ഡോ.വീണാഗോപാല്‍ വി.പി.
പ്രബന്ധസംഗ്രഹം
വര്‍ത്തമാനകാലത്ത് ബഹുജനപ്രീതിയിലും പൊതുസ്വീകാര്യതയിലും ഏറ്റവും മുന്നിൻ നില്‍ക്കുന്ന കലാരൂപങ്ങളിലൊന്ന് ചലച്ചിത്രമാണ്. സമൂഹത്തെയും വ്യക്തികളെയും സ്വാധീനിക്കുന്ന കലാരൂപമായി ചലച്ചിത്രം മാറിയിട്ടുണ്ട്. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ വ്യാവസായികവിപ്ലവത്തിന്റെ ഭാഗമായുള്ള ശാസ്ത്ര-സാങ്കേതികവിദ്യാമുന്നേറ്റമാണ് ചലച്ചിത്രത്തിന്റെ സൃഷ്ടിക്കു കാരണം. ദൃശ്യശ്രാവ്യവിഭാഗങ്ങളുടെ ഉത്കൃഷ്ടഭാവങ്ങളും സാമൂഹ്യ-മാനവികശാസ്ത്രങ്ങളും അന്തര്‍ഭാവങ്ങളും സമന്വയിച്ച് പക്വത നേടിയ കലാരൂപമാണ് സിനിമ. കലാപ്രസ്ഥാനമായ സര്‍റിയലിസവും സിനിമയെ സ്വാധീനിച്ചിട്ടുണ്ട്. ലോകസിനിമയിലെ പ്രശസ്ത ചലച്ചിത്രകാരനായ ലൂയിബുനുവലിന്റെ സിനിമയെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളിലെ സര്‍റിയലിസത്തെക്കുറിച്ചും അന്വേഷിക്കുന്ന പ്രബന്ധമാണിത്.
താക്കോല്‍വാക്കുകൾ
ലൂയി ബുനുവല്‍, അവാങ്-ഗാര്‍ദ്, സര്‍റിയലിസം, സംവിധായകൻ
മനുഷ്യന്റെ ആന്തരികജീവിതത്തെ പരിചിതയാഥാര്‍ത്ഥ്യത്തിനപ്പുറമുള്ള തലത്തിലൂടെ ദൃശ്യഭാഷയിലേക്ക് പകര്‍ന്നുനല്‍കിയ ചലച്ചിത്രകാരനാണ് ലൂയി ബുനുവല്‍. ചലച്ചിത്രനിര്‍മ്മാതാവ്, സംവിധായകന്‍, നടൻ എന്നീ നിലകളിൽ പ്രശസ്തനായ ബുനുവൽ 1900-ല്‍ സ്പെയിനിലാണ് ജനിച്ചത്. കത്തോലിക്കാ വിശ്വാസങ്ങളില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസമാണ് ബാല്യകാലത്ത് ബുനുവലിന് ലഭിച്ചത്. ശാസ്ത്രവും വിപ്ലവചിന്തയും ബുനുവലിന്റെ പിന്നീടുള്ള ജീവിതത്തിന് തുണയായി. ഫ്രോയിഡിന്റെ മനശ്ശാസ്ത്രചിന്തകള്‍ അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. സ്പാനിഷ് കവിയായ ലോര്‍ക്കയും ചിത്രകാരനായ സാര്‍വദോ൪ ദാലിയും ലൂയി ബുനുവലിന് നൂതനചിന്തകൾ പകര്‍ന്നുനല്‍കിയ കലാകാരന്മാരാണ്.
