top of page

ശൂന്യതയുടെ ശാസ്ത്രം

ശാസ്ത്രമലയാളം
വിജയകൃഷ്ണൻ എം വി

മനുഷ്യചിന്തയെ എന്നും വിസ്മയിപ്പിച്ച ഒരു ആശയമാണ് ശൂന്യത അഥവാ ഒന്നുമില്ലായ്മ . ഇംഗ്ലീഷിൽ ഇതിനെ Nothingness, vacuum, void എന്നെല്ലാം വിളിക്കാറുണ്ട്. അനന്തത (Infinity) എന്ന സങ്കല്പം പോലെ നമുക്ക് മനസ്സിലായെന്നു തോന്നുമ്പോഴും ഒരു സമസ്യയായി തന്നെ മാറി നിൽക്കുന്ന ഒരു സങ്കല്പമാണിത്. ഈ രണ്ടു സങ്കൽപ്പങ്ങളും ഒരേ സമയം വിരുദ്ധവും എന്നാൽ പരസ്പരപൂരിതവുമാണ്. ഒരു കാലത്തു മതങ്ങളിലും തത്വചിന്തകളിലും നിറഞ്ഞു നിന്ന ഇവ ക്രമേണ ശാസ്ത്രപഠനത്തിനും വിധേയമാവുകയും നമ്മെ ഏറ്റവുമധികം അമ്പരപ്പിക്കുന്ന നിരവധി കണ്ടുപിടുത്തങ്ങളിലേക്കു നയിക്കുകയുമുണ്ടായി.  ഇതിൽ അനന്തത എന്നത് ഗണിതശാസ്ത്രത്തിൽ വളരെ പ്രധാന പങ്കു വഹിക്കുന്നതിനാൽ കൂടുതൽ ചർച്ച ചെയ്യപ്പെടുകയും പഠിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ശൂന്യതയെ കുറിച്ചുള്ള പഠനങ്ങൾ ഭൗതികശാസ്ത്രത്തിൻറ അതിർത്തികൾക്കപ്പുറം അധികം പഠനവിധേയമാകാത്തതും അതു കൊണ്ടു തന്നെ പൊതുബോധത്തിൽ കൂടുതൽ എത്തിപ്പെടാത്തതുമാണ്.


ശുഷ്കമായ ചരിതം

ശൂന്യത എന്ന ആശയത്തെ കുറിച്ച് അധികം പരാമർശങ്ങളൊന്നും തന്നെ പുരാതന സംസ്കാരലിഖിതങ്ങളിൽ കാണാൻ സാധിക്കില്ല. ഇതിൽ ഒരു പക്ഷെ ഏറ്റവും പ്രധാനമായത് ഭാരതത്തിൽ കണാദനും ഗ്രീസിൽ ഡെമോക്രിറ്റസും മുന്നോട്ടു വെച്ച അണുസിദ്ധാന്തമായിരിക്കണം. ഇവരുടെ കാഴ്ചപ്പാടിൽ പ്രപഞ്ചം നിർമ്മിക്കപ്പെട്ടിരിക്കുന്നത് പരമാണുക്കളാലാണ്. അങ്ങനെയെങ്കിൽ ഈ പരമാണുക്കൾക്കിടയിൽ ഒന്നുമുണ്ടാകില്ല; അതായത് പരമാണുക്കൾക്കിടയിൽ ശൂന്യതയാണുണ്ടാവുക. ഇതിനെ അരിസ്റ്റോട്ടിൽ നിശിതമായി വിമർശിച്ചു. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം പ്രകൃതിയിൽ ശൂന്യതയ്ക്കു സ്ഥാനമില്ല (“Nature abhors a vacuum”); എവിടെയെങ്കിലും ശൂന്യതയുണ്ടെങ്കിൽ അതിനു ചുറ്റുവട്ടത്തുനിന്നും പദാർത്ഥങ്ങൾ അവിടേക്കു കയറി നിറയ്ക്കും. ഇത് ലളിതമായ വാദമാകയാലും അരിസ്റ്റോട്ടിലിന്റെ പ്രാഗൽഭ്യം പ്രസിദ്ധമാകയാലും ശൂന്യതാവാദം ഒരർത്ഥത്തിൽ തള്ളിപ്പോയി. ബുദ്ധമതദർശനങ്ങളിലും മറ്റും ശൂന്യതക്ക് പരമപ്രാധാന്യം കൊടുത്തിരുന്നെങ്കിലും ഒരു ശാസ്ത്രവിഷയമെന്ന നിലക്ക് നൂറ്റാണ്ടുകളോളം ശൂന്യതാസങ്കല്പം പഠിക്കപ്പെട്ടില്ല.

