top of page

പെർഫക്ഷൻ അല്ല ആധികാരികതയാണ് ഞാൻ ഇഷ്ടപ്പെടുന്നത്.

അഭിമുഖം
ശ്യാമപ്രസാദുമായി ഡോ.സേതുലക്ഷ്മി എം.എസ്. ഉം ആര്യ സി ജി ഉം നടത്തിയ അഭിമുഖം
ശ്യാമപ്രസാദ് 
പ്രശസ്ത മാധ്യമപ്രവര്‍ത്തകനും ചലച്ചിത്ര ഡോക്യുമെന്ററി സംവിധായകനും. 
ബി.ജെ.പി. നേതാവ്  ഒ. രാജഗോപാലിന്റെയും പരേതയായ ഡോ. ശാന്തകുമാരിയുടെയും മകനായി 1960ൽ പാലക്കാട്ട് ജനിച്ചു. ശ്രദ്ധേയമായ നിരവധി ടെലിവിഷന്‍ ഫിലിമുകളും ചലച്ചിത്രങ്ങളും സംവിധാനം ചെയ്ത ശ്യാമപ്രസാദ് നാടകരംഗത്തു നിന്നുമാണ് തന്റെ കലാജീവിതം ആരംഭിച്ചത്. കാലിക്കറ്റ് സര്‍വ്വകലാശാലയുടെ സ്‌കൂള്‍ ഓഫ് ഡ്രാമയുടെ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥിയായി നാടകപഠനം. തിയ്യേറ്റര്‍ ആര്‍ട്‌സില്‍ ബാച്ചിലര്‍ ബിരുദം നേടിയശേഷം ആകാശവാണിയിലും ദൂരദര്‍ശനിലും പ്രോഗ്രാം വിഭാഗത്തില്‍ ജോലി ചെയ്തു.  1989ല്‍ കോമണ്‍വെല്‍ത്ത് സ്‌കോളര്‍ഷിപ്പ് നേടി യു.കെയിലെ ഹള്‍ യൂണിവേഴ്‌സിറ്റിയില്‍ ഉപരിപഠനം നടത്തി. അവിടെ  നിന്ന് മീഡിയ പ്രൊഡക്ഷനില്‍ മാസ്റ്റര്‍ ബിരുദം നേടി. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനില്‍ മാധ്യമ ഗവേഷകനായും ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ചാനല്‍ ഫോറില്‍ ശ്രദ്ധേയമായ നിരവധി പരിപാടികള്‍ നിര്‍മ്മിച്ച് അവതരിപ്പിച്ചിട്ടുണ്ട്. അമൃത ടിവിയുടെ പ്രോഗ്രാം വിഭാഗം പ്രസിഡന്റാണ് ശ്യാമപ്രസാദ്. 1998ല്‍ കല്ലുകൊണ്ടൊരു പെണ്ണ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് അദ്ദേഹം സിനിമാമേഖലയിലേക്ക് കടന്നുവന്നത്. 
കല്ലു കൊണ്ടൊരു പെണ്ണ് (1998), അഗ്നിസാക്ഷി (1999), അകലെ (2004), ഒരേ കടൽ (2007), ഋതു (2009), ഇലക്ട്ര (2010), അരികെ (2012), ഇംഗ്ലീഷ് (2013), ഇവിടെ (2015), ഹെയ് ജൂഡ് (2018), ഒരു ഞായറാഴ്ച (2019) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. 
കേരള സർക്കാരിന്റെ പരമോന്നത ദൃശ്യമാധ്യമ പുരസ്‌കാര ടെലിവിഷൻ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ്, ദേശീയ ചലച്ചിത്ര പുരസ്കാരം,കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം, ദക്ഷിണ ഫിലിം ഫെയർ പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പുരസ്കാരം തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
 

1)     ചലച്ചിത്രരംഗത്തേക്ക് അങ്ങ് കടന്നുവരാനിടയായ സാഹചര്യം, ഇതിനുവേണ്ടി പ്രചോദനമായ കാര്യങ്ങൾ, വിഭ്യാഭ്യാസ പശ്ചാത്തലം ഇവയെന്തൊക്കെയാണ്? വ്യക്തമാക്കാമോ?

 

ധാരാളം വായിക്കാനുള്ള അവസരം  കുട്ടിക്കാലത്ത് ഉണ്ടായിരുന്നു. നാടകങ്ങളിൽ ഒക്കെ നല്ലപോലെ താൽപര്യവുമുണ്ടായിരുന്നു.  എല്ലാത്തരം കലകളിലും താല്പര്യമുണ്ടായിരുന്നു. എഴുത്ത്, വായന, പെയിന്റിങ്, മ്യൂസിക്  അങ്ങനെയങ്ങനെ... അന്നൊക്കെ പ്രീഡിഗ്രി കാലഘട്ടമാണ്. കലാപരമായ എന്തെങ്കിലും പഠിക്കണം എന്ന് തോന്നിയിരുന്നു. പ്രീഡിഗ്രി സയൻസ് - മാത്‍സ് വിദ്യാർത്ഥിയായിരുന്നു. എങ്കിലും പിന്നെ എനിക്ക് കലാപരമായ വഴി കൂടി തിരഞ്ഞെടുക്കണമെന്ന് തോന്നി. അങ്ങനെ ആ സമയത്താണ് ഡ്രാമ സ്കൂൾ ഉണ്ടാകുന്നത്.  ഇഷ്ടമുള്ള കാര്യമായത് കൊണ്ട് ഡ്രാമ സ്കൂളിൽ ഗ്രാജുവേറ്റ്

ചെയ്യാനുള്ള സാധ്യത കണ്ടു. അത് കഴിഞ്ഞയുടനെ  ദൂരദർശൻ ഇവിടെ വന്നു. ദൂരദർശനിൽ ട്രെയിൻഡ് ആയി. പിന്നീട് ഫിലിം മേക്കിങ്ങിൽ ട്രെയിൻഡ് ആയി. കുറേ ഷോർട്ട് ഫിലിംസ് ചെയ്തു. അതു കണ്ട് ഇഷ്ടപ്പെട്ട് കുറച്ചുപേർ എന്നോട് സിനിമ ചെയ്യാമോ എന്ന് ചോദിച്ചു. അങ്ങനെയാണ് സിനിമയിലേക്ക് വന്നത്. ഒരിക്കലും മുൻകൂട്ടി തീർച്ചപ്പെടുത്തിയതല്ല. വളരെ നൈസർഗികമായ സ്വാഭാവികമായ പരിണാമമായിരുന്നു അത്.

