സ്ത്രീ സ്വത്വാവിഷ്കാരം, സരസ്വതിഅമ്മയുടെ 'പുരുഷന്മാരില്ലാത്ത ലോകം' എന്ന ലേഖനത്തെ മുൻനിർത്തിയുള്ള പഠനം
- GCW MALAYALAM
- Apr 14
- 6 min read
Updated: Apr 15
രേഷ്മ കെ.

താക്കോൽവാക്കുകൾ : ഫെമിനിസം, സ്ത്രീസ്വത്വം, സമൂഹം.
കേരള ചരിത്രരേഖകളിലേക്ക് കണ്ണോടിക്കുമ്പോൾ അവിടെ സ്ത്രീയെന്ന വിഭാഗം രണ്ടാം കിടക്കാരിയായാണ് ചിത്രീകരിക്കപ്പെടുന്നത്. പുരുഷനെ നിർവചിക്കുന്നതിലെ പൂർണ്ണതയ്ക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന ഒരു നിർജീവ വസ്തു മാത്രമായി സ്ത്രീ നിലകൊള്ളുന്നു. സമൂഹത്തിലായാലും സാഹിത്യത്തിൽ ആയാലും മുഖ്യധാരാ വ്യവഹാരങ്ങളിൽ നിന്നും സ്ത്രീയെന്നും മാറ്റിനിർത്തപ്പെട്ടവൾ ആയിരുന്നു. ഇത്തരം അവഗണനകൾക്കും ചൂഷണങ്ങൾക്കും എതിരെയുള്ള ശക്തമായ പോരാട്ടമായിട്ടാണ് ഫെമിനിസ്റ്റ് പ്രസ്ഥാനം ഉദയം കൊള്ളുന്നത്. പുരുഷാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാനും നിലനിർത്താനും ആയി കാലങ്ങളായി പുരുഷൻ സൃഷ്ടിച്ച സാഹിത്യത്തിൽ നിന്നും വ്യത്യസ്തമാണ് സ്ത്രീപക്ഷ സാഹിത്യം അഥവാ പെണ്ണെഴുത്ത്. പുരുഷാധിപത്യ സമൂഹം സൃഷ്ടിച്ച ഭാഷാരൂപങ്ങളെ മറികടക്കുക എന്നത് ഒരു സ്ത്രീ എഴുത്തുകാരിയെ സംബന്ധിച്ച് വലിയൊരു കടമ്പയായിരുന്നു.
സാറാജോസഫിന്റെ 'പാപത്തറ' എന്ന കഥാസമാഹാരത്തിന് സച്ചിദാനന്ദൻ എഴുതിയ ആമുഖ പഠനത്തിലാണ് "പെണ്ണെഴുത്ത് "എന്ന പദം മലയാളത്തിൽ ആദ്യമായി ഉപയോഗിച്ചിട്ടുള്ളത്. 19 -ാം നൂറ്റാണ്ടു മുതലാണ് സ്ത്രീ രചനകൾ സാഹിത്യരംഗത്തേക്ക് ശക്തമായ സ്വാധീനങ്ങൾ ചെലുത്തി തുടങ്ങിയത്. പുരുഷാധിപത്യ വ്യവസ്ഥകളോടുള്ള ശക്തമായ പോരാട്ടം ആയിരുന്നു ഓരോ സ്ത്രീരചനകളും. ആ വിയോജിപ്പ് പ്രത്യക്ഷമായും പരോക്ഷമായും അവരുടെ രചനകളിൽ കാണാൻ സാധിച്ചു. നിലനിൽക്കുന്ന സാമൂഹ്യ വ്യവസ്ഥകളോടുള്ള കലഹമായിട്ട് തന്നെയാണ് ഓരോ എഴുത്തുകാരികളും സാഹിത്യത്തെ സമീപിച്ചത്. സ്ത്രീകളുടെ മേൽ സമൂഹം കൽപ്പിച്ചു വെച്ചിട്ടുള്ള കുടുംബ സംബന്ധിയായ ചില ഉത്തരവാദിത്വങ്ങളാണ് സ്ത്രീകളെ സാഹിത്യത്തിൽ നിന്നും സമൂഹത്തിന്റെ മുഖ്യധാര വ്യവഹാരങ്ങളിൽ നിന്നും മാറ്റിനിർത്തിയത്. അതുകൊണ്ടുതന്നെ സാഹിത്യ- സാമൂഹ്യ മേഖലകളിൽ സജീവസാന്നിധ്യമാകാൻ സ്ത്രീകൾക്ക് സാധിച്ചില്ല.