1920-ല്‍ ബുനുവലിന്റെ നേതൃത്വത്തിൽ ഒരു സ്പാനിഷ് മൂവിക്ലബ് രൂപീകരിക്കുന്നുണ്ട്. ഇക്കാലയളവില്‍ ഫ്രിറ്റ്സ് ലാങ്ങിന്റെ സിനിമകൾ ലൂയി ബുനുവലിന്റെ ചലച്ചിത്രലാവണ്യബോധത്തെ വികസിപ്പിക്കുന്നുമുണ്ട്. ലോര്‍ക്കയും ദാലിയും ബുനുവലും അവാങ്-ഗാര്‍ദ് ശൈലി പിന്തുടര്‍ന്നവരാണ്. കലയിലും സാഹിത്യത്തിലും പുതുരൂപങ്ങളും തന്ത്രങ്ങളും വിഷയങ്ങളും ആവിഷ്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പരീക്ഷണപ്രവണന്മാരായ കലാകാരന്മാരും എഴുത്തുകാരും അടങ്ങുന്ന കൂട്ടായ്മയാണ് അവാങ്-ഗാര്‍ദ്. കലയിലെ പരീക്ഷണാത്മകതയായിരുന്ന അവാങ്-ഗാര്‍ദ് ശൈലിയിലൂടെ, സര്‍റിയലിസത്തിലൂടെയാണ് ലൂയി ബുനുവലിന്റെ ആദ്യകാലസിനിമകൾ പ്രശസ്തി നേടുന്നത്. ഫിലിമോഗ്രാഫിയിലും തീമുകളിലും ശൈലിയിലും വൈവിധ്യം പുലര്‍ത്തുന്നവയാണ് ബുനുവലിന്റെ സിനിമകൾ.
സര്‍റിയലിസവും ബുനുവല്‍ സിനിമകളും
ഒരു കലാപ്രസ്ഥാനം എന്നതിലുപരി ഒരു സാങ്കേതികതയായി കണക്കാക്കാവുന്ന ആശയമാണ് സര്‍റിയലിസം. യാഥാര്‍ത്ഥ്യത്തിന് പുറത്തുള്ള ലോകത്തെ നിര്‍മ്മിക്കുന്നതിനുള്ള ചിത്രങ്ങളോ ചിഹ്നങ്ങളോ പ്രവര്‍ത്തനമോ ചേര്‍ന്നതാണ് സര്‍റിയലിസം. റിയലിസത്തെക്കാള്‍ ഉയര്‍ന്ന റിയലിസമാണിത്. "ദാദായിസത്തില്‍ നിന്നു തെറ്റിപ്പിരിഞ്ഞവരാണ് സര്‍റിയലിസ്റ്റുകള്‍. സര്‍റിയലിസം ദാദായിസത്തെപ്പോലെ നിഷേധാത്മകവും സര്‍വധ്വംസകവും അല്ല. അതിനൊരു ജീവിതവീക്ഷണമുണ്ട്. ക്രമമുള്ള ഒരു ഭ്രാന്താണതെന്നു പറയാം" (പാശ്ചാത്യസാഹിത്യദര്‍ശനം, പ്രൊഫ. എം.അച്യുതന്‍, 2004, പുറം 562).
1920 കളിൾ തന്നെ സര്‍റിയലിസ്റ്റ് സിനിമകള്‍ പ്രദര്‍ശനത്തിന് എത്തുന്നു. ജെര്‍മെയ്ന്‍ ദുലാക്കിന്റെ 'ദി സീഷെല്‍ ആന്‍ഡ് ദി ക്ലര്‍ജിമാനാ'ണ് ആദ്യ സര്‍റിയലിസ്റ്റ് സിനിമ. 1928-ല്‍ സാല്‍വദോര്‍ ദാലിയും ലൂയി ബുനുവലും ചേര്‍ന്ന് നിര്‍മ്മിച്ച 'ഉന്‍ ചിയാൻ ആന്‍ഡലോ' എന്ന സിനിമ സര്‍റിയലിസത്തിന്റെ മികച്ച ഉദാഹരണമാണ്. പതിനാറ് മിനിറ്റ് ദൈര്‍ഘ്യമുള്ള നിശ്ശബ്ദ ഹ്രസ്വചിത്രമാണിത്. ഉറുമ്പുകള്‍ അരിക്കുന്ന കൈയും, നീണ്ടുകൂര്‍ത്ത മേഘവും, ക്ഷൗരക്കത്തി കണ്ണിനെ മുറിക്കുന്നതുപോലെ ചന്ദ്രനെ നേര്‍പ്പാതിയാക്കി മുറിക്കുന്ന ദൃശ്യവും ഇവയെല്ലാമടങ്ങുന്ന ബുനുവലിന്റെ സ്വപ്നമാണ് സിനിമയായി മാറിയത്. 'ഉണ്‍ചിയേന്‍ ആന്‍ഡലു പിറന്നത് എന്‍റെയും ദാലിയുടെയും സ്വപ്നങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിൽ നിന്നാണ്. പിന്നീട് ഞാന്‍ സ്വപ്നങ്ങൾ നേരിട്ട് സിനിമയിലേക്കു കൊണ്ടുവന്നു' എന്ന് ലൂയി ബുനുവല്‍ തന്റെ ആത്മകഥയായ ‘Man Dernier Soupir (എന്റെ അവസാനശ്വാസം വരെ )ലില്‍ പറയുന്നുണ്ട് (എന്റെ അവസാനശ്വാസം വരെ - ലൂയി ബുനുവൽ, 2015:121).
