top of page

സ്കിസോഫ്രീനിയ:ഉടഞ്ഞ കണ്ണാടിയിലെ മനസ്സിന്റെ പ്രതിബിംബം.

Updated: Feb 15

മനോയാനം - 6
ഡോ.എസ്.കൃഷ്ണൻ

“കാലത്ത് വളരെ നേരത്തേ ഉണരും. ഏകദേശം 2-3 മണിയോടടുത്ത്. ചുറ്റുമുള്ള ക്യാമറക്കണ്ണുകൾ കാണാതെ കുളിക്കാനാണ്. എന്നാൽ ഉണരും മുൻപേ  ക്യാമറകൾ പ്രവർത്തിക്കാൻ ആരംഭിക്കും. അതുകൊണ്ട് കുളി നടക്കില്ല. ദോശയും ചപ്പാത്തിയുമുൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ കഴുകിക്കഴിക്കും. പച്ചവെള്ളം പോലും മന്ത്രങ്ങൾ പലവട്ടം ആവർത്തിച്ചുരുവിട്ട് ശുദ്ധമാക്കി മാത്രമേ കഴിക്കുകയുള്ളൂ. ചായ ഉപ്പിട്ടാണ് കുടിക്കുക. ഉപ്പിന് വിഷാംശം നീക്കാനാകുമത്രേ. മുഴുവൻ സമയവും ചെവികൾ പഞ്ഞിത്തുണ്ടുകൾ കുത്തിക്കയറ്റി അടച്ചുവെയ്ക്കും, ചെവിയിൽ കേൾക്കുന്ന ശബ്ദങ്ങളുടെ  തീവ്രത കുറയ്ക്കാൻ. സ്വന്തം സാധനങ്ങൾ ഒരു ഭാണ്ഡത്തിലാക്കി ചുമന്നുകൊണ്ട് നടക്കും.”

ഇതൊരു അമ്മയെക്കുറിച്ച് മകൾ പറഞ്ഞതാണ്. അമ്മ ഐ.   എ.  എസ്സു കാരിയാണ്. തൊഴിലിടത്തിലെ പ്രശ്നങ്ങൾ കാരണം ജോലി ഉപേക്ഷിച്ച സ്ത്രീ (പുറത്താക്കപ്പെട്ടവർ എന്ന് ചിലരുടെ ഭാഷ്യം). പല്ല് തേക്കാതെ, മുടി കോതാതെ, മലമൂത്രങ്ങൾ പോലും കഴുകാതെ അവർ 7 വർഷമാണ് വീടിനുള്ളിൽ ജീവിച്ചത്. ഒപ്പം അവരുടെ പ്രായമായ അമ്മയും അച്ഛനും ഒരു മകളും.   ഇപ്പോൾ വർഷങ്ങളായി ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ് അമ്മ. നാട്ടുകാർ മാനസികരോഗമുള്ളവരെ സൂചിപ്പിക്കാൻ “അവളെപ്പോലെ” എന്നാണ് പറയുക”. രോഗനാമം സ്കിസോഫ്രീനിയ. വയസ്സ് – 60. ഒരു സാധാരണ മനോരോഗത്തേക്കാൾ കൂടുതലാണ് സ്കീസോഫ്രീനിയ എന്ന മനോരോഗാവസ്ഥയുടെ തീവ്രത. ഒരു കാലത്ത് സ്കീസോഫ്രീനിയ  അറിയപ്പെട്ടിരുന്നത് മനോരോഗ ചികിത്സാവിഭാഗത്തിലെ അർബുദം എന്നായിരുന്നു.  ഒരു പരിധിവരെ മനോരോഗചികിത്സകന്മാർ വരെ ഭയന്നിരുന്ന രോഗാവസ്ഥ. വിഘടിച്ച ചിന്തകളും, അവ്യക്തമായ യാഥാർത്ഥ്യങ്ങളും,  അശരീരികളും  മിഥ്യാ വിശ്വാസങ്ങളും, വികാരങ്ങളുടെ ഏറ്റക്കുറച്ചിലുകളും ഒക്കെ ചേർന്ന് അടയാളപ്പെടുത്തുന്നതാണ് സ്കീസോഫ്രീനിയയുടെ ഭൂപടം. ചിന്തകളും, വികാരങ്ങളും പെരുമാറ്റങ്ങളും തീർക്കുന്ന മനസ്സിന്റെ കുരുക്കിലൂടെയുള്ള ഒരു യാത്രയാണ് സ്കിസോഫ്രീനിയയെ അറിയുവാനുള്ള യാത്ര. നിരീക്ഷിക്കാവുന്ന ലക്ഷണങ്ങൾക്കപ്പുറം സ്കിസോഫ്രീനിയയ്ക്ക് ഒട്ടേറെ  അദൃശ്യമായ മാനങ്ങളുണ്ട്. ഇത് ബാധിക്കുന്നത് വ്യക്തികളെ മാത്രമല്ല, അവർക്ക് ചുറ്റുമുള്ള കുടുംബത്തെയും സമൂഹത്തെയും കൂടിയാണ്. മാനസികാരോഗ്യത്തിന്റെ സങ്കീർണ്ണതകളെ സഹാനുഭൂതിയോടെയും ധാരണയോടെയും ആഴത്തിൽ പരിശോധിക്കാൻ പ്രേരിപ്പിക്കേണ്ട ഈ രോഗാവസ്ഥ മനോരോഗാവസ്ഥകളെ ഭയപ്പാടോടെ നോക്കിക്കാണാനാണ് നമ്മെ പ്രേരിപ്പിക്കുന്നത് എന്ന് പറഞ്ഞാൽ തന്നെ അതിന്റെ ഭീകരത നമുക്ക് പിടികിട്ടുമല്ലോ. പൊതുസമൂഹത്തിൽ നൂറിൽ ഒന്നിനോടടുത്ത് വരും ഈ രോഗാവസ്ഥയുടെ തോത്.