ഈ സ്ഥിതിക്ക് മാറ്റം വന്നത് 1643 ൽ ഇറ്റാലിയൻ ശാസ്ത്രജ്ഞനായ ടോറിസെല്ലി (Evangelista Torricelli)  ലബോറട്ടറിയിൽ ഒരു ഭാഗിക ശൂന്യത സൃഷ്ടിച്ചപ്പോഴാണ്. മെർക്കുറി കൊണ്ട് പൂർണമായും നിറച്ച ഒരു ടെസ്റ്റ് ട്യൂബിന്റെ അറ്റം വിരൽ കൊണ്ട് അടച്ച ശേഷം മെർക്കുറി നിറച്ച ഒരു പാത്രത്തിൽ മുക്കിപ്പിടിക്കുകയും എന്നിട്ടു വിരൽ മാറ്റുകയും ചെയ്തപ്പോൾ മെർക്കറിയുടെ അളവ് താഴ്ന്നു ഒരു നിലയിൽ എത്തി നിന്നു. അപ്പോൾ ആ ട്യൂബിന്റെ ഉള്ളിൽ ഒഴിഞ്ഞ ഭാഗത്തു വായുവോ മറ്റെന്തെങ്കിലുമോ ഇല്ലാതെ വന്നു. അതാണ് ആദ്യമായി മനുഷ്യനാൽ സൃഷ്ടിക്കപ്പെട്ട യഥാർത്ഥ ശൂന്യത. ഇത് വളരെ ശക്തമായ ഒരു തെളിവാകുകയും ശൂന്യത യഥാർത്ഥത്തിൽ ഉണ്ടെന്നു പലരും അംഗീകരിക്കുകയും ചെയ്തു. വൈകാതെ തന്നെ vacuum pump പോലെയുള്ള ഉപകരണങ്ങൾ നിര്മിക്കപെടുകയും മാഗ്‌ഡെബർഗ് പരീക്ഷണങ്ങൾ (Magdeburg Hemisphere Experiment) പോലെയുള്ള പലതരം പ്രക്രിയകളിലൂടെ  ശൂന്യതയുടെ പ്രായോഗികത ഏവർക്കും മനസ്സിലാകുകയും ചെയ്തു. ഇതേ കാലയളവിൽ കോപ്പര്നിക്കസ് മുന്നോട്ടു വെച്ച സൗരകേന്ദ്രീകൃതമാതൃക (Heliocentric Model)  അംഗീകരിക്കപ്പെടുകയും സൂര്യനും ഗ്രഹങ്ങൾക്കുമിടയിൽ ശൂന്യത ഉണ്ടാകേണ്ടതാണെന്നും വന്നു.

എന്നാൽ ഗുരുത്വബലം പോലെയുള്ള പ്രതിഭാസങ്ങൾ ശൂന്യതയിലൂടെ  അവയുടെ സ്വാധീനം പരത്തുമെന്നത് ന്യൂട്ടണെ പോലെയുള്ള പ്രഗത്ഭർക്കു പോലും അംഗീകരിക്കുവാൻ ബുദ്ധിമുട്ടായിരുന്നു. അതിനാൽ യഥാർത്ഥത്തിൽ  ശൂന്യത ഇല്ലെന്നും പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ഒരു വസ്തു ഉണ്ടെന്നും അതിൽ കൂടിയാണ് ഗുരുത്വബലവും മറ്റും പ്രവർത്തിക്കുന്നതെന്നും ഒരു അഭിപ്രായം പരക്കെ അംഗീകരിക്കപ്പെട്ടു. ഇതാണ് പ്രസിദ്ധമായ ഈഥർ സിദ്ധാന്തം (Ether Hypothesis). ഈഥർ എന്ന സർവ്വവ്യാപിയായ മാധ്യമത്തിന്റെ അടിസ്ഥാനത്തിൽ ഭൗതികശാസ്ത്രനിയമങ്ങൾ തിരുത്തി എഴുതപ്പെടുവാൻ തുടങ്ങി. ഈഥർ സിദ്ധാന്തം ന്യൂട്ടൺ മുന്നോട്ടു വെച്ച ചലനനിയമങ്ങൾക്കു അനുസൃതമാണെങ്കിലും അവ മാക്‌സ്‌വെൽ വികസിപ്പിച്ചെടുത്ത വിദ്യുത്കാന്തികസിദ്ധാന്തത്തിനു വിരുദ്ധമായിരുന്നു. എന്നാൽ 200 വർഷകാലം അനേകപരീക്ഷണങ്ങളിലൂടെ സ്ഥിതീകരിക്കപ്പെട്ടതും നെപ്ട്യൂൺ, പ്ലൂട്ടോ തുടങ്ങിയ ഗ്രഹങ്ങളെ കൃത്യമായി പ്രവചിച്ചതുമായ ന്യൂട്ടൺ സിദ്ധാന്തം വിട്ടുകളയാൻ അക്കാലത്തു ശാസ്ത്രജ്ഞർ തയാറായിരുന്നില്ല. മാക്‌സ്‌വെൽ സിദ്ധാന്തം പ്രകാശത്തിന്റെ ഏറെക്കുറെ എല്ലാ പ്രതിഭാസങ്ങളും കൃത്യമായി വിശദീകരിച്ചുവെങ്കിലും അത് തെറ്റാണെന്നായിരുന്നു ഭൂരിഭാഗം പേരും കരുതിയത്.