ഫെമിനിസ്റ്റ് ആശയധാരകൾ ശക്തമല്ലാതിരുന്ന കേരളീയ സാമൂഹ്യ അന്തരീക്ഷത്തിലാണ് ഫെമിനിസ്റ്റ് ചിന്താ പദ്ധതികളെ തീവ്രമായി അവതരിപ്പിച്ചുകൊണ്ട് കെ. സരസ്വതി അമ്മ എന്ന എഴുത്തുകാരി മലയാള സാഹിത്യ രംഗത്തേക്ക് വരുന്നത് . കാലത്തിനു മുമ്പേ പറന്ന പക്ഷിയാണ് അവർ. സരസ്വതി അമ്മയുടെ കാലം ആ എഴുത്തുകാരിയെ തിരിച്ചറിഞ്ഞിട്ടില്ല. സരസ്വതി അമ്മയുടെ ആഖ്യാനങ്ങളോടും ചിന്തകളോടും തികഞ്ഞ എതിർപ്പും വിദ്വേഷവും പുലർത്തിയ സമൂഹം അവരെ ഒരു പുരുഷ വിദ്വേഷിയായി ചിത്രീകരിച്ചു.ആ കണ്ണിലൂടെ മാത്രം അവരുടെ രചനകളെ നോക്കി കണ്ടു. 1940 -കളിലെ മലയാള ചെറുകഥ സാഹിത്യത്തിലെ പ്രതിഭാശാലികളായ എഴുത്തുകാർക്കൊപ്പം ഇടം നേടിയ എഴുത്തുകാരിയാണ് സരസ്വതി അമ്മ. പക്ഷേ ആ ഇടം ഉറപ്പിക്കാൻ അന്നത്തെ പുരുഷാധിപത്യ സമൂഹം അനുവദിച്ചില്ല. ശക്തമായ ആ എതിർപ്പുകൾ കാരണം എഴുത്തിന്റെ വഴിയിൽ കുറച്ചുകാലം അവർക്ക് നിശബ്ദയാകേണ്ടിവന്നു. ആ നിശബ്ദത പിന്നെ തൂലിക എടുക്കാനുള്ള ശക്തി അവർക്ക് നൽകിയില്ല. തീർത്തും മലയാള സാഹിത്യത്തിൽ തമസ്കരിക്കപ്പെട്ട എഴുത്തുകാരിയായിരുന്നു സരസ്വതിഅമ്മ. സമൂഹത്തിലെയും, സാഹിത്യത്തിലെയും, പുരുഷാധിപത്യ വ്യവസ്ഥകളെ ശക്തമായ ഭാഷയിലൂടെ കഥകളായും നോവലായും നാടകമായും ലേഖനമായും അവർ സമൂഹത്തിനുമുമ്പിൽ എത്തിച്ചു.
സ്ത്രീയെഴുത്തിനെ നിയന്ത്രിച്ചിരുന്ന പുരുഷാധിപത്യ വ്യവസ്ഥകളെ തിരസ്ക രിച്ച് ജീവിതത്തെയും എഴുത്തിനെയും സധൈര്യത്തോടെ മുന്നോട്ട് കൊണ്ടുപോയ എഴുത്തു കാരിയാണ് അവർ. ആ വാക്കുകളിലെ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ, ആ ചിന്തകളിലെ സത്യസന്ധത ഉൾക്കൊള്ളാൻ അന്നത്തെ സമൂഹം തയ്യാറായില്ല. മരണാനന്തരമാണ് സരസ്വതിഅമ്മ എന്ന എഴുത്തുകാരി തിരിച്ചറിയപ്പെടുന്നത്, അംഗീകരിക്കപ്പെടുന്നത്. സരസ്വതി അമ്മയുടെ കഥകൾ പോലെ അത്രതന്നെ പ്രാധാന്യമുള്ളതാണ് അവരുടെ ലേഖനങ്ങളും. "പുരുഷന്മാരില്ലാത്ത ലോകം"എന്ന ലേഖന സമാഹാരത്തിൽ 5 ലേഖനങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ലേഖനങ്ങൾ താഴെ പറയുന്നവയാണ്.
1. പുരുഷന്മാരില്ലാത്ത ലോകം
2. ജീവിതം എന്റെ നോട്ടത്തിൽ
3. ഞാനൊരു ഭർത്താവായിരുന്നെങ്കിൽ
4. ജീവിത രഹസ്യങ്ങളെ പറ്റി
5. സ്ത്രീകളുടെ രണ്ടായുധങ്ങൾ- കണ്ണീരും,പുഞ്ചിരിയും
പുരുഷാധിപത്യ വ്യവസ്ഥയ്ക്ക് നേരെയുള്ള ശക്തമായ എതിർപ്പും വിദ്വേഷവും ആണ് ഈ ഓരോ ലേഖനങ്ങളും. ഈ ലേഖനങ്ങളിൽ 'പുരുഷന്മാർ ഇല്ലാത്ത ലോകം' എന്ന ലേഖനമാണ് പ്രബന്ധത്തിന് ആധാരമാക്കിയിരിക്കുന്നത്.