സ്കിസോഫ്രീനിയയുടെ നിഗൂഢത

    നിഗൂഢം എന്ന് പലരും കരുതുമെങ്കിലും ശ്രദ്ധിച്ചാൽ നമുക്ക് മനസ്സിലാകും സ്കിസോഫ്രീനിയയക്ക് അതിന്റെതായ യുക്തിയുണ്ടെന്ന്. സ്കിസോഫ്രീനിയ അതിന്റേതായ ലക്ഷണങ്ങൾ ഒത്തു ചേർന്ന ഒരു മനോരോഗാവസ്ഥയാണ്.   "സ്കിസോ" (വിഭജിക്കപ്പെട്ട), "ഫ്രീനിയ" (മനസ്സ്) എന്നീ ഗ്രീക്ക് പദങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് സ്കീസോഫ്രീനിയ എന്ന വാക്ക്. വ്യക്തികൾ എങ്ങനെ ചിന്തിക്കുന്നു, അനുഭവിക്കുന്നു, പെരുമാറുന്നു എന്നിവയെ ബാധിക്കുന്ന ഒരു ഒരു ദീർഘകാല മനോരോഗാവസ്ഥയാണിത്. സാധാരണയായി പലരും തെറ്റിദ്ധരിക്കുന്നത് പോലെ, സ്കീസോഫ്രീനിയ ഒന്നിലധികം വ്യക്തിത്വങ്ങളുടെ സംയോജിതാവസ്ഥ അഥവാ മൾട്ടിപ്പിൾ പേഴ്സണാലിറ്റി അല്ല. മറിച്ച്, അത് യാഥാർത്ഥ്യവും യാഥാർത്ഥ്യമില്ലായ്മയും തമ്മിലുള്ള കുഴമറിച്ചിലാണ്. മറ്റുള്ളവർക്ക് കേൾക്കാൻ കഴിയാത്ത ശബ്ദങ്ങൾ കേൾക്കുക, യുക്തിക്ക് വിരുദ്ധമായി തികച്ചും അയഥാർത്ഥമാണെന്ന് മറ്റുള്ളവർക്ക് തോന്നുന്ന വിശ്വാസങ്ങൾ മുറുകെപ്പിടിക്കുക എന്നിവയൊക്കെ സ്കിസോഫ്രീനിയയുടെ ലക്ഷണങ്ങളാണ്.

