top of page

മാധ്യമസംസ്കാരവും ആധുനികാനന്തരമലയാളകഥയും


രവികുമാര്‍ എം.ജി.

മനുഷ്യന്റെ അന്തസ്സിനും വിശ്വാസങ്ങള്‍ക്കും ഉപജീവനമാര്‍ഗ്ഗത്തിനും ഭംഗം വരാതെ ജീവിക്കാന്‍ അനുവദിക്കുന്ന അവകാശങ്ങളെയാണ്‌ മനുഷ്യാവകാശമെന്ന്‌ പൊതുവേ പറയുന്നത്‌. അധികാരത്തിന്റെ വിഭിന്ന ബലതന്ത്രങ്ങള്‍ മനുഷ്യനെയും പ്രകൃതിയിലെ നിലനില്‍പ്പുകളെയും നിരന്തരം ചൂഷണം ചെയ്യുമ്പോള്‍ അതിനെതിരെ ശബ്ദിക്കുന്ന ധാര്‍മ്മികമൂല്യം കൂടി മനുഷ്യാവകാശബോധത്തിന്റെ മേഖല ഉള്‍ക്കൊള്ളുന്നുന്നു. ആ അര്‍ത്ഥത്തില്‍ സ്വാതന്ത്ര്യം,സമത്വം,നീതി,സ്വത്ത്‌,തൊഴില്‍, വര്‍ഗ്ഗം,ലിംഗം,മതം,ജാതി,ദേശീയത,പ്രതിനിധാനം എന്നിങ്ങനെ പല സാമൂഹികസംവര്‍ഗ്ഗങ്ങളില്‍ വ്യാപിച്ചിരിക്കുന്ന ബൃഹദ്സങ്കല്പനമാണ്‌ മനുഷ്യാവകാശം. ഇവ നിഷേധിക്കുകയോ അവമതിക്കയോ ചെയ്യുന്ന എല്ലാ സാമൂഹികപ്രയോഗങ്ങളെയും മനുഷ്യാവകാശലംഘനത്തിന്റെ പരിധിയില്‍പെടുത്താം. അധികാരത്തിന്റെ പ്രകടമോ സൂക്ഷ്മമോ ആയ പ്രയോഗത്താല്‍ മനുഷ്യാവകാശങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്യുന്നു. അക്കൂട്ടത്തില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന  പങ്കും പരിശോധിക്കേണ്ടതാണ്. മുതലാളിത്തയുക്തിയുടെ ആധിപത്യം മാനുഷികമൂല്യങ്ങളെ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുന്ന മാധ്യമസംസ്കാരത്തിലാണ്‌ നാമിന്ന്‌ ജീവിക്കുന്നത്‌. സാമൂഹികവിനിമയത്തിലെ അനിവാര്യമായ കണ്ണിയായി ആധുനികമാധ്യമങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഓരോ വ്യക്തിയെയും നിര്‍ണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന മാധ്യമത്തിന്റെ സ്വാധീനവലയം പലപ്പോഴും കടുത്ത മനുഷ്യാവകാശലംഘനങ്ങളുടെ ഉപാധിയായി പരിണമിക്കുന്നതും കാണാം. ജനാധിപത്യത്തിന്റെ നാലാംതൂണെ(fourth estate)ന്ന്‌ വിശ്വസിക്കുന്ന മാധ്യമങ്ങള്‍ വിവരങ്ങള്‍ ജനകീയമാക്കുന്ന പ്രക്രിയയോടൊപ്പം പ്രതിലോമകരമായ നിലപാടുകളും സ്വീകരിക്കാറുണ്ട്‌. മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്ന അത്തരം സമീപനങ്ങള്‍ വിനോദപരമെന്ന മട്ടില്‍ സമൂഹത്തില്‍ വ്യാപിപ്പിക്കുവാനും അതിനെ ജനപ്രിയമാകുന്ന വിധത്തില്‍ സ്വീകാര്യമാക്കുവാനും മാധ്യമങ്ങള്‍ക്ക്‌ കഴിയുന്നു. തികച്ചും നിരുപദ്രവകരമെന്നു തോന്നിക്കുന്ന മാധ്യമപ്രതിനിധാനങ്ങള്‍ പ്രത്യയശാസ്ത്രപരമായും സൗന്ദര്യാത്മകമായും സാമൂഹികാബോധത്തെ (social unconsciousness) രൂപപ്പെടുത്തുന്ന ഇടപെടലുകളായിത്തീരുന്നു. അങ്ങനെ കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ പോലും പൊതുസമ്മതി നേടുന്നു. വിധേയരുടെ തന്നെ അനുവാദത്തോടെ അധികാരം ആര്‍ജ്ജിക്കുന്ന മേല്‍ക്കോയ്മയെയാണ്‌ ഗ്രാംഷി അധീശത്വം (hegemony) എന്നു വിശേഷിപ്പിക്കുന്നത്‌. അക്രമരഹിതമായ ഒരു കീഴടക്കലാണ്‌ അവിടെ നടക്കുന്നത്‌. അല്‍ത്തൂസര്‍ നിരീക്ഷിക്കുന്നതു പോലെ മേല്‍ക്കോയ്മയുടെ പ്രത്യയശാസ്ത്രപ്രയോഗം നടത്തുന്ന രാഷ്ട്രത്തിന്റെ ഉപകരണങ്ങളിലൊന്നായി മാധ്യമങ്ങള്‍ പരിണമിക്കുന്നത്‌ അങ്ങനെയാണ്‌. ഭൂരിപക്ഷജനവികാരത്തിന്റെയും സവര്‍ണ്ണസംസ്കാരത്തിന്റെയും ആണധികാരത്തിന്റെയും മാതൃകാരൂപങ്ങള്‍ നിരന്തരം സൃഷ്ടിച്ചുകൊണ്ട്‌ അവയെ ആദര്‍ശവല്‍ക്കരിക്കുകയും മറുഭാഗത്തെ നിശ്ശബ്ദമാക്കുകയും ചെയ്യുന്ന രാഷ്ട്രീയമാണ്‌ മാധ്യമസംസ്കാരം മുന്നോട്ട്‌ വയ്ക്കുന്നത്‌. ഇതിന്റെ വിപുലീകരണമോ (extension) തുടര്‍ച്ചയോ ആണെന്ന് പറയാം നവമാധ്യമസംസ്കാരം അഥവാ സൈബര്‍മാധ്യമസംസ്കാരം. നവമാധ്യമതന്ത്രങ്ങളെ നിര്‍ണ്ണയിക്കുന്ന യുക്തികള്‍ മനസ്സിലാക്കുവാനുള്ള ശ്രമമായി അച്ചടി മുതല്‍ ടെലിവിഷന്‍ വരെയുള്ള മാധ്യമപരമായ ഇടപെടലുകളെ പുനരവലോകനം ചെയ്യുന്നത് പ്രധാനമാണ്. ജനകീയപങ്കാളിത്തത്താല്‍ ജനാധിപത്യപരമാണെന്ന് തോന്നിക്കുന്ന നവമാധ്യമങ്ങളില്‍ മേല്‍പ്പറഞ്ഞ ഏകപക്ഷീയമാധ്യമങ്ങളുടെ സ്വഭാവങ്ങള്‍ എങ്ങനെ പുനരുല്പാദിപ്പിക്കുന്നു എന്നു തിരിച്ചറിയാന്‍ അതുപകരിക്കും.

മാധ്യമങ്ങളുടെ ഘടനയും ഉള്ളടക്കവും വിമര്‍ശനാത്മകമായി സമീപിക്കുന്ന രചനകളെന്ന നിലയില്‍ ആധുനികാനന്തര ചെറുകഥകളെ അപഗ്രഥനവിധേയമാക്കാനാണ്‌ ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്‌. ഇലക്ട്രോണിക് മാധ്യമങ്ങള്‍ കേരളത്തില്‍ പരക്കെ പ്രചാരത്തിലാവുകയും മാധ്യമകേന്ദ്രിതമായ ജീവിതം ആരംഭിക്കുകയും ചെയ്ത തൊണ്ണൂറുകള്‍ക്ക്‌ ശേഷം മലയാളത്തില്‍ പ്രസിദ്ധീകരിച്ച കഥകളാണ്‌ പഠനത്തിന് ആധാരം. ഒന്നുരണ്ടു കഥകളൊഴിച്ചാല്‍ അധികമാരും  ചര്‍ച്ച ചെയ്യാത്ത കഥകളാണ് പഠനത്തിനു സ്വീകരിച്ചിട്ടുള്ളത്. മാധ്യമസംസ്കാരത്തിന്റെ പ്രതിലോമകരമായ സാന്നിധ്യങ്ങള്‍ വിമര്‍ശനാത്മകബുദ്ധിയോടെ തിരിച്ചറിയുന്ന കഥകളാണവ. മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന സമീപനങ്ങളും പ്രതിനിധാനങ്ങളും മാധ്യമലോകത്ത്‌ കടന്നുവരുന്നതെങ്ങനെയെന്ന്‌ പ്രസ്തുതകഥകളുടെ വിശകലനത്തിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കുന്നു.

