അജിത കെ.
ആമുഖം
വിവാഹശേഷം, പഴയ പ്രണയിയെ അല്ലെങ്കിൽ പ്രണയിനിയെ കണ്ടെത്തുന്നത്, അവർ വിവാഹേതരബന്ധത്തിലേക്കു നീങ്ങുന്നത്, നിത്യജീവിതത്തിൽ സാധാരണമാണെങ്കിലും ഇന്ത്യൻ സിനിമയിൽ, പ്രത്യേകിച്ച് മലയാള സിനിമയിൽ അങ്ങനെയധികം ചിത്രീകരണങ്ങളുണ്ടായിട്ടില്ല എന്നു പറയേണ്ടിവരും. ഇനി ഉണ്ടെങ്കിൽതന്നെ മലയാളസിനിമ ഗൌരവത്തോടുകൂടി ഈ വിഷയം കണ്ടിട്ടുണ്ടോ എന്നു സംശയമാണ്. സിനിമ കഥാനുസാരി എന്ന നിലയിലാണ് മലയാള സിനിമാ ചരിത്രത്തിൽ ഏറെക്കാലം മുന്നോട്ടു പോയിട്ടുള്ളത്. പുരാണകഥകളും പിന്നീട് ചെറുകഥകളും നോവലുകളും ഒക്കെ സിനിമയിലെ പ്രമേയത്തിന് അടിസ്ഥാനമായിരുന്നു എന്നത് സർവ്വവിദിതമാണ്.
കല്പനാ സുന്ദരമായ പ്രമേയമാണ് പ്രണയികൾ പിൽക്കാല ജീവിതത്തിൽ പരസ്പരം കണ്ടുമുട്ടുന്നത്.
ജീവിതത്തിന്റെ പരുക്കൻ സ്വഭാവം പലരെയും മടുപ്പിച്ച മധ്യവയസ്സിലോ വാർധക്യത്തിലോ ആണെങ്കിൽ ജീവിതത്തിൽ നിന്നുള്ള രക്ഷപ്പെടലിന്റെ സ്വഭാവം ഇതിന് ആർജിക്കാനാവും. ധൈര്യത്തെക്കാളേറെ ഭയമുള്ള മനുഷ്യർ ദിവാസ്വപ്നം കാണുന്ന സുഖത്തോടെ ഇതു ആസ്വദിക്കുകയും ചെയ്യാനിടയുണ്ട്. പിന്നീടുണ്ടാകാവുന്ന സംഘർഷങ്ങളെ കുറിച്ച് മുൻകൂറായി കാണാനാവാതെ പോകാറുമുണ്ട്. “വിവാഹബന്ധത്തിൽ നിന്നുള്ള വ്യതിചലനത്തെ സദാചാരലംഘനം അല്ലെങ്കിൽ വിലക്കിനെ മറികടക്കുന്നതിന്റെ ആനന്ദം എന്നതിനെക്കാൾ ഏകപത്നീത്വം/ ഏകപതിത്വം എന്നതിന്റെ പരിമിതിയായി കാണാൻ കഴിയും( ആകാംക്ഷാ ഭാടിയ, പുരുഷന്മാരെ വെറുതെ വിടുന്നു,സ്ത്രീകളെ അപമാനിക്കുന്നു: വിവാഹേതര ബന്ധങ്ങളുടെ ചിത്രണം ബോളിവുഡിൽ,2016,യൂത്ത് കീ ആവാസ്).
ഇന്ത്യൻ ജീവിതരീതി അനുസരിച്ച് കുടുംബങ്ങൾ തമ്മിലുള്ള കൈകോർക്കലുകളാണ് വിവാഹങ്ങൾ എന്നതുകൊണ്ടുതന്നെ സ്വയം ഇണയെ കണ്ടെത്തി വിവാഹം ചെയ്യാനോ വിവാഹബന്ധം സൂക്ഷിക്കാനാവുന്നില്ലെങ്കിൽ വിവാഹമോചനം എന്ന ഒരു തീരുമാനം സ്വയം എടുക്കാനോ ഒരാൾക്ക് എളുപ്പമല്ല. പുരുഷന്മാർ സ്ത്രീകളുമായും നേരെ തിരിച്ചും ബന്ധം കെട്ടിപ്പടുക്കുന്നതിൽ വിലക്കുകളുള്ള ഒരു അടഞ്ഞ വ്യവസ്ഥയാണ് ഇന്ത്യയുടേത്. വിവാഹേതര ബന്ധങ്ങൾ ആളുകൾക്കുണ്ടെങ്കിലും അതിന്റെ രഹസ്യസ്വഭാവത്തോടുകൂടി നിലനിർത്തേണ്ടിവരുന്നതിനാൽ അത് വലിയ സംഘർഷങ്ങൾ മനുഷ്യരുടെ ജീവിതത്തിൽ സൃഷ്ടിക്കുന്നു. മനുഷ്യന്റെ ആവിഷ്കാരങ്ങളിലും അതിന്റെ സങ്കീർണ്ണ സ്വഭാവം പകർന്നുകാണാം. മലയാളസിനിമ ഈ വിഷയത്തെ ഗൌരവത്തോടുകൂടി ഉൾക്കൊണ്ടിട്ടുണ്ടോ എന്നും ഏതുതരത്തിലുള്ള ആവിഷ്കാര മാതൃകകളാണ് അതുമുന്നോട്ടുവച്ചിട്ടുള്ളത് എന്നും ഈ ലേഖനം പരിശോധിക്കുന്നു. തിരഞ്ഞെടുത്ത മറ്റ് ഇന്ത്യൻ സിനിമകളുമായി മലയാള സിനിമകളെ സമാന്തരമായി താരതമ്യം ചെയ്യുകയും ചെയ്യുന്നു.
താക്കോൽവാക്കുകൾ: വിവാഹേതരം, കുടുംബവ്യവസ്ഥ, സാപത്ന്യം, പൊതുബോധം,സ്മാർത്തവിചാരം, ജനപ്രിയസിനിമ
പാപബോധം/ പ്രായശ്ചിത്തം എന്ന ദ്വന്ദ്വത്തിലൂന്നിയാണ് ഇന്ത്യൻ സിനിമ വിവാഹേതരബന്ധം എന്ന വിഷയത്തെ പൊതുവേ കൈകാര്യം ചെയ്തിട്ടുള്ളത്. ലൈംഗികതയും വൈകാരികതയും ഇതിൽ കൂടിക്കുഴയുകയും ചെയ്യുന്നുണ്ട്. പാതിവ്രത്യസങ്കല്പം മുന്നോട്ടുവച്ച കൃത്രിമവും ഹെജിമണിക്കലുമായ മൂല്യബോധമാണ് ഇതിനെ നിയന്ത്രിച്ചിരുന്നത്. അതേസമയം അതിനെ മറികടന്ന് ദാമ്പത്യജീവിതത്തിലെ സംഘർഷങ്ങളിലേയ്ക്കും പ്രണയത്തിൻ്റെ പുതുമേഖലകളിലേയ്ക്കും കണ്ണുറപ്പിച്ച ആവിഷ്കാരങ്ങളും ഉണ്ടായിട്ടുണ്ട്.
മലയാളത്തിൽ പ്രധാനമായി ഈ വിഷയം കൈകാര്യം ചെയ്ത ജനപ്രിയ സിനിമകൾ തീർഥാടന(2001)വും പ്രണയവും (2011), മേഘമൽഹാറു(2008)മാണ്. ചിദംബരം(1985), ഒരേ കടൽ(2007) എന്നീ സിനിമകൾ വിഷയാവതരണത്തിൽ ഏറെ ധൈര്യത്തോടെ മുന്നോട്ടുപോയവയാണ്. കോക്ടെയിൽ(2010) പിന്തിരിപ്പൻ നിലപാട് സൂക്ഷിച്ച ചലച്ചിത്രമാണ്. സൂപ്പർ ഡീലക്സ്(2019- തമിഴ്) 96(2018- തമിഴ്) , ലഞ്ച്ബോക്സ്(2013 -ഹിന്ദി) ചാരുലത(1964) ഘരേ ബായരെ(1985) കാദംബരി(2015) പുനശ്ച(2014-ബംഗാളി) ഘടശ്രാദ്ധ(കന്നട) മുതലായ സിനിമകൾ ഭാഷയുടെ അതിർത്തികൾ കടന്നു മലയാള സിനിമാപ്രേക്ഷകരിലേക്ക് എത്തിയിട്ടുള്ളവയാണ്. ഈ വിഷയത്തിലുള്ള ജനപ്രിയമലയാള സിനിമകളും പഠിക്കപ്പെടേണ്ടതുണ്ട്.