സാധാരണയായി കൗമാരത്തിന്റെ അവസാനത്തിലോ യൌവനത്തിന്റെ  തുടക്കത്തിലോ ആണ് സ്കിസോഫ്രീനിയയുടെ ആരംഭം. എങ്കിലും ഇത് മറ്റ് പ്രായങ്ങളിലും  പ്രകടമാകാം. ചിലർക്ക്, ഒരു കൊടുങ്കാറ്റ് പൊട്ടിപ്പുറപ്പെടുന്നതുപോലെ പെട്ടെന്നായിരിക്കും ആരംഭം. മറ്റുള്ളവരിൽ വളരെ പതുക്കെ ആരായാലും ശ്രദ്ധിക്കപ്പെടാതെ സൂക്ഷ്മമായ മാറ്റങ്ങളുമായി ഇഴഞ്ഞുനീങ്ങുന്ന ഒരു രോഗാവസ്ഥയാണിത്. സ്കിസോഫ്രീനിയ ഉള്ള ഒരു വ്യക്തിക്ക് മറ്റാരാലും ശ്രദ്ധിക്കപ്പെടാതെ സമൂഹത്തിൽ  ജീവിക്കാനും സാധിക്കും എന്നത് പലർക്കും അറിയാത്ത ഒരു കാര്യമാണ്.

രോഗലക്ഷണങ്ങളുടെ ഒരു സിംഫണി

 

    തികച്ചും വൈവിധ്യമാർന്നവയാണ് സ്കിസോഫ്രീനിയയുടെ ലക്ഷണങ്ങളും തീവ്രതയും. ഈ ലക്ഷണങ്ങളെ പല വിഭാഗങ്ങളായി തിരിക്കാം. അശരീരികൾ, മിഥ്യാവിശ്വാസങ്ങൾ എന്നിവ പോലുള്ള സ്കിസോഫ്രീനിയയുടെ കൂടുതൽ നാടകീയമായ ലക്ഷണങ്ങളാണ് പോസിറ്റീവ് ലക്ഷണങ്ങൾ. മറ്റുള്ളവർക്ക് കേൾക്കാൻ കഴിയാത്ത ശബ്ദങ്ങൾ—അപൂർവ്വം ചിലപ്പോൾ ആശ്വാസദായകവും എന്നാൽ മിക്കപ്പോഴും വിഷമിപ്പിക്കുന്നതും—കേൾക്കുന്നത് പലപ്പോഴും അശരീരികളിൽ ഉൾപ്പെടുന്നു. മറുവശത്ത്, മിഥ്യാധാരണകൾ യാഥാർത്ഥ്യത്തെ ധിക്കരിക്കുന്ന ഉറച്ച വിശ്വാസങ്ങളാണ്. തങ്ങൾ ഏതെങ്കിലും ശത്രുവിന്റെ നിരീക്ഷണത്തിലാണെന്നോ അമാനുഷിക കഴിവുകൾ ഉണ്ടെന്നോ ഒരു വ്യക്തി വിശ്വസിച്ചേക്കാം. തങ്ങളുടെ ചിന്തകൾ മറ്റാരെങ്കിലും തങ്ങളുടെ തലയ്ക്കുള്ളിലേക്ക് കയറ്റി വെച്ചതാണെന്നും തന്റെ ചിന്തകൾ മറ്റുള്ളവർ എടുത്തുകൊണ്ടു പോകുമെന്നും ഒക്കെ രോഗമുള്ള വ്യക്തി വിശ്വസിച്ചേക്കാം. 

