കവിത
വിശാഖ് എം.എസ്
ഒന്ന്
മുനപൊട്ടിയ കുറ്റിപ്പെൻസില് കൊണ്ട്
ഞാനൊരു പകലിന്റെ ചിത്രം വരച്ചു.
പൊടിപറത്തിയ
കാറ്റിന്റെ നിറമുള്ള ചിത്രം.
കണ്ണ്
മൂക്ക്
നീണ്ടു വരണ്ടൊരു നാക്കും.
ആ നാവ് കൊണ്ട് ഉപ്പുമണം രുചിച്ചപ്പോൾ
ഒരു പുള്ളിപ്പുലി നാടുകേറി വന്നു.
ഒപ്പമുള്ളവരും ഞാനും തല ചെരിച്ചു നോക്കി.
അപ്പോൾ ഭൂതകാലത്തിന്റെ ഒരു നിഴൽ
ഞങ്ങളുടെ തലകൾക്ക് മുന്നേ നടന്നു തുടങ്ങി.
രണ്ട്
വിരൽ നീട്ടി ഞാനൊരു
പുതിയ ആകാശം വരച്ചു.
നത്ത് മൂളി
നക്ഷത്രങ്ങൾ വസ്ത്രങ്ങളഴിച്ചു.
ഒരു ചുവന്ന നിലാവ് രാത്രിയുണ്ടാക്കി.
ഇരുട്ടിനു കുറുകെ ഞങ്ങളുടെ
വിരലുകൾ നടക്കാനിറങ്ങിയപ്പോൾ
രണ്ട് ഓർമ്മകൾ മാത്രം മരണപ്പെട്ടു.
മൂന്ന്
കറുപ്പിനെ കൊന്ന
വെളിച്ചത്തിന്റെ നെഞ്ചിലേക്ക്
ഒരു രാത്രി ഉറങ്ങാൻ കിടന്നു.
വെളിച്ചം കെട്ടു
തെക്കൻ കാറ്റ് നീട്ടി ചൂളം വിളിച്ചു.
കാട് വെട്ടി
കണ്ണ് വെട്ടി
നിഴൽ വെട്ടി
പുതിയൊരു കാലം ജനിച്ചു.
നാല്
രാത്രിയിൽ
ഉള്ളിച്ചോറ് കുഴച്ചു തന്നപ്പോൾ
ഇരുട്ടിൽ പ്രേതമുണ്ടെന്ന്
മുത്തശ്ശി മൂളി.
മുത്തശ്ശിക്കൊപ്പം ബലിപ്പായ മടക്കി
പ്രേതം വെയിലിലൊളിച്ചു.
ആ വെളുത്ത പകലിനെ
ഞാൻ ഇരുട്ടിൽ വരച്ചു.
കാറ്റിനെ വരച്ചു
മരങ്ങൾ വരച്ചു
വിരലുകൾ വരച്ചു
ശേഷം മരിച്ച പകലിനെ കഴുകി കളഞ്ഞു.
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ
കാട് കണ്ടില്ല
നിലാവ് കണ്ടില്ല
രാത്രി കണ്ടില്ല
അപ്പോഴേക്കും ഭൂതകാലത്തിന്റെ
നെറ്റിയ്ക്ക് മുകളിൽ
നടക്കാനിറങ്ങിയ വിരലുകൾ
ചാര നിറമുള്ള മറ്റൊരു പകലിനെ
വരച്ചു തുടങ്ങിയിരുന്നു.
Poem by Vishak M.S.
Phone: 9847037465
Vishak M.S.
Kadambattu House
Pulamon, Kottarakkara, Kollam