top of page

മിത്തുകൾ : ചരിത്രവും രാഷ്ട്രീയവും


പ്രബന്ധസംഗ്രഹം: ഒരു ജനസമൂഹത്തിനുള്ളിൽ സവിശേഷ രാഷ്ട്രീയസാമൂഹിക ധർമ്മങ്ങളോടെ സ്വയമേവ ആവിഷ്കരിക്കപ്പെടുന്ന കഥാസഞ്ചയങ്ങളാണ് മിത്തുകൾ. യുക്തിരാഹിത്യം,  ആധികാരികത എന്നിവയെ സംബന്ധിക്കുന്ന ഒരു മാനദണ്ഡങ്ങളിലും പരിഗണിക്കപ്പെടാതെ ഒരു സമൂഹത്തിനുള്ളിൽ  സ്വയമേവ വെളിപ്പെടുകയാണതിൻ്റെ സ്വഭാവം. പ്രതീകാത്മകമായോ നേരിട്ടോ അവിശ്വസനീയതകൾ നിറഞ്ഞ ആഖ്യാനങ്ങളെ പ്രക്ഷേപണം ചെയ്യാൻ മിത്തുകൾക്ക് ശേഷിയുണ്ട്. അതിലൂടെ ഗൂഢാർത്ഥ സന്നിവേശമോ ശാശ്വതവൽകരിച്ചെടുക്കേണ്ട ആശയലക്ഷ്യങ്ങളോ ഉദ്ദേശ്യമെന്ന നിലയിൽ അതിനുള്ളിൽ നിലനിൽക്കുന്നുമുണ്ട്. മിത്ത് എന്നതിന് പുരാവൃത്തം, കെട്ടുകഥ, നിർമിതകഥ , ഗൂഢാർത്ഥ കഥ എന്നൊക്കെ അർത്ഥം നൽകിയാലും പുരാഭാവനങ്ങൾ കൊണ്ടും ഗതസങ്കൽപ്പനങ്ങൾ കൊണ്ടും പലവിധ ചിത്രപ്പണികൾ ചെയ്ത ഒരു പള്ളിത്തേരു പോലെ,  ഒരു കെട്ടുകാഴ്ച പോലെയാണത്  വർത്തമാന ജീവിതത്തിൻ്റെ യാഥാർത്യങ്ങളെ അഭിമുഖീകരിക്കാൻ എത്തുന്നത്. മതാത്മക മനസ്സാണതിൻ്റെ ഉപോദ്ബലക ശക്തിയായി വർത്തിക്കുന്നത് എന്ന് സൂക്ഷ്മനിരീക്ഷണത്തിൽ വ്യക്തമാകും. പ്രസ്തുത ഉപോദ്ബലകശക്തി എപ്പോഴും അധികപ്രസക്തവും ശക്തവുമായ  വർത്തമാനത്തിലെ ഒരു കേന്ദ്രയാഥാർത്ഥ്യത്തെ ചുറ്റിപ്പറ്റി ആയിരിക്കുമെന്നതിനാൽ മിത്തുകളെ ഒരിക്കലും തള്ളിക്കളയേണ്ട നിസ്സാരതയായി എണ്ണുവാനും കഴിയില്ല. അക്കാരണത്താലാണ് ഫോക്‌ലോർ, ചരിത്രം, സാഹിത്യം മുതലായ വിജ്ഞാനശാഖകളിൽ ഒരു പ്രധാന അപഗ്രഥനദത്തമായി മിത്തുകൾ പരിഗണിക്കപ്പെടുന്നത്. സ്ഥലം, കാലം, ചരിത്രസന്ദർഭം, പ്രമേയം മുതലായ ഉപഘടകങ്ങൾ അപഗ്രഥിച്ചുകൊണ്ട് വിലപ്പെട്ട ചരിത്ര-സാംസ്കാരിക ദർശനങ്ങളിലേക്ക് എത്താൻ സഹായകമായ ഉപാദാനസാമഗ്രികളാണ് മിത്തുകൾ. അതിനാൽ മിത്തുകളുടെ ഘടന, ധർമ്മം എന്നിവയെ സാമാന്യേന അപഗ്രഥിച്ചുകൊണ്ട്  ചരിത്രം, രാഷ്ട്രീയം,  സാഹിതീയത എന്നിവയെ അടയാളപ്പെടുത്തുകയാണ് ഈ പ്രബന്ധം ലക്ഷ്യം വയ്ക്കുന്നത്. സംസ്കാരപഠനം, ഉത്തരഘടനാവാദദർശനങ്ങൾ എന്നിവയുടെ വെളിച്ചത്തിൽ വിവരണാത്മക രീതിശാസ്ത്രത്തിലാണ് രചന.


താക്കോൽ സങ്കല്പനങ്ങൾ: മിത്ത്, സംസ്കാരം, കൃതി, ചരിത്രം


മിത്തുകൾ : ചരിത്രവും രാഷ്ട്രീയവും

ഒരു ജനസമൂഹത്തിനുള്ളിൽ സവിശേഷ രാഷ്ട്രീയസാമൂഹിക ധർമ്മങ്ങളോടെ സ്വയമേവ ആവിഷ്കരിക്കപ്പെടുന്ന കഥാസഞ്ചയങ്ങളാണ് മിത്തുകൾ. സ്വയമേവ ആവിഷ്കരിക്കപ്പെടുന്നു എന്നു മാത്രമല്ല  കഥയെയും ചരിത്രത്തെയും തമ്മിൽ ഇണക്കി  സംവഹിക്കുന്ന മനുഷ്യമനസ്സിൻ്റെ സവിശേഷതകളിലൂടെ  കാലാന്തരങ്ങളിലേക്ക് സഞ്ചരിച്ചു നിലനിൽക്കാൻ സമർത്ഥവുമാണത്. യുക്തിരാഹിത്യം,  ആധികാരികത എന്നിവയെ സംബന്ധിക്കുന്ന ഒരു മാനദണ്ഡങ്ങളിലും പരിഗണിക്കപ്പെടാതെ ഒരു സമൂഹത്തിനുള്ളിൽ  സ്വയമേവ വെളിപ്പെടുകയാണതിൻ്റെ സ്വഭാവം. പ്രതീകാത്മകമായോ നേരിട്ടോ അവിശ്വസനീയതകൾ നിറഞ്ഞ ആഖ്യാനങ്ങളെ പ്രക്ഷേപണം ചെയ്യാൻ മിത്തുകൾക്ക് ശേഷിയുണ്ട്. അതിലൂടെ ഗൂഢാർത്ഥ സന്നിവേശമോ ശാശ്വതവൽകരിച്ചെടുക്കേണ്ട ആശയലക്ഷ്യങ്ങളോ ഉദ്ദേശ്യമെന്ന നിലയിൽ അതിനുള്ളിൽ നിലനിൽക്കുന്നുമുണ്ട്. ആ ധർമം നിറവേറ്റുവാൻ ഓരോ സമൂഹവും അതതിൻ്റേതായ ഭാവനകളെയും സങ്കൽപങ്ങളെയും സംഘടിപ്പിച്ച പുരാവൃത്തകഥകൾ പൂർവ്വകാലം തൊട്ടേ തയ്യാറാക്കിയും അവതരിപ്പിച്ചും നിലനിർത്തിയിരുന്നു എന്ന് കാണാം. അങ്ങനെയാണത് പുരാലോകങ്ങളെയും അതീതമണ്ഡലങ്ങളെയും അഭൗമഅതിഭൗതിക സമസ്യകളെയും വർത്തമാന യാഥാർത്ഥ്യങ്ങളോട് കൂട്ടിയിണക്കി സാധൂകരിച്ചെടുക്കാൻ ശ്രമിക്കുന്നത്. ഗതകാലപ്രതിപത്തിയുള്ള ഗൃഹാതുരമനസ്സും വർത്തമാനയാഥാർത്ഥ്യവും തമ്മിൽ കൂട്ടിച്ചേർക്കുന്ന പാലം പോലെ അത് സംസ്കാരങ്ങളിൽ കൊണ്ടാടപ്പെടുകയും ചെയ്യുന്നു.