തീർഥാടനം
എം.ടി. വാസുദേവൻ നായർ കഥയും തിരക്കഥയും സംഭാഷണമെഴുതി, ജി.ആർ. കണ്ണൻ സംവിധാനം ചെയ്തു ജയറാമും സുഹാസിനിയും അഭിനയിച്ച് അനശ്വരമാക്കിയ ചലച്ചിത്രമാണ് തീർഥാടനം. വായനാസമൂഹം ഹൃദയമേറ്റിയ കഥയാണു എം.ടി.യുടെ വാനപ്രസ്ഥം. മാത്രമല്ല അതിലെ ചില രംഗങ്ങൾ മാധ്യമ ചരിത്രത്തിലെ ഏതു കാലത്താണ് ഈ കഥ നടക്കുന്നതെന്ന് അടയാളപ്പെടുത്താൻ ഉപകരിക്കുകയും ചെയ്യുന്നു. കത്തിലൂടെ, കൃത്യമായിപ്പറഞ്ഞാൽ പോസ്റ്റ് കാർഡിലൂടെയാണ് അധ്യാപകനായ പ്രണയി തന്റെ വിദ്യാർഥിയായിരുന്ന പ്രണയിനിക്ക് താൻ മൂകാംബികയിലേക്കു പുറപ്പെടുന്നു എന്ന വിവരം എഴുതി അറിയിക്കുന്നത്. മാത്രമല്ല പൂർവ്വകാലത്തിൽ തനിക്കു വന്ന പ്രിയപ്പെട്ട ആളുടെ വിവാഹാലോചന അവൾ അറിയാതെ പോവുന്നു. കത്തെഴുത്തിന്റെ കാലം മുപ്പതു നാൽപ്പതു വർഷങ്ങൾക്കു മുമ്പ് എപ്പോൾ വേണമെങ്കിലും ആയിരിക്കാം എന്നു നമുക്കു നിശ്ചയിക്കാനാവും.
നഷ്ടപ്രണയവും പ്രണയികളുടെ പിൽക്കാല പുനസ്സമാഗമവും, പല കെട്ടുപാടുകൾ ഈ നീണ്ട ഇടവേളയിൽ ഉണ്ടാക്കിയെടുത്തിരിക്കാൻ ഇടയുള്ളതുകൊണ്ട് ഉണ്ടാക്കുന്ന പുതിയ ബന്ധത്തിന്റെ ഗതി വേദനാപൂർണ്ണവും അസ്വതന്ത്രവും ആയിരിക്കാൻ ഇടയുണ്ട്.
പ്രണയം
ബ്ലെസ്സി സംവിധാനം ചെയ്ത് മോഹൻലാലും അനുപം ഖറും ജയപ്രദയും ചേർന്ന് അഭിനയിച്ചു വിജയത്തിലെത്തിച്ച പടമാണ് പ്രണയം. അച്യുതമേനോനും ഗ്രേസും പ്രണയിച്ചു വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിക്കുന്നു. കുഞ്ഞിനെ ചേർക്കേണ്ട മതത്തെ ചൊല്ലിയുള്ള വീട്ടുകാരുടെ നിർബന്ധം കാരണം അച്യുതമേനോൻ കുഞ്ഞിനെയും കൊണ്ട് നാടുവിടുന്നു. അയാൾ മൂന്ന് വർഷങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തുമ്പോഴേക്കും ഗ്രേസിനെ ഭീഷണിപ്പെടുത്തി മാത്യൂസ് എന്ന ഫിലോസഫി പ്രൊഫസ്സർക്കു വിവാഹം കഴിച്ചുകൊടുത്തിരിക്കുന്നു. 35-40 വർഷങ്ങൾക്ക് ശേഷം ഗ്രേസും മുൻഭർത്താവായിരുന്ന അച്ചുതമേനോനും തമ്മിൽ ഫ്ലാറ്റിലെ ലിഫ്റ്റിൽവച്ച് കാണുന്നു. അയാൾ പെട്ടെന്നുണ്ടായ ഷോക്കിൽ ഹൃദയസ്തംഭനം വന്നു വീഴുന്നു. ലിഫ്റ്റിൽ തനിച്ചാകുന്നു. ഗ്രേസ് ഇത് തിരിച്ചറിഞ്ഞ് ആശുപത്രിയിലെത്തിക്കുന്നു. വിവരങ്ങൾ അന്വേഷിച്ചറിയാൻ ഫ്ലാറ്റിൽ കേറിയിറങ്ങുന്നതോടെ അപവാദങ്ങൾ രണ്ടു കുടുംബങ്ങളെയും ഞെരുക്കുന്നു. ഗ്രേസും മാത്യൂസും മേനോനും തമ്മിൽ ഉള്ളറിഞ്ഞ അടുപ്പം ഉണ്ടാവുന്നു. അവർ ഒന്നിച്ച് ഒരു യാത്രയിൽ - ജീവിതം തന്നെയും ആവാം - ഒന്നിച്ചാകുന്നു. നേരത്തെ ഒരു വശം തളർന്നു പോയിരുന്ന മാത്യൂസ് മരണാസന്നനാവുന്നു. അയാൾ ഭാര്യയെ മേനോന് തിരിച്ചുകൊടുക്കുന്നു. അയാളുടെ കൈകൾക്കുള്ളിൽ അവൾ മരിച്ചു വീഴുന്നു. ഗ്രേസിനാൽ കൂട്ടിയിണക്കപ്പെട്ട രണ്ടു പുരുഷന്മാർ ഒന്നിച്ചാകുന്നു.
സംവിധായകന്റെ മുമ്പിൽ മൂന്ന് സാധ്യതകളാണ് ഉള്ളത്. ഒന്ന്, മൂന്ന് പേർ തമ്മിലുള്ള സൗഹൃദം നിലനിർത്തി, അപവാദങ്ങളുടെ ഭൂമിയിൽ ജീവിക്കുക, രണ്ട്, രണ്ടിലൊരു പുരുഷന്റെ മരണം, മൂന്ന്, നായികയുടെ മരണം. എന്നാൽ ഗ്രേസിന്റെ മരണം തിരഞ്ഞെടുത്തതിൽ ഒരു കീഴ്‌വഴക്കത്തിന്റെ സ്വാധീനമുണ്ട്. സ്ത്രീയ്ക്ക് ഇത്തരം ഒരു വിഷമസന്ധിയിൽ അവളുടെ മാനം രക്ഷിക്കേണ്ടതുണ്ട് എന്ന പൊതുബോധത്തിന്റെ ഫലമാണ് സംവിധായകൻ നടത്തിയ ദുരഭിമാനക്കൊല എന്ന് പറയേണ്ടിവരും. രണ്ടു പുരുഷന്മാർ ബാക്കിയാകുമ്പോൾ വിചിത്രമായ കഥാന്ത്യം ബാക്കിവച്ചു എന്ന പുതുമയുണ്ട് എങ്കിലും. പുരുഷന്മാർ രണ്ടുപേരും സിനിമയ്ക്കകത്തു സദാചാരവിചാരണകൾ നേരിടുന്നില്ല. എന്നാൽ പാഞ്ചാലി എന്ന് അമ്മ ആക്ഷേപിക്കപ്പെടുകയും കുടുംബത്തിന്റെ അന്തസ്സു കളഞ്ഞു എന്നും തൊഴിൽജീവിതം ജീവിതം അവസാനിക്കും എന്നൊക്കെ മകൾ ആരോപിക്കുകയും ചെയ്യുന്നുണ്ട്. ചെറുപ്പകാലം നായികയ്ക്ക് നിർണ്ണയാധികാരം ഉള്ള ഒന്നല്ലാതായിരിക്കുമ്പോഴും മുഴുവൻ ഉത്തരവാദിത്തങ്ങളും അവൾക്ക് മേൽ വന്നുവീഴുന്നത് ഇരട്ടപ്രഹരം പോലെ അനുഭവപ്പെടുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ കല ആണ് സിനിമയെങ്കിലും പുതിയ സമീപനം സ്വീകരിച്ചു കൊണ്ട് കഥാശരീരം രൂപപ്പെടുത്തുമ്പോഴും സമൂഹത്തിന്റെ വിഴുപ്പുകൾ ചുമക്കുന്ന ശീലം അതിന് ഉപേക്ഷിക്കാൻ കഴിയുന്നില്ല. ഒരേ സമയം പുതുമയും പഴമയും വഹിക്കുന്നുവെങ്കിലും മുഴുവനായും പുതുമയുൾക്കൊണ്ടു എന്ന തെറ്റിദ്ധാരണ ഉണ്ടാക്കുകയാണ് സിനിമ ചെയ്തത്.