• പുരുഷന്മാരില്ലാത്ത ലോകം
പുരുഷന്മാർ സങ്കൽപ്പിച്ചു വെച്ചിട്ടുള്ള സ്ത്രീ എന്ന സങ്കല്പത്തെ നിശിതമായി വിമർശിക്കുന്ന ലേഖനമാണിത്. സ്ത്രീയുടെ സൃഷ്ടിയെ മുൻനിർത്തിയുള്ള മിത്തിനെയും, സാഹിത്യത്തിലും സമൂഹത്തിലും സ്ത്രീരൂപങ്ങളെ ആവിഷ്കരിക്കുന്ന സൗന്ദര്യ സങ്കല്പങ്ങളെയും സരസ്വതി അമ്മ പൊളിച്ചെഴുതുന്നു. വിമർശനാത്മകസ്വഭാവത്തിലൂടെയാണ് ഈ പൊളിച്ചെഴുത്ത് ലേഖിക സാധ്യമാക്കുന്നത്.
ലേഖനത്തിന്റെ ശീർഷകം കേൾക്കുമ്പോൾ "കാലനില്ലാത്ത കാലം, വായുവില്ലാത്ത ഭൂമി എന്നിവയാണ് താൻ ഉദ്ദേശിക്കുന്നത് എന്ന ചിന്തയിൽ പുരുഷൻ കാലനെപ്പോലെ ദുഷ്ടനും കാറ്റിനെപ്പോലെ നിസാരനും ആണെന്ന് തെറ്റിദ്ധരിക്കേണ്ട" (2001: പു. 973) എന്നു പറഞ്ഞുകൊണ്ടാണ് ലേഖനം തുടങ്ങുന്നത്. ഭൂമിയിൽ എല്ലാ ചരാചരങ്ങളെയും സൃഷ്ടിച്ച ദൈവം അവയുടെ ഒക്കെ ആധിപത്യം പുരുഷനെ ഏൽപ്പിക്കുകയും പുരുഷന് ആനന്ദിക്കാൻ വേണ്ടി സ്ത്രീയെ സൃഷ്ടിക്കുകയും ചെയ്തു എന്നാണ് എഴുത്തുകാരിയുടെ വിമർശനം. പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീ മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ഉള്ളതാണെന്നും മറ്റുള്ളവർക്ക് വേണ്ടി കടമകൾ നിർവഹിക്കാനുള്ളതാണെന്നും ഉള്ള പൊതുബോധത്തെയാണ് സരസ്വതിഅമ്മ ഈ ലേഖനത്തിന്റെ ആദ്യ ഭാഗങ്ങളിൽ വളരെ ലളിതമായി അവതരിപ്പിക്കുന്നത്. ആധിപത്യത്തിന്റെ തീവ്രതയും, അടിമയാക്കി വെച്ച വ്യവസ്ഥകളുടെ ശക്തിയും ലേഖികയുടെ ഈ വാക്കുകളിൽ നിന്ന് കാണാൻ സാധിക്കുന്നു.
സ്ത്രീയുടെ സൃഷ്ടിയെ മുൻനിർത്തി നാം പൊതുവേ പറഞ്ഞുപോകുന്ന ഒരു മിത്ത് ഉണ്ടല്ലോ ? പുരുഷന്റെ നട്ടെല്ലിൽ നിന്നാണ് സ്ത്രീ പിറന്നത് അഥവാ സ്ത്രീ ജനിച്ചത് എന്നാണ് സങ്കൽപം.പുരുഷന്റെ എല്ലിൻ കഷണത്തിന് ശ്വാസവായു നൽകി രൂപം മാറ്റിയാണ് സ്ത്രീയെ സൃഷ്ടിച്ചത്. ഈ ഒരു മിത്തിക്കൽ സങ്കൽപത്തെ സരസ്വതിഅമ്മ പരിഹസിക്കുകയാണ് ചെയ്യുന്നത്. "പുരുഷന്റെ എല്ലുകൊണ്ടു നിർമ്മിച്ചത് കൊണ്ട് വിവാഹശേഷം പല പുരുഷന്മാർക്കും ജീവിതസഖി ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ നട്ടെല്ലിന് കുറേശ്ശെ കോട്ടം തട്ടിയതുപോലെ ഒരു മാറ്റമുണ്ട്"( 2001: പു. 974) എന്നാണ് എഴുത്തുകാരി പരിഹസിക്കുന്നത്.