നെഗറ്റീവ് ലക്ഷണങ്ങൾ സാധാരണയായി കണ്ടുവരുന്ന പ്രവർത്തനത്തിന്റെ നഷ്ടമോ കുറവോ ഒക്കെയാണ് സൂചിപ്പിക്കുന്നത്. സാമൂഹികമായ പ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങുക, വൈകാരികാവിഷ്കാരം കുറവായിരിക്കുക,  അല്ലെങ്കിൽ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള പ്രചോദനം നഷ്ടപ്പെടുന്നതായി അനുഭവപ്പെടുക എന്നിവയൊക്കെയാണ് സാധാരണയായി കണ്ടുവരുന്ന നെഗറ്റീവ് ലക്ഷണങ്ങൾ. പുറമേ നിന്നും നോക്കുന്ന ഒരാൾക്ക്, ഈ ലക്ഷണങ്ങൾ അലസതയോ നിസ്സംഗതയോ ഒക്കെ ആയി തോന്നാം, എന്നാൽ അവ രോഗം സൃഷ്ടിക്കുന്ന ആന്തരിക പോരാട്ടത്തിന്റെ അഗാധത വെളിവാക്കുന്ന സൂചകങ്ങളാണ് എന്ന് ഒരു മനോരോഗ ചികിത്സകന് മനസ്സിലാക്കാനാകും.

     ചിന്തയെയും ഓർമ്മശക്തിയെയും ബാധിക്കുന്നവയാണ് കോഗ്നിറ്റീവ് ലക്ഷണങ്ങൾ. ശ്രദ്ധ കേന്ദ്രീകരിക്കാനോ തീരുമാനങ്ങൾ എടുക്കാനോ സമീപകാല സംഭവങ്ങൾ ഓർത്തെടുക്കാനോ ഒക്കെ രോഗമുള്ള വ്യക്തിക്ക് ബുദ്ധിമുട്ട് തോന്നിയേക്കാം. ചിന്തയുമായി ബന്ധപ്പെട്ട ഈ പ്രശ്നങ്ങൾ പലപ്പോഴും സ്കിസോഫ്രീനിയയുമായി ബന്ധപ്പെട്ട ഗണ്യമായ പ്രശ്നങ്ങൾക്ക്  കാരണമാകുന്നു, ഇത് തൊഴിൽ, വിദ്യാഭ്യാസം, വ്യക്തി ബന്ധങ്ങൾ എന്നിവയെ പ്രതികൂലമായി ബാധിക്കും.   വിഷാദവും, ഉത്ക്കണ്ഠയും ഉൾപ്പെട്ട വൈകാരിക ലക്ഷണങ്ങളും സ്കിസോഫ്രീനിയ ഉള്ളവർ പ്രകടിപ്പിച്ചേക്കാം.


ഇന്ത്യൻ പശ്ചാത്തലം

ഇന്ത്യയിൽ, സ്കിസോഫ്രീനിയ ഒരു നിശബ്ദ പകർച്ചവ്യാധിയാണ് എന്ന് വേണമെങ്കിൽ പറയാം. ഇന്നും അയിത്തത്തിലും തെറ്റിദ്ധാരണകളിലും പുതഞ്ഞിരിക്കുന്ന ഒരു രോഗാവസ്ഥയാണിത്. പല കുടുംബങ്ങൾക്കും, സ്കീസോഫ്രീനിയ രോഗനിർണയം ഒരു സാമൂഹിക ശിക്ഷയായി തോന്നുന്നു, കാരണം മാനസിക രോഗം പലപ്പോഴും നാണക്കേടുമായും സമൂഹത്തിൽ നിന്നുള്ള ബഹിഷ്കരണവുമായും ബന്ധപ്പെട്ടിരിക്കുന്നു എന്നത് തന്നെ.

ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം ഈ ക്രമക്കേട് മനസിലാക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും സങ്കീർണ്ണതയുടെ പാളികൾ ചേർക്കുന്നു. ഗ്രാമപ്രദേശങ്ങളിൽ, സ്കിസോഫ്രീനിയ ഉള്ളവർ പലപ്പോഴും ആത്മീയതയുടെയോ അന്ധവിശ്വാസത്തിന്റെയോ കണ്ണിലൂടെയാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അലഞ്ഞു തിരിയുന്ന ഭിക്ഷാക്കാരുടെയോ വിശ്വാസ ചികിത്സകരുടെയോ ഒക്കെ രൂപത്തിൽ പലപ്പോഴും ഇവരെ കാണാനാകും. സ്കിസോഫ്രീനിയയുടെ ഇത്തരം രൂപഭാവങ്ങൾ പലപ്പോഴും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ചികിത്സകളിലേക്കുള്ള പ്രവേശനം വൈകിപ്പിക്കുകയോ തടയുകയോ ചെയ്യുന്നു.

