top of page

മുലയറുക്കലും കുലംമുടിക്കലും - ശൂർപ്പണഖയുടെ കഥാപരിസരങ്ങൾ മുൻനിർത്തി ഒരു പഠനം

Updated: Mar 15

ഡോ. അമ്പിളി ആർ.പി. & ഡോ.ശ്രീലക്ഷ്മി എസ്.കെ.

പ്രബന്ധസംഗ്രഹം

               പുരുഷാധിപത്യ വ്യവസ്ഥ എല്ലാകാലത്തും സ്ത്രീകളെ വസ്തു വൽക്കരിച്ചുകൊണ്ട് അവതരിപ്പിക്കാനും നേരിടാനുമാണ് ശ്രമിച്ചിട്ടുള്ളത്. അത്തരം ശ്രമങ്ങൾക്ക് എതിരെയുള്ള പ്രതിരോധങ്ങളാണ് സ്ത്രൈണ കർതൃത്വത്തിൽ ഊന്നിയുള്ള രചനകൾ. പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഉള്ള സ്ത്രീവിരുദ്ധസന്ദർഭങ്ങളെ കണ്ടെത്തുകയും പുനരാവിഷ്കരിക്കുകയും ചെയ്തുകൊണ്ട് പുരുഷാധിപത്യ വ്യവസ്ഥയെ പ്രതിരോധിക്കാനും ഒടുവിൽ പിന്തള്ളാനും ഉള്ള ശ്രമങ്ങളാണ്  ഇത്തരം സ്ത്രീരചനകൾ. അവയിൽ ചിലത് പഠനവിധേയമാക്കുകയാണ് ഈ    പ്രബന്ധത്തിൽ.

 

താക്കോൽ വാക്കുകൾ

 പുരുഷാധിപത്യ വ്യവസ്ഥ, സ്ത്രൈണകർതൃത്വം, സ്ത്രീരചനകൾ,  ശൂർപ്പണഖ, വസ്തുവത്ക്കരണം.


           ‘മുലയറുക്കൽ’ എന്നു കേൾക്കുമ്പോൾതന്നെ ശൂർപ്പണഖ എന്ന ഇതിഹാസ കഥാപാത്രമാണ് പൊതുബോധഓർമ്മയിൽ  ആദ്യമെത്തുക. മുല പിഴുതെറിഞ്ഞ് നഗരം കത്തിച്ചുചാമ്പലാക്കിയ കണ്ണകിയും മുലക്കരത്തിന് പകരം മുലമുറിച്ചുകൊടുത്ത് പകരംവീട്ടിയ  നങ്ങേലിയുമൊക്കെ തങ്ങളനുഭവിച്ച അപമാനത്തിനും ചൂഷണത്തിനുമെതിരെയാണ് ആ മാർഗ്ഗങ്ങൾ കൈക്കൊണ്ടത്. സ്ത്രീയുടെ ശക്തിയെയും പ്രതികാരത്തെയും ആ കഥകൾ ഓർമ്മിപ്പിക്കുന്നുമുണ്ട്. എന്നാൽ എന്തുകൊണ്ടാവും ശൂർപ്പണഖയുടെ കഥ മുലകളെന്ന അവയവത്തിൽ ഏറ്റവുമാദ്യം അടയാളപ്പെടുന്നത്? പുരുഷകർത്തൃുത്വത്തിലായിരുന്നു അവ ചെയ്യപ്പെട്ടത് എന്നതാണോ കാരണം ?  ശൂർപ്പണഖ എന്ന സ്ത്രീയ്ക്ക്  തൻ്റെ ആഗ്രഹത്തിന് -  കാമത്തിന് - നൽകേണ്ടിവന്ന വിലയാണ് തൻ്റെ മുലകൾ. പെണ്ണ് അവളുടെ ആഗ്രഹം പ്രകടിപ്പിക്കുകയെന്നത് അവളുടെ കുലത്തിൽ സാധാരണമായിരുന്നുതാനും.  പ്രഖ്യാതമായ രാമായണകഥ കളിലെല്ലാം ലക്ഷ്മണന്റെ പ്രധാനവീരകൃത്യങ്ങളിലൊന്നായി ആവിഷ്കരിക്കപ്പെട്ടിട്ടുള്ളത് ശൂർപ്പണഖയുടെ മൂക്കും മുലയും  ഛേദിക്കലാണ്. സ്വയം മര്യാദാ പുരുഷോത്തമന്മാരായി മാറുന്നതിന് സ്ത്രീയെ ഹനിച്ചുകൊണ്ടോ അംഗഭംഗം വരുത്തിക്കൊണ്ടോ പുരുഷൻ വീരത്വം പ്രകടിപ്പിച്ചിരുന്നുവെന്ന് ഈ രാമായണ കഥാസന്ദർഭം ഓർമിപ്പിക്കുന്നു. ലംബമായ ശരീരത്തിൽ തിരശ്ചീനമായി ഉയർന്നുനിൽക്കുന്ന രണ്ട് അവയവങ്ങൾ എന്നതിലുപരി മൂക്കിനും മുലയ്ക്കും  പ്രാധാന്യ മുണ്ട്. മുഖസൗന്ദര്യത്തിൽ പ്രാധാന്യമർഹിക്കുന്ന മൂക്ക്, തലമുറകളെ സൃഷ്ടിക്കുന്ന സ്ത്രീശരീരത്തിൻ്റെ  പ്രധാന ഇരിപ്പിടമായി കരുതുന്ന മുലകൾ ഇവ നശിപ്പിക്കുന്നതിലൂടെ സ്ത്രീയെത്തന്നെ നശിപ്പിക്കാമെന്ന ശരീരകേന്ദ്രീകൃത ചിന്തകൾക്കു തന്നെയാണ് ഈ സന്ദർഭങ്ങൾ സാക്ഷ്യംപറയുന്നത്.  അടുത്ത തലമുറയെ ഊട്ടേണ്ട ധർമ്മമുള്ള മുലകൾ അറുത്തുമാറ്റിയതോടെ ശൂർപ്പണഖയെ മാത്രമല്ല തുടർന്ന് വരേണ്ട തലമുറകളെക്കൂടി  നശിപ്പിക്കാനാണ് പുരുഷാധികാരം തുനിഞ്ഞതെന്നു കാണാവുന്നതാണ്. മാറിയ കാലത്ത് ഈ ഒരു സന്ദർഭത്തെ ചെറുകഥകൾ എങ്ങനെ ഉപയോഗിച്ചുവെന്നത് വിശകലനം ചെയ്യാനാണ് ഇവിടെ ശ്രമിക്കുന്നത്.   

