top of page

വക്കം മൗലവി - പത്രധര്‍മ്മത്തിന്റെ നീതിബോധം

Updated: Dec 15, 2024

ഡോ.കെ.റഹിം / ഡോ.സജീവ് കുമാർ എസ്.

ഇരുപതാം നൂറ്റാണ്ടിന്റെ പ്രാരംഭ ഘട്ടത്തില്‍ പത്രത്തിന്റെ ശക്തി എന്താണെന്ന് സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ കേരളീയസമൂഹത്തിന് കാണിച്ചുകൊടുത്ത മഹാനാണ് വൈക്കം അബ്ദുള്‍ ഖാദര്‍ മൗലവി മുസ്ലിം സമുദായത്തിന്റെയും കേരളീയ സമൂഹത്തിന്റെയും നവോത്ഥാന മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകരാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സാമൂഹികസേവനവും രാജ്യസേവനവുമാണ് പത്ര പ്രവര്‍ത്തന ത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്ന കാഴ്ചപ്പാടില്‍ മുന്നോട്ടു പോയ മൗലവിക്ക് സാമ്പത്തിക നഷ്ടവും അധികാരികളുടെ അപ്രീതിയുമാണുണ്ടായത്. സ്വദേശാഭിമാനി എന്ന പത്രം സ്ഥാപിക്കുകയും പത്രാധിപരായ രാമകൃഷ്ണപിള്ളയ്ക്ക് പൂര്‍ണ പിന്തുണ നല്‍കികൊണ്ട് പത്രപ്രവര്‍ത്തനത്തെ സാമൂഹിക നീതിയ്ക്ക് വേണ്ടിയുള്ള പോരാട്ടമാക്കി മാറ്റുകയും ചെയ്ത വക്കം മൗലവിയുടെ പത്രപ്രവര്‍ത്തനത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഈ പ്രബന്ധം

താക്കോല്‍ വാക്കുകള്‍: ചാലകശക്തി, പത്രപ്രവര്‍ത്തനം, മുഖപ്രസംഗം, സാമൂഹിക നവോത്ഥാനം, ദേശീയബോധം

ആധുനിക സമൂഹത്തിന്റെ രൂപവല്ക്കരണത്തില്‍ വലിയ പങ്കുവഹിച്ചിട്ടുള്ള ഒന്നാണ് ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങള്‍. അച്ചടി മാധ്യമങ്ങളില്‍ തുടങ്ങി ഇന്‍റര്‍നെറ്റ് വരെ എത്തി നില്ക്കുന്ന മാധ്യമചരിത്രത്തില്‍ പത്രങ്ങള്‍ക്ക് എക്കാലത്തും വലിയ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. മലയാള പത്രപ്രവര്‍ത്തന ചരിത്രത്തിലെ അതുല്യ വ്യക്തിത്വമാണ് വക്കം അബ്ദുല്‍ഖാദര്‍ മൗലവി. സ്വേച്ഛാധിപത്യത്തിനും ജനവിരുദ്ധതയ്ക്കുമെതിരെയുള്ള പ്രതിരോധ ഉപകരണമാക്കി പത്രപ്രര്‍ത്തനത്തെ മാറ്റിയെടുക്കാനുള്ള പരിശ്രമത്തില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്കൊപ്പം നിന്ന അസാധാരണ മനുഷ്യനായിരുന്നു വക്കം മൗലവി. പൊതുജനാഭിപ്രായങ്ങളുടെ പ്രകടനവേദിയായ പത്രങ്ങളെ സാമൂഹിക പരിണാമങ്ങള്‍ക്കുള്ള ചാലകശക്തിയായി എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് അവര്‍ കാണിച്ചുതന്നു. പത്രം എന്ന സങ്കല്പത്തിലെ അവിഭാജ്യഘടകങ്ങളാണ് പത്രമുടമ, പത്രാധിപര്‍, വായനക്കാര്‍ എന്നിവര്‍. ഇവരെല്ലാം കൂടി പരസ്പരധാരണയോടെ വര്‍ത്തിക്കുമ്പോഴാണ് പത്രപ്രവര്‍ത്തനം എന്ന സംവിധാനം ശരിയായ വഴിയിലൂടെ സഞ്ചരിക്കുന്നത്. മുതല്‍മുടക്കി ലാഭം നേടാനുള്ള ഒരു കച്ചവടമായി ഇന്ന് പത്രമുടമകള്‍ പത്രപ്രവര്‍ത്തനത്തെ മാറ്റിയെടുക്കുമ്പോള്‍ ഒരു നൂറ്റാണ്ടു മുന്‍പ് നിസ്വാര്‍ത്ഥമായി പണം മുടക്കി പ്രതിബദ്ധതയുള്ള ഒരു സാമൂഹിക പ്രവര്‍ത്തനമായി അതിനെ വളര്‍ത്താന്‍ ശ്രമിച്ച അതുല്യ വ്യക്തിത്വമായിരുന്നു വക്കം മൗലവി. പത്രപ്രവര്‍ത്തനം അദ്ദേഹത്തിന് സാമൂഹിക പരിഷ്ക്കരണവും സ്വാതന്ത്ര്യസമരപ്രവര്‍ത്തനവുമായിരുന്നുവെന്ന് കാണാവുന്നതാണ്.