എന്നാൽ ശാസ്ത്രത്തിലെ അവസാനവാക്ക് നിരീക്ഷണത്തിലൂടെ തെളിയിക്കപ്പെടുന്ന വസ്തുതകളായതിനാൽ ഈഥറിന്റെ അസ്തിത്വം പരീക്ഷണങ്ങളിലൂടെ തെളിയിക്കേണ്ടതായി വന്നു. ഇതിനായി പലരും ശ്രമിച്ചുവെങ്കിലും ഏറ്റവും കൃത്യതയാർന്നത്  മൈക്കിൾസൺ - മോർലി എന്നിവർ ചേർന്ന് 1887 ൽ ചെയ്ത പരീക്ഷണമാണ്. എന്നാൽ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു കൊണ്ട് ഒരു പരീക്ഷണത്തിനും ഈഥറിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചില്ല. ഇത്തരം പല പരീക്ഷണങ്ങളും പല തവണ ആവർത്തിക്കപ്പെട്ടിട്ടും സൈദ്ധാന്തികമായി പുതിയ രീതികളും സങ്കൽപ്പങ്ങളും ശ്രമിക്കപ്പെട്ടെങ്കിലും അതെല്ലാം പലപ്പോഴും പരസ്പരവിരുദ്ധങ്ങളും തെളിയിക്കാനാകാത്തതുമായിരുന്നു. അങ്ങനെ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഭൗതികശാസ്ത്രരംഗം കലുഷിതമായിരുന്നു.