വിവരവിനിമയത്തിനും വിനോദവിനിമയത്തിനുള്ള നവീന ഉപാധികളാണ്‌ മാധ്യമങ്ങള്‍. ഇംഗ്ലീഷിലെ Media എന്ന പദത്തിന്‌ തുല്യമായി മലയാളത്തില്‍ ഉപയോഗിക്കുന്ന പദമാണ്‌ മാധ്യമം. ഇടനിലയായി വരുന്ന വസ്തു, മധ്യനില എന്നിങ്ങനെ അര്‍ത്ഥങ്ങളുള്ള ഈ പദത്തിന്‌ ഇന്ന്‌, ബഹുജനങ്ങളുടെ ആശയവിനിമയത്തിനുള്ള മാര്‍ഗ്ഗം എന്ന സാങ്കേതികാര്‍ത്ഥം കൂടിയുണ്ട്‌ . ആശയവിനിമയം സാധ്യമാക്കുന്ന ഉപാധിയെന്നും പത്രം, റേഡിയോ, ടെലിവിഷന്‍ എന്നിങ്ങനെ വിവരങ്ങള്‍ പ്രേഷണം ചെയ്യുന്ന മാര്‍ഗം എന്നും നിഘണ്ടുക്കളില്‍ ഈ പദത്തിന്‌ അര്‍ത്ഥം നല്‍കിയിരിക്കുന്നത്‌ കാണാം. ചില ഉദാഹരണങ്ങളിലൂടെ മീഡിയയുടെ വ്യത്യസ്തതകള്‍ വ്യക്തമാക്കുന്ന ഓക്സ്ഫോര്‍ഡ്‌ നിഘണ്ടു അതിന്‌ ബഹുജനവിനിമയം എന്നൊരു അര്‍ഥം നല്‍കുന്നു1 . വിവരങ്ങളെയും ദൃശ്യങ്ങളെയും ശ്രവണചിഹ്നങ്ങളെയും വന്‍തോതില്‍ ഉല്‍പ്പാദിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന സ്ഥാപനം എന്ന്‌ മാധ്യമങ്ങളെ നിര്‍വചിക്കാം. ഒരു വ്യക്തിയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ വൈവിധ്യമാര്‍ന്ന, അജ്ഞാതരായ അനേകം പ്രേക്ഷകരിലേക്ക്‌ സാങ്കേതികചിഹ്നനം (technological encoding) വഴി നടക്കുന്ന ആശയവിനിമയമാണ്‌ ആണ്‌ മാധ്യമവിനിമയം.

മാധ്യമങ്ങള്‍ പ്രചരിക്കുന്നതിനു മുമ്പുള്ള കാലഘട്ടത്തിലെ ആശയവിനിമയരീതിയില്‍ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്ന പല ഘടകങ്ങളുമുണ്ട്‌ . ആദിമകാലത്ത്‌ മനുഷ്യന്റെ ആശയവിനിമയമാര്‍ഗം ആംഗ്യങ്ങളും സംസാരവും ആയിരുന്നു .പില്‍കാലത്ത്‌ ലിപികളും എഴുത്തുവിദ്യയും സ്വായത്തമാക്കി അത്‌ വികസിച്ചു .അച്ചടിയുടെ കടന്നുവരവോടെ ആശയവിനിമയത്തിനു സാങ്കേതികതയുടെ മുഖം ലഭിക്കുകയുണ്ടായി . അത്‌ സഹജമായ ആശയവിനിമയോപാധികളുടെ പരിമിതികളും പരിധികളും ലംഘിച്ചു . ആദിമകാല ആശയവിനിമയത്തിന്റെ പ്രധാനപരിമിതി അത്‌ കുറച്ച്‌ ആള്‍ക്കാരെ മാത്രമേ വിനിമയത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നുള്ളു എന്നതാണ്‌. മാധ്യമകാലം കൂടുതല്‍ സ്വീകര്‍ത്താക്കളെ പടങ്കെടുപ്പിച്ചുകൊണ്ട്‌ ആശയങ്ങള്‍ ഫലപ്രദമായി ജനങ്ങളിലേക്ക്‌ എത്തിക്കുന്നു. അതുകൊണ്ടുതന്നെ പ്രാദേശികമായ ഒരു സംഭവത്തിന്‌ ആഗോളവ്യാപ്തി (global coverage) കിട്ടുന്നു . സ്വീകര്‍ത്താക്കളുടെ സംഖ്യയാകട്ടെ ബില്യണുകള്‍ വരും.

മാധ്യമങ്ങളിലൂടെയുള്ള വിനിമയം തീര്‍ച്ചയായും പ്രത്യേകരീതിയിലുള്ള ഒരു ആസ്വാദകവര്‍ഗ്ഗത്തെ രൂപപ്പെടുത്തിട്ടുണ്ട്‌ . അജ്ഞാതരായ അനേകം സ്വീകര്‍ത്താക്കള്‍ പങ്കെടുക്കുന്ന ഈ വിനിമയപ്രക്രിയയില്‍ സ്വാഭാവികപ്രതികരണം മിക്കപ്പോഴും അസാധ്യമാണ്‌. അല്ലെങ്കില്‍ പ്രതികരണം കെട്ടിച്ചമയ്ക്കപ്പെടുന്ന(manipulated)താണ്. മാധ്യമങ്ങളിലൂടെ വരുന്ന ആശയങ്ങളും വിവരങ്ങളും ഗ്രഹിക്കുക എന്നല്ലാതെ അവയില്‍ വിമര്‍ശനാത്മകമായ ഇടപെടല്‍ നടത്താന്‍ സ്വീകര്‍ത്താവിനു സാധ്യമാകാതെ വരുന്നു.നവമാധ്യമങ്ങള്‍ അനുവദിക്കുന്ന  ജനാധിപത്യസാധ്യതകളെപ്പോലും ഇങ്ങനെ കാണേണ്ടിയിരിക്കുന്നു. എല്ലാം അനുവദനീയമാണ് എന്നു പറയുമ്പോള്‍ പോലും പൊതുബോധത്തിന്‌ സമ്മതിയുള്ള ഉള്ളടക്കങ്ങളെ പുനരുല്പാദിപ്പിക്കാനുള്ള വിനിമയതലമായി അവയെ വിലയിരുത്തേണ്ടി വരും.എല്ലാ മാധ്യമങ്ങളുടെയും  നിര്‍മ്മാതാക്കള്‍ ലക്ഷ്യം വയ്ക്കുന്നത്‌ ചിട്ടപ്പെടുത്തിയ, സാമാന്യവല്‍ക്കരിച്ച സാങ്കല്പികപ്രേക്ഷകരെയാണ്‌ . അതിനാല്‍ മാധ്യമങ്ങള്‍ ഉല്പാദിപ്പിച്ച്‌ വിതരണം ചെയ്യുന്ന വിവര-വിനോദ ഉല്പന്നങ്ങള്‍ പ്രേക്ഷകരുടെ യഥാര്‍ത്ഥ ആസ്വാദനബോധത്തെക്കാള്‍ നിര്‍മ്മാതാവിന്റെ സങ്കല്പങ്ങള്‍ക്കനുസരിച്ചായിരിക്കും . ഇങ്ങനെ സന്ദേശങ്ങള്‍ ഉല്പന്നങ്ങളും മാധ്യമപ്രവര്‍ത്തനം വ്യവസായവും ആയിത്തീരുമ്പോള്‍ മാധ്യമങ്ങള്‍ക്ക്‌ വിപണിശക്തികള്‍ക്ക്‌ കീഴടങ്ങേണ്ടിവരുന്നു . വിപണനതന്ത്രങ്ങള്‍ നിര്‍ണയിക്കുന്ന സന്ദേശങ്ങള്‍ക്ക്‌ മാധ്യമങ്ങളില്‍ പ്രാമുഖ്യം ലഭിക്കുന്നു . ഏകപക്ഷീയമായ ഒരു വിനിമയസമ്പ്രദായത്തിലൂടെ മാധ്യമങ്ങള്‍ അവ പ്രേക്ഷകരില്‍ നിറയ്ക്കുന്നു . ആധുനികകാലത്ത്‌ മനുഷ്യന്റെ വൈയക്തികവും സാമൂഹികവുമായ എല്ലാ ഇടപെടലുകളിലും മാധ്യമങ്ങള്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നു . മാധ്യമസംസ്കാരം എന്ന്‌ നാം വിശേഷിപ്പിക്കുന്നത്‌ ഇതിനെയാണ്‌.