അധ്യാപകന്‍, എഴുത്തുകാരന്‍, മതപണ്ഡിതന്‍, ബഹുഭാഷാവിചക്ഷണന്‍, സാമൂഹികപരിഷ്ക്കര്‍ത്താവ് എന്നിങ്ങനെ ബഹുമുഖമായ മേഖലകളില്‍ തിളക്കമാര്‍ന്ന നിലയില്‍ പ്രവര്‍ത്തിച്ച മൗലവിയില്‍ ആ നിലയ്ക്ക് രൂപപ്പെട്ട ജീവിതദര്‍ശനം പത്രപ്രവര്‍ത്തകനെന്ന നിലയില്‍ നിസ്വാര്‍ത്ഥനായി മാറുന്നതിനുള്ള ഊര്‍ജ്ജം പകര്‍ന്നു. തന്റെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് വലിയ പ്രാധാന്യമൊന്നും കൊടുക്കാതെ സമൂഹത്തിന്റെ പുരോഗതിയ്ക്കുവേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ നിശബ്ദമായി അദ്ദേഹം സംഘടിപ്പിച്ചു. പുതിയ അറിവുകളും ആശയങ്ങളും സാമൂഹിക മാറ്റത്തിനുവേണ്ടി ഉപയോഗപ്പെടുത്തിയ നവോത്ഥാന നായകനാണ് അദ്ദേഹം. ജാതിമതവിഭാഗീയതകള്‍ക്കതീതമായി മനുഷ്യ സമൂഹത്തെ നോക്കിക്കാണാനും നവോത്ഥാനത്തിന്റെ പാതയിലൂടെ മുന്നോട്ട് നയിക്കാനും അദ്ദേഹം യത്നിച്ചു.

പത്രപ്രവര്‍ത്തനം മൗലവിക്ക് ഒരു സാമൂഹിക പ്രവര്‍ത്തനമായിരുന്നു. സാമൂഹ്യ നവോത്ഥാനം, സമുദായ പരിഷ്ക്കരണം, സ്വാതന്ത്ര്യസമരം തുടങ്ങി ഏതു പ്രവര്‍ത്തനമായാലും ജനമനസ്സുകളെ ആഴത്തില്‍ സ്പര്‍ശിക്കാന്‍ പ്രസംഗങ്ങളേക്കാള്‍ പ്രസിദ്ധീകരണങ്ങള്‍ക്ക് കഴിയുമെന്ന് മൗലവി തിരിച്ചറിഞ്ഞു. ഇതിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗ്ഗമായാണ് പത്രത്തെ അദ്ദേഹം കണ്ടത്. നീണ്ടചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷം ഒരു പത്രം തുടങ്ങുവാനുള്ള തീരുമാനത്തിലെത്തി. 'സ്വദേശാഭിമാനി' എന്നായിരുന്നു പത്രത്തിന് നല്‍കിയ പേര്. മതത്തിനും സങ്കുചിത സാമുദായിക ചിന്തകള്‍ക്കുമപ്പുറം രാജ്യസ്നേഹവും സാമൂഹിക ബോധവും ഉള്‍ക്കൊള്ളുന്ന, കാലത്തിന് അനുയോജ്യമായ പേരായിരുന്നു അത്. പത്രം തുടങ്ങാനുള്ള മൗലവിയുടെ പരിശ്രമങ്ങളെക്കുറിച്ചറിഞ്ഞ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ അത് നഷ്ടക്കച്ചവടമാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ അതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അവരോട് ശാന്തമായും എന്നാല്‍ ദൃഢനിശ്ചയത്തോടെയും അദ്ദേഹം ഇങ്ങനെ പറഞ്ഞു;