ഐൻസ്റ്റീൻ, ആപേക്ഷികതാസിദ്ധാന്തം, ക്വാണ്ടം വിപ്ലവം

ഈഥർ സിദ്ധാന്തത്തിനായി നിലകൊണ്ടവർ എല്ലാവരും ന്യൂട്ടൺ മുന്നോട്ടു വെച്ച കാഴ്ചപാട് ശരിയാണെന്നും ഇതിനു വിരുദ്ധമായി നിന്ന മാക്‌സ്‌വെൽ തുടങ്ങിയവരുടെ സിദ്ധാന്തങ്ങൾ തെറ്റാണെന്നും ഉള്ള ധാരണയിൽ അതെല്ലാം തിരുത്തുവാൻ ശ്രമിച്ചു. ഇതെല്ലാം മാറ്റിമറിച്ചു കൊണ്ട് 1905 ൽ ആൽബർട്ട് ഐൻസ്റ്റീൻ തൻറെ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചു. ഇത് രണ്ട് നൂറ്റാണ്ടോളം നിലനിന്ന ന്യൂട്ടോണിയൻ ബലതന്ത്രത്തെ മാറ്റി പുതിയ ഒരു പ്രപഞ്ചവീക്ഷണം മുന്നോട്ടു വെച്ചു. ഈ നൂതന സിദ്ധാന്തത്തിൽ ഈഥറിനു സ്ഥാനമില്ലാതാവുകയും അങ്ങനെ ശൂന്യത ശാസ്ത്രലോകത്തു തിരിച്ചെത്തുകയും ചെയ്തു.   പത്തു വർഷങ്ങൾക്കു ശേഷം 1915 ൽ ഐൻസ്റ്റീൻ തന്നെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തിലൂടെ ഇത് ഉറപ്പിക്കുകയും ചെയ്തു. ഈ രണ്ടു സിദ്ധാന്തങ്ങളിലും ശൂന്യത എന്ന സങ്കൽപ്പം ഉപയോഗിക്കപ്പെട്ടു   എന്നാൽ ആപേക്ഷികതാ സിദ്ധാന്തം മുന്നോട്ട് വെച്ച ശൂന്യതാ സങ്കൽപ്പത്തിന് ചില പ്രധാന വ്യത്യാസങ്ങൾ ഉണ്ടായിരുന്നു . സാധാരണ ഗതിയിൽ ശൂന്യത എന്ന സങ്കല്പം സ്ഥലം അല്ലെങ്കിൽ space എന്ന വിവക്ഷ മാത്രമാണ് കുറിക്കുന്നത്. ഇതിനു മൂന്ന് മാനങ്ങളുണ്ട്‌ ( Three dimensional space). ഇതിനോടൊപ്പം സമയത്തിനേ കൂടി ഉൾപ്പെടുത്തി നാല് മാനങ്ങളുള്ള സ്ഥലകാലം അഥവാ Four dimensional spacetime എന്ന വളരെ വിപ്ലവകരമായ ഒരു ആശയമാണ് ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിക്കുന്നത്. ശൂന്യതയുടെ  മറ്റൊരു മുഖമായി ഇതിനെ കണക്കാക്കാം. പദാർത്ഥം അഥവാ Matter എന്നത് ഈ ചതുർമാനസ്ഥലകാലത്തിന്റെ വക്രത (Curvature) മാത്രമാണ് എന്ന് വന്നു. അങ്ങനെ സ്ഥലകാലപദാർത്ഥങ്ങളെ ആപേക്ഷികതാസിദ്ധാന്തം ഒരൊറ്റ യാഥാർഥ്യത്തിന്റെ പല മിഥ്യാമുഖങ്ങളായി അവതരിപ്പിച്ചു. ഇത് ഇരുപതാം നൂറ്റാണ്ടിലെ  ഏറ്റവും വലിയ ഒരു അടിസ്ഥാനമാറ്റം - paradigm shift - ആയി കണക്കാക്കപ്പെടുന്നു.

ഇരുപതാം നൂറ്റാണ്ടു സാക്ഷ്യം വഹിച്ച മറ്റൊരു ശാസ്ത്രവിപ്ലവമാണ് ക്വാണ്ടം സിദ്ധാന്തം. ആപേക്ഷികതാ സിദ്ധാന്തം പ്രപഞ്ചഘടന പോലെയുള്ള മഹാവ്യൂഹങ്ങളിലാണ് കൂടുതൽ സ്വാധീനം ചെലുത്തുന്നതെങ്കിൽ ക്വാണ്ടം സിദ്ധാന്തം പരമാണുക്കളുടെ ലോകത്താണ് വിരാജിക്കുന്നത്. ആദ്യകാലത്തു ഈ രണ്ടു സിദ്ധാന്തങ്ങളും വ്യത്യസ്തമായ മേഖലകളിലാണ് പ്രയോഗിക്കപ്പെട്ടിരുന്നത്. 1928 ൽ പ്രശസ്ത ശാസ്ത്രജ്ഞനും ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാക്കളിൽ പ്രമുഖനുമായ  പോൾ ഡിറാക്ക് (Paul Dirac) വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തവും ക്വാണ്ടം ബലതന്ത്രവും സംയോജിപ്പിച്ചു Relativistic Quantum Mechanics എന്ന പുതിയ ഒരു മേഖല സൃഷ്ടിച്ചു . ഇത് മുന്നോട്ടു വെച്ച പല പ്രവചനങ്ങളും സാധാരണ യുക്തിക്കു വിരുദ്ധമായി തോന്നിച്ചുവെങ്കിലും അതെല്ലാം പരീക്ഷണങ്ങളിലൂടെ ശരിയാണെന്നു കണ്ടെത്തി. ഇതോടൊപ്പം ഡിറാക്ക്, ശ്വിംഗർ (Julian Schwinger), ഡൈസൻ (Freeman Dyson), ഫെയിൻമാൻ (Richard Feynman) തുടങ്ങിയവർ മാക്‌സ്‌വെൽ ആവിഷ്കരിച്ച വിദ്യുത്കാന്തികസിദ്ധാന്തവും ക്വാണ്ടം സിദ്ധാന്തവും യോജിപ്പിച്ചു Quantum Electrodynamics എന്ന പഠനശാഖയും തുടങ്ങിവെച്ചു.  ഈ സിദ്ധാന്തങ്ങളെല്ലാം തന്നെ ശൂന്യതാസങ്കല്പം പാടെ മാറ്റിമറിച്ചു.