മിത്ത് എന്നതിന് പുരാവൃത്തം, കെട്ടുകഥ, നിർമിതകഥ, ഗൂഢാർത്ഥ കഥ എന്നൊക്കെ സാമാന്യാർത്ഥം പറഞ്ഞാലും  പുരാഭാവനങ്ങൾ കൊണ്ടും ഗതസങ്കൽപ്പനങ്ങൾ കൊണ്ടും പലവിധ ചിത്രപ്പണികൾ ചെയ്ത ഒരു പള്ളിത്തേരു പോലെ,  ഒരു കെട്ടുകാഴ്ച പോലെയാണത്  വർത്തമാന ജീവിതത്തിൻ്റെ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്നത്. താർക്കികയുക്തിമനസ്സിനും (Rational / logical mind) ശാസ്ത്രീയ നിലയിലുള്ള വസ്തുനിഷ്ഠ ഭൗതികമനസ്സിനും സമാന്തരമായി  കാലാതീത നിലയ്ക്ക് അന്നുമിന്നും നിലനിൽക്കുന്ന മതാത്മക മനസ്സാണതിൻ്റെ ഉപോദ്ബലക ശക്തിയായി വർത്തിക്കുന്നത് എന്ന് സൂക്ഷ്മനിരീക്ഷണത്തിൽ വ്യക്തമാകും. മതമനസ്സ് മനുഷ്യൻ്റെ പ്രാഥമികാവശ്യങ്ങളിൽ സംതൃപ്തിപ്പെട്ടു കഴിയാത്ത വിധം മന:ശാസ്ത്രപരമായ ലോകങ്ങളെ സൃഷ്ടിക്കുന്ന ഒന്നാണ്. പ്രസ്തുത ഉപോദ്ബലകശക്തി എപ്പോഴും അധികപ്രസക്തവും ശക്തവുമായ  വർത്തമാനത്തിലെ ഒരു കേന്ദ്രയാഥാർത്ഥ്യത്തെ ചുറ്റിപ്പറ്റി ആയിരിക്കുമെന്നതിനാൽ മിത്തുകളെ ഒരിക്കലും തള്ളിക്കളയേണ്ട നിസ്സാരതയായി എണ്ണുവാനും കഴിയില്ല.

ഉദാഹരണമായി ഒരു മിത്ത് എടുത്തു പരിശോധിക്കാം; ദേവകൾ ആകാശത്തു നിന്നും പുഷ്പവൃഷ്ടി ചെയ്യുകയും സാക്ഷാൽ കൈലാസവാസി സുന്ദരേശ്വരനായ ശിവൻ മധുര നാടുവാണ മലയധ്വജ പാണ്ഡ്യൻ്റെ മകൾ മീനാക്ഷിയെ വന്നു  വിവാഹം കഴിക്കുകയും ചെയ്തു എന്നതാണ്  മീനാക്ഷീകല്യാണം എന്ന മിത്ത്. സ്കന്ദപുരാണം, ഹാലാസ്യ മാഹാത്മ്യം എന്നീ ഗ്രന്ഥങ്ങളത്രേ മീനാക്ഷീകല്യാണം കഥയുടെ അടിസ്ഥാനം. (മധുര മീനാക്ഷി ക്ഷേത്രം പൂജാരി രാംദാസ് ശന്തനു 1998 ൽ പറഞ്ഞത്)

മധുരൈ മീനാക്ഷി കോവിൽ എന്ന വർത്തമാന യാഥാർത്ഥ്യത്തെ ചുറ്റിപ്പറ്റിയാണ് ഈ മിത്തുകൾ നിലനിൽക്കുന്നത്. മുപ്പത്തിമൂവായിരത്തിൽ അധികം അതിശയകരങ്ങളായ ശിലാശില്പങ്ങൾ മിത്തിന് പ്രത്യക്ഷ തെളിവുകളായി നിൽക്കുകയാണ്. ഏപ്രിൽ മാസത്തിൽ നടക്കുന്ന ‘ചിത്തിരൈ തിരുവിഴാ’ ഉത്സവത്തിൽ മീനാക്ഷി കല്യാണത്തിൻ്റെ സ്മരണകൾ ആചാരവിശേഷമായി വർഷം തോറും കൊണ്ടാടി തുടർന്നു വരുന്നു. സാധാരണ ദിവസങ്ങളിൽ തന്നെ പതിനായിരം മുതൽ ഇരുപതിനായിരം വരെ തീർത്ഥാടകരാണ് ക്ഷേത്ര ദർശനത്തിനെത്തുന്നത്. വൈകാരികവും വിശ്വാസപരവുമായ കാരണങ്ങളാൽ അവിടത്തുകാർക്കും ചരിത്ര സ്മാരകങ്ങളായ വിശദ നിർമിതിവിശേഷങ്ങൾ കൊണ്ട് ശാസ്ത്രീയ സമീപനത്തോടെ ചെന്നെത്തുന്ന ഒരു ഗവേഷകനെ സംബന്ധിച്ചും അവിടത്തെ പറയപ്പെടുന്ന മിത്തുകളും നിലനിൽക്കുന്ന യാഥാർത്ഥ്യങ്ങളും ഇവ തമ്മിലുള്ള ബന്ധവുമെല്ലാം  പ്രധാനവും പ്രസക്തവുമായി മാറുന്നു.

കഥയിൽ പറയപ്പെടുന്ന ക്ഷേത്രം/വിഗ്രഹം / കോലം / ആഘോഷം ഇപ്പൊഴും പറയപ്പെടുന്ന സ്ഥലത്തു നിലനിൽക്കുന്നു എന്നിരിക്കെ അതിൻ്റെ ഉണ്മയെ ഒരു ന്യൂക്ലിയസിനെ എന്നതുപോലെ ചുറ്റിപ്പറ്റിയാണ് മിത്തുകളും അതിൻ്റെ പാഠാന്തരങ്ങളും നിലനിൽക്കുക. ആ ന്യൂക്ലിയസും ഓർബിറ്റുകളുമെല്ലാം പരസ്പരാശ്രിതമായി കൊണ്ടും കൊടുത്തും നിലനിൽക്കുന്ന ഒരു  വ്യവസ്ഥിതി തന്നെയാണ്.  നിസ്സാരമല്ലാത്തവണ്ണം കറങ്ങിക്കൊണ്ടിരിക്കുന്ന അവയുടെ ഭൂതകാല കാൽപനികസാന്നിധ്യം എപ്പോഴും  സാധാരണമായ  വർത്തമാന ഭൂമികയിലാണ് കേന്ദ്രീകരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സങ്കല്പയാഥാർത്ഥ്യങ്ങളെ വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങളുമായി കണ്ണി ചേർക്കുന്നതിലെ കലയുണ്ട് മിത്തുകളിൽ.  അതുകൊണ്ടു തന്നെ അതിന് അനുഭവയാഥാർത്ഥ്യമായി മാറാൻ കഴിവുണ്ട്. ഇതെല്ലാം കൊണ്ടാണ്  ഫോക്‌ലോർ, ചരിത്രം,  സാഹിത്യം മുതലായ വിജ്ഞാനശാഖകളിൽ ഒരു പ്രധാന അപഗ്രഥനദത്തമായി മിത്തുകൾ പരിഗണിക്കപ്പെടുന്നത്. സ്ഥലം, കാലം, ചരിത്രസന്ദർഭം, പ്രമേയം മുതലായ ഉപഘടകങ്ങൾ അപഗ്രഥിച്ചുകൊണ്ട് വിലപ്പെട്ട ചരിത്ര-സാംസ്കാരിക ദർശനങ്ങളിലേക്ക് എത്താൻ സഹായകമായ ഉപാദാനസാമഗ്രികൾ തന്നെയാണ് മിത്തുകൾ.  മനുഷ്യചിന്തയെയും സംസ്കാരത്തെയും സംബന്ധിച്ച് മിത്ത് എന്നതിനെ കേവലം  മിഥ്യ എന്ന് തെറ്റായി വായിക്കുകയോ എണ്ണുകയോ ചെയ്യാൻ ഒരിക്കലും സാധ്യവുമല്ല.