"ഞാനൊരു കച്ചവടക്കാരനല്ല, സാമൂഹ്യസേവനവും രാജ്യസേവനവുമാണ് ഞാന്‍ പത്രം കൊണ്ടുദ്ദേശിക്കുന്നത്. എനിക്കു വേണ്ട പരമമായ ലാഭം പണമല്ല. ഞാനുദ്ദേശിക്കുന്നത് എന്റെ രാജ്യത്തിനു കിട്ടുമെന്നു തന്നെയാണ് എന്റെ ഉറച്ച വിശ്വാസം. എനിക്കതുമതി."(1) 1905 ജനുവരി 19-ന് 'സ്വദേശാഭിമാനി' പത്രം അഞ്ചുതെങ്ങില്‍നിന്ന് ആദ്യമായി പുറത്തിറങ്ങി. പത്രാധിപരായിരുന്നത് സി.പി. ഗോവിന്ദപിള്ളയും മാനേജിംഗ് എഡിറ്റര്‍ വക്കം മൗലവിയുമായിരുന്നു. പ്രഥമലക്കത്തിലെ പത്രാധിപക്കുറിപ്പില്‍ 'സ്വദേശാഭിമാനിയുടെ' പ്രവൃത്തികൊണ്ട് ജനങ്ങള്‍ക്ക് ക്ഷേമമുണ്ടാക്കണമെന്നാണ് ഞങ്ങളുടെ പ്രധാന ഉദ്ദേശ്യം. ഈ ഉദ്ദേശ്യം സാധിക്കാന്‍ ഞങ്ങള്‍ യഥാശക്തി ശ്രമിക്ക തന്നെ ചെയ്യും. ഞങ്ങള്‍ക്കുണ്ടാകുന്ന വല്ല ആപത്തുകളെയും ഭയന്ന്, പൊതുജന സങ്കടങ്ങളെ മറച്ചുവെക്കുന്നതല്ല, നിശ്ചയം" -(2) എന്ന ധീരമായ പ്രഖ്യാപനം പത്രധര്‍മ്മത്തിന്റെ മര്‍മ്മമറിഞ്ഞതില്‍ നിന്നുള്ളതാണ്. രാജഭരണത്തിന്റെ ഉഗ്രശാസനകള്‍ സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ അഗ്നിവര്‍ഷിക്കുന്ന കാലത്താണ് ഇത്തരമൊരു നിലപാട് പരസ്യമായി സ്വീകരിച്ചത് എന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മറുനാടന്‍ വാര്‍ത്തകളും രാജ്യാന്തരവാര്‍ത്തകളുമൊന്നും നേരിട്ട് സ്വീകരിക്കാന്‍ മലയാള പത്രങ്ങള്‍ക്ക് കഴിയാതിരുന്ന കാലമാണത്. എന്നാല്‍ അന്താരാഷ്ട്രവാര്‍ത്തകള്‍ എല്ലായിടത്തുമെത്തിക്കുന്ന റോയിട്ടറുമായി നേരിട്ട് ബന്ധം സ്ഥാപിക്കാനും വാര്‍ത്തകള്‍ നല്‍കുവാനും സ്വദേശാഭിമാനിക്ക് കഴിഞ്ഞു. കല, സാഹിത്യം, ചരിത്രം, കൃഷി, വൈദ്യം, കരകൗശലം തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട പംക്തികള്‍ പത്രത്തില്‍ ആരംഭിച്ചു. 1906 ജനുവരിയില്‍ അഞ്ചുതെങ്ങില്‍ നിന്ന് പ്രസ് വക്കത്തേക്കു മാറ്റി. സി.പി. ഗോവിന്ദപിള്ള പത്രാധിപസ്ഥാനം ഒഴിഞ്ഞതിനുശേഷം കെ. രാമകൃഷ്ണപിള്ളയെ മൗലവി സന്ദര്‍ശിക്കുകയും ഒടുവില്‍ സ്വദേശാഭിമാനിയുടെ പത്രാധിപസ്ഥാനം അദ്ദേഹം ഏറ്ന്റെടുക്കുകയും ചെയ്തു. മലയാള പത്രപ്രവര്‍ത്തന ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടായി മാറിയതാണ് പിന്നീടുള്ള 'സ്വദേശാഭിമാനി'യുടെ പ്രവര്‍ത്തനം- 'ഭയ കൗടില്യലോഭങ്ങള്‍