ചികിത്സാ സൌകര്യങ്ങൾ കൂടുതൽ ലഭ്യമാകുന്ന നഗരപ്രദേശങ്ങളിൽ, വെല്ലുവിളികൾ വ്യത്യസ്തമാണ്. ചികിത്സയുടെ ഉയർന്ന ചെലവ്, മാനസികാരോഗ്യ വിദഗ്ധരുടെ പരിമിതമായ ലഭ്യത, സമൂഹം കൽപ്പിക്കുന്ന അയിത്തം, എന്നിവ മറികടക്കാൻ ഇന്നും ഏറെ ബുദ്ധിമുട്ട് തന്നെയാണ്.

സ്കിസോഫ്രീനിയയെക്കുറിച്ചുള്ള മിഥ്യാധാരണകൾ

സ്കിസോഫ്രീനിയയും, മറ്റ് പല മാനസികാരോഗ്യ അവസ്ഥകളെയും പോലെ, ഭയവും തെറ്റിദ്ധാരണയും നിലനിർത്തുന്ന കെട്ടുകഥകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇവയിൽ ചിലത് നമുക്ക് ഒന്ന് ശ്രദ്ധിക്കാം

1.മിഥ്യാധാരണ: സ്കീസോഫ്രീനിയ ഉള്ളവർ അക്രമാസക്തരാണ്.യാഥാർത്ഥ്യം: സ്കീസോഫ്രീനിയയുള്ള ബഹുഭൂരിപക്ഷം വ്യക്തികളും ആക്രമാസക്തരല്ല. അവരുടെ ദുർബലത കാരണം അവർ അക്രമത്തിന് ഇരയാകാനുള്ള സാധ്യത കൂടുതലാണ് എന്നതാണ് വസ്തുത.

2. മിഥ്യാധാരണ: സ്കിസോഫ്രീനിയ ചികിത്സിക്കാൻ കഴിയില്ല.യാഥാർത്ഥ്യം: സ്കിസോഫ്രീനിയ ദീർഘകാലം നീണ്ടു നിന്നേക്കാവുന്ന ഒരു അവസ്ഥയാണെങ്കിലും, അത് നിയന്ത്രണ വിധേയമാക്കാൻ സാധിക്കും.  ഔഷധങ്ങൾ, മനശ്ശാസ്ത്ര ചികിത്സകൾ, കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണ എന്നിവയുടെ ശരിയായ സംയോജനം ഉപയോഗിച്ച്, സ്കിസോഫ്രീനിയ ഉള്ള വ്യക്തികൾക്ക് സംതൃപ്തമായ ജീവിതം നയിക്കാൻ കഴിയും.

3. മിഥ്യാധാരണ: സ്കിസോഫ്രീനിയ രക്ഷാകർതൃത്വത്തിലെ പാകപ്പിഴകൾ കൊണ്ടാണ് ഉണ്ടാകുന്നത്.യാഥാർത്ഥ്യം: സ്കിസോഫ്രീനിയ എന്നത് ജനിതക, ജൈവ, പാരിസ്ഥിതിക ഘടകങ്ങളുടെ സങ്കീർണ്ണമായ പരസ്പരബന്ധത്തിൽ  നിന്നാണ് ഉണ്ടാകുന്നത്. കുടുംബങ്ങളെയോ വ്യക്തികളെയോ മാത്രമായി കുറ്റപ്പെടുത്തുന്നത് രോഗാവസ്ഥയുടെ അയിത്തം വർദ്ധിപ്പിക്കുകയേ ഉള്ളൂ.


