top of page

റാവുത്തര്‍ പ്രതിനിധാനം മലയാള സാഹിത്യത്തില്‍ ഒരു പഠനം

ഷിയാസ് ടി.

കേരളത്തിലെ മുസ്‌ലീങ്ങൾ എന്നുള്ളത് ഒരൊറ്റ സമുദായം അല്ല. പത്തൊന്‍പതോളം വിവിധ മുസ്ലീംസമുദായങ്ങൾ ചേർന്ന ഒന്നാണ് കേരളത്തിലെ മുസ്‌ലീങ്ങൾ എന്നുള്ളത്. കേരളത്തിലെ പത്ത് ജില്ലകളിലായി ഇരുന്നൂറ്റിയന്‍പതോളം  പ്രദേശങ്ങളിൽ വ്യാപിച്ചു കിടക്കുന്ന തമിഴ് മാതൃ ഭാഷയായിട്ടുള്ള, ഭൂരിപക്ഷവും ഹനഫീ മദ്ഹബ് (കർമ്മ ശാസ്ത്രം) പിന്തുടരുന്ന മുസ്ലീം വിഭാഗമാണ് റാവുത്തർമാർ. കേരളത്തിലെ ഇതര  മുസ്‌ലീം  വിഭാഗങ്ങളിൽ നിന്നും ഭിന്നമായ ധാരാളം സാംസ്‌കാരിക പ്രത്യേകതകൾ റാവുത്തര്‍ സമുദായത്തില്‍ കാണാം. ഭാഷ, വേഷം, ഭക്ഷണം തുടങ്ങിയവയില്‍ അവ പ്രകടമാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് ഏറ്റവുമധികം റാവുത്തർമാരുള്ളത്. തിരുവനന്തപുരം, തൃശ്ശൂർ, എറണാകുളം, വയനാട് എന്നീ ജില്ലകളിൽ റാവുത്തർമാർ എണ്ണത്തിൽ കുറവാണ്. ഈ പഠനത്തില്‍ മലയാള സാഹിത്യത്തിലെ റാവുത്തര്‍ സമുദായത്തിന്റെ പ്രതിനിധാനമാണ് ചര്‍ച്ച ചെയ്യുന്നത്. 

റാവുത്തര്‍-ഉത്ഭവപശ്ചാത്തലം

കോറമണ്ഡൽ തീരത്തെ മുസ്ലീങ്ങളെ കുറിച്ച് പഠനം നടത്തിയ ഡോ.രാജ മുഹമദ് അഭിപ്രായപ്പെടുന്നത്. ‘കുതിരക്കച്ചവടം സജീവമായപ്പോൾ അറബികളിൽ ചിലരും പേർഷ്യക്കാരും കുതിരകളെ പരിശീലിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും വേണ്ടി പ്രാദേശിക ഭരണാധികാരികളുടെ കീഴിൽ  ജോലിചെയ്‌തു. ഇത്തരത്തിൽ കോറമണ്ഡൽ തീരത്തും ഉൾപ്രദേശങ്ങളിലെ ഭരണാധികാരികളുടെ കൊട്ടാരത്തിലും മുഖ്യന്മാരോടൊപ്പവും സമീന്ദാർമാരോടൊപ്പവും താമസിച്ച ഇവർ തദ്ദേശീയരായ സ്ത്രീകളുമായി വൈവാഹിക ബന്ധത്തിലേർപ്പെട്ടു അവരുടെ പിന്തുടർച്ചക്കാരാണ് റാവുത്തർമാർ എന്നറിയപ്പടുന്നത്’.[1]