വളര്‍ക്കില്ലൊരു നാടിനെ' - എന്നതായിരുന്നു സ്വദേശാഭിമാനിയുടെ മുദ്രാവാക്യം. പത്രധര്‍മ്മമറിഞ്ഞ പ്രസാധകന്റെയും പത്രാധിപരുടെയും കാഴ്ചപ്പാടുകള്‍ ഇവിടെ പ്രതിഫലിക്കുന്നുണ്ട്. അന്നത്തെ രാജാധിപത്യത്തിന്റെയും അധികാരശ്രേണികളുടെയും കൊള്ളരുതായ്മകള്‍ക്കെതിരെ പ്രതിഷേധത്തിന്റെ ശബ്ദമായി സ്വദേശാഭിമാനി ഒരു ഭയവുമില്ലാതെ നിലകൊണ്ടു. തെറ്റായ പ്രവണതകള്‍ക്കെതിരെ ശക്തമായ മുഖപ്രസംഗങ്ങള്‍ പ്രസിദ്ധീകരിച്ചു. ദുര്‍ബലരായ സാധാരണ മനുഷ്യരുടെ ഹൃദയങ്ങളില്‍ രൂപം കൊണ്ട പ്രതിഷേധം ജ്വലിക്കുന്ന വാക്കുകളായി പത്രത്തില്‍ പ്രത്യക്ഷപ്പെട്ടു. സ്വന്തം ശബ്ദങ്ങളുടെ നാവായി മാറിയ പത്രത്തെ ജനങ്ങള്‍ നെഞ്ചിലേറ്റി. അനീതിയ്ക്കും അക്രമത്തിനുമെതിരെ പടവാളുയര്‍ത്തിക്കൊണ്ട് സ്വദേശാഭിമാനി നിലകൊണ്ടു. രാജസ്ഥാനമലങ്കരിക്കുന്നവര്‍ക്കും സ്ഥാപിത താല്പര്യക്കാര്‍ക്കുമൊക്കെ സ്വദേശാഭിമാനി പത്രം വലിയ അസ്വസ്ഥത സൃഷ്ടിച്ചു. അന്യായത്തിനും അധര്‍മ്മത്തിനുമെതിരെ പടവാളെടുക്കാനുള്ള പൂര്‍ണസ്വാതന്ത്ര്യമാണ് പത്രമുടമയായ മൗലവി പത്രാധിപരായ രാമകൃഷ്ണപിള്ളയ്ക്ക് നല്‍കിയത്. പത്രം നടത്തിപ്പിലൂടെ മൗലവി സാമ്പത്തികമായി ക്ഷയിച്ചുകൊണ്ടിരുന്നെങ്കിലും പത്രം ജനഹൃദങ്ങളാല്‍ അംഗീകരിക്കപ്പെട്ടു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ദേശീയബോധവും സ്വാതന്ത്ര്യദാഹവും ജനങ്ങളിലേക്ക് പകര്‍ന്നു നല്‍കാന്‍ പത്രത്തിലൂടെ കഴിഞ്ഞു.

