സുന്ദർബെൻ എന്ന കാലാവസ്ഥാഭൂപടം
- GCW MALAYALAM
- Feb 15
- 4 min read
കാലാവസ്ഥാവ്യതിയാനവും സാഹിത്യഭാവുകത്വവും ഭാഗം 7
ഡോ.എം.എ.സിദ്ദീഖ്

ബിയാൻത നൊട്രേഡിയുടെ Climate Change: How we can get the Carbon Zero എന്ന പുസ്തകം കാർബൺ നിർവ്യാപനത്തിന്റെ പാരിസ്ഥിതിക സാങ്കേതികവിദ്യയെ പറയുന്ന പുസ്തകമാണ്. പുതിയ ഊർജ്ജസ്രോതസ്സുകൾക്കുവേണ്ടിയുള്ള അന്വേഷണം വരുംകാലത്ത് മൂന്നിൽരണ്ട് ഊർജ്ജാവശ്യങ്ങളെങ്കിലും കാർബൺ-ശുന്യ ഊർജ്ജ ഉറവകളിലേക്ക് നമ്മെ എത്തിക്കാൻ നിർബന്ധിതമാക്കുന്നതായിരിക്കും(അതൊരനിശ്ചിത ഭാവികാലമായാലും ശരി). ഇന്നത്തെ നിലയിൽ വലിയ ചിലവുകൾ വേണ്ടിവരുന്ന ഇത്തരം സാങ്കേതികവിദ്യകൾ ഏതാണ്ട് 2020 ഓടെ കൂടുതൽ ജനകീയമായിത്തീരുകയും വ്യക്തികൾക്ക് സുഗമമായി കൈവരിക്കാനാവുകയും ചെയ്യുമെന്നാണ് ഇന്നത്തെ പ്രതീക്ഷ.
റോവർട്ടിന്റെ ഡോണട്ട് ഡയഗ്രം ആകസ്‌മികമായ ഒരു കണ്ടെത്തലല്ല. അതിനുപിന്നിൽ പുതിയകാലത്തിന്റെ അവബോധമാണ് പ്രവർത്തിക്കുന്നത്(സ്വഭാവികമായ അവബോധങ്ങളാണ് അത്; അനിവാര്യമായും ഉണ്ടാവേണ്ട അവബോധമാണത്). ഇതു രൂപപ്പെടുന്നത് കഠിനമായ പാരിസ്ഥിതിക യാഥാർത്ഥ്യങ്ങളിൽ നിന്നാണ്. കാലിഫോർണിയയിലെ മരണതാഴ്വരയിൽ 2020-ൽ രേഖപ്പെടുത്തിയ 54 ഡിഗ്രിസെൽഷ്യസ് ചൂടും, പടിഞ്ഞാറൻ ഡിസിയിൽ 2019-ൽ ഉണ്ടായ 48.9 ഡിഗ്രി സെൽഷ്യസുമൊക്കെ ഇങ്ങനെ ചിന്തിച്ചുതുടങ്ങുന്നതിന് മനുഷ്യസമൂഹത്തെ നിർബന്ധിപ്പിക്കുന്നു. ഭൂമിയുടെ താപവർദ്ധന കടൽനിലയെ ഉയർത്തുന്നതും, ധ്രുവമഞ്ഞ് ഉരുക്കുന്നതുമൊന്നും അടിസ്ഥാന വാർത്തകളായല്ല ഇനി മനുഷ്യസമൂഹം തിരിച്ചറിയേണ്ടതെന്ന് പുതിയ സാഹിത്യതത്ത്വം വിളിച്ചുപറയുന്നു. ഇത് ചിന്താതലത്തിൽ സംഭവിച്ച പുതിയൊരു തിരിവാണ് (turning). ലോകം മാറുകയാണെന്ന സാമൂഹിക ശാസ്ത്ര കാഴ്‌ചപ്പാടിനെക്കാൾ, ഈ മാറ്റം മനുഷ്യന്റെ നിയന്ത്രണങ്ങൾക്കെല്ലാമപ്പുറമാണെന്ന തിരിച്ചറിവ് വളർന്നുവരുന്നു. ഈ തിരിച്ചറിവാണ് പ്രസിദ്ധ ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാരനായ അമിതവ് ഘോഷിനെ പുതിയ സാഹിത്യ ഉള്ളടക്കങ്ങൾക്കു പ്രേരിപ്പിക്കുന്നത്. അമിതവ് എഴുതുന്നത് പഴയ സാഹിത്യമല്ല. കാലാവസ്ഥാദുരന്തങ്ങളെ നേരിട്ട് അവതരിപ്പിക്കുന്ന പുതിയ സാഹിത്യമാണ്. അദ്ദേഹത്തിന്റെ തോക്ക് ദ്വീപ് (The Gun Island) അങ്ങനെ എഴുതപ്പെട്ട നോവലാണ്.