മിത്തുകളുടെ ശക്തി

ഒരു ജനതയുടെ സാംസ്കാരിക സ്വത്വനിർമിതിയിൽ ആ ദേശത്തെ മിത്തുകൾക്ക് അനല്പമായ പങ്കുണ്ട്. തദ്ദേശീയ ജനതയുടെ സാംസ്കാരികചിഹ്നം പോലുമായി നിലനിൽക്കുന്നത് മിത്തുകളാണ്. അതുകൊണ്ടു തന്നെ മിത്തുകളെല്ലാം തദ്ദേശീയമായിരിക്കുന്നു എന്നുവേണം പറയാൻ. ഒരു പ്രത്യേക സാംസ്കാരിക ഭൂമികയിൽ പല രൂപങ്ങളിൽ ഉരുത്തിരിഞ്ഞ് തമ്മിലിണങ്ങിയും ഒന്നിൽ തന്നെ പലതായി പിരിഞ്ഞും കൊള്ളൽകൊടുക്കലുകളിലൂടെ രൂപവും പ്രമേയവും മാറിമറിഞ്ഞും  ജൈവശാസ്ത്രപരമായി പറഞ്ഞാൽ  നാട്ടുവടവൃക്ഷം പോലെയാണ് മിത്തുകളുടെ നിലനിൽപ്പ്. മിത്തുകളാണ് ഒരൊറ്റ ഭൂമിയിലെ ഒരു പ്രത്യേക ഭൂവിഭാഗത്തെ ദേവഭൂമിയായും മറ്റൊരു ഭൂവിഭാഗത്തെ പ്രേതഭൂമിയാക്കിയും മാറ്റുന്നത്. അങ്ങനെ നിരൂപിക്കുമ്പോൾ ഇതര ശാസ്ത്രങ്ങളേക്കാൾ അധികം  മനഃശാസ്ത്രപരമായ അസ്തിത്വമാണ് മിത്തുകൾക്ക് ഉള്ളത് എന്ന് വരുന്നു.  സംസ്കാരത്തെ ജീവിതസമഗ്രത എന്ന് വിശേഷിപ്പിക്കുന്ന റെയ്മണ്ട് വില്യംസിന്റെ നിർവചനം പരിഗണിച്ചാൽ, ഒരു സമൂഹത്തിൻറെ ജീവിത സമഗ്രതയുടെ മിനിയേച്ചർ സ്വഭാവമാണ് ഓരോ മിത്തുകൾക്കും ഉള്ളത്. ആ അർത്ഥത്തിൽ ‘സംസ്കാരമുള്ള’  മനുഷ്യസമൂഹങ്ങൾക്കെല്ലാം അവരുടേതായ മിത്തുകളും  ഉണ്ട്.  ഏതു നിലയ്ക്കും പ്രസക്തമായതുകൊണ്ടു തന്നെ മിത്തുകളെ അഴിച്ചു  പഠിക്കാതെ മനുഷ്യപഠനവും മനുഷ്യസംസ്കൃതി പഠനവും സാധ്യവുമല്ല.

കാടത്തത്തിൻ്റെ അതിജീവനമാണ് പുരാവൃത്തം (മിത്ത് ) എന്ന നരവംശശാസ്ത്ര വീക്ഷണത്തോട് ഒരിക്കലും യോജിക്കാത്തതാണ് ഭാരതീയ വീക്ഷണം എന്ന വളരെ പ്രധാനപ്പെട്ട ഒരു നിരീക്ഷണം പ്രമുഖ ഫോക്‌ലോർ പണ്ഡിതനായ എം.വി വിഷ്ണു നമ്പൂതിരിയുടെ പുരാവൃത്തപഠനം എന്ന ഗ്രന്ഥത്തിൽ കാണാം (30:2010). വേദവേദാന്തങ്ങളിൽ നിന്നും നിർഗമിച്ചൊഴുകുന്ന ഭാരതീയ പുരാവൃത്തശേഖരങ്ങളിലെ ഉദാത്തതയെപ്പറ്റിയുള്ള ധാരണകളിൽ നിന്നുകൊണ്ടായിരിക്കാം അദ്ദേഹം ഇതു പറയുന്നത്. എന്നാൽ, തികച്ചും തൻ്റേതായ നിലയ്ക്ക് മിത്തെന്നതിന് ഒരു നിർവചനം  നൽകാനുള്ള ശ്രമം അദ്ദേഹത്തിൻ്റെ ഗ്രന്ഥത്തിൽ ഒരിടത്തും കാണുന്നുമില്ല.

മിത്തുകൾ കൃതികൾ

കാലങ്ങൾ കൊണ്ട് പ്രകൃതിസംഭവങ്ങളായി തോന്നിപ്പിക്കുമെങ്കിലും  ഒരു സമൂഹത്തിലെ മിത്തുകൾ ഒന്നും തന്നെ  നിഷ്കളങ്കമോ സ്വാഭാവികമോ ആയി  ഉണ്ടായതാണെന്ന് ഗണിക്കുക സാധ്യമല്ല. പ്രകൃത്യാ മനുഷ്യനോടൊപ്പം ഉണ്ടായിവന്നതല്ല ഭാഷാപരമായും സാംസ്കാരികമായും ഉണ്ടാക്കിയെടുത്തതാണ് അവ എന്നതാണ് വസ്തുത.

തള്ളേണ്ടതിനെ തള്ളിയും കൊള്ളേണ്ടതിനെ ഉൾക്കൊണ്ടും വികസിക്കുന്ന വിമർശന ബുദ്ധിയുടെ ഉരകല്ലിൽ ഉരച്ചെടുക്കുമ്പോൾ യുക്തിപരമായി അതങ്ങനെയാണ് എന്ന നിഗമനത്തിലേ എത്താൻ സാധിക്കൂ. വളരെ ബോധപരമായി പ്രക്ഷേപണം ചെയ്യുന്ന ആശയങ്ങൾ അവയിൽ കൃത്യമായും വായിച്ചെടുക്കുമ്പോൾ അതെല്ലാം വെളിപ്പെട്ടുകിട്ടും. നിക്ഷിപ്ത താത്പര്യങ്ങളും  തത്പര കക്ഷികളുടെ പക്ഷവും രാഷ്ട്രീയവുമാണ് പല പല പക്ഷാന്തരങ്ങളായിപ്പോലും ഒരോ മിത്തിലും കണ്ടെത്താൻ സാധിക്കുക. ഓണത്തെ സംബന്ധിക്കുന്ന  വാമനകഥയുടെ മിത്തായാലും കേരളോൽപ്പത്തിയുടെ പരശുരാമ കഥയായാലും മിത്തുകൾ ബോധപരമായി കെട്ടിച്ചമയ്ക്കുകയാണ്. മനുഷ്യൻ്റെ യാഥാസ്ഥിതിക മനോഭാവവും അധികാരത്തെ വണങ്ങി നിൽക്കുന്ന ഭയഭക്തികളും അത്ഭുതങ്ങളിൽ അഭിരമിക്കുന്ന വ്യാമോഹമനസ്സുമാണ് ആണ് ഇത്തരം കഥകൾക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങളായിരിക്കുന്നത്.

വ്യക്തി അറിയാതെ ആധികാരികത സ്ഥാപിച്ചെടുക്കുന്ന അധികാരത്തിൻ്റെ ബൗദ്ധിക ഉപകരണങ്ങളും (intellectual arms) ആയുധങ്ങളുമായിരിക്കാൻ പുരാവൃത്തങ്ങൾക്ക് കഴിയും. അജ്ഞാതകർതൃകം ആയിരിക്കിലും കൃതികൾ, കൃതങ്ങൾ തന്നെയാണ്. മിത്തുകളുടെ സൃഷ്ടിക്ക് പിന്നിൽ ഒരേ സമയം പ്രവർത്തനസന്നദ്ധമായിരിക്കുന്ന മതവും രാഷ്ട്രീയവുമാണെന്നിരിക്കേ ഇതെല്ലാം നിഷ്കളങ്ക വിശ്വാസമാകുന്നതെങ്ങനെ എന്നത് രാഷ്ട്രീയ പ്രശ്നമാകുന്നു.

മതാശയങ്ങൾ എന്ന അർത്ഥത്തിൽ വ്യക്തമായും മധ്യകാലഘട്ടം തൊട്ടുള്ള രാഷ്ട്രീയ അധികാര വാഴ്ചകളെ അതിൻ്റെ ബലങ്ങളെ പ്രാമാണികമാക്കുകയാണ് ഇവിടെ പ്രബലമായി നിലനിൽക്കുന്ന മിത്തുകളുടെ രീതി. പ്രാചീന കഥകളിലെ ദേവതകളുമായും ഇതിഹാസകഥാപാത്രങ്ങളുമായും മധ്യകാല ഭരണാധികാരികൾ നേരിട്ടു ബന്ധപ്പെട്ടതായുള്ള ചിത്രീകരികരണവും മറ്റും മിത്തുകളിൽ കാണാം. അധികാര ഇടങ്ങളുടെ മതപ്രാമാണികത അരക്കിട്ടുറപ്പിക്കുന്ന മിത്തുകളിലെ സങ്കേതങ്ങളാണിതെല്ലാം. തൽപരകക്ഷികളുടെയും അധികാരകേന്ദ്രങ്ങളുടെയും ഇടപെടൽ കൊണ്ടു തന്നെ സാംസ്കാരിക കൃത്രിമത്വം കൊണ്ടുവരാനുള്ള  തന്ത്രങ്ങൾ നിഹിതങ്ങളാണിതിൽ. തീർച്ചയായും ഇത്തരം cultural fallacy  കൾ  അധികാരത്തിൻ്റെ രഥചക്രങ്ങൾക്ക് രാജവീഥിയൊരുക്കിയിട്ടുണ്ട് എന്നു തന്നെ അനുമാനിച്ചെടുക്കാൻ കഴിയും.