1907 ജൂലൈ മാസത്തില്‍ വക്കത്ത് നിന്ന് പ്രസ് തിരുവനന്തപുരം കുന്നുകുഴിയിലേക്ക് മാറ്റി. ശ്രീമൂലം തിരുനാള്‍ മഹാരാജാവും ദിവാന്‍ പി. രാജഗോപാലാചാരിയുമൊക്കെ അധികാരം കൈയാളുന്ന സമയത്ത് ഉന്നതങ്ങളില്‍ നടന്നിരുന്ന അഴിമതിയും സ്വജനപക്ഷപാതവും അരാജകത്വവുമൊക്കെ വിളിച്ച് പറയാന്‍ ധൈര്യം കാണിച്ച പത്രം സ്വദേശാഭിമാനി മാത്രമാണ്. അധികാരികളെ വിമര്‍ശിച്ചാല്‍ വലിയ ശിക്ഷ ലഭിക്കുമായിരുന്ന അക്കാലത്ത് സത്യത്തിനും നീതിക്കും വേണ്ടി നിര്‍ഭയം നിലകൊള്ളാന്‍ കഴിഞ്ഞു എന്നതാണ് 'സ്വദേശാഭിമാനി'യുടെ മഹത്വം. വിവിധഘട്ടങ്ങളിലായി ദുഷ്പ്രവണതകള്‍ക്കെതിരെ ശക്തമായ മുഖപ്രസംഗങ്ങളുണ്ടായി. തിരുവിതാംകൂറിലെ കൈകൂലിക്കാര്യം, രാജസേവകന്‍മാരും തിരുവിതാംകൂര്‍ ഗവണ്മെന്‍റും, പോര്‍ട്ടുഗലിലെ രാജവധം, വിപരീതശക്തികള്‍, തിരുവിതാംകൂര്‍ നവീകരണം, ഗാര്‍ഹ്യമായ നടത്ത, രാജസേവക പ്രഭാവം, പത്രനിരോധനമോ അഴിമതി നിരോധനമോ - ഇങ്ങനെ പ്രസക്തവും രൂക്ഷവുമായ മുഖപ്രസംഗങ്ങളിലൂടെ സ്വദേശാഭിമാനി അധികാരകേന്ദ്രങ്ങളെ വിറളിപിടിപ്പിച്ചു. ദിവാനെയും രാജസേവകരെയും നിര്‍ദാക്ഷിണ്യം വിമര്‍ശിക്കുന്നതില്‍ നിന്ന് സ്വദേശാഭിമാനി പിന്തിരിയണമെന്നും രാമകൃഷ്ണപിള്ളയെ നിയന്ത്രിക്കണമെന്നും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ മൗലവിയെ സ്നേഹപൂര്‍വം ഉപദേശിച്ചു. പത്രം നടത്തി സാമ്പത്തികമായി തകര്‍ച്ചയെ നേരിട്ടിരുന്ന അദ്ദേഹത്തോട് പറയുന്ന വിലയ്ക്കു പ്രസ്സും പത്രവും വാങ്ങാമെന്ന നിര്‍ദ്ദേശവുമായി ഭരണാധികാരികളുടെ സന്ദേശവുമായി രാജസേവകന്‍മാരെത്തി. എന്നാല്‍ പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കുമൊന്നും വഴങ്ങാതെ തന്റെ നിലപാടില്‍ അദ്ദേഹം ഉറച്ചുനിന്നു. രാജ്യത്തെ ജനങ്ങളുടെ ഉത്തമ താല്പര്യത്തെ മുന്‍നിര്‍ത്തി നിലപാട് സ്വീകരിക്കുന്ന രാമകൃഷ്ണപിള്ളയോടൊപ്പം നില്ക്കാനാണ് മൗലവി തയ്യാറായത്. ദിവാന്‍ജിയ്ക്കും അനുയായികള്‍ക്കുമെതിരെ ശക്തമായ വാര്‍ത്തകളുമായി പത്രം മുന്നോട്ടു പോയി. ഊണും ഉറക്കവും നഷ്ടപ്പെട്ട ഭരണകര്‍ത്താക്കള്‍ ഒടുവില്‍ സ്വദേശാഭിമാനിക്കെതിരെ നടപടി സ്വീകരിച്ചു. രാമകൃഷ്ണപിള്ളയെ നാടുകടത്താനും സ്വദേശാഭിമാനി പ്രസ് കണ്ടുകെട്ടാനും തീരുമാനിച്ചു. അനീതിക്കും അധര്‍മ്മത്തിനും കൊള്ളരുതായ്മകള്‍ക്കുമെതിരേ നിര്‍ഭയമായി പോരാടിയ പ്രസാധകനും പത്രാധിപരുമായിരുന്നു യഥാക്രമം വക്കം മൗലവിയും രാമകൃഷ്ണപിള്ളയും. പത്രധര്‍മ്മം എന്താണെന്ന് തിരിച്ചറിഞ്ഞ് ആത്മാര്‍ത്ഥതയോടും അര്‍പ്പണമനോഭാവത്തോടും പ്രവര്‍ത്തിച്ചവരാണ് അവര്‍. അനീതിക്കും അഴിമതിക്കുമെതിരേയുള്ള രാമകൃഷ്ണപിള്ളയുടെ നിലപാടുകളെ പ്രസാധകനായ മൗലവി ഒരിക്കല്‍പോലും നിയന്ത്രിച്ചിരുന്നില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ ധീരതയേയും ആത്മാര്‍ത്ഥതയേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. രാമകൃഷ്ണപിള്ള വേര്‍പിരിഞ്ഞതില്‍ മൗലവിയില്‍ ഏന്റെ വേദനയും മാനസിക സംഘര്‍ഷവും സൃഷ്ടിച്ചു. എങ്കിലും അധികാരികളുടെ ശാസനകള്‍ക്ക് കീഴടങ്ങാതെ അദ്ദേഹം മുന്നോട്ട് പോയി.