മേഘമൽഹാർ
കമൽ സംവിധാനം ചെയ്ത് 2001ൽ പുറത്തുവന്ന, ആളുകൾ ഇരുകയ്യും നീട്ടി സ്വീകരിച്ച സിനിമയാണ് മേഘമൽഹാർ. ബാല്യകാലസഖികളായ രാജീവിന്റെയും ശ്രീക്കുട്ടിയുടെയും പുനസ്സമാഗമം കുടുംബചിത്രത്തിനിണങ്ങും വണ്ണം ചിത്രീകരിച്ചുപൂർത്തിയാക്കിയിരിക്കുന്നു. പില്ക്കാലത്ത് എഴുത്തുകാരി നന്ദിത മേനോൻ ആയി മാറിയ നായികയോട് രാജീവന് ഒരു മുൻകാലബന്ധം ഉള്ളത് കൊണ്ടാണ് അടുപ്പം തോന്നുന്നത് എന്ന മട്ടിൽ കാര്യങ്ങൾ ഉരുത്തിരിയുന്നു. അവരുടെ കൂട്ടുകാർ നിമിത്തം അവർ കൂടെക്കൂടെ കാണുന്ന സാഹചര്യം ഉണ്ടായിപ്പോവുന്നു. ബാല്യകാലസഖിത്വം നായിക തിരിച്ചറിഞ്ഞെങ്കിലും നായകനിൽനിന്ന് ഒളിച്ചുവയ്ക്കുന്നു. രണ്ടുപേരും വിവാഹിതരാണ്, കുടുംബജീവിതം ഭദ്രമായി കൊണ്ടുപോകുന്നവരുമാണ്. നായകന്റെ താത്പര്യം കേൾക്കുമ്പോൾ നായിക വിതുമ്പുകയും അവിടെ നിന്ന് പെട്ടെന്ന് ഇറങ്ങിപ്പോവുകയും ചെയ്യൂന്നു. വർഷങ്ങൾക്കു ശേഷം തങ്ങളുടെ ഇണകളൊത്ത് നായികാനായകർ കുട്ടിക്കാലം ചെലവഴിച്ച കന്യാകുമാരിയിൽവച്ച് കണ്ടുമുട്ടുന്നു. രാജീവന്റെയും നന്ദിതയുടെയും ഇണകൾ സഹപാഠികളാണെന്നു തിരിച്ചറിഞ്ഞു ആഹ്ലാദം പങ്കുവയ്ക്കുമ്പോൾ നായികാനായകർ അപരിചിതരെന്ന നാട്യത്തിൽ “ഹലോ ഹലോ” എന്ന് മൊഴിയുന്നു. കടലും കാറ്റും ആ സംഭാഷണം ഏറ്റുപിടിക്കുന്നു. പക്വതയില്ലാതെ കൈകാര്യം ചെയ്ത കഥാതന്തു എന്നു ഇന്ന് വിലയിരുത്താനാവുമെങ്കിലും ഇരുപത്തിമൂന്ന് വർഷങ്ങൾക്കു മുമ്പ് മൃദുലഹൃദയത്വം ഉള്ള അന്നത്തെ ആസ്വാദകസമൂഹം ഇത് മനസ്സിൽ കൊണ്ടുനടന്നിരുന്നു. ഇതിലെ സ്ത്രീയെ ഗൾഫുകാരന്റെ ഭാര്യയും നായകന്റെ ബാല്യകാലസഖിയും ആക്കിയാണ് സുരക്ഷിത സ്ഥാനത്ത് നിർത്തിയിട്ടുള്ളത്. മേഘമൽഹാറിലെ കൂട്ടുകാരൻ മാത്രമല്ല നായകൻ തന്നെയും പൊതുബോധത്തിന്റെ അടിമകളായാണ് നിരീക്ഷണത്തിൽ മനസ്സിലാവുക.
“.. തുല്യതയില്ലാത്ത ഒരാളെയെന്നപോലെ വീടിനകത്ത് തളച്ചിടുന്നതും കീഴടങ്ങാനും സംരക്ഷിക്കപ്പെടാനുമുള്ള വസ്തുവെന്ന നിലയിൽ പരിഗണിക്കുന്നതിന്റെ അടിസ്ഥാനം തന്നെയാണ് സ്ത്രീയെ എങ്ങനെ(സിനിമയിൽ) കാണുന്നു എന്നതിന്റെയും അടിസ്ഥാനം”.(സൂസൻ കെപ്ലർ 1986:61)
ചിദംബരവും ഒരേ കടലും കോക്ടെയിലും
സാമൂഹിക സദാചാരത്തെയും കുടുംബത്തിന്റെ ദൃഢഘടനെയും തകർത്ത് കുതിച്ച നിർമ്മിതികളാണ് ജി. അരവിന്ദന്റെ ‘ചിദംബര’വും ശ്യാമപ്രസാദിന്റെ ‘ഒരേ കട’ലും. ചിദംബരത്തിലെ നായികാനായകന്മാരുടെ അടുപ്പം തിരിച്ചറിയുന്ന വീട്ടുകാരൻ ആത്മഹത്യ ചെയ്യുന്നതിനെ തുടർന്ന് നായകൻ അലഞ്ഞു തിരിയുന്നതും പ്രസിദ്ധ തീർഥാടന കേന്ദ്രമായ ചിദംബരത്തെ അമ്പലത്തിന് മുന്നിൽ ഭക്തരഴിച്ചിട്ട ചെരിപ്പുകൾക്കു പിന്നിലായി നായികയെ കണ്ടെത്തുകയും ചെയ്യുന്നു. പശ്ചാത്താപം കൊണ്ട് വ്യഥിതരായ കഥാപാത്രങ്ങൾ കാണികളെ ചിന്താധീനരാക്കും. മനശ്ശാസ്ത്ര വിശകലന സാധ്യതയുള്ള കഥയാണ് അരവിന്ദൻ പറഞ്ഞുവയ്ക്കുന്നത്.
‘ഒരേ കടൽ’ പ്രായം ചെന്ന ഒരു എക്കണോമിക്സ് പ്രൊഫസറും ഒരു വീട്ടമ്മയുമായി ഉണ്ടാകുന്ന വിവാഹേതര ബന്ധത്തിന്റെ കഥയാണ്. സ്ത്രീ കുടുംബം ഉപേക്ഷിച്ചാണ് പുതിയ ബന്ധത്തെ മുറുകെ പിടിക്കുന്നത്. കുറേക്കൂടി മുന്നോട്ട് കടന്നു കുഞ്ഞ് കൂടി ഈ ബന്ധത്തിനകത്ത് വരുന്നുണ്ട് എന്ന വിശേഷവും ഇതിനുണ്ട്. ശ്യാമപ്രസാദിന്റെ ഈ സിനിമയെ പ്രേക്ഷകർ കയ്യൊഴിഞ്ഞു.
അരുൺ കുമാർ എന്ന സംവിധായകന്റെ പഴയ മൂല്യങ്ങൾ കെട്ടിപ്പുണരുന്ന ഒന്നാണ് കോക്ടെയിൽ. വില്ലൻ സ്വന്തം ഭാര്യയുടെ കാമുകനെ അയാളുടെ ഭാര്യയുടെ സഹായത്തോടെ ബ്ലാക് മെയിൽ ചെയ്തു തെറ്റ് തിരുത്തിക്കുന്ന(അതോ പക വീട്ടുന്നതോ)സിനിമ ആത്യന്തികമായി നല്ല ഫലം ഉണ്ടാക്കുന്നതു പോലുമില്ല. ഒരുതെറ്റിനെ അതിനെക്കാൾ വലിയ തെറ്റുകൊണ്ട് ശാസിക്കുകയോ ശിക്ഷിക്കുയോ ചെയ്യുന്ന, നല്ല സന്ദേശം പോലും നല്കാനില്ലാത്ത, ആരോഗ്യകരമായ ചർച്ച മുന്നോട്ട് വയ്ക്കാനില്ലാത്ത ഒന്നായിട്ടേ ഇതിനെ കൂട്ടാനാവൂ.
സൂപ്പർഡീലക്സും 96ഉം
സിനിമാറ്റിക് ആയിട്ടുള്ള ധാരാളം ഘടകങ്ങൾ ഉൾച്ചേർന്ന തമിഴ് സിനിമയാണ് സൂപ്പർ ഡീലക്സ്.
വർഷങ്ങൾക്കു ശേഷമുള്ള പുനസ്സമാഗമത്തിൽ വേഴ്ചയെ തുടർന്ന് യുവാവ് ഹൃദയാഘാതം മൂലം മരണപ്പെടുന്നു. അയാളെ ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിക്കുന്നു. യദൃച്ഛയാ വരുന്ന അടുത്ത വീട്ടിലെ ആളുകളിൽ നിന്ന് ഹൃദയോദ്വേഗത്തോടെ സമർഥമായി മറച്ചു പിടിക്കാൻ നായികയ്ക്കു സാധിക്കുകയും ചെയ്യുന്നു.
കുറച്ചു നേരത്തിനു ശേഷം എത്തിച്ചേരുന്ന ഭർത്താവ് പിണങ്ങി വിവാഹമോചനത്തിനൊരുങ്ങിയെങ്കിലും ഈ കുരുക്കിൽ നിന്ന് അവളെ രക്ഷിക്കാനൊരുങ്ങുന്നു. എന്നാൽ ക്രൂരനായ ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ മുമ്പിൽ അവർ ചെന്നു പെടുന്നു. അയാൾ അവരെ ബ്ലാക്മെയിൽ ചെയ്യുന്നു. എന്നാൽ വളരെ നാടകീയമായി തലയിൽ ടി.വി വീണ് അയാൾ മരണപ്പെടുന്നു.