മാധ്യമങ്ങളുടെ സ്വാധീനത്തിന്‌ ജനജീവിതത്തില്‍ വളരെ വ്യാപ്തിയുണ്ട്. വിവരത്തിനു വേണ്ടി, വിനോദത്തിനുവേണ്ടി, ആശയങ്ങള്‍ക്ക്‌ വേണ്ടി, അഭിപ്രായപ്രകടനത്തിനു വേണ്ടി നാം മാധ്യമങ്ങളെ സമീപിക്കുന്നു . ഇതൊര്‍ത്ഥത്തില്‍ നാം ആരാണെന്നും എന്താണെന്നുമുള്ള അനുഭവബോധത്തെ നിര്‍ണയിക്കാനുള്ള ശ്രമവുമാണ്‌ .അതിനാല്‍ മനുഷ്യന്റെ സ്വത്വനിര്‍മ്മിതിയില്‍ ഇന്ന്‌ പ്രധാന പങ്കുവഹിക്കുന്നത്‌ മാധ്യമങ്ങളാണ്‌ എന്നു പറയാം. മനുഷ്യസ്വഭാവത്തെയും വിശ്വാസങ്ങളെയും രൂപീകരിക്കുന്നതിലും പ്രകടിപ്പിക്കുന്നതിലും ബഹുജനമാധ്യമങ്ങള്‍ പ്രസരണം ചെയ്യുന്ന ജനപ്രിയസംസ്കാരത്തിന്‌ മുഖ്യപങ്കുണ്ടെന്ന്‌ മൈക്കല്‍.ആര്‍.റീല്‍ ചൂണ്ടിക്കാട്ടുന്നു.2 അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ മാധ്യമങ്ങള്‍ ജനജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം നാലുവിധത്തിലാണ്‌ . 1.അത്‌ സ്വഭാവത്തെയും വിശ്വാസങ്ങളെയും രൂപീകരിക്കുന്നു 2. സാംസ്കാരിക രംഗത്തും കലാരംഗത്തും സൗന്ദര്യശാസ്ത്രവബോധത്തെ നിര്‍ണ്ണയിക്കുന്നു 3.സാമൂഹികവ്യവസ്ഥകളെ പുനര്‍നിര്‍വചിക്കുന്നു 4. വ്യക്തിഗതവും അന്തര്‍ദേശീയവുമായ ആയ ക്രമപ്പെടുത്തലോ ക്രമരാഹിത്യമോ സൃഷ്ടിക്കുന്നു. ഇങ്ങനെ മനുഷ്യന്റെ വൈയക്തികവും സാമൂഹികവുമായ സമസ്തമേഖലകളിലും മാധ്യമങ്ങള്‍ സ്ഥാനം ഉറപ്പിക്കുന്നു. അതുകൊണ്ടാണ്‌ മാധ്യമസംസ്‌കാരം എന്നാല്‍ അത്‌ നമ്മള്‍ തന്നെയാണ്‌ (mass mediated culture is us) എന്ന്‌ റീല്‍ പറയുന്നത്‌.3

മാധ്യമങ്ങള്‍ എങ്ങനെയാണ്‌ ജീവിതത്തിന്‍റെ അനിവാര്യഭാഗമായി മാറുന്നത്‌ ? അറിയാനുള്ള ത്വര മനുഷ്യരുടെ സവിശേഷതയാണ്‌. വിവരങ്ങള്‍ക്കും വിനോദങ്ങള്‍ക്കും അഭിപ്രായരൂപീകരണത്തിനുമുള്ള നവീനമേഖലകള്‍ നമ്മെ  എന്നും ആകര്‍ഷിക്കുന്നു. വാര്‍ത്തകള്‍ അറിയാനുള്ള സ്വാതന്ത്ര്യത്തെ മനുഷ്യന്‍റെ മൗലികാവകാശമായും എല്ലാ അവകാശങ്ങളുടെയും ആണിക്കല്ലായുമാണ് ഐക്യരാഷ്ട്രസഭ കാണുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഈ പ്രക്രിയയെ ചടുലവും ആകര്‍ഷണീയവുമാക്കുകയാണ്‌ മാധ്യമങ്ങള്‍. മാധ്യമങ്ങളിലൂടെ കാലദേശങ്ങളെ അതിവര്‍ത്തിച്ചു പരക്കുന്ന വിവരങ്ങളില്‍ ജനങ്ങള്‍ അവരുടെ ജിജ്ഞാസയ്ക്ക്‌ ഉത്തരം കണ്ടെത്തുന്നു . അവയെ കൂടുതല്‍ ആകര്‍ഷണീയമാക്കാനുള്ള പൊലിപ്പുകള്‍ അഥവാ കെട്ടുകാഴ്ചകള്‍ ആധുനിക മാധ്യമങ്ങള്‍ നല്‍കുന്നു .കെട്ടുകാഴ്ചകളുടെ സമൂഹമെന്ന്‌ (society of spectacles) ഗെയ് ദ ബോര്‍ (Guy De Bord) വിശേഷിപ്പിക്കുന്നത്‌ ഒരളവോളം മാധ്യമങ്ങളിലെ പൊലിപ്പിച്ചുകാട്ടലിനെത്തന്നെയാണ്‌. യാഥാര്‍ത്ഥ്യത്തെയും കാല്പനികമായ അംശത്തെയും വളരെ വിദഗ്ധമായി സമന്വയിപ്പിച്ചാണ്‌ മാധ്യമങ്ങള്‍ വിവരങ്ങള്‍ക്ക്‌ ജനപ്രിയസ്വഭാവം കൊടുക്കുന്നത്‌ . ഈ മേളനത്തില്‍ നിന്ന്‌ യാഥാര്‍ഥ്യമേത്‌, തോന്നലേത്‌ എന്ന്‌ വേര്‍തിരിച്ചു കാണാന്‍ പ്രേക്ഷകര്‍ക്ക്‌ സാധിക്കാതെ വരുന്നു. ഇത്‌ പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നത്‌ സാമൂഹികമായ ഒരു ‘എസ്‌കേപ്പിസ’ത്തിലാണ്‌ . സമൂഹത്തിലെ പ്രശ്നബാധിതമായ യാഥാര്‍ത്ഥ്യങ്ങളെ മാധ്യമങ്ങള്‍ സാങ്കല്പികലോകത്തിന്റെ പൊലിപ്പില്‍ വരച്ചു കാട്ടുന്നു. അതുകൊണ്ടുതന്നെ യാഥാര്‍ത്ഥ്യത്തോട്‌ പ്രതികരിക്കുന്ന പ്രേക്ഷകന്‍ സങ്കല്പത്തിലാണ്‌ അത്‌ ശരിക്കും നിര്‍വഹിക്കുന്നത്‌. യാഥാര്‍ത്ഥ്യത്തിന്റെ സങ്കീര്‍ണതകളെ ഇങ്ങനെ സങ്കല്പത്തിന്റെ ലളിതസമവാക്യമായി മാറ്റിയെഴുതുന്നതിലൂടെ മാധ്യമങ്ങള്‍ക്ക്‌ ജനപ്രിയത ലഭിക്കുന്നു. മറ്റൊന്ന്‌, തങ്ങളുടെ പ്രവര്‍ത്തനത്തില്‍ ജനങ്ങളെ കൂടി പങ്കെടുപ്പിക്കുന്നു എന്നൊരു കപടബോധം മാധ്യമങ്ങള്‍ ജനിപ്പിക്കുന്നുണ്ടെന്നതാണ്‌. ആധുനികഭരണകൂടങ്ങള്‍ പ്രാകൃതവ്യവസ്ഥയില്‍ നിന്ന്‌ വ്യത്യസ്തമായ മൃദുത്വം പകരുന്നത്‌ ,ജനങ്ങളെക്കൂടി ഭരണത്തില്‍ ഇടപെടാന്‍ അനുവദിക്കുന്നു എന്ന മിഥ്യാബോധം സൃഷ്ടിച്ചുകൊണ്ടാണ്‌ എന്ന പൌലോ ഫ്രോയറുടെ നിരീക്ഷണം മാധ്യമങ്ങളുടെ കാര്യത്തിലും ശരിയാണ്‌ . കപടമായ പങ്കാളിത്തബോധം മാധ്യമങ്ങള്‍ ഉല്‍പാദിപ്പിച്ചു കൊണ്ടിരിക്കുന്നു . ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ള വിനിമയോപാധി  എന്ന ബോധം ജനിപ്പിക്കുകയും അതേസമയം ലാഭകരമായ ഒരു വ്യവസ്ഥയായി സ്വകാര്യതാല്‍പ്പര്യങ്ങളെ സംരക്ഷിക്കുകയും ചെയ്യുക എന്ന വൈരുദ്ധ്യമാണ്‌ മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നത്‌ . ചിലപ്പോള്‍ , ജനവിരുദ്ധ ആശയങ്ങളെത്തന്നെ ജനകീയം എന്ന്‌ വിശേഷിപ്പിച്ചവതരിപ്പിക്കുന്നതിലൂടെ ജനങ്ങളെ അത്‌ കബളിപ്പിക്കുക കൂടി ചെയ്യുന്നു. അതു കൊണ്ടാണ്‌ ഇലക്ട്രോണിക്‌ മീഡിയയുടെ സ്വഭാവത്തെ അധികാരോന്മുഖമായ ജനകീയനാട്യം എന്ന് സ്റ്റുവര്‍ട്ട്‌ ഹാള്‍ വിശേഷിപ്പിക്കുന്നത്‌.4 ഈ നാട്യം തിരിച്ചറിയാതെ മിഥ്യാധാരണയെ അതേപടി വിശ്വസിക്കുന്ന ജനങ്ങള്‍ മാധ്യമങ്ങളെ ആശ്രയിക്കുന്ന ഒരു ജീവിതത്തിന്‌ ജീവിതാനുഭവങ്ങളെക്കാള്‍ പ്രാധാന്യം നല്കുകയും ചെയ്യുന്നു. മാധ്യമങ്ങളെപ്പറ്റി പൊതുവേയുള്ള ഈ നിരീക്ഷണം സൈബര്‍മാധ്യമരംഗത്ത് എത്രത്തോളം പ്രസക്തമാണെന്ന് ആലോചിക്കുക.

മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന സാംസ്കാരികനിര്‍മിതികളെ പ്രത്യയശാസ്ത്ര ഉല്പന്നങ്ങളായി സംസ്കാരപഠനം തിരിച്ചറിയുന്നു. സമൂഹത്തില്‍ നിലനില്‍ക്കുന്ന അധികാരബന്ധങ്ങളെ സുഗമമാക്കി അവയുടെ തുടര്‍ച്ച സാധ്യമാക്കുകയാണ്‌ സാംസ്‌കാരികോല്പന്നങ്ങള്‍ ചെയ്യുന്നത്‌ . അതിനാല്‍ അധികാരവര്‍ഗ്ഗ പ്രത്യയശാസ്ത്രപ്രചാരണമാണ്‌ സാംസ്കാരികോല്പന്നങ്ങള്‍ നടത്തുന്നതെന്ന്‌ പറയാം. മാധ്യമങ്ങളിലെ സൃഷ്ടികള്‍ ഇത്തരമൊരു സ്വഭാവമാണ്‌ പ്രകടിപ്പിക്കുന്നത്‌.നവമാധ്യമസ്വഭാവം പ്രത്യക്ഷത്തില്‍ ഇതിനു വിരുദ്ധമാണെന്നുതോന്നാം. എന്നാല്‍ നവലിബറല്‍ ആശയഘടനയുടെ അബോധമായാണ് അവ നിലനില്‍ക്കുന്നത്. രാഷ്ട്രീയകൃത്യത (political correctness) എന്ന വാക്കില്‍ ഉള്ളടങ്ങിയിട്ടുള്ള വൈരുദ്ധ്യങ്ങളെയും പ്രശ്നങ്ങളെയും നാം വിമര്‍ശനാത്മകമായി അഭിമുഖീകരിച്ചിട്ടില്ല. ആരുടെ താല്പര്യങ്ങളാണ് ശരിയായി പരിഗണിക്കപ്പെടുന്നത് എന്ന ചോദ്യം നവമാധ്യമകാലത്ത് ഉയരേണ്ടിയിരിക്കുന്നു. പൊതുവില്‍, എല്ലാ മാധ്യമങ്ങളും ചില പ്രത്യേക മൂല്യങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയും ആഗോളതലത്തില്‍ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ആയുധങ്ങളേക്കാള്‍ ആശയങ്ങള്‍ കൊണ്ടുള്ള കീഴടക്കലാണ് അവ നടത്തുന്നത്. ആധികാരികമായ, അധികപിന്തുണയുള്ള  (ഇന്നത്തെ ഭാഷയില്‍ വൈറല്‍) സന്ദേശങ്ങള്‍ക്ക് മുന്നില്‍ സ്വയം കീഴടങ്ങുന്ന പ്രജ(subject) കളായി മനുഷ്യരെ അത്‌ മാറ്റുന്നു. മാധ്യമങ്ങളെയും മറ്റു സാംസ്‌കാരികസ്ഥാപനങ്ങളെയും മൂലധനം കൊണ്ടും രാഷ്ട്രീയാധികാരം കൊണ്ടും കൈയടക്കിയാണ്‌ മുതലാളിത്തം ഇത്‌ സാധിക്കുന്നത്‌ . ഇങ്ങനെ സാംസ്കാരികോല്പാദനത്തിന്റെ ഉപകരണങ്ങളെ വരുതിയിലാക്കി സമൂഹത്തെ നിയന്ത്രിക്കുന്ന രാഷ്ട്രീയയുക്തികളെ മനസ്സിലാക്കുകയും വിമര്‍ശനാത്മകമായി സമീപിക്കുകയും ചെയ്യുന്ന സംവാദമേഖല കൂടിയാണ് സാംസ്കാരികരാഷ്ട്രീയം (cultural politics).

മാധ്യമങ്ങള്‍ സാങ്കേതികത്തികവിന്റെ ആധികാരികത കൊണ്ട്‌ അധികാരവര്‍ഗ്ഗത്തിന്റെ ആശയങ്ങള്‍ക്ക്‌ ജനങ്ങള്‍ക്കിടയില്‍ പൊതുസമ്മതി (consent) നേടിക്കൊടുക്കുന്നു. അസമമായ വര്‍ഗ്ഗബന്ധങ്ങള്‍ക്ക്‌ പൊതുസമ്മതം ലഭിക്കുന്നതിനാണല്ലോ അന്തോണിയോ ഗ്രാംഷി അധീശത്വം (hegemony) എന്ന്‌ വിളിക്കുന്നത്‌. ബലപ്രയോഗത്തിലൂടെയല്ല , ആശയപരമായ സ്വീകാര്യത സാധ്യമാക്കിയാണ്‌ മാധ്യമങ്ങള്‍ അധീശത്വം സ്ഥാപിക്കുന്നത്. അതുകൊണ്ടാണ്‌ അല്‍ത്തൂസര്‍ മാധ്യമങ്ങളെയും മറ്റും രാഷ്ട്രത്തിന്റെ പ്രത്യയശാസ്ത്ര ഉപകരണങ്ങള്‍ (ideological apparatus) എന്ന്‌ വിളിക്കുന്നത്‌. ഇതിനെ രാഷ്ടത്തിന്റെ മര്‍ദ്ദനോപകരണ (repressive apparatus) ങ്ങളായ പോലീസ്‌, പട്ടാളം, ജയില്‍ ,നിയമവ്യവസ്ഥ എന്നിവയില്‍ നിന്നെല്ലാം വ്യത്യസ്തമാക്കുന്നത്‌ മാര്‍ഗ്ഗപരമായ സൗമ്യത മാത്രമാണ്‌ . ലക്ഷ്യം ഒന്നുതന്നെ. അധികാരവര്‍ഗ്ഗപ്രത്യയശാസ്ത്രത്തിന്‍റെ നടത്തിപ്പും സംരക്ഷണവും. മാധ്യമങ്ങളിലൂടെയുള്ള പ്രത്യയശാസ്ത്ര അധീശത്വം ഏറ്റവുമധികം പ്രതികൂലമായി ബാധിക്കുന്നത്‌ ഇന്ത്യയെപ്പോലെയുള്ള കോളനിയാനന്തര രാജ്യങ്ങളെയാണ്‌. പാശ്ചാത്യരാജ്യങ്ങള്‍ നിര്‍ണയിക്കുന്ന സാംസ്‌കാരികതയുടെ ഉപഭോക്താക്കളാകാന്‍ അവര്‍ വിധിക്കപ്പെട്ടിരിക്കുന്നു . ഇത്തരം ആശയപ്രചാരണം പഴയ കോളനിവ്യവസ്ഥയുടെ ഭാഗമായ അടിച്ചമര്‍ത്തലിനു സമാനമാണ്‌ .