 

       ശൂർപ്പണഖയുടെ മുലമുറിക്കൽ എന്ന പുരാണകഥാസന്ദർഭത്തെ വ്യത്യസ്ത പരിസരങ്ങളിൽ പുനരാവിഷ്കരിക്കുന്ന രണ്ട് ചെറുകഥകളാണ് സാറാജോസഫിന്റെ തായ്കുലം,  കെ. ആർ. മീരയുടെ ശൂർപ്പണഖ എന്നിവ. തികച്ചും വ്യത്യസ്തമായ സ്ത്രീപക്ഷ വീക്ഷണത്തിലൂടെയാണ് ശൂർപ്പണഖ എന്ന മിത്ത് ഈ ചെറുകഥകളിൽ ആവിഷ്കരിച്ചിരിക്കുന്നത്. സ്ത്രീയെ വസ്തുവല്കരിക്കുന്ന പുരുഷാധിപത്യ വ്യവസ്ഥയോടുള്ള എതിർപ്പാണ് ശൂർപ്പണഖ എന്ന പ്രതീകത്തിലൂടെ ഈ രചനകൾ പ്രത്യക്ഷത്തിൽ അവതരിപ്പിക്കുന്നതു്. എന്നാൽ വ്യത്യസ്തകാലത്തെ ഈ ചെറുകഥകളിലൂടെ ശൂർപ്പണഖ എന്ന മിത്തിന്റെ അപനിർമ്മാണവും മിത്തീകരണവും  എത്രത്തോളം സാധ്യമായിരിക്കുന്നുവെന്ന് അന്വേഷിക്കുകയാണ് ഇവിടെ. മീനാക്ഷി എന്ന ചെറുകഥയിൽ ആനന്ദ് നീലകണ്ഠൻ ശൂർപ്പണഖയെ മറ്റൊരു തലത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും രണ്ടുസ്ത്രീകൾ അവതരിപ്പിക്കുന്ന ചെറുകഥകൾ എന്ന നിലയിൽ സാറാജോസഫിൻ്റെ തായ്കുലം, കെ. ആർ മീരയുടെ ശൂർപ്പണഖ എന്നിവയാണു് ഇവിടെ  പഠനവിധേയമാക്കുന്നതു്.


