top of page

പന്തലായനിയുടെ സാംസ്കാരിക ഭൂമിശാസ്ത്രം

സാഹിത്യപഠനം

ഡോ.കെ.പി രവിചന്ദ്രൻ

അസോസിയേറ്റ് പ്രൊഫസർ,മലയാള വിഭാഗം,

ഗവ. വിക്ടോറിയ കോളേജ് ,പാലക്കാട്.

സ്ഥലബദ്ധമായ സാഹിത്യരൂപമായാണ് നോവൽ നിലനിൽക്കുന്നത് ദേശവിവരണങ്ങളായും സ്ഥലപുരാണമായും നോവൽ സ്ഥലത്തെ/ദേശത്തെ എഴുതുന്നു. മറ്റേതു സാഹിത്യ രൂപത്തേക്കാളും നോവൽ സ്ഥലബദ്ധമാണെന്ന നിരീക്ഷണം ബ്രാഡ്ബറിയുടേതാണ്. മനുഷ്യ ജീവിതത്തിന്റെ സാമൂഹ്യവും സാംസ്കാരികവുമായ തലങ്ങളും രാഷ്ട്രീയവും സാമ്പത്തികവുമായ തലങ്ങളും ആവിഷ്കരിച്ചു കൊണ്ടാണ് നോവലിലെ സ്ഥലത്തെ എഴുത്തുകാരൻ വിന്യസിയ്ക്കുന്നത്. അങ്ങനെ രൂപപ്പെടുന്നതാണ് നോവൽ സ്ഥലത്തിന്റെ സാംസ്കാരിക ഭൂമിശാസ്ത്രം. സവിശേഷമായ സ്ഥലകാലങ്ങളിൽ സാമൂഹ്യജീവിതത്തെ എഴുത്തുകാരൻ വിന്യസിക്കുന്നതിന്റെ രാഷ്ട്രീയ മാനങ്ങൾക്കു പ്രാധാന്യമുണ്ട്.സ്ഥലത്തിന്റെ ത്രിമാന സ്വഭാവത്തെക്കുറിച്ച് production of space എന്ന ഗ്രന്ഥത്തിൽ ലെ ഫേവർ പറയുന്നു. ഭൗതിക സ്ഥലം, മാനസിക സ്ഥലം, സാമൂഹ്യ സ്ഥലം എന്നിവയാണവ.

ദ്രാവിഡവും നാടോടിയുമായ കേരളീയ പാരമ്പര്യത്തിൽ ആഖ്യാനം ചെയ്യപ്പെട്ട യു.എ.ഖാദറിന്റെ നോവലാണ് അഘോരശിവം. പന്തലായനിയാണ് നോവലിലെ ഭൌ തികസ്ഥലം. ചരിത്രപ്രശസ്തിയുടെ പ്രാചീനഭാരങ്ങളൊന്നുമില്ലാതെ പന്തലായിനി എന്ന ഗ്രാമത്തിനും അവിടത്തെ ജീവിതത്തിനും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ട് പകുതികളിൽ സംഭവിയ്ക്കുന്ന പരിണാമങ്ങളാണ് അഘോരശിവം പങ്കുവയ്ക്കുന്നത് കഥപറച്ചിലിന്റെ രേഖീയയുക്തികളല്ല ഇവിടെയുള്ളത്. അഘോരശിവത്തിലെ കഥാപാത്രങ്ങളെപന്തലായിനിയ്ക്കപ്പുറത്തേയ്ക്കു നാടുകടത്തിയാൽ അവർ ഇല്ലാതാ കുമെന്ന് ഇ.വി.രാമകൃഷ്ണൻ അവതാരികയിൽ നിരീക്ഷിയ്ക്കുന്നു. കാരണം അവർ കഥാപാത്രങ്ങളല്ല കഥകൾ തന്നെയാണ്. മണ്ണിൽ നിന്നുമുളച്ചുപൊന്തി അതിൽ തന്നെയടിയുന്ന കഥകൾ”(ഖാദർ.യു.എ,2000:8)സ്ഥലം മാറുമ്പോൾ കഥമാറുന്നതിനാൽ സ്ഥലം കേവലമൊരന്തരീക്ഷമല്ല നോവലിൽ എന്നും അദ്ദേഹം പറയുന്നു. കാടായോ നാടായോ നഗരമായോ അതിലും സൂഷ്മവും സങ്കീർണവുമായ പശ്ചാത്തലമായോ നോവലിൽ സ്ഥലം കടന്നു വരാം. നോവലിലെ സ്ഥലം ഒരു പ്രത്യയശാസ്ത്ര നിർമ്മിതിയാണെന്നും അദ്ദേഹം (ഷാജി ജേക്കബ് 2010:27)സൂചിപ്പിയ്ക്കുന്നുണ്ട്.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ മലബാർ തീരപ്രദേശമായ പന്തലായനി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിലാണ് ഉൾപ്പെടുന്നത്. പന്തലായനിയ്ക്കടുത്തുള്ള കൊല്ലം പ്രദേശത്തെ കൂടി ചേർത്ത് പന്തലായനി കൊല്ലം എന്ന പേരിലാണ് ഈ സ്ഥലത്തിന്റെ പ്രാചീനമായ പ്രശസ്തി. മധ്യകേരളത്തിലെ പ്രമുഖമായ തുറമുഖകേന്ദ്രമായി പന്തലായനി കൊല്ലം അറിയപ്പെട്ടു. റോമാക്കാർ, ഗ്രീക്കുകാർ,അറബികൾ, ചൈനക്കാർ, ജൂതന്മാർ അടക്കമുള്ള വിദേശികൾ കച്ചവടകേന്ദ്രമായി പന്തലായനി കൊല്ലത്തെ നൂറ്റാണ്ടുകളോളം നിലനിർത്തി. പ്രാചീന ചമ്പു വായ ഉണ്ണുനീലിസന്ദേശത്തിൽ ഈ തുറമുഖം വർണ്ണിയ്ക്കപ്പെട്ടിരിയ്ക്കുന്നു. പുരാതന പട്ടണവും തുറമുഖ കേന്ദ്രവുമായി പന്തലായനി നൂറ്റാണ്ടുകൾക്കുമുന്നേ പുറംനാടുകളിൽ അറിയപ്പെട്ടു. വാസ്കോ ഡ ഗാമ കപ്പലിറങ്ങിയത് പന്തലായനി കൊല്ലത്താണെന്നാണ് വില്യം ലോഗന്റെ നിരീക്ഷണം. ഫന്റിന എന്ന് ചൈനക്കാരും പാൻഡരിനി എന്നു പോർച്ചുഗീസുകാരും ബന്തർ ഹോയിൻ എന്ന് അറബികളും പന്തലായനിയെ വിളിച്ചു.പന്തലായനി എന്ന ഭൌതികസ്ഥലത്തിന് ആഖ്യാനത്തിലൂടെ പുതിയൊരു സാംസ്കാരികഭൂമിശാസ്ത്രം നോവലിൽ രൂപപ്പെടുന്നു.