പഴയ കാലത്ത് നമ്മുടെ നാട്ടിൽ പാണർ/അകവർ, മലയർ തുടങ്ങിയ ചില വിഭാഗങ്ങൾക്ക് നാട്ടിലെ പ്രധാന വിഷയങ്ങളിൽ പാട്ടുചമച്ച് പാടി നടന്ന് അതു പ്രചരിപ്പിക്കാനുള്ള സവിശേഷമായ അവകാശങ്ങൾ ഉണ്ടായിരുന്നു. പ്രമാണിമാരുടെ വീരഗാഥകളും അപദാനഗാനങ്ങളും അങ്ങനെ വൈദഗ്ധ്യത്തിൽ പാടി നടന്നു ഫലിപ്പിക്കുന്നതിന് അവർ തൽപ്പരകക്ഷികളാൽ പ്രത്യേകം സമ്മാനിതരുമായിരുന്നു. അങ്ങനെ പാടുന്ന പാട്ടിന് കൃത്യമായ പക്ഷം ഉണ്ടാകാമെന്നതു കൊണ്ടു തന്നെ കേൾവിക്കാർക്ക് ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും ആരും പാണരുടെ ജീവനു ഭീഷണിയാകരുതെന്ന മാമൂലും നാട്ടടക്കവും പോയകാല സമൂഹത്തിൽ ഉണ്ടായിരുന്നു. മറുപക്ഷത്തുള്ളവരിൽ നിന്നും ദൂതൻ / സൂതൻ എന്നീ നിലയ്ക്ക് സന്ദേശം /രഥം എത്തിക്കുന്നവരുടെ ജീവന് ഇതിഹാസകാലത്ത് നൽകിയിരുന്ന പ്രത്യേക പരിഗണന പോലൊന്നാണ് പാണൻ്റെ ജീവൻ്റെ കാര്യത്തിലും നിലനിന്നിരുന്നത്. അയാളുടെ ജീവന് പരിരക്ഷ കൂടിയേ തീരൂ. പാടി നീട്ടിയിരുന്ന പുരാവൃത്തങ്ങൾ വ്യക്തലക്ഷ്യങ്ങളോടു കൂടിയ കൃതികൾ (submissions) തന്നെയായിരുന്നു എന്നതിന് തെളിവാണിത്.  മനുഷ്യൻ ഇടപെട്ട് ഉണ്ടാക്കിയെടുക്കുന്ന എന്തിനും ഉദ്ദേശ്യലക്ഷ്യങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ് എന്നിരിക്കെ ആ വഴിക്കുള്ള ചിന്ത മിത്തുപഠനങ്ങളിൽ വേണ്ടതുണ്ട്.

പ്രശസ്ത റഷ്യൻ ഫോക് ലോറിസ്റ്റായ വ്ലാദിമിർ പ്രോപ് ലോകത്തുള്ള നിരവധി നാടോടിക്കഥകളെ ഉദാഹരണമായി നിരത്തിക്കൊണ്ട് ഇവയെല്ലാം ഘടനാപരമായി (structural) ഏകതാനമായ നിർമിതിയിലാണ് കാണപ്പെടുന്നതെന്ന് സമർത്ഥിക്കുന്നുണ്ട് (Morphology of the Folktale). അത്തരം കാര്യങ്ങൾ വെച്ചു കൊണ്ട് തുടർന്നു ചിന്തിച്ചാൽ മിത്തുകളെ, അതിൻ്റെ ഉള്ളടക്കത്തിലെ  ഉദ്ദേശ്യലക്ഷ്യങ്ങൾ വെച്ച് വർഗീകരിക്കാനും കഴിയും. അത്തരം ചില പര്യാലോചനങ്ങളാണിവിടെ ഉന്നയിക്കുന്നത്.

മിത്തുകളുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ

ഉണ്ടായി നിലനിന്നു  പോരുന്ന മിത്തുകൾക്ക് സാമാന്യേന രണ്ട് അടിസ്ഥാന ആഖ്യാനസ്വഭാവങ്ങളാണ്  കാണുന്നത്. ഒന്ന്, ഇല്ലാത്ത ഒന്ന് ഉണ്ടെന്നു പറയുക. രണ്ട്, ഉള്ളതിനെ ഇല്ലാത്തതെന്നു പറയുക. ഓണത്തെ സംബന്ധിച്ചുള്ള പുരാവൃത്തത്തെ ആഖ്യാനിക്കുന്ന  മാവേലിനാട് എന്ന സങ്കല്പം കാണുക:

“നാരിമാർ ബാലന്മാർ വൃദ്ധരേവം

നീതിയോടെങ്ങും വസിച്ച കാലം” എന്നാണ് പറയുന്നത്.

ഒരിക്കലും പ്രസ്തുത സമൂഹത്തിൽ  നിലനിന്നിട്ടില്ലാത്ത തുല്യതയെ ഉണ്ടായിരുന്നു എന്നു പറയാനുള്ള വ്യഗ്രതയാണിവിടെ കാണുന്നത്. അടിമുടി പുരുഷകേന്ദ്രീകൃതഘടനയ്ക്കു മുകളിലേക്ക് സ്ത്രീകളുടെയും കുട്ടികളുടെയും വൃദ്ധരുടെയും ക്ഷേമത്തെ എടുത്തുയർത്തി കാട്ടുകയാണിവിടെ. അതേ സമയം വർത്തമാന യാഥാർത്ഥ്യങ്ങളിൽ നിന്ന് ഒട്ടകപ്പക്ഷിയെ പോലെ തല പൂഴ്ത്തുന്ന തിനുള്ള ഉപാധിയായും ഇത്തരം മിത്തുകൾ പ്രവർത്തിക്കുന്നുണ്ട്. അതു കണ്ടറിഞ്ഞാകണം, സഹോദരൻ അയ്യപ്പൻ പിന്നീട് ഇതിന് നവീനാശയങ്ങളോടെ ഒരു പാഠാന്തരം രചിക്കുകയുണ്ടായി. നമ്മുടെ പോയകാലപാരമ്പര്യം  സുന്ദരമായിരുന്നു എന്നത് തറവാടിത്ത ഘോഷണം പോലെ ഓണസങ്കൽപ്പത്തിൽ കടന്നു വരുന്നുണ്ടെങ്കിലും വർത്തമാന കാലത്തിൻ്റെ അസമത്വ സ്ഥിതിയെ പുതുക്കാനുള്ള ചിന്തയ്ക്കും ഒരേ സമയം ഈ മിത്ത് വഴിവെക്കുന്നുണ്ട്. മനുഷ്യമനസ്സിൻ്റെ വൈരുധ്യാത്മക സ്വഭാവം നിമിത്തം ഒരു മിത്തിൻ്റെ പ്രവർത്തനം തന്നെ അനുകൂലമായും പ്രതികൂലമായും സംഭവിക്കാൻ  കാരണമാകാം. ഇത്തരത്തിൽ രണ്ടു വിരുദ്ധ രീതികളിലും ഒരേ മിത്ത് സമൂഹത്തിൽ പ്രവർത്തിക്കുന്നുണ്ട്.പൊട്ടൻ തെയ്യം തോറ്റത്തിലെ ജാതിയില്ലെന്ന സന്ദേശം ജാതിക്കെതിരേ മനുഷ്യ മനസ്സാക്ഷിയെ ചിന്തിപ്പിക്കാൻ കാരണമാകാം. എന്നാൽ, ജാതിക്കെതിരെ കോളുകൊള്ളുന്ന പ്രതിഷേധം ഒരിക്കലുമൊരു മൂർത്തരൂപം പ്രാപിക്കാത്തവിധം ആ ബലത്തിൻ്റെ തീവ്ര തള്ളലിനെ ഒതുക്കി പുറത്തു കളയാനുള്ള സേഫ്റ്റി വാൽവ് എന്ന നിലയിൽ പ്രവർത്തിക്കാൻ ഉദ്ദേശിച്ചു കൊണ്ട് മേലാളനാൽ അനുവദിക്കപ്പെട്ട ആവിഷ്കാരമാണത് എന്നതായിരുന്നു വാസ്തവം. ഒരേ മിത്ത് രണ്ട് വിപരീത ദിശയിലും പ്രവർത്തിക്കുന്നത് ഇതിലുണ്ട്.