പുരുഷന്മാരെക്കാൾ സരസ്വതിഅമ്മ ഭയപ്പെടുന്നത് സ്ത്രികളെതന്നെയാണ്. "ശത്രു പക്ഷത്തേക്കാൾ കൂടുതൽ ഭയപ്പെടേണ്ടതും സൂക്ഷിക്കേണ്ടതും സ്വപക്ഷത്തെ അഞ്ചാപത്തിക്കാരെയാണ്"(2001:പു. 974) എന്നാണ് അവർ പറയുന്നത്. സ്ത്രീകൾതന്നെയാണ് സ്ത്രീകളുടെ ശത്രുക്കൾ എന്നത് വളരെ ശരിയാണ്. അമ്മമാർ തന്നെയാണല്ലോ തന്റെ പെൺമക്കളിൽ അവരുടെ പെണ്മയെ ഉറപ്പിക്കുന്നത്. അവരിൽ അമ്മയെയും ഭാര്യയെയും ഒക്കെ ഉറപ്പിക്കാനുള്ള മാതൃകകൾ അവളിൽ അടിച്ചേൽപ്പിക്കുന്നതും അമ്മമാർ തന്നെയാണ്.
സ്ത്രീയുടെ ഉത്ഭവത്തെ മുൻനിർത്തിയുള്ള ഈ ഒരു മിത്ത് നിലനിൽക്കുന്നതുകൊണ്ടാണ് സ്ത്രീക്ക് പുരുഷനിൽ നിന്ന് വേർപെട്ടുപോരാൻ കഴിയാത്തത് എന്ന ഒരാശയം കൂടി എഴുത്തുകാരി അവതരിപ്പിക്കുന്നുണ്ട്. പുരുഷാധിപത്യത്തെ അംഗീകരിക്കുന്ന സ്ത്രീ സമൂഹം എന്തിനാണ് പുരുഷനോട് സമത്വം പടവെട്ടിപ്പിടിക്കാൻ നിൽക്കുന്നതും മുദ്രാവാക്യം മുഴക്കുന്നതും എന്നാണ് ലേഖിക പരിഹാസത്തോടെ ചോദിക്കുന്നത്. ആ ഒരു അവസ്ഥയോട് സ്ത്രീ സമൂഹം പൊരുത്തപ്പെട്ടു കഴിഞ്ഞു. അത്തരം അവസ്ഥകളെയും, വ്യവസ്ഥകളെയും സന്തോഷത്തോടെ അംഗീകരിച്ചു ജീവിക്കാൻ അവരെ ശീലിപ്പിച്ചു. ആ ശീലത്തെ അവർ തലമുറകളിലേക്ക് പകർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. പിന്നെ എന്തിനാണ് ഈ വ്യവസ്ഥകളെ ചോദ്യം ചെയ്യുകയും പൊളിച്ചെഴുതുകയും ചെയ്യുന്നത് എന്ന നിരാശ കലർന്ന ചിന്തയും സരസ്വതിഅമ്മ അവതരിപ്പിക്കുന്നു.
ലേഖനത്തിൽ 'അല്ലിറാണി' എന്ന മഹാറാണിയുടെ കഥ സൂചിപ്പിക്കുന്നുണ്ട്. അല്ലിറാണി എന്ന തന്റേടക്കാരിയായ മഹാറാണി അർജുനന്റെ മുന്നിൽ അടിമപ്പെടുന്ന അവസ്ഥയാണ് ലേഖിക മുന്നോട്ടുകൊണ്ടുവരാൻ ശ്രമിക്കുന്ന ആശയം. നമ്മുടെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും മറ്റും സ്ത്രീ കഥാപാത്രങ്ങളെ സ്ത്രീത്വത്തിന്റെ ഉത്തമ മാതൃകകളാക്കാനും പതിവ്രതകളാക്കാനും ആണ് ശ്രമിച്ചിട്ടുള്ളത്. അത്തരം കഥകളും കഥാപാത്രങ്ങളും എല്ലാം തന്നെ പെൺ തലമുറയ്ക്ക് മികച്ച ഉപദേശങ്ങൾ ആയിട്ടാണ് അല്ലെങ്കിൽ ഗുണപാഠങ്ങൾ ആകാനാണ് പ്രചരിച്ചതും ഇന്നും പ്രചരിപ്പിക്കുന്നതും. ധീരതയുള്ള സ്ത്രീ കഥാപാത്രങ്ങളെ ചിത്രീകരിക്കുമ്പോഴും പുരുഷനോട് ചേർന്ന് മാത്രമേ ആ ധീരതയെ അവൾക്ക് പ്രദർശിപ്പിക്കാൻ സാധിക്കുകയുള്ളൂ എന്നതാണ് യാഥാർത്ഥ്യം. കാലങ്ങളായി പുരുഷാധിപത്യവ്യവസ്ഥ എങ്ങനെയാണ് സ്ത്രീയെ അടിമപ്പെടുത്തുന്നത് എന്ന തിരിച്ചറിവ് നൽകാനാണ് സരസ്വതിഅമ്മ ഈയൊരു കഥയുടെ സൂചന നൽകിയിരിക്കുന്നത് എന്ന് വ്യക്തമാണ്. തന്റെ ആശയങ്ങൾക്ക് ഉപോൽബലകമായ ഈ കഥ വളരെ ഔന്നിത്യത്തോടെയാണ് എഴുത്തുകാരി അവതരിപ്പിക്കുന്നത്.