ബുനുവലിന്റെ എല്‍ ഏജ് ഡി ഓ൪ (L Aag d Or - 1930) എന്ന സിനിമയും സിനിമാറ്റിക് സര്‍റിയലിസത്തിന് മികച്ച ഉദാഹരണമാണ്. സര്‍റിയൽ കോമഡി എന്ന വിശേഷണവും ഈ സിനിമയ്ക്കുണ്ട്. എന്നാല്‍ പ്രീമിയ൪ പ്രതിഷേധക്കാ൪ ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞതോടെ പ്രദര്‍ശനം ഫ്രാന്‍സിൽ നിരോധിച്ചു. സംഘടിതമതം ലൈംഗികതയെ അടിച്ചമര്‍ത്തുന്നതിനെതിരെയുള്ള പ്രതിഷേധവും സമൂഹത്തിലെ ലജ്ജാകരമായ സംവിധാനങ്ങളും ഈ ചിത്രത്തിലൂടെ ബുനുവല്‍ പൊളിച്ചുകാട്ടുന്നുണ്ട്. രണ്ടുപേരെ പരസ്പരം അടുപ്പിക്കുന്ന ശക്തിയായി പ്രണയം മാറുന്നതിനെക്കുറിച്ചും എന്നാല്‍ ഒരിക്കലും ഒന്നായിത്തീരാന്‍ കഴിയില്ലെന്ന അസാധ്യതയെക്കുറിച്ചുമുള്ള സിനിമയായിരുന്നു ഇത്. യാഥാസ്ഥിതികവിഭാഗക്കാ൪ ഈ സിനിമയെ ദൈവനിന്ദയാക്കി മുദ്രകുത്തുകയാണ് ചെയ്തത്. സമൂഹത്തിന്റെ നെടുംതൂണുകളായി കണക്കാക്കിയിരുന്ന സ്ഥാപനങ്ങളെയാണ് സിനിമയില്‍ ബുനുവൽ ചോദ്യം ചെയ്തത്.
തന്‍റെ ജന്മനാടായ വെച്ച് സ്പെയിനിൽ ബുനുവൽ 3 സിനിമകളാണ് നിര്‍മ്മിച്ചത്. അതില്‍ രണ്ടു സിനിമകള്‍ അവിടെ നിരോധിക്കപ്പെട്ടു. 'ക്വിയന്‍ മിക്വിയറെ അമി' എന്ന മൂന്നാം ചിത്രം പരാജയപ്പെട്ട സിനിമയായിരുന്നു. സ്പെയിനില്‍ ആഭ്യന്തരയുദ്ധം ആരംഭിച്ചതോടെ ബുനുവൽ അമേരിക്കയിലേക്ക് പോയി. 1947 മുതല്‍ 1960 കൾ വരെയുള്ള കാലത്ത് ബുനുവൽ മെക്സിക്കൻ ചലച്ചിത്രസംവിധായകനായിരുന്നു. അവിടെവച്ച് അദ്ദേഹം സംവിധാനം ചെയ്ത മെലോഡ്രാമ നിറഞ്ഞ സിനിമയാണ് ഗ്രാന്‍ കാസിനോ (1947).
1949-ല്‍ ഇറങ്ങിയ 'എല്‍ ഗ്രാൻ കാലവേര' എന്ന സിനിമ മികച്ച ഹാസ്യ സര്‍റിയലിസ്റ്റിക് സിനിമയാണ്. റാമിറോ ഡി ലാ മാതാ എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് ഈ സിനിമയിലുള്ളത്. പരമ്പരാഗതമായ ജീവിതസന്ദേശത്തിനു വിധേയമാകുന്നതു തടയാൻ സര്‍റിയലിസ്റ്റ് ദൃശ്യങ്ങൾ ഉള്‍ക്കൊള്ളിച്ച് ബുനുവൽ സിനിമയെ ദൃശ്യസമ്പന്നമാക്കുന്നു.