താരാചന്ദ് ചരിത്ര വസ്തുതകളുടെ അടിസ്ഥാനത്തില്‍ 12-13 നൂറ്റാണ്ടുകളില്‍   കയല്‍പട്ടണത്തില്‍ മുസ്ലീം അറബ് കച്ചവടക്കാരുണ്ടായിരുന്നതായി അഭിപ്രായപ്പെടുന്നു. മലിക്കുല്‍ ഇസ്ലാം ജലാലുദ്ദീന്‍ എന്ന അറബി കുതിരകച്ചവടക്കാരനെക്കുറിച്ചും അദ്ദേഹത്തിന്റെ സഹോദരന്‍ സുന്ദര പാണ്ഡ്യന്റെ ഉപദേശകനും മന്ത്രിയുമായ  തക്കീയുദ്ദീന്‍  അബ്ദുള്‍ റഹ്മാന്‍ എന്നിവരടങ്ങുന്ന അറബികളെക്കുറിച്ചുമുള്ള വിവരണങ്ങള്‍  അതിന് തെളിവായി നല്കുന്നു. തുടര്‍ന്ന് മാലിക് കഫൂറിന്റെ 1310-11 ലെ മധുരയിലേക്ക് നടത്തിയ പടയോട്ടത്തെ മുന്‍നിര്‍ത്തി അമീര്‍ഖുസ്രു നല്‍കുന്ന വിവരണത്തിന്റെ അടിസ്ഥാനത്തില്‍ ‘യുദ്ധത്തിനിടയില്‍ പാണ്ഡ്യരാജകുമാരനായ വീരപാണ്ഡ്യനെ കാഫൂര്‍ ആക്രമിച്ചപ്പോള്‍ വീരപാണ്ഡ്യന്‍ യുദ്ധത്തില്‍ നിന്നും ഒളിച്ചോടി കുണ്ടൂര്‍ എന്ന സ്ഥലത്തെ വനാന്തര്‍ഭാഗത്ത് ഒളിച്ചു താമസിച്ചു. വീരപാണ്ഡ്യനെ തെരഞ്ഞ് കണ്ടൂരിലെത്തിയ മാലിക് കഫൂറും സംഘവും കണ്ടത് പാണ്ഡ്യരാജാവിന്റെ പ്രജകളായ ഒരു സംഘം മുസ്ലീങ്ങളെയാണ്. അവരെല്ലാവരും തന്നെ കലിമ ചൊല്ലാന്‍ വശമുള്ളവരായിരുന്നു. അതിനാല്‍ മാലിക് കഫൂര്‍ അവരെ വധിച്ചില്ല’.എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തരം വസ്തുതകളുടെ അടിസ്ഥാനത്തില്‍ താരചന്ദ് മാലിക് കഫൂറിന്റെ ആക്രമണത്തിന് മുന്‍പ് തന്നെ തമിഴ്നാട്ടില്‍ മുസ്ലിം സങ്കേതങ്ങളും വ്യാപാര കേന്ദ്രങ്ങളും ഉണ്ടായിരുന്നു എന്നും  ഇത്തരത്തിലുള്ള അറബ്-തമിഴ്ബന്ധത്തില്‍ നിന്നുണ്ടായ മിശ്ര വിഭാഗങ്ങളാണ് റാവുത്തര്‍മാരെന്നും അഭിപ്രായപ്പെടുന്നു.[2]

മധുരജില്ലയിലെ റാവുത്തർമാരുടെ ഉത്ഭവത്തെ കുറിച്ച് മധുര ഡിസ്ട്രിക്ട് ഗസ്‌റ്റിയറിലും  സമാന നിരീക്ഷണം കാണാം. ‘മധുര ജില്ലയിലെ മുസ്ലീങ്ങളില്‍ ബഹുഭൂരിപക്ഷവും റാവുത്തർ  സമുദായത്തിൽ പെട്ടവരാണ്. അവർ ഒരുപക്ഷേ ഈ ഭാഗത്തുള്ള ഹിന്ദുക്കളുടെ  പിൻഗാമികളോ,മുൻ കാലങ്ങളിൽ നിർബന്ധിതമായി ഇസ്ലാംമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടവരോ മുസ്ലീംപിതാക്കന്മാരാൽ ഈ നാട്ടിലെ സ്ത്രീകളിലൂടെ ഉണ്ടായ സന്താനങ്ങളോ ആവാം. [3]

റാവുത്തർമാരുടെ ഉദ്‌ഭവത്തെ സംബന്ധിച്ച്‌ ജെ .ബി.പി മോറെയും സമാന അഭിപ്രായം പറയുന്നു. പൊതുവായി മധ്യകാലഘട്ടത്തിൽ ഹിന്ദുരാജാക്കന്മാർക്കു കീഴിൽ സേവനമനുഷ്ടിച്ച കുതിരക്കാരൻമാരെ റാവുത്, അല്ലെങ്കിൽ റാവുട്ട എന്നാണ് വിളിച്ചിരുന്നത്. ഈ കാലഘട്ടം മുതലാവാം പാണ്‌ഡ്യരാജ്യത്തിലെ സൈന്യത്തിലുള്ള മുസ്ലിം ഭടന്മാരെയും അവരുടെ പിന്മുറക്കാരെയും റാവുട്ട എന്ന് നാമകരണം ചെയ്യപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹം പറയുന്നു  മഥുരയിലെയും സമീപപ്രദേശങ്ങളിലെയും മുസ്ലീങ്ങൾ(റാവുത്തര്‍മാര്‍) തങ്ങളുടെ ഇസ്ലാമികപാരമ്പര്യമെന്നുള്ളത്  നാതർവാലി എന്ന ആദ്യകാല സൂഫിയാൽ പരിവർത്തനം ചെയ്യപ്പെട്ടതാണ് എന്നാണ് അവകാശപ്പെടുന്നത്. തുർക്കിക്കാരനായ നാഥർവാലി 1039 AD യിൽ ഇസ്ലാമിക പ്രചരണാർത്ഥം തന്റെ രാജ്യം ഉപേക്ഷിച്ച് സൂഫിസം സ്വീകരിച്ചയാളാണ്.[4] ആയതിനാൽ തന്നെ റാവുത്തർമാരുടെ മാതൃദേശം എന്നുള്ളത് ദക്ഷിണ തമിഴ്നാടിന്റെ ഉൾപ്രദേശങ്ങള്‍ ആണെന്ന് പറയാം എന്ന് ഉറപ്പിച്ചു പറയുന്നു .[5] 