ആഖ്യാതാവ് തന്റെ നാടിനെ പന്തലയനിയെ മാനസികമായി അനുഭവിയ്ക്കുന്ന ആഖ്യാനമാണ് അഘോരശിവം. ആഖ്യാതാവിന്റെ ആത്മനിഷ്ഠാനുഭവത്തിന്റെ പ്രതിനിധാനമാണ് നോവലിലെ സ്ഥലം.നാട്/ദേശം അയാളിലുണ്ടാക്കുന്ന ഗൃഹാതുരത്വങ്ങൾ, ആനന്ദങ്ങൾ, ആവേഗങ്ങൾ കൗതുകങ്ങൾ ഇവയെല്ലാമാണ് നോവലിന്റെ അനുഭൂതി അനുഭൂതി ഘടനയ്ക്ക് അടിസ്ഥാനമാക്കുന്നത്. സ്ഥലത്തോടുള്ള സ്നേഹം - TopoPhelia ആഖ്യാതാവിൽ പ്രവർത്തിയ്ക്കുന്നു. പന്തലായ നിയെന്ന ദേശത്തേയും അവിടത്തെ ജീവിതങ്ങളേയും വരച്ചിടുന്ന ഈ ആഖ്യാനത്തിൽ സവിശേഷമായൊരു സാംസ്കാരിക രാഷ്ട്രീയം പ്രവർത്തിയ്ക്കുന്നു.

പന്തലായനിയിൽ നിശ്ചലവും ചലനാത്മകവുമായ സ്ഥലങ്ങളും സമൂഹങ്ങളുമുണ്ട് മേലാളവും കീഴാളവുമായ അധികാര ബന്ധങ്ങളാൽ നിർണയിക്കപ്പെട്ടതാണവരുടെ സ്ഥലങ്ങളും സ്ഥാനങ്ങളും . റെയിൽവേസ്റ്റേഷനും അതിന്റെ പരിസരങ്ങളുമായി ബന്ധപ്പെട്ടു ജീവിയ്ക്കുന്നവർക്കാണ് ജീവിയ്ക്കുന്നവർക്കാണ് സാമൂഹ്യ ചലനാത്മകതയുള്ളത്. അവർ സമൂഹത്തിലെ വരേണ്യരോ മധ്യമസമൂഹങ്ങളോ ആണെന്നു കാണാം. സാമൂഹ്യ പദവിയിലും സാമ്പത്തിക സാമ്പത്തിക നിലയിലും അവർ അവർ ഉയർന്നു നിൽക്കുന്നു.അവിടെ നിന്നകന്നാണ് നിശ്ചലവും അധ:സ്ഥിതവുമായ ജാതിജീവിതങ്ങളുള്ളത്. അവരുടെ സ്ഥാനവും ചലനങ്ങളും നിയന്ത്രിതമാണ്. അടഞ്ഞ അകം ലോകത്ത് തളം കെട്ടി കിടക്കേണ്ടി വരുന്നതിനാൽ അവർ ശാശ്വതമായ നിശ്ചലതയിലാണ്.

“നാട് അഥവാ പ്രദേശമെന്നാൽ അവിടത്തെ അധികാര ബന്ധങ്ങളും കൂടിയാണ്. ജാതിവ്യവസ്ഥ കീഴ്ജാതിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ കർശനമായി നിയന്ത്രിച്ചിരുന്നൊരു സമൂഹത്തിൽ മനുഷ്യനും പ്രകൃതിയും തമ്മിലും ഭിന്നവർഗങ്ങളിൽ പെട്ട മനുഷ്യർ തമ്മിലുമുള്ള ബന്ധങ്ങളെ നിർവചിച്ചത് അധികാര ബന്ധങ്ങളുടെ പ്രത്യയശാസ്ത്രങ്ങളാണ്” എന്ന് ഇ.വി.രാമകൃഷ്ണൻ(ഷാജി ജേക്കബ്, 2010:20) വിശദമാക്കുന്നു.

പന്തലായനിയെ വിദൂരദേശങ്ങളുമായി ബന്ധിപ്പിയ്ക്കുന്നത് റെയിൽവേസ്റ്റേഷനാണ്. പന്തലായനിയിലെ ഉപരി സമൂഹത്തെ ചലനാത്മകമാക്കുന്നത് പുറം ലോകത്തേയ്ക്കുള്ള ഈ വഴിയാണ്. റെയിൽവേസ്റ്റേഷനിലെ കച്ചവടമാണ് ചാമി അയ്യരെ വാർധക്യത്തിലും ചുറുചുറുക്കോടെ നിലനിർത്തുന്നത്.റെയിൽവേസ്റ്റേഷനും അഘോരശിവക്ഷേത്രവും അതുമാന്റെ ബീഡിക്കടയും ചാമി അയ്യരുടെ ചായക്കടയും സ്കൂളുമെല്ലാമുൾപ്പെടുന്ന സാമൂഹിക സ്ഥലങ്ങൾ പന്തലായിനിയെ സജീവമാക്കുന്നുണ്ട്. മതജാതി വർഗബന്ധങ്ങൾക്കുള്ളിൽ നിലനിൽക്കുകയും സംഘർഷ പ്പെടുകയും ചെയ്യുന്ന സ്ഥലമാണത്.