സ്കിസോഫ്രീനിയയുടെ ചികിത്സ

സ്കിസോഫ്രീനിയയുടെ ചികിത്സയ്ക്ക് ഒരു മൾട്ടിഡിസിപ്ലിനറി സമീപനം ആവശ്യമാണ്. രോഗലക്ഷണശമനത്തിലും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലുമാണ് ചികിത്സ പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സ്കിസോഫ്രീനിയ ഉൾപ്പെടെയുള്ള സൈക്കോട്ടിക് രോഗാവസ്ഥകളുടെ പ്രധാനഭാഗം ആന്റി സൈക്കോട്ടിക് ഔഷധങ്ങളാണ്. മസ്തിഷ്കത്തിലെ ഡോപാമൈൻ എന്ന രാസവസ്തുവിന്റെ അളവ് നിയന്ത്രിക്കാനും മതിഭ്രമങ്ങളും മിഥ്യാധാരണകളും കുറയ്ക്കാനും അവ സഹായിക്കുന്നു. ഫലപ്രദമാണെങ്കിലും, ശ്രദ്ധിച്ച് ഒരു ഡോക്ടറുടെ കുറിപ്പടിയനുസരിച്ച് വേണം ഇവ കഴിക്കാൻ.

വ്യക്തികളെ അവരുടെ ചിന്താരീതികൾ തിരിച്ചറിയാനും നിയന്ത്രിക്കാനും സഹായിക്കുന്ന ഒരു ചികിത്സാരീതിയാണ് കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പി (സി.ബി.ടി). സ്കിസോഫ്രീനിയയുടെ മനശ്ശാസ്ത്ര ചികിത്സകളിൽ ഈ രീതി പലപ്പോഴും ഉപയോഗിക്കാറുണ്ട്. വീട്ടിൽ ആരോഗ്യകരമായ അന്തരീക്ഷം വളർത്തുവാൻ സഹായിക്കുന്ന മറ്റൊരു ചികിത്സാരീതിയാണ് ഫാമിലി തെറാപ്പി.

സമാവസ്ഥയിലുള്ളവരുടെ പിന്തുണാ സംഘങ്ങൾ, തൊഴിലധിഷ്ഠിത പുനരധിവാസ പരിപാടികൾ, മാനസികാരോഗ്യ സംഘടനകൾ എന്നിവ വ്യക്തികളെ സമൂഹത്തിലേക്ക് വീണ്ടും സംയോജിപ്പിക്കാൻ സഹായിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ചികിത്സയിൽ സമൂഹത്തിന്റെ പങ്കാണ് ഇവ കാണിക്കുന്നത്.


കുടുംബത്തിന്റെയും സമൂഹത്തിന്റെയും പങ്ക്

സ്കീസോഫ്രീനിയയുള്ള വ്യക്തികളുടെ ജീവിതത്തിൽ, കുടുംബപരവും സാമൂഹികവുമായ പിന്തുണയ്ക്ക് ഒരു വ്യത്യാസം വരുത്താൻ കഴിയും. കുടുംബബന്ധങ്ങൾ ശക്തമാണെന്ന് കരുതുന്ന ഇന്ത്യയിൽ, രോഗ പരിചരണത്തിൽ ബന്ധുക്കൾ നിർണായക പങ്ക് വഹിക്കുന്നു. എങ്കിലും, വൈകാരികവും സാമ്പത്തികവുമായ സമ്മർദ്ദം രോഗമുള്ള വ്യക്തിക്കും കുടുംബത്തിനും ഏറെ ബുദ്ധിമുട്ടുണ്ടാക്കും.

സ്കിസോഫ്രീനിയയുടെ ചികിത്സയിൽ സമൂഹത്തിനും ഒരു പങ്കുണ്ട്. സ്കൂളുകളിലും തൊഴിലിടങ്ങളിലും മാനസികാരോഗ്യത്തെക്കുറിച്ചുള്ള തിരിച്ചറിവുകളെപ്പറ്റിയും  മുൻ കരുതലുകളെപ്പറ്റിയും ബോധവൽക്കരണം നടത്തി മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കാൻ കഴിയും. എല്ലാവർക്കും താങ്ങാനാവുന്നതും പ്രാപ്യവുമായ പരിചരണം ലഭ്യമാണെന്ന് ഉറപ്പാക്കിക്കൊണ്ട് സർക്കാരുകൾക്ക് മാനസികാരോഗ്യ ചികിത്സാ ലഭ്യത വർദ്ധിപ്പിക്കാനും കഴിയും.