തായ്കുലം

 

സാറാജോസഫിന്റെ ‘തായ്‌കുലം’ എന്ന ചെറുകഥയിൽ പേര് സൂചിപ്പിക്കുന്നതു പോലെ അമ്മമാരുടെ - സ്ത്രീകളുടെ -  കുലത്തിന്റെ കഥയാണ് പറയുന്നത്.  ലക്ഷ്മണനാൽ മുലകൾ മുറിക്കപ്പെട്ട ശൂർപ്പണഖയും അയോമുഖി എന്ന മറ്റൊരു രാക്ഷസസ്ത്രീയുമാണ് ഇതിലെ പ്രധാനകഥാപാത്രങ്ങൾ. രാവണനുവേണ്ടി ലങ്കയിലെ സ്ത്രീജനങ്ങളെ യുദ്ധത്തിന് അണിചേർക്കുകയാണവർ.  ഒടുവിൽ രാവണന് തോൽവി സംഭവിച്ചുവെന്നും  ചതിയനായ വിഭീഷണനെ ഭയന്ന് ലങ്കയിലെ ശക്തരായ സ്ത്രീകൾപോലും പിന്മാറിയെന്നും അറിഞ്ഞ് ശൂർപ്പണഖ വേദനിക്കുന്നതാണ് കഥാസന്ദർഭം.  ശൂർപ്പണഖയുടെ രോഷവും അപമാനവും അവൾ അനുഭവിച്ച കടുത്ത വേദനയും ഒക്കെ ഇടകലർന്നു വരുന്ന തരത്തിലുള്ള ആത്മകഥാഛായയുള്ള ഒരു ആഖ്യാനമാണ് തായ്കുലം. 

 

      ശൂർപ്പണഖയുടെ മാറിടത്തെ കൊയ്ത്തൊഴിഞ്ഞ പാഠം പോലെ പരന്ന ഫലശൂന്യമായ ഒരിടമാക്കി മാറ്റി ലക്ഷ്മണന്റെ വാൾ എന്ന കഥയിലെ പരാമർശം ആ ചെയ്തിയുടെ ഭീകരതയെ വെളിപ്പെടുത്തുന്നു. തൻ്റെ  മുലപ്പാലിൻ്റെ വേരുകളാണ് രാമലക്ഷ്മണന്മാർ അറുത്തെടുത്തതെന്ന ഞെട്ടലാണ് ശൂർപ്പണഖയെ പ്രതികാര ദാഹിയാക്കി മാറ്റുന്നത്.  തലമുറകൾക്ക് പാലൂട്ടിയ ഉരുണ്ടുകറുത്ത ശക്തമായ മുലകൾ സ്ത്രീസൗന്ദര്യത്തിന്റെ മാത്രമല്ല സ്ത്രീശക്തിയുടെയും പ്രതീകമാണ്. ‘“പെണ്ണ് കാമം കൊണ്ട് ഉലഞ്ഞ് വരുമ്പോൾ ആവതില്ലെങ്കില് ഉടപ്പിറന്നോൾക്ക് ചേർന്ന വാക്കുപറഞ്ഞ് വേറൊരിടം ചൂണ്ടിവിടും. തായ്‌മേനി തരിശാക്കാൻ രാവണപെരുമാൾ വാളെടുത്തിട്ടില്ല. പെണ്ണിൻ്റെ  വടിവോ  കോലോ കെടുത്തി ഇന്റെ കുലത്തിൽ ആരും വീരൻ ആയിട്ടില്ല” എന്നു പറയുന്നിടത്ത് ചരിത്രം മാറ്റിവയ്ക്കുകയാണ് കഥാകൃത്ത് ചെയ്യുന്നത്. സദാചാരനിഷ്ഠം എന്നുപാടി പുകഴ്ത്തപ്പെട്ട ഒരു സന്ദർഭത്തെ വളരെ കയ്യടക്കത്തോടെ അപനിർമിച്ചുകൊണ്ട് കടന്നുകയറ്റം മാത്രമാക്കി ഇവിടെ പരിവർത്തിപ്പിക്കുന്നുവെന്നു കാണാം.    സ്ത്രീ എന്നാൽ ദുർബല എന്ന പാഠത്തെ പൊളിച്ചുകൊണ്ട് ശരീരം എന്നാൽ പരിമിതി അല്ല സാധ്യതയാണ് എന്ന് തിരിച്ചറിയുന്ന സ്ത്രീകഥാപാത്രങ്ങളാണ് ചെറുകഥയിൽ കേന്ദ്രസ്ഥാനത്തുള്ള ശൂർപ്പണഖയും  അയോമുഖിയുമെന്നത് ശ്രദ്ധേയമാണ്.  രണ്ടുപേരുടെയും മുലകൾ മുറിച്ചാണ് ലക്ഷ്മണൻ വികൃതരാക്കിയത്.  സ്ത്രീശരീരത്തിലെ സൗന്ദര്യം നിലനിർത്തുന്ന അവയവം എന്നതിൽ കവിഞ്ഞ് തലമുറകൾക്കായി പകരേണ്ട ശക്തി പേറുന്ന അവയവം എന്ന നില മുലകൾക്ക് കൈവരുത്തുവാൻ കഥാപരിസരത്തിന്  കഴിഞ്ഞിരിക്കുന്നു.