കൃഷ്ണക്കുറുപ്പിന്റെ നാടകക്കമ്പനി, നാടകാവതരണങ്ങൾ, ഉത്സവങ്ങൾ, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവയ്ക്കെല്ലാം പന്തലായനി വേദിയാവുന്നുണ്ട്. ജന്മിത്ത ചൂഷണം, ആണധികാര പ്രയോഗങ്ങൾ, ഗുണ്ടായിസം, കുടുംബഛിദ്രങ്ങൾ, എന്നിവയും അവിടെ സംഭവിയ്ക്കുന്നു.എല്ലാം കാണുകയും നിയന്ത്രി യ്ക്കുകയും ചെയ്യുന്നതായി ജനങ്ങൾ വിശ്വസിക്കുന്ന അഘോരശിവമൂർത്തിയെ ആരാധിയ്ക്കുമ്പോഴും അവർ ജൈവ തൃഷ്ണകളിൽ തന്നെ തുടരുന്നുണ്ട്. ഘോരനായ കൃഷ്ണക്കുറുപ്പും വെറ്റില സ്വാമിയുമെല്ലാം ആഭിജാത്യം പുലർത്തുന്നതോടൊപ്പം ആദിമ ജീവവാസനകളെ കൊണ്ടാടുന്നവരുമാണ്.

ഭിന്ന ജാതി മതസ്ഥർ ഇടകലരുന്ന ചലന സ്ഥലമാണ് റെയിൽവേസ്റ്റേഷനും പരിസ രവും. സവിശേഷമായ ഒരു സാമൂഹ്യ സ്ഥലമായി റെയിൽവേസ്റ്റേഷൻ നോവലിൽ കടന്നു വരുന്നു. നാട്ടിലെ കച്ചവടക്കാരും പ്രമാണിമാരും അതുവഴിദൂരദിക്കു കളിലേയ്ക്കു പോകുകയും വരുകയും ചെയ്തു. സവർണരും മധ്യമ ജാതികളുമുൾ പ്പെടുന്ന വിശ്വാസികളുടെ സാമൂഹിക സ്ഥലമാണ് അഘോരശിവക്ഷേത്രം.കീഴാള ജീവിത ങ്ങളുടെ അധിവാസസ്ഥാനങ്ങൾക്ക് ചലനരഹിതമായ ഭൂമിശാസ്ത്രമാണുള്ളത്. എടച്ചേരി വയലിന്റെ ഒത്തനടുവിലെ ഒറ്റപ്പെട്ട കുനിയിൽ താമസിയ്ക്കുന്നവരാണ് പുലയൻ കുങ്കറും ഭാര്യ ജാനകിയും.

മനുഷ്യനും മനുഷ്യനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലുമുള്ള ഇടപെടലുകളാണ് കേവല സ്ഥലത്തെ സാമൂഹ്യ സ്ഥലങ്ങളാക്കുന്നത്. റെയിൽവേസ്റ്റേഷൻ, ആശുപത്രി, കോടതികൾ, ഡിസ്ട്രിക്ട് ബോർഡ് സ്ക്കൂൾ, ക്ഷേത്രങ്ങൾ, കാവുകൾ, കച്ചവട കേന്ദ്രങ്ങൾ തുടങ്ങി വിപുലമായ സാമൂഹ്യ സ്ഥലങ്ങളാണ് പന്തലായനിയിലുള്ളത്. കച്ചവട പ്രധാനമായ വിനിമയങ്ങളും വ്യവഹാരങ്ങളുമാണ് പന്തലായിനിയിൽ പ്രാധാന്യം നേടുന്നത്. പുറംനാടുകളിൽ നിന്നു കുടിയേറിയവരും തദ്ദേശീയരുമായ സമൂഹങ്ങളാണ് അവിടെയുള്ളത്. തന്ത്രപ്രധാനമായ അധികാരസ്ഥാനങ്ങളും സ്ഥാപനങ്ങളും നിയന്ത്രിയ്ക്കുന്നത് കുടിയേറിയ സവർണ വിഭാഗങ്ങളാണെന്നു കാണാം. പന്തലായനിയിലെ രണ്ടു കോടതികളിലേയും മജിസ്ട്രേറ്റു മുതൽ വക്കീൽ

ഗുമസ്തന്മാർ വരെയുള്ളവർ സവർണരാണ്. കോതമംഗലം ദേശത്തു താമസമുറപ്പിച്ച പട്ടന്മാരാണധികവും.

റെയിൽവേ സ്റ്റേഷനെ കേന്ദ്രീകരിച്ചാണ് കച്ചവടം അഭിവൃദ്ധിപ്പെടുന്നത്. ചാമി അയ്യരുടെ ബ്രാഹ്മണാൾ കാപ്പി ശാപ്പാട് കച്ചവടം മുതൽ ദാമോദരൻ സെറാപ്പിന്റെ സ്വർണക്കടയും കണ്ണക്കുട്ടിയുടെ വെറ്റിലക്കടയും വേലുക്കുട്ടിയുടെ ബീഡി മുറുക്കു കച്ചവടവും കൃഷ്ണക്കുറുപ്പിന്റെ ചായപ്പീടികയും അച്ചുവേട്ടന്റെ ചുരുട്ടു കമ്പനിയും റെയിൽവേസ്റ്റേഷൻ പരിസരത്താണ്. കോടതികളും ആശുപത്രിയും ഡിസ്ട്രിക്ട് ബോർഡ് ഹൈസ്ക്കൂളും പന്തലായനിയെ ആധുനിക സ്ഥലമാക്കുന്നു. അഘോരശിവ ക്ഷേത്രവും കാളീ ക്ഷേത്രവും ഗണപതിയമ്പലവും ഉരുക്കാവും വിശ്വാസികളെ ആകർഷിയ്ക്കുന്നു.