 

2)     ഡോക്യുമെന്ററി, നാടകം, സീരിയൽ, സിനിമ അങ്ങനെ പല മേഖലകളിലും അങ്ങ് പ്രവർത്തിച്ചിട്ടുണ്ട്. ഓരോന്നിന്റേയും വ്യതിരിക്തത കാത്തുസൂക്ഷിച്ചുകൊണ്ട് സർഗാത്മകമായി പ്രവർത്തിക്കാനും സാറിന് കഴിഞ്ഞിട്ടുണ്ടല്ലോ? ഇത്തരം അനുഭവമണ്ഡലങ്ങളെ സവിശേഷമാക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണ്?

 

ഓരോ മാധ്യമത്തിനും അതിന്റേതായ ശക്തിയും പരിമിതിയും ഉണ്ട് . അത് മനസ്സിലാക്കുക എന്നതാണ് സ്വാഭാവികമായും ഒരു മാധ്യമവിദ്യാർത്ഥി ചെയ്യേണ്ടത്. ഞാൻ പരിശീലനം നടത്തിയത് തിയേറ്ററിലാണ്. പിന്നെ ടെലിവിഷനിൽ ട്രെയിൻഡ് ആയി. മീഡിയയെപ്പറ്റി ഞാൻ പോസ്റ്റ് ഗ്രാജുവേറ്റ് ചെയ്തത് കോമൺവെൽത്ത് സ്കോളർഷിപ്പിൽ  ഇംഗ്ലണ്ടിലാണ്. നമ്മൾ

പ്രവർത്തിക്കുന്ന രംഗം ഏതാണെന്ന് മനസ്സിലാക്കുകയും അതിൽ എങ്ങനെയാണ് മികവ്  പുലർത്താൻ  ശ്രമിക്കേണ്ടത് എന്ന് തിരിച്ചറിയേണ്ടതുമാണ് ഓരോ കലാകാരന്റെയും മാധ്യമപ്രവർത്തകന്റെയും ബാധ്യത. ഓരോന്നിനും അതിന്റേതായ ചലഞ്ചുകളും അതിന്റേതായിട്ടുള്ള രസങ്ങളും അതിൻറെതായിട്ടുള്ള വേദനകളുമുണ്ട്. പക്ഷേ സിനിമ പ്രത്യേകിച്ചും വലിയ മുതൽമുടക്കുള്ള ഒരു ബിസിനസ് കൂടി ആവുന്നതുകൊണ്ട് അത് സംഘടിപ്പിക്കുന്നതിനും അതിന്റെ കാര്യങ്ങൾ ചെയ്യിക്കുന്നതിനും പല തലങ്ങളും പ്രവർത്തിക്കുന്നുണ്ട്. മാധ്യമപരമായ ഒരു തലം മാത്രമല്ല   അതിനുള്ളത്. അതിന് വ്യവസായത്തിന്റെ തലം കൂടിയുണ്ട്. ഫിനാൻഷ്യൽ മാനേജ്മെന്റിന്റെ വലിയ തലവുമുണ്ട് .അതുകൊണ്ട് സിനിമയായിരിക്കും കുറെ കൂടി ശ്രമകരമായത് എന്ന് പറയാം.

 

3)     ഇതുവരെ ചെയ്തിട്ടുള്ളതിൽ വച്ച് താങ്കൾക്ക് തൃപ്തികരമായത് അല്ലെങ്കിൽ മികച്ചത് എന്ന് തോന്നിയ ചിത്രം ഏതാണ്?

 

എനിക്ക് പൂർണമായും തൃപ്തികരമാണ് എന്ന് തോന്നിയ സിനിമ അല്ലെങ്കിൽ അങ്ങനെ ഒരു വർക്ക് ഞാൻ ചെയ്തിട്ടില്ല. ആരെങ്കിലും അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല. സിനിമയായാലും ടെലിവിഷൻ ആയാലും നാടകമായാലും ഒരാളുടെ അല്ലെങ്കിൽ ഒരു വ്യക്തിയുടെ സർഗ്ഗസൃഷ്ടി  മാത്രമല്ല അത്. ചിത്രം എഴുതുന്നതുപോലെയോ സാഹിത്യമെഴുതുപോലെയോ പാട്ടുപാടുന്നത് പോലെയോ വ്യക്തിയുടെ മാത്രം എക്സ്പ്രഷൻ അല്ലല്ലോ അത്. സിനിമയാകുമ്പോൾ നൂറ് മുതൽ ഇരുന്നൂറ് ആൾക്കാർ വരെ  ഒരേസമയം ഒരു ലക്ഷ്യത്തിനു വേണ്ടി ഒരുമിച്ച് ജോലി ചെയ്യുന്നതാണ്. അതുകൊണ്ടു തന്നെ ആ മാധ്യമത്തിനുള്ളിൽ പല തരത്തിലുളള വിട്ടുവീഴ്ചകളുണ്ടാകും. പലരുടേയും അഭിപ്രായങ്ങൾ പരിഗണിക്കേണ്ടിവരും. ഞാൻ ഉദ്ദേശിക്കുന്ന ദൃശ്യം ഛായാഗ്രാഹകനിലൂടെ നേടിയെടുക്കണമെങ്കിൽ ആ ഛായാഗ്രാഹകന്റെ