റാവുത്തർമാരുടെ ഉദ്‌ഭവത്തെ സംബന്ധിച്ചുള്ള ഇത്തരം അഭിപ്രായങ്ങളില്‍ നിന്ന് മനസ്സിലാകുന്നത് പതിനൊന്ന്-പന്ത്രണ്ട് നൂറ്റാണ്ടുകളില്‍ തമിഴ്നാട് തീരങ്ങളിലുണ്ടായിരുന്ന അറബ് സങ്കേതങ്ങളിലെ വ്യാപാരികളും  തമിഴ്സ്ത്രീകളുമായുള്ള വൈവാഹികബന്ധത്തിലൂടെ ഉണ്ടായ സന്തതികളും,അവരാല്‍ മതം മാറിയവരും അടങ്ങുന്ന വിഭാഗവും നാതര്‍വാലി പോലുള്ള സൂഫികളാല്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരുടെ പിന്‍ഗാമികളും അടങ്ങുന്ന വിഭാഗവും മാലിക് കഫൂറിന്റെ സൈനിക ആക്രമണത്തിനു ശേഷം അവശേഷിച്ച മുസ്ലീം വിഭാഗത്തിലെ ആളുകളിലെ ഒരു വിഭാഗമാളുകള്‍ കുതിരയുമായി (പടയാളികള്‍,കച്ചവടക്കാര്‍, വളർത്തുന്നവർ) ബന്ധപ്പെട്ട ജോലിയിലേര്‍പ്പെട്ടു, അവരുടെ പിന്‍തലമുറക്കാരാണ് റാവുത്തര്‍മാരായി അറിയപ്പെടുന്നത്.

തമിഴ്‌നാട്ടിലെ മധുര, തിരുനെൽവേലി, മാനാമധുര, കായൽപട്ടണം, തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് കേരളത്തിന്റെ കിഴക്കൻ മലയോര പാതകളിലൂടെ ടിപ്പുവിന്റെ പടയാളികളായും മാർത്താണ്ഡവർമ്മയുടെ പടയാളികളായും വ്യാപാരാവശ്യത്തിനുമായാണ് ഇവർ കേരളത്തിലേക്കെത്തിച്ചേർന്നത്.

