതൽ മാർക്ക് നൽകുകയും ചെയ്തുവന്നിരു ന്നു. വീട്ടുടമസ്ഥന്മാർ സന്തോഷത്തോടെ "മാസ്റ്റർക്ക് എന്തുവേണം' എന്ന് ചോദി ക്കുമ്പോൾ "നല്ലൊരു വീടു വേണം' എന്ന് മറുപടി പറയാമല്ലോ എന്നായിരുന്നു മാസ്റ്റർ ചിന്തിച്ചിരുന്നത്.
ആ നഗരത്തിലെ റന്റ് കൺട്രോളർ ആയിരുന്നു ശ്രീമാൻ വിശ്വാമിത്രൻ. അദ്ദേഹം വാടകവീടുകളുടെ വാടകത്തുകയിൽ നിയന്ത്രണങ്ങൾ വരുത്തിയിരുന്നു.
അതോടൊപ്പം ഒഴിഞ്ഞുകിടന്നിരുന്ന വാടകക്കെട്ടിടങ്ങൾ ആവശ്യക്കാർക്ക് നൽകു കയും ചെയ്തിരുന്നു. വിശ്വാമിത്രന്റെ മകൻ ത്രിശങ്കുവിന്റെ ക്ലാസ്സിലാണ് പഠിച്ചിരു ന്നത്. ത്രിശങ്കു മാസ്റ്റർ അവനെ വളരെയേറെ സ്നേഹിച്ചിരുന്നു. കുട്ടി പഠിത്തത്തിൽ പിന്നാക്കമായിരുന്നു. പുസ്തകങ്ങൾ സൂക്ഷിച്ചു വച്ചേയ്ക്കണം. അടുത്തവർഷവും ചിലപ്പോൾ ഇവ തന്നെ ഉപയോഗം വരും” എന്ന് ത്രിശങ്കു മാസ്റ്റർ കുട്ടിയോട് പറയു മായിരുന്നു. ത്രിശങ്കു മാസ്റ്റർ തന്നെ അവന് എളുപ്പത്തിൽ എഴുതാൻ പറ്റുന്ന വിധ ത്തിലുള്ള ചോദ്യങ്ങൾ നൽകി. അവനെ കൂടുതൽ മാർക്ക് നൽകി പരീക്ഷയിൽ വിജയിപ്പിച്ചു.
വിശ്വാമിത്രൻ സന്തുഷ്ടനായി. ഒരു ദിവസം ത്രിശങ്കു മാസ്റ്റർ കുട്ടി ജയിച്ചതിന്റെ മധുരപലഹാരം തിന്നുകൊണ്ടിരുന്നപ്പോൾ വിശ്വാമിത്രൻ അവിടെ എത്തി അദ്ദേഹ ത്തോടു പറഞ്ഞു: “ത്രിശങ്കു മാസ്റ്റർ, മകൻ വിജയിച്ചതിൽ ഞാൻ അതീവ സന്തുഷ്ട നാണ്. പറയു, താങ്കൾക്ക് വേണ്ടി ഞാൻ എന്താണ് ചെയ്യേണ്ടത്? താങ്കൾക്ക് എന്തു വേണം, ചോദിച്ചോളൂ.”