വ്യക്തിത്വം, അയാളുടെ അനുഭവമണ്ഡലം അയാളുടെ വൈകാരിക ലോകം ഇതെല്ലാം അതിനകത്ത് ഘടകങ്ങളാണ്. So it is a collaborative art. I'm not saying cinema is a group art. ഞാൻ  വിശ്വസിക്കുന്നത് സിനിമ എന്നത് കലാകാരന്റെ ആത്മപ്രകാശനം കൂടിയാണ് എന്നാണ്. പക്ഷേ എന്നാലും അതിന്റെയെല്ലാം പ്രകാശന ഉപാധിയായി വരുന്ന പല ഘടകങ്ങളിൽ പലപല ആളുകളുടെ  പങ്കാളിത്തമുണ്ട്.  മമ്മൂട്ടി എന്ന വ്യക്തിയുടെ അനുഭവത്തിലൂടെ മാത്രമേ നാഥൻ എന്ന കഥാപാത്രം വരികയുള്ളൂ. അങ്ങനെയൊക്കെയുള്ള പല പരിമിതികൾ ഉള്ളതുകൊണ്ടാണ് ഒരു പൂർണ്ണത ഒരു പൂർണ്ണതൃപ്തി  പ്രാപ്യമല്ലാത്തത് . പരിപൂർണതയ്ക്കു വേണ്ടിയല്ല ഞാൻ ശ്രമിക്കുന്നത്. പെർഫെക്ഷൻ അല്ല ആധികാരികതയാണ് ഞാനിഷ്ടപ്പെടുന്നത്. ഒരു വികാരത്തിന്റെ ഒരു സന്ദർഭത്തിന്റെ ഒരു ആശയത്തിന്റെ സാധുത , അതിന്റെ മൂല്യം... അത് കാലങ്ങൾക്ക് ശേഷം  എങ്ങനെ കാണപ്പെടും, എത്രമാത്രം ടൈം ടെസ്റ്റഡ് ആകും എന്ന ഘടകങ്ങളാണ്  ഞാൻ ചിന്തിക്കുന്നത്. പെർഫെക്ഷൻ എന്നതല്ല. അതുകൊണ്ട് എല്ലാ സിനിമകളിലും അതിന്റേതായ ഒരുപാട് നിരാശകളുണ്ട്. അത് ഇന്ന് ചെയ്യുമായിരുന്നെങ്കിൽ വേറെ രീതിയിൽ ചെയ്യുമായിരുന്നു. ഒരുപക്ഷേ അത് സ്വാഭാവികമാണ്. Every film maker will balance.. സത്യജിത്ത് റേ ഒക്കെ അതുതന്നെ പറയുമായിരിക്കും.

 

4)     അങ്ങ് ഒരുപാട് സിനിമകൾ സാഹിത്യത്തിൽ നിന്ന് അനുവർത്തിച്ചുകൊണ്ട്  (അഗ്നിസാക്ഷി, ഒരേ കടൽ തുടങ്ങിയവ) സംവിധാനം ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ സാഹിത്യകൃതികളെ സിനിമയാക്കാൻ ശ്രമിച്ചപ്പോൾ അങ്ങ് മനപ്പൂർവമായി ശ്രദ്ധിച്ച കാര്യങ്ങൾ ഉണ്ടോ? നേരിട്ട വെല്ലുവിളികൾ എന്തൊക്കെയാണ്?

 

നമ്മൾ മനസ്സിലാക്കേണ്ട കാര്യം വായനക്കാരന് വേണ്ടിയല്ല സിനിമയുണ്ടാക്കുന്നത്.  കാഴ്ചക്കാരനു വേണ്ടിയാണ്. വായനക്കാരനെ ഒരിക്കലും തൃപ്തിപ്പെടുത്താൻ സിനിമയ്ക്ക് പറ്റില്ല. ആ ശ്രമം ഒരു  വൃഥാ വ്യായാമമാണ്. പല വായനാക്കാരും പല തരത്തിലാകും ഒരു സാഹിത്യകൃതിയെ വായിക്കുന്നത്, മനസിലാക്കുന്നത്.  ഒരോ സാഹിത്യകൃതിയും ഓരോ വായനക്കാരന്റേയും മനസ്സിൽ സൃഷ്ടിക്കുന്ന ഒരു  വൈകാരികലോകമുണ്ട്; ചിന്താലോകമുണ്ട്. അതിനെയൊക്കെയാണ് അത് ഉണർത്തുന്നത്. ഒരു സംവിധായകൻ  ഒരു പ്രത്യേകതരം വായനക്കാരനെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുക എന്നത് ചിലപ്പോൾ സാധ്യമല്ലായിരിക്കാം. അതുകൊണ്ട് ഒരു സംവിധായകൻ ചെയ്യുന്നത് ആ കഥയിൽ കണ്ട വൈകാരികതയെ അതിന്റെ

തീമിനെ പുനർസൃഷ്ടിക്കാനാണ്  ശ്രമിക്കുന്നത്. സ്വാഭാവികമായും വേറൊരു വ്യക്തിയാണ് സംവിധായകൻ. എന്നുവെച്ചാൽ എഴുപതുകളിൽ ശ്രീമതി.ലളിതാംബിക അന്തർജ്ജനം അവരുടെ അനുഭവത്തിൽ നിന്നും  ഊറിക്കൂടിയ അനുഭവത്തിൽ നിന്ന് വ്യത്യസ്തമായി 90കളുടെ അവസാനം ഒരു പുരുഷൻ വേറൊരു കലാസൃഷ്ടിയാക്കാൻ ശ്രമിക്കുമ്പോൾ രണ്ടും രണ്ടാണ്. അതു രണ്ടും ഒന്നാക്കാൻ ശ്രമിക്കുന്നത് തന്നെ വിഡ്ഢിത്തമാണ്. പക്ഷേ സംവിധായകൻ അയാളുടെ  മനസ്സിലുണ്ടായിട്ടുള്ള ആ ഒരു ഇനിഷ്യൽ ഫ്ലയിം, അത്  വായിച്ചപ്പോൾ മനസ്സിലായപ്പോൾ ഉണ്ടായ ഇനിഷ്യൽ ഫ്ലയിമിനോട്  നീതിപുലർത്തുക, പിന്നെ അയാളുടെ മാധ്യമത്തോട് നീതി പുലർത്തുക, അതുവഴി പ്രേക്ഷകരോട് നീതിപുലർത്തുക ഇത് മാത്രമേ ശ്രദ്ധിക്കേണ്ടതുള്ളൂ. ബാക്കി ഒന്നും പ്രധാനമല്ല. പുസ്തകത്തോട് നീതിപുലർത്തിയില്ല സിനിമ എന്ന് പറയുന്നത് ഒരു ക്ലീഷേ ആയിട്ടുള്ള നിരൂപകപ്രയോഗമാണ്. പുസ്തകത്തോട് നീതി പുലർത്താനല്ല എന്തായാലും ഞാൻ ശ്രമിച്ചിട്ടുള്ളത്. ഞാൻ എന്റെയുള്ളിൽ 'അഗ്നിസാക്ഷി' ഉണ്ടാക്കിയ ഒരു വൈകാരിക ലോകം, അതുപോലെ സുനിൽ ഗംഗോപാധ്യായയുടെ നോവൽ ഉണ്ടാക്കിയ വൈകാരിക ലോകം അതിനോട് നീതിപുലർത്താനാണ് ശ്രമിച്ചിട്ടുള്ളത്.  അതിലൂടെ എന്റെ ആത്മാശം സിനിമകളിൽ കടന്നുവരും. എങ്ങനെയാണോ ഒരു എഴുത്തുകാരന്റെ ആത്മാംശം കൃതിയിൽ  വന്നിരിക്കുന്നത്  അതുപോലെ തന്നെ എന്റെ ആത്മാംശം അതിന്റെ ഭാഗമായി വരും. അഗ്നിസാക്ഷിയാണ് അതിനുദാഹരണമെങ്കിൽ അതിനകത്തുള്ള സാമൂഹ്യബന്ധത്തിന്റെ കഥ, സ്ത്രീപുരുഷബന്ധങ്ങളുടെ കാര്യങ്ങൾ, അതിനകത്തുള്ള മനുഷ്യന്റെ ആത്മീയമായ കാര്യങ്ങൾ, സാമൂഹ്യ ജീവിതം  ഇതെല്ലാം 90കളിൽ ജീവിക്കുന്ന ഒരു വ്യക്തിയിലൂടെയാണ് കടന്നുപോകുന്നത്. So it becomes mine. I could as well claim as my Agnisakhshi. സിനിമയ്ക്ക് വേണ്ടി കഥയുണ്ടാക്കുന്നതിൽ വലിയ വിശ്വാസമില്ലാത്തതുകൊണ്ടാണ്, ആ ഒരു രീതി വളരെ ഉപരിപ്ലവമായി തോന്നിയത് കൊണ്ടാണ് അതിൽ എനിക്ക് താല്പര്യമുണ്ടാകാത്തത്. അതുകൊണ്ടാണ് ഞാൻ എന്റെ മനസ്സിനെ മഥിച്ചിട്ടുള്ള ഇതുപോലുള്ള വർക്കുകളെ സിനിമയ്ക്ക് ആധാരമാക്കാൻ ശ്രമിക്കുന്നത്.