ജാതിവ്യവസ്ഥിതിയുടെ യാഥാർത്ഥ്യങ്ങളാൽ പല വിധം വരിഞ്ഞു മുറുക്കപ്പെട്ട ഒരു സാമൂഹ്യ പശ്ചാത്തലത്തിൽ നിന്നാണ് ജാതി ആമൂലാഗ്രം അസാധുവാണെന്നു സ്ഥാപിക്കുന്ന പൊട്ടൻ തെയ്യത്തിൻ്റെ മിത്ത് ഉണ്ടായത്. പൊട്ടൻ തെയ്യത്തിൽ അദ്വൈത വേദാന്തത്തിൻ്റെ മേമ്പൊടി കൂടി ആകുമ്പോൾ ഉള്ള കാര്യത്തെ ഇല്ലെന്നു പറയാനുള്ള ശ്രമം പൂർണ്ണമാകുന്നു. വലിയ രീതിയിലുള്ള ഹിംസാപരമായ ജാത്യധിഷ്ഠിത അധികാര സ്വരൂപങ്ങളെ എത്ര മികച്ച രീതിയിലാണത് മറച്ചു വെക്കുന്നത്. മറക്കുന്നത്.

ഒരു തരം Selective Amnesia യാണ് ഇത്തരം സുന്ദര മിത്തുകളിൽ ഉള്ളത്. ഉള്ളതെല്ലാം പെട്ടെന്ന്  അപ്രത്യക്ഷമാക്കി ഇല്ലാത്ത ഒന്നിനെ ഉണ്ടെന്നു പറയാനുള്ള ഉദ്ദേശ്യമാണിതിൽ. നിരാകരിക്കുന്ന യാഥാർത്ഥ്യങ്ങളുടെ തീക്കൂനയ്ക്കുമേൽ കുരുത്തോല ഉടയുമിട്ട് പൊട്ടൻചിരിയുടെ അകമ്പടിയോടെ ശാങ്കരവേദാന്തം എഴുന്നള്ളുകയാണ്.

മുന്നിലേക്ക് പറന്നേറാൻ വ്യഗ്രതയുള്ള ഇത്തരം മിത്തുകളുടെ ആശയങ്ങളിലെല്ലാം മനുഷ്യൻ്റെ വലുതായ സങ്കൽപ സമൃദ്ധിയുടെ കൊണ്ടാടലും കലയും ഉണ്ട്. ജാതിയാഥാർത്ഥ്യങ്ങളിൽ മനുഷ്യാത്മാവിന് വിദ്യയുൾപ്പെടെ സകല അവകാശങ്ങളും തടയപ്പെട്ട സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ ആത്മാവ് ഏകാത്മകവും  സർവ്വതന്ത്ര സ്വതന്ത്രവുമാണെന്ന വേദാന്തചിന്തയ്ക്ക് സങ്കൽപ സമൃദ്ധിയുടെ സ്വഭാവമാണ്. തുല്യതയും നീതിയും കിട്ടാക്കനിയായ മനുഷ്യർക്ക് സകലരും തുല്യതയിലും നീതിയിലുമുള്ള ലോകത്ത് പുലർന്നിരുന്നു എന്ന കിനാവാണ്,  മറ്റൊരു സങ്കൽപ്പ സമൃദ്ധിയാണ് മാവേലിനാട് എന്ന മിത്തിലുമുള്ളത്.  ഒരു കാലത്തും ഇവിടെ നടപ്പിലായിട്ടില്ലാത്ത ഒന്നിനെ, തുല്യനീതിയെ,  ഉള്ളതായിത്തന്നെ പറയുകയാണ് ഈ മിത്തിലെ ആഖ്യാനതന്ത്രം.  താൽപര്യമില്ലാത്ത യാഥാർത്ഥ്യങ്ങളെല്ലാം,കള്ളപ്പറയും ചെറുനാഴിയുമെല്ലാം, സങ്കൽപസമൃദ്ധിക്കായുള്ള ആ ത്വരയിൽ ഇല്ലാതാകുകയും ഇല്ലാത്ത ഒന്ന് തുല്യനീതിയുടെ അടയാളങ്ങളെന്നോണം ഒന്നൊന്നായി തൊട്ടെടുത്തു കാണിക്കുകയും ചെയ്യുയാണവിടെ. അങ്ങനെ ആമോദത്തോടെ വസിക്കും കാലത്ത്,

“ആധികൾ വ്യാധികളൊന്നുമില്ല

ബാലമരണങ്ങൾ കേൾപ്പാനില്ല.

പത്തായിരമാണ്ടിരിപ്പുമുണ്ട്.

പത്തായമെല്ലാം നിറവതുണ്ട്”  എന്നാണ് പറയുന്നത്.

ഇരുപതാം നൂറ്റാണ്ടോടെ വികസിത ലോകത്ത് ശാസ്ത്രീയ മാനദണ്ഡളോടെ പ്രചാരം ലഭിച്ച ക്ഷേമരാഷ്ട്രം (Welfare state), സന്തോഷസൂചിക (Happiness Index) തുടങ്ങിയ കാര്യങ്ങളെല്ലാം പ്രസ്തുത മിത്ത് കൈകാര്യം ചെയ്യുന്ന സമൂഹം  നേരത്തേ തന്നെ കൈവരിച്ചു കഴിഞ്ഞതായാണ്  മാവേലിനാടിൻ്റെ മിത്തിൽ അനുഭവപ്പെടുക. അതുകൊണ്ടാണ് അതിനെ selective exaggeration എന്നു പറയേണ്ടി വരുന്നത്.

ഉള്ളതിനെ ഇല്ലാത്തതായി പറയുന്നതും ഇല്ലാത്ത ഒന്നിനെ ഉണ്ടെന്നു പറയുന്നതും വസ്തുനിഷ്ഠ സാക്ഷാത്കാരമല്ല, പ്രതീതികൾ മാത്രമാണ്. പക്ഷേ മനുഷ്യമനസ്സിന് കൊണ്ടു നടക്കാൻ പ്രതീതി ആയാലും മതിയെന്നതാണ്  മതാത്മക അബോധത്തിന്റെ  സ്വഭാവം. മതത്താൽ ഉപനയിക്കപ്പെട്ട ഇവിടത്തെ അധികാര രാഷ്ട്രീയത്തിന് ആ അബോധം ഗുണപരമായ രാഷ്ട്രീയദത്തമാണ് . ഉള്ള ഭൂമിയും സമ്പത്തും എപ്പോഴും പണമുള്ളവനും ഉണ്ടോ ഇല്ലയോ എന്നതിന് ഒരു തുമ്പും നാളിതുവരെയില്ലാത്ത സ്വർഗം പാവപ്പെട്ടവനും എന്നതാണ് എന്നും അധികാരാധിഷ്ഠിത മത വ്യവസ്ഥയുടെ  വാഗ്ദാനം. ഇതെല്ലാം കാരണത്താലായിരിക്കാം ഓക്സ്ഫോർഡ് ഡിക്ഷ്ണറി Myth എന്നതിൻ്റെ Synonym ആയി Fallacy എന്ന വാക്ക് ചേർത്തിരിക്കുന്നത് (Oxford Dictionary, vol.7:1009)

മിത്തുകൾ ലക്ഷ്യം കാണുന്നു

മുൻപറഞ്ഞ പ്രശ്നങ്ങൾ ഇരിക്കെത്തന്നെ,  നടപ്പിലുള്ള ഒരു യാഥാർത്ഥ്യത്തിൻ്റെ പിറകിലുള്ള ആദിയും  പുരാചരിത്രവും അന്വേഷിക്കുന്നതിനെ   വഴിപിഴപ്പിക്കാനും നിജപ്പെടുത്താനും (limiting) എന്തിന് നിരോധിക്കാൻ പോലുമുള്ള ശ്രങ്ങൾ മിത്തുകളിൽ കണ്ടെടുക്കാൻ കഴിയും. മിത്തുകളുടെ ഒരു തരം Injunction Strategy ആണത്. മതവും അധികാരവും നിശ്ചയിക്കുന്നതിനപ്പുറം പോകേണ്ടതില്ല എന്നു തന്നെ. കേരളത്തെപ്പറ്റിയുള്ള ഗൗരവമേറിയ ഗവേഷണ പഠനങ്ങൾ പോലും ഇന്നും പിറകോട്ടു ചെന്ന് കേരളോൽപത്തിയിലും പരശുരാമ കഥയിലും ചെന്നു നിൽക്കുന്നത് കാണാം .

