മാളു ഹജജുമ്മ - മലബാർ സമരത്തിലെ പെൺകരുത്ത്
- GCW MALAYALAM
- Mar 15
- 2 min read
ഷീന എസ്.

പ്രബന്ധ സംഗ്രഹം
മലബാർ സമരത്തിൻ്റെ ചരിത്രപരവും സർഗാത്മകവുമായ പുനർവായനകൾ നടന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിത്തിൽ സമരത്തിലെ സ്ത്രീകളുടെ പങ്ക് അന്വേഷിക്കുന്ന നിരവധി ലേഖനങ്ങളുണ്ട്. കേവലം പങ്കാളിത്തം എന്നതിൽ നിന്നു വ്യത്യസ്തമായി സമരത്തെ സഹായിച്ച നിരവധി സ്ത്രീകളെ കണ്ടെത്താം. അവരിൽ പ്രധാന വ്യക്തിത്വം ആയിരുന്നു വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യയായിരുന്ന മാളു ഹജജുമ്മ. സ്വാതന്ത്രസമര ചരിത്രത്തിൽ അധികമാരും ചർച്ച ചെയ്യപ്പെടാത്ത ഒരു ധീരവനിതയെ കുറിച്ചുള്ള അന്വേഷണം.
താക്കോൽ വാക്കുകൾ
മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം, വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, മാളു ഹജജുമ്മ .
ആമുഖം
മലബാറിൻ്റെ സാമൂഹ്യ സ്വത്വ രൂപീകരണത്തിലെ നാഴികക്കല്ലായിരുന്നു 1921 ലെ മലബാർ സമരം. മലബാറിലെ മുസ്ലിംകളുടെ സാമൂഹിക പരമായ പിന്നോക്കാവസ്ഥയുടെ ചരിത്രപരമായ കാരണങ്ങളിലൊന്നായിരുന്നു ഈ സമരം. സമരക്കാരായ പുരുഷൻമാർ വധിക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തതിൻ്റെ ഫലമായി ആയിരക്കണക്കിന് അനാഥ കുടുംബങ്ങൾ ഉണ്ടായി. അതിനു ശേഷമുള്ള മലബാറിലെ സ്ത്രീ ജീവിതം, പെൺ അനുഭവങ്ങൾ കൂടി കണക്കിലെടുത്തു കൊണ്ടുള്ള പുതിയ സാമൂഹിക അവബോധത്തിന് ദിശ നൽകി. ഒരു ചരിത്ര സംഭവം അതുണ്ടായ കാലത്തിനപ്പുറത്തേക്ക് വളരുകയും സംഭവത്തിനു ശേഷമുള്ള സമൂഹത്തേയും ജനതയുടെ മനോഗതിയേയും രൂപപ്പെടുത്തുന്നതിൽ വലിയ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. മലബാർ സമരത്തിന് നേതൃത്വം കൊടുത്തവർക്ക് ഒപ്പം ആദ്യാവസാനം ഉണ്ടായിരുന്ന മാളു ഹജ്ജുമ്മയേയും സമര ജീവിതത്തേയും ചരിത്രത്തോട് ചേർത്തു വെക്കേണ്ടതുണ്ട്.
മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ വാരിയൻ കുന്നത്ത്
കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്ല്യാരും അടയാളപ്പെടുത്തിയ ധീരതയുടെ അധ്യായങ്ങൾ ഏറെയുണ്ട്. എന്നാൽ ബ്രിട്ടീഷ് പട്ടാളത്തോട് ആയുധമേന്തി നേരിട്ട് പോരാടിയ ഒരു ഏറനാടൻ വനിതയുടെ പേര് അവിടെ അധികമൊന്നും കാണാനാവില്ല. തദ്ദേശീയ ചരിത്ര ഗ്രന്ഥങ്ങളിൽ ഒന്നും വേണ്ടത്ര പ്രാധാന്യമില്ലാത്തതിനാൽ പരാമർശിക്കാതെ വിട്ടു കളഞ്ഞ സ്ത്രീ. മലപ്പുറം കോട്ടക്കുന്നിൻ്റെ ചെരുവിൽ ബ്രിട്ടീഷ് പട്ടാളക്കാരൻ്റെ തോക്കിനു മുന്നിൽ ധീര രക്തസാക്ഷിത്യം വരിച്ചതോടെ വിധവയായി തീർന്നതായിരുന്നു അവരുടെ ജീവിതം. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ ഫാത്തിമ എന്ന മാളു ഹജ്ജുമ്മ. മാളു ഹജ്ജുമ്മയെ അടയാളപ്പെടുത്തേണ്ടത് വാരിയൻ കുന്നത്ത് തുടങ്ങി വെച്ചതും തുടർന്നതുമായ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ നിന്നാണ്. നേരിട്ടുള്ള ഏറ്റുമുട്ടലിലൂടെ ബ്രിട്ടീഷ് പട്ടാളത്തിന് ഭീതി സൃഷ്ടിച്ച ഒരു മനുഷ്യനെ ബ്രിട്ടീഷ് പട്ടാളത്തിൻ്റെ എല്ലാ സൈനിക ശക്തിയേയും വെല്ലുവിളിച്ച് പട്ടാള ക്യാംപുകൾക്ക് മൈലുകൾക്കകലെ മാത്രം സമാന്തര ഭരണകൂടം സ്ഥാപിച്ചു ധീരതയുടെ പര്യായമായ അപകടങ്ങളിലൂടെ സഞ്ചരിച്ച വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പോലുള്ള ഒരാളോട് പ്രണയം തോന്നുകയും പിന്നീട് വിവാഹത്തിലൂടെ അദ്ദേഹത്തിൻ്റെ ഭാര്യയായി തീരുകയും ചെയ്തു എന്നിടത്തു നിന്നാണ് മാളു ഹജജുമ്മയുടെ വിപ്ലവ ജീവിതം ആരംഭിക്കുന്നത് .
അന്നത്തെ സാമൂഹിക സാഹചര്യങ്ങളോട് ചേർത്ത് വെച്ചു നോക്കിയാൽ അത്ഭുതകരമായിരുന്നു അവരുടെ ജീവിതം. മുസ്ലിം സ്ത്രീ പള്ളിയിൽ നമസ്ക്കരിക്കാൻ പോവുന്നതു പോലും ചിന്തിക്കാനാവാതിരുന്ന അക്കാലത്ത് കരുവാരക്കുണ്ട് പള്ളിയുടെ കമ്മിറ്റി അംഗമായിരുന്നു മാളു . ആജ്ഞാശക്തിയും, നേതൃഗുണവും, ധൈര്യവും മതബോധവും അവർക്കുണ്ടായിരുന്നു. മാളു ഹജജുമ്മയുടെ ഉപ്പ കോയാമു ഹാജി കരുവാരക്കുണ്ട് പള്ളിക്ക് ഒന്നര ഏക്കർ സ്ഥലം സഹായം ചെയ്തു. ഇതാണ് അവിടെ നടന്ന ആദ്യ വഖഫ് സ്വത്ത്.
സാമൂഹിക പ്രവർത്തനങ്ങൾ