 

    രാമനെതിരെ സ്ത്രീകളുടെ കൂട്ടായ്മ സംഘടിപ്പിക്കാൻ ശ്രമിച്ചെങ്കിലും കുലത്തിനെ മുഴുവൻ ചതിച്ച വിഭീഷണനെ ഭയന്ന് ഒടുവിൽ ലങ്കയിലെ മറ്റ് സ്ത്രീകൾ പിന്മാറുകയാണ് ചെയ്തത്.  ആ വേദനയ്ക്കിടയിലും ശൂർപ്പണഖ സീതയുടെ കഷ്ടം  ശ്രദ്ധിച്ചുകേൾക്കുന്നുണ്ട്. രാവണന്റെ ഉദ്യാനത്തിൽ കരഞ്ഞുവിളിച്ച് കാലംകഴിച്ച സീതയോട് തീയിൽ ചാടി ശുദ്ധി തെളിയിക്കാൻ രാമൻ ആവശ്യപ്പെട്ടുവെന്ന വാർത്ത അയോമുഖി പറഞ്ഞപ്പോൾ ശൂർപ്പണഖ പൊട്ടിച്ചിരിക്കാൻ തുടങ്ങി. പരസ്ത്രീകളെ മാത്രമല്ല സ്വന്തം കുലത്തിലെ സ്വന്തം സ്ത്രീയെപ്പോലും ഇരയായിത്തന്നെ കാണുന്ന വ്യവസ്ഥയോടുള്ള പ്രതിഷേധ മായിരുന്നു തല പുറകിലേക്കിറങ്ങി തോളുകൾകുലുക്കി ഉച്ചത്തിൽ ഉച്ചത്തിലുള്ള ശൂർപ്പണഖയുടെ ചിരി. ഇപ്രകാരം  സമാനഅവസ്ഥയിലെ സ്ത്രീകളെ തിരിച്ചറിയാനും അവരുടെ വിഷമങ്ങളിൽ പങ്കുചേരാനുമുള്ള സ്ത്രീശ്രമങ്ങളാണ്  ഈ രചനയിൽ കാണാനാവുന്നത്.

 

ശൂർപ്പണഖ 

 

കെ. ആർ. മീരയുടെ ‘ശൂർപ്പണഖ‘ എന്ന ചെറുകഥ തീവ്രആക്ടിവിസ്റ്റും ഫെമിനിസ്റ്റുമായ പി. പി. അനഘയെന്ന മദ്ധ്യവർഗ്ഗസ്ത്രീയുടെ കാഴ്ചപ്പാടിലൂടെയാണ് അവതരിപ്പിക്കപ്പെടുന്നതു്.   സ്ത്രീപക്ഷനിലപാടുകളും പ്രത്യയ ശാസ്ത്രസംബന്ധമായ തീവ്രകാഴ്ചകളും രേഖപ്പെടുത്തുന്നതോടൊപ്പം പ്രതികൂലമായ ജീവിതസാഹചര്യങ്ങളെ ആശയപരമായി അതിജീവിക്കാൻ പലപ്പോഴും അനഘ പരാജയപ്പെടുന്നുവെന്ന സത്യവും ചെറുകഥാകൃത്ത് വ്യക്തമാക്കുന്നുണ്ട്. ക്യാൻസർ ബാധിച്ച് മുലകൾ മുറിച്ചുകളയാനായി ഊഴംകാത്തുകിടക്കുന്ന അനഘ, പത്തുവയസ്സുള്ള മകൾ സീതയുടെ മാറിടങ്ങളുടെ വലിപ്പത്തെക്കുറിച്ച് ആശങ്കാകുലയാകുകയും മകളുടെ ലാക്ടജനോടുള്ള അമിതതാല്പര്യത്തെ ശകാരിക്കുകയും ചെയ്യുന്നു. ബാല്യകാലത്ത് മുലപ്പാൽ കുടിക്കാനാവാത്തതിലാണ് മകൾ സീത ലാക്ടജനിൽ അഭയംപ്രാപിച്ചതെന്ന സത്യം അനഘ ബോധപൂർവ്വം മറക്കാൻ ശ്രമിയ്ക്കുകയും  ചെയ്യുന്നു.