വർഷങ്ങളായി മാസ്റ്റർ ആഗ്രഹിച്ചിരുന്ന ചോദ്യം. അദ്ദേഹത്തിന്റെ കണ്ണിനു മുന്നിലൂടെ അനേകം മനോഹരമന്ദിരങ്ങൾ ഊഞ്ഞാലാടി. പക്ഷേ മനസ്സിലെ ഭാവം പുറമേ പ്രകടിപ്പിക്കാതെ മാസ്റ്റർ പറഞ്ഞു. “ഞാൻ അതിനുവേണ്ടി ഒന്നും ചെയ്തി ല്ലല്ലോ സാർ? എന്റെ കർത്തവ്യം ചെയ്യുക മാത്രമല്ലേ ചെയ്തുള്ളൂ? താങ്കൾ നഗര ത്തിലെ എല്ലാവർക്കും കെട്ടിടങ്ങൾ അലോട്ട് ചെയ്ത് നൽകുന്നയാളല്ലേ? താങ്കളുടെ മകൻ പരീക്ഷയിൽ പരാജയപ്പെട്ടാൽ അത് എല്ലാ നഗരവാസികൾക്കും നാണക്കേ ടല്ലേ? നഗരവാസി എന്ന നിലയിൽ ഞാനെന്റെ കർത്തവ്യം ചെയ്യുക മാത്രമേ ചെയ്തി ട്ടുള്ളൂ. അതിനു പകരമായി മറ്റൊന്നും വേണ്ട. താങ്കളുടെ കൃപ മാത്രം മതി.
വിശ്വാമിത്രന്റെ മനസ്സ് കൂടുതൽ തരളിതമായി. ത്രിശങ്കുവിനെ സഹായിക്കാൻ ആ മനസ്സ് വെമ്പൽ കൊണ്ടു. “അല്ല മാസ്റ്റർ സാഹബ്, താങ്കളോട് ഞാൻ കടപ്പെട്ടിരി ക്കുന്നു. എന്തു വേണമെങ്കിലും ചോദിച്ചോളൂ. കുട്ടിക്ക് ജന്മം നൽകുന്നത് അച്ഛൻ, എന്നാൽ അവന് വിദ്യ പകർന്നുനൽകുന്നത് മാസ്റ്ററാണ്. താങ്കൾ വിദ്യ പകർന്നു നൽകുന്നതിനോടൊപ്പം അയോഗ്യരാണെങ്കിൽ കൂടി കുട്ടികളെ എങ്ങനെ വിജയ ശീലാളിതരാകാം എന്നുകൂടി പഠിപ്പിക്കുന്നു. അതിനാൽ താങ്കളുടെ സ്ഥാനം എന്നേ ക്കാൾ ഉയരെയാണ്. ചോദിച്ചോളു. താങ്കൾക്ക് എന്താണാവശ്യം?”
ഇതാണ് അവസരമെന്ന് ത്രിശങ്കു മാസ്റ്റർക്ക് തോന്നി. അദ്ദേഹം പറഞ്ഞു: “സാഹബ്, താങ്കൾക്ക് ഏറ്റവുമധികം സന്തോഷമുണ്ടായെങ്കിൽ കൂട്ടിയുടെ വിജയ ത്തിനു പകരമായി എനിക്ക് ഏതെങ്കിലും നല്ല തെരുവിൽ ഒരു നല്ല വീട് സ്ഥിരതാമ സത്തിനായി കണ്ടെത്തിത്തരണം.
വിശ്വാമിത്രൻ ഒന്നാലോചിച്ചിട്ട് പറഞ്ഞു: “താങ്കൾ വളരെ ബുദ്ധിമുട്ടുള്ള കാര്യ മാണ് ചോദിച്ചത്. ഒരു നല്ല കെട്ടിടം കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. വീടിനു പകരം ഒരു ദേശം ചോദിച്ചെങ്കിലും തരാൻ ഇതിലും എളുപ്പമായിരുന്നു. ഏതായാലും വാക്ക് പറഞ്ഞ സ്ഥിതിക്ക് ഞാനൊന്ന് അന്വേഷിക്കട്ടെ, താങ്കൾക്ക് നല്ല ഒരു വീട് ഞാൻ ശരിയാക്കിത്തരും. മേശയുടെ വലിപ്പിൽ നിന്ന് ഒരു ബുക്കെടുത്ത് വിശ്വാമിത്രൻ പേജു കൾ മറിച്ചു. ഒരു പേജിലെത്തി പേജ് മറിക്കുന്നത് നിർത്തി. ഒരു നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി. “ഹലോ, ഇന്ദ്രനല്ലേ? ഞാൻ വിശ്വാമിത്രനാണ് സംസാരിക്കുന്നത്. നമ അതെ... അതെ... താങ്കളുടെ കൃപ. ഞാൻ ഒരു പ്രധാന കാര്യം പറയാനാണ് വിളിച്ച ത്. താങ്കളുടെ ഏതെങ്കിലും ഒഴിഞ്ഞ വീട് വാടകയ്ക്ക് നൽകാനുണ്ടോ? എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാൾക്ക് കൊടുക്കാനാണ്. നല്ല മനുഷ്യനാണ്. വൈകുന്നേരം അദ്ദേഹത്തെ അങ്ങോട്ട് പറഞ്ഞയയ്ക്കാം. ശരി... ശരി... നമസ്കാരം.