 

5)     അങ്ങയുടെ സിനിമകളിൽ വേറിട്ടു നിൽക്കുന്ന ചലച്ചിത്രമാണല്ലോ 'ഋതു'. മനുഷ്യബന്ധങ്ങൾ, ബന്ധങ്ങളുടെ ശിഥിലത എന്നിവ മനോഹരമായി ആവിഷ്കരിച്ച ചിത്രമായിരുന്നു 'ഋതു.' ഈ സിനിമയുടെ പിറവിയെപ്പറ്റി പറയാമോ?

 

സാഹിത്യ സംബന്ധിയായ എന്റെ സിനിമകളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒരു ചലച്ചിത്രമാണ് 'ഋതു'. അത് ഒരു ഒറിജിനൽ തിരക്കഥയാണ്. 2005ൽ, ആ കാലഘട്ടത്തിൽ  ടെക്നോപാർക്കിന്റെ സ്വാധീനം  നമ്മുടെ സമൂഹത്തിൽ വളരെ ശക്തമായി ക്കൊണ്ടിരുന്ന സമയമായിരുന്നു. അപ്പോൾ ഇവിടെ ജോലി ചെയ്യുന്ന ഒരുപാട് ആൾക്കാർ, അവരുടെ കുടുംബം അങ്ങനെ എനിക്ക് വളരെ അടുത്തറിയാവുന്ന ആൾക്കാരുടെ എല്ലാം ജീവിതശൈലി അവരുടെ വാല്യൂ സിസ്റ്റം ഇതൊക്കെ എനിക്ക് വളരെ കൗതുകമായി തോന്നി. ഞാൻ അതിനെ ആധാരമാക്കി മാറി വരുന്ന വാല്യൂ സിസ്റ്റത്തെ  പ്രമേയമാക്കി  അതിനെപ്പറ്റി

ഒരു കഥ പറയാൻ പറ്റുമോ എന്നൊക്കെ ആലോചിച്ച് ഇരിക്കുകയായിരുന്നു. അങ്ങനെ എന്റെ സുഹൃത്ത് ജോഷ്വാ ന്യൂട്ടൺ എന്ന എഴുത്തുകാരനുണ്ട്. ജേണലിസ്റ്റാണ് അദ്ദേഹം. അയാളുമായി ഈ വിഷയം ചർച്ച ചെയ്യുകയും അതിനെപ്പറ്റി അദ്ദേഹം  റിസർച്ച് ചെയ്യുകയും ചർച്ചകളുണ്ടാവുകയും ചെയ്തു. അങ്ങനെ ഒരു കഥയുണ്ടാവുകയും കഥാപാത്രങ്ങളെ മുൻനിറുത്തി സ്വതന്ത്രമായ ഒരു തിരക്കഥ ഉണ്ടാകുകയും ചെയ്തു.  പുതിയ ഒരു ലോകം അവതരിപ്പിക്കാൻ  പുതിയ ആൾക്കാർ വേണമെന്ന് തോന്നി. അങ്ങനെയൊക്കെയാണ് 'ഋതു എന്ന സിനിമ സംഭവിക്കുന്നത്.

 

6)     അങ്ങയുടെ സിനിമകളെ സംബന്ധിച്ചിടത്തോളം കാസ്റ്റിങിന് വളരെ പ്രാധാന്യം നൽകുന്ന സംവിധായകനാണെന്ന് കേട്ടിട്ടുണ്ട്. അഗ്നിസാക്ഷി ചലച്ചിത്രമായപ്പോൾ ഉണ്ണി എന്ന കഥാപാത്രം ചെയ്യാൻ തീരുമാനിച്ചത് രജിത് കപൂറിനെയാണല്ലോ?  അദ്ദേഹത്തിലേക്ക് എങ്ങനെയാണ് എത്തിച്ചേർന്നത്?