 

       പി. പി. അനഘയുടെ ക്യാൻസർബാധിച്ച മുലകളുടെ ആഖ്യാനത്തിലൂടെ ആക്ടിവിസ്റ്റായ അവൾ നേരിടേണ്ടിവരുന്ന പ്രതികൂലസാഹചര്യങ്ങളെയും ഇത്തരം  പ്രസ്ഥാനങ്ങളിലേക്കു് ഇറങ്ങിവരുമ്പോൾ അനുഭവിക്കുന്ന നിസ്സഹായാവസ്ഥ യുമൊക്കെ കഥ അവതരിപ്പിക്കുന്നു. ഈ ചെറുകഥ പി. പി. അനഘയെന്ന സ്ത്രീവാദിയുടെ രാഷ്ട്രീയത്തെക്കുറിച്ചും സമൂഹത്തിന്റെ ഇടപെടലുകളെക്കുറിച്ചുമാണ് പ്രത്യക്ഷത്തിൽ പറയാൻ ശ്രമിക്കുന്നതെങ്കിലും ഒരുതരം ശരീരനിർമ്മിതകാഴ്ചപ്പാടു് തന്നെയാണ് ഇന്നും പൊതുസമൂഹം നിരന്തരമാവശ്യപ്പെടുന്നതും നിലനിർത്തുന്നതും എന്നുകൂടി പറഞ്ഞു വയ്ക്കുന്നുണ്ടു്. സ്ത്രീയെന്നാൽ വ്യക്തിയെന്നല്ല ശരീരമെന്നാണ് സമൂഹമനസ്സിൽ പതിഞ്ഞിരിക്കുന്നത് എന്ന തിരിച്ചറിവിലേക്കാണ് കഥയുടെ ആദ്യഭാഗം  നയിക്കുന്നത്. അതുകൊണ്ടാണ് ഫെമിനിസ്റ്റായ നായികയ്ക്ക് ആദ്യക്ലാസിൽത്തന്നെ ശൂർപ്പണഖ എന്ന വിളിപ്പേര് ലഭിച്ചതെന്നു കാണാം. സ്ത്രീയെ ലൈംഗികഅവയവങ്ങളുടെ ഘടനയായി മാത്രം അടയാളപ്പെടുത്തുക എന്ന അപക്വ ചിന്തയാണ്  ഈ സമൂഹത്തെ ഭരിക്കുന്നതെന്നു തിരിച്ചറിയാൻ  ഈ സന്ദർഭത്തിലൂടെ സാധിക്കുന്നുണ്ടു്.

 