വൻവിജയമായ 96 എന്ന സി.പ്രേംകുമാർ സംവിധാനം ചെയ്ത തമിഴ്ചിത്രത്തിൽ റാം, ജാനു എന്നിവരാണ് നായികാ നായകന്മാർ. അവരുടെ പ്ലസ്ടു കാലം ഏറെ വിശദമായി ചിത്രീകരിച്ചിരിക്കുന്നു. എസ്. ജാനകിയുടെ പാട്ടുകൾ പാടാൻ കഴിയുന്ന നായികയെ ഏറെ അന്തർമുഖനായ റാം കോളേജുകാലത്ത് കാണാൻ ശ്രമിക്കുന്നുണ്ടെങ്കിലും യദൃച്ഛയാ വരുന്ന വിഘ്നങ്ങൾ അവരെ അകറ്റുന്നു. വിവാഹം കഴിഞ്ഞ് വിദേശത്തായിരുന്ന നായിക 26 വർഷങ്ങൾക്കു ശേഷമുള്ള പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ വീണ്ടും കാണുന്നു. ഒരു രാത്രി മുഴുവൻ ഒന്നിച്ചു ചിലവാക്കുന്നു. ഈ രാത്രി ശാരീരികമായ അകലം പാലിച്ചുകൊണ്ട് തന്നെ പൂർത്തിയാക്കി എന്നതാണ് സിനിമയെ ബോക്സോഫീസ് ഹിറ്റ് ആക്കിയതെന്നു കരുതേണ്ടിയിരിക്കുന്നു.
ലഞ്ച് ബോക്സ്
റിതേഷ് ബത്രയുടെ ഏറെ ജനപ്രീതി നേടിയ ഹിന്ദി സിനിമയാണ് ലഞ്ച് ബോക്സ്. ഇർഫാൻ ഖാൻ, നവാസുദ്ദീൻ സിദ്ദിഖി തുടങ്ങിയ അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും ലഞ്ച് ബോക്സ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഉച്ചനേരത്ത് വീടുകളിൽനിന്ന് ബോംബെ നഗരത്തിൽ ജോലിചെയ്യുന്ന വീട്ടുകാർക്ക് എത്തിക്കുന്ന ലഞ്ച് ബോക്സിലൊന്ന് മാറിപ്പോയി, വിഭാര്യനായ നായകന് കിട്ടിക്കൊണ്ടിരിക്കുന്നു. രുചികരമായ ഭക്ഷണത്തിന് അയാൾ കത്തുകളിലൂടെ നന്ദി പറഞ്ഞു തുടങ്ങി. പിന്നീട് കുടുംബത്തിലെ സംഘർഷങ്ങൾ നായിക പങ്കുവയ്ക്കുകയും ചെയ്യുന്ന തലംവരെ എത്തിനില്ക്കുന്നു. ഭക്ഷണത്തെ ഇഷ്ടപ്പെടുന്ന അവർ ഒരു ഹോട്ടലിൽ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം എത്തിച്ചേരുന്നുണ്ടെങ്കിലും സാജൻ എന്ന നായകൻ, ഇള എന്ന വീടമ്മയെ ദൂരെനിന്ന് കണ്ട്,. പ്രായം ചെറുപ്പമാണ് എന്നതിനാൽ മുന്നോട്ട് വരാതെ ഒഴിഞ്ഞുപോകുന്നു. ഇതിന്റെ ജനപ്രിയത, ഒരുപക്ഷേ ഈ ബന്ധം തുടങ്ങുന്നിടത്തുതന്നെ നിന്നുപോകുന്നു എന്നതിനാലാവാം. വ്യക്തിപരമായി വിവാഹജീവിതത്തിൽനിന്നു വഴിമാറുന്നവരുണ്ടാകാം; എന്നാൽ അതിനെ ആദർശവത്കരിക്കുന്നത് ഒരു ശരാശരി ഇന്ത്യന് ക്ഷമിക്കാനാവില്ല.
“പ്രേമത്തിന്റെയും വിവാഹത്തിന്റെയും വിവാഹേതര പ്രണയത്തിന്റെയും സങ്കീർണ്ണതകളെ സിനിമ ചിത്രീകരിക്കുന്നത് സിനിമ നിർമ്മിക്കുന്നവരുടെയോ കാണികളുടെ വൻ സമൂഹത്തിന്റെയോ വളർച്ചയോ വികാസമോ ആയി ധരിക്കരുത്” (ആകാംക്ഷാ ഭാടിയ, പുരുഷന്മാരെ വെറുതെ വിടുന്നു,സ്ത്രീകളെ അപമാനിക്കുന്നു: വിവാഹേതര ബന്ധങ്ങളുടെ ചിത്രണം ബോളിവുഡിൽ,2016,യൂത്ത് കീ ആവാസ്.)
ചാരുലത, ഘരേബായരെ, കാദംബരി, പുനശ്ച
സത്യജിത് റേയുടെ മാസ്റ്റർ പീസായ ചാരുലതയിൽ നിന്ന് കുറച്ചുവർഷങ്ങൾക്കു മുമ്പുമാത്രം ഉണ്ടായ ബംഗാളി ചിത്രമായ പുനശ്ചയ്ക്ക് അധികദൂരം സഞ്ചരിക്കാനായിട്ടില്ല. റേയുടെ ചാരുലതയാവട്ടെ, ടാഗോറിന്റെ ജീവചരിത്ര ചിത്രം എന്നു പറയാവുന്ന കാദംബരിയാവട്ടെ, പുനശ്ചയാവട്ടെ ജീവിതത്തോട് ഏറെ അടുത്ത് നിൽക്കുന്നു. വിവാഹേതര ബന്ധത്താൽ രൂപം കൊള്ളുന്ന സംഘർഷങ്ങളെ അഭിസംബോധന ചെയ്യൂന്നു. ഏറ്റവും കൌതുകകരമായ സംഗതി, ‘ചാരുലത’യിൽ നായികയായ ചാരുലതയുടെ ഭർത്തൃബന്ധുവായ അമൊലിനെ അവതരിപ്പിക്കുന്നതും പുനശ്ചയിലെ നായകനെ അവതരിപ്പിക്കുന്നതും സൌമിത്ര ചാറ്റർജി ആണെന്നുള്ളതാണ്. ചാരുലത, കാദംബരി, പുനശ്ച ഇവ മൂന്നും നായികാനായകന്മാർ സാഹിത്യവുമായി ചേർന്നുനില്ക്കുന്നവർ ആണെന്നതിൽ ഐക്യപ്പെടുന്നു. ധനികഗൃഹത്തിലെ ഏകാന്തതയെ ഭേദിച്ചുകൊണ്ട് എഴുത്തുകാരനായ ചെറുപ്പക്കാരൻ അമൊൽ ചിത്രത്തിലെ കൊടുങ്കാറ്റെന്നപോലെ കടന്നുവരുന്നു. ‘തകർന്ന കൂട്’ എന്ന ടാഗോറിന്റെ കഥയുടെ പേരിനെ അന്വർഥമാക്കുംവണ്ണം ആ ദാമ്പത്യം മാത്രമല്ല ചാരുലതയുടെ സഹോദരന്റെ സത്യസന്ധ്യതക്കുറവുകൊണ്ട് അയാളുടെ പത്രം അച്ചടിയും തകർന്നുപോകുന്നു. എന്നാൽ ഒടുക്കം നായിക യാഥാർഥ്യത്തിനൊത്തുയരുന്നു. ഭർത്താവിനെ സ്വീകരിക്കുന്നു.
ധനികനായ പ്രഭുവിന്റെ ഭാര്യയ്ക്ക് ദേശീയ പ്രക്ഷോഭ നായകനോട് തോന്നുന്ന അടുപ്പം സ്വന്തം വിവാഹബന്ധത്തിൽ നിന്നുള്ള വ്യതിചലനം,അതിന്റെ വഞ്ചനാസ്വഭാവം തിരിച്ചറിഞ്ഞു പഴയയിടത്തിലേക്കുള്ള മടങ്ങിവരവ് ഇതാണ് ഘരേ ബായരെ (വീടിനകത്തും പുറത്തും)യുടെ പ്രതിപാദ്യം. ടാഗോറിന്റെ കഥ, റേയുടെ സംവിധാനം എന്നിവ കൊണ്ട് പ്രസിദ്ധമാണീ ചിത്രം. എന്നാൽ കലാപത്തെ തുടർന്ന് ഭർത്താവ് കൊല്ലപ്പെടുമ്പോഴത്തെ ദുരന്തത്തിൽ ചിത്രം പൂർണ്ണമാകുന്നു. സ്ത്രീയെ കളിപ്പാവപോലെ പ്രയോജനപ്പെടുത്തുന്ന ലോകമാണ് രണ്ടുപേരുടെ മധ്യത്തിൽ രൂപപ്പെടുന്നത്.