 

 കാസ്റ്റിംഗിൽ വളരെ ശ്രദ്ധിക്കുന്നയാളാണ് ഞാൻ. പക്ഷേ അതെന്റെ മാത്രം  മിടുക്കാണെന്ന് പറയാൻ പറ്റില്ല. വാസ്തവത്തിൽ ഒരു സൃഷ്ടിയുടെ മൗലികത അല്ലെങ്കിൽ ആധികാരികത അതുകൊണ്ടാണ് ഇത് അത്രയും എടുത്തുനിൽക്കുന്നത്. കാസ്റ്റിംഗ് നിങ്ങൾ തിരിച്ചറിയുന്നത്  ഉദാഹരണമായി മമ്മൂട്ടിയോ മീരാജാസ്മിനോ അഭിനയിക്കുന്ന സാധാരണ സിനിമ (വാണിജ്യപരമായത്) സൂപ്പർ ഫിഷ്യലും സ്റ്റീരിയോടൈപ്പുകളുമാകാം. പതിവ്‌ ഹീറോ, പതിവ് ഹീറോയിൻ, പതിവ് സന്ദർഭങ്ങളാകാം. കഥാപാത്രങ്ങളും ഉപരിപ്ലവവും സൂപ്പർ ഫീഷലും സ്റ്റീരിയോടൈപ്പുകളും ആണ്. നേരെമറിച്ച് ഒരേ കടലിലെ സന്ദർഭങ്ങൾ വളരെ വേറിട്ടതാണ്. അത് ആ മനുഷ്യനിൽ നിന്നും ആ പെർഫോമൻസിനാവശ്യമായ സവിശേഷമായ അഭിനയമുഹൂർത്തങ്ങൾ

ആവശ്യപ്പെടുന്നുണ്ട്. കാസ്റ്റിംഗിൽ വളരെ ശ്രദ്ധിക്കുന്ന ആളാണ് ഞാൻ  എങ്കിൽ പോലും കഥാപാത്രങ്ങളെ അതേ വൈകാരികതയോടെ സന്നിവേശിപ്പിക്കാൻ ശ്രമിക്കുന്ന കലാകാരന്മാരിലൂടെയും അത്തരം കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരുടേയും മികവു കൂടിയാണത്.

       അഗ്നിസാക്ഷിയുടെ പ്രധാന പ്രശ്നം കുറെ കാലങ്ങളിലായി നീണ്ടുനിൽക്കുന്ന കഥയാണല്ലോ!  സ്ഥലങ്ങളും കാലങ്ങളും നീണ്ടുനിൽക്കുന്ന ഹിമവാന്റെ താഴ്‌വാരങ്ങളിൽ തുടങ്ങി നമ്മുടെ കേരളത്തിലെ ഇല്ലങ്ങളിൽ പോയി തിരിച്ചു പിന്നെയും സമയവും കാലവും സഞ്ചരിക്കുന്ന ഒരു കഥയാണ്. അതിനെ സിനിമയാക്കുമ്പോൾ അതിൻറെതായ പ്രശ്നമാണുള്ളത്.... അതിന്റെ കാസ്റ്റിംഗ് നേരത്തെ പറഞ്ഞതുപോലെയുള്ള ആധികാരികതയ്ക്ക് വേണ്ടിയിട്ടുള്ള ശ്രമമാണ്. അതുകൊണ്ടുതന്നെ നമ്മുടെ നിലവിലുള്ള സൂപ്പർ താരങ്ങളൊന്നും  ആ കഥാപാത്രവുമായി ചേരില്ലായിരുന്നു. മാത്രവുമല്ല അത്തരമൊരു കഥാപാത്രം ചെയ്യാൻ പുതിയൊരു നടനെയും എനിക്ക് ആലോചിക്കുവാൻ കഴിയില്ലായിരുന്നു. അത്  അത്രയും ഇമോഷണൽ ലഷർ ഉള്ള ആൾക്കേ പറ്റുകയുള്ളൂ. അതിനുവേണ്ടി ഒരു നല്ല നടനെ നോക്കിയതാണ്. തീയേറ്ററുമായി വളരെ ബന്ധപ്പെട്ടു നിന്നതുകൊണ്ട് രജിത് കപൂറിനെ എനിക്കറിയാമായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തിലേക്ക് എത്തിയത്.

 

 

7)     ജനപ്രിയ സിനിമകളെന്നും  കലാമൂല്യമുള്ള സിനിമകളെന്നും  ചലച്ചിത്രങ്ങളെ തരംതിരിക്കാറുണ്ടല്ലോ? സമൂഹവുമായും ജീവിതവുമായും ബന്ധപ്പെട്ട് നിൽക്കുന്ന ചിത്രങ്ങൾ താരതമ്യേന കുറവാണല്ലോ? നവീന സിനിമ സമകാലിക ജീവിതത്തിൽ നിന്നും അന്യം നിന്നു പോകുന്നതായി അനുഭവപ്പെട്ടിട്ടുണ്ടോ?

 

എല്ലാത്തരത്തിലുള്ള സിനിമകളും എല്ലാകാലത്തും ഉണ്ടാകുന്നുണ്ട്. ഇത് ഇപ്പോഴത്തെ പ്രതിഭാസം മാത്രമല്ല. നമ്മുടെ നാട്ടിലെ പ്രതിഭാസവും മാത്രമല്ല. ലോകമെമ്പാടും നല്ല പ്രോഡക്സും ചീത്ത പ്രൊഡക്സും വില്ക്കപ്പെടുന്നുണ്ട്. എന്റർടൈൻ ചെയ്യുന്ന ഇടങ്ങളുമുണ്ട്. അങ്ങനെയല്ലാത്ത ആഴത്തിൽ നമ്മെ ചിന്തിപ്പിക്കുന്ന മാധ്യമങ്ങളുമുണ്ട്. എല്ലാ കലകളിലും അതുണ്ട്.  പ്രത്യേകിച്ച് സിനിമയിലും. സിനിമ ഒരു ദൃശ്യമാധ്യമം ആയതുകൊണ്ട് അത് പ്രേക്ഷകന് വളരെ ആസ്വാദനം നൽകുന്ന ജനപ്രിയമായ മാധ്യമമായി