കേരളത്തില്‍ നിലനിന്നിരുന്ന സാമൂഹിക സാഹചര്യങ്ങളാണ് വക്കം മൗലവി എന്ന നവോത്ഥാന നായകനെ രൂപപ്പെടുത്തിയത്. സ്വന്തം സമുദായത്തിലും ഇതര സമുദായങ്ങളിലും നിലനിന്നിരുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ ഉണര്‍ന്ന് ചിന്തിക്കാനുള്ള വിദ്യാഭ്യാസവും മാനസിക വളര്‍ച്ചയും ചെറുപ്പത്തിലേ അദ്ദേഹത്തിലുണ്ടായി. കേരളത്തിലെ മുസ്ലിം സമുദായത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തെറ്റായ രീതികളും മാറ്റിയെടുത്ത് നവോത്ഥാനം തെളിച്ച വഴിയിലൂടെ അവരെ മുന്നോട്ട് കൊണ്ടുപോകാനാണ് അദ്ദേഹം ശ്രമിച്ചത്. ശ്രീനാരായണഗുരുവുമായുള്ള സമ്പര്‍ക്കം മൗലവിയിലെ സാമൂഹിക പരിഷ്കര്‍ത്താവിനെ ഉണര്‍ത്തി. ലോകം ശാസ്ത്രത്തിന്റെ പാതകളിലൂടെ മുന്നോട്ട് പോകുന്നതും ഭൗതികമായ പുരോഗതിയിലൂടെ മനുഷ്യവര്‍ഗ്ഗം ഉയര്‍ച്ചയിലേക്ക് പോകുന്നതും വായനയിലൂടെയും ചിന്തകളിലൂടെയും അദ്ദേഹം മനസിലാക്കി. എന്നാല്‍ സ്വന്തം സമുദായം ഈ നിലയില്‍ വളരെ പിന്നിലായിരുന്നുവെന്ന യാഥാര്‍ത്ഥ്യം അദ്ദേഹത്തെ അസ്വസ്ഥനാക്കി. മനുഷ്യന്റെ യുക്തിക്കും സാമാന്യബുദ്ധിക്കും നിരക്കാത്ത ആചാരരീതികളും അനുഷ്ഠാനങ്ങളും ഇല്ലാതാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എഴുത്തിനും വായനക്കും പുറംതിരിഞ്ഞു നില്ക്കുന്ന സ്വന്തം സമുദായത്തെ വിദ്യാഭ്യാസത്തിലൂടെ ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ അദ്ദേഹം ശ്രമിച്ചു. ഇതിന്റെ ഭാഗമായിട്ടാണ് 1906-ല്‍ 'മുസ്ലീം' എന്ന മാസികയുടെ പ്രസിദ്ധീകരണം ആരംഭിച്ചത്. മുസ്ലീങ്ങളുടെ ദയനീയാവസ്ഥ സര്‍ക്കാരിന്റെയും സമൂഹത്തിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഇതില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങള്‍ക്ക് കഴിഞ്ഞു. മുസ്ലീം സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാത്ത അവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്. സ്ത്രീകളുടെ വളര്‍ച്ചയും സംസ്കൃതിയും സമൂഹത്തിന്റെ വളര്‍ച്ചയ്ക്ക് പ്രധാനപ്പെട്ട ഒന്നാണെന്ന് മൗലവി മനസിലാക്കി. അങ്ങനെ 'മുസ്ലീം' മാസികയിലൂടെ സ്ത്രീവിദ്യഭ്യാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വിവിധ മതക്കാരും വ്യത്യസ്ത വിശ്വാസികളുമായ സാമൂഹിക പ്രവര്‍ത്തകരെക്കൊണ്ട് 'മുസ്ലീം' മാസികയില്‍ ലേഖനങ്ങള്‍ എഴുതിച്ചു. മുസ്ലീങ്ങള്‍ക്കിടയില്‍ ആധുനിക വിദ്യാഭ്യാസത്തോട് ആഭിമുഖ്യം വളര്‍ത്താന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു.