മിത്തുകളിലൂടെയുള്ള ചരിത്രാന്വേഷണം

അയഥാർത്ഥ പ്രതീതികളും മായികതയും സംവേദനം ചെയ്യുന്ന ‘കൃതി’കൾ (assignment texts) ആണെന്നിരിക്കിലും ചരിത്ര കുതുകികൾക്ക് വേണ്ടുവോളം പഠനാർഹമായ വകകളുണ്ട് മിത്തുകളിൽ. മിത്തുകൾ ഒരിക്കലും  ചരിത്രമല്ല. മിത്തുകളെ ചരിത്രമെന്നു പറയുന്നത് ശരിയായ രീതിയുമല്ല. എന്നാൽ അവധാനതാപൂർവ്വം ചെന്നാൽ അവയിൽ ചരിത്രത്തിലേക്കുള്ള ദിശാസൂചകങ്ങൾ വാസ്തവത്തിലേക്കു തുറക്കുന്ന വാതിലുകളെന്നോണം കണ്ടെത്താൻ കഴിഞ്ഞേക്കാം. അതിന് ആദ്യമേ തിരിച്ചറിയേണ്ടത് ഒരു മിത്ത് എന്തിനു വേണ്ടി/ എന്തു സ്ഥാപിക്കാനാണ് നിലകൊള്ളുന്നത് എന്നതാണ്. അതു വളരെ പ്രധാനമാണ്. അത് സ്ഥാപിക്കാൻ ശ്രമിക്കുന്നതെന്ത് എന്നത് മനസ്സിലാക്കാൻ കഴിഞ്ഞാൽ അപഗ്രഥനം  എളുപ്പമാകും. യക്ഷിയെ പ്രതിഷ്ഠിക്കുന്ന മിത്താണെങ്കിൽ യക്ഷിയെ മറയാക്കി ഇരുട്ടത്ത് പല താൽപര്യങ്ങളും   സാധിച്ചെടുക്കുന്ന തൽപര കക്ഷികളെ തിരഞ്ഞു നോക്കിയാൽ കിട്ടും. ഇത് പല ജനപ്രിയ സിനിമകളിലും നോവൽ ആഖ്യാനങ്ങളിലും കഥകളിലും മറ്റും കടന്നു വന്നിട്ടുള്ള പ്രമേയവുമാണ്. മനുഷ്യരുടെ ചോര വലിച്ചു കുടിച്ച് എല്ലും തൊലിയും ചണ്ടി പോലെ തുപ്പുന്ന ഭയങ്കര യക്ഷിയെ, അതിനെ സൃഷ്ടിച്ചു വിട്ടവർക്ക് ഒരിക്കലും ഭയക്കേണ്ട കാര്യമില്ല. യക്ഷിയുടെ മറപറ്റി ഇരുട്ടത്ത് അവരവിടെ തന്നെ കാണണം. ഇത് ഒരു സാമാന്യ ഉദാഹരണമാണെങ്കിൽ സമാനമായ രീതിശാസ്ത്രത്തിൽ ഇതര മിത്തുകളെയും സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കാവുന്നതാണ്.

മിത്തുകളെ അതേപടി  മുഖവിലക്കെടുക്കുകയോ വിശ്വസനീയമായി കരുതുകയോ ചെയ്യുന്ന വ്യവസ്ഥാപിത വിശ്വാസിയുടെ  ദിശയിലായിരിക്കരുത് ചരിത്രാന്വേഷിയുടെ ബുദ്ധിയും  സമീപനരീതിയും. മിത്തുകളുടെ പിറകിലെ ഉദേശ്യലക്ഷ്യങ്ങൾ മനസ്സിലാക്കുന്നത് പരമ പ്രധാനമാകുന്നത് അവിടെയാണ്. വിപരീത ദിശയിലാകാം യാഥാർത്ഥ്യത്തിൻ്റെ കിടപ്പ്. ഇത്തരം കാര്യഗ്രഹണ ശേഷിയും യുക്തിഭദ്രതയും കാര്യകാരണ സഹിതമുള്ള അനുമാന സാമർത്ഥ്യവും ചരിത്രകാരനെ സംബന്ധിച്ച് അത്യാവശ്യ ഗുണങ്ങളായി വേണ്ടതുണ്ട്.


ചങ്ങലയഴിച്ചു വിട്ട മദം പൂണ്ട കുവലയാപീഢം എന്ന വളർത്താനയെ കൊണ്ട് കുത്തി കൊല്ലിക്കാൻ ശ്രമിച്ചു എന്ന കഥ ഉണ്ടാക്കാൻ തന്നെ മനുഷ്യൻ ലോഹച്ചങ്ങല ഉണ്ടാക്കാൻ പ്രാപ്തമായ ഇരുമ്പുയുഗത്തിലെത്തണം. വാരിക്കുഴി കുഴിച്ച് വീഴ്ത്തി ആനയെ ഇണക്കി വളർത്താൻ പ്രാപ്തമാകണം. ഭാഗവതപുരാണാന്തർഗതമായ ആ കഥ ദ്വാപരയുഗത്തിൽ നടന്നതാണെങ്കിൽ അതിനും മുമ്പ് ത്രേതായുഗത്തിൽ ശ്രീരാമൻ തേരും കുതിരയും സ്വർണ കിരീടവുമായി  രാജ്യം വാഴുന്നത് സാധ്യമായ കാര്യമല്ല. 2400 ദേവവർഷം അഥവാ 8,64,000 മനുഷ്യവർഷം നിലനിന്നതായിരുന്നു ദ്വാപരയുഗം.അതിനും  മുമ്പായിരുന്നു ത്രേതായുഗവും ശ്രീരാമനും എന്നു പറയുന്നതിൽ അവിടെ വലിയ യുക്തിഭംഗമുണ്ട്.

ഏഴായിരം വർഷത്തെ ചരിത്രം പിറകോട്ടു പോയാൽ ശിലായുഗത്തിലെത്തും എന്നാണ് ചരിത്രകാരന്മാർക്ക് കണ്ടെത്താൻ സാധിച്ചിട്ടുള്ളത്. വേദങ്ങളിൽ പോലും സ്വർണാഭരണങ്ങളും ഇരുമ്പു കൊണ്ടുള്ള ആയുധങ്ങളും പ്രതിപാദിക്കപ്പെടുമ്പോൾ അതും രാമായണാദി ഇതിഹാസങ്ങളുമെല്ലാം പിന്നീട് ലോഹയുഗത്തിലാണ് സംഭവിച്ചത് എന്നേ ഗണിക്കുവാൻ കഴിയൂ. കുറഞ്ഞത്

8, 64, 000 വർഷം മുൻപ് പറയപ്പെടുന്ന ത്രേതായുഗത്തിൽ രാമന് ഒടിക്കാൻ വില്ലോ ഓടിക്കാൻ രഥമോ രഥത്തിനു ചക്രങ്ങളോ ചൂടാൻ സ്വർണകിരീടമോ സിംഹാസനമോ കൊട്ടാരമോ ഒരിക്കലും സംഭവ്യമല്ല. ശ്രീരാമൻ താരതമ്യേന പുതിയ സംരചനാ മൂർത്തിയാണ്. എന്നാൽ അടുത്തറിയാനായാൽ അതിനേക്കാൾ പ്രാചീന മൂർത്തിയാണ് വയനാട്ടുകുലവൻ. മനുഷ്യൻ  വേട്ടയാടിയും കൃഷി ചെയ്തും നീങ്ങിയ കാലത്തു തദാവശ്യങ്ങൾ നിറവേറ്റാനാണ് കുലവൻ്റെ പുറപ്പാട്.

"ഭൂമിയതിലിട്ടവിള നട്ടഫലം കാപ്പാനായ്

കാട്ടിൽ കുരുമന തുകിൽത്തൂമങ്ങിരുൾ വേട്ടയ്ക്കും

കാട്ടിൽ പുലിപന്നി കരടിവൻമെരുവം കൊൽ‌വോൻ" (വയനാട്ടുകുലവൻ അഞ്ചടി തോറ്റം) രാമൻ്റ  സാമ്രാജ്യ സങ്കൽപ്പത്തിലേക്കെത്താൻ അവിടന്നു പിന്നെയും മനുഷ്യന് വളരേണ്ടതുണ്ട്.