പുരുഷനില്ലാത്ത ലോകത്തെ രണ്ടു രീതിയിലാണ് സരസ്വതിഅമ്മ സങ്കൽപ്പിച്ച് വിശദീകരിക്കുന്നത്. ഒന്ന്, സ്ത്രീകൾക്ക് ഉണ്ടാകാവുന്ന നേട്ടങ്ങളെ മുൻനിർത്തിയും മറ്റൊന്ന്, സ്ത്രീകൾക്കും സമൂഹത്തിനും സാഹിത്യത്തിനും ഉണ്ടാകാവുന്ന ദോഷങ്ങളെ മുൻനിർത്തിയുമാണ്. പുരുഷന്മാർ ഇല്ലാതിരുന്നാൽ സ്ത്രീ രൂപത്തെ പ്രശംസിക്കാൻ, സ്ത്രീ സൗന്ദര്യത്തെ പ്രശംസിക്കാൻ ആരുണ്ടാകും എന്ന നിരാശകലർന്ന ഭാഷയിൽ പരിഹാസ്യത്തോടെ ലേഖിക ഈ ഒരു ആശയം അവതരിപ്പിക്കുന്നു. സ്ത്രീ മാത്രമാകുന്ന ലോകത്ത് പ്രേമത്തിന് സ്ഥാനമില്ല, ശ്യംഗാരം ഇല്ലാതായാൽ സാഹിത്യം ചിത്രമെഴുത്ത് നൃത്തം തുടങ്ങിയ എല്ലാ കലാവ്യാപാരങ്ങളിലും കോട്ടം തട്ടും. പുരുഷന്മാർ ഇല്ലാത്ത ലോകത്തെ എഴുത്തുകാരി അവതരിപ്പിക്കുന്നത് ഇങ്ങനെയാണ്, "നിങ്ങളെപ്പറ്റി പ്രേമപൂർവ്വം പാടാനും നിന്ദാപൂർവ്വം ദുഷിച്ചു പറയാനും കണ്ടമാനം പ്രശംസിക്കാനും ആളുണ്ടാവില്ല. ആൺ കൈകൊണ്ട് നൽകുന്ന തല്ലും, തടിയൻ കാലുകൊണ്ടുള്ള ചവിട്ടും, താണ്ഡവ നൃത്തത്തെക്കാൾ ആസ്വാദ്യമായി കരുതുന്ന പെണ്ണുങ്ങൾ പിന്നെ എന്തു ചെയ്യും"( 2001: പു. 975). അതായത് പുരുഷന്മാർ ഇല്ലാതായാൽ ഉണ്ടാകുന്ന ദോഷങ്ങൾ എന്ന തരത്തിൽ പരിഹാസസ്വരത്തിൽ സ്ത്രീരൂപങ്ങളുടെ സൗന്ദര്യത്തെ വർണ്ണിക്കാൻ ആളുണ്ടാവില്ല എന്നും അലങ്കാര ഭാഷയുടെ ആവശ്യം തന്നെ ഉണ്ടാവില്ല എന്ന രീതിയിലും ആണ് പുരുഷന്മാർ ഇല്ലെങ്കിൽ സ്ത്രീക്കും സമൂഹത്തിനും സാഹിത്യത്തിനും ഒക്കെ ഉണ്ടാവുന്ന പോരായ്മകളെ ലേഖിക അവതരിപ്പിക്കുന്നത്. വളരെ വിശദമായി തന്നെയാണ് എഴുത്തുകാരി ഈ അവസ്ഥയെ അവതരിപ്പിക്കുന്നത്. സൗന്ദര്യ നിർവചനങ്ങളിൽ എല്ലാം സ്ത്രീ സാന്നിധ്യം ഉണ്ട് അതു കൊണ്ടു തന്നെ അവയെ നിർവചിക്കാൻ ആളില്ലാതെ വരുമ്പോൾ അത്തരം നിർവചന സന്ദർഭങ്ങളെല്ലാം തന്നെ അർത്ഥശൂന്യമാകും എന്ന വാച്യാർത്ഥത്തിലൂടെ അങ്ങനെ ഒരു സന്ദർഭം അടിസ്ഥാന രഹിതമാണ് എന്ന ആശയമാണ് ലേഖിക അവതരിപ്പിക്കുന്നത്.