ലൂയി ബുനുവലിന്റെ 'ദി യംഗ് ആന്‍ഡ് ദി ഡാംഡ്' എന്ന സിനിമ അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച സിനിമയായി വിശേഷിപ്പിക്കുന്നു. തെരുവിന്റെ സന്തതികളായ കുറേ കുട്ടികളുടെ കുറ്റങ്ങളും വൈകൃതങ്ങളും നിറഞ്ഞ ഇരുണ്ട ലോകത്തെ ചിത്രീകരിച്ച സിനിമ 1950- ലാണ് ഇറങ്ങിയത്. "കുടുംബത്തിനുള്ളിലെ സ്നേഹരാഹിത്യവും പ്രതികൂല പരിതഃസ്ഥിതികളും കാരണം കുറ്റകൃത്യത്തിലേക്കു തിരിഞ്ഞ ബാലന്മാരുടെ വിലക്ഷണവും ദുഃഖപൂര്‍ണവുമായ മാനസിക യാഥാര്‍ത്ഥ്യത്തെ അതിഭാവുകത്വലേശമില്ലാതെ ചിത്രീകരിക്കുന്ന ഉദ്ദേശ്യപൂര്‍ണമായ ഒരു കലാസൃഷ്ടിയാണ് ദി യംഗ് ആന്‍ഡ് ദി ഡാംഡ്" (കാഴ്ചയുടെ അശാന്തി, വി.രാജകൃഷ്ണന്‍, 2001, പുറം 41). ക്രൂരതയും ലൈംഗികാഭിനിവേശവും നിറഞ്ഞ ധാരാളം ദൃശ്യബിംബങ്ങള്‍ ബുനുവൽ ഈ സിനിമയിൽ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഫ്രോയിഡിന്റെ ഈഡിപ്പസ് കോംപ്ലക്സ് സിനിമയിലെ പെഡ്രോ എന്ന കഥാപാത്രത്തിന്റെ സ്വപ്നദര്‍ശനത്തിലൂടെ തെളിയുന്നുമുണ്ട്. മരണത്തിന്‍റെയും കടിഞ്ഞാണില്ലാത്ത രതിവാസനയുടെയും ആവിഷ്ക്കാരമായി ചിത്രം മാറുന്നു. ഈ ചിത്രത്തിലെ പ്രതീകവിന്യാസരീതി ബുനുവലിന്റെ ചലച്ചിത്രലോകത്തിലെ ബിംബ-പ്രതിരൂപ ഘടനകളുടെ അടിസ്ഥാനസ്വഭാവം ചൂണ്ടിക്കാട്ടുന്നു. ലൂയി ബുനുവലിനെ ഏറ്റവുമധികം മഥിച്ച രണ്ടു പ്രമേയങ്ങളാണ് ലൈംഗികാസക്തിയും ക്രൂരതയും.
1952-ല്‍ പ്രദര്‍ശനത്തിനെത്തിയ 'അഡ്വൈഞ്ചേഴ്സ് ഓഫ് റോബിന്‍സണ്‍ ക്രൂസോ'യാണ് ബുനുവലിന്റെ ആദ്യ വര്‍ണചിത്രം. 1953-ല്‍ എമിലി ബ്രോണ്ടിയുടെ 'വുതറിങ് ഹൈറ്റ്സ്', 'ലാ ഇല്യൂഷന്‍ വിയജാ എന്‍ട്രാന്‍ വിയാ' എന്ന പേരില്‍ ചലച്ചിത്രമാക്കുന്നുണ്ട്. 1955-ലെ 'ദി ക്രിമിനല്‍ ലൈഫ് ഓഫ് ആര്‍ക്കി ബാള്‍ഡോ ഡിലാക്രൂസ്' എന്ന ചിത്രം ഒരു കുറ്റാന്വേഷണ ത്രില്ലറാണ്. ഒരു സീരിയൽ കില്ലറിന്റെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. 1960-ല്‍ പുറത്തിറങ്ങിയ 'ദ യംഗ് വണ്‍' എന്ന ചിത്രത്തിൽ സതേൺ ഗോഥിക് സിനിമകളുടെ അന്തരീക്ഷമാണുള്ളത്. ഇതൊരു ത്രില്ലര്‍ സിനിമയാണ്. കുറ്റബോധം, വംശീയത തുടങ്ങിയ പ്രമേയങ്ങള്‍ സിനിമ കൈകാര്യം ചെയ്യുന്നുണ്ട്.