സ്കിസോഫ്രീനിയയുടെ ശാസ്ത്രം

സ്കിസോഫ്രീനിയയുടെ രോഗകാരണത്തെക്കുറിച്ച് അറിയാനുള്ള ഗവേഷണങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിവേഗം പുരോഗമിക്കുന്നുണ്ട്. രോഗസാധ്യത പ്രവചിക്കാനും ശരിയായ ഔഷധങ്ങൾ തിരഞ്ഞെടുക്കാനും സഹായിച്ചേക്കാവുന്ന ബയോമാർക്കറുകൾ തിരിച്ചറിയാൻ വേണ്ടി ഗവേഷകർ സ്കിസോഫ്രീനിയയുടെ ജനിതക കാരണങ്ങൾ മുതൽ സാമൂഹ്യമായ കാരണങ്ങൾ വരെ ഗവേഷണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കീസോഫ്രീനിയ മസ്തിഷ്ക ഘടനയെയും പ്രവർത്തനത്തെയും എങ്ങനെ ബാധിക്കുന്നു എന്നതിലേക്ക് ന്യൂറോഇമേജിംഗ് പഠനങ്ങൾ വെളിച്ചം വീശുന്നു,  അർബുദം, പ്രമേഹം, ഹൃദയ രോഗങ്ങൾ എന്നിവയ്ക്ക് സമാനമായ ഒരു "മൾട്ടിപ്പിൾ-ഹിറ്റ്" രോഗമായി സ്കിസോഫ്രീനിയയെ കണക്കാക്കാം എന്ന വാദവും ഉയർന്നു വരുന്നുണ്ട്.  സ്കിസോഫ്രീനിയ  ഉണ്ടാകാനുള്ള ജനിതക പ്രവണത ഉണ്ടെങ്കിൽ പോലും മറ്റ് പാരിസ്ഥിതിക ഘടകങ്ങളും കൂടി ചേർന്നില്ലെങ്കിൽ സ്കിസോഫ്രീനിയ "പുറത്തേക്ക് വരില്ല" എന്നാണ് ഈ സിദ്ധാന്തത്തിന്റെ അടിസ്ഥാനം. വെറും മനഃശാസ്ത്രപരം എന്നതിനെക്കാൾ ജീവശാസ്ത്രപരവും പാരിസ്ഥിതികവുമായ കാരണങ്ങൾ സ്കിസോഫ്രീനിയയുടെ കാരണങ്ങളിൽ ഉൾപ്പെടുന്നു എന്ന് സാരം.സാമൂഹ്യാധിഷ്ഠാന പഠനങ്ങൾക്കാണ് നമ്മുടെ നാട്ടിൽ മുൻതൂക്കം ലഭിക്കുന്നതെങ്കിലും ലോകമൊട്ടാകെയുള്ള പഠനങ്ങളിൽ പലപ്പോഴും മുൻതൂക്കം ലഭിക്കുന്നത് ജൈവ-പഠനങ്ങൾക്കാണ്.    ജനിതകശാസ്ത്രം, അനാട്ടമി (പ്രാഥമികമായി ഘടനാപരമായ ന്യൂറോ ഇമേജിംഗ് വഴി), ഫംഗ്ഷണൽ സർക്യൂട്ടറി (ഫംഗ്ഷണൽ ന്യൂറോഇമേജിംഗ് വഴി), ന്യൂറോപാത്തോളജി, ഇലക്ട്രോഫിസിയോളജി, ന്യൂറോകെമിസ്ട്രി, ന്യൂറോഫാർമക്കോളജി, ന്യൂറോ ഡെവലപ്പ്മെന്റ് എന്നിവയുൾപ്പെടെ നിരവധി മേഖലകളിലെ പഠനങ്ങൾ ഇനിയുമേറെ കാര്യങ്ങൾ വെളിച്ചത്ത് കൊണ്ടുവന്നേക്കാം.