മിത്തു പുരാവൃത്ത കഥകളിൽ നിന്ന് ചരിത്രം വേർതിരിച്ചെടുക്കുന്നതിൻ്റെ വഴികൾ ഇത്തരത്തിൽ ശ്രമകരം തന്നെയാണ്. നമുക്കു കൈവന്ന കൂടുതൽ മികച്ച ബൗദ്ധിക ഉപകരണങ്ങളും രീതിശാസ്ത്രവും അതിനായി വേണ്ടി വരും. ഒരു വീരനെ ചതിയിൽ കൊന്നു എന്നു പറയുന്ന പാട്ടുകഥ ഉണ്ടെന്നിരിക്കട്ടെ.  ചതിയിൽ കൊന്നു എന്ന കേന്ദ്ര പ്രമേയമാണതിൽ ഉദ്ദേശ്യമായിരിക്കുന്നത്. അതാണ് കഥയുടെ മർമമായി തിരിച്ചറിയുന്നത് എന്നിരിക്കട്ടെ. കഥയിൽ നിന്നും വെടി വെച്ചു കൊന്നു എന്നു പറയുന്ന ഭാഗമായിരിക്കാം ചരിത്രത്തിനു വേണ്ടുന്നതായി ഗവേഷകൻ  കണ്ടെടുക്കുന്നത്. അവിടത്തെ പ്രസ്തുത വിഷയം എന്നത് കൊലപാതകം ആണ്. അത് ചതിയാണ് എന്നതാണ് പ്രതിപാദ്യം. അനുഷംഗികമായി സന്ദർഭവശാൽ കഥയിൽ കടന്നുവരുന്ന ആ തോക്കുവെച്ച് ചരിത്രകാരന് കാലഗണനയും മറ്റും സാധ്യമായേക്കാം.

മിത്തിലൂടെ ചർച്ചയിൽ കൊണ്ടുവരാൻ  ഉദ്ദേശിക്കുന്ന കാര്യത്തിലേക്കല്ല മിത്തിൽ അറിയാതെ വന്നു പെട്ടു പോകുന്ന അപ്രസ്തുത ഉപാംശങ്ങൾ ചരിത്രവായനയിൽ പ്രധാനമാകുകയാണ്. കാരണം അത് പ്രക്ഷേപണം ചെയ്യാനുദ്ദേശിക്കുന്ന കേന്ദ്രാശയമല്ല. കഥയ്ക്കിടയിൽ നിന്നു വീണു കിട്ടുന്നതാണത്.

പൊലീസുകാർ പ്രതിയെ ചോദ്യം ചെയ്യുമ്പോൾ പറയുന്ന മറുപടി സത്യമാകണമെന്നില്ല. പറയുന്നതിനിടയിൽ അറിയാതെ വന്നു കൂടുന്ന വാക്കുകളിൽ,  നിന്നായിരിക്കാം പ്രധാന തെളിവുകൾ ലഭിക്കുന്നത്. ഇതു പോലെയാണ് അന്വേഷണബുദ്ധികളുടെ പൊതുരീതി. തീർച്ചയായും നേരിട്ടുള്ള വായനയല്ല ഇത്തരത്തിൽ വിപരീത ദിശയിലുള്ള വിശ്ലേഷണത്തിലൂടെ മാത്രമേ മിത്തുകളിൽ നിന്ന് ചരിത്രത്തിൻ്റെ മിന്നലാട്ടങ്ങൾ വേർതിരിച്ചെടുക്കുവാൻ സാധിക്കൂ. ചരിത്രകാരന് അവിടെ എതിർദിശയിലുള്ള ചിന്ത ( contra thinking )യും പ്രസക്തമായിട്ടും കൃതിയിൽ പറയാതെ വിട്ടതിൽ പിടിച്ചു ചിന്തിക്കാനുള്ള കഴിവുമെല്ലാം (Thinking over untold ) അഭികാമ്യമത്രേ. മിത്തുകളിലെ ചരിത്രാന്വേഷണം ഒരു മനശാസ്തപരിപാടി കൂടിയാകുന്നത് അവിടെയാണ്. സാമൂഹ്യ മനശാസ്ത്രം, നരവംശശാസ്ത്രം എന്നിങ്ങനെ ഇതര ശാസ്ത്രശാഖകളും ചരിത്രകാരനു വഴിതെളിക്കാൻ കൂടെ വേണ്ടതുണ്ട്.

മിത്തുകളുടെ മനശ്ശാസ്ത്രപരമായ തലം വലിയ അർത്ഥങ്ങളെ ഉൾക്കൊള്ളുന്നുണ്ട്. മിത്തുകൾ മനുഷ്യൻ്റെ അബോധ പ്രക്രിയകളുടെ ആവിഷ്കാരമാണെന്നും അവ പിന്നെയും പിന്നെയും സമൂഹത്തിൽ പുനരാഖ്യാനം ചെയ്യപ്പെടുമ്പോൾ ഈ പ്രക്രിയകൾ വീണ്ടും ജീവസ്സുറ്റതാകുന്നതായും ബോധവും അബോധവും തമ്മിലുള്ള ബന്ധം  പുന:സ്ഥാപിക്കപ്പെടുന്നതായും ലോക പ്രശസ്ത മനശ്ശാസ്ത്രജ്ഞനായ കാൾ ഗുസ്താവ് യുങ് നിരീക്ഷിച്ചിട്ടുണ്ട് (180:1970).

കൃതി ഉണ്ടാക്കിയതെന്തിനെന്ന് പഠിക്കുക എന്നതിലുപരി അത് ഉരുത്തിരിഞ്ഞ കാലഘട്ടത്തിൻ്റെ പ്രത്യയശാസ്ത്രത്തെ പഠിക്കുക എന്നതിലേക്ക് 1980 കളോടെ രൂപപ്പെട്ടു വന്ന നവചരിത്രവാദികളുടെ വിശകലനരീതി എത്തിച്ചേർന്നതും ഇവിടെ ഓർക്കേണ്ടതുണ്ട്. നവചരിത്രവാദം (New historicism) ഒരു കൃതിയെ അതു നിർമിക്കപ്പെട്ട കാലത്തിൻ്റെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ നിർമിതിയായാണ് കാണുന്നത്. അങ്ങനെയല്ലാതെ ഒരു കൃതിയും ഒരു കാലത്തും സാധ്യമല്ല എന്നാണ് നവചരിത്രവാദത്തിൻ്റെ ആണിക്കല്ല്. ആ നിലയ്ക്ക് ഏതു കൃതിയും ചരിത്രപരമാണ്.

ആ സവിശേഷ വിശകലന ബുദ്ധിയോടെ സമീപിക്കാനായാൽ ശിലാശാസനങ്ങൾ വായിച്ചെടുക്കുന്നതു പോലെ തന്നെ തോറ്റം പാട്ടു വായിച്ചെടുത്താലും ചരിത്രത്തിന് വേണ്ട മുതലുകൾ കിട്ടണം.അങ്ങനെ വായിക്കുകയാണെങ്കിൽ ചരിത്ര കൃതി വായിച്ചെടുക്കുമ്പോൾ എന്ന പോലെ തന്നെ ഗോത്രീയാനുഷ്ഠാന തിരുശേഷിപ്പായ തെയ്യത്തിലെ തോറ്റം പാട്ടു കൃതി വായിക്കുമ്പോഴും ചരിത്രത്തിനു വേണ്ടുന്ന ഉപാദാനങ്ങൾ രൂപപ്പെട്ടു കിട്ടും. വായനാരീതിയും വിമർശനോപകരണവുമാണ് അവിടെയും മുഖ്യം.

ഒരു ഉദാഹരണം നോക്കാം. വിവിധ ജാതിവംശ പരമ്പരകൾക്ക് അധിഷ്ഠാനമായിരിക്കുന്നത് ബ്രാഹ്മണൻ തന്നെയെന്നത് തെളിയിക്കുന്നതാണ് പറയിപെറ്റ പന്തിരുകുലം എന്ന പേരിൽ കേരളമൊട്ടുക്ക് പ്രചുരപ്രചാരം നേടിയ മിത്ത് എന്നൊരു പരികല്പന ഈ ലേഖകൻ മുന്നോട്ടുവയ്ക്കുന്നു. അഗ്നിഹോത്രി മുതൽ അകവൂർ ചാത്തൻ,ഉളിയനൂർ പെരുന്തച്ചൻ, നാറാണത്തു ഭ്രാന്തനടക്കം സകല വർണവർഗസമുദായങ്ങളിലുള്ളവരെയും നെടുനായകത്വത്തിൽ കോർത്തെടുക്കുന്ന അന്തര്യാമിയാണ് അവിടെ ബ്രാഹ്മണൻ. അർഹതയും യോഗ്യതയുമനുസരിച്ച്  വേണ്ടിടത്ത് സഹകരിപ്പിച്ചും മാറ്റി നിർത്തിയും സമൂഹത്തിൽ എല്ലാവരെയും  നേർനയിക്കാനുള്ള മേധയാണതിൽ ബ്രാഹ്മണൻ. ഇതെല്ലാമാണ്  വരരുചി ബ്രാഹ്മണൻ പറയ സ്ത്രീയായ പഞ്ചമിയിൽ വിവിധ ഗുണങ്ങളോടു കൂടിയ മക്കളെ ഉൽപാദിപ്പിച്ചെന്നു പറയുന്ന മിത്തിലെ വ്യംഗ്യം. 