മൗലവിയുടെ പത്രപ്രവര്‍ത്തന ചരിത്രത്തിലെ അവസാന സംരംഭമായിരുന്നു 'ദീപിക'യുടെ പ്രസിദ്ധീകരണം. 1931-ലാണ് ദീപിക പുറത്തിറങ്ങിയത്. ശാരീരികമായും സാമ്പത്തികമായും ദുര്‍ബലമായിരുന്ന ഘട്ടത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ആകെ 12 ലക്കങ്ങള്‍ പ്രസിദ്ധീകരിച്ച ദീപികയുടെ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ മൗലവിയുടെ മതപരവും ബുദ്ധിപരവുമായ ലിബറലിസം പ്രതിഫലിച്ചിരുന്നുവെന്ന് കാണാവുന്നതാണ്. മുസ്ലീം സാമൂഹിക സാമുദായിക പ്രശ്നങ്ങളായിരുന്നു കൂടുതല്‍ കൈകാര്യം ചെയ്തിരുന്നതെങ്കിലും ഇതര സമുദായാംഗങ്ങളുടെ പ്രശ്നങ്ങള്‍ക്കും ദീപികയില്‍ ഇടം നല്‍കി. മുസ്ലീം യാഥാസ്ഥിതികത്വത്തിനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരേ അതു നിലകൊണ്ടു. ആധുനിക വിദ്യാഭ്യാസത്തോടുള്ള സമുദായത്തിന്റെ വിമുഖത ഇല്ലാതാക്കി അവരെ വിദ്യാഭ്യാസത്തിന്റെ വഴിയിലേക്കു കൊണ്ടുവരാനുള്ള ലക്ഷ്യത്തോടെ നിരവധി ലേഖനങ്ങളെഴുതി. 'പര്‍ദ്ദ' പോലെയുള്ള ആചാരങ്ങള്‍ക്കെതിരെ രംഗത്തുവരികയും സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുകയും ചെയ്തു.

മതം, സമൂഹം, രാഷ്ട്രം, തത്ത്വചിന്ത തുടങ്ങി എല്ലാ വിഷയങ്ങളിലും ആധുനികവും പുരോഗമനാത്മകവുമായ ആശയങ്ങളുടെ അടിസ്ഥാനത്തില്‍ മൗലവി ഇടപെടല്‍ നടത്തി. രാജ്യവും സമൂഹവും സമുദായവും നേരിടുന്ന വിവിധ വിഷയങ്ങളെക്കുറിച്ച് ദീപികയില്‍ പ്രസാധകക്കുറിപ്പുകളുണ്ടായി. സ്വരാജ്യാദര്‍ശം, അഭിലഷണീയമല്ലാത്ത ലേഖന സമരം, മുസ്ലീം അനാചാരധ്വംസകസംഘം, ഈഴവരും മതംമാറ്റവും, സിംഹാസനാരോഹണം - തുടങ്ങിയ ചില ശീര്‍ഷകങ്ങളില്‍ക്കൂടി അന്നത്തെ പത്രാധിപരുടെ കാഴ്ചപ്പാട് മനസ്സിലാക്കാന്‍ കഴിയും.