പൗരോഹിത്യത്തിനെതിരെയുള്ള സിനിമകള്‍
ലൂയി ബുനുവലിന്റെ സിനിമകൾ സാമൂഹികസ്ഥാപനങ്ങളെ വെല്ലുവിളിക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ സിനിമകളുടെ പ്രമേയഘടനയിലെ ഒഴിവാക്കാനാവാത്ത ഘടകമാണ് പള്ളിക്കും പൗരോഹിത്യത്തിനുമെതിരെയുള്ള തീക്ഷ്ണപരിഹാസം. "കലയിലെ സര്‍റിയലിസ്റ്റിക് കലാപത്തിന്റെ സ്വാധീനത ഏറ്റുവാങ്ങിയ ഉള്ളുകൊണ്ട് എന്നുമൊരു അരാജകവാദിയായിരുന്ന ബുനുവലിനെ സംബന്ധിച്ചിടത്തോളം ക്രിസ്ത്യന്‍ സദാചാരസങ്കല്പത്തിൽ അടങ്ങിയിരുന്ന പുറംപൂച്ച് അസഹനീയമായ ഒന്നായിരുന്നു" (കാഴ്ചയുടെ അശാന്തി, വി.രാജാകൃഷ്ണന്‍, 2001:8). എല്‍ ഏജ് ഡി ഓ൪ (1930), നസാറിന്‍ (1958), വിറിഡിയാന (1961) തുടങ്ങിയ സിനിമകളില്‍ ക്രിസ്തുമതാചാരങ്ങളുടെ നിന്ദ കലര്‍ന്ന ഹാസ്യാനുകരണം പതിഞ്ഞുകിടക്കുന്നതായി കാണാം. നന്മ മാത്രം ചെയ്യാനാഗ്രഹിച്ച നസാറിന്‍ എന്ന പാതിരി അനുഭവിക്കേണ്ടിവരുന്ന ദുരന്തപരീക്ഷണങ്ങള്‍ നിറഞ്ഞ ചലച്ചിത്രമാണ് നസാറിന്‍. സഹജീവികളോട് കാരുണ്യം കാണിക്കുന്ന അയാള്‍ പള്ളിമേധാവികളുടെ ശത്രുവാകുന്നു. അയാളുടെ വിശ്വാസം പോലും നഷ്ടപ്പെടുന്ന സാഹചര്യം വരുന്നു. സിനിമയുടെ അവസാനം പാവപ്പെട്ട ഒരു വൃദ്ധനില്‍ നിന്ന് നസാറിന്‍ പൈനാപ്പിൾ സ്വീകരിക്കുന്നത് പ്രതീകാത്മകമായി കാണിക്കുന്നു. മതാത്മകമായ സന്ദേഹങ്ങളിലൂടെയും നിരാശയിലൂടെയും കടന്നുപോയ പാതിരി ഒടുവില്‍ മനുഷ്യനിലുള്ള വിശ്വാസത്തെ മുറുകെപ്പിടിക്കുന്നത് പ്രതീകാത്മകമായി ബുനുവല്‍ ആവിഷ്ക്കരിക്കുകയായിരുന്നു.