ഇത്രയും പറഞ്ഞ് വിശ്വാമിത്രൻ ഫോൺ താഴെവച്ച് ത്രിശങ്കു മാസ്റ്ററോട് പറ ഞ്ഞു. “താങ്കളുടെ പ്രശ്നം പരിഹരിക്കപ്പെട്ടു. നഗരത്തിലെ ഏറ്റവും നല്ല വീടു തന്നെ താങ്കൾക്കായി റെഡിയാക്കിയിട്ടുണ്ട്. ത്രിശങ്കു മാസ്റ്ററുടെ മുഖമാകുന്ന പുഷ്പത്തിന്റെ ഓരോ ഇതളായി വിശ്വാമിത്രന്റെ ഫോൺ വിളി സമയത്ത് വിടർന്നുവന്നത് ഇപ്പോൾ പൂർണ്ണമായി വിടർന്നു പരിലസിച്ചു. “ഈ വീട് എവിടെയാണ്” ത്രിശങ്കു മാസ്റ്റർ അ ഷിച്ചു. “സ്വർഗ്ഗപുരിയിൽ, നമ്മുടെ നഗരത്തിലെ ഏറ്റവും സുന്ദരമായ സ്ഥലത്ത്. വിശ്വാമിത്രൻ മറുപടി പറഞ്ഞു. “സിവിൽലൈൻ എന്നും പറയും ആ സ്ഥലത്തെ ഇന്ദ്രദേവൻ എന്നയാൾക്ക് അവിടെ അനേകം വീടുകളുണ്ട്. അയാൾ ആദ്യം പി.ഡ ബ.ഡി.യിൽ ഇഞ്ചിനീയറായിരുന്നു. രാഷ്ട്രസേവനം മാത്രം ചിന്തിച്ചിരുന്ന അദ്ദേഹ ത്തിന് റിട്ടയർ ചെയ്തപ്പോൾ പത്തിരുപത് വാടകവീടുകൾ സ്വന്തമായിട്ടുണ്ട്. എല്ലാം വലിയ വാടകയ്ക്ക് ഓരോരുത്തർക്ക് കൊടുത്തിരിക്കുകയാണ്. അതിൽ ഒരു ഭാഗ ത്താണ് താങ്കൾക്കും ഒരു വീട് ഞാൻ ഏർപ്പാട് ചെയ്തിരിക്കുന്നത്.
“വാടക?” ത്രിശങ്കു മാസ്റ്റർ തെല്ലു സങ്കോചത്തോടെ ചോദിച്ചു.
“അതിനെക്കുറിച്ച് ചിന്തിക്കണ്ട. അതൊക്കെ ഞാൻ പറഞ്ഞ് ശരിയാക്കാം. ഇന്ന് വൈകുന്നേരം തന്നെ ഇന്ദ്രജിയുടെ അടുത്തേക്ക് പോയി അദ്ദേഹം നൽകുന്ന വീട്ടിൽ താമസം തുടങ്ങിക്കോളൂ. ഇന്ന് 31-ാം തീയതിയല്ലേ? ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്ന് ഇന്ന് തന്നെ മാറിക്കോളു. അല്ലെങ്കിൽ ഒരു മാസത്തെ വാടക കൂടി കൊടുക്കേ ണ്ടിവരും. എല്ലാ സാധനങ്ങളും എടുത്ത് ഇന്ന് തന്നെ ഇന്ദ്രന്റെ അടുത്തേക്ക് പൊയ്ക്കോളൂ.” വിശ്വാമിത്രൻ പറഞ്ഞു.