പന്തലായിനിയിൽ പുതുജന്മിയും കുടിയാന്മാരും മാടമ്പിമാരുമുണ്ട്.അതിനാൽ അത് ഒരു അർദ്ധഫ്യൂഡൽ സ്ഥലം കൂടിയാണ്.ഗ്രാമത്തെ വിദൂരദേശങ്ങളിലേയ്ക്കു വ്യാപിപ്പിയ്ക്കുന്ന റെയിൽപ്പാതയും റെയിൽവേസ്റ്റേഷനുമുണ്ടെങ്കിലും കാലം തളം കെട്ടിക്കിടക്കുന്ന പ്രതീതിയുണ്ടവിടെ റെയിൽവേ സ്റ്റേഷനിൽ നിന്നകലുന്തോറും കഥയിലെ പന്തലായിനി കൂടുതൽ ഇരുളുന്നു.അബോധദേശമായി പന്തലായിനി മാറുന്നു.അവിടെയാണ് കെട്ടുകഥയോ യാഥാർത്ഥ്യമോ എന്നു വ്യവഛേദി യ്ക്കാനാവാത്ത ജീവിതങ്ങളുള്ളത്.കുത്തഴിഞ്ഞ ദാമ്പത്യങ്ങളും രതിരഹ സ്യങ്ങളും അഗമ്യഗമനങ്ങളും സ്വവർഗ താല്പര്യങ്ങളും ദുരൂഹമരണങ്ങളുമൊക്കെ നിറഞ്ഞ അബോധദേശം.

നോവലിൽ രണ്ടുകാലങ്ങളുണ്ട്.ആഖ്യാതാവിന്റെ ഓർമ്മയിൽ നിറയുന്ന കുട്ടിക്കാലത്തെ അനുഭവകാലം.വർഷങ്ങൾക്കുശേഷം അയാൾ പന്തലായിനിയിലെത്തിയ വർത്തമാനകാലം എന്നിങ്ങനെ. വർത്തമാനകാലത്തുനിന്ന് ആഖ്യാതാവ് ഭൂതകാലത്തേയ്ക്ക് സഞ്ചരിയ്ക്കുന്നു. പേരക്കുട്ടിയോടൊപ്പം വർഷങ്ങൾക്കുശേഷം പന്തലായിനിയിലൂടെ നടത്തുന്ന ഒരു യാത്രയിലെ ഓർമ്മകളായാണ് നോവലിന്റെ ആഖ്യാനം കൂടുതലും . ഗ്രാമമായിരുന്ന പന്തലായിനി ദേശം നഗരമായി മാറുന്നതിന്റെ കാഴ്ച ചേർത്തു

വയ്ക്കുന്നുണ്ട്.


നിഗൂഡതകളുടെ സ്ഥലരാശി

രഹസ്യങ്ങളുടെ കൂടാണ് ഓരോ കഥാപാത്രവും.അവരെപ്പറ്റി നാട്ടുകാർക്ക് അറിയാവുന്ന കഥകളും അറിയാത്ത കഥകളുമുണ്ട്.ശുദ്ധനും നിഷ്കളങ്കനുമായി തോന്നിപ്പിയ്ക്കുന്ന ചാമി അയ്യർ ആരോടും പറയാൻ മടിയ്ക്കുന്ന നിർവധി രഹസ്യങ്ങൾ മനസ്സിൽ സൂക്ഷിയ്ക്കുന്നു.അയാളുടെ പിറുപിറുപ്പു കളായി ഭയവും വെപ്രാളവും കലർന്ന നോട്ടങ്ങളായി അതു പുറത്തു ചാടുന്നു. ഭയം കലർന്ന ചാമി അയ്യരുടെ നോട്ടത്തിന്റെ രഹസ്യത്തിലേയ്ക്കാണ് ആഖ്യാനം കടന്നുചെല്ലുന്നത് .കഥാപരി സരത്തെയാകെ വരഞ്ഞിടുന്നത് ആ നോട്ടത്തോടൊപ്പമുള്ള ആഖ്യാനത്തിന്റെ സഞ്ചാരമാണ്.

റെയിൽ വേസ്റ്റേഷനെ കേന്ദ്രമാക്കി വികസിയ്ക്കുന്നതാണ് അവിടത്തെ അതിരു കളും ദിക്കുകളും .റെയിൽവേസ്റ്റേഷന്റെ വടക്കുകിഴക്കേയതിരിലെ അറ്റത്തുള്ള ഗോപാലൻ ചെട്ടിയാരുടെ ഓടിട്ട മാളികയും വലിയ വീട്ടുകാരുടെ കന്മതിലും അതിനകത്തെ നാലുകെട്ടും പാമ്പിൻപുറ്റും മണ്ടകവും കഥയിൽ പ്രത്യക്ഷപ്പെടുന്നു. കാളിയമ്പത്തെ ജന്മിത്തറവാടും അങ്ങോട്ടുള്ള വഴിയിലെ ആൽത്തറയും കന്മതിലും കിഴക്കുള്ള അഘോരശിവക്ഷേത്രവും പടിഞ്ഞാറുള്ള മഹാകാളിക്ഷേത്രവും തുടർന്ന് കടന്നുവരുന്നുണ്ട്.