മലയാളസാഹിത്യത്തിലെ റാവുത്തര്‍മാര്‍

            സാഹിത്യം ഒരു കണ്ണാടിയാണെന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. ഒരു സമൂഹത്തിന്റെ മുന്നാക്ക, പിന്നാക്ക ചലനങ്ങളും, ചുറ്റുപാടും, മാറ്റങ്ങളും ദർശിക്കുന്നതും പ്രതിഫലിപ്പിക്കപ്പെടുന്നതും സാഹിത്യകൃതികളിലൂടെയാണ്. അപൂര്‍വ്വം ചില മലയാളസാഹിത്യങ്ങളെ റാവുത്തര്‍ പശ്ചാത്തലം ഇതിവൃത്തമായി രചിക്കപ്പെട്ടിട്ടുള്ളൂ. പക്ഷേ അവയെല്ലാം വായനക്കാര്‍ക്കിടയില്‍ വളരെയധികം സ്വാധീനം ചെലുത്തപ്പെട്ടവയാണ്. ഖസാക്കിന്റെഇതിഹാസം, തൈക്കാവിലെ പുരാണം, മൗനത്തിന്റെ പാരമ്പര്യവഴികള്‍, ഐതിഹ്യമാല എന്നിവയാണ് അവ. ഇതില്‍  ഖസാക്കിന്റെ ഇതിഹാസം ഒരുപാട് പഠനങ്ങള്‍ക്ക് വിധേയമായ ഒരു കൃതിയാണ്. അത് കൊണ്ട് തന്നെ മലയാളസാഹിത്യത്തില്‍ റാവുത്തര്‍ പരിസരം വളരെ പരിചിതമാണ്. അതുപോലെ പച്ചയായ റാവുത്തര്‍ പരിസരം വരച്ചു കാട്ടുന്നതില്‍ അവയെല്ലാം  ഒരു പരിധി വരെ വിജയിക്കുന്നുമുണ്ട്. പ്രതിനിധാനം എന്ന സങ്കല്പനത്തിന് കലാചരിത്രത്തിൽ ഏറെ പഴക്കമുണ്ട്. അതിന്റെ പ്രയോഗസന്ദർഭങ്ങൾ പ്രാചീന ഗ്രീക്ക് കാലഘട്ടത്തിൽ നിന്നെങ്കിലും തുടങ്ങുന്നുണ്ട്. പ്ലേറ്റോ, അരിസ്റ്റോട്ടിൽ എന്നീ ഗ്രീക്ക്ചിന്തകർ അനുകരണം എന്നതിന്റെ പര്യായമായിട്ടാണ് പ്രതിനിധാനം എന്ന വാക്കിനെ വ്യാഖാനിച്ചിട്ടുള്ളത്. എന്നാല്‍ ഇന്ന് “സാംസ്കാരികസാമഗ്രികൾ പഠനവിധേയമാക്കുന്ന എല്ലാ അക്കാദമിക മേഖലകളിലും കലകൾ, സിനിമ, സാഹിത്യം, വാസ്തുനിർമിതി, ഡിസൈൻ തുടങ്ങിയവയിലും എല്ലാം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പ്രതിനിധാനം എന്ന സങ്കല്പം. മനുഷ്യർ, ഇടങ്ങൾ, വസ്തുക്കൾ, സംഭവങ്ങൾ, സാംസ്കാരികസ്വത്വങ്ങൾ, അമൂർത്തമായ ആശയങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട യാഥാർത്ഥ്യത്തിന്റെ സ്വഭാവമോ ആകാരമോ ഭാഷയിലോ മറ്റേതെങ്കിലും മാധ്യമരൂപങ്ങളിലും നിർമിക്കുന്നതിന് ആണ് പ്രതിനിധാനം എന്ന് പറയുന്നത്”.[6]