ത്രിശങ്കു ആകെ ധർമ്മസങ്കടത്തിലായി. സ്വർഗ്ഗപുരി അഥവാ സിവിൽ ലൈൻസിൽ താമസിക്കുന്നവരെ ഭയത്തോടെയും ബഹുമാനത്തോടെയുമാണ് ഇതു വരെ കണ്ടിരുന്നത്. അവിടത്തെ ജീവിതം തന്നെ വളരെ വ്യത്യസ്തമാണ്. അവിടെ ജീവിക്കുന്ന കാര്യം മനസ്സിൽ ആലോചിച്ചപ്പോൾത്തന്നെ മാസ്റ്റർക്ക് വല്ലാത്ത സുഖം തോന്നിയിരുന്നു. ഇപ്പോൾ തനിക്കും ആ അവസരം കൈവന്നിരിക്കുന്നു. പക്ഷേ മന സ്സിൽ വല്ലാത്ത പിരിമുറുക്കം. അവിടെ താമസിക്കുന്നവർ തന്നെയും അവിടെ താമ സിക്കുവാൻ അനുവദിക്കുമോ?
ഭയന്ന് ഭയന്ന് ത്രിശങ്കു പറഞ്ഞു. “വല്ലാത്തൊരുതരം ആൾക്കാരല്ലേ അവിടെ താമസിക്കുന്നത്. അവർ എന്നെ അവിടെ താമസിക്കാൻ അനുവദിക്കുമോ?” “താങ്കൾ എന്ത് മണ്ടത്തരമാണ് മാസ്റ്റർ പറയുന്നത്. അവിടെ ഒരു വീട് ലഭിക്കുക എന്നത് സൗഭാഗ്യകരമായ കാര്യമല്ലേ? എന്നിട്ട് താങ്കൾ ആ സൗഭാഗ്യം തട്ടിത്തെറിപ്പിക്കാൻ ഒരുങ്ങുകയാണോ? ഭയപ്പെടേണ്ട കാര്യമില്ല. ഞാൻ പറഞ്ഞില്ലേ, എല്ലാ കാര്യങ്ങളും ഞാൻ ഇന്ദ്രജിയോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം തീർച്ചയായും താങ്കൾക്ക് വീടു നൽകുക തന്നെ ചെയ്യും. വിശ്വാമിത്രൻ മാസ്റ്ററെ സമാധാനിപ്പിച്ചു.
ത്രിശങ്കുവിന്റെ മനസ്സ് മുന്നോട്ടുപോകാൻ ഒന്നു മടിച്ചു. “എന്റെ മനസ്സു പറ യുന്നു. അവിടെ ഒരു പക്ഷേ എന്റെ ആത്മാവിനെ മാത്രം അവർ സ്വീകരിക്കുമായിരി ക്കും. എന്റെ ശരീരത്തോടൊപ്പം അവിടെ താമസിക്കാൻ അവർ അനുവദിക്കുമെന്ന് തോന്നുന്നില്ല.” മാസ്റ്ററുടെ ഈ വാക്കുകൾ കേട്ടപ്പോൾ വിശ്വാമിത്രന്റെ ആത്മാഭിമാ നം സടകുടഞ്ഞെണീറ്റു. ത്രിശങ്കു മാസ്റ്റർ തന്റെ കഴിവിനെയാണ് അവിശ്വസിച്ചിരി ക്കുന്നത്. വിശ്വാമിത്രൻ എണീറ്റു. “ത്രിശങ്കു മാസ്റ്റർ, ഞാൻ വിശ്വാമിത്രനാണ്, റെന്റ് കൺട്രോളർ വിശ്വാമിത്രൻ. എന്റെ വാക്കിനെ ഒരു വീട്ടുടമയ്ക്കും നിഷേധിക്കാനാ കില്ല. എനിക്ക് 20 വർഷത്തെ സർവ്വീസുണ്ട്. ഇത് ചെറിയ ഒരു കാലയളവല്ല. ഞാൻ താങ്കളെ സ്വർഗ്ഗപുരിയിൽ തന്നെ താമസിപ്പിക്കും. എന്റെ വാക്ക് വെറുതെയാകില്ല. പോകൂ. ഇന്ന് വൈകുന്നേരം തന്നെ ഇന്ദ്രജിയെ പോയി കാണു.