നിഗൂഡതകൾക്കു പാർക്കാൻ പറ്റുന്നതരത്തിലാണ് കഥാസ്ഥലത്തിന്റെ വിവരണം.റെയിൽവേസ്റ്റേഷനു മുന്നിലെ പുറമ്പോക്കുഭൂമിയും കാടും ആൽത്തറയും യുമെല്ലാം ഭീതിയും ദുരൂഹതയും കാഞ്ഞിരത്തറ

നിറഞ്ഞതാണ്. അറിയുന്നകഥകളേക്കാൾ അറിയാക്കഥകളാണ് ആഖ്യാതാവിനെ യെന്നപോലെ വായനക്കാരെയും ചുഴറ്റുന്നത്. “പന്തലായനി തീവണ്ടിയാപ്പീസും പരിസരങ്ങളും ദുരൂഹകഥയിലെ അവ്യക്ത ചിത്രങ്ങളായി അവശേഷിച്ചു”(ഖാദർ.യു.എ, 2000:37)എന്ന് നോവലിസ്റ്റ് എഴുതുന്നു.

പാലക്കാട് കൽപ്പാത്തി അഗ്രഹാരത്തിൽ നിന്ന് പന്തലായനിയിൽ കുടിയേറിയ ചാമി അയ്യർ നിറയെ രഹസ്യങ്ങളുള്ള കഥാപാത്രമാണ്.പോർട്ടർ വേലാണ്ടി ജൂണിൽ നിന്നെത്തുന്ന ഉപ്പായ്ക്കു പ്രിയങ്കരനാണെങ്കിലും ചാമി അയ്യരെ പ്പോലുള്ളവർ അയാളെ കാരണമില്ലാതെ വെറുത്തു.വേലാണ്ടിയെപ്പറ്റി നിരവധി കഥകളാണ് പ്രചരിച്ച ത്.കൃഷ്ണക്കുറുപ്പിനേയും പന്തലായനി തീവണ്ടിയാപ്പീസിന്റെ പിന്നാമ്പുറത്തെ മൂപ്പരുടെ വീടിനേയും ചായപ്പീടികയേയും കോർത്തിണക്കി നാട്ടിൽ നൂറായിരം കഥകളു ണ്ട്.സുബ്രഹ്മണ്യയ്യർ റെയിൽവേ സ്റ്റേഷനടുത്ത് ഒറ്റയ്ക്കു താമസിയ്ക്കുന്ന തിനെ സംശയത്തോടെ കാണുന്നവരുണ്ട്.ഇങ്ങനെ അറിയാത്ത കഥകളും രഹസ്യങ്ങളുമാണ് ഒരോ കഥാപാത്രത്തിനുമുള്ളത്.രഹസ്യം സൂക്ഷിച്ചവരും നാടടക്കി വാണവരും ദുരന്തം വരിച്ച് ഒടുങ്ങി. തങ്ങൾക്ക് അറിയാത്ത ദുരൂഹകഥകളുടെ കയത്തിൽ നിലകിട്ടാതെ ശ്വാസം മുട്ടുന്നവരാണു കഥാപാത്രങ്ങൾ.


പുരാവൃത്തപ്രതിരോധങ്ങൾ

പന്തലായനിയിലെ അടിയാളർ പ്രതിരോധങ്ങളുടെ പുരാവൃത്തങ്ങൾ സൃഷ്ടിച്ചു. മേലാളരോടെ തിരിട്ടുനിൽക്കാൻ അവർക്കു പുരാവൃത്തങ്ങൾ കരുത്തായി. പുളിയാർമല അടിയാത്തി യക്ഷിപ്പാതിയായ കഥയും (മണ്ണണ്ണിയുടെ കഥ (മണ്ണണ്ണിയുടെ കഥ ) പെണ്ണി ത്തെയ്യത്തിന്റെ കഥയും അവരുടെ പുരാവൃത്തങ്ങളിൽപ്പെടുന്നു. മണ്ണുണ്ണിയെ

അടിയാത്തി പെറ്റത് വാഴയിൽ പെരിയാർ എന്ന ജന്മിത്തമ്പ്രാന്റെ ബലാൽ

ക്കാരത്തിനിരയായിട്ടാണ്. അവനെ പോറ്റി വളർത്തിയത് മകനെക്കൊണ്ടു തന്നെ അച്ഛന്റെ തലയറുക്കാനായിരുന്നു.പെരിയോരുടെ തലയറുത്തുവരാൻ അവളാവശ്യ പ്പെട്ടപ്പോൾ വേട്ടനായായ് കുറച്ചുചാടി മണ്ണുണ്ണി കാട്ടിലേയ്ക്കു പോയി.അയാളുടെ ശവം വലിയോറ മലയിലെ ഉച്ചിയിൽ കാക്കയും പരുന്തും കൊത്തിപ്പെറുക്കി.തിരിച്ചുവരാത്ത മണ്ണുണ്ണിയെ കാത്ത് പുളിയാർ മലയിലെ അടിയാ ത്തിപ്പെണ്ണ് പാലമരച്ചില്ലയിലെ പുത്തുലയും യക്ഷിപ്പാതിയായത്രേ.പുളിയാർ മലയിലെ അടിയാത്തിയാണ്

പെണ്ണുണ്ണിയുടേയും പോറ്റമ്മ. കെട്ടികൊണ്ടു പോയോടത്ത് അരിവേവാത്തതുകൊണ്ടും പുലയാട്ടുകേട്ടു സഹിയ്ക്കാത്തതു കൊണ്ടും തീക്കനലു കൂട്ടിയ കുഴിയിൽ ചാടി പെണ്ണുണ്ണി വെന്തുചത്തു. എല്ലാതുലാത്തിലും എരിയുന്ന തീക്കുണ്ഡത്തിൽ ചാടി ചുടലനൃത്തം ചവിട്ടിയാലേ പെണ്ണുണ്ണിയുടെ പള്ളദാഹം തീരുകയുള്ളൂ.തുലാം പത്തിന്റന്ന് പെണ്ണുണ്ണിത്തെയ്യത്തിന്റെ വെള്ളാട്ട് നടത്തുന്നു.