            മലയാളഭാഷയില്‍ എഴുതപ്പെട്ടിട്ടുള്ള ഉജ്ജ്വലമായ സാഹിത്യകൃതികളിലൊന്നാണ് ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം'. പ്രസിദ്ധീകരിച്ച കാലം മുതല്‍ നിരന്തരം വായിക്കപ്പെടുന്ന ഈ നോവല്‍ ഭാഷയ്ക്കു പുതിയ മാനങ്ങള്‍ നല്‍കിയ കൃതിയാണെന്ന ഖ്യാതിയും നേടിയിട്ടുണ്ട്. പാലക്കാടൻ ചുരത്തിന്റെ അടിവാരത്തുള്ള ഖസാക്ക് എന്ന ഗ്രാമമാണ് നോവലിൻറെ ഭൂമിക. ചുരം കടന്നുവരുന്ന പാലക്കാടൻകാറ്റ് ചൂളം കുത്തുന്ന കരിമ്പനകൾ നിറഞ്ഞ ഖസാക്ക് പരിഷ്ക്കാരം തീരെ ബാധിക്കാത്ത 1960 കളിലെ ഒരു കേരളഗ്രാമമാണ്. റാവുത്തൻമാരും തിയ്യൻമാരും ചെട്ടിച്ചികളും നായൻമാരുമൊക്കെയുള്ള ഒരു തനി പാലക്കാടൻ ഗ്രാമം. കേന്ദ്രകഥാപാത്രമായ രവിയുടെ ജീവിതയാത്ര പാലക്കാട്ടെ ഖസാക്കിലവസാനിക്കുന്നതു വരെയുള്ള കഥയാണ് നോവല്‍ പറയുന്നത്. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ ഖസാക്കില്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ രവിയുടെ ജീവിതം തുടങ്ങുന്നതും അവസാനിക്കുന്നതും. ഉന്നത വിദ്യാഭ്യാസവും ഗവേഷണവും പാതിവഴിയിലുപേക്ഷിച്ച് ജില്ലാ ബോര്‍ഡിന്റെ പുതിയ പദ്ധതിയായ ഏകാധ്യാപകവിദ്യാലയത്തിലെ അധ്യാപകനായി ചേരുന്നതിനാണ് രവി ഖസാക്കിലെത്തുന്നത്. ഋജ്ജുരേഖാത്മകമായ ഒരാഖ്യാനരീതിയോ, കഥാതന്തുവോ നോവലിനില്ലെങ്കിലും ഖസാക്കില്‍ രവിയോട് അടുക്കുന്ന ഓരോ മനുഷ്യന്റേയും കൂടി കഥയാണ് ഖസാക്കിന്റെ ഇതിഹാസമായി വികസിക്കുന്നത്. അപ്പുക്കിളി, അള്ളാപ്പിച്ചാമൊല്ലാക്ക, കുപ്പുവച്ചന്‍, മാധവന്‍ നായര്‍, ശിവരാമൻ നായര്‍, നൈജാമലി(ഖാലിയാര്‍), മൈമുന, കുഞ്ഞാമി, ആബിദ, ചാന്തുമ്മ, തിത്തിബിയുമ്മ, എന്നിങ്ങനെ പോകുന്നു വ്യത്യസ്തമായ വ്യക്തിത്വം പേറുന്നവരായ അനേകം ഖസാക്കുകാര്‍. എന്നാല്‍ അന്ധവിശ്വാസവും മിത്തുകളും പ്രാദേശിക ഐതിഹ്യങ്ങളുമൊക്കെ ഏവരെയും ഒരുപോലെ ഖസാക്കിന്റെ സ്വത്വം പേറുന്നവരാക്കുന്നുണ്ട്. നോവലിലെ  മുസ്ലീംകഥാപാത്രങ്ങളെല്ലാം റാവുത്തര്‍മാരാണ്. 1960 കളിലെ കുഗ്രാമമായ തസ്രാക്കിലെ റാവുത്തര്‍ ജീവിതം വ്യക്തമായി തന്നെ വിജയന്‍ നോവലില്‍ അടയാളപ്പെടുത്തുന്നുണ്ട്. എങ്കില്‍ കൂടിയും കേരളത്തിന്റെ ഇതര സ്ഥലങ്ങളിലെ മുസ്ലീങ്ങളിൽനിന്നു വ്യതിരിക്തമായ സവിശേഷതകളാണ് നോവലിലെ റാവുത്തര്‍മാര്‍ പ്രകടിപ്പിക്കുന്നത്. യാഥാർത്ഥ്യവും കാല്‍പനികതയും കൂടിക്കലർന്ന ഒരു കാവ്യഭാഷയിലൂടെ വിജയൻ ആവിഷ്ക്കരിക്കുന്ന ഖസാക്ക് ജീവിതം മുഴുവൻ ഒരു സാമൂഹ്യവസ്‌തുതയായെടുത്ത് അപഗ്രഥിക്കുന്നത് ശരിയാവുമെന്ന് തോന്നുന്നില്ല. കാരണം, മൗലികമായ ഇസ്ലാമികപ്രമാണങ്ങളിൽനിന്നും ജീവിതരീതികളിൽനിന്നും വിഭിന്നമായ വിശ്വാസാചാരങ്ങളും സമ്പ്രദായങ്ങളും ഈ റാവുത്തർമാർ വെച്ചുപുലർത്തുന്നു. പാലക്കാടൻ ഉൾപ്രദേശമായ ഖസാക്കിലെ റാവുത്തർമാർ തമിഴ് സംസാരിക്കുകയും ഈഴവരുമായി ഒരു മിശ്രസാംസ്‌കാരികജീവിതം പുലർത്തുകയും ചെയ്യുന്നു.[7] റാവുത്തര്‍മാരുടെ ഭാഷ,വിശ്വാസങ്ങള്‍, ആചാരങ്ങള്‍ എന്നിവയെല്ലാം നോവലില്‍ പ്രതിപാദ്യ വിഷയങ്ങളാവുന്നുണ്ട്.