മാധ്യമസംസ്കാരം കലയുടെ സ്വഭാവത്തില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. മാധ്യമങ്ങളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സംസ്കാരത്തില്‍ കലയുടെ സ്ഥാനവും കലയെ വിലയിരുത്താനുള്ള മാനദണ്ഡവും മാറുന്നു. കുറേക്കൂടി സങ്കീര്‍ണ്ണവും എന്നാല്‍ സാങ്കേതികവുമായ അനുഭവലോകങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ കലയ്ക്ക്‌ നവീനവും വ്യത്യസ്തവുമായ പല രൂപങ്ങളും കൈക്കൊള്ളേണ്ടിവരുന്നു. കലാരൂപങ്ങളുടെ ആസ്വാദകരെപ്പറ്റിയുള്ള സാമ്പ്രദായികമായ, ശ്രേണീബദ്ധമായ വേര്‍തിരിവുകള്‍ അപ്രസക്തമാകുന്നു. ആവിഷ്ക്കാരക്ഷമത വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി കലാരൂപങ്ങള്‍ അതിരുകള്‍ ഭേദിച്ച്‌ സമന്വയസ്വഭാവങ്ങള്‍ കാട്ടിത്തുടങ്ങുന്നു. മറ്റു മേഖലകളുടെ സ്വാധീനങ്ങള്‍ കലയ്ക്ക്‌ സ്വീകരിക്കേണ്ടി വരുന്നു. ചുരുക്കത്തില്‍ കലയിലെ അന്തര്‍വിദ്യാപരത (interdisciplinarity) യെയാണ്‌ മാധ്യമസംസ്കാരത്തിന്റെ കാലഘട്ടം അടയാളപ്പെടുത്തുന്നത്‌. മാധ്യമസംസ്കാരത്തിന്റെ ഘട്ടത്തില്‍ കലകള്‍ അതിന്റെ വിമര്‍ശനാത്മകധര്‍മ്മവും ശ്രദ്ധയോടെ നിര്‍വഹിക്കുന്നു. ജനത്തെ ഉപഭോക്തൃസമൂഹത്തിലെ ഒരു വിഭാഗമായി നിയന്ത്രിച്ച്‌ സംസ്കാരത്തെ വ്യവസായവും ആസ്വാദനത്തെ വിപണനവും ആക്കിത്തീര്‍ക്കുകയാണ്‌ ആധുനികമാധ്യമങ്ങള്‍ ചെയ്യുന്നത്‌. വിപണിയുടെ നിയമങ്ങള്‍ ആസ്വാദനത്തെ ചിട്ടപ്പെടുത്തുന്ന ഈ വ്യവസ്ഥയില്‍ ഉപഭോക്താക്കളുടെ യഥാര്‍ത്ഥമായ ആവശ്യങ്ങളെക്കാള്‍ കപടമായ ആവശ്യങ്ങള്‍ക്ക്‌ പ്രാമുഖ്യം ലഭിക്കുന്നു. കപടമായ ആവശ്യങ്ങളുടെ ശൃംഖല സമൂഹത്തെ വരിഞ്ഞുമുറുക്കുകയും സമൂഹത്തിന്റെ ചലനശേഷി പൂര്‍ണ്ണമായി  നശിപ്പിക്കുകയും ചെയ്യുന്നു. ഇതിനെ ജനവഞ്ചന (mass deception) യായി കാണുന്ന ചിന്തകരാണ്‌ അഡോണോയും ഹൊര്‍ഖൈമറും മറ്റും. അവരുടെ അഭിപ്രായത്തില്‍ സംസ്കാരത്തെയും ബോധത്തെയും വസ്തുവല്‍ക്കരിക്കുന്ന(reification) ഈ സംസ്കാരവ്യവസായത്തില്‍ യഥാര്‍ത്ഥകലയുടെ ധര്‍മ്മം വിമര്‍ശനാത്മകമായ അകലം പാലിക്കുക എന്നതാണ്‌. അങ്ങനെ കല മാധ്യമസംസ്കാരത്തിന്റെ ഒരു വിമര്‍ശനോപാധി എന്ന നിലയിലും പ്രത്യക്ഷപ്പെടുന്നു. ആധുനികസാഹിത്യരൂപമായ ചെറുകഥയില്‍ തൊണ്ണൂറുകള്‍ക്ക്‌ ശേഷം പ്രത്യക്ഷപ്പെട്ട ഈ വിമര്‍ശനാത്മകസമീപനം മാധ്യമസംസ്കാരത്തെ എങ്ങനെ അടയാളപ്പെടുത്തുന്നുവെന്നും മനുഷ്യാവകാശലംഘനങ്ങളിലുള്ള മാധ്യമങ്ങളുടെ പങ്കിനെ അവതരിപ്പിക്കുന്നുവെന്നും പരിശോധിക്കാം.

മലയാളത്തിലെ പല ചെറുകഥകളിലും ആദ്യകാലം മുതല്‍ തന്നെ മാധ്യമങ്ങളുടെ സ്വാധീനം പ്രകടമായിരുന്നെങ്കിലും അവയൊക്കെ ഒരു പശ്ചാത്തലം എന്ന മട്ടിലാണ്‌ മാധ്യമങ്ങളെ കണ്ടിരുന്നത്‌. മാധ്യമങ്ങള്‍ ഏതൊക്കെ രീതിയില്‍ ജീവിതത്തെ സ്വാധീനിക്കുന്നുവെന്നോ ഈ സ്വാധീനശക്തി സമൂഹത്തിലെ അധികാരകേന്ദ്രങ്ങള്‍ എങ്ങനെ ദുര്‍വിനിയോഗം ചെയ്യുന്നുവെന്നോ ആ കഥകള്‍ ചര്‍ച്ച ചെയ്യുന്നില്ല.മാധ്യമങ്ങളുടെ ഘടനാപരമായ പ്രത്യേകതകള്‍ രചനാതലത്തില്‍ ഉപയോഗിക്കുന്നവയും അക്കൂട്ടത്തില്‍ കുറവാണ്‌. എന്നാല്‍ തൊണ്ണൂറുകള്‍ക്കുശേഷം പുറത്തിറങ്ങിയ പല കഥകളും ജീവിതത്തെ നിയന്ത്രിക്കുന്ന മാധ്യമസംസ്കാരത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്നവയാണ്‌. മാധ്യമങ്ങളുടെ കുതന്ത്രങ്ങളെ ആശയപരമായി എതിര്‍ത്തുകൊണ്ടും അവയിലെ പരോക്ഷമായ മനുഷ്യവിരുദ്ധപ്രതിനിധാനങ്ങളെ ചോദ്യം ചെയ്തുകൊണ്ടും ഈ കഥകള്‍ മുന്‍കാലരചനകളില്‍ നിന്നും വേറിട്ടു നില്‍ക്കുന്നു. മാധ്യമങ്ങള്‍ക്ക്‌ സംസ്കാരത്തിലുള്ള ആധിപത്യത്തെ ആശങ്കയോടെ കാണുന്ന അവ മാധ്യമസംസ്കാരത്തിന്റെ ശക്തമായ വിമര്‍ശനസ്വരങ്ങളാണ്.മാധ്യമങ്ങള്‍ ജീവിതത്തില്‍  അനിയന്ത്രിതമായി കടന്നുകയറുന്നത് നമ്മുടെ എഴുത്തുകാരെ ഭയപ്പെടുത്തുന്നുവെന്ന്‌ ഈ കഥകള്‍ തെളിയിക്കുന്നു. സാമൂഹികതയിലെ അധീശത്വമായും വൈയക്തികതയിലെ നിയന്ത്രണശക്തിയായും മാധ്യമങ്ങളെ അവ തിരിച്ചറിയുന്നു. അധികാരശ്രേണികളെ ഉലച്ചില്‍ തട്ടാതെ നിലനിര്‍ത്തുന്ന പ്രത്യയശാസ്ത്ര ഉപാധികളാണ്‌ മാധ്യമങ്ങള്‍ എന്ന ബോധം ഈ കഥകള്‍ പങ്കുവയ്ക്കുന്നു.സ്ത്രീശരീരത്തെ നിക്ഷിപ്ത താല്പര്യങ്ങളോടെ അവതരിപ്പിക്കുന്ന മാധ്യമങ്ങളിലെ ലിംഗരാഷ്ട്രീയത്തെ അവ വിമര്‍ശിക്കുന്നു. സ്വകാര്യതയിലേക്കു കടന്നുകയറി വ്യക്തിത്വത്തെ അവഹേളിക്കുന്ന മാധ്യമങ്ങളുടെ അധികാരപ്രയോഗത്തെ ചോദ്യം ചെയ്യുന്നു- ഇങ്ങനെ,മനുഷ്യാവകാശങ്ങളെ പലവിധത്തില്‍ ധ്വംസിക്കുന്ന മാധ്യമലോകത്തിന്റെ വിമര്‍ശനാത്മകപാഠഭേദങ്ങളാണ് ആധുനികാനന്തരം മലയാളത്തില്‍ പ്രത്യക്ഷപ്പെട്ട കഥകള്‍.