ത്രിശങ്കു മാസ്റ്റർ അന്ന് വൈകുന്നേരം തന്നെ ഒരു കൈവണ്ടിയിൽ തന്റെ വീട്ടു സാധനങ്ങളൊക്കെ കയറ്റി നേരെ സിവിൽ ലൈനിലെ ഇന്ദ്രപുരിയിലേക്ക് യാത്രയാ യി. ഇന്ദ്രജിയുടെ ബംഗ്ലാവിന് പുറത്തെത്തി. ഇന്ദ്രജി തോട്ടത്തിലെ ജോലിക്കാരന് നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് കസേരയിൽ മലർന്ന് കിടക്കുകയായിരുന്നു. കൈവ ണ്ടിയിലെ വീട്ടുസാധനങ്ങൾ, റോഡിന്റെ അരികിലേക്ക് ഒതുക്കിവച്ചിട്ട് ത്രിശങ്കുമാ സ്റ്റർ ഇന്ദ്രജിയുടെ മുന്നിലെത്തി നമസ്കാരം പറഞ്ഞു.
“ങും എന്തുവേണം.” ഇന്ദ്രജി ഘനഗംഭീരശബ്ദത്തിൽ ചോദിച്ചു. മാസ്റ്ററുടെ കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി. താൻ ആരുടെയോ വീട്ടുമുറ്റത്ത് ഭിക്ഷ യാചി ക്കാൻ ചെന്നതുപോലെയാണ് മാസ്റ്റർക്ക് തോന്നിയത്. “റെന്റ് കൺട്രോളർ വിശ്വാമി തൻ സാർ ഫോണിൽ ഒരു വീട് ഏർപ്പാടാക്കുന്ന കാര്യം പറഞ്ഞിരുന്നില്ലേ? അതി നായി വന്നതാണ്.” മാസ്റ്റർ വിക്കി വിക്കി പറഞ്ഞു. “ഓ ശരി... ശരി... ങാ. അതിരി ക്കട്ടെ വീട്ടിൽ താമസിക്കാൻ വരുന്ന സാർ എവിടെ?” ഇന്ദ്രജി ചോദിച്ചു.
“ഏത് സാർ... അത്... ഞാൻ... ഞാൻ തന്നെയാണ് താമസക്കാരൻ...” അറച്ച റച്ച് മാസ്റ്റർ മറുപടി പറഞ്ഞു.
ഇന്ദ്രജി ചാടി എണീറ്റു. “നിങ്ങളോ... എന്തസംബന്ധം. ഞാൻ കരുതിയത് വലിയ ഏതോ ഓഫീസർക്കോ മറ്റോ ആണ് ഇവിടെ താമസിക്കാൻ വീട് ചോദിച്ചത് എന്നാണ്.