മാറിക്കഴിഞ്ഞിരിക്കുന്നു.  അതുകൊണ്ട് അതിന്റെ ആവശ്യങ്ങളും വ്യത്യസ്തമാണ്. വളരെ ഉപരിപ്ലവമായി ആളുകളെ ഉത്തേജിപ്പിക്കുന്ന സന്തോഷിപ്പിക്കുന്ന സിനിമകൾക്കാണ്  എപ്പോഴും ആവശ്യക്കാർ കൂടുതലുള്ളത്.  മാതൃഭൂമി വീക്കിലിയേക്കാളും എത്രയോ മടങ്ങ് മനോരമ വീക്കിലി ചെലവാകുന്നില്ലേ! എന്ന് പറയുന്നതുപോലെ ആ വ്യത്യാസം തുടരുക തന്നെ ചെയ്യും. ചിലപ്പോൾ ചില പ്രേക്ഷകർ വ്യത്യസ്തമായി കുറെ ആഴത്തിൽ  അവരുടെ മനസ്സിനെ മഥിക്കുന്ന ചിന്തിപ്പിക്കുന്ന തരത്തിലുള്ള പ്രമേയങ്ങളുള്ള വ്യത്യസ്തമായ സിനിമകൾ അന്വേഷിച്ചെന്നിരിക്കാം. പക്ഷേ അത്തരത്തിലുള്ള പ്രേക്ഷകർ ഏത് മാധ്യമത്തിലും കുറഞ്ഞിരിക്കും. പിന്നെ ഒരു നല്ല സിനിമ, ഒരു നല്ല പുസ്തകം, നല്ല കല എന്നത് പ്രേക്ഷകന് അഭിമുഖമായി പിടിക്കുന്ന കണ്ണാടിയാണ്. Actually it holds a mirror against you..and it is very often to uncomfortable to look at that... നമുക്കു ചുറ്റുമുള്ള യാഥാർത്ഥ്യങ്ങളെ , യഥാർത്ഥ സത്യങ്ങളെ അവതരിപ്പിക്കാനാണ് അത്തരത്തിലുള്ള കല ശ്രമിക്കുന്നത്. അതൊരു സുഖകരമായ അനുഭവമല്ല പലപ്പോഴും. അത്തരം സിനിമയ്ക്ക് പോകുമ്പോൾ എന്തെങ്കിലും തമാശ കാണുന്ന രീതിയിൽ അത് കാണാൻ കഴിയില്ല. ഒരു പൈങ്കിളി പുസ്തകം വായിക്കുന്നതും ആഴത്തിലുള്ള പുസ്തകം വായിക്കുന്നതും നൽകുന്ന പ്രതീതി വ്യത്യസ്തമാണ്. അത്തരത്തിലുള്ള കൃതിയുമായി ഇഴുകിച്ചേരാൻ ബൗദ്ധികമായ വ്യായാമം കൂടിയ തീരൂ. അത് നമ്മളെയെല്ലാം സ്പൂൺ ഫീഡ് ചെയ്യില്ല. നമ്മൾ ബൗദ്ധികമായി ചിന്തിച്ച് വിശകലനം ചെയ്യേണ്ടിവരും.  പുസ്തകത്തിൻറെ കാര്യം പറഞ്ഞതുപോലെ   തന്നെയാണ് സിനിമകളുടെ കാര്യവും. ഇപ്പോൾ കൂടുതലും  നമ്മെ ആഹ്ലാദിപ്പിക്കുന്ന തരം സിനിമകൾക്കാണ് പ്രേക്ഷകർ ഏറെയും ഉള്ളത്. എല്ലാ കാലത്തിലും  നിലനിൽക്കുന്ന  ആഴത്തിൽ ചിന്തിപ്പിക്കുന്ന സിനിമകൾ നിർമ്മിക്കുക എന്നത്  എപ്പോഴും നിലനിൽക്കുന്ന പോരാട്ടം തന്നെയാണ്.

 

8)     സിനിമയ്ക്ക് വേണ്ടി കഥയെഴുതാൻ ശ്രമിച്ചിട്ടില്ലെന്ന് അങ്ങ് പറഞ്ഞുവല്ലോ? സർ മുഖ്യധാരാ സിനിമയിൽ നിന്നും മന:പൂർവ്വമായി മാറി നിൽക്കുന്നതാണോ?

 

ഇത്തരം സിനിമകൾ സൃഷ്ടിക്കുന്നതിന് മറ്റൊരുതരം കഴിവ് വേണം എന്ന് വിചാരിക്കുന്നയാളാണ് ഞാൻ. എനിക്ക് കാണാൻ ഇഷ്ടമുള്ള തരത്തിലുള്ള സിനിമകളാണ് ഞാൻ സൃഷ്ടിക്കുന്നത്.  അത്തരം സിനിമകൾ കാണാൻ എനിക്കിഷ്ടമാണ്. എനിക്ക് തോന്നുന്നത് മനുഷ്യജീവിതം, വ്യക്തിബന്ധങ്ങൾ, സാമൂഹ്യബന്ധങ്ങൾ, ഇതെല്ലാം വളരെ സങ്കീർണമായവും അതേ സമയം താല്പര്യമുള്ളതുമായ കാര്യങ്ങളാണ്. അതിനെപ്പറ്റി എത്രയെത്ര പറഞ്ഞാലും തീരില്ല. കഥയായാലും നോവലായാലും കവിതയായാലും എല്ലാം എഴുതുന്നത് അതിനെപ്പറ്റി തന്നെയാണ്. നമുക്ക് വിശദീകരിക്കാൻ കഴിയാത്ത കാര്യം പല തരത്തിൽ  വ്യത്യസ്തമായും മനോഹരമായും  വിശദീകരിക്കാൻ ശ്രമിക്കുകയാണ് ഓരോ തവണയും ചെയ്യുന്നത്. ഇങ്ങനെയൊരു സാഹചര്യമുള്ളതുകൊണ്ടാണ്, വാക്കുകൾക്കതീതമായി സഞ്ചരിക്കാൻ കഴിയുന്നതുകൊണ്ടാണ് സിനിമയും കഥയും കവിതയുമൊക്കെ നിലനിൽക്കുന്നത്. എല്ലാ അനുഭവങ്ങൾക്കും ഒരു വാക്കുണ്ടായിരുന്നെങ്കിൽ

കവിതയുടെ ആവശ്യമില്ലല്ലോ! അതുപോലെ തന്നെയാണ്. പുതിയ പുതിയ വാക്കുകൾ കൊണ്ട് പല വാക്കുകളിലൂടെ സർഗപ്രപഞ്ചം  സൃഷ്ടിക്കുകയാണ് ഓരോ കലകളും ചെയ്യുന്നത്. നമുക്ക്  ചുരുക്കത്തിൽ കാട്ടിക്കൂട്ടി ചെയ്യാവുന്ന തരത്തിൽ ദർശനമോ വ്യാഖ്യാനമോ ഉണ്ടായിരുന്നെങ്കിൽ കലയുടെ ആവശ്യമില്ല. അത് മുൻകൂട്ടി പറയാൻ പറ്റാത്തതു കൊണ്ടാണ് വീണ്ടും വീണ്ടും മനുഷ്യ ജീവിതം, വ്യക്തിബന്ധങ്ങൾ, ബന്ധങ്ങളുടെ  അനിശ്ചിതത്വം ഇവയെല്ലാം പല തരത്തിൽ  വിശദീകരിക്കാൻ ശ്രമിക്കുന്നത്.