കാദംബരി ടാഗോറിന്റെ എഴുത്തുകാരിയായ ഏടത്തിയമ്മയാണ്. കളിപ്രായത്തിൽ വിവാഹിതയായി കടന്നുവരുന്ന കാദംബരി ഭർത്താവിന്റെ കുഞ്ഞനുജനുമായി കൂട്ടാകുന്നു. സാഹിത്യചർച്ചയിലും എഴുത്തിലുമുള്ള രണ്ടാളുകളുടെയും താത്പര്യങ്ങൾ അവരെ കൂടുതൽ അടുപ്പിക്കുന്നു. സ്വന്തം ഭർത്താവിന്റെ അവഗണന ഇതിനു ശക്തി കൂട്ടുകയും ചെയ്യുന്നു. അനുജന്റെ വിവാഹരാത്രിയിൽ ഏകാന്തതയിൽ കാദംബരി മരണത്തെ വരിക്കുന്ന ഹൃദയഭേദകമായ അവസാനമാണ് ഇതിനുള്ളത്. കുടുംബങ്ങൾക്കകത്ത് മനുഷ്യർ അനുഭവിക്കുന്ന ഏകാന്തതയെ അഭിസംബോധന ചെയ്യുന്നത് പതിവില്ലാത്തതാണ്.
പുന:ശ്ചയിലാകട്ടെ വർഷങ്ങൾക്കു ശേഷം തനിക്കുവേണ്ടി മാറ്റി വച്ച 24 മണിക്കൂർ വാർത്താപ്രാധാന്യം ഉള്ള ഒരു സംഭവം ആയത് സമചിത്തതയോടെ എന്നാൽ ഏറെ വേദനയോടെ അവർ നേരിടുന്നു. പോലീസ് ആ വീട്ടിനകത്തു നടന്നത് അവിഹിതം ആണെന്ന മുൻവിധിയോടെ സമീപിക്കുന്നു. പോലീസുമായി പൂർവ്വപരിചയമോ ബന്ധുത്വമോ ഇല്ലെങ്കിലും പോലീസ് ഉൽക്കണ്ഠ തീർക്കാൻ ഒരേ ചോദ്യം ആവർത്തിക്കുന്നു. കോളജ് വിദ്യാർത്ഥിനി ആയ മകൾ സംഭവം ഉണ്ടാക്കിയ വൈകാരിക സമ്മർദ്ദം ഒന്നും ആലോചിക്കാതെ തന്റെയും മരിച്ചു പോയ അച്ഛന്റെയും അഭിമാനത്തെ വ്രണപ്പെടുത്തിയെന്നു കുറ്റപ്പെടുത്തുന്നു; അർഥശൂന്യമായ ആരോപണങ്ങൾ അവരുടെ നേർക്കു തൊടുക്കുന്നു. അമ്മയുടെ മരിച്ചുപോയ സുഹൃത്ത് ആയ എഴുത്തുകാരന്റെ പത്നി സംഭവം നടന്ന വീട്ടിൽ എത്തിച്ചേർന്നു വിഷമം പങ്കുവയ്ക്കുകയും ഇതുവരെ അവർക്ക് അപരിചിതയായ തന്റെ ഭർത്താവിന്റെ കൂട്ടുകാരിയെ പരിചയപ്പെടുകയും ചെയ്യുന്നു. അവരോട് നായിക അയാളുമായി സുഹൃദ്ബന്ധം മാത്രമാണുള്ളതെന്ന് ആവർത്തിച്ചു പറഞ്ഞു സ്വയം പറ്റിക്കേണ്ടി വരുന്നുണ്ട്. തുടർന്ന് ആ രാത്രിയിൽ പെയ്യുന്ന മഴ മുഴുവൻ കണ്ണീരോടെ നനയുന്ന അമ്മയെ, മകൾ പുണരുമ്പോൾ, അടുത്ത സൗഹൃദം പുരുഷൻമാരുമായി സൂക്ഷിക്കുന്ന അവൾക്ക് വൈകിയെങ്കിലും അവരെ മനസ്സിലാക്കുവാൻ കഴിയുന്നു. ഹൃദയഭേദകമായ, ബുദ്ധിയെ മരവിപ്പിക്കുന്നതായ സംഭവങ്ങളെ തുടർന്ന് എഴുത്തുകാരന്റെ ഭാര്യയുടെ ക്രോസ് വിസ്താരത്തിന് തുല്യമായ ബാലിശമായ കുറേ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കേണ്ടിവരുന്നതിനൊക്കെ മകൾ സാക്ഷി ആയതിനു ശേഷം മാത്രമാണ് അത്. ഇവിടെ മോഹന രണ്ടു സ്ത്രീകളുമായി എതിരിടുന്നു. ഒന്ന്. നായകനായ അനിമേഷിന്റെ നിഷ്കളങ്കയായ ഗ്രാമീണയായ ഭാര്യയോട്. രണ്ട്, അടുത്ത തലമുറക്കാരിയായ പരിഷ്കൃതയായ മകളോട്. വിചാരണകളാണ് രണ്ടും. രണ്ടും നായികയ്ക്ക് വേദനയാണ് നല്കുന്നത്. സ്ത്രീകൾ തമിലുള്ള ഏറ്റുമുട്ടലുകൾ ഈ പുനശ്ചയ്ക്കകത്തും കാദംബരിയിലും മാത്രമാണ് പ്രത്യക്ഷത്തിൽ കാണാൻ കഴിയുന്നത്; പരസ്ത്രീ എന്ന സ്ഥിതിയിലുള്ള നായികയെ കാദംബരിയിലും.കാദംബരിയും ജ്യേഷ്ഠത്തിയമ്മയും തമ്മിലുള്ള ഒരു ശത്രുത/അകൽച്ച കാണാനുണ്ട്.
”ഇരു ധ്രുവങ്ങളിലായി സ്ത്രീകളായ ശത്രുക്കളെ നിലനിർത്തുമ്പോൾ നിശിതമായ മുൻവിധികൾ പരസ്ത്രീകൾക്ക്/(സ്ത്രീകൾക്ക്) നേരെയുണ്ടാവുകയും പുരുഷന്മാർ വിധികളിൽനിന്ന് രക്ഷപ്പെടുകയും ചെയ്യുന്നു”.
(ദേബബ്രതീ ധർ ഏപ്രിൽ 28 2022, സ്ത്രീകളും അവിശ്വസ്തതയും: കള്ളക്കളിയിലെ ചതിയുടെ പരിപ്രേക്ഷ്യം)
നവമാധ്യമങ്ങളുടെ പുതിയ കാലത്ത് ഈ വിഷയത്തെ എങ്ങനെ പരിചരിക്കാം എന്ന ധൈര്യക്കൂടുതൽ സിനിമയ്ക്കുണ്ടായിട്ടുണ്ട് എന്നു തോന്നുമെങ്കിലും സൂപ്പർ ഡീലക്സിൽ പൂർവ്വകാമുകൻ്റെ മരണത്തെ ഒളിച്ചു ചെയ്യുന്നു. ബംഗ്ലാഭാഷയിലാകട്ടെ മരണത്തിനു തൊട്ടു മുമ്പുള്ള നിമിഷങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കാൻ കാരണമേതുമില്ലാതെ പ്രായം ചെന്ന സ്ത്രീപുരുഷന്മാർ വ്യഗ്രതപ്പെടുകയുണ്ടായെങ്കിലും മരണത്തിനു ശേഷം വാച്ച് മേൻ, പോലീസ് എല്ലാവരെയും അറിയിക്കുന്നുണ്ട്. എന്നാൽ സുഹൃത്ത് എന്ന നിലയിൽ തന്നെ അയാളുമായുള്ള സ്ത്രീയുടെ ബന്ധം ആവർത്തിച്ചു പറഞ്ഞ് ഉറപ്പിക്കേണ്ടിവരുന്നു . പ്രണയികൾക്ക് ഉണ്ടായതായി കാണുന്നു. എന്നാൽ ഇതിൻ്റെ രഹസ്യസ്വഭാവം സൂക്ഷിക്കേണ്ടതുണ്ട് എന്ന് അവസാന നിമിഷത്തിൽ അവൾ മരിച്ച ആളുടെ ഭാര്യയോട് താൻ "ശുദ്ധ ബൊന്ധു"( മുഴുവനായും സുഹൃത്ത് ) എന്നു കള്ളം പറയുന്നു. കൈ കൊടുത്തു പിരിയുന്ന രണ്ടു സ്ത്രീകളിലൊരാൾ അപ്പോൾ പെയ്ത മഴയെ കുട കൊണ്ടു തടുക്കുന്നു മറ്റൊരാൾ മരണത്തിന്റെ കടുംകെട്ട് അഴിച്ചെടുക്കേണ്ടി വന്ന മോഹന, മഴയിൽ കണ്ണീരേത് മഴവെള്ളമേത് എന്നു തിരിച്ചറിയാൻ വയ്യാതെ മുഴുവൻ കുതിർന്നു വിറങ്ങലിച്ചു നിൽക്കുന്നു. മാനസം പൂർണ്ണ സ്വതന്ത്രമാകുന്ന മുക്തിയുടെ സ്വർഗ്ഗരാജ്യത്തിലേക്ക് എന്നെ ഉയർത്തുക എന്ന ടാഗോറിന്റെ ഗാനത്തോടൊപ്പമുള്ള ദൃശ്യത്തിലേക്ക് മകൾ വന്ന് അമ്മയെ ആലിംഗനം ചെയ്യുന്നതോടെ സിനിമ അവസാനിക്കുന്നു. ഓർമ്മകൾ കൊണ്ടും ദീർഘവിരഹം കൊണ്ടും ഒടുവിൽ സുഹൃത്തിന്റെ ആകസ്മികമരണം കൊണ്ടും ബന്ധിക്കപ്പെട്ട മോഹനയെ ദയനീയസ്ഥിതിയിൽ നിർത്തുന്നത് പ്രേക്ഷകരെ വേദനിപ്പിക്കുന്നെങ്കിലും ആത്യന്തികമായി സമൂഹത്തിന്റെ നല്ല നടപ്പിൽ പങ്കാളി ആക്കുന്നതിൽ സന്തോഷമുണ്ടാക്കുകയും ചെയ്യുന്നു. “പ്രേക്ഷകർക്ക് ആനന്ദം ലഭിക്കണമെങ്കിൽ സ്ത്രീയെ ഒന്നുകില്‍ ആത്മപീഡനരതി അനുഭവിപ്പിക്കുകയോ അല്ലെങ്കിൽ പൌരുഷം സൂക്ഷിപ്പിക്കുകയോ ചെയ്യണം. ചുരുക്കത്തിൽ പൌരുഷത്തിലേക്ക് പ്രേക്ഷകൻ /പ്രേക്ഷക പരിവർത്തിച്ചേ പറ്റൂ”.(ലോറ മാൾവി, 1975) ഇവിടെ നായികയെ ദീർഘവീരഹംകൊണ്ടു ക്ലേശിപ്പിക്കുന്നു, ദുർഘടസ്ഥിതിയിലാക്കി വേദനിപ്പിക്കുന്നു.