ത്രിശങ്കു മാസ്റ്റർക്ക് മനസ്സിലെ സകല ആശയും നഷ്ടപ്പെട്ടു. അതുകൊണ്ടു തന്നെ അദ്ദേഹത്തിന് അല്പം ധൈര്യം തോന്നി. ശബ്ദമെടുത്ത് മാസ്റ്റർ ചോദിച്ചു: “അതെന്താ ഞാൻ താമസിച്ചാൽ ഞാനെന്താ മനുഷ്യനല്ലേ...?
ഇന്ദ്രജി മാസ്റ്ററെ അടിമുടി നോക്കി. എന്നിട്ട് പറഞ്ഞു. “ഒരു സാധാരണ മനു ഷ്യന് ഇവിടെ താമസിക്കാൻ പറ്റില്ല.
“എന്താ... എന്താ കാര്യം...?” ത്രിശങ്കു മാസ്റ്റർ രോഷത്തോടെ ചോദിച്ചു.
“നിങ്ങൾ ഇവിടെ താമസിക്കാൻ യോഗ്യനല്ല. അത് തന്നെ. ഒരാളെ കണ്ടാൽ മതി എനിക്ക് അയാളെ മനസ്സിലാക്കാൻ.” ഇന്ദ്രനും വിട്ടില്ല.
“അപ്പോൾ ഇവിടെ താമസിക്കുവാൻ മറ്റെന്ത് പ്രത്യേകതകളാണാവശ്യം. മാസ്റ്റർ ചോദിച്ചു.
“ഭിക്ഷക്കാർക്ക് താമസിക്കാൻ പറ്റിയ സ്ഥലമല്ല ഇത്. താങ്കൾക്ക് കാറുണ്ടോ? സോഫാ സെറ്റുണ്ടോ? നിങ്ങളുടെ മക്കൾ ഗവൺമെന്റ് സ്കൂളിലാണോ പ്രൈവറ്റ് സ്കൂളിലാണോ പഠിക്കുന്നത്? ക്യാപ്റ്റസിന്റെ എത്ര വകഭേദങ്ങളറിയാം. ഏത് ക്ലബ്ബി ലാണ് നിങ്ങൾക്ക് മെമ്പർഷിപ്പ് ഉള്ളത്.
മാസ്റ്റർജിക്ക് മറുപടി പറയാൻ അല്പസമയം നൽകിയിട്ട് ഇന്ദ്രജി തുടർന്നു. “ഇവിടെ വീടന്വേഷിച്ച് വരാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു.
“റന്റ് കൺട്രോളർ വിശ്വാമിത്രൻ സാർ പറഞ്ഞിട്ടാണ് ഞാനിവിടേക്ക് വന്നത്. അദ്ദേഹത്തിന്റെ ആജ്ഞ...
ഇന്ദ്രജി ത്രിശങ്കു മാസ്റ്റർക്ക് നേരേ വിരൽ ചൂണ്ടിക്കൊണ്ട് ആക്രോശിച്ചു “വിശ്വാ മിത്രന്റെ പേര് പറഞ്ഞ് എന്നെ വിരട്ടാൻ നോക്കുന്നോ? ഇതുപോലെ ഒരുപാട് വിശ്വ മിത്രന്മാരെ കണ്ടവനാണ് ഞാൻ. സെക്രട്ടറിയോട് പറഞ്ഞ് നാളെത്തന്നെ അയാളെ സ്ഥലം മാറ്റിക്കുന്നുണ്ട്. എന്റെ വീടുകളെ അയാൾ അനാഥാലയങ്ങളാണെന്ന് കരുതിയോ?”