മനുഷ്യന്റെ സ്വാതന്ത്ര്യത്തെയും അന്തസ്സിനെയും അവമതിക്കുന്ന മാധ്യമസംസ്കാരം കഥകളില്‍ വിമര്‍ശനവിധേയമാകുന്നതെങ്ങനെയെന്ന്‌ ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കാം. മാധ്യമസംസ്കാരത്തിലെ സൂക്ഷ്മരാഷ്ട്രീയപ്രയോഗത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്ന കഥയാണ്‌ എന്‍.എസ്‌.മാധവന്റെ  ‘തിരുത്ത്‌ '. അല്‍ത്തൂസര്‍ മാധ്യമങ്ങളെയും മറ്റും നോക്കിക്കാണുന്നത്‌ രാഷ്ട്രത്തിന്റെ പ്രത്യയശാസ്ത്രോപകരണമായാണെന്ന് പറഞ്ഞല്ലോ. മാധ്യമസംസ്കാരം ചില സവിശേഷമൂല്യങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും വ്യാപനമാണ്‌ ലക്ഷ്യമിടുന്നത്‌. അതിനാല്‍ മാധ്യമപരമായ ഉല്പാദനത്തിന്‌ പ്രത്യയശാസ്ത്രപരമായ മുഖമുണ്ടായിരിക്കും. ബാബറി മസ്ജിദ്‌ തകര്‍ന്ന ദിവസം ഒരു പത്രമോഫീസില്‍ നടക്കുന്ന സംഭവമാണ്‌ ‘തിരുത്തി'ല്‍ അവതരിപ്പിക്കുന്നത്‌.ബാബറി മസ്ജിദ്‌ തകര്‍ന്നതിനു ശേഷം പത്രമോഫീസില്‍ സുഹ്റ എന്ന മുസ്ലീം പെണ്‍കുട്ടി മാത്രം ഒറ്റപ്പെട്ടവളാകുന്നു. ഈ ഒറ്റപ്പെടല്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തനത്തിലെ പ്രത്യയശാസ്ത്രപരമായ തമസ്ക്കരണത്തിന്റെ സൂചകമാണ്‌. സുഹ്റ എന്ന മുസ്‌ളീം പെണ്‍കുട്ടി ന്യൂനപക്ഷത്തിന്റെ പ്രതിനിധിയാണെന്നും തങ്ങള്‍ ഭാരതീയപൈതൃകമുള്ള ഭൂരിപക്ഷ ഹിന്ദുക്കളാണെന്നുമുള്ള മറ്റു പത്രപ്രവര്‍ത്തകരുടെ പൊതുബോധം മാധ്യമസ്വഭാവത്തെയും ബാധിക്കുന്നു. ഈ പൊതുബോധത്തെയാണ്   MUCH(Male upper cast Hindu) എന്ന ചുരുക്കരൂപം കൊണ്ട്  വിശേഷിപ്പിക്കുന്നത്. സവര്‍ണ്ണ ഹിന്ദുത്വമുള്ള പുരുഷന്റെ അധികാരത്തെ പരോക്ഷമായി അംഗീകരിക്കുന്ന മാധ്യമപരിസരത്തെ ഇത്‌ സൂചിപ്പിക്കുന്നു. ഈ ബോധത്തിന്‌ വിധേയയായി നില്‍ക്കേണ്ടി വരുന്നതുകൊണ്ടാണ്‌ സുഹ്റ ‘തര്‍ക്ക മന്ദിരം തകര്‍ത്തു ' എന്ന തലക്കെട്ട്‌ നല്‍കുന്നത്‌. യഥാര്‍ത്ഥകുറ്റവാളികളെ ആരോപണത്തില്‍ നിന്നും മറച്ചുപിടിക്കുന്ന ' തര്‍ക്കമന്ദിരം ' എന്ന പ്രയോഗം ഇന്ത്യന്‍ മാധ്യമസംസ്കാരത്തിന്‌ പ്രിയപ്പെട്ടതാണ്‌. അത്‌ ഭൂരിപക്ഷത്തിന്റെ താല്പര്യങ്ങളെ സംരക്ഷിച്ചുകൊണ്ട്‌ ന്യൂനപക്ഷങ്ങളുടെ നിലനില്പിനെ ഭയപ്പെടുത്തുന്നു. ഈ മനുഷ്യാവകാശലംഘനത്തിനെതിരെയാണ്‌ പത്രാധിപരായ ചുല്യാറ്റിന്റെ പേന ചലിക്കുന്നത്‌. അയാള്‍ 'തര്‍ക്കമന്ദിരം' തിരുത്തി ‘ബാബറി മസ്ജിദ്‌ ' എന്നാക്കുന്നു. അന്യവല്‍ക്കരിക്കപ്പെട്ട, കയ്യേറ്റത്തിനിരയായ ഒരു ന്യൂനപക്ഷത്തിന്റെ വീണ്ടെടുപ്പ്‌ ഈ തിരുത്തലില്‍ ഉണ്ട്‌. ഭൂരിപക്ഷവര്‍ഗ്ഗീയതയെ ഉല്ലംഖിക്കുന്ന തിരുത്തലായി അത്‌ മാറുന്നു. ഭയാശങ്കകളില്ലാതെ ജീവിക്കാനുള്ള മനുഷ്യന്റെ അവകാശങ്ങള്‍ മാധ്യമങ്ങളുടെ അണിയറയില്‍ തന്നെ തകര്‍ക്കപ്പെടുന്നുണ്ട് എന്ന വസ്തുതതയുടെ ഭാവാനാത്മകാഖ്യാനമാണ് ‘തിരുത്ത് ’. മാധ്യമങ്ങളിലെ പ്രയോഗങ്ങള്‍ നിരുപദ്രവമായ സൂചകങ്ങള്‍ അല്ലെന്നും നിശ്ചിതതാല്പര്യങ്ങളുടെ പര്യായങ്ങളാണെന്നും ഈ കഥ ഓര്‍മ്മിപ്പിക്കുന്നു.

ടി.ബി.ലാലിന്റെ ‘കള്‍ച്ചറല്‍ ജേര്‍ണലിസം’ എന്ന കഥ മാനവികത മറക്കുന്ന മാധ്യമതാല്പര്യത്തെ വിമര്‍ശനവിധേയമാക്കുന്നു. അപരം (other) എന്ന്‌ ഇന്ത്യന്‍ അബോധത്തില്‍ മുദ്രകുത്തപ്പെട്ടിരിക്കുന്ന ഇസ്ലാം, സ്വത്വപരമായി അനുഭവിക്കുന്ന അവഗണനയുടെയും അതിക്രമത്തിന്റെയും കഥയാണിത്‌. വര്‍ഗീയാക്രമണങ്ങളാല്‍ അശാന്തമായ അന്തരീക്ഷത്തിലും തിരുത്തലിനു മുതിരാതെ അവ വാര്‍ത്താവിഭവങ്ങളായി പകര്‍ത്തുന്ന മാധ്യമബോധത്തെ ഈ കഥ തുറന്നുകാട്ടുന്നു. ഇന്ത്യന്‍ പത്രപ്രവര്‍ത്തകയായ ആത്മാടാഗൂറും സഹപ്രവര്‍ത്തകയായ റൈഹനാത്ത ബദര്‍ എന്ന മുസ്‌ളീം യുവതിയുമാണ്‌ ഇതിലെ കഥാപാത്രങ്ങള്‍. കലാപത്തിന്റെ അന്തരീക്ഷത്തില്‍ ,ആത്മാടാഗൂറിനു മുന്നില്‍ വെച്ച്‌ റൈഹാനത്തയെ ഒരു പട്ടാളക്കാരന്‍ ബലാല്‍സംഗം ചെയ്യുന്നു. ഭൂരിപക്ഷപ്രതിനിധിയായ പട്ടാളക്കാരന്റെ വംശീയവെറിയാണ്‌ അവളെ ശാരീരികമായി കയ്യേറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്‌. ആത്മാടാഗൂര്‍ ദുര്‍ബലമായ ചില എതിര്‍പ്പുകള്‍ കാണിക്കുന്നുണ്ടെങ്കിലും പട്ടാളക്കാരന്റെ ആക്രോശത്തില്‍ ഭയന്നു പിന്‍മാറുന്നു. എന്നാല്‍ പെട്ടെന്നുണര്‍ന്ന മാധ്യമതാല്പര്യത്താല്‍, "വിരോധത്തില്‍ മാത്രമൂന്നിയ വികാരമൂര്‍ച്ഛയോടെ " പട്ടാളക്കാരന്‍ റൈഹാനത്തിനെ ബലാല്‍സംഗം ചെയ്യുന്നത്‌ അവള്‍ ആകര്‍ഷണീയമായി ക്യാമറയില്‍ പകര്‍ത്തുകയാണ്‌ പിന്നീട്‌ ചെയ്യുന്നത്‌. "പൊടുന്നനേ തൊഴില്‍ബോധത്താല്‍ പ്രേരിതമായ ഒരു സ്വാര്‍ത്ഥബുദ്ധിയോടെ ഞാന്‍ ക്യാമറ പ്രവര്‍ത്തിപ്പിക്കുവാന്‍ തുടങ്ങി. തീവണ്ടിമുറിയിലെ വന്യചലനങ്ങളില്‍ നിന്നും ഞാന്‍ ശബ്ദായമാനമായ പുറംലോകത്തെത്തിച്ചേര്‍ന്നതു പോലെ തോന്നി. സമീപാവസ്ഥകളെ ഞാന്‍ പരിപ്രേക്ഷണം ചെയ്തുകൊണ്ടിരുന്നു. ക്യാമറയില്‍ തെളിഞ്ഞുനിന്ന ചുവന്ന പ്രകാശബിന്ദുവിനെ വിരലുകൊണ്ട്‌ മറച്ചുപിടിച്ച്‌ ഞാന്‍ റൈഹാനാത്തിന്റെ പിടച്ചിലുകള്‍ ആകര്‍ഷകമായി ചിത്രീകരിച്ചു. "5 വംശവെറിയും അധികാരവും കൊണ്ട്  പെണ്‍ശരീരത്തിലേക്ക്‌ അക്രമോത്സുകമായി പ്രവേശിക്കുന്ന ആണിന്റെ മറ്റൊരു രൂപം തന്നെയാണ്‌ മാധ്യമങ്ങളിലെ ക്യാമറയും. രണ്ടും മനുഷ്യാന്തസ്സിനെയും അവകാശങ്ങളെയും ഒരേ പോലെ തകര്‍ത്തുകളയുന്നു. ഹരിദാസ് കരിവെള്ളൂരിന്റെ ‘കാഴ്ച- ഇടപെടലുകളില്ലാതെ’ എന്ന കഥയില്‍ ഇങ്ങനെ ഒരു നിരീക്ഷണമുണ്ട്- “കുമാര്‍ എന്നു പേരായ ആ വീഡിയോഗ്രാഫര്‍ തന്റെ തൊഴിലിന്റെ പ്രയാസങ്ങളെക്കുറിച്ച് ആദ്യമായി സങ്കടപ്പെട്ടു.ദൃശ്യങ്ങളുടെ വിന്യാസം മാത്രമല്ല വീഡിയോഗ്രഫി എന്നും അത് അന്യന്റെ സ്വകാര്യതയിലേക്കുള്ള നുഴഞ്ഞുകയറ്റമാണെന്നും അയാള്‍ക്ക് തോന്നി.ഒരു വീഡിയോക്യാമറ ശരിക്കും ബലാത്സംഗത്തിനുള്ള ഉപകരണമാണ് ”6 നവമാധ്യമകാലത്ത് ചാനല്‍ ക്യാമറയും മൊബൈല്‍ ക്യാമറയും ആധിപത്യത്തോടെ ദൃശ്യങ്ങളിലേക്ക് കടന്നുകയറുന്നത് ആണധികാരത്തിന്റെ വാസനകള്‍ നന്നായി ഉപയോഗിച്ചുകൊണ്ടു തന്നെയാണ്. ഒരു ഉപകരണ(device) മായിരുന്നാലും ക്യാമറ അതിന്റെ സ്വഭാവത്തില്‍ ആണത്തത്തെ അടയാളപ്പെടുത്തുന്നു എന്നു പറയാം. അതിന്റെ ഇടപെടലിനെ ജനകീയ മാധ്യമപ്രവര്‍ത്തനം (citizen/netizen journalism) എന്നു പേരിട്ടാലും.