“യത് ചാപി സർവ-ഭൂതാനം

ബീജം തദ് അഹം അർജുന”  (10:39)

എന്ന് ഭഗവദ്ഗീതയിൽ പറയുന്നതിലേക്കാണ് കാര്യങ്ങൾ ഘടിപ്പിക്കുന്നത്.

ഈശ്വരൻ എങ്ങനെയാണോ അഖിലത്തെയും ആധാരശക്തിയായി ഒരുമിച്ചു കൊണ്ടു പോകുന്നത്, അപ്രകാരം ഭൂസുരനായ ബ്രാഹ്മണൻ അഖില മനുഷ്യകുലങ്ങളുടെയും കാരണഭൂതനാണെന്ന് ചുരുക്കം. തീർച്ചയായും കേരളത്തിലേക്ക് സംഘടിതമായ രീതിയിൽ ബ്രാഹ്മണ കുടിയേറ്റം നടന്നതിൻ്റെ ഭാഗമായാണ് ഈ മിത്ത്  കടന്നുവന്നത് എന്ന് ഗണിക്കാൻ കഴിയും. കുടിയേറിയെത്തിയ ബ്രാഹ്മണർ ക്രമേണ സാമൂഹ്യ ശ്രേണിയുടെ ഏറ്റവും മേലെ അധീശത്വത്തിലേക്ക് കയറിയ സന്ദർഭമാണത്. പ്രതിരോധങ്ങളെ അനുനയിക്കേണ്ടതുണ്ട്. ബ്രാഹ്മണരാൻ ഉപദിഷ്ടിതമായ ജാതികാർക്കശ്യങ്ങൾ പിടി മുറുക്കുന്ന സമൂഹത്തിൽ അതിൻ്റെ സാമൂഹ്യഘർഷണം (Social friction) ലഘൂകരിക്കാൻ ഇങ്ങനെയൊരു കഥ വേണ്ടത് ബ്രാഹ്മണ ബുദ്ധിയുടെ തന്നെ ആവശ്യമാണ്. കഥയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ബ്രാഹ്മണനാണെങ്കിലും ഓരോ ജാതിക്കാർക്കും താന്താങ്ങളുടെ വംശീയസ്വത്വം ശ്രേഷ്ഠതയിൽ പ്രാമാണികമായി  അംഗീകരിക്കപ്പെട്ടു കിട്ടുന്ന അനുഭവം കൈവരുന്ന വിധമാണ് പറയിപെറ്റ പന്തിരുകുലത്തിലെ ഓരോ കഥകളും സംവിധാനം ചെയ്തിരിക്കുന്നത്.

ഓരോ ജാതിയെയും വിവിധങ്ങളായി വേർതിരിച്ചു നിർത്തുന്നതോടൊപ്പം വ്യവസ്ഥിതിയുടെ നല്ല നടത്തിപ്പിന് മറ്റൊരു വിധത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടതുമുണ്ടല്ലോ. ഓടുന്ന യന്ത്രത്തിൻ്റെ ഘർഷണം കുറയ്ക്കാനുള്ള ഒരു തരം എണ്ണയിടുന്ന ധർമമാണ് ഈ മിത്തിനുള്ളത്. ഈ രീതിയിൽ ഒരു മിത്തിൻ്റെ അർത്ഥാന്തരങ്ങളെ തിരഞ്ഞാൽ അതുണ്ടായ കാലത്തിൻ്റെ മുദ്രകൾ തെളിഞ്ഞു വരാതിരിക്കില്ല. അന്നിൻ്റെ പ്രത്യയശാസ്തത്തിൻ്റെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ കാലഗണനയടക്കം ഉറപ്പിച്ച്

ചരിത്രകാരന് കൂടുതൽ കാര്യങ്ങൾ വെളിപ്പെട്ടു കിട്ടുന്നതിൻ്റെ ഉദാഹരണമാണിത്. തീർച്ചയായും പറയിപെറ്റ പന്തിരുകുലം എന്ന മിത്ത് കേരളത്തിലെ ബ്രാഹ്മണ സെറ്റിൽമെൻ്റിനു ശേഷം ഉണ്ടായി വന്നതാണ്.

ഇന്ത്യയെ ഒരു ദേശരാഷ്ട്രം എന്ന നിലയിൽ പരിഗണിക്കുമ്പോൾ ചരിത്രപരമായി ഒരു മതകീയ പാരമ്പര്യമുൾക്കൊള്ളുന്നതുകൊണ്ടുതന്നെ ഇന്നത്തെ മതേതര ജനാധിപത്യ സമൂഹത്തിൽ നിന്നുകൊണ്ട് മിഥോളജിയും അതിൻ്റെ വ്യാഖ്യാനവും അതീവ ശ്രദ്ധാപുരസ്സരം നടത്തേണ്ടി വരുന്ന ഒരു രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്.  മിത്തുകളെപ്പറ്റിയുള്ള ധാരണകൾ സാമൂഹ്യശാസ്ത്രപരവും  മനശ്ശാസ്ത്രപരവുമായ അപഗ്രഥന വിശദീകരണങ്ങൾക്ക് ഊന്നൽ കൊടുത്തു കൊണ്ടാണ്  ഉണ്ടാകേണ്ടത്. മിത്തുകൾ പ്രകൃതിപരമായി രൂപപ്പെട്ടുവന്നതല്ല ചരിത്രപരമായി നോക്കിയാൽ ഉണ്ടാക്കിയെടുത്ത കൃതികളാണവ എന്നതിലൂന്നി മിത്തുകളെ അതിൻ്റെ ഉള്ളടക്കവും ഉദ്ദേശ്യലക്ഷ്യങ്ങളും മുൻനിർത്തി തരംതിരിച്ചു പറയാനാവും.  എന്നിരുന്നാലും കെട്ടുകഥ / പഴമ്പുരാണം എന്ന അർത്ഥത്തിൽ എഴുതിത്തള്ളേണ്ടതല്ല മിത്തുകൾ എന്നതു കൊണ്ടു തന്നെ ഇത:പര്യന്തമുള്ള യുക്തികളിൽ, നവചരിത്രവാദ സിദ്ധാന്തങ്ങൾ വരെ ഉൾക്കൊണ്ടുകൊണ്ട് ചരിത്രത്തിലേക്കുള്ള വിലയേറിയ ഉപാദാനങ്ങളായി അവയെ വ്യാഖ്യാനിക്കാവുന്നതാണ്.  ആധുനിക മനനോപായങ്ങളും സങ്കേതങ്ങളും വെച്ച് മിത്തുകളിൽ നിന്ന് ചരിത്രം വായിച്ചെടുക്കുന്ന അനേകം സാധ്യതകളിലേക്ക്  ചരിത്രാത്മക മിത്ത് പഠനങ്ങളുടെ വഴി തുറക്കപ്പെടേണ്ടതുണ്ട്.


ഗ്രന്ഥസൂചി

വിഷ്ണുനമ്പൂതിരി, എം.വി. പുരാവൃത്തപഠനം. മാതൃഭൂമി ബുക്സ്: കോഴിക്കോട്, 2010.

Dundes, Alan."From Etic to Emic Units in the Structural Study of Folktales." Journal of American                                          Folklore, vol. 75 , 1962 pp. 95-105.

Jung, Carl. Aion: Researchers Into the Phenomenology of Self. The Collected Works of C.G. Jung, vol.9, part II, Princeton University Press, 1970.

Levi-Strauss, Claude. "The Structural Study of Myth." Journal of American Folklore , vol. 68, 1955, pp. 428-444.

Propp, V. Morphology of the Folktale. Translated by Laurence Scott, University of Texas Press, 1968.

The Oxford English Dictionary, Edition II, vol. 7, Oxford University Press, 2005.

 

ബദരി നാരായണൻ

പി.ഒ കാരന്താട്

വഴി രാമന്തളി

കണ്ണൂർ 670308

0 comments
bottom of page