1962-ലെ വിറിഡിയാന ക്രൈസ്തവലോകത്തെ ആകെ പിടിച്ചുകുലുക്കിയ ഒരു വിവാദത്തിന് വഴിയൊരുക്കിയ ചലച്ചിത്രമാണ്. റോമിലെ പോപ്പിന്‍റെ പോലും വിമര്‍ശനത്തിന് കാരണമായ സിനിമയാണിത്. ശാരീരികചോദനകളുടെയും വൈകാരിക പ്രേരണകളുടെയും ജൈവികതയില്‍ വിശ്വസിച്ച ബുനുവല്‍ സംഘടിതമതത്തിന്‍റെ സ്വാധീനതയെ പരിഹാസത്തോടെയാണ് എന്നും കണ്ടത്. ഇതിനു തെളിവായി ധാരാളം ദൃശ്യങ്ങള്‍ ഈ സിനിമയിലുണ്ട്. ഒരേ വസ്തു കത്തിയായും കുരിശായും ഉപയോഗിക്കപ്പെട്ട രംഗങ്ങള്‍ സിനിമയിലുണ്ട്. വിറിഡിയാന എന്ന കന്യാസ്ത്രീക്കു സംഭവിച്ച ദുരന്തകഥകള്‍ വിവരിക്കുന്നതിനോടൊപ്പം ലൈംഗികസദാചാരത്തിന്റെ കറുത്ത ചിത്രങ്ങൾ കൂടി ഈ സിനിമ നല്‍കുന്നുണ്ട്. രതി വൈകൃതങ്ങളുടെ സൂചനകളും ലിംഗസംബന്ധിയായ പ്രതിരൂപങ്ങളും മതാത്മക പ്രതിരൂപങ്ങളും ചലച്ചിത്രത്തിന്റെ ഭാവശില്പത്തെ തീവ്രമാക്കുന്നുണ്ട്. കുരിശുരൂപത്തില്‍ തന്നെ കത്തിയുടെ ഉപയോഗവും കാണിക്കുന്നുണ്ട്. നായികയുടെ ദൈനംദിന ജീവിതം ചിത്രീകരിക്കുമ്പോള്‍ ലൂയി ബുനുവലിന്റെ ക്യാമറ എടുത്തുകാണിക്കുന്ന ചിത്രമാണ് പ്രാര്‍ത്ഥനാസമയത്ത് അവള്‍ അണിയുന്ന മുള്‍ക്കിരീടം. ജീവിതത്തിന്റെ വിശുദ്ധമായ ഓര്‍മ്മയും ആത്മനിഷേധത്തിന്റെ ചിത്രവുംകൂടിയായി അത് മാറുന്നു. ഈ ചലച്ചിത്രത്തിലെ 'യാചകരുടെ വിരുന്ന്' എന്ന ഭാഗം ഡാവിഞ്ചിയുടെ 'ദി ലാസ്റ്റ് സപ്പര്‍' എന്ന പെയിന്‍റിംഗിന്റെ ഹാസ്യാനുകരണമാണ്.
സര്‍റിയലിസം വീണ്ടും
1962-ലെ 'എക്സ് ടെര്‍മിനേറ്റിംഗ് ഏഞ്ചൽ' എന്ന സിനിമ ഹൈക്ലാസ് ഡിന്ന൪ പാര്‍ട്ടിയിൽ കുടുങ്ങിയ അതിഥികളെ കാണിക്കുന്നു. സദാചാര മുഖംമൂടികള്‍ അഴിഞ്ഞ് വന്യതയുടെ പല ഭാവങ്ങൾ കഥാപാത്രങ്ങള്‍ പ്രകടിപ്പിക്കുന്നത് സര്‍റിയലിസ്റ്റിക്കായി ബുനുവൽ അവതരിപ്പിക്കുന്നുണ്ട്. സ്ലീപ് വാക്കര്‍ സ്ത്രീയെ ആക്രമിക്കുന്നത്, വന്യമൃഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്, ധാരാളം ആളുകള്‍ ആത്മഹത്യ ചെയ്യുന്നത് ഒക്കെ സിനിമയില്‍ കാണാം. പള്ളിയെ ഈ ചിത്രത്തിലും അദ്ദേഹം പരിഹസിക്കുന്നുണ്ട്. സിനിമയുടെ ശാശ്വതമായ പൈതൃകത്തേയും അദ്ദേഹം ചോദ്യം ചെയ്യുന്നു. ബുനുവലിന്റെ മെക്സിക്കന്‍ മാസ്റ്റര്‍പീസായി ഈ സിനിമ മാറുന്നുണ്ട്. 1967-ലെ 'ബെല്ലെ ഡി ജോര്‍' എന്ന സിനിമ ഒരു ഫ്രഞ്ച് വീട്ടമ്മയുടെ മസോക്കിസ്റ്റിക് ഫാന്‍റസികൾ അവതരിപ്പിക്കുന്നു. അവള്‍ മറ്റൊരു പേരിൽ രഹസ്യമായി ഒരു വേശ്യാലയത്തിൽ ജോലി ചെയ്യുന്നതും മറ്റും സിനിമയിൽ കാണാം. കാമം, ആഗ്രഹം, കുറ്റബോധം, വെറുപ്പ്, നാണക്കേട്, മോചനം എന്നിങ്ങനെയുള്ള വികാരങ്ങള്‍ നിറഞ്ഞതാണ് ഈ സിനിമ. ലൈംഗികാസക്തിയുടെ വിവിധ തലങ്ങള്‍ ശക്തമായി സിനിമയിൽ ബുനുവൽ അവതരിപ്പിക്കുന്നുണ്ട്.