പുരുഷന്മാരില്ലെങ്കിൽ സാഹിത്യമില്ല എന്ന ചിന്ത വ്യർത്ഥമാണ് എന്ന ആശയത്തെ പുരുഷപക്ഷത്തു നിന്നുകൊണ്ടു ആണ് സരസ്വതി അമ്മ ഇവിടെ സമർത്ഥിക്കുന്നത്. അത് വളരെ ശരിയാണ്, സൗന്ദര്യം ആസ്വദിക്കാൻ പുരുഷനു മാത്രമല്ല സ്ത്രീക്കും സാധിക്കുമെന്നും, ആസ്വാദിച്ചത് ആവിഷ്കരിക്കാൻ സ്ത്രീകൾക്ക് കഴിയുമെന്നും അത്തരത്തിലുള്ള ഒരു സാഹിത്യ ജനുസ്സിനെ വിഭാവന ചെയ്യാൻ സ്ത്രീകൾക്കും സാധിക്കും എന്ന ചിന്തയാണ് സരസ്വതിഅമ്മ ഇവിടെ എതിർപക്ഷത്തുനിന്ന് അവതരിപ്പിക്കുന്നത്. സരസ്വതിഅമ്മയുടെ സൗന്ദര്യസങ്കല്പം പുറമേ കാണുന്ന വെളുപ്പോ അഴകോ അല്ല. മറിച്ച് കുറച്ചുകൂടി മനുഷ്യഹൃദയങ്ങളുടെ മൂല്യങ്ങളെ ഉൾക്കൊള്ളുന്ന ബുദ്ധിപരമായ കഴിവുകളെ മുൻനിർത്തിയുള്ളതാണ് അവരുടെ സൗന്ദര്യസങ്കല്പം, അത് ഈ ലേഖനത്തിൽ നിന്ന് തന്നെ വ്യക്തമാക്കാൻ സാധിക്കുന്നുണ്ട്.
പുരുഷന്മാർ ഇല്ലാത്ത ലോകത്തെ സ്ത്രീകളുടെ നേട്ടങ്ങളുടെ വശത്തു നിന്നുകൊണ്ടും സരസ്വതിഅമ്മ അവതരിപ്പിക്കുന്നുണ്ട്. പുരുഷാധിപത്യ സമൂഹം ഇല്ലെങ്കിൽ സ്ത്രീയുടെ സുഖസൗകര്യങ്ങൾ കൂടും എന്ന രീതിയിലാണ് ആ ആശയങ്ങളെ ലേഖിക അവതരിപ്പിക്കുന്നത്. ഈ ഒരു ആശയത്തെയും വളരെ വിശദമായിതന്നെയാണ് ലേഖിക ലേഖനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആ ഒരു അവസ്ഥയിൽ അനുഭവിക്കാൻ സാധ്യതയുള്ള സ്വാതന്ത്ര്യത്തിന്റെ സുഖം ലേഖനത്തിന്റെ ഈ ഭാഗത്ത് വളരെയധികം ധ്വനിച്ചു നിൽക്കുന്നുണ്ട്. "ആൾക്കൂട്ടില്ലാതെ ഏതു നേരത്തും എവിടെയും പോകാം അസമയത്ത് തനിയെ പുറത്തിറങ്ങിയാൽ സംഗതി നേരെ പോവൂല്ല. എത്ര പരിഷ്കാരം വന്നാലും പെണ്ണ് പെണ്ണാണെന്ന കാര്യം മറക്കരുത് എന്ന ഭയപ്പെടുത്തലിനും ആ ഭയപ്പാടിനും പിന്നീട് കാര്യമില്ല. എവിടെയും പോയി ഇഷ്ടമുള്ള പണിയെടുത്ത് സുഖമായി ജീവിക്കാം. ആരുടെയും ശാസനങ്ങൾ ഇല്ല, അനുവാദം കാത്തു നിൽക്കണ്ട, അടിമത്തം അനുഭവിക്കേണ്ട"( 2001: പു.977) ഇങ്ങനെ ഈയൊരു സ്വാതന്ത്ര്യത്തിന്റെ ഓരോ വശങ്ങളെയും എടുത്ത് സൂക്ഷ്മമായി അവതരിപ്പിക്കുന്നുണ്ട് സരസ്വതിഅമ്മ ഈ ലേഖനത്തിൽ.