 

9)     ഇന്ത്യൻ സിനിമകളിൽ വച്ചുതന്നെ ഏറ്റവും മികച്ച സിനിമകൾ ഉണ്ടാകുന്ന ഇടമാണല്ലോ മലയാള സിനിമ. മലയാളസിനിമയുടെ വളർച്ചയെ അങ്ങ് നോക്കിക്കാണുന്നത് എപ്രകാരമാണ്? ദേശീയതലത്തിലും അന്താരാഷ്ട്രതലത്തിലും മികച്ച പുരസ്കാരങ്ങൾ തേടിയെത്തുന്ന നമ്മുടെ സിനിമയുടെ ഭാവി ശോഭനീയമല്ലേ?

 

മലയാള സിനിമ, സിനിമ എന്ന മാധ്യമത്തെ എല്ലാ കാലത്തും മുന്നോട്ടു കൊണ്ടുപോകാനുളള ക്രിയേറ്റീവ് എഡ്ജ് എപ്പോഴും പുലർത്തിയിട്ടുണ്ട്. ആദ്യകാലം മുതൽ തന്നെ അങ്ങനെയാണ്.   മലയാളത്തിന്റെ മാത്രം  കഴിവ് അല്ല അത്.   പല ഭാഷകളിലും അങ്ങനെ ഉണ്ടായിട്ടുണ്ട്.  ഇതിന് നമ്മുടെ സമൂഹവുമായും നമ്മുടെ പ്രേക്ഷകരുടെ  ഡെമോഗ്രഫിയുമായുമെല്ലാം ബന്ധമുണ്ട്. പ്രേക്ഷകരുടെ സ്വഭാവം, അവരുടെ സാക്ഷരത, അവരുടെ സാമൂഹികബോധം, രാഷ്ട്രീയ ബോധം അങ്ങനെ ഒരുപാട് കാര്യങ്ങൾ ഒരു പ്രേക്ഷകസമൂഹത്തെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. പക്ഷേ അത് യൂണിഫോം

ആണെന്ന് പറയാൻ പറ്റില്ല. നേരത്തെ പറഞ്ഞതുപോലെ ഒരുപാട് ചവറുകളും ഉണ്ടാകുന്നുണ്ട്. വളരെ അമൂല്യങ്ങളായ സിനിമകളും ഉണ്ടാകുന്നുണ്ട്. പല  ഭാഷകളിലും അങ്ങനെയുണ്ട്. പക്ഷേ മലയാളത്തിൽ അത് കുറച്ചു കൂടുതലാണെന്ന് പറയാം. നമുക്ക് വളരെ ചെറിയ ഒരു മാർക്കറ്റ് ആണുള്ളത്. 3 കോടി ജനങ്ങളാണ് ഇവിടെ ഉള്ളത്. പരമാവധി സിനിമയ്ക്ക് പത്തുലക്ഷം ഒക്കെ ജനങ്ങളെ പ്രതീക്ഷിക്കാമായിരിക്കും. അതിൽ നിന്നും ഒരു റവന്യൂ കിട്ടും. അതിൽ നിന്ന് കിട്ടുന്ന റവന്യൂവിന് അതിന്റേതായ  പരിമിതികളുണ്ട്. വാസ്തവത്തിൽ അത് നമുക്ക് ഒരു വരമായി മാറി. ഉർവശീശാപം ഉപകാരം എന്ന് പറഞ്ഞതുപോലെ  നമുക്ക് ബഡ്ജറ്റ് ഇല്ലായ്മ എന്നത് നമ്മുടെ ചലച്ചിത്രകാരന്മാരെ വളരെ യുണീക്കായി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു. ചിലവ് ചുരുക്കുന്നതിലൂടെ കുറച്ചുകൂടി വ്യത്യസ്തങ്ങളായ കഥകൾ പറയാൻ അവർ ശ്രമിച്ചു. നമ്മൾ ഹോളിവുഡിനെ അനുകരിക്കാൻ നോക്കിയില്ല. ഇപ്പോൾ ബോളിവുഡിന് പറ്റിയത് എന്താണെന്ന് വെച്ചാൽ  ഹോളിവുഡ് ആകാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അത് വളരെ വിഫലമായ ഒരു ശ്രമമാണ്. അത് എവിടെയും എവിടെയും എത്താതെ പോകും. അതാണ് ഹിന്ദി സിനിമയ്ക്ക് ഒരു ഐഡന്റിറ്റി ഇന്ന് ഇല്ലാത്തത്. തമിഴ് സിനിമ ബോളിവുഡിന്റെ ഒരു വിഫലമായ അനുകരണം മാത്രമായി തീർന്നിരിക്കുന്നു. നമുക്ക് അത് ആഗ്രഹിക്കാനുള്ള റിസോഴ്സസ് ഇല്ലാത്തതുകൊണ്ട് അങ്ങനെ ഒരു ദാരിദ്ര്യം നമുക്ക് ഉള്ളതുകൊണ്ട് സർഗാത്മകമായ പല തുറസ്സുകളും നൽകി. അതിൽ നിന്നാണ് ഇത് വന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഈ പരിമിതികൾ എല്ലാം എക്കാലത്തും ഉണ്ടാകുന്നതാണ്. പക്ഷേ നമ്മുടെ സാങ്കേതികവിദ്യ ഇന്ന് കുറെ കൂടി യൂസർ ഫ്രണ്ട്ലിയാണ്. ഇന്ന് ഒരു വീഡിയോ ക്യാമറയുള്ള ഫോൺ ഉണ്ടെങ്കിൽ ഫിലിം മേക്കറാണ്. അത്രയേ ഉള്ളൂ... ഒരു ചെറുപ്പക്കാരനെ ഫിലിം മേക്കർ ആക്കുന്നതിൽ നിന്നും തടസ്സപ്പെടുത്തുന്ന കാര്യങ്ങൾ ഒന്നുമില്ല എന്ന് തന്നെ പറയാം. അയാളുടെ മനസ്സിൽ ഒരു ഐഡിയയുടെ  തീക്ഷ്ണതയുണ്ടെങ്കിൽ സിനിമ ചെയ്യാം. നോ ബഡ്ജറ്റ് ഫിലിം മേക്കിങ് ഒക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലമാണ്. ഒരു അർത്ഥത്തിൽ ഇത് വളരെ പ്രതീക്ഷ നൽകുന്ന കാര്യമാണ്. എന്നാലതിന് അതിന്റേതായ അപകടവും ഉണ്ട്. എല്ലാവരും സിനിമാക്കാർ ആകുമ്പോൾ  ഒരു തരത്തിലുള്ള മൂല്യം നൽകാത്ത അവസ്ഥയും കൈവരുമെന്നു തോന്നുന്നു. സാമൂഹ്യമാധ്യമങ്ങളിൽ നോക്കുമ്പോൾ ഇതു കാണാം.  എല്ലാത്തിനും അതിന്റേതായ ഗുണവും ദോഷവും ഉണ്ട്. കാലം ഇതിനെല്ലാം  ഒരു മാർക്കിടും. ഒരു ദിവസം ഓർക്കണമോ അതോ ഒരു വർഷം ഓർക്കണോ അതോ പത്ത് വർഷം കഴിഞ്ഞാലും ഓർക്കണമോ എന്ന് ചിന്തിക്കുന്നത് അത്തരത്തിലുള്ള കലകളാണ്. നമ്മുടെ മാർക്കറ്റ് കലുഷമാണ്. അതോടൊപ്പം അനേകം വെല്ലുവിളികളും ഉണ്ട് .