       ശരീരകേന്ദ്രമായ ചോദ്യങ്ങൾ സ്ത്രീയുടെ വായടക്കാൻ പര്യാപ്തമാണ് എന്നൊരു ധാരണ പുരുഷാധിപത്യവ്യവസ്ഥയിൽ നിലവിലുണ്ട്. കാളിയുടെ ദർപ്പമടക്കാൻ ശിവ കിങ്കരന്മാർ തങ്ങളുടെ നഗ്നത കാണിക്കുകയും അശ്ലീലപദങ്ങൾ പ്രയോഗിക്കുകയും ചെയ്യുന്നത് ഇപ്രകാരം ഒരു പരിസരത്തിലാണ് മനസ്സിലാക്കേണ്ടത്. വളർന്നുവരുന്ന ഓരോ ഘട്ടത്തിലും ശരീരം ബാധ്യതയാണെന്ന് തോന്നൽ കുത്തിവെക്കുന്നതുകൊണ്ട് അത്തരം ശരീരസംബന്ധിയായ ചോദ്യങ്ങൾ സ്ത്രീയിൽ അപകർഷതാബോധം വരുത്തുകയും ചെയ്യുന്നു. ‘ ബേൺ ദ  ബ്രാ പ്രസ്ഥാനത്തെക്കുറിച്ച് എന്താണ് അഭിപ്രായം’ എന്ന ഒരു വിദ്യാർത്ഥിയുടെ ചോദ്യത്തെ നേരിടാനാവാതെ അനഘ അവനെ ക്ലാസ്സിൽ നിന്നും ഇറക്കിവിടുകയാണ് ചെയ്യുന്നത്. ചരിത്രത്തിലെ ആദ്യ സ്ത്രീപീഡനവും സ്ത്രീ വിമോചനവുമായി രാമായണത്തിലെ ശൂർപ്പണഖയുടെ കഥയെ തിരിച്ചറിയുന്ന അനഘ യ്ക്ക് ശൂർപണഖയെ വലിയ മതിപ്പായിരുന്നു. അതുകൊണ്ടുതന്നെ വിദ്യാർത്ഥികളും സഹപ്രവർത്തകരും ശൂർപ്പണഖയെന്ന് കളിയാക്കുമ്പോഴും വലിയ മുലകളുള്ള കോല ങ്ങളായും ചുവരെഴുത്തുകളായും അവളെ സൂചിപ്പിക്കുമ്പോഴും അനഘ തകർന്നില്ല. എന്നാൽ വിശ്വസിക്കുന്ന പ്രസ്ഥാനങ്ങൾക്ക് വ്യക്തിജീവിതത്തെ പലപ്പോഴും നിർവചിക്കാനാവുന്നില്ല എന്നു് അനഘയുടെ ജീവിതം പറഞ്ഞുവെക്കുന്നുണ്ടു്.  നിഷാദനും പക്ഷിയും ഒരേ വലയിൽ കുരുങ്ങുന്നതാണ് വിവാഹമെന്ന് കണ്ടെത്തിയ അനഘയ്ക്ക് പക്ഷേ വെല്ലുവിളികൾ എപ്പോഴും മോഹിപ്പിക്കും എന്നതിനാൽ റാമോഹനെ വിവാഹം കഴിക്കേണ്ടിവന്നു എന്നു വെളിപ്പെടുത്തുന്നതും  അതുകൊണ്ടുതന്നെയാണ്. ശൂർപ്പണഖ എന്ന വിളിപ്പേരുള്ളവൾക്ക് രാമൻ ( റാം )  എന്ന ഭർത്താവ് ലഭ്യമായതും കഥയിൽ യാദൃശ്ചികമായി സംഭവിച്ചതല്ല.  ശൂർപ്പണഖയിലെ സ്ത്രൈണ കർതൃത്വത്തെ പ്രശ്നവൽക്കരിക്കുമ്പോൾ അതിൻറെ പ്രതിനിധാന സ്വഭാവത്തിൽ കാണപ്പെടുന്ന ലിംഗപദവി മാതൃകകളുടെ സൂക്ഷ്മ രാഷ്ട്രീയത്തെ കൂടി തിരിച്ചറിയേണ്ടതുണ്ട് എന്ന് ഡോക്ടർ ബ്രില്ലി റാഫേൽ അഭിപ്രായപ്പെടുന്നത് ഈ ഒരു സാഹചര്യത്തിലാണ് 1. രാമായണത്തിൽ പുരുഷാധികാരത്തിന്റെ മേന്മകളിൽ ഒന്നായി പാടിപതിഞ്ഞിരുന്ന ഒരു പുരാണസന്ദർഭത്തെ സമകാലസാഹചര്യത്തിൽ പുനഃക്രമീകരിക്കുക യാണിവിടെ എന്നുകാണാം.

 

വിശകലനം.

 

    ‘തായ്കുലം’, രാമായണത്തിന്റെ ഒരു സ്ത്രീവാദവായനാപരിസരം  മുന്നോട്ടുവയ്ക്കുന്നു, അത് സ്ത്രീകളുടെ  പല പ്രകാരത്തിലുള്ള നിഴൽരൂപങ്ങളെയും സ്റ്റീരിയോടൈപ്പുകളെയും പാഠത്തിലെ ബോധപൂർവമായ ഒഴിവാക്കലുകളെയും തെറ്റിദ്ധാരണകളെയും വിമർശിക്കുന്നു. ഇത്തരത്തിൽ ഈ  പുനരാഖ്യാനം നമ്മുടെ  ഇതിഹാസസന്ദർഭങ്ങളെ പുനഃസ്ഥാപിക്കുന്നുവെന്ന് കാണാം. ഏതു കുലത്തിലാണെങ്കിലും അകാരണമായി പ്രതിക്കൂട്ടിലാവുന്ന  സ്ത്രീയവസ്ഥകളോട് അതിവേഗം സമരസപ്പെടാനാകുന്നുണ്ടു് ഇതിലെ ശൂർണഖയ്ക്ക്. 