            റാവുത്തര്‍ ഭാഷയും സംസ്കാരവും പ്രതിഫലിക്കുന്ന ആലപ്പുഴ ജില്ലയിലെ നൂറനാട് കേന്ദ്രീക്രതമായി സി.റാഹീം 2012 ല്‍ രചിച്ച നോവലാണ്  തൈക്കാവിലെ പുരാണം. മനുഷ്യനും പ്രകൃതിയും ഒരുപോലെ കടന്നുവരുന്ന ഒരു സൂഫികഥയുടെ ഈണവും താളവും ചേര്‍ന്നതാണ്‌ ഈ നോവലിന്റെ സൗന്ദര്യം. പാമ്പും, പുഴുവും ഉറുമ്പും സമരസപ്പെടുന്ന ജീവിതദര്‍ശനമാണ്‌ ഈനോവല്‍ മുന്‍‌നിര്‍ത്തുന്നത്. കളങ്കമേശാത്ത നാടന്‍‌ജീവിതവും ചാരുതപകരുന്ന അവരുടെ സ്വപ്നങ്ങളും ഇഴപടരുന്ന ഐതിഹ്യവും കെട്ടുകഥകളും ചരിത്രവും കൂടിക്കുഴയുന്ന അപൂര്‍വ സുന്ദരമായ ആഖ്യാനമാണ്‌ തൈക്കാവിലെ പുരാണം. ഇതിലെ മുഖ്യ കഥാതന്തു എന്ന് പറയാവുന്നത് പൊടിപ്പയലും നബീസ അമ്മാളും തമ്മിലുള്ള സ്നേഹബന്ധത്തിന്റെ കഥയാണ്. മദ്രസയില്‍ ആദ്യ പാഠങ്ങള്‍ പഠിക്കാനെത്തുന്ന ശൈശവം മുതല്‍ വിവാഹത്തിനു തൊട്ടുമുമ്പുള്ള കാലം വരെയുള്ള സംഭവഗതികള്‍ ഈ നോവലില്‍ വിശദമായി തന്നെ പറയുന്നു. ആതിക്കാട്ടുകുളങ്ങര-നൂറനാട് ഭാഗത്തെ റാവുത്തര്‍ വിഭാഗത്തിന്റെ തമിഴ്നാടുമായുള്ള ബന്ധത്തിന്റെ അടയാളങ്ങള്‍, പന്തളവും അയ്യപ്പനുമായുള്ള വാവരുടെ ബന്ധം, ചന്തനക്കുടം പോലെയുള്ള തനിമായര്‍ന്ന ഉത്സവരീതികള്‍, ശബരിമല തീർത്ഥാടനകാലത്ത്  മുസ്‌ലിം സ്ത്രീകള്‍ ഒരു കുടില്‍ വ്യവസായം പോലെ അയ്യപ്പന്‍മാര്‍ക്കുള്ള മാലകള്‍ കൊരുക്കുന്നത്, അവരുടെ വീട്ടുഭാഷയുടെ പദപരവും ഉച്ചാരണപരവുമായ സവിശേഷതകള്‍ എന്നിങ്ങനെ ബഹുമുഖവും വൈവിധ്യം നിറഞ്ഞതുമായ സാംസ്കാരികമുദ്രകള്‍ ചര്‍ച്ചചെയ്യുന്നു.    തൈക്കാവിലെ പുരാണത്തില്‍ റാവുത്തര്‍മാരുടെ ജീവിതംകൂടിയാണ് പറയുന്നത്. തദ്ദേശസംസ്കൃതിയുടേയും ഇസ്‌ലാമികദര്‍ശനത്തിന്റേയും സമന്വയമാണ് തൈക്കാവിലെ പുരാണത്തിലുള്ളത്. അയ്യപ്പന്റേയും വാവരുടെയും പാരമ്പര്യമാണിത്.[8] റാവുത്തര്‍ ജീവിതങ്ങളെയും ചരിത്രത്തെയും വാമൊഴി കഥകളെയും വളരെ ശക്തമായി തന്നെ നോവലില്‍ പ്രതിപാദിക്കുന്നുണ്ട്.