ഘടശ്രാദ്ധയും പരിണയവും
ദക്ഷിണേന്ത്യൻ സിനിമകളുടെ കൂട്ടത്തിൽ മറക്കാനാവാത്ത സിനിമകളാണ് ഗിരീഷ് കാസറവള്ളിയുടെ ‘ഘടശ്രാദ്ധ’(1977)യും എം. ടി. വാസുദേവൻ നായരുടെ ‘പരിണയ’(1994)വും. പഴക്കം കൊണ്ടും സമീപനവൈദഗ്ദ്ധ്യം കൊണ്ടും രണ്ടും ക്ലാസിക്കുകളാണ്. ഘടശ്രാദ്ധ സിനിമ എന്ന നിലയ്ക്ക് കൃത്യമായ സ്ത്രീപക്ഷ നിലപാടുള്ള ഒന്നാണ്. ആളുകളുടെ ഒളിഞ്ഞുനോട്ടവും പരദൂഷണ വ്യഗ്രതയും കപട സദാചാരവും പകൽമാന്യതയും ഹൃദയശൂന്യതയും വേദം പഠിക്കാൻ വന്ന ഒരു ബാലന്റെ നോട്ടപ്പാടിൽ നിന്ന് ആഖ്യാനം ചെയ്യുന്ന സിനിമയാണ് ഗിരീഷ് കാസറവള്ളിയുടേത്. ഘടശ്രാദ്ധയിലെ വിധവയായ പെൺകുട്ടി ഒടുവിൽ തല മുണ്ഡനം ചെയ്യപ്പെട്ട് കാമുകനാൽ പറ്റിക്കപ്പെട്ട് ഭ്രഷ്ടയാക്കപ്പെടുന്നു. നവോത്ഥാനകാലത്തിന്റെ അപൂർവ്വം ആവിഷ്കാരങ്ങളിൽ ഒന്നാണ് എം.ടി.വാസുദേവൻ നായർ - ഹരിഹരൻ ടീമിൻ്റെ പരിണയം. സാപത്ന്യം കൊണ്ട് കഷ്ടപ്പെടുന്ന ബാലയായ ബ്രാഹ്മണ നവവധു അകാലത്തിൽ വിധവയാകുന്നു. അവൾ പിന്നീട് ജാതിയിൽ താഴ്ന്ന ഒരാളുമായി പ്രണയത്തിലാകുന്നു. ഗർഭിണിയായ അവളെ സ്മാർത്തവിചാരത്തിന് വിധേയയാക്കുന്നു. വിചാരണയിലൊന്നും അവൾ ഇഷ്ടക്കാരനെ വിട്ടുപറയുന്നില്ല. അവളെ പടിയടച്ചു പിണ്ഡം വയ്ക്കുമ്പോൾ സാമ്പത്തിക സാമൂഹിക സ്വാതന്ത്ര്യത്തിന്റെ വഴിയാണ് നായിക തിരഞ്ഞെടുക്കുന്നത്. മറ്റ് സ്ത്രീകൾക്കു ശക്തി പകരുന്ന തരത്തിൽ മേൽക്കയ്യ് നേടുകയും ചെയ്യുന്നു. ചരിത്രഗ്രന്ഥങ്ങളിലൂടെയല്ലാതെ മലയാളികൾ സ്മാർത്തവിചാരം തുടങ്ങിയ ചരിത്രത്തിലെ ഇരുട്ടുകളെ പരിചയപ്പെടുന്നത് ഈ ചിത്രത്തിലൂടെയാണ്.
പരിണയത്തിൽ വിശദമായ സ്മാർത്തവിചാരമാണ് ഉൾപ്പെടുന്നത്. മാത്രമല്ല, വിവാഹവ്യവസ്ഥയിൽനിന്ന് പുറത്തുകടന്നു സ്ത്രീകളുടെ കമ്മ്യൂണിലെത്തി വിമോചനസാധ്യതകൾ കണ്ടെടുക്കുന്ന ഒരധികം കൂടി അതിന്നുണ്ട്. ഘടശ്രാദ്ധ ഉള്ളു നീറ്റുമ്പോഴും കണ്ണു നനയിക്കുമ്പോഴും, പരിണയം കേരളചരിത്രത്തിലെ വിചിത്രമായ ആചാരങ്ങളിൽ യുവജനസംഘം എന്ന നമ്പൂതിരിയുവാക്കളുടെ ഉത്സാഹത്തിൽ നടക്കുന്ന വിധവാവിവാഹം പോലുള്ള കാര്യങ്ങളിലൂടെയുള്ള ഒരു യാത്രയായാണ് അനുഭവപ്പെടുക.19,20 നൂറ്റാണ്ടുകളിലെ ഗ്രാമങ്ങളുടെ ജാതിജീവിതത്തിന്റെ സിനിമയിലെ ചരിത്രാന്വേഷണങ്ങളാണ് രണ്ടും. മേൽഅനുഭവങ്ങൾ ജീവിതത്തിലുണ്ടാക്കുന്ന മുറിവും സംഘർഷവും കൽപ്പിത കഥകളായ മറ്റ് അനുഭവങ്ങളിൽനിന്ന് വ്യത്യസ്തമാണ്.
ബംഗാളി ഭാഷയിലുണ്ടായ പുനശ്ച, മലയാളത്തിലെ തീർഥാടനത്തിന്റെ നിലം തൊടാത്ത കാല്പനികത്വം സ്വീകരിച്ചിട്ടുണ്ട് എന്നു പറയുന്നതു മുഴുവൻ സത്യത്തോടു യോജിക്കുന്നതല്ല എങ്കിലും, ഏറെ സമാനതകൾ കാണാം. പുനശ്ചയിൽ വിദ്യാർഥികളായിരുന്നവർ തമ്മിലാണ് അനുരാഗം ഉടലെടുക്കുന്നത് തീർഥാടനത്തിലാകട്ടെ, അത് അധ്യാപക വിദ്യാർഥി ബന്ധത്തിനെ മറികടന്നുണ്ടായതാണ്. തീർഥാടനത്തിൽ ഒന്നിച്ചുകഴിയുന്ന രാത്രി നായകന് ഹൃദയാസ്വാസ്ഥ്യം ഉണ്ടാകുന്നുവെങ്കിൽ പുനശ്ച്ചയിൽ ഇതിന്റെ തുടർച്ചയെന്നോണം നെഞ്ചുവേദന വന്നു നായകൻ മരിക്കുന്നു. എന്നുമാത്രമല്ല, അത്
തമിഴ് സിനിമയുടേതിലെ അതിഭാവുകത്വം മുഴുവൻ ഒഴിവാക്കിയിട്ടുമുണ്ട്. ഒരേ സമയം സ്വപ്നത്തിലും പൂർവ്വകാല വിചാരത്തിലും തിരിയുന്നുണ്ടെങ്കിലും പകുതി സമയം മുഴുവൻ പുനസ്സമാഗമത്തിലെ പ്രണയിയുടെ ദേഹവിയോഗത്തെ തുടർന്നുള്ള അന്വേഷണങ്ങളായി യാഥാർഥ്യത്തെ അഭിമുഖീകരിക്കുന്നു.