 

‘ശൂർപ്പണഖ’യിൽ മുലയൂട്ടലിനേക്കാൾ വലിയ സാമൂഹികധർമ്മമൊന്നും സ്ത്രീക്കില്ലെന്ന് റാം മോഹൻ എന്ന ഭർത്താവ് വാദിക്കുമ്പോൾ ധംഷ്ട്രകൾ ഉള്ളിലടക്കിയ കുഞ്ഞുമോണകളുടെ ശക്തി, തൊലി അടരുന്ന മാംസവും നീറ്റലും വേദനയും വിങ്ങലും ഒക്കെ പറഞ്ഞു അനഘ പ്രതിവാദങ്ങൾ നിരത്തുന്നുണ്ട്. പക്ഷേ പ്രത്യയശാസ്ത്രപരമായി അവൾക്ക് ഒരിക്കലും സ്വന്തം ബോധതലത്തിൽ രൂഢമൂലമായി കിടക്കുന്ന ചിന്തകളെ അതിജീവിക്കാനാവുന്നില്ല. സ്ത്രീശരീരം കച്ചവടവസ്തു ആക്കരുത്. ശരി എന്നാലും ഉയരമുള്ള മെലിഞ്ഞ ശരീരങ്ങൾക്കാണ് ഇപ്പോൾ ഫെമിനിസത്തിലും മാർക്കറ്റ് എന്ന അവളുടെ ചിന്തകൾ ഇതിനു തെളിവാണ്. മാത്രമല്ല മകൾ സീതയുടെ മുലകളുടെ അമിതവളർച്ചയിൽ അനഘ ആശങ്കപ്പെടുന്നുമുണ്ട്. സ്വന്തം ശരീരത്തിൽനിന്ന് മുലകൾ ക്യാൻസർ കാരണം മുറിച്ചുമാറ്റാൻ തീരുമാനിച്ച വിവരം അനഘ റാമോഹനോട് പറയുമ്പോൾ അയാൾ ഞെട്ടുന്നു. പക്ഷേ അനഘ ആ ഞെട്ടലും തളർച്ചയും ആസ്വദിക്കുകയാണ് ചെയ്തത്. ‘അങ്ങനെ ഞാൻ അക്ഷരാർത്ഥത്തിൽ ശൂർപ്പണഖയാകുന്നു, സ്വതന്ത്രയാകുന്നു, നിന്റെ തുറിച്ചുനോട്ടത്തിൽ നിന്ന്, ലാളനയിലും നോവിക്കലിലും നിന്ന് ഞാൻ വിമോചിതയാകുന്നു’ എന്നാണ് അവൾ ചിന്തിച്ചത്. കാലാകാലങ്ങളായി ശരീരം നൽകുന്ന അടിമത്തത്തിൽ നിന്ന് മോചിതയാവാൻ സ്ത്രീ ശ്രമിക്കുന്നുണ്ട്.  ശരീരംമാത്രമാകുന്ന ചിന്തകൾക്കെതിരെ പോരാടേണ്ടപ്പോഴും അവളുടെ ചിന്തകൾ ശരീരകൃതമായിപ്പോകുന്നുവെന്ന കറുത്തഹാസ്യം കഥാകാരി ഇതിൽ ഒളിപ്പിച്ചു വച്ചിട്ടുമുണ്ട്. ശൂർപ്പണഖയെ മതിപ്പു, തീവ്ര ഫെമിനിസ്റ്റായ പി. പി. അനഘ മകൾക്ക് പതിവ്രതാരത്നം എന്ന് പ്രശസ്തയായ സീതയുടെ പേരാണ് തെരഞ്ഞെടുത്തതെന്നത് അത്തരമൊരു സാധ്യതയിലേക്കു്  വിരൽ ചൂണ്ടുന്നു .