റിജാം വൈ റാവുത്തര്‍ 2016 ല്‍ രചിച്ച 'മൗനത്തിന്റെ  പാരമ്പര്യവഴികൾ'  എന്ന കൃതി ഒരു കഥാസമാഹാരമോ നോവലോ മാത്രമല്ല, റാവുത്തർ സമൂഹത്തിന്റെ ചരിത്രാന്വേഷണം കൂടിയാണ്. മുതയിൽ മുതൽ പൊട്ടൽപുത്തൂർ, മാനാ-മധുര വഴി നാഗൂർ വരെ നീണ്ട നിരവധി ദേശങ്ങളും നൂറ്റാണ്ടുകളും താണ്ടിയെത്തിയ പലായനവഴികളിൽ കഠിനാദ്ധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തിലൂടെയും വ്യതിരിക്തജീവിതം രൂപപ്പെടുത്തിയ റാവുത്തർ സമൂഹത്തിന്റെ ചരിത്രവും പാരമ്പര്യവും അടയാളപ്പെടുത്തുന്ന കഥകളും, വാമൊഴിക്കഥകളായി തലമുറകളിലൂടെ കൈമാറിപ്പോന്ന ഒരു വംശത്തിന്റെ ജനിതകതന്തുക്കളുടെയും സ്വപ്നങ്ങളുടെയും പുനരാഖ്യാനവുമാണ് ഈ കൃതിയിലുള്ളത്. ഈ കഥകളിലെ കഥാപാത്രങ്ങളെല്ലാം തന്നെ റാവുത്തര്‍മാരാണ്. റാവുത്തർ സമൂഹത്തിലെ ബുദ്ധിമാനായ ഒരു പഴമക്കാരൻ വൈദ്യൻ റാവുത്തർ അഥവാ എ. എം. അമീൻപിള്ള റാവുത്തർ കണ്ടുപിടിച്ച മലയാന്റീസ് ഭാഷയെക്കുറിച്ചുള്ള വിവരണവും  ചരിത്രത്തിലെ റാവുത്തര്‍ സംഭാവനകളുടെ അടയാളപ്പെടുത്തല്‍ കൂടിയാണ്. പാട്ടിനു നൊട്ടേഷൻ ഒരുക്കാനും ഖുർആൻ ഓതനും സജ്ജമായ ഭാഷ എന്ന നിലയിലാണ് അദ്ദേഹം തന്റെ പുതിയ ഭാഷയെ പരിചയപ്പെടുത്തിയത്.[9] കൊല്ലം ജില്ലയിലെ ചിതറ, മുതയില്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് മിക്ക കഥകളുടെയും പശ്ചാത്തലം. ചരിത്രം പറയാന്‍ വേണ്ടി പൊട്ടല്‍പുതൂര്‍, മധുര എന്നിവിടങ്ങളെല്ലാം പശ്ചാത്തലമാവുന്നുണ്ട്. റാവുത്തർ സമൂഹത്തിലും മാടമ്പിമാരുണ്ടായിരുന്നു എന്ന് പ്രസ്താവിക്കുന്ന 'ആനറാഞ്ചിപ്പരുന്തും', നിഷ്കളങ്കജന്മങ്ങളുണ്ടായിരുന്നെന്നു രസകരമായി വാക്കുകൾ കൊണ്ട് വരച്ചു കാണിക്കുന്ന 'ആദ്യത്തെ മോട്ടോർവണ്ടിയും', കുതിരപ്പുറത്തു കയറാൻ അറച്ചും വിറച്ചും നിന്ന നവവരൻ ഉടുതുണി നഷ്ടപ്പെട്ട നാണക്കേട് മറയ്ക്കാൻ കുതിരപ്പുറത്തു ചാടിക്കയറി നവവധുവിനെയും കൊണ്ട് റോക്കറ്റു പോലെ പാഞ്ഞു പോകുന്നത് രസം ചോരാതെ പറഞ്ഞു വയ്ക്കുന്ന 'അശ്വമേധപുരാണവും, രണ്ടു നൂറ്റാണ്ടു മുമ്പ് മുതയിൽ ദേശത്തേക്ക് ആദ്യമായി പലായനം ചെയ്തുവന്നു ഇന്നത്തെ നിലയിൽ റാവുത്തർ സമൂഹത്തിന്റെ വ്യാപനത്തിന് കാരണഭൂതരായ മുതുമുത്തച്ഛൻ 'ഞണ്ടൻ ചക്കര റാവുത്ത'രുടെ ധീരോദാത്ത ജീവിതകഥയും, റാവുത്തർ സമൂഹത്തിന്റെ ചരിത്രം തിരഞ്ഞു പിന്നോട്ട് നടക്കുന്ന ഒരു റാവുത്തർ പുരുഷന്റെയും സ്ത്രീയുടെയും കഥയും ഏഴാങ്ങളമാർ ചേർന്ന് കുഞ്ഞുപെങ്ങളെ മറ്റാണുങ്ങളിൽ നിന്നും സംരക്ഷിക്കാനായി കൊലപ്പെടുത്തിയ കഥയുമെല്ലാം നല്ല കഥപറച്ചിലുകളും റാവുത്തർമാരുടെ സാംസ്കാരിക വാമൊഴിചരിത്രവും കൂടിയാണ്.

            കഴിഞ്ഞ ഒരു ശതാബ്ദക്കാലമായി മലയാളികളുടെ സാംസ്കാരികജീവിതത്തിന്റെ ഒരു അവിഭാജ്യഭാഗമായി മാറിയ അതുല്യമായ ഒരു ഗ്രന്ഥമാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി  രചിച്ച “ഐതിഹ്യമാല”. ഇതില്‍ അമ്പത്തിനാലാമത്തെ കഥയില്‍ പതിനേഴാംനൂറ്റാണ്ടില്‍ തേവലശ്ശേരി നമ്പിയുടെ പ്രതിയോഗിയായ റാവുത്തരെക്കുറിച്ച് പറയുന്നുണ്ട്. ഒരിക്കല്‍ ഒരു സ്ത്രീയുടെ ദേഹത്ത് ഗന്ധര്‍വന്‍ കയറുകയും ഗന്ധർവനെ ഒഴിപ്പിക്കാന്‍ മാന്ത്രികനായ തൊടുപുഴയിലെ ഉശകാറാവുത്തര്‍ വരുന്നതും അദ്ദേഹത്തിന് കഴിയാത്തതിനാല്‍ മറ്റാര്‍ക്കും ഗന്ധർവനെ ഒഴിപ്പിക്കാന്‍ കഴിയരുതെന്ന് കരുതി ചില പ്രയോഗങ്ങള്‍ നടത്തി മറ്റാര്‍ക്കും ഒഴിപ്പിക്കാന്‍ കഴിയാത്തതു പോലെ ചെയ്യുകയും ചെയ്യുന്നുണ്ട്. പക്ഷേ അവസാനം ചെങ്ങന്നൂര്‍ താമസിക്കുന്ന നമ്പി ഗന്ധർവനെ ഒഴിപ്പിക്കുകയും തുടര്‍ന്ന് നമ്പിയോട് പകതോന്നി അവസാനം റാവുത്തര്‍ ചില പ്രയോഗത്തിലൂടെ നമ്പിയെ കൊല്ലുകയും ചെയ്യുന്നു. പക്ഷേ റാവുത്തറുടെ തന്ത്രം മനസ്സിലാക്കി നമ്പി താന്‍ കൊല്ലപ്പെടുന്നതിനു മുമ്പ് തന്നെ ചില മന്ത്രങ്ങളിലൂടെ റാവുത്തരെയും കൊല്ലുന്നു. ഐതിഹ്യമാണെങ്കില്‍ കൂടി റാവുത്തര്‍ എന്നത് ഈ കൃതിയില്‍ ഇടം പിടിച്ചിട്ടുണ്ട് എന്നത് പ്രധാന്യമര്‍ഹിക്കുന്ന ഒന്ന് തന്നെയാണ്.