'ദി ഡിസ്ക്രീറ്റ് ചാം ഓഫ് ദ ബൂര്‍ഷ്വാസി' എന്ന സിനിമ 1972-ല്‍ ഇറങ്ങിയ ആക്ഷേപഹാസ്യസിനിമയാണ്. സര്‍റിയലിസ്റ്റിക് അവതരണത്തിലൂടെ സവര്‍ണരുടെ കാപട്യത്തെ അദ്ദേഹം തുറന്നുകാട്ടുന്നു. മിറാന്‍ഡയിലെ അംബാസഡറോടൊപ്പം 'ഒരു കൂട്ടം പാരിസുകാര്‍ ഒന്നിച്ച് അത്താഴം കഴിക്കാന്‍ ശ്രമിക്കുമ്പോള്‍ അത് തുടര്‍ച്ചയായി തടസ്സപ്പെടുന്നതിന്റെയും മറ്റും ദൃശ്യങ്ങളായാണ് സിനിമ ആരംഭിക്കുന്നത്. അതിയാഥാര്‍ത്ഥ്യവും സ്വപ്നവും തികഞ്ഞ രംഗങ്ങളോടെയാണ് സിനിമ തുടര്‍ന്ന് സഞ്ചരിക്കുന്നത്. ബൂര്‍ഷ്വാസികളുടെ ജീവിതം, രൂപവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അസമത്വം ഇപ്രകാരം നിരവധി ദൃശ്യവിസ്മയങ്ങൾ സിനിമയെ സമ്പന്നമാക്കുന്നു. 'ഫാന്റം ഓഫ് ലിബര്‍ട്ടി' എന്ന സിനിമയിലും 'ദി എക്സ്റ്റെര്‍മിനേറ്റിംഗ് ഏയ്ഞ്ചലി'ലും അത്താഴവിരുന്നിന്‍റെ വിവിധ സാമൂഹികമാനങ്ങൾ ലൂയി ബുനുവൽ അവതരിപ്പിക്കുന്നുണ്ട്.
ബുനുവലിന്റെ അവസാന ചിത്രമായ ‘The obscure object of desire’1977-ലാണ് ഇറങ്ങിയത്. ഫാന്‍റസിയും യാഥാര്‍ത്ഥ്യവും കൂടിച്ചേര്‍ന്നതാണ് ഈ സിനിമ. സഫലമാകാത്ത ആഗ്രഹത്തിന്റെ വിനാശശക്തിയെക്കുറിച്ചാണ് ഈ സിനിമ സൂചിപ്പിക്കുന്നത്. പ്രായക്കൂടുതലുള്ള ലോത്താരിയോ മാത്യു എന്ന ധനികനായ കഥാപാത്രം കൊഞ്ചിറ്റ എന്ന പ്രായം കുറഞ്ഞ സ്ത്രീയുമായി പ്രണയത്തിലാവുന്നതും പിന്നീട് നിരന്തരം അവളെ പീഡിപ്പിക്കുന്നതും സിനിമയില്‍ കാണാം. എന്നാല്‍ കൊഞ്ചിറ്റയുടെ സ്നേഹം നേടാന്‍ മാത്യുവിന് കഴിയുന്നില്ല. അതിലുളള അയാളുടെ നിരാശയെ മുതലെടുത്ത് അവള്‍ മുന്നേറുന്നതാണ് സിനിമയില്‍ പിന്നീടുള്ളത്. മാത്യുവിന്റെ കൊഞ്ചിറ്റയോടുള്ള ഭ്രാന്തമായ പ്രണയം സര്‍റിയലിസ്റ്റിക്കായി സിനിമയിൽ പല പ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. കൊഞ്ചിറ്റ എന്ന കഥാപാത്രത്തിന്റെ വ്യക്തിത്വം അവതരിപ്പിക്കാൻ രണ്ട് നടിമാരാണ് സിനിമയിലുള്ളത്. ബുനുവലെന്ന സംവിധായകന്റെ സര്‍റിയലിസ്റ്റിക് തന്ത്രമാണ് ഈ തിരഞ്ഞെടുപ്പ്. പ്രേക്ഷകര്‍ അവളെ രണ്ടായി കാണുമെങ്കിലും മാത്യു ഒന്നായാണ് കാണുന്നത്. ഇതുകൂടാതെ പരുക്കന്‍ തവിട്ടുനിറത്തിലുള്ള ഹോബോചാക്ക് പല ദൃശ്യങ്ങളിലായി സിനിമയിലുടനീളം പ്രത്യക്ഷമാകുന്നുണ്ട്. ചില സമയത്ത് അസംബന്ധമായി മാത്യുവിന്‍റെ കൈയില്‍. ചിലസമയത്ത് ഫാന്‍സിസ്റ്റോറിന്റെ ജനാലയിൽ ഒക്കെ അത് പ്രത്യക്ഷമാകുന്നുണ്ട്. കൊഞ്ചിറ്റയുടെ ചാരിത്ര്യവും ഇതുപോലെ ഭ്രമിപ്പിക്കുന്ന പല ദൃശ്യങ്ങളായി വരുന്നുണ്ട്. മാത്രമല്ല ഒരു പന്നിയെ സ്പാനിഷ് ജിപ്സി കുഞ്ഞിനെപ്പോലെ കൊണ്ടുപോകുന്നത്, കോക്ക്ടെയിലില്‍ ഈച്ച നീന്തുന്നത് ഇപ്രകാരം പലതരം സര്‍റിയലിസ്റ്റിക് രംഗങ്ങളിലൂടെയാണ് ഈ സിനിമ മുന്നോട്ടുപോകുന്നത്.
ഇപ്രകാരം നിരവധി സിനിമകളിലൂടെ സിനിമാറ്റിക് സര്‍റിയലിസത്തിന്റെ പിതാവായി ലൂയി ബുനുവല്‍ വാഴ്ത്തപ്പെട്ടു. പില്‍ക്കാല സര്‍റിയലിസ്റ്റിക് തലമുറയെ സ്വാധീനിച്ച സംവിധായകരിലൊരാളാണ് ബുനുവല്‍. ധാര്‍മ്മികത, സംഘടിതമതത്തിന്റെ പൊള്ളവാദങ്ങൾ മുതലായവയെ എന്നും എതിര്‍ത്ത സംവിധായകനാണദ്ദേഹം. തന്റെ സിനിമകളിലൂടെ, സിനിമയിലെ അതിയാഥാര്‍ത്ഥ്യരംഗങ്ങളിലൂടെ എന്നും അദ്ദേഹം അത് തെളിയിച്ചുകൊണ്ടിരുന്നു.
സഹായകഗ്രന്ഥങ്ങള്‍
1. എന്റെ അവസാനശ്വാസം വരെ, ലൂയി ബുനുവല്‍ (വിവ. രാജന്‍ തുവ്വാര), കറന്റ് ബുക്സ്, 2015.
2. കാഴ്ചയുടെ അശാന്തി, വി,രാജാകൃഷ്ണന്‍, 2001, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
3 പാശ്ചാത്യസാഹിത്യദര്‍ശനം, പ്രൊഫ. എം.അച്യുതന്‍, ഡി.സി.ബുക്ല്, 2004.
4. മാധ്യമങ്ങളും മലയാളസാഹിത്യവും, ഒരു സംഘം ലേഖകന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2000
5. സിനിമയുടെ നീതിസാരം, പി.ജി.സദാനന്ദന്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 2006
6. സിനിമയുടെ ലോകം, അടൂര്‍ ഗോപാലകൃഷ്ണൻ, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, 1945.
ഡോ.വീണാഗോപാല്‍ വി.പി.
അസ്സോസിയേറ്റ് പ്രൊഫസര്‍
മലയാളവിഭാഗം
യൂണിവേഴ്സിറ്റി കോളേജ്
തിരുവനന്തപുരം