 

     പ്രകൃതി നൽകുന്ന ജൈവിക ധർമ്മത്തെ പാലിക്കാനാകാത്ത സാഹചര്യമാണ് തായ്കുലത്തിലെ ശൂർപ്പണഖയ്ക്ക് മാറിടംമുറിക്കലിലൂടെ ഉണ്ടായത്. ജൈവിക ധർമ്മം നിർവഹിക്കാതിരുന്നതിലൂടെയാണ് അനഘയ്ക്ക് തൻ്റെ മാറിടങ്ങൾ മുറിച്ചുനീക്കേണ്ടി വന്നത്. കോശങ്ങളുടെ ക്രമരഹിതമായ വളർച്ച എന്ന രോഗാവസ്ഥ രോഗാതുരമായ ആശയങ്ങളുടെ സൂചനയാണ്. ജൈവിക ധർമ്മങ്ങളെ നിഷേധിക്കുന്നത് രോഗതുരമാണ് എന്ന തിരിച്ചറിവും ഈ കഥാപരിസരം മുന്നോട്ടുവയ്ക്കുന്നു. സ്ത്രീശരീരം എന്താണോ അതായിത്തന്നെ അതിന്റെ ജൈവിക ധർമ്മങ്ങൾ നിർവഹിക്ക പ്പെടുകയും അതിനോടൊപ്പം കടന്നു കയറ്റങ്ങളെ എതിർക്കുകയുമാണ് ചെയ്യേണ്ടത് എന്ന തിരിച്ചറിവ് വ്യത്യസ്ത പരിസരങ്ങളിലൂടെ സൂചിപ്പിക്കുകയാണ് ഈ കഥകളിലൂടെ ചെയ്യുന്നത്. അത്തരത്തിൽ ശൂർപ്പണഖയെന്ന കഥാപാത്രത്തെ ഇതിഹാസ സന്ദർഭത്തിൽ നിന്നടർത്തി പുതിയകാലത്തെ ആശയചർച്ചയുടെ പ്രതീകമാക്കി വികസിപ്പിക്കുക എന്ന സർഗ്ഗധർമ്മമാണ് ഈ കഥാകാരികൾ നിർവഹിച്ചിട്ടുള്ളത്.

 

കുറിപ്പുകൾ 

●      അപരലോകവും ഭാഷയും കെ ആർ മീരയുടെ കഥകളിൽ,  ബ്രില്ലി റാഫേൽ,  സ്ത്രൈണകർത്തൃത്വം : ആഖ്യാനം പ്രതിനിധാനം രാഷ്ട്രീയം.

 

 

ഗ്രന്ഥസൂചി

 

●      ജയകൃഷ്ണൻ എൻ (എഡി), 2011 പെണ്ണെഴുത്ത്, കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് , തിരുവനന്തപുരം.

●      നയൻതാര സിബി, ആന്റോ ജോർജ്, രാധിക ആർ, (എഡിറ്റേഴ്സ് ) 2019, സ്ത്രീവാദസാഹിത്യം, അസെന്റ് പബ്ലിക്കേഷൻ, കോട്ടയംട

●      പ്രസീത കെ, 2020,പെൺമൊഴി രാമായണങ്ങൾ, വള്ളത്തോൾ വിദ്യാഭ്യാസം ശുകപുരം, നാഷണൽ ബുക്ക്സ്റ്റാൾ, കോട്ടയം

●      മീര കെ. ആർ. 2011, കെ ആർ മീരയുടെ കഥകൾ, കറൻ്റ് ബുക്സ്, തൃശ്ശൂർ.

●      രവികുമാർ കെ എസ്. 2024. കഥയുടെ കലാതന്ത്രം, ചിന്താ പബ്ളിക്കേഷൻസ്, തിരുവനന്തപുരം.

●      സാറാജോസഫ്, 2006, പുതു രാമായണം - രാമായണ കഥകൾ വീണ്ടും പറയുമ്പോൾ, കറന്റ് ബുക്സ് തൃശ്ശൂർ.

●      സിനു മോൾ തോമസ്, 2019, പ്രതിരോധത്തിന്റെ സുവിശേഷങ്ങൾ, ഐ ബുക്ക്സ് കേരള, കോഴിക്കോട്.

●      റീജ വി , 2016, സ്ത്രൈണകർത്തൃത്വം : ആഖ്യാനം പ്രതിനിധാനം രാഷ്ട്രീയം, ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം.


 
ഡോ. അമ്പിളി ആർ.പി.

അസി. പ്രൊഫസർ,

ഗവ. വനിതാകോളെജ്,

തിരുവനന്തപുരം.


ഡോ.ശ്രീലക്ഷ്മി എസ്.കെ.

അസോ.പ്രൊഫസർ,

ഗവ. വനിതാ കോളെജ്,

തിരുവനന്തപുരം.

 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page