            'ഐതിഹ്യമാല ' ഒഴികെ മറ്റു മൂന്നു കൃതികളും റാവുത്തര്‍ ജീവിതങ്ങള്‍ ഇതിവൃത്തമായി രചിക്കപ്പെട്ടവയാണ്. റാവുത്തര്‍ ഭാഷ, സംസ്കാരം, ചരിത്രം എന്നിവയെല്ലാം സ്പര്‍ശിച്ചുപോവുന്നവയാണ് ഇവയെല്ലാം. ഖസാക്കിന്റെ ഇതിഹാസം, മലബാറിലെ പാലക്കാടിലെ റാവുത്തര്‍ ജീവിതങ്ങള്‍ പറയുമ്പോള്‍,  തൈക്കാവിലെ പുരാണവും, മൗനത്തിന്റെ പാരമ്പര്യവഴികളും തിരുവിതാംകൂറിലെ റാവുത്തര്‍ ഭൂമികയില്‍ നിന്ന് എഴുതപ്പെട്ടവയാണ്. ഇനിയും ധാരാളം റാവുത്തര്‍ പശ്ചാത്തലത്തിലുള്ള സാഹിത്യ കൃതികള്‍ വരേണ്ടിയിരിക്കുന്നു. അത്രത്തോളം കഥാതന്തുക്കളും പശ്ചാത്തലങ്ങളും റാവുത്തര്‍ ജീവിതപരിസരങ്ങളില്‍ ഒളിഞ്ഞുകിടപ്പുണ്ട്.


[1] Dr. R. Raja Mohamad, Maritime History of the Coromandel Muslims, Government Museum, Chennai, 2004, pp. 74.

[2] Tara Chand, Influence of islam on indian culture, Allahabad,1963, pp. 41-42.

[3] W.Francis, Madras District Gazetteer, Madura, Vol.I, Madras, 1906.pp79

[4] Tara Chand, Influence of islam,… p. 40.

[5] J.B.P More, Muslim identity, print culture and the Dravidian Factor in Tamil Nadu, Orient Longman, New Delhi, 2004, p.13.

[6] സബീനാ ഭാനു എം., ശരീരം തന്മ സമൂഹം: മുസ്ലീം സ്ത്രീ പ്രതിനിധാനം സമകാലിക മലയാള നോവലിൽ, ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സമർപ്പിച്ച ഗവേഷണപ്രബന്ധം, കാലടി, 2022, പു. 64-65.

[7] ജമാല്‍ കൊച്ചങ്ങാടി, മുസ്‌ലിം സാമൂഹ്യജീവിതം മലയാള നോവലില്‍, തേജസ് ബുക്സ്, കോഴിക്കോട്, 2016, പു. 102-103.

[8] സി. റഹീം എഴുതുന്ന ദേശമെഴുത്: പശു, സമകാലിക കേരളം, വെബ് മാസിക, സി. റഹീം ജൂലൈ 4 2018.

[9] ഡോ.സുരേഷ് മാധവ്, ഭാഷാപോഷിണി, ഓഗസ്റ്റ്,2023, പു. 50.

 

ഷിയാസ് ടി.

ഗവേഷകൻ

ചരിത്ര വിഭാഗം

മലയാള സർവകലാശാല

Comentários

Avaliado com 0 de 5 estrelas.
Ainda sem avaliações

Adicione uma avaliação
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page