നവയുഗശൂന്യത

ഇന്നത്തെ ഭൗതികശാസ്ത്രനിയമങ്ങൾ പ്രകാരം ഒരു കാലത്തു ഒന്നും ഇല്ലാത്ത അവസ്ഥ എന്ന് കരുതിയത് പോലെയല്ല ശൂന്യത. നേരത്തെ സൂചിപ്പിച്ച Quantum Electrodynamics പ്രകാരം പരമശൂന്യത എന്ന അവസ്ഥയിൽ മനുഷ്യൻ ഇന്നോളം കണ്ടെത്തിയിട്ടുള്ളതും  ഇനി കണ്ടെത്താനുള്ളതുമായ എല്ലാ കണികകളും - ഇലക്ട്രോൺ, പ്രോട്ടോൺ പോലെയുള്ളവ -  ഒരു ഭ്രമാത്മക സ്ഥിതിയിൽ (virtual state) നിലനിൽക്കുന്നു. ഇവ തത്വത്തിൽ പോലും നമുക്ക് നേരിട്ട് കണ്ടുപിടിക്കാൻ കഴിവുള്ളതല്ല. എന്നാൽ പരോക്ഷമായി ഇത്തരം virtual particles ൻറെ  സാന്നിധ്യത്തിന്റെ ലക്ഷണങ്ങൾ കണ്ടുപിടിക്കാനാകും.   അങ്ങനെയുള്ള ശൂന്യതയിൽ നിന്ന് ചില സവിശേഷസാഹചര്യങ്ങൾ കൊണ്ട് ഏതു കണികയും നമുക്ക് സൃഷ്ടിച്ചെടുക്കാം; അതായത്, ശൂന്യതയിൽ നിന്ന് പദാർത്ഥത്തെ (Matter) സൃഷ്ടിക്കാം എന്നർത്ഥം. ഇതിനെ Pair Production എന്ന് പറയുന്നു.അത് പോലെ തന്നെ, ചില സവിശേഷസാഹചര്യങ്ങളിൽ പദാർത്ഥത്തിനു ശൂന്യതയിൽ ലയിച്ചു ഇല്ലാതാവാം. ഇതിനെ Pair Annihilation എന്ന് പറയുന്നു. ഈ പറഞ്ഞ പ്രതിഭാസങ്ങൾ വഴി ശൂന്യതയിൽ എല്ലാ നിമിഷവും കണികകൾ ഉണ്ടാവുകയും തമ്മിൽ ലയിച്ചു ഇല്ലാതാവുകയും ചെയുന്നു. ഒരർത്ഥത്തിൽ, ശൂന്യത എപ്പോഴും  ചലനാത്മകസ്ഥിതിയിലാണ് (Vacuum is always in a dynamic state). ശൂന്യതയിൽ നടക്കുന്ന ഈ പ്രതിഭാസത്തെ Vacuum fluctuations എന്ന് വിളിക്കുന്നു. അപ്പോൾ ശൂന്യത ഒരു ഒഴിഞ്ഞ അവസ്ഥ - Void - എന്നതിൽ നിന്ന് മാറി ഒരു നിറവുള്ള അവസ്ഥ - Plenum - ആണെന്ന് പറയാം. അത് കൊണ്ട് മുൻപ് ശൂന്യതയെ കുറിക്കാൻ Vacuum എന്ന വാക്ക് ഉപയോഗിച്ചയടുത്തു ഇന്ന് Physical Vacuum എന്നാണു പ്രയോഗം തന്നെ.