ഇന്ദ്രജി വിശ്വാമിത്രനെ ചീത്ത പറയാൻ തുടങ്ങിയപ്പോൾ ഇനിയവിടെ നിന്നിട്ട് കാര്യമില്ല എന്ന് ത്രിശങ്കു മാസ്റ്റർക്ക് മനസ്സിലായി. മാസ്റ്റർ കൈവണ്ടിയും സാധനങ്ങ ളുമായി നേരെ വിശ്വാമിത്രന്റെ വീട്ടിലേക്ക് തന്നെ ചെന്നു. “ഇന്ദ്രജി എന്നെ അവിടെ നിന്നോടിച്ചു സർ. ഞാനവിടെ താമസിക്കാൻ യോഗ്യനല്ല എന്നുപറഞ്ഞു. താങ്കളെ വേണ്ടുവോളം ചീത്തയും പറഞ്ഞു.” വിശ്വാമിത്രൻ ഇതുകേട്ട് നെറ്റിചുളിച്ചു. കോപം കൊണ്ട് വിശ്വാമിത്രന്റെ കണ്ണു ചുവന്നു. ആ ഇന്ദ്രനെ ഒരു പാഠം പഠിപ്പിച്ചിട്ടുതന്നെ കാര്യം. അയാൾ അത്രയ്ക്കായോ? നാളെത്തന്നെ അയാളുടെ ധിക്കാരത്തിന് ഞാൻ മറുപടി കൊടുക്കും. ഇന്ന് രാത്രി എന്തായാലും മാസ്റ്റർ ഇവിടെ താമസിച്ചോളൂ. നാളെ ഞാൻ താങ്കൾക്ക് ഇന്ദ്രപുരിയിൽ തന്നെ താമസം ശരിയാക്കിത്തരും.” വിശ്വാമിത്രൻ പറഞ്ഞു.
“വേണ്ട സാർ, എനിക്ക് ഇനി അവിടെ താമസിക്കാൻ കഴിയില്ല. അവിടെയു ള്ളവരൊക്കെ വെറും കാടന്മാരാണെന്ന് തോന്നുന്നു. എനിക്ക് അവിടെ പറ്റില്ല.” ത്രിശങ്കു മാസ്റ്റർ പറഞ്ഞതുകേട്ട് വിശ്വാമിത്രന് വീണ്ടും ദേഷ്യം പിടിച്ചു. “താങ്കൾ അവിടെത്തന്നെ താമസിക്കും മാസ്റ്റർ. ഇത് എന്റെ നിശ്ചയമാണ്. എന്റെ അഭിമാന ത്തിന്റെ പ്രശ്നമാണ്.
“വേണ്ട സർ, ഞാനെന്റെ പഴയ വീട്ടിൽത്തന്നെ പൊയ്ക്കോളാം. എനിക്ക് ഇന്ദ്ര പുരിയിൽ താമസിക്കണ്ട.
“അതെങ്ങനെ പറ്റും. താങ്കളുടെ പഴയ വീട് ഞാനിന്നു തന്നെ മറ്റൊരാൾക്ക് താമസിക്കാൻ അലോട്ടു ചെയ്തു കഴിഞ്ഞല്ലോ? വിശ്വാമിത്രന്റെ ഈ വാക്കുകൾ കേട്ട് ത്രിശങ്കു മാസ്റ്റർക്ക് തല കറങ്ങുന്നതുപോലെ തോന്നി.
അദ്ദേഹം തന്റെ സാധനങ്ങൾ നിറച്ച കൈവണ്ടിയുമായി റോഡിലേക്കിറങ്ങി. നേരെ അടുത്തുള്ള ഒരു സത്രത്തിലെത്തി. അന്നുമുതൽ ത്രിശങ്കുമാസ്റ്റർ സത്രത്തിലെ അന്തേവാസിയാണ്.
(ഹിന്ദിയിലെ പ്രസിദ്ധ ഹാസ്യസാഹിത്യകാരൻ ഹരിശങ്കർ പർസായി എഴു തിയ ത്രിശങ്കു ബേച്ചാരാ എന്ന കഥയുടെ തർജ്ജമ ചെയ്തത് ഡോ.എസ്. സുനിൽകുമാർ, പ്രൊഫസർ, ഹിന്ദി വിഭാഗം, യൂണിവേഴ്സിറ്റി കോളേജ്)