 

10)   അടുത്തകാലത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണല്ലോ ഹേമ കമ്മിറ്റി റിപ്പോർട്ട്. അങ്ങ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ എങ്ങനെയാണ് വിലയിരുത്തുന്നത്? തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് വളരെയധികം വെല്ലുവിളികൾ ഇന്നും നേരിടുന്നുണ്ടല്ലോ?

 

ഹേമകമ്മിറ്റി റിപ്പോർട്ട് ഞാൻ വായിച്ചിട്ടില്ല; എങ്കിലും ഇത് പ്രധാനപ്പെട്ട ഒരു വിഷയമാണ്. സ്ത്രീകൾക്ക് തുല്യതയുള്ള ഒരു ട്രീറ്റ്മെൻറ് നമ്മുടെ ഇഡസ്ട്രിയിൽ കിട്ടുന്നില്ല എന്നത് വ്യക്തമാണ്. നമ്മുടെ വ്യവസ്ഥ തന്നെ അങ്ങനെയാണ്. വളരെ പുരുഷ മേധാവിത്വം നിലനിൽക്കുന്ന ഒരു വ്യവസ്ഥയാണ്. നമ്മുടെ സിനിമ വികസിച്ചതും വളർന്നതും തമിഴ്നാട് ബേസ് ചെയ്താണ്. ആ സിനിമകൾ ആദ്യം ഉണ്ടാക്കിയ  നിർമ്മാതാക്കൾ പഴയ മുതലാളിമാർ സമീന്ദർ മാരാണ്. അവർക്ക് താഴെയുള്ള  തൊഴിലാളികൾ എന്ന നിലയിലാണ്  സിനിമയിൽ പ്രവർത്തിക്കുന്നവരെ കണ്ടത്. തുച്ഛമായിട്ടുള്ള വേതനത്തിലും അവരുടെ ഡിഗ്നിറ്റിയെ  വേണ്ടത്ര പരിഗണിക്കാത്ത ഒരു അവസ്ഥ…അത് പണ്ടുമുതലേ ഉള്ളതാണ്. അതിന്റെ ഒരു തുടർച്ചയാണ് ഇന്നും

നടന്നുകൊണ്ടിരിക്കുന്നത്. ഒരു ശുദ്ധികലശം കൂടിയേ തീരൂ. ഹേമ കമ്മിറ്റി റിപ്പോർട്ട് കൊണ്ട് നടക്കുമോ എന്ന് എനിക്ക് അറിയില്ല. നമ്മുടെ സർക്കാരും കമ്മീഷനുമൊക്കെ ഇതിനോട് എത്രത്തോളം നീതി പുലർത്തുന്നുണ്ട് എന്നറിയില്ല. നമ്മുടെ ഇൻഡസ്ട്രിയുടെ മാത്രം പ്രശ്നമല്ല  അത്. ഇപ്പോൾ നമ്മുടെ സൂപ്പർ താരങ്ങൾ  ആരെങ്കിലും ഇതുപോലൊരു നീതികേടിൽ പങ്കാളിയാണെന്ന് വിചാരിക്കുക. അത്തരം സാധ്യതയുണ്ടെങ്കിൽ അവർക്കെതിരെ നിൽക്കുന്നതിനും ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനും സമൂഹം എത്രത്തോളം കൂടെ നിൽക്കും എന്നത് സംശയമാണ്. കാരണം ഈ ഒരു സിനിമാവ്യവസായത്തെ ഇങ്ങനെ ആക്കിയതിൽ താരാരാധന വളരെ പ്രധാനപ്പെട്ട പങ്കു വഹിച്ചിട്ടുണ്ട്. സൂപ്പർതാരങ്ങളുടെ സിനിമകൾ എന്തു ചവറാന്നെങ്കിലും പോയി കാണും എന്ന നിലപാട് തുടരുന്നിടത്തോളം... You are creating this bubble as audience. സമൂഹമാണ് ഇത്തരം വ്യവസ്ഥിതി, പവർ ഒക്കെ ഉണ്ടാക്കുന്നത്.. ഇത്തരത്തിലുള്ള ടോക്സിക്കായ താരാരാധനയിൽ നിന്നൊക്കെ മാറി ചിന്തിക്കേണ്ടതുണ്ട്… .അത് മാറിവരുമെന്ന് തോന്നുന്നില്ല; കാരണം വളരെ ഉപരിപ്ലവമായ കാര്യങ്ങളിലാണ് സമൂഹത്തിന് എപ്പോഴും താല്പര്യമുള്ളത്. അതുകൊണ്ട് ഈ പവർ സെൻറർ എന്നൊക്കെ പറയുന്നത്... ഈ പവറൊക്കെ ഉണ്ടാക്കി കൊടുക്കുന്നതിലും ജനങ്ങൾക്ക് വലിയ പങ്കുണ്ട്. അവർ അറിയാതെ തന്നെ താരങ്ങളുടെ സിനിമകൾ വിജയിപ്പിക്കുമ്പോൾ ആ പവറിനെ ഒന്നുകൂടി ശാക്തീകരിക്കുകയാണ് ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ ഇതിനൊരു പരിഹാരം ഒക്കെ ഉണ്ടാകാൻ ബുദ്ധിമുട്ടാണ്.

0 comments
bottom of page