ചന്ദ്രമതിയുടെ 'പ്രായോജകരെയും കാത്ത്‌ ’ സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ 'അഭിനയമുഹൂര്‍ത്തങ്ങള്‍ ', അംബികാസുതന്‍ മാങ്ങാടിന്റെ 'മോക്ഷം' എന്നീ കഥകള്‍ മാധ്യമപരമായ ചൂഷണത്തെ മറ്റൊരു രീതിയില്‍ അവതരിപ്പിക്കുന്നതു കാണാം. ഒരു പ്രശ്നസാഹചര്യം കൃത്രിമമായി സൃഷ്ടിച്ച്‌, അതിനോടുള്ള ആള്‍ക്കാരുടെ പ്രതികരണം അവരറിയാതെ ചിത്രീകരിച്ച്‌, ഒടുവില്‍ എല്ലാമൊരു കളിയായിരുന്നെന്ന്‌ പറഞ്ഞ്‌ പങ്കെടുത്തവരെ ഇളിഭ്യരാക്കി മടങ്ങുന്ന ദൃശ്യമാധ്യമങ്ങളിലെ തമാശപ്പരിപാടികളുടെ മനുഷ്യത്വരാഹിത്യത്തെക്കുറിച്ചാണ്‌ ഈ മൂന്നുകഥകളും സംസാരിക്കുന്നത്‌. സമൂഹത്തില്‍ ഒരു പ്രശ്നം അരങ്ങേറുമ്പോള്‍ അത്‌ ‘പ്രാങ്ക് ’ പരിപാടികളുടെ ഭാഗമാണോ എന്നു കരുതി പ്രതികരിക്കാന്‍ മടിക്കുന്നവരെ സൃഷ്ടിക്കുന്ന നവകാലത്തിന്റെ പൂര്‍വ്വരൂപങ്ങള്‍ പഴയ ഈ മാധ്യമപരിപാടികളില്‍ കാണാം. സത്വരപ്രതികരണം അര്‍ഹിക്കുന്ന സന്ദര്‍ഭങ്ങളില്‍ പോലും എവിടെയോ ഒളിഞ്ഞിരിക്കാവുന്ന ക്യാമറയുടെ സാന്നിദ്ധ്യം ഊഹിക്കുന്ന വ്യക്തികളെ സൃഷ്ടിച്ച് അവരെ  നിഷ്ക്രിയരാക്കുന്ന ‘മാധ്യമബോധ’ത്തിന്റെ വര്‍ത്തമാനം അവിടെ തുടങ്ങുന്നു. 'അഭിനയമുഹൂര്‍ത്തങ്ങള്‍ '(ഈ കഥ എം. മുകുന്ദന്റെ ‘ഡല്‍ഹി 1981എന്ന കഥയുടെ മാധ്യമസംസ്കാരവായനയാണ്.) എന്ന കഥയില്‍, കുറേ ആള്‍ക്കാര്‍ ഒരു പെണ്‍കുട്ടിയെ ക്രൂരമായി മാനഭംഗപ്പെടുത്തുന്നതു കണ്ട്‌ ഇടപെടാനൊരുങ്ങുന്ന മനോജിനോട്‌ രജീന്ദര്‍പാണ്ഡെ പറയുന്നുണ്ട്‌ - ‘’അരേ, നീയാര്‌ ? സോഷ്യല്‍ ആക്ടിവിസ്റ്റോ ? പ്രതികരിക്കും മുമ്പ്‌ നീ പോയി കൃത്യമായി ചാനലുകള്‍ കാണ്‌. എം.ടി.വിയില്‍ നിന്ന്‌ മോട്ടിച്ചെടുത്ത ഒരൈറ്റാ ഇത്‌. വിഷ്വല്‍മീഡിയ രംഗത്തെ സാഹസികജേര്‍ണലിസം. എടപെടുന്നോനെ വിഡ്ഢിയാക്കുന്ന കൊണാപ്പ്‌ സാധനം.”7 എല്ലാം പകര്‍ത്തുന്ന ക്യാമറയുടെ സാന്നിധ്യത്തെ ഭയന്ന്‌ വെറും കാഴ്ചക്കാരായി നിലയുറപ്പിച്ച ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ഒരു പെണ്‍കുട്ടിയെ കുറേപ്പേര്‍ ചേര്‍ന്ന്‌ വലിച്ചിഴച്ചു കൊണ്ട്‌ പോകുന്ന കാഴ്ച 'പ്രായോജകരെയും കാത്ത്‌ ' എന്ന കഥയില്‍ അവതരിപ്പിച്ചിരിക്കുന്നു. അതിക്രമങ്ങളും കയ്യേറ്റങ്ങളും മാധ്യമചിത്രീകരണമാണെന്ന്‌ ധരിച്ച്‌ ആസ്വദിക്കുന്ന ജനക്കൂട്ടത്തെ ‘മോക്ഷം’ എന്ന കഥയിലും കാണാം. ഇങ്ങനെ നിഷ്ക്രിയരായ ജനാവലിയുടെ സുരക്ഷിതത്വത്തില്‍ മാധ്യമങ്ങള്‍ക്ക്‌ ഏതുരീതിയിലുള്ള കയ്യേറ്റവുമാകാം എന്നായിത്തീര്‍ന്നിരിക്കുന്നു. അല്ലെങ്കില്‍ മാധ്യമങ്ങളുടെ പേരില്‍ ഏതു നീചമാര്‍ഗ്ഗവും സാധൂകരിക്കത്തക്കതാകുന്നു. ഈ അവസ്ഥ മുതലെടുക്കുന്നവര്‍ പ്രധാനമായും ആശ്രയിക്കുന്നത് പ്രതികരണരഹിതമായ സമൂഹത്തെയാണെന്ന് മൂന്നു കഥകളും തെളിയിക്കുന്നുണ്ട്‌. സമൂഹമനസ്സാക്ഷിയെ നിഷ്ക്രിയമാക്കി മനുഷ്യാന്തസ്സിനെ ഹനിക്കുന്ന മാധ്യമപരിപാടികള്‍ പ്രതിലോമകരമെങ്കിലും ജനപ്രിയമായിത്തീരുകയും പൊതുബോധത്തെ രൂപപ്പെടുത്തുകയും ചെയ്യുന്നുവെന്ന വസ്തുത അവ അവതരിപ്പിക്കുന്നു.