കെട്ടുകഥകളുടെ തട്ടകം

ജീവിതത്തിൽ ഓരോ കഥാപാത്രവും അവരവർ ചെയ്ത കർമ്മങ്ങളുടെ ഫലം അനുഭവിയ്ക്കുന്നതായാണ് ആഖ്യാനത്തിന്റെ നിലപാട്..ചിലർ അവരുടേതല്ലാത്ത കുറ്റത്തിനും ശിക്ഷയേൽക്കു ന്നുണ്ട്.ഭ്രാന്തിലേയ്ക്കും മരണത്തിലേയ്ക്കും തള്ളിയിടപ്പെട്ടവരുണ്ട്.കൃഷ്ണക്കുറുപ്പ് പന്തലായിനിയെ വിറപ്പിച്ചയാളാണ്. റൌഡിയാ യിരിയ്ക്കുമ്പോൾ തന്നെ അയാൾ നാട്ടുകൂട്ടത്തിന്റെ നേതാവുമാണ്.എല്ലാം കാൽക്കീഴിലൊതുക്കാൻ മുക്രയിട്ട് അയാൾ പൊട്ടക്കിണറ്റിലെ ഈച്ചയാർക്കുന്ന ജഡമായി.

മഠത്തിൽ നാരായണിയമ്മ ഭർത്താവിനേയും മകനേയും വിട്ടു കൽക്കത്തയിൽ നിന്നു നാട്ടിലെത്തി തന്നിഷ്ടപ്രകാരം ജീവിച്ച സ്ത്രീയാണ്.പട്ടാളത്തിൽ ചേർന്ന അവരുടെ മകൻ ഭ്രാന്തനായാണു തിരിച്ചെത്തുന്നത്.അമ്മയെ വെടിവച്ചുകൊല്ലാനുള്ള ശ്രമത്തിൽ അയാൾ ജയിലിലാകുന്നു.തുടർന്ന് ഭ്രാന്താശുപത്രിയിലും. അളവറ്റ സ്ഥാവര ജംഗമവസ്തുക്കൾക്കു ഉടമയാകാൻ തന്റെ ഉടലുപയോഗിച്ച് നാരായണി യമ്മയ്ക്ക് സമ്പാദിച്ചത് അനുഭവിയ്ക്കാൻ സാധിച്ചില്ല.

ദിനകരന്റെ ജ്യേഷ്ഠൻ ദാമോദരൻ റാപ്പും റാപ്പും അവസാനം സമനില തെറ്റി അലയുന്നുണ്ട്.സ്വന്തം അച്ഛന്റേയും അനിയന്റേയും മരണത്തെ മുതലാക്കിയ ആളാണ് ദാമോദരൻ സെറാപ്പ്. സ്വത്തുണ്ടാക്കാനും മാളിക പണിയാനും ശ്രമിച്ച അയാളുടെ പരിണാമവും വിപരീത ദിശയിലായി. വെറ്റിലസ്വാമിയെന്നറിയപ്പെട്ട വേലുക്കുട്ടി ഭ്രാന്തിലും ദുരൂഹമരണത്തിലും അവസാനിച്ചു.ദിനകരന്റെ ജീവിതം റെയിൽപ്പാളത്തിലൊടുങ്ങി.

മണമൽ ചോയിക്കൂട്ടിയുടെ മൂത്തമകൻ ചാത്തുക്കുട്ടി ഭ്രാന്തനായ മൺകീരിമുത്തപ്പനായും കാലങ്ങൾക്കുശേഷം ശിവാനന്ദയോഗിയായും പ്രത്യക്ഷപ്പെടുന്നത് കെട്ടുകഥയെ പ്പോലും തോല്പിയ്ക്കുന്ന മട്ടിലാണ്. ചാത്തുക്കുട്ടിയെ തീതുപ്പുന്ന കരിങ്കുട്ടിയായി മാറ്റിയത് അവന്റെ ജന്മമാണ്.അമ്മയെക്കൊന്ന അച്ഛൻ ചോയിക്കുട്ടിയോട് അവൻ പകവീട്ടി. ചോയിക്കുട്ടിയുടെ ശവം പുഴയിൽ പൊന്തിയതെങ്ങനെയെന്ന് ആരുമറിഞ്ഞില്ല.പിന്നീട് ചാത്തുക്കുട്ടിയെ കാണാതായ ദുരൂഹത പൂരിപ്പിച്ച് നാട്ടുകാർ ഐതിഹ്യങ്ങളുണ്ടാക്കി.

കൈയൂക്കുള്ളവൻ കാര്യക്കാരനായവന്റെ കഥയാണ് കൃഷ്ണക്കുറുപ്പിന്റേത്..എങ്കിലും പന്തലായിനിയുടെ സാംസ്കാരിക മുഖമാണ് കുറുപ്പ്.അഘോര വിലാസം നടനസമിതി രൂപീകരിച്ചത് അയാളാണ്.സാംസ്കാരികപ്രവർത്തനവും ഗുണ്ടാപ്പണിയും അയാൾ ഒന്നിച്ചു ചെയ്തു.കൃഷ്ണക്കുറുപ്പിന്റെ ദുർമരണം പന്തലായിനിക്കാർക്ക് നഷ്ടബോധവും മനപ്രയാസ വുമുണ്ടാക്കി മനക്കൊളങ്ങര ഉത്സവം കഴിഞ്ഞ് മൂന്നാം നാളാണ് കുറുപ്പിന്റെ ജഡം പൊട്ടക്കിണറ്റിൽ കണ്ടത്.

ആർക്കും വഴങ്ങാതെയും പിടികൊടുക്കാതെയും തന്നിഷ്ടത്തോടെ പകർന്നാട്ടം നടത്തി ജീവിച്ച കഥാപാത്രമാണ് വെറ്റിലസ്വാമിയെന്നറിയപ്പെട്ട വേലുക്കുട്ടി.കാഷാ യവസ്ത്രധാരണവും ചിലമ്പിട്ട ഇരുമ്പുദണ്ഡും സന്യാസിവേഷവും വേലുക്കുട്ടിയെ വെറ്റിലസ്വാമിയാക്കി.ദിനകരന്റെ ശരീരം റെയിൽ ട്രാക്കിൽ ചിതറിക്കിടക്കുമ്പോൾ അടുത്തുണ്ടായിരുന്ന വെറ്റിലസ്വാമി നാട്ടുകാരിൽ സംശയമുണർത്തി നാടുവിട്ടു. പിന്നീടയാൾ ഭ്രാന്തായനിലയിൽ ഗുരുവായൂർ ക്ഷേത്രപരിസരത്തു കാണ പ്പെട്ടു.കാലത്തിനുശേഷം അമ്പലക്കുളത്തിൽ വെറ്റില സ്വാമിയുടെ ശവം പൊങ്ങി.


ആദിമചോദനകളും ഹിംസകളും

ശിഥിലദമ്പത്യങ്ങളുടേയും രതിബന്ധങ്ങളുടേയും അഗമ്യഗമനങ്ങളുടേയും ഹിംസകളുടേയും പിന്നാമ്പുറങ്ങൾ ഒരോ കഥയ്ക്കും കഥാപാത്രത്തിനുമുണ്ട്.ചാമി അയ്യർ,നാരായണിയമ്മ, മണമേൽ ചോയിക്കുട്ടി,കൃഷ്ണക്കുറുപ്പ് എന്നിവരിൽ അടങ്ങാത്ത രതിയും അക്രമണോൽസുകതയും കാണാം. രഹസ്യവും പരസ്യവുമായ രതിതാല്പര്യങ്ങൾ മരണത്തിലേയ്ക്കും കൊലപാതകത്തിലേയ്ക്കും പരിണമിയ്ക്കുന്നു. വാഴയിൽ പെരിയോർ ലൈംഗികാതിക്രമത്തിന്റെ മൂർത്തിയാണ്. ജന്മിയോടുള്ള പകതീർക്കാൻ സ്വന്തം ജീവിതത്തെ പരീക്ഷണത്തിനു വിട്ട പുളിയാർമല അടിയാത്തി പന്തലായിനിയിലെ ഐതിഹ്യമായി.അതുമാന്റെ ബാപ്പ ബീരാൻ ഹാജി ഭാര്യയെ തഴഞ്ഞ് ചീനക്കാരിയോടൊപ്പം അന്യനാട്ടിൽ തന്നെ കഴിഞ്ഞു.


ഉടലിന്റെ തിരിച്ചറിവുകൾ

സ്വവർഗലൈംഗികതയുടെ നിരവധി ഉദാഹരണങ്ങൾ നോവലിലുണ്ട്.കൃഷ്ണക്കുറുപ്പിന് സുബ്രഹ്മണ്യയ്യരുമായുള്ള ബന്ധത്തെ ആളുകൾ സംശയത്തോടെ കണ്ടു. കൃഷ്ണക്കുറുപ്പിന് ദിനകരനോടും അതുമാനോടും തോന്നുന്ന ആകർഷണം അസ്വാഭാവികതയായി നാട്ടുകാർ മനസ്സിലാക്കി.ആണും പെണ്ണും നോക്കിനിന്നുപോകുന്ന മൊഞ്ചുള്ള ചെറുപ്പക്കാരായിരുന്നു ദിനകരനും അതൃമാനും.ദിനകരൻ ചുരുട്ടുകമ്പനി മുതലാളി അച്ചുവേട്ടന്റേയും അതുമാൻ ബീഡിക്കടക്കാരൻ കോയാട്ടിക്കയുടേയും ജീവിതത്തിലെ പങ്കാളികളെപ്പോലെ കഴിയുന്നു.വേലുക്കുട്ടിയ്ക്കും ദിനകരനോട് ആകർഷണം തോന്നുന്നുണ്ട്.റെയിൽവേട്രാക്കിൽ ദിനകരന്റെ ശരീരം ചിതറിയതിനു പിന്നിൽ വേലുക്കുട്ടി സംശയിയ്ക്കപ്പെടുന്നു.

ദുരൂഹകർമ്മങ്ങളും ക്രിയകളും നോവലിലാകെ നിറഞ്ഞുനിൽക്കുന്നത് ദുരൂഹകർമ്മവും ക്രിയകളുമാണ്.പലപ്പോഴും കർത്താവ്അദൃശ്യനാക്കപ്പെടുന്നു. വിധിയായും ദൈവഹിതമായും അത്ഭുതമായുമൊക്കെ കഥകളേയും ജീവിതത്തേയും ദുരൂഹമാക്കുന്നത് കർത്താവിന്റെ ഈ അദൃശ്യതയാണ്. ദിനകരന്റെ ആത്മഹത്യയുടെ കാരണം വെളിപ്പെടുന്നില്ല ശിവകാമിയുടെ കൊലപാതകം ദുരൂഹതയായി തുടർന്നു.ചാമി അയ്യരെ സംശയിച്ചെങ്കിലും അയാൾ പ്രതിയാക്കപ്പെട്ടില്ല.ശിവകാമിയുടെ മുൻഭർത്താവിന്റെ മരണവും കൃഷ്ണക്കുറുപ്പിന്റെ മരണവും ചോയിക്കുട്ടിയുടെ കൊലപാതകവും ദുരൂഹത നിലനിർത്തുന്നു.പലരിലേയ്ക്കും സംശയങ്ങൾ പായിച്ച് ആരേയും പ്രതിയാക്കാതെ അവ്യക്തതയും ദുരൂഹതയും നിറച്ച് ആഖ്യാനം മുന്നേറുന്നു.വെറ്റില സ്വാമിയെന്ന വേലുക്കുട്ടി ഭ്രാന്തനായി നടന്ന് അവസാനം ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു.ദിനകരന്റെ മരണത്തിനു സാക്ഷിയായ അയാൾ എന്തിനു നാടുവിട്ടുവെന്ന് ആർക്കുമറിയില്ല.


ഉപസംഹാരം

ആഖ്യാനത്തിലൂടെ സൃഷ്ടിയ്ക്കപ്പെടുന്നതാണ് സ്ഥലത്തിന്റെ സാംസ്കാരികഭൂമി ശാസ്ത്രം.പ്രാചീന തുറമുഖവും കച്ചവടകേന്ദ്രവുമെന്ന ഖ്യാതിയുള്ള പന്തലായിനിയല്ല നോവലിലുള്ളത്.കടലുമായുള്ള ബന്ധങ്ങളോ വിനിമയങ്ങളോഅല്ല നോവലിലെ പന്ത ലായനിയുടെ ജീവിതത്തെ സ്വാധീനിയ്ക്കുന്നത്.റെയിലും കരമാർഗ്ഗത്തിലൂടെയുള്ള ഗതാ ഗതങ്ങളുമാണ്.പന്തലായിനിയുടെ കടൽ ബന്ധം മാർക്കറ്റിലെത്തുന്ന മൽസ്യങ്ങളി ലൊതുങ്ങുന്നു.പന്തലായിനിയിലെ പലതരം മനുഷ്യരുടെ ആന്തരികവും ആദിമവുമാ യചോദനകളുടെ ഭൂപടമാണ് അഘോരശിവം എന്ന നോവലിലുള്ളത്.അവ ആധുനി കമായ ഘടനകൾക്കു വഴങ്ങാത്തതും അതുമായി സംഘർഷപ്പെടുന്നതുമാണ്. രതിയുടെ ഊർജ്ജവും ഹിംസയുടെ താല്പര്യങ്ങളും അവരെ നയിയ്ക്കുന്നു.നിയന്ത്രിയ്ക്കുന്നു. പന്തലായനിയിലെ മനുഷ്യരുടെ ധാർമ്മിക ജീവിതത്തിനു സ്വാധീനശക്തിയാകുന്നതിൽ അഘോരശിവൻ പരാജയപ്പെടുന്നു.

ഒളിഞ്ഞുനോക്കലിന്റേയും ഒളിച്ചു കേൾക്കലി ന്റേയും കുശുമ്പു പറച്ചിലിന്റേയും സ്വരഭേദ ങ്ങൾ ആഖ്യാനത്തിൽ സ്വീകരിയ്ക്കുന്നു. സാമൂഹികവും വൈയക്തികവുമായ ജീവിത ത്തിലും മനോഭാവങ്ങളിലുമുള്ള ചലന വ്യത്യാസങ്ങളെ ഒപ്പിയെടുക്കാനാണ് എഴുത്തു കാരന്റെ ശ്രമം. നോവലിലെ കീഴാള ജീവിതത്തിന്റെ അടരുകളിൽ സഹനത്തി ന്റേയും പ്രതിരോധത്തിന്റേയും അടയാളങ്ങളാണുള്ളത്. പുലയി ജാനകിയുടെയും ഭർത്താവ് കുങ്കറിന്റേയും ജീവിതം ഇതിനു തെളിവാണ്. ജാനകിയുടെ ഓർമ്മകളിൽ നിന്നാണ് പുളിയാർമല അടിയാത്തിയുടേയും പെണ്ണണ്ണിത്തെയ്യത്തിന്റേയും വീറുള്ള പുരാവൃത്തങ്ങൾ മറ്റുള്ളവരിലേയ്ക്ക് ഒഴുകിപ്പരന്നത്.

സാത്വികരെന്ന് നടിയ്ക്കുന്ന വരേണ്യ മനസുകളിൽ അതി കാമത്തിന്റേയും ദുരാഗ്രഹങ്ങളുടേയും ചതുപ്പുകൾ എഴുത്തുകാരൻ കാണിച്ചു തരുന്നു. വിശ്വാസവും ഭക്തിയും അവരെ നേർവഴിക്കു നയിയ്ക്കുന്നതിനു തെളിവുകളില്ല. ജീവിതത്തെ ഉത്സവമാക്കുന്നതിന് അവരുടെ സാമൂഹിക സാമൂഹിക നിലയും സാമ്പത്തിക നിലയും അനുകൂലമാണ്.മൺ കീരിമുത്തപ്പനിൽ നിന്ന് തന്റെ പേരക്കുട്ടിയിലേയ്ക്കു പ്രവഹിച്ച വിസ്മയകരമായ വെളിപാടിന്റെയും പ്രതിരോധത്തിന്റെയും ശൈവമായ മറ്റൊരു ധാരയിൽ തന്റെ സ്വത്വം കണ്ടെത്താൻ ശ്രമിയ്ക്കുകയാണ് ആഖ്യാതാവ് ചെയ്യുന്നത്.


സഹായകഗ്രന്ഥങ്ങൾ

  • രാമകൃഷ്ണൻ ഇ.വി. 2017, മലയാള നോവലിന്റെ ദേശകാലങ്ങൾ, മാതൃഭൂമി ബുക്സ്.

  • രജനി എൻ.ഡോ, 2020, സാഹിത്യവും സാംസ്കാരിക ഭൂമിശാസ്ത്രവും, ഇൻസൈറ്റ് പബ്ലിക്ക, കോഴിക്കോട്.

  • ഷാജി ജേക്കബ് (എഡി.) 2010, ദേശഭാവനയും രാഷ്ട്രീയ ഭൂപടങ്ങളും, സാഹിത്യ അക്കാദമി, ന്യൂദൽഹി

  • ഖാദർ യു.എ, 2000, അഘോരശിവം, ഡി.സി.ബുക്സ്, കോട്ടയം.

  • സോമനാഥൻ പി. ഡോ., 2016, കഥ ആഖ്യാനം ആഖ്യാനശാസ്ത്രം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം.

13 views0 comments
bottom of page