ശൂന്യതയിൽ നിന്നും സൃഷ്ടി നടക്കുന്ന പ്രക്രിയ പല ആവർത്തി പരീക്ഷണങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ശൂന്യതയുടെ ഈ ചിത്രം ഉപയോഗിച്ച് ബിഗ് ബാംഗ് സിദ്ധാന്തത്തിൽ ചില വ്യത്യാസങ്ങൾ വരുത്തി പ്രപഞ്ചസൃഷ്ടി തന്നെ ഒരു vacuum fluctuation ആണെന്ന സിദ്ധാന്തം ശരിയെന്നു  കരുതുന്ന ശാസ്ത്രജ്ഞർ ഇന്ന് ഏറെയാണ്. ഇതേ ആശയത്തിൽ നിന്നാണ് നമ്മുടെ പ്രപഞ്ചം പോലെ തന്നെ ശൂന്യതയിൽ നിന്നും സൃഷ്ടിക്കപ്പെട്ട മറ്റു പ്രപഞ്ചങ്ങൾ ഉണ്ടെന്ന Multiverse സിദ്ധാന്തം രൂപപ്പെട്ടത്.- തമോഗർത്തങ്ങളെ കണ്ടു പിടിക്കാൻ സഹായകമായേക്കാവുന്ന ഹോക്കിങ് വികിരണങ്ങളുടെ (Hawking Radiation) സമവാക്യങ്ങൾ കണ്ടെത്തിയതും ശൂന്യതയുടെ ഈ പുതിയ ചിത്രം അനുസരിച്ചാണ്. ഏറെ അദ്ഭുതകരമായ കാര്യം എന്തെന്നാൽ ഇതേ ശൂന്യതാസിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് മനുഷ്യശരീരത്തിലെ കോശങ്ങളിലെ പ്രവർത്തനങ്ങൾ പഠിക്കുവാനുപയോഗിക്കുന്ന Positron Emission Tomography Scan (PET Scan) എന്ന ഉപകരണത്തിന്റെ പ്രവർത്തനം.  ഈ ശൂന്യതാസിദ്ധാന്തത്തിന്റെ പ്രവചനങ്ങളായ Lamb Shift, Casimir Effect എന്നിവയും പരീക്ഷണശാലകളിൽ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഈ സിദ്ധാന്തം ഭൗതികശാസ്ത്രചരിത്രത്തിലെ ഏറ്റവും കൃത്യതയാർന്ന കണക്കുകളാണ് മുന്നോട്ടു വെച്ചിട്ടുള്ളത്. ഇത്രയും ഉറപ്പോടെ തെളിയിക്കപ്പെട്ട സിദ്ധാന്തങ്ങൾ വേറെയില്ല എന്ന് തന്നെ പറയാം. 

ഇന്നും ഭൗതികശാസ്ത്രത്തിനു മുന്നിൽ ഏറ്റവും വലിയ വെല്ലുവിളിയായി നിൽക്കുന്നത് ക്വാണ്ടം സിദ്ധാന്തത്തെയും സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തെയും യോജിപ്പിച്ചു ഒരു പുതിയ സിദ്ധാന്തം കണ്ടെത്തുക എന്നതാണ്. അങ്ങനെയുള്ള പല ശ്രമങ്ങളും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെയെല്ലാം അനന്തരഫലമായി ഉടലെടുക്കുന്ന തത്വങ്ങളിൽ ശൂന്യതയുടെ  ഏതു പുതിയ മുഖമാണ് അനാവരണം ചെയ്യുക എന്ന് കാത്തിരുന്നു കാണാം.


ഗ്രന്ഥസൂചിക:

1.     Something Called Nothing – Physical Vacuum, What is it? by Roman Podolsky, Mir Publishers, Moscow, 1986

2.     Nothing – A Very Short Introduction by Frank Close, Oxford University Press, 2009

3.     The Philosophy of the Vacuum by Saunders and Brown (Ed.s), Oxford University Press, 2002

4.     A Brief History of Time by Stephen Hawking, Bantam Books, 1988

5.     The Void by Frank Close, Oxford University Press, 2007

6.     Void – The Strange Physics of Nothing by Weatherall, Yale University Press, 2016

 

 
വിജയകൃഷ്ണൻ എം വി

അസിസ്റ്റന്റ് പ്രൊഫസർ & ഹെഡ്,

ഫിസിക്സ് വിഭാഗം,

ഗവ: കോളേജ്  ചിറ്റൂർ,

പാലക്കാട് - 678104

Mob : 9447045991

0 comments
bottom of page