ഒരു ഉപദേശകയെ പോലെയും യോദ്ധാവിനെ പോലെയും കുഞ്ഞഹമ്മദ് ഹാജിയുടെ പോരാട്ടങ്ങൾക്ക് പൂർണ പിന്തുണ നൽകിയവരായിരുന്നു മാളു ഹജ്ജുമ്മ. യുദ്ധമുഖത്തും ഒളിവിൽ കഴിഞ്ഞിരുന്നപ്പോഴും അവർ ഒന്നിച്ചായിരുന്നു. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മക്കയിൽ നിന്നും ഹജജ് കഴിഞ്ഞ് തിരിച്ചു വന്ന സമയത്ത് അദ്ദേഹത്തിന് നാട്ടിൽ പ്രവേശിക്കാൻ കഴിയാതെയായി. അക്കാലത്ത് അദ്ദേഹവും മാളുവും മൊറയൂർ'’ ആയിരുന്നു താമസിച്ചിരുന്നത്. അവിടെ വെച്ച് നടന്ന ബ്രിട്ടീഷ് പോരാട്ടങ്ങളിൽ വാരിയൻ കുന്നത്തിനോടൊപ്പം ഹജ്ജുമ്മയും പങ്കെടുത്തതായി പറയുന്ണ്ട്. മലബാർ വിപ്ലവത്തിൻ്റെ ഭാഗമായി എന്ന കാരണത്താൽ മാളു ഹജജുമ്മയുടെ പിതാവിനേയും സഹോദരനേയും ബ്രിട്ടീഷ് പട്ടാളം ജയിലിലടച്ചു. 1928ൽ ജയിലിൽ കിടന്ന് മരിച്ച പിതാവ് കോയാമു ഹാജിയുടെ സ്വത്തുക്കൾ കോടതി ലേലം ചെയ്തു. പക്ഷെ മാളു ഹജ ജുമ്മ അവർക്ക അവകാശപ്പെട്ട സ്വത്ത് ജൻമിയിൽ നിന്ന് മേൽക്കാണം ചാർത്തി വാങ്ങി. മലബാറിലെ ധീര വനിതയെ ഗീത ടീച്ചർ അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്. “മാളു ഹജ്ജുമ്മ യഥാർത്ഥത്തിൽ ജീവിച്ച സ്ത്രീയായി രുന്നെങ്കിൽ അവരെ മലബാറിൻ്റെ നവോത്ഥാന നായികയായി തന്നെ വേണം പരിഗണിക്കാൻ . മലബാറിലെ മാപ്പിളമാർക്കിടയിൽ പ്രത്യേകിച്ചു സ്ത്രീകൾക്കിടയിൽ സംഭവിച്ച സാമുദായിക പരിഷ്കരണങ്ങളുടെ കൂടി തെളിവായി വേണം മാളു ഹജജ് മ്മ ചരിത്രപ്പെടാൻ. കാരണം അക്ഷരം പഠിക്കുക, പ്രണയിച്ചു വിവാഹം ചെയ്യുക, സമരത്തിൽ നേരിട്ടു പങ്കെടുക്കുക, യാത്ര ചെയ്യുക എന്നിങ്ങനെയുള്ള അവസ്ഥകളിലേക്ക് അക്കാലത്തെ സ്ത്രികൾ എത്തിയിരുന്നില്ല. അങ്ങനെ നവോത്ഥാന പുരുഷൻ്റെ സങ്കൽപ സൃഷ്ടികളായി തനിക്കു മുമ്പേയുണ്ടായിരുന്ന ഇന്ദുലേഖയെയും പിന്നീടുണ്ടായ തേതിയേയും സ്വകർമ്മങ്ങൾ കൊണ്ടവർ നിഷ്പ്രഭരാക്കുകയായിരുന്നു”. (1921: ചരിത്ര വർത്തമാനങ്ങൾ)
ചരിത്ര രചനകളിൽ പ്രാധാന്യത്തോടെ നിൽക്കുന്നത് വീരനായകൻമാരാണെങ്കിലും അതിനോട് ചേർന്നു നിൽക്കുന്ന വീര നായികയാണ് മാളു ഹജ്ജ് മ്മ . ബ്രിട്ടീഷ് വിരുദ്ധയായ ധീരയും ബുദ്ധിമതിയുമായ ഒരു മാപ്പിള പെൺപോരാളിയായിട്ടാണ് അവരെ പല കൃതികളിലും അടയാളപ്പെടുത്തിയിരിക്കുന്നത്. ചരിത്ര സംഭവങ്ങൾ അടയാളപ്പെടുത്തുമ്പോൾ സ്ത്രീകൾ അപ്രത്യക്ഷരാകുന്നു. മലബാർ സമരം മാളു ഹജജുമ്മയെ പോലെയുള്ള സ്ത്രീകളുടേതും കൂടിയാണ്.
സഹായക ഗ്രന്ഥങ്ങൾ
കെ.കെ.എൻ കുറുപ്പ് ,എ ഡി., 1921 മലബാർ സമരം ആവിഷ്ക്കാരങ്ങളുടെ ബഹുവ്യ രത, യുവത ബുക്സ്, 2023
ഗീത, 1921: ചരിത്ര വർത്തമാനങ്ങൾ, കറൻറ് ബുക്സ്.തൃശൂർ 2016
ഷംഷാദ് ഹുസൈൻ കെ.ടി, മലബാർ കലാപത്തിൻ്റെ വാമൊഴി പാരമ്പര്യം, സാഹിത്യ പ്രവർത്തക സംഘം.കോട്ടയം. 2020
ഷീന എസ്
അസിസ്റ്റൻ്റ്
പ്രൊഫസർ
ഗവ.കോളേജ്
അമ്പലപ്പുഴ
Comments