ഇത്തരത്തിൽ പുരുഷന്മാർ ഇല്ലാത്ത ലോകത്തെ സങ്കൽപ്പിച്ച് ആ അവസ്ഥകളെ സൂക്ഷ്മമായി പരിശോധിച്ചു വിശദമായി ആ സങ്കല്പത്തെ അവതരിപ്പിച്ചിട്ടുണ്ട് ലേഖിക. എങ്കിലും ഇങ്ങനെ ഒരു ലോകം സാധ്യമാണോ എന്ന ചോദ്യം നമുക്ക് എല്ലാവർക്കും തോന്നുന്ന ഒന്നാണ്. ഈ ചോദ്യവും അതിന് തന്റെ അഭിപ്രായവും ലേഖിക സമർത്ഥിക്കുന്നുണ്ട് ലേഖനത്തിന്റെ അവസാന ഭാഗത്ത്. സരസ്വതി അമ്മ ഈ ലോകത്തെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട് അതിനുള്ള കാരണവും അവർ പറയുന്നുണ്ട്. " സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന്റെയും പ്രവൃത്തി സ്വാതന്ത്ര്യത്തിന്റെയും അതിർ എടുത്തു കളയുന്ന ഈ അവസ്ഥ എനിക്കിഷ്ടമാണ്. മഴയത്ത് റോഡിലൂടെ വെള്ളത്തിൽ കിടന്നിഴഞ്ഞു ഘനം തൂങ്ങുന്ന സാരിയുമായി വലിഞ്ഞു നീങ്ങുന്നതിന്റെ വിഷമം അനുഭവിച്ചവർക്ക് അല്ലേ അറിയാവൂ? അതിനുപകരം മുണ്ടും മടക്കികുത്തി മൂളിപ്പാട്ടും പാടി അല്ലലറിയാതെ നടക്കാൻ സാധിക്കുന്നത് തന്നെ എന്തൊരു ഭാഗ്യമാണ്! പല കാരണങ്ങളാലും ഘനം തൂങ്ങുന്ന മുടിക്കെട്ട് വേണ്ടെന്നു വെച്ചാൽ തലയുടെ ഘനം വിട്ടുകിട്ടും, എന്നാൽ പിന്നെ തലച്ചോറും നേരെ പ്രവർത്തിച്ചേനെ!" (2001:പു. 978)
വളരെ ലളിതമായ ഭാഷയിൽ ലളിതമായ പ്രതീകങ്ങളുടെ സഹായത്തോടെയാണ് ആ ഒരു സ്വാതന്ത്ര്യത്തിന്റെ സുഖത്തെ സരസ്വതി അമ്മ അവതരിപ്പിക്കുന്നത്. ഈ ഒരു ലോകത്തെപ്പറ്റി ചിന്തിക്കുന്നവർ തന്നെ വളരെ വിരളമായിരിക്കും. പുരുഷാധിപത്യ വ്യവസ്ഥകളോട് അത്തരം സാമൂഹ്യ അന്തരീക്ഷത്തോട് താദാത്മ്യം പ്രാപിക്കുന്ന, അതിനെ അംഗീകരിക്കുന്ന അതിൽ വ്യാപരിക്കാൻ ഒട്ടും വൈമിഷ്യം ഇല്ലാത്ത വിഭാഗക്കാരാണ് കൂടുതലും. അതുകൊണ്ടുതന്നെ അത്തരമൊരു ലോകത്തെപ്പറ്റി ചിന്തിക്കാൻ വരെ അവർക്ക് ബുദ്ധിമുട്ടുണ്ടാകും. ചിന്തിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് എങ്ങനെയാണ് അങ്ങനെ ഒരു ലോകത്തെ പ്രാവർത്തികമാക്കാൻ സാധിക്കുക. ഈയൊരു യാഥാർത്ഥ്യത്തെയും കൂടി അവതരിപ്പിച്ചു കൊണ്ടാണ് സരസ്വതിഅമ്മ ലേഖനം അവസാനിപ്പിക്കുന്നത്.