വേദനകളിൽനിന്ന് വേദനകളിലേക്ക്
ഘടശ്രാദ്ധ, പരിണയം, കാദംബരി, പുനശ്ച, തീർഥാടനം, ഒരേകടൽ എന്നീ സിനിമകളിലെ നായികമാർ സങ്കടക്കടലിൽ മുങ്ങിത്തപ്പുന്നവരാണ്. പ്രേക്ഷകരെ കയ്യിലെടുക്കാൻ സ്ത്രീകളെ ഇത്തരത്തിൽ ചിത്രീകരിക്കുക എന്നത് ആൺകോയ്മാ സമൂഹത്തിന്റെ താത്പര്യം കൂടിയാണ്.
മരണം എന്ന കഥാതന്ത്രം
കാദംബരി, പുനശ്ച, ചിദംബരം, സൂപ്പർ ഡീലക്സ് എന്നീ സിനിമകൾ വ്യവസ്ഥയ്ക്ക് പുറത്തുനില്ക്കുന്ന ബന്ധം
മുന്നോട്ടുപോവാതിരിക്കാൻ മരണത്തെ കൂട്ടുപിടിക്കുന്നു. മരണത്തിന് തുല്യമായ അവസ്ഥയായ ദേശാന്തരഗമനമാണ് ഹിന്ദിയിലെ ലഞ്ച് ബോക്സും തമിഴിലെ 96 ഉം നായികാനായകൻമാർ യോജിക്കാതിരിക്കാൻ തിരഞ്ഞെടുക്കുന്ന വഴി. നിർമ്മാതാവിന്റെയും സംവിധായകരുടെയും സാമ്പത്തിക താത്പര്യമാണ് ഇത്തരമൊരു വിട്ടുവീഴ്ചയ്ക്ക് അവരെ പ്രേരിപ്പിക്കുന്നത്. പുനശ്ച മരണശേഷമുള്ള സങ്കീർണ്ണതകളിൽ എത്തിയെങ്കിലും പുതിയജീവിതം സൃഷ്ടിക്കാൻ ഭീരുത കാണിയ്ക്കുന്നു
ബന്ധത്തെ വിശുദ്ധമാക്കുന്ന ബാല്യകാലസഖിത്വം
പ്രണയം കുടുംബ മൂല്യമല്ലാത്തതിനാൽ കാഴ്ചക്കാരുടെ പ്രീതി ലഭിക്കില്ലാത്തതുകൊണ്ട് അതിനെ ബാല്യകാല സഖിത്വമാകുന്ന കാലിഡോസ്കോപ്പിലൂടെ കടത്തിവിടുന്നതു കാണാനാവും. ബാല്യകാലസഖിത്വം ബന്ധത്തെ വിശുദ്ധമാക്കുന്ന ആൽക്കെമിയാണ്. പൊതുവായ കുട്ടിക്കാലം അല്ലെങ്കിൽ സ്കൂൾ/കോളേജ് വിദ്യാകാലം മേഘമൽഹാർ, ചാരുലത പുനശ്ച, 96, പ്രണയം തുടങ്ങിയ സിനിമകളൊക്കെ പിന്തുടരുന്നതു കാണാനാവും. പ്രണയത്തിനു നിഷ്കളങ്കമായ ചെറുപ്പകാലത്തെ സഖിത്വം തുടങ്ങിയ ന്യായീകരണങ്ങൾ കണ്ടെത്തിയാലേ കാഴ്ചാസമൂഹത്തിനത് ഉൾക്കൊള്ളാനാവൂ.
നായികാനായകന്മാരുടെ സ്വതന്ത്ര പദവി
സ്ത്രീപുരുഷന്മാരിലൊരാളുടെയെങ്കിലും വിവാഹബന്ധത്തിന്റെ സ്ഥിതി ആണല്ലോ വിവാഹേതര ബന്ധം എന്ന് ഒരു ബന്ധത്തെ നിശ്ചയിക്കുന്നത്. നായികാനായകന്മാരിൽ ആർക്കെങ്കിലും പൂർണ്ണസ്വതന്ത്ര പദവിയുണ്ടെങ്കിൽ മാത്രമാണ് പൊതുവേ വിവാഹേതര ബന്ധങ്ങൾ തുടങ്ങുന്നതായി ചലച്ചിത്രങ്ങളിൽ കാണുന്നത്. ചാരുലത കാദംബരി, സൂപ്പർ ഡീലക്സ്, 96, ചിദംബരം, ഒരേ കടൽ, ലഞ്ച് ബോക്സ് എന്നിവയിൽ നായകന്മാരാണ് കുടുംബത്തിന്റെ കെട്ടുപാടുകൾ ഇല്ലാതെയുള്ളവർ.
എന്നാൽ സ്ത്രീകൾ സ്വതന്ത്രരായുള്ള പൂർവ്വനില ഘടശ്രാദ്ധ, തീർഥാടനം, പുനശ്ച എന്നീ സിനിമകളിൽ കാണാം. പരിണയം എന്ന സിനിമയിൽ രണ്ടുപേരും സ്വതന്ത്രരാണെങ്കിലും കുലസ്ത്രീ എന്ന നിലയ്ക്ക് സ്ത്രീ, അലിഖിത നിയമങ്ങളാലും മൂല്യങ്ങളാലും ബന്ധിക്കപ്പെട്ടിരിക്കുന്നതും സ്ത്രീകൾ സമുദായത്തിന്റെ നിർബന്ധങ്ങൾക്കകത്ത് പാകപ്പെടുന്നതും കൊണ്ടാണ് സാമുദായിക വിചാരണ നേരിടേണ്ടിവരുന്നത്.
അവിവാഹിതൻ/ അവിവാഹിത എന്നനിലയിൽ സ്വതന്ത്രപദവി നല്കുന്നത്, തീർഥാടനം, 96 എന്നീ ചിത്രങ്ങളിൽ കാണുമ്പോൾ വിധവ/ വിഭാര്യൻ എന്ന സ്വതന്ത്ര പദവി, യഥാക്രമം ഘടശ്രാദ്ധ, പുനശ്ച,എന്നീ രണ്ടെണ്ണത്തിലും പ്രണയത്തിലും കൊടുക്കുന്നതായി കാണാം. ലൈംഗിക ശേഷി നഷ്ടപ്പെട്ട ആളുടെ ഭാര്യ ഗൾഫുകാരന്റെ ഭാര്യ എന്ന അർദ്ധസ്വതന്ത്ര പദവി യഥാക്രമം പ്രണയം, മേഘമൽഹാർ എന്നീ ചിത്രങ്ങളിൽ സംവിധായകൻ ഉറപ്പാക്കുന്നുണ്ട്. സൂപ്പർ ഡീലക്സ് സ്ത്രീയുടെ സ്വതന്ത്ര പദവി കോ-ലിവിങ് വഴിക്കാണ് ഉറപ്പാക്കുന്നത്.കാമുകൻ്റെ വിവാഹനില സ്വതന്ത്രപദവിയെ ബാധിക്കുന്നേയില്ല. ബന്ധം നീട്ടിയുറപ്പാക്കുന്നത് ഒരേ കടൽ മാത്രമാണ് എന്നു കാണാം. എന്നാൽ കാലം കുറഞ്ഞ ദിനമെങ്കിലും വിവാഹേതര ബന്ധമായി എല്ലാത്തിനെയും എണ്ണേണ്ടതുണ്ട്.
മാംസ നിബദ്ധമല്ല രാഗം
ഘടശ്രാദ്ധ, പ്രണയം, ഒരേ കടൽ, ചിദംബരം, സൂപ്പർ ഡീലക്സ് എന്നീ സിനിമകൾ മാത്രമാണ് ഉടലിൽനിന്ന് വേറിട്ട അസ്തിത്വം പ്രണയത്തിന് കൽപ്പിക്കാത്തത്. ചാരുലത, കാദംബരി, ഘരേ ബായരെ എന്നിവ ശരീരത്തെ പൂർണ്ണമായും ഒഴിവാക്കിയില്ല. മേഘമൽഹാറും ലഞ്ച് ബോക്സും 96ഉം പുലർത്തിയ പ്രത്യക്ഷമായ ശാരീരിക അകലം അതിന്റെ വ്യാവസായിക വിജയത്തിന് കാരണമായി. വിവാഹേതരബന്ധത്തിൽ മാത്രമല്ല പ്രണയത്തിന്റെ ആവിഷ്കാരങ്ങളിലും ഉടലിനെ പ്രകടമാംവണ്ണം അപ്രത്യക്ഷമാക്കുന്നത് മദ്ധ്യവർഗ്ഗത്തിന് ഏറ്റവും പ്രിയങ്കരമാണല്ലോ. മദ്ധ്യവർഗ്ഗമാണ് ചലച്ചിത്രങ്ങളുടെ സാമ്പത്തിക വിജയത്തെ നിർണ്ണയിക്കുന്നതും.