വിപണനതാല്പര്യങ്ങളാല്‍ മാധ്യമങ്ങള്‍ മനുഷ്യത്വരഹിതമായ നിലപാടുകളിലേക്ക് എത്തിച്ചേരുന്നതിന്റെ രേഖാചിത്രങ്ങളും കഥകളില്‍ പ്രത്യക്ഷമാണ്.കലാപങ്ങളുടെ ഭീകരാന്തരീക്ഷത്തെ ദൃശ്യവിരുന്നാക്കി മാറ്റുന്ന മാധ്യമതാല്പര്യമാണ് ഹരിദാസ് കരിവെള്ളൂരിന്റെ ‘കാഴ്ച-ഇടപെടലുകളില്ലാതെ’, ടി.ബി.ലാലിന്റെ ‘ഇന്‍-ക്യാമറ’ എന്നീ കഥകളുടെ വിഷയം.കത്തുന്ന വീടുകളും അരിഞ്ഞുവീഴ്ത്തപ്പെട്ട ഉടലുകളും സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ച് പ്രേക്ഷകരെ ആകര്‍ഷിക്കുന്ന മാധ്യമങ്ങള്‍. അവയ്ക്കു മുന്നില്‍ അശ്ലീലമായ ഒരു കൂട്ടഭോഗത്തിനെന്നവിധം തയ്യാറായി നില്‍ക്കുന്ന ആള്‍ക്കൂട്ടത്തെ ഹരിദാസിന്റെ കഥ കാട്ടിത്തരുന്നുണ്ട്. ഒരു കൊച്ചുകുട്ടിയെ അഞ്ചാറുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത സംഭവം പ്രൊഫഷണലിസത്തോടെ കവര്‍ ചെയ്യുന്ന റിപ്പോര്‍ട്ടറാണ് ഈ കഥയിലുള്ളത്. സംഭവസ്ഥലത്തു നിന്നും പ്രൊഡ്യൂസറെ ഫോണില്‍ ബന്ധപ്പെടുമ്പോള്‍ കിട്ടുന്ന മറുപടി ഇങ്ങനെയാണ് – “കുമാര്‍.. ഡോണ്‍ട് വേസ്റ്റ് എ സെക്കന്റ്..അദര്‍വൈസ് മറ്റേ ചാനലുകാര്‍ ആ സംഭവവും കൊണ്ടു പോകും”.8 മാനുഷികമായ ഒരിടപെടലിനു പകരം ‘വിഷയ’മായും അസുലഭാവസരമായും ദുരന്തങ്ങളെ മുതലെടുക്കുന്ന മാധ്യമസംസ്കാരം ഇന്നും അതേപടി തുടരുന്നു. ദുരന്തമുഖങ്ങളെ ഉപയോഗിച്ച് വളരുവാന്‍ കൊതിക്കുന്ന വ്യക്തിതാല്പര്യങ്ങള്‍ നവമാധ്യമങ്ങളിലെ പോസ്റ്റുകളിലും റീലുകളിലും ‘പുതിയമുഖം’ എന്ന പാട്ടുംപാടി നില്‍ക്കുന്നു.

മാധ്യമസംസ്കാരത്തിന്റെ ആവിഷ്ക്കാരഭേദങ്ങള്‍ മലയാളകഥകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ ‘വാര്‍ത്താശരീരം’ മുതല്‍ ‘കൊമാല’ വരെയുള്ള കഥകള്‍ ഇതിന്റെ ഭാഗമായി വിശദപഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. മാധ്യമലോകത്തിന്റെ സൃഷ്ടിയായ സാംസ്കാരികമണ്ഡലം ജനജീവിതത്തെ നിര്‍ണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ അടയാളങ്ങളാണ്‌ മിക്ക ആധുനികാനന്തരകഥകളും.അക്കൂട്ടത്തില്‍ അധികം ചര്‍ച്ച ചെയ്യാതെ പോയ ചില കഥകളാണ് ഈ പഠനത്തില്‍ സ്വീകരിച്ചിട്ടുള്ളത്. സാമൂഹികതയുടെ നിര്‍മ്മിതിയില്‍ മാധ്യമസംസ്കാരത്തിന്റെ അമിതസ്വാധീനത്തെ ഈ കഥകള്‍ വിമര്‍ശനബുദ്ധിയോടെ  നോക്കിക്കാണുന്നു. പില്‍ക്കാല രാഷ്ട്രീയയുക്തികളെപ്പോലും നിര്‍ണ്ണയിക്കുന്ന സ്വാധീനശക്തിയായി മാധ്യമങ്ങള്‍ മാറിക്കഴിഞ്ഞ ഒരു കാലഘട്ടത്തിന്റെ ഭാവനാത്മകചരിത്രരേഖകളാണ്‌ ഈ കഥകളെന്ന്‌ നിസ്സംശയം പറയാം. ഇവയിലെ വിമര്‍ശനസ്വരങ്ങള്‍ സൈബര്‍കാലത്തെ നവമാധ്യമസംസ്കാരത്തിനു കൂടി പലവിധത്തില്‍ ബാധകമാണ്.

 

 

കുറിപ്പുകള്‍

1. Oxford Advanced Learners Dictionary of Current English; (ed.A.S.Homby) Oxford University Press; 1981; page 527.

2. Real, Michael.R; Mass Mediated Culture ; Prentice - Hall, Englewood Cliff 1977; page 11.

3. Real, Michael.R; Mass Mediated Culture ; Prentice - Hall, Englewood Cliff 1977; page 58

4. Hall,Stuart (ed.) ; Representation: Cultural Representations and Signifying Practices ; ‘The Spectacle of other’ (article) by Hall, Stuart ; Sage Publication Ltd. ; London 1997; page 231.

5.ലാല്‍.ടി.ബി ; മുഖദാവില്‍ ഒരു കണ്ണാടി കാണുക ; കറന്റ് ബുക്സ് ; കോട്ടയം 2023; പുറം 18

6. ഹരിദാസ് കരിവെള്ളൂര്‍; ജീവിതം തുടയ്ക്കാന്‍ ഒരു തൂവാല ; കറന്റ് ബുക്സ്; കോട്ടയം 2004; പുറം 73

7. ജോണി.കെ.ജെ. (എഡി.); പുതുകഥ; കറന്റ് ബുക്സ് ; തൃശൂര്‍ 2002; പുറം 25

8. ഹരിദാസ് കരിവെള്ളൂര്‍; ജീവിതം തുടയ്ക്കാന്‍ ഒരു തൂവാല ; കറന്റ് ബുക്സ്; കോട്ടയം 2004; പുറം 75

 

ഗ്രന്ഥസൂചി

1. അനില്‍കുമാര്‍.ഏ.വി; ആലസ്യത്തിന്റെ ആള്‍ക്കൂട്ടങ്ങള്‍;സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം, കോട്ടയം 2000

2. അപ്പന്‍. കെ.പി; ഉത്തരാധുനികത - വര്‍ത്തമാനവും വംശാവലിയും; ഡി.സി.ബുക്സ്‌, കോട്ടയം 1998

3. അംബികാസുതന്‍ മാങ്ങാട്‌ ; കൊമേഷ്യല്‍ ബ്രേക്ക്‌; കറൻറ് ബുക്സ്‌ ,തൃശൂര്‍ 2002

4. ജോണി.കെ.ജെ. (എഡി.); പുതുകഥ; കറന്റ് ബുക്സ് ; തൃശൂര്‍ 2002

5. മാധവന്‍.എന്‍.എസ്‌ ;തിരുത്ത്‌; ഡി സി ബുക്സ്‌ ,കോട്ടയം 1996

6. രവീന്ദ്രന്‍.പി.പി; ആധുനികാനന്തരം - വിചാരം, വായന; കറന്‍റ്‌ ബുക്സ്‌ തൃശൂര്‍ 1999

7. ലാല്‍.ടി.ബി ; മുഖദാവില്‍ ഒരു കണ്ണാടി കാണുക ; കറന്റ് ബുക്സ് ; കോട്ടയം 2023;

8.സന്തോഷ്‌ ഏച്ചിക്കാനം; ഒറ്റവാതില്‍; സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ,കോട്ടയം 1999

8. Hall,Stuart (ed.) ; Representation: Cultural Representations and Signifying Practices ; Sage Publication Ltd. ; London 1997

9. Hartley John (Ed.) ; Key Concepts in Communication, Cultural and Media Studies; Routledge,London 2004

10. Real, Michael.R; Mass Mediated Culture ; Prentice - Hall, Englewood Cliff 1977

 
രവികുമാര്‍.എം.ജി

അസിസ്റ്റന്റ് പ്രൊഫസ്സര്‍

മലയാളവിഭാഗം

ഗവ.കോളേജ്, ആറ്റിങ്ങല്‍

 

0 comments
bottom of page