ചുരുക്കത്തില്‍ തന്റെ ജീവിതവും സമ്പത്തും സ്വന്തം സമുദായത്തിനും സമൂഹത്തിനും വേണ്ടി സമര്‍പ്പിച്ച നിസ്വാര്‍ത്ഥനായ മനുഷ്യനായിരുന്നു വക്കം മൗലവി. മുസ്ലീം നവോത്ഥാന പ്രവര്‍ത്തകനായ മൗലവി താന്‍ തുടങ്ങിയ പത്രത്തിന് 'സ്വദേശാഭിമാനി' എന്ന പേര് നല്‍കിയത് തന്നെ തന്റെ ദേശത്തോടുള്ള സ്നേഹത്തിന്റെയും സ്വാതന്ത്ര്യബോധത്തിന്റെയും അടയാളമാണ്. പത്രം കണ്ടുകെട്ടുകയും രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും ചെയ്തിട്ടും അസാധാരണമായ സ്വാതന്ത്ര്യദാഹവും മതാതീതമായ ദേശസ്നേഹവും അദ്ദേഹത്തില്‍ ജ്വലിച്ചുനിന്നു. ശ്രീനാരായണഗുരുവിനോടും സഹോദരന്‍ അയ്യപ്പനോടും മൗലവിക്കുണ്ടായിരുന്ന സുഹൃദ്ബന്ധം മറ്റ് സമുദായങ്ങളുടെ പുരോഗമന പ്രവര്‍ത്തനങ്ങളിലും അദ്ദേഹത്തിനുണ്ടായിരുന്ന താല്പര്യം വിളിച്ചറിയിക്കുന്നതാണ്. മനുഷ്യസ്നേഹം, രാജ്യസ്നേഹം, മതവിശ്വാസം, സാമൂഹികബോധം, ധാര്‍മ്മികബോധം എന്നിവയില്‍ നിന്ന് രൂപപ്പെട്ട ആദര്‍ശത്തിന്റെ അടിത്തറയാണ് പത്രധര്‍മ്മത്തെക്കുറിച്ചുള്ള മൗലവിയുടെ കാഴ്ചപ്പാടിന് ബലമേകിയത്. സാമൂഹിക നന്മയ്ക്കു വേണ്ടി ജനപക്ഷത്തുനിന്നുകൊണ്ട്. അപകടകരമായ വിധത്തില്‍ പത്രപ്രവര്‍ത്തനത്തിലേര്‍പ്പെട്ട രണ്ടു സാഹസികന്മാരായിരുന്നു സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും വക്കം മൗലവിയും. ധീരനായ പത്രാധിപരും വിട്ടുവീഴ്ചയില്ലാത്ത പത്രമുടമയും പത്രപ്രവര്‍ത്തന ചരിത്രത്തിലെ അപൂര്‍വശോഭയാര്‍ന്ന കാഴ്ചയാണ്. വക്കം മൗലവി എന്ന പത്രമുടമയാണ് രാമകൃഷ്ണപിള്ളയെന്ന ശക്തനായ പത്രാധിപരെ സൃഷ്ടിച്ചതെന്ന് പറഞ്ഞാല്‍ അതിശയോക്തി ഉണ്ടാകില്ല. മാധ്യമ മുതലാളിമാര്‍ ലാഭം നേടാനുള്ള ഒരു കച്ചവടമാക്കി മാധ്യമപ്രവര്‍ത്തനത്തെ മാറ്റിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത്, വക്കം മൗലവി എന്ന നിസ്വാര്‍ത്ഥനായ പത്രമുടമയുടെ ചരിത്രത്തിനും പോരാട്ടത്തിനും വലിയ പ്രസക്തിയാണുള്ളതെന്ന് പറയാം.

കുറിപ്പുകള്‍

1. കാതിയാളം അബൂബക്കര്‍ - കേരളീയ നവോത്ഥാനവും വക്കം മൗലവിയും എല്‍.ബി.എസ്. 2018, പുറം - 19.

2. അതേ പുസ്തകം ڇ" പുറം-20.

ഗ്രന്ഥസൂചി

1. ബാലകൃഷ്ണന്‍. പി.കെ., 1983, ജാതിവ്യവസ്ഥയും കേരള ചരിത്രവും, കോട്ടയം, എന്‍.ബി.എസ്.

2. മുഹമ്മദ്കുഞ്ഞ്. പി.കെ., 1993, മുസ്ലീങ്ങളും കേരളസംസ്കാരവും, തൃശ്ശൂര്‍, കേരളസാഹിത്യ അക്കാദമി

3. കാതിയാളം അബൂബക്കര്‍, 2018, കേരളീയ നവോത്ഥാനവും വക്കം മൗലവിയും, കോട്ടയം, എന്‍.ബി.എസ്.

4. പുതുപ്പള്ളി രാഘവന്‍, 2008, കേരള പത്രപ്രവര്‍ത്തനചരിത്രം, കൊച്ചി, കേരള പ്രസ് അക്കാദമി,

 
ഡോ. കെ.റഹിം

അസോസിയേറ്റ് പ്രൊഫസർ

ബി.ജെ.എം. ഗവ. കോളെജ്, ചവറ

ഡോ സജീവ് കുമാർ എസ്.

അസോസിയേറ്റ് പ്രൊഫസർ,

സർക്കാർ വനിതാ കോളെജ് തിരുവനന്തപുരം


Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page