കാലാവസ്ഥാവ്യതിയാനവും അതിൻ്റെ ജീവിതമുഖങ്ങളും പഠനങ്ങളായോ അവലോകന റിപ്പോർട്ടുകളായോ മാത്രം പുറത്തുവന്നാൽപ്പോര, ഫിക്ഷനുകളായി പുറത്തു വരണമെന്ന് അദ്ദേഹം വാദിക്കുന്നുണ്ട്. The Great Derangement ന്റെ ആരംഭത്തിൽ അദ്ദേഹം ഇതു പറഞ്ഞുവയ്ക്കുന്നു. 'മഹാ മതിഭ്രമം', എന്നർത്ഥംവരുന്ന ശീർഷകമുള്ള ഈ കൃതി ഈ സ്വഭാവ ത്തിലുള്ള ആദ്യത്തെ ഇന്ത്യൻപുസ്‌തകമായിരിക്കണം.
തന്റെ ഭാവനകളെ ഇങ്ങനെയൊരു പാരിസ്ഥിതികരാഷ്ട്രീയത്തിലേക്ക് വഴിതിരിച്ചുവിട്ടത് തൻ്റെ പൂർവ്വികരെക്കുറിച്ചുള്ള ഓർമ്മകളാണെന്ന് ഘോഷ് കണ്ടെത്തുന്നു. ഇന്നത്തെ ബംഗ്ലാദേശിൽ, പത്മാതീരത്തുള്ള ഗ്രാമത്തിലെ അന്തേവാസികളായിരുന്നു അവർ. ഭൂമിയിലെ ഏറ്റവും ശക്തമായ ജലപാതകളിലൊന്നാണ് പത്മാനദി. അവർ, ഗ്രാമം ഉപേക്ഷിക്കേണ്ടിവന്നകഥ ഘോഷിന്റെ അച്ഛന്റെ സ്‌മൃതികളിലുണ്ടായിരുന്നു. 1850 കളുടെ മധ്യത്തിലൊരിക്കൽ നദി വഴിമാറി ഒഴുകിയപ്പോൾ ഗ്രാമം അപ്രത്യക്ഷമായിത്തുടങ്ങി. അവിടത്തെ അന്തേവാസികളിൽ കുറച്ചുപേർക്കുമാത്രമേ ഉയർന്നസ്ഥലത്തേയ്ക്ക് രക്ഷപ്പെടാനായുള്ളൂ. ഈ വിപത്ത് ഘോഷിൻ്റെ പൂർവ്വികരെ നിർവ്വീര്യമാക്കിക്കളഞ്ഞു. അതിൽനിന്നു രക്ഷനേടി പടിഞ്ഞാറോട്ടു നീങ്ങിത്തുടങ്ങിയ അവർ, 1856 വരെ നിർത്താതെ യാത്രനടത്തുകയും ഒടുവിൽ ബീഹാറിന്റെ ഗംഗാതീരത്തു വച്ച് ആ യാത്ര അവസാനിപ്പിക്കുകയും ചെയ്തു.
പത്മയിലൂടെ, ഒരു വെള്ളത്തിലിരുന്ന് നടത്തിയ കുടുംബയാത്രയ്ക്കിടെയാണ് അച്ഛനിൽ നിന്ന് ഈ കഥയത്രയും അമിതവ് കേൾക്കുന്നത്; (തീരെ ചെറിയ പ്രായത്തിൽ). അന്നു മനസ്സിൽത്തോന്നിയ വികാരമാണ് തോക്ക് ദ്വീപിൻ്റെ ത്രെഡ്ഡ് എന്നു വേണമെങ്കിൽ പറയാം. കുട്ടിയായ ഘോഷ്, അച്ഛൻപറയുന്ന പഴയ സംഭവങ്ങൾ കേട്ട് ഇരിക്കുമ്പോൾ കലങ്ങിമറിയുന്ന നദീപ്രവാഹത്തിൽ നിന്ന് