top of page

ബെഞ്ചമിന്‍ ബെയിലിയുടെ ഗുണപാഠകഥകള്‍: ഭാഷയ്ക്കും പരിഭാഷയ്ക്കും മാതൃകയും വെളിച്ചവും നല്‍കിയ ഇരുനൂറുവര്‍ഷങ്ങള്‍

 ഷാന്റി എം ജേക്കബ്

കേരളത്തില്‍ ആദ്യമായി അച്ചടിച്ച പുസ്തകത്തിന് 2024 ല്‍ ഇരുനൂറു വയസ്സാവുന്നു. 1824 ല്‍ ബെഞ്ചമിന്‍ ബെയിലി വിവര്‍ത്തനം ചെയ്ത് കോട്ടയം സി.എം.എസ് പ്രസില്‍ നിന്നു പ്രസിദ്ധീകരിച്ച ‘ചെറുപൈതങ്ങള്‍ക്ക ഉപകാരാര്‍ത്ഥം ഇംക്ലീശില്‍ നിന്ന പരിഭാഷപ്പെടുത്തിയ കഥകള്‍’ എന്ന കൃതി കേരളത്തില്‍ അച്ചടിച്ച ആദ്യ മലയാളഗ്രന്ഥമായി പരിഗണിക്കപ്പെടുന്നു. എട്ടു ചെറുകഥകളുടെ സമാഹാരമാണിത്. മെശിയാസംവത്സരം 1824 ല്‍ കോട്ടയത്ത് അച്ചടിച്ച പുസ്തകമാണ് ചെറുപൈതങ്ങള്‍ക്ക ഉപകാരാര്‍ത്ഥം ഇംക്ലീശില്‍ നിന്ന പരിഭാഷപ്പെടുത്തിയ കഥകള്‍. ‘ശ്രീ. (ജോര്‍ജ്) ഇരുമ്പയം ഈ പുസ്തകത്തെക്കുറിച്ച് ഉപന്യസിക്കുന്നതുവരെ, 1829 ല്‍ അച്ചടിച്ച പുതിയനിയമത്തെയാണു കേരളത്തില്‍ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകമായി കണക്കാക്കിയിരുന്നത്. ’(കെ.എം.ഗോവി, 1988:109.) 1824 ല്‍ കോട്ടയത്തുണ്ടായിരുന്ന ഒരേ ഒരു അച്ചടിശാല ചര്‍ച്ച് മിഷന്‍ പ്രസ്സ് ആയിരുന്നു. 1823 ജൂലൈമുതല്‍ കോട്ടയം ചര്‍ച്ച് മിഷന്‍ പ്രസ്സില്‍ അച്ചടി ആരംഭിച്ചു എന്നുള്ളതിനു രേഖയുണ്ട്. അതിനാല്‍ ചെറുപൈതങ്ങള്‍ക്ക ഉപകാരാര്‍ത്ഥം ഇംക്ലീശില്‍ നിന്ന പരിഭാഷപ്പെടുത്തിയ കഥകള്‍ അച്ചടിച്ചതു സി.എം.എസ് പ്രസ്സിലാണെന്നുള്ളതു നിസ്സംശയമാണ്. “ഈ കൃതി അറിയാന്‍ കഴിഞ്ഞിടത്തോളം കേരളത്തില്‍ അച്ചടിച്ച ആദ്യത്തെ മലയാളപുസ്തകവും മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യകൃതിയും ആണ്.” (ജോര്‍ജ് ഇരുമ്പയം, 1981:15.)

കേരളത്തില്‍ അച്ചടിച്ച ആദ്യമലയാളഗ്രന്ഥം, ആദ്യപാഠപുസ്തകം, ആദ്യ കഥാസമാഹാരം എന്നിങ്ങനെ പരിഗണിക്കപ്പെടുന്ന കൃതിയാണിത്. കുട്ടികള്‍ക്ക് ഉപകാരപ്പെടുന്നതിനായുള്ള മതബോധനപരമായ കഥകളാണിവയെല്ലാം. മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് നല്‍കുന്ന സാരോപദേശങ്ങള്‍ പ്രമേയമായുള്ള ഈ കഥകള്‍ കേരളത്തിലെ കുട്ടികളുടെ പൊതു ഉപയോഗത്തിനായിരുന്നില്ല മറിച്ച് മിഷനറിമാര്‍ സ്ഥാപിച്ച സ്കൂളുകളിലെയും കോളേജിലെയും വിദ്യാര്‍ത്ഥികളുടെ ഉപയോഗത്തിനുവേണ്ടിയുള്ളവയായിരുന്നു. കഥയില്‍തന്നെ അത് സൂചിപ്പിക്കുന്നുമുണ്ട്. എഡ്വാര്‍ഡ എന്ന പെര്‍ ഉളവായ രാജാക്കന്മാരില്‍ ആറാമവന്റെ ചരിതം എന്ന കഥയുടെ  അഞ്ചാം അധ്യായത്തിന്റെ അവസാനഭാഗത്ത് ഇങ്ങനെയൊരു പ്രബോധനമുണ്ട്. ആകയാല്‍ എടോ അദ്ധ്യായി-ചെന്ന അപ്രകാരം തന്നെ ചെയതീടുക ഇനിമെല്‍ സ്വര്‍ഗത്തിങ്കല്‍ നമ്മുടെ ഭഗവാനാം രക്ഷിതാവിനെ അഭിമുഖീകരിച്ചുകാണും എന്നും നീ ഉറയ്ക്കുമാറാകും. (ബാബു ചെറിയാന്‍ 135:2014.) ഇവിടെ അദ്ധ്യായി എന്ന് സംബോധന ചെയ്തിരിക്കുന്നത് പഠിതാവിനെയാണ്.

കഥകള്‍

 

എംഗലാന്തില്‍ മാര്‍ജെരി എന്ന പെരായി നാല വയസ്സ ചെന്ന ഒരു പെണ്‍പൈതലിന്റെ കഥ, ജ്ഞാനിപ്പൈതല്‍, രണ്ട ആട്ടിന്‍കുട്ടികളുടെ കഥ, വിപദിധൈര്യം ഒരു കഥ, ജൊര്‍ജിന്റെയും അവന്റെ ചക്രത്തിന്റെയും കഥാ, എഡ്വാര്‍ഡ എന്ന പെര്‍ ഉളവായ രാജാക്കന്മാരില്‍ ആറാമവന്റെ ചരിതം, മനസ്സുറപ്പിന്റെ സംഗതി, തെയോഫിലുസിന്റെയും സൊപ്യായുടെയും കഥ എന്നിവയാണ് എട്ടുകഥകള്‍.

  1. എംഗലാന്തില്‍ മാര്‍ജെരി എന്ന പെരായി നാല വയസ്സ ചെന്ന ഒരു പെണ്‍പൈതലിന്റെ കഥ

 

എംഗലാന്തില്‍ മാര്‍ജെരി എന്ന പെരായി നാല വയസ്സ ചെന്ന ഒരു പെണ്‍പൈതലിന്റെ കഥ ഈ സമാഹാരത്തിലെ ആദ്യ കഥയാണ്. മാര്‍ജെരി, അവളുടെ അനിയത്തി ലൂസി, അവളുടെ അമ്മ, അച്ഛന്‍, ഒരു തള്ളപ്പക്ഷിയും കുഞ്ഞുങ്ങളും, കുടുംബസ്നേഹിയായ ഒരു വൃദ്ധ ഇത്രയും പേര്‍ കഥാപാത്രങ്ങളായ ഈ കഥ മൂന്ന് ഉപകഥാവിഭാഗങ്ങളായാണ് എഴുതിയിരിക്കുന്നത്. കഥയുടെ ആദ്യഭാഗം ഇങ്ങനെയാണ്. ഒരു ദിവസം മാര്‍ജെരിയുടെ അമ്മ ലൂസിയെ തൊട്ടിലില്‍ കിടത്തി ഉറക്കി. കുഞ്ഞിനെ നോക്കുന്ന കാര്യം മാര്‍ജെരിയെ ഏല്പിച്ച് ഉച്ചഭക്ഷണത്തിനുള്ള വിഭവങ്ങള്‍ ശേഖരിക്കുന്നതിനായി അമ്മ തോട്ടത്തിലേക്കു പോയി. ഭക്ഷണവിഭവങ്ങളെല്ലാം വട്ടിയില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാഞ്ഞതിനാല്‍ ഏതാനും ആപ്പിളുകള്‍ അവിടെത്തന്നെ വെച്ചിട്ട് ബാക്കി സാധനങ്ങളുമായി വീട്ടിലെത്തി.  വീട്ടിലെത്തിയ അമ്മ ആപ്പിള്‍പഴങ്ങള്‍ എടുത്തുകൊണ്ടു വരുവാന്‍  മാര്‍ജെരിയെ അയച്ചു. പഴം ഒന്നും തിന്നരുതെന്നും പറഞ്ഞു. മാര്‍ജെരി പഴങ്ങള്‍  അമ്മയ്ക്കു കൊണ്ടുവന്നു കൊടുത്തു. മാര്‍ജെരി ഒരു പഴംപോലും എടുത്തിട്ടില്ലെന്നു മനസ്സിലാക്കിയ അമ്മയ്ക്കു വലിയ സന്തോഷമായി. ദൈവത്തിന്റെ വിശുദ്ധാത്മാവാണ് മാര്‍ജെരിയെ അനുസരണയുള്ളവളാക്കിയതെന്ന് കഥാകൃത്ത് പറയുന്നു.

കഥയുടെ രണ്ടാം ഭാഗത്ത് പറമ്പില്‍ പക്ഷിക്കൂടും മുട്ടകളും കാണുന്ന മാര്‍ജെരി തള്ളപ്പക്ഷി വരുന്നതുവരെ അവിടെ മറഞ്ഞു കാത്തുനല്‍ക്കുന്നു. അടുത്ത ദിവസം വീട്ടില്‍ നിന്നും അപ്പക്കഷണങ്ങള്‍ തള്ളപ്പക്ഷിക്ക് കൊടുക്കുന്നു. എല്ലാ ദിവസവും ഇത് ആവര്‍ത്തിക്കുന്ന മാര്‍ജെരി മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങള്‍ ഉണ്ടായപ്പോള്‍ അവള്‍ സന്തോഷിച്ചു. തള്ളപ്പക്ഷിക്കും കുഞ്ഞുങ്ങള്‍ക്കും അവള്‍ തീറ്റകൊടുത്തു. പക്ഷികള്‍ മരങ്ങള്‍തോറും പറന്നു നടക്കുന്നതു കണ്ടു അവള്‍ സന്തോഷിച്ചു. ആ പക്ഷികളോടു ദയ കാണിക്കണമെന്ന് മാര്‍ജെരിയുടെ മനസിനെ പ്രേരിപ്പിച്ചത് ദൈവമാണ്.

കഥയുടെ മൂന്നാം ഭാഗത്ത് മാര്‍ജെരിയും വീട്ടുകാരും ഒരു ഞായറാഴ്ച പള്ളിയില്‍ പോകുന്നതും അവള്‍ പള്ളിയില്‍ ഭക്തിപൂര്‍വ്വം പെരുമാറുന്നതും ഒരു വൃദ്ധയായ സ്ത്രീക്ക് അവളോടു താല്‍പര്യമുണ്ടാകുന്നതുമായ കാര്യങ്ങളാണ് പ്രതിപാദിക്കുന്നത്. നന്നായി വായിക്കാനറിയാവുന്ന മാര്‍ജെരിക്ക് വൃദ്ധ വേദപുസ്തകം സമ്മാനമായി നല്‍കുന്നു. ഈ പെണ്‍കുട്ടി സല്‍സ്വഭാവിയായി വളര്‍ന്നത് അവളുടെ കഴിവുകൊണ്ടല്ല പരിശുദ്ധാത്മാവിന്റെ സഹായം കൊണ്ടാണ് എന്നു പറഞ്ഞ് കഥ അവസാനിപ്പിക്കുന്നു. സഹജീവികളോടും പ്രകൃതിയോടും ദൈവത്തോടുമുള്ള മനുഷ്യന്റെ ബന്ധങ്ങള്‍ സമരസപ്പെടുത്തിക്കൊണ്ടു പോവുകയെന്നതാണ് ജീവിതവിജയത്തിന് അടിസ്ഥാനമെന്ന് മൂന്നുഭാഗങ്ങളുള്ള ഈ കഥ ലളിതമായും മനോഹരമായും പറഞ്ഞുവെക്കുന്നു.

ഇരുനൂറുവര്‍ഷം മുന്‍പ് പ്രസിദ്ധീകരിക്കപ്പെട്ട ഈ കഥയുടെ തുടക്കം തന്നെ മനോഹരമാണ്.

“മാര്‍ജെരിയുടെ അമ്മ തണുപ്പുള്ള ഒരു വലിയ ഇടവഴിത്തലക്കല്‍ വെടിപ്പുള്ള ഒരു ചെറുപുരയില്‍ പാര്‍ത്തു. മാര്‍ജെരിയുടെ അമ്മക്ക ഒരു തൊട്ടം ഉണ്ടായിരുന്നു. ആ തൊട്ടത്തില്‍ ഒരു ആപ്പള്‍മരം ഉണ്ടായിരിന്നു. അവിടെ അവള്‍ വെനല്‍കാലം വൈകുന്നെരം തുന്നല്‍പണി ചെയ്തകൊണ്ട ഇരിന്നു. മാര്‍ജെരിക്ക നാല വയസ്സായി അവള്‍ക്ക ലൂസി എന്നൊരു കുഞ്ഞനുജത്തി ഉണ്ടായിരിന്നു. ലൂസി എത്രയും പൈതല്‍ ആകകൊണ്ട നടക്കാവതായിരിന്നീല.”

         പരിഭാഷയിലൂടെ മലയാളത്തിനു ലഭിച്ച ആദ്യകഥതന്നെ രൂപത്തിലും ഭാവത്തിലും മികച്ച മാതൃകയായിരുന്നു. സംഭവങ്ങളെ പൂര്‍വ്വാപരബന്ധത്തോടും യുക്തിഭദ്രതയോടെയും ആഖ്യാനം ചെയ്യുന്ന ഈ കഥയിലെ ഭാഷ ആഖ്യാനത്തിനു മാത്രമല്ല വികാരാവിഷ്ക്കരണത്തിനും പര്യാപതമായിരുന്നു.

 

  1. ജ്ഞാനിപ്പൈതല്‍

ഈ സമാഹാരത്തിലെ രണ്ടാമത്തെ കഥയായ ജ്ഞാനിപ്പൈതല്‍ വ്യത്യസ്തമാകുന്നത് അതിന്റെ പ്രമേയം കൊണ്ടാണ്. തികച്ചും മതേതരസ്വഭാവമുള്ള ചെറിയകഥയാണ് ജഞാനിപ്പൈതല്‍. പെത്തെര്‍ എന്ന എട്ടു വയസ്സുകാരനാണ് കഥയിലെ പ്രധാനകഥാപാത്രം. കുട്ടികള്‍ക്ക് സഹജമായുള്ള കളികളും വിനോദങ്ങളും ഒന്നുമില്ലാതെ, ജോലി ചെയ്തു ജീവിക്കുന്ന പെത്തെര്‍ പക്ഷേ ജ്ഞാനമുള്ളവനാണ്. ഒരു ദിവസം ഒരു യജമാനന്‍ തന്റെ കുതിരപ്പുറത്ത് യാത്രചെയ്യവേ വേലിക്കരികില്‍ കണ്ട ഒരു ചെടി പറിക്കാനായി കുതിരപ്പുറത്തുനിന്നും ഇറങ്ങി. ഈ തക്കത്തിന് കുതിര ഓടിപ്പോയി. യജമാനന്‍ പുറകേ ഓടി. പേരു വിളിച്ചപ്പോള്‍ കുതിര നിന്നു. യജമാനന്‍ അടുത്തെത്തിയപ്പോള്‍ വീണ്ടും ഓടി. ഇതു കണ്ടുനിന്ന പെത്തെര്‍ കുതിരയുടെ അടുത്ത് ഓടിയെത്തി അതിന്റെ കടിഞ്ഞാണ്‍ പിടിച്ചു നിര്‍ത്തി. യജമാനന്‍ വരുന്നതുവരെ അവിടെ നിന്നു. ഇതില്‍ സന്തോഷവാനായ യജമാനന്‍ ഈ നല്ലപ്രവൃത്തിക്ക് നിനക്ക് എന്തുവേണമെന്നു ചോദിച്ച് പോക്കറ്റില്‍ കയ്യിട്ടു. തനിക്ക് ഒന്നും വേണ്ട എന്ന് പെത്തെര്‍ മറുപടി നല്‍കി. ഇങ്ങനെ പറയാന്‍ ചുരുക്കം ആള്‍ക്കാര്‍ക്കേ കഴിയൂ എന്നു പറഞ്ഞ് യജമാനന്‍ പെത്തറിനെ അഭിനന്ദിച്ചു. തുടര്‍ന്ന് യജമാനന്‍ അവനുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതാണ് കഥ.

         ആഖ്യാനത്തോടൊപ്പം സംഭാഷണവും സമര്‍ത്ഥമായി  ഉപയോഗപ്പെടുത്തിയിട്ടുള്ള കഥയാണിത്. കഥയിലെ പ്രധാനസംഭവങ്ങള്‍ ആദ്യം വിശദീകരിച്ചതിനുശേഷം സംഭാഷണങ്ങളിലൂടെ പെത്തര്‍ എന്ന പ്രധാനകഥാപാത്രത്തിന്റെ  ജീവിതസാഹചര്യങ്ങളും ജീവിതവീക്ഷണവും വെളിപ്പെടുത്തുന്നു. സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ ശ്രദ്ധിക്കുക

യജമാനന്‍      -മഴ പെയ്യുമ്പോള്‍ എന്ത ചെയ്യും

ചെര്‍ക്കന്‍      -മഴ നന്ന പെയ്യുന്നുണ്ടെങ്കില്‍ തൊരുവൊളം കാട്ടിന്‍ അകത്ത കടന്ന നില്‍ക്കും

യ               -വീട്ടിലെക്ക പൊകുവാന്‍ കാലം ആകും മുമ്പെ വിശന്നാല്‍ എന്ത ചെയ്യും

ചെ             -ടുര്‍നിപ്പ കിഴങ്ങു പച്ചയൊടെ തിന്നുകൊണ്ട വരുന്നു

യ               -ഒന്നും തന്നെ ഇല്ല എങ്കിലൊ

ചെ             -എന്നാല്‍ കഴിയുന്നത ചെയ്യും അതിനെ വിചാരിയാതെ തന്നെ വെലചെയ്തു കൊണ്ട ഇരിക്കും

 

  1. രണ്ട് ആട്ടിന്‍കുട്ടികളുടെ കഥ

 

ശാന്തന്‍ എന്നും അവിവേകിയെന്നും പേരുള്ള രണ്ട് ആട്ടിന്‍കുട്ടികളാണ് ഈ കഥയിലെ പ്രധാനകഥാപാത്രങ്ങള്‍. അവരുടെ പിതാവിന്റെ പേര് പരമാര്‍ത്ഥിയെന്നുമായിരുന്നു. സുഘടിതവും ദീര്‍ഘവുമായ ഈ കഥ പ്രധാനമായും ക്രൈസ്തവ ആശയ പ്രചാരണം ലക്ഷ്യമാക്കിയുള്ളതാണ്. ലക്ഷണമൊത്ത ഒരു രൂപകകഥ (allegory) കൂടിയാണിത്. ജോൺ ബനിയന്റെ പരദേശിമോക്ഷയാത്ര (Pilgrim’s Progress) യിലേതിനു സമാനമായ  അന്തരീക്ഷവും ആഖ്യാനവും ഈ കഥയില്‍ കാണാം. ഇടയന്റെ കൂടെ ജീവിക്കുന്ന ശാന്തന് ജീവിതത്തില്‍ ലഭിക്കുന്ന സൌഭാഗ്യങ്ങളും ഇടയനില്‍ നിന്ന് അകന്നുപോയ അവിവേകി അനുഭവിക്കുന്ന ദുരിതങ്ങളും അതിദീര്‍ഘമായി ഈ കഥയില്‍ വിവരിക്കുന്നു. പരമാർത്ഥിയായ പിതാവ്, ഉത്തമനായ ഇടയൻ,  ആട്ടിൻകുട്ടികൾ, കൂട്ടിലേക്കുള്ള ഇടുങ്ങിയ വഴി, ശക്തനായ ശത്രു തുടങ്ങിയ ക്രൈസ്തവ സങ്കല്പനങ്ങൾ ഈ കഥയിൽ സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട്.

 

 

  1. വിപദിധൈര്യം ഒരു കഥ

അനേകം ഉപകഥകളിലൂടെ കടന്നുപോകുന്ന ദീർഘമായ ഒരു കഥയാണിത്. ഒരു മുത്തശ്ശിക്കഥയുടെ രീതിയിൽ ഒട്ടും മുഷിപ്പില്ലാതെ സംഭവങ്ങൾ പറഞ്ഞു പോകുന്ന രീതിയാണ് ഈ കഥയിലെ ആഖ്യാനത്തിനുള്ളത്. പെട്ടെന്നുണ്ടാകുന്ന വിഷമതകൾ സഹിക്കുന്നതിന് കഴിവില്ലാത്ത, ആപത്തുകൾ വരുമ്പോൾ മനസ്സുതളരുന്ന എന്നാല്‍ ബുദ്ധിയും വിവേകവും മര്യാദുമുള്ള തെയോഡൊര്‍ എന്ന കുട്ടിയുടെ കഥയാണ് ഏററവുമാദ്യം. ഈ കഥയ്ക്കുള്ളില്‍ മറ്റൊരു കഥയുണ്ട്. അത്  ഹാര്‍ഡമാന്‍ എന്ന മറ്റൊരാളുടെ കഥയാണ്. ഹാര്‍ഡമാന്റെ കഥയാകട്ടെ ഒന്നിനു പുറകെ മറ്റൊന്നായി തുടരുന്ന കഥകളും.

ജനനത്തിനും മരണത്തിനുമിടയിലുള്ള മനുഷ്യന്റെ ജീവിതം ക്ഷണികമാണെന്നും ജീവിതം ദുഃഖസങ്കീര്‍ണ്ണമാണെന്നും ജീവിതത്തില്‍ സംഭവിക്കുന്നതെന്തും ക്ഷമയോടെ അനുഭവിക്കണമെന്നും പ്രതിസന്ധികള്‍ പ്രത്യാശയോടെ തരണം ചെയ്യണമെന്നും അങ്ങനെയേ ജീവിതത്തിന് അര്‍ത്ഥം കൊടുക്കാനാവൂ എന്നുമുള്ള ഗൌരവമുള്ള ദര്‍ശനം ഈ കഥ പങ്കുവെക്കുന്നു. പെട്ടെന്നുണ്ടാകുന്ന കോപം കൊണ്ട് ജീവിതത്തെ സമീപിച്ചാല്‍ പൂന്തോട്ടം മരുഭൂമിയാകും മറിച്ചായാല്‍ മരുഭൂമി പൂന്തോട്ടമാകും എന്ന പാഠമാണ് കഥയിലെ നായകനായ തെയോഡൊര്‍ ഹാര്‍ഡ്മാന്റെ ജീവിതത്തില്‍ നിന്നും പഠിക്കുന്നത്. ചെറിയ ചെറിയ കഥകളിലൂടെയും വാക്കുകളിലൂടെയും വലിയ ജീവിതക്കാഴ്ചകള്‍ നല്‍കുന്ന കഥയാണിത്.

 

  1. ജോര്‍ജിന്റെയും അവന്റെ ചക്രത്തിന്റെയും കഥ

 

മികച്ച ഒരു ബാലസാഹിത്യകൃതിയാണ് ഈ കഥ. ആവശ്യമില്ലാത്ത വസ്തു ഒരാള്‍ക്ക് കിട്ടുന്നത് പൊല്ലാപ്പിനു കാരണമാകുമെന്ന ഗുണപാഠമാണ് ഈ കഥയുടെ കാതല്‍. കുട്ടികള്‍ മോഹങ്ങളില്‍പ്പെട്ട് വഴിതെറ്റുന്നതിന്റെയും ദുര്‍ച്ചെലവുകള്‍ വരുത്തുന്നവരായിത്തീരുന്നതിന്റെയും അപകടങ്ങളിലേക്ക് ഈ കഥ മുന്നറിയിപ്പു നല്‍കുന്നു. ജോര്‍ജ്, അച്ഛന്‍, മുത്തച്ഛന്‍ എന്നിവരാണ് ഇതിലെ കഥാപാത്രങ്ങള്‍.

 

  1.  എഡ്വാര്‍ഡ എന്ന പെര്‍ ഉളവായ രാജാക്കന്മാരില്‍ ആറാമവന്റെ ചരിതം

 

ഇംഗ്ലണ്ടിന്റെയും അയര്‍ലൻ്റിന്റെയും രാജാവായിരുന്ന എഡ്വേര്‍ഡ് ആറാമന്റെ ജീവചരിത്രമാണ് ഈ കഥ. അഞ്ച് അധ്യായങ്ങളിലായി എഡ്വേര്‍ഡ് ആറാമന്റെ ജീവചരിത്രം വിവരിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥികളെയും ശിശുക്കളെയും  ഉദ്ദേശിച്ചു രചിച്ചതാണീ ജീവചരിത്രം. “എഡ്വേര്‍ഡ് ആറാമന്‍ രാജാവിന്റെ ജനനം  മുതല്‍ മരണം വരെയുള്ള പ്രധാനസംഭവങ്ങള്‍, ഭരണാധികാരി എന്ന നിലയിലെ പ്രവര്‍ത്തനങ്ങള്‍, സ്വഭാവഗുണങ്ങള്‍, ദര്‍ശനം ഇവയെല്ലാം വിപുലമായി ഈ കൃതിയില്‍ വിശദീകരിച്ചിട്ടുണ്ട്. എഡ്വേര്‍ഡ് ആറാമന്റെ ജീവിതകാലം വളരെ ഹ്രസ്വമായിരുന്നു- പതിനാറുവര്‍ഷം തികച്ചില്ല. പക്ഷേ പേപ്പസി(papacy) യ്ക്കെതിരായി പ്രോട്ടസ്റ്റാന്റിസം (മതനവീകരണപ്രസ്ഥാനം)  ഇംഗ്ലണ്ടില്‍ പ്രതിഷ്ഠിക്കപ്പെട്ടത് എഡ്വേര്‍ഡ് ആറാമന്റെ കാലത്താണെന്നുള്ളതുകൊണ്ട് ബ്രിട്ടീഷ് ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തിയിട്ടുള്ള നാമമാണ് അദ്ദേഹത്തിന്റേത്. എഡ്വേര്‍ഡ് ആറാമന്റെ ഈ ജീവചരിത്രകൃതി മലയാളത്തിലെ ആദ്യ ജീവചരിത്രകൃതിയാണ്”.  (ബാബു ചെറിയാന്‍ 2008: 138.)

 

  1. മനസ്സുറപ്പിന്റെ സംഗതി

 

മതേതരസ്വഭാവമുള്ള കഥകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന മറ്റൊരു കഥയാണിത്. ജീവിതത്തില്‍ ഉടനടി പ്രതികരണം വേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ അതിനു കഴിയാതെ പോയാലുണ്ടാകുന്ന നഷ്ടങ്ങളും ഉചിതമായി പെരുമാറിയാല്‍ ഒഴിവാക്കാനാകുന്ന അപകടങ്ങളെയും കുറിച്ച് സൂചിപ്പിക്കുന്ന ഈ കഥയില്‍ അനേകം ഉപകഥകളുമുണ്ട്. ക്രൈസ്തവ ആശയങ്ങളുടെ പരാമര്‍ശമില്ലാത്ത ഈ കഥ വിപദിധൈര്യം ഒരു കഥയുടെ പ്രമേയത്തോടു ചേര്‍ന്നുനില്‍ക്കുന്നു.

 

  1. തെയോഫിലുസിന്റെയും സൊപ്യായുടെയും കഥ

 

സമാഹാരത്തിലെ ഏറ്റവും ദീര്‍ഘമായ ഈ കഥ ക്രൈസ്തവ ആശയപ്രചരണം മാത്രമാണ്. വൃദ്ധനും ഏകാകിയുമായ ഒരു ഇടയന്‍, ഒരു പ്രഭുവിന്റെ മക്കളായ തെയോഫിലുസ്, സൊപ്യ എന്നിവരാണ് കഥാപാത്രങ്ങള്‍. വേദപുസ്തകപരിജ്ഞാനിയാണ് വൃദ്ധന്‍. കത്തോലിക്കാമതവിശ്വാസികളാണ് മറ്റു രണ്ടു പേര്‍. കത്തോലിക്കാ മതവിമര്‍ശനവും ഈ കഥയുടെ ലക്ഷ്യമാണ്. ചുരുക്കത്തില്‍ മുഷിപ്പിക്കുന്ന ഒരു മതപ്രബോധനമാണ് ഈ കഥ.

കേരളത്തിലെ പരമ്പരാഗതസഭയെ നവീകരിക്കുവാന്‍ സഹായ മിഷനായി എത്തിയ (Mission for Help) ചര്‍ച്ച് മിഷണറി സൊസൈറ്റിയുടെ മിഷണറി റവ.ബെഞ്ചമിന്‍ ബെയിലിയാണ് ചെറുപൈതങ്ങള്‍ക്ക് ഉപകാരാര്‍ത്ഥം.....എന്ന കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.

 

ബെഞ്ചമിന്‍ ബെയിലി

മലയാളം അച്ചടിയുടെ പിതാവെന്നറിയപ്പെടുന്ന ബെഞ്ചമിന്‍ ബെയിലി കേരളത്തിലെത്തിയ സി.എം.എസ് മിഷണറിമാരില്‍ പ്രമുഖനായിരുന്നു. 1816 നവംബര്‍ 16 ന് കൊച്ചിയിലെത്തിയ ബെയിലി ആലപ്പുഴയില്‍ താമസിച്ച് മലയാളഭാഷാപഠനം ആരംഭിച്ചു. മലയാളത്തില്‍ ആശയവിനിമയം നടത്താന്‍ പ്രാപ്തി നേടിയതോടെ ബെയിലി കോട്ടയത്തേക്ക് താമസം മാറ്റുകയും ചര്‍ച്ച് മിഷണറി സൊസൈറ്റിയുടെ (സി.എം.എസ്) കോട്ടയം കോളജിന്റെ ഭരണപരവും അക്കാദമികവുമായ ചുമതലകള്‍ ഏറ്റെടുക്കുകയും ചെയ്തു.

തിരുവിതാംകൂറിലെ ബ്രിട്ടീഷ് റെസിഡന്റായിരുന്ന കേണല്‍ മണ്‍റോ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ സമഗ്രപുരോഗതിക്കുവേണ്ടി തയ്യാറാക്കിയ ചില പദ്ധതികളുടെ ഭാഗമായാണ് ബെയിലി കോട്ടയത്തെത്തിയത്.  സുറിയാനിക്കാര്‍ക്ക് (പ്രത്യേകിച്ച് വൈദികര്‍ക്ക്) വിദ്യാഭ്യാസം നല്‍കുക, ബൈബിള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുക, പള്ളികളോടു ചേര്‍ന്ന് സ്കൂളുകള്‍ സ്ഥാപിക്കുക, ബൈബിളും മറ്റു കൃതികളും അച്ചടിച്ചു പ്രസിദ്ധീകരിക്കുക, അവ പ്രചരിപ്പിക്കുക, കോട്ടയം കോളജിനോടു ചേര്‍ന്ന് ഒരു അച്ചടിശാല സ്ഥാപിക്കുക എന്നിവ കേണല്‍ മണ്‍റോയുടെ പ്രധാന പദ്ധതികളായിരുന്നു. കോട്ടയം കോളേജിന്റെ സാരഥ്യമേറ്റെടുത്തതോടെ ഇവയില്‍ പലതിന്റെയും ചുമതല ബെയിലി ഏറ്റെടുത്തു.

ബെഞ്ചമിന്‍ ബെയിലിയുടെ പ്രവര്‍ത്തനങ്ങളെ മതപരമായ പ്രവര്‍ത്തനങ്ങളെന്നും, മതേതര സ്വഭാവമുള്ള പ്രവര്‍ത്തനങ്ങളന്നും രണ്ടായി തിരിക്കാം. ബൈബിള്‍ പരിഭാഷ, പ്രാര്‍ത്ഥനാപുസ്തകത്തിന്റെ പരിഭാഷ, കോട്ടയം ഹോളി ട്രിനിറ്റി കതീഡ്രല്‍ പള്ളിയുടെ നിര്‍മ്മാണം എന്നിവ മതപരമായി പ്രാധാന്യമുള്ള പ്രവര്‍ത്തനങ്ങളായിരുന്നു. പരിഭാഷ, അച്ചടിശാല സ്ഥാപിക്കല്‍, അച്ചടി, മലയാള അക്ഷരങ്ങളുടെ രൂപകല്പന, നിഘണ്ടു നിര്‍മ്മാണം തുടങ്ങിയ മതേതരസ്വഭാവമുള്ള പ്രവര്‍ത്തനങ്ങളായിരുന്നു കേരളത്തിന്റെ സാമൂഹിക സാംസ്കാരിക മേഖലകളെ നവീകരിക്കുന്നതിനുള്ള അടിത്തറ പാകിയത്. പൊതുവിദ്യാഭ്യാസത്തിന്റെയും ആശയവിനിമയോപാധികളുടെയും വിജ്ഞാനവിസ്ഫോടനത്തിന്റെയും നവലോകത്തിലേക്ക് കേരളസമൂഹത്തെ നയിച്ചതും ഈ പ്രവര്‍ത്തനങ്ങളായിരുന്നു.  പത്രമാസികകള്‍, പുസ്തകപ്രസാധനം എന്നിവ മലയാളഗദ്യത്തിന്റെ മാനകീകരണത്തിനും ഗദ്യവികാസത്തിനും കാരണമായിത്തീര്‍ന്നു.

കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് മാതൃഭാഷയില്‍ എഴുതപ്പെട്ട ബൈബിളില്ലായിരുന്നു. എന്നാല്‍ വിദേശ കല്ദയ സഭയുമായുണ്ടായിരുന്ന ബന്ധത്തിലൂടെ അവര്‍ക്ക് സുറിയാനി ബൈബിള്‍ ലഭിച്ചിരുന്നു. സുറിയാനി ബൈബിളിന്റെ പൂര്‍ണമോ ഭാഗികമോ ആയ പ്രതികള്‍ ഇവിടുത്തെ ക്രൈസ്തവരുടെ ഇടയില്‍ പ്രചരിച്ചിരുന്നു. ഇംഗ്ലണ്ടിലെ പ്രൊട്ടസ്റ്റന്റ് സഭയിലെ മിഷണറിമാരും പുരോഹിതരും വിശ്വാസികളായ ഉദ്യോഗസ്ഥരും കേരളത്തിലെത്തിയതോടെയാണ് ബൈബിളിന്റെ മലയാള പരിഭാഷയ്ക്കുവേണ്ടിയുള്ള പരിശ്രമങ്ങള്‍ ഗൌരവമായി ആരംഭിക്കുന്നത്. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കല്‍ക്കട്ട (കൊല്‍ക്കൊത്ത) യിലെ ചാപ്ലയിനായിരുന്ന ക്ലോഡിയസ് ബുക്കാനന്റെ ശ്രമത്താല്‍ മലങ്കര മെത്രാപ്പോലീത്തയുടെ മേല്‍നോട്ടത്തില്‍ കായംകുളം ഫീലിപ്പോസ് റമ്പാനും മറ്റു ചിലരും ചേര്‍ന്ന് ബൈബിളിലെ നാലു സുവിശേഷങ്ങള്‍ പരിഭാഷപ്പെടുത്തുകയും ബോംബെയിലെ  കുറിയര്‍ പ്രസില്‍ റമ്പാന്‍ ബൈബിള്‍ എന്ന പേരില്‍ പ്ലസിദ്ധീകരിക്കുകയും ചെയ്തു. 1811 ല്‍ പ്രസിദ്ധീകരിച്ച റമ്പാന്‍ ബൈബിളാണ് മലയാളത്തിലുണ്ടായ ആദ്യ ബൈബിള്‍ പരിഭാഷ.

ബൈബിളിനു മലയാളത്തിലുണ്ടായ ആദ്യ സമ്പൂര്‍ണ്ണ തര്‍ജ്ജമ ബെഞ്ചമിന്‍ ബെയിലിയുടേതാണ്. കേണല്‍ ജോണ്‍ മണ്‍റോ ആയിരുന്നു അതിനു പിന്നിലെ പ്രേരകശക്തി. കേരളത്തിലെത്തി ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ മലയാളത്തില്‍ പ്രസംഗിക്കാനും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനും പരിജ്ഞാനം നേടിയ ബെയിലി കൂടുതല്‍ സമയം ചെലവഴിച്ചത് പരിഭാഷയ്ക്കു വേണ്ടിയായിരുന്നു. പൊതുധാരണയ്ക്കു കോട്ടം തട്ടാത്ത, പക്ഷപാതം കാട്ടാത്ത, സാധാരണക്കാരനു മനസ്സിലാകുന്ന ഒരു പദാനുപദ തര്‍ജ്ജമ സൃഷ്ടിച്ചെടുക്കുന്നതിനു ബെയിലിക്കു കഴിഞ്ഞു.

ഭാഷാപരമായ സവിശേഷതകള്‍

കോട്ടയം കോളജിന്റെയും പരിഭാഷയുടെയും ചുമതല ഏറ്റെടുത്ത ബെയിലിക്ക് നേരിടേണ്ടിവന്ന വലിയ വെല്ലുവിളികള്‍. വരമൊഴിയില്‍ പദ്യത്തിനായിരുന്നു പ്രാധാന്യവും ആധിപത്യവും. ശാസനങ്ങള്‍ തുടങ്ങിയവയില്‍ ഉപയോഗിച്ചിരുന്ന ഗദ്യമാകട്ടെ ആശയവിനിമയത്തിന് അനുയോജ്യവുമല്ലായിരുന്നു. മിഷണറി പ്രവര്‍ത്തനത്തിന്റെ ഭാഗമെന്ന നിലയില്‍ എഴുത്തും വായനയുമറിയാത്ത ബഹുഭൂരിപക്ഷം വരുന്ന സാധാരണജനങ്ങളെയായിരുന്നു അവര്‍ക്ക് അഭിമുഖീകരിക്കേണ്ടിയിരുന്നത്. പണ്ഡിതരായ ന്യൂനപക്ഷത്തിന് മുഖ്യമായത് സംസ്കൃതഭാഷയും പദ്യവുമായിരുന്നു. അച്ചടിയില്ലാതിരുന്നതിനാല്‍ ഗ്രന്ഥങ്ങള്‍ ഓലയില്‍ പകര്‍ത്തിയെഴുതി സൂക്ഷിക്കുകയായിരുന്നു പതിവ്. ഗ്രന്ഥങ്ങള്‍ ലഭ്യവുമായിരുന്നില്ല. സാഹിത്യമെന്നാല്‍ പദ്യസാഹിത്യം മാത്രമായിരുന്നു. പാഠപുസ്തകങ്ങള്‍ പോലും പദ്യത്തിലായിരുന്നുവെന്നു മാത്രമല്ല സാധാരണക്കാര്‍ക്ക് ഗ്രഹിക്കാനാവാത്ത സംസ്കൃതഭാഷയില്‍ എഴുതപ്പെട്ടവയുമായിരുന്നു. സാധാരണക്കാരുടെ സംസാരഭാഷ ദ്രാവിഡപാരമ്പര്യത്തോട് ചേര്‍ന്നു നില്‍ക്കുന്നതും പ്രാചീനപദങ്ങളും ഗ്രാമ്യപദങ്ങളും ഉള്‍പ്പെട്ടവയായിരുന്നു. പണ്ഡിതര്‍ക്കും പാമരര്‍ക്കും ഒരേപോലെ സ്വീകാര്യമായതും പ്രയോഗിക്കാന്‍ കഴിയുന്നതുമായ ഗദ്യഭാഷ രൂപപ്പെടുത്തിയെടുക്കുകയെന്നതായിരുന്നു ബെയിലിയുടെ പ്രധാന ലക്ഷ്യം. മലയാളത്തില്‍ ഉച്ചഭാഷ, നീചഭാഷ എന്നിങ്ങനെ രണ്ടുതരം ഭാഷകള്‍ നടപ്പിലുണ്ടായിരുന്നുവെന്ന് മിഷണറിമാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉച്ചഭാഷ സംസ്കൃതവും നീചഭാഷ തമിഴു ചേര്‍ന്ന മലയാളവുമായിരുന്നു. ഇതു രണ്ടും യോജിപ്പിച്ച് സംസാരഭാഷയോടടുത്തു നില്‍ക്കുന്ന മധ്യമാര്‍ഗരീതി ബെയിലി സ്വീകരിച്ചു.

‘ചെറുപൈതങ്ങള്‍ക്ക ഉപകാരാര്‍ത്ഥം ഇംക്ലീശില്‍ നിന്ന പരിഭാഷപ്പെടുത്തിയ കഥകള്‍’ എന്ന കൃതിയില്‍ അക്കാലത്തു നിലനിന്നിരുന്ന വായ്മൊഴിരൂപങ്ങളും പ്രാചീനകവിതകളിലെ പ്രയോഗങ്ങളും ബെയിലി ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്.

ഉദാ: കാട്ടീല, കാണുന്നല്ലീ, ചീക്കന, ആവൊളം, നൊന്തീലയോ, എപ്പൊഴുതും, എന്നാറെ, പറമ്പൂടെ, ഇമ്പമാംനിഴല്‍, ആനന്ദമുണ്ടാം, തലമണ്ട, കച്ചൊടക്കപ്പല്‍

സംവൃതോകാരം, ഏ, ഓ എന്നീ സ്വരങ്ങളുടെ ഉപലിപികള്‍ എന്നിവ അച്ചടിയിലില്ലാത്തതിനു കാരണം അവ പ്രയോഗത്തിലില്ലാത്തതുകൊണ്ടും ആകാം.

ഉദാ: വലിയതാതകൊണ്ട, ഉടയക്കാര്‍ക്ക, ഭാര്യക്ക, വെലി, കെട്ട, വെദം, ക്ഷൊഭം, കൊപം, തൊട്ടം

പുരുഷഭേദനിരാസമില്ലാത്ത പദങ്ങള്‍ ഈ കൃതിയില്‍ സ്വീകരിച്ചിട്ടുണ്ട്.

ഉദാ: കൊണ്ടുപൊകുവന്‍, ഇട്ടീടിനെന്‍, വന്ദിച്ചെന്‍, കൊണ്ടാള്‍..

സാധാരണ ജനങ്ങളുടെ സംസാരഭാഷയിലുള്ള നാടന്‍ പദങ്ങളുടെ ഉപയോഗത്തില്‍ ധാരാളിത്തം കാട്ടിയിട്ടുമുണ്ട്.

ഉദാ: മിറ്റം, അമുക്കി, എടനെഞ്ച്, ഇരപ്പാളി, ചെര്‍ക്കന്‍, തൂമ്പ, ആങ്ങള, മുഴുത്ത, പരുപര, പൊറുമ, മറിപ്പ്, പിണി, കുറയശ്ശ, മുത്താഴം, നഞ്ഞ്, ഉമ്മരം..

 

ഇംഗ്ലീഷ് ഭാഷയിലൂടെ കടന്നുവന്ന പുതിയ വസ്തുക്കള്‍ക്ക് പുതിയ പേരുകള്‍ നല്‍കിയിട്ടുള്ളത് ശ്രദ്ധിക്കുക

ഉദാ: ഇരിക്കക്കട്ടില്‍ (bench) ,അപ്പള്‍ (apple) ,കഴുത്തവസ്ത്രം (scarf) , തേ ഇലനീര്‍, ടൂര്‍നിപ്പ

പദങ്ങള്‍ സന്ധിചെയ്യുന്നതില്‍ കൃത്യമായ വ്യവസ്ഥ പാലിക്കാത്ത രൂപങ്ങള്‍ ധാരാളമുണ്ട്.

ഉദാ: മരകൂട്ടം, മാന്നീര്‍ച്ചാല്‍, കൂട്ടികൊണ്ടുപോകാന്‍, തുള്ളികളിച്ചു, മല ഓരത്ത, പക്ഷിക്കുഞ്ഞുകള്‍.

 

പദം മുറിക്കുക, വാക്കുകള്‍ക്കിടയില്‍ സ്ഥലം കൊടുക്കുക എന്നിവയില്‍ കൃത്യമായ ഒരു വ്യവസ്ഥ രൂപപ്പെട്ടിട്ടില്ല

ഉദാ: കിടന്നമരുന്നസെവിക്കുമാറായി, അരക്ഷിതാവിനെ (ആ രക്ഷിതാവിനെ), റൊമാക്കാഥൊലിക്കക്കാര, ധര്‍മ്മസം ഗതികളെക്കുറിച്ചവളരപറഞ്ഞു..

 

വര്‍ണ്ണനയ്ക്കും വിവരണത്തിനും ആഖ്യാനത്തിനും ഉദാഹരിക്കാന്‍ പറ്റുന്ന മികച്ച മാതൃകകളും ഈ കൃതിയിലുണ്ട്. ഇംഗ്ലീഷിലെ ഗദ്യരചന മാതൃകയാക്കിയതുകൊണ്ടാവാം തുടക്കത്തില്‍ തന്നെ മലയാളത്തിന് ഇത്തരം കാര്യങ്ങള്‍ സാധ്യമായത്. “സാഹിത്യവ്യാപാരത്തിനിണങ്ങുന്ന ആഖ്യാനശൈലികള്‍  വളര്‍ത്തിയെടുക്കുന്നതില്‍ മിഷനറിമാര്‍ പങ്കു വഹിച്ചിട്ടുണ്ട്. മതപ്രചാരണത്തിനും അന്യമതധ്വംസനത്തിനും വേണ്ടി പലതരത്തിലുള്ള ലഘുലേഖകള്‍ അവര്‍ പ്രസിദ്ധീകരിച്ചിരുന്നു. അവയില്‍ ചിലതെല്ലാം നാടകീയമായ പ്രതിപാദനത്തിനും സംഭാഷണരൂപത്തിലുള്ള തത്വവിചാരത്തിനും ഏകാഗ്രമായ കഥാഖ്യാനത്തിനും മലയാളഗദ്യത്തെ എങ്ങനെ കലാത്മകമായി ഉപയോഗിക്കാം എന്നു ബൈബിളടക്കമുള്ള മിഷനറിമാരുടെ രചനകള്‍ കാട്ടിക്കൊടുത്തു. മലയാളഗദ്യത്തെ ഇത്തരം കാര്യങ്ങള്‍ക്ക് ഇതിനുമുന്‍പ് ആരും ഉപയോഗിച്ചിരുന്നില്ല. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ മലയാളഗദ്യത്തിന്റെ സാദ്ധ്യതകള്‍ കണ്ടറിഞ്ഞു സാഹിത്യോചിതമായി അത് ഉപയോഗിച്ചു തുടങ്ങിയതു മിഷനറിമാരാണ്. അവരുടെ മതദൂഷണസാഹിത്യംപോലും ഗദ്യഭാഷയുടെ ചുറുചുറുക്കും കാര്യശേഷിയും തുറന്നുകാട്ടുന്നവയായിരുന്നു. വ്യവഹാരതലത്തില്‍ ഒതുങ്ങിനിന്നിരുന്ന മലയാളഗദ്യത്തെ ഗ്രന്ഥത്തിലേക്കു മിഷനറിമാര്‍ പിടിച്ചുയര്‍ത്തി.” (1989: 488-489) എന്നുള്ള ഡോ. സ്കറിയാ സക്കറിയായുടെ നിരീക്ഷണം ശ്രദ്ധേയമാണ്.

പുതിയൊരു ഭാഷയുടെയും ആഖ്യാനത്തിന്റെയും അനുഭവമാണ് ഈ സമാഹാരത്തിലെ കഥകള്‍ കേരളീയര്‍ക്കു നല്‍കിയത്. ബാല്യത്തെ മനുഷ്യാവസ്ഥയിലെ സവിശേഷ ജീവിതാവസ്ഥയായി ഈ കഥകള്‍ പരിഗണിച്ചിട്ടുണ്ട്. അച്ചടിയുടെ ആരംഭത്തിനു മുന്‍പുള്ള കഥകളില്‍ നിന്നു വേറിട്ടതും പുതുമയുള്ളതുമായ ആഖ്യാനമാണ് ഈ  കഥകളെ വ്യത്യസ്തമാക്കിയത്. മിക്ക കഥകളിലും കുട്ടിയുണ്ട് മുതിര്‍ന്നവരുമുണ്ട്. കുട്ടിയെ കേരളീയരും മുതിര്‍ന്നവരെ മിഷണറിമാരുമായി കഥകളില്‍ പ്രതീകവല്‍ക്കരിച്ചിരിക്കുന്നു. മിഷണറിമാര്‍ കേരളീയര്‍ക്കു നല്‍കുന്ന ഉപദേശങ്ങളായാണ് വായനക്കാരന് ഈ കഥകള്‍ അനുഭവവേദ്യമാകുന്നത്. നല്ലമൂല്യങ്ങള്‍ പരിശീലിപ്പിക്കുന്നതിനുള്ള പാഠപുസ്തകമായാണ്  ഈ കഥാസമാഹാരത്തെ മിഷണറിമാര്‍ സമൂഹത്തിലവതരിപ്പിച്ചത്. സാഹിത്യാസ്വാദനത്തിനേക്കാളുപരി സന്ദേശവാഹനത്തിനായും ഗുണപാഠാവതരണത്തിനുള്ള മാധ്യമമായും കഥയെ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി. ചുരുക്കത്തില്‍ ഇരുനൂറു വര്‍ഷം മുന്‍പു പുറത്തിറങ്ങിയ ഈ കൃതി മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും മലയാളം അച്ചടിയുടെയും ചരിത്രത്തിലേക്കു വിശാലമായ വാതായനങ്ങളാണ് തുറന്നിടുന്നത്.


സഹായകഗ്രന്ഥങ്ങള്‍

  • ബാബു ചെറിയാന്‍ (ഡോ). – (2008),ബെഞ്ചമിന്‍ ബെയിലിയും മലയാളസാഹിത്യവും, കോട്ടയം: പ്രസിദ്ധീകരണവിഭാഗം, മഹാത്മാഗാന്ധി സര്‍വ്വകലാശാല.

  • ഗോവി, കെ.എം.-(1998), ആദിമുദ്രണം-ഭാരതത്തിലും മലയാളത്തിലും, തൃശൂര്‍: കേരള സാഹിത്യ അക്കാദമി.

  • ജോര്‍ജ്, ഇരുമ്പയം (1986), ഉപാസിക്കുന്നു ദുഃഖത്തെ ഞാന്‍, രണ്ടാം പതിപ്പ് കോഴിക്കോട് പൂര്‍ണ്ണ പബ്ലിക്കേഷന്‍സ്

  • തോമസ്, പി.ജെ. (1989), മലയാളസാഹിത്യവും ക്രിസ്ത്യാനികളും. പുനര്‍മുദ്രണം, കോട്ടയം: ഡി.സി.ബുക്സ്, ചര്‍ച്ചയും പൂരണവും, ഡോ.സ്കറിയ സക്കറിയ.

 

 

ഷാന്റി എം ജേക്കബ്

അസിസ്റ്റന്റ് പ്രൊഫസര്‍

ഗവ.കോളജ് കോട്ടയം

9495353416

Comentarios

Obtuvo 0 de 5 estrellas.
Aún no hay calificaciones

Agrega una calificación
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page