സദാചാരപരതയും ജനപ്രിയത്വവും
മറ്റുഭാഷകളിലും മലയാളത്തിലും ഉണ്ടായ സമാനപ്രമേയം സ്വീകരിച്ചിട്ടുള്ള സിനിമകൾക്കു വിഷയ സമീപനരീതിയിൽ പലതരത്തിലുള്ള സാദൃശ്യങ്ങൾ ഉണ്ടെന്നു പറയാനാവും.
വിവാഹേതരപ്രണയത്തെ ഇന്നും മലയാള സിനിമ മുഴുവനർഥത്തിലും സ്വീകരിച്ചു തുടങ്ങിയിട്ടില്ല എന്നതിനു ധാരാളം നിദർശനങ്ങൾ വിവിധ ഭാഷാസിനിമകളിലെ ചിത്രീകരണത്തിൽ കാണാം. വൃദ്ധരായ ആളുകളുടെ കാര്യത്തിലാണെങ്കിലും അതിന് അപവാദങ്ങളൊന്നുമില്ല. പൂർവ്വകാല ബന്ധം ഉള്ള കാമുകരെ മാത്രമാണ് അത്തരത്തിൽ വിവാഹേതര ബന്ധങ്ങൾ പ്രധാന വിഷയമായി വരുന്ന മലയാള സിനിമകൾ സ്വീകരിക്കുന്നത്. എന്നാൽപോലും അവരിലൊരാളുടെ മരണംകൊണ്ട് ആ സങ്കീർണ്ണ സന്ദിഗ്ധതയ്ക്ക് അവസാനമിടുന്നുണ്ട്, ഒന്നൊഴികെയുള്ള എല്ലാ ചലച്ചിത്രങ്ങളും. മാത്രമല്ല, സ്ത്രീകൾക്ക് പൊതുവേ അവിവാഹിത, വിധവ എന്ന സ്വതന്ത്ര പദവി കൊടുക്കുന്നതായി കാണാൻ കഴിയും. അല്ലെങ്കിൽ ലൈംഗിക ശേഷി നഷ്ടപ്പെട്ട ആളുടെ ഭാര്യ, ഗൾഫുകാരന്റെ ഭാര്യ എന്ന അർദ്ധസ്വതന്ത്ര പദവിയെങ്കിലും സംവിധായകൻ ഉറപ്പാക്കുന്നുണ്ട്. തമിഴിൽ സ്ത്രീയുടെ സ്വതന്ത്ര പദവി കോ.ലിവിങ് വഴിക്കാണ് ഉറപ്പാക്കുന്നത് എന്ന പുതുമ ഉണ്ടായിട്ടുണ്ട് എന്ന് മാത്രം. ഘരേ ബായരെ സ്ത്രീയുടെ സ്വതന്ത്ര്യത്തെ അംഗീകരിക്കുന്നുണ്ട്. കാമുകന് വിവാഹിതനാണെങ്കിലും അല്ലെങ്കിലും സ്വതന്ത്ര പദവി നല്കുന്നു.
വിവാഹേതര ബന്ധത്തിൽ ധൈര്യത്തോടെ ഉറച്ചുനിന്നുകൊണ്ട് അതിന്റെ വരുംവരായ്കകൾ നേരിടാൻ പൊതുവേ മലയാള സിനിമാലോകം തയ്യാറായിട്ടില്ല. ഇനി അങ്ങനെ മുന്നോട്ടുപോയ സിനിമകൾ ആണെങ്കില്‍ ആസ്വാദകപ്രീതി പിടിച്ചുപറ്റിയിട്ടുമില്ല. ചുറ്റുപാടുകളെ പകർത്താനുള്ള, മാറിയ ബന്ധങ്ങളുടെ വഴിയിൽ കൂടിയും സഞ്ചരിക്കാൻ മലയാള ചലച്ചിത്രലോകം തന്റേടം കാണിക്കാനുണ്ട്. താരതമ്യേന മറ്റു ഭാഷാചിത്രങ്ങൾ ഈ വിഷയം കുറച്ചുകൂടി പാകതയോടെ കൈകാര്യം ചെയ്തിട്ടുണ്ട് എന്നു ബംഗാളി ചലച്ചിത്രങ്ങളെ മുൻനിർത്തി പറയാൻ കഴിയും. ബംഗാളി ഭാഷയിൽ റേയുടെ ചാരുലത പോലെ ഘനസാന്ദ്രവും കെട്ടുറപ്പുള്ളതുമായ അന്താരാഷ്ട്ര നിലവാരമുള്ള സിനിമ ആദ്യമേ(1964) ഈ വിഷയം കൈകാര്യം ചെയ്തിട്ടുണ്ട് എന്നതും ഇതിന് കാരണമാണ്.
മേല്പറഞ്ഞ എല്ലാ സിനിമകളിലും പ്രണയികൾ ബാല്യകാല സഖിത്വം ഉള്ളവരോ ക്യാമ്പസ് പ്രണയത്തിന്റെ പൊതുചരിത്രം ഉള്ളവരോ ആണ്. വിവാഹേതര ബന്ധത്തിന്റെ കാര്യത്തിൽ മാത്രമല്ല, പ്രണയത്തിന്റേതിൽ പോലും വിശുദ്ധി തെളിയിക്കണമെങ്കിൽ പൂർവ്വകാല പരിചയം നിർബന്ധമാണ് എന്ന് വരുന്നു.
എടുത്തുപറയേണ്ട മറ്റൊരു കാര്യം ഈ ബന്ധം ശരീരങ്ങളെ യോജിപ്പിക്കുന്നില്ല എന്നും ആത്മീയതലം മാത്രമാണ് ഇവിടെ ചേരുന്നതെന്നും ഈ മാധ്യമം കാഴ്ചക്കാരന് ഉറപ്പുകൊടുക്കണം എന്നതാണ്. ഇന്ത്യൻ സിനിമകൾ പ്രണയത്തെ പ്ലേറ്റോണിക് പ്രണയമാണെങ്കിൽ മാത്രമേ സ്വീകരിക്കൂ എന്ന നിർബന്ധബുദ്ധി സൂക്ഷിക്കുന്നുണ്ട്. സ്വതന്ത്രരായ യുവാക്കളുടെ പ്രണയം തന്നെ അംഗീകരിക്കാത്ത അടഞ്ഞ സമൂഹമാണ് ഇന്ത്യയിലേത്. അവിടെ കുടുംബഘടനയെ നോവിക്കാത്ത വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങൾ ഉണ്ടാവുന്നത് ജനപ്രിയമാവുന്നു. എന്നാൽ ജനപ്രിയത കുറഞ്ഞ, വിരലിലെണ്ണാവുന്ന നിലവാരമുള്ള മലയാള സിനിമകൾ ഈ വിഷയത്തിൽ ഉണ്ടായിട്ടുണ്ടെന്നത് മറന്നുകൂടാ.
റഫറൻസ്:
1. ചാരുലത,ഫീച്ചര്‍ ഫിലിം, സത്യജിത് റേ
2. കാദംബരി, ബംഗാളി സിനിമ, സുമൻ ഘോഷ്
3. പുനശ്ച, ബംഗാളി സിനിമ. സൌവിക് മിത്ര
4. പരിണയം, സിനിമ, ഹരിഹരൻ
5. പ്രണയം സിനിമ, ബ്ലെസ്സി
6. മേഘമൽഹാർ, സിനിമ, കമൽ
7. തീർഥാടനം, സിനിമ, ജി. ആർ. കണ്ണൻ
8. കോക്ടെയിൽ, മലയാളസിനിമ, അരുൺകുമാർ
9. ഘടശ്രാദ്ധ, സിനിമ, ഗിരീഷ് കാസറവള്ളി
10. ലഞ്ച്ബോക്സ്, ഹിന്ദി സിനിമ, റിതേഷ് ബത്ര
11. സൂപ്പർ ഡീലക്സ്, തമിഴ് സിനിമ, ത്യാഗരാജൻ കുമാരരാജ,
12. 96 തമിഴ് സിനിമ, സി. പ്രേംകുമാർ
13. ഘരേ ബായരെ, സത്യജിത്റേ, ബംഗാളി സിനിമ
14. Visual pleasure and narrative cinema, Laura Mulvey
15. Debabratee Dhar, Women and Infidelity:Perspectives on Cheating in a Rigged Game,April 28,2022
16. Akanksha Bhatia, https://youthkiawaaz.com/2016/08/sexist-bollywood-depiction-of-adultery
അജിത കെ.
അസിസ്റ്റന്റ് പ്രൊഫസർ,
മലയാള വിഭാഗം,
ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് ,പത്തിരിപ്പാല