ഭാവി സ്കിസോഫ്രീനിയയോ?

ചിലർ വളരെ വിശാലമായ അർത്ഥം കല്പിച്ച് പറയുന്ന ഒരു കാര്യമുണ്ട്.  ഒരർത്ഥത്തിൽ പറഞ്ഞാൽ സംസ്കാരം മാറുന്നതിനനുസരിച്ച് മനുഷ്യരാശി ഒരു സൈക്കോസിസ് അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന്  പറയുന്നതിൽ തെറ്റില്ല എന്ന്.  മനുഷ്യൻ ഇന്ന് യാഥാർത്ഥ്യത്തിൽ നിന്നകന്ന് ജീവിക്കുന്നതിൽ ബിരുദങ്ങൾ വാരിക്കൂട്ടിക്കൊണ്ടിരിക്കുകയാണല്ലോ, സ്കീസോഫ്രീനിയ വെറുമൊരു മെഡിക്കൽ അവസ്ഥ എന്നതിലുപരി മാനവികതയ്ക്കുവേണ്ടി പ്രവർത്തിക്കാനുള്ള ആഹ്വാനമാണ്. നമ്മുടെ ബലക്ഷയങ്ങളെ അഭിമുഖീകരിക്കാനും നമ്മുടെ ദുർബലതയെ സ്വീകരിക്കാനും സഹിച്ചുനിൽക്കുന്നവരുടെ ശക്തി തിരിച്ചറിയാനും ഇത് നമ്മെ വെല്ലുവിളിക്കുന്നു എന്നാണ് അവരുടെ അഭിപ്രായം. അതൊക്കെ ആശയപരമായി മാത്രം അംഗീകരിച്ചുകൊണ്ട് നമുക്ക് മനസ്സിലാക്കാവുന്ന ഒരു കാര്യം, സ്കീസോഫ്രീനിയ ഒരു മനുഷ്യന്റെയും,കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമാധാനത്തെ കാർന്നു തിന്നുന്ന ഒരു രോഗാവസ്ഥയാണ് എന്നതാണ്. ഇന്നത്തെ നമ്മുടെ അറിവും അളവുകോലുകളും വെച്ച് അതിനുള്ള പ്രധാന ചികിത്സ ഔഷധങ്ങൾ തന്നെയാണ്.  സ്കീസോഫ്രീനിയയിലൂടെ കടന്നുപോയ ഒരു സാഹിത്യകാരൻ ഇപ്രകാരമാണ് തന്റെ രോഗത്തെ വിവരിച്ചത്: "സ്കിസോഫ്രീനിയ കൊടുങ്കാറ്റായിരിക്കാം, പക്ഷേ അതിനുള്ളിൽ ഒരു വെളിച്ചമുണ്ട്. ശരിയായ ചികിത്സ കിട്ടിയത് കൊണ്ട്, ആ വെളിച്ചം അണയാതെ സൂക്ഷിക്കാൻ എനിക്ക് സാധിച്ചു”.

അവബോധം, സഹാനുഭൂതി, പിന്തുണ എന്നിവ വളർത്തുന്നതിലൂടെ, സ്കീസോഫ്രീനിയയുള്ളവരെ കാണുക മാത്രമല്ല, മനസ്സിലാക്കുകയും വിലമതിക്കുകയും ചെയ്യുന്ന ഒരു ലോകം സൃഷ്ടിക്കാൻ നമുക്ക് കഴിയും. സ്കീസോഫ്രീനിയയുമായി പോരാടുന്ന ഓരോ വ്യക്തിയുടെയും പോരാട്ടത്തിൽ മനുഷ്യാത്മാവിന്റെ പുനരുജ്ജീവനത്തിന്റെ ഒരു കണികയുണ്ട് —പ്രത്യാശയുടെയും ധൈര്യത്തിന്റെയും സമൂഹവുമായുള്ള ബന്ധത്തിനായുള്ള ശാശ്വതമായ അന്വേഷണത്തിന്റെയും കഥ.


 

Comentários

Avaliado com 0 de 5 estrelas.
Ainda sem avaliações

Adicione uma avaliação
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page