വലിപ്പം കൊണ്ട് വളരെ ചെറിയൊരു ലേഖനമാണിത്. പക്ഷേ ലേഖനത്തിന്റെ ആശയങ്ങളെ അത്ര നിസ്സാരവൽക്കരിക്കാൻ കഴിയില്ല. സാഹിത്യത്തിൽ ആയാലും സമൂഹത്തിൽ ആയാലും ശക്തമായ പുരുഷാധിപത്യ വ്യവസ്ഥ നിലനിൽക്കുന്ന ഒരു കാലഘട്ടം ആയിരുന്നു സരസ്വതിഅമ്മയുടേത്. അതുകൊണ്ടുതന്നെ ആ കാലഘട്ടത്തിലെ എഴുത്തിനെയും ആധിപത്യത്തിന്റെ അലകൾ ശക്തമായി സ്വാധീനിച്ചിരുന്നു. ആധിപത്യശക്തികളെ മുഴുവൻ തരണം ചെയ്തും നിഷേധിച്ചുമാണ് സരസ്വതിഅമ്മ തന്റെ സാഹിത്യ വൈഭവം മലയാളസാഹിത്യത്തിന് നൽകിയത്. അൻപതുകളിലും അറുപതുകളിലും എഴുത്ത് ആയുധമാക്കികൊണ്ട് സാഹിത്യലോകത്തിൽ അന്നുവരെയില്ലാത്ത കോളിളക്കം സൃഷ്ടിക്കാൻ സരസ്വതിഅമ്മയ്ക്ക് സാധിച്ചു. ആ കോളിളക്കത്തെ ഇളം കാറ്റിനോടല്ല കൊടുങ്കാറ്റിനോട് ഉപമിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഏറെ കാലിക പ്രസക്തിയുള്ള ഒരു വിഷയമാണ് സരസ്വതിഅമ്മ ഇവിടെ ആഖ്യാനം ചെയ്തിരിക്കുന്നത്. സ്വന്തം ആശയങ്ങളും കാഴ്ചപ്പാടുകളും തന്നെയാണ് അവർ തന്റെ രചനകളിൽ ഉടനീളം അവതരിപ്പിച്ചത്. അതിന് മികച്ച ഒരു ഉദാഹരണം തന്നെയാണ് ഈ ലേഖനവും. "കാല്പനികത തുളുമ്പുന്ന സാഹിത്യഭാഷയെ പരിഹാസ രൂപത്തിൽ വിമർശിക്കുന്നതാണ് പുരുഷന്മാർ ഇല്ലാത്ത ലോകം എന്ന ലേഖനം" (മലയാളം റിസേർച്ച് ജേർണൽ, 2018: പു. 4347) എന്ന് ശ്രീദേവി മുരളീധരൻ അഭിപ്രായപ്പെടുന്നു. പുരുഷനിർമ്മിതമായ സൗന്ദര്യവർണ്ണനകളിൽ ഒതുങ്ങി പോകുന്നതും അത്തരം പുരുഷകേന്ദ്രിത സ്ത്രീസങ്കല്പങ്ങളിൽ ആനന്ദിച്ച് ആ മൂടുപടങ്ങളിൽ ഭ്രമിച്ചു നിലകൊള്ളുന്നതും ഒരു സ്ത്രീയുടെ, പെണ്ണിന്റെ അധപതനത്തിന് വഴിയൊരുക്കുമെന്ന സന്ദേശമാണ് സരസ്വതിഅമ്മ ഈ ലേഖനത്തിൽ അവതരിപ്പിക്കുന്നത്. വളരെ ശക്തമായ ഭാഷയിൽ തന്നെ അത് ആഖ്യാനം ചെയ്തിരിക്കുന്നു. ഫെമിനിസ്റ്റ് ചിന്തധാരകൾ ശക്തി പ്രാപിച്ചിട്ടുള്ള ഈ ഒരു കാലത്തും സരസ്വതി അമ്മയുടെ ഈ സങ്കൽപ്പത്തിനും ചിന്തകൾക്കും ഏറെ പ്രസക്തിയുണ്ട് എന്നതാണ് ഈ ലേഖനത്തിന്റെ ഏറ്റവും വലിയ മേന്മ.
ഗ്രന്ഥസൂചി
1. കൃഷ്ണപിള്ള , എൻ. കൈരളിയുടെ കഥ. കോട്ടയം: ഡി.സി ബുക്ക് സ്റ്റാൾ, 2017.
2. ജിസാജോസ്. സ്ത്രീവാദ സാഹിത്യം മലയാളത്തിൽ. കണ്ണൂർ: സമയം ക്ലാസിക്, 2016.
3. രവികുമാർ, കെ എസ്. സമാഹരണം. സരസ്വതിയമ്മയുടെ സമ്പൂർണ്ണ കൃതികൾ. കോട്ടയം:ഡി.സി ബുക്സ്റ്റാൾ, 2001.
4. രവീന്ദ്രൻ, എൻ.കെ. പെണ്ണ് എഴുതുന്ന ജീവിതം.തിരുവനന്തപുരം: ചിന്താ പബ്ലിക്കേഷൻസ്, 2017.
ആനുകാലികം
1. ശ്രീദേവി, മുരളീധരൻ. "വിമർശന സ്വഭാവം സരസ്വതിയമ്മയുടെ കൃതികളിൽ". മലയാളം റിസേർച്ച് ജേണൽ. വാല്യം 11 ലക്കം 3 (സെപ്റ്റംബർ- ഡിസംബർ 2018 ) 4345 -4349.
രേഷ്മ .കെ
മലയാള ഗവേഷക,
ശ്രീ നീലകണ്ഠ ഗവ.കോളേജ് ,പട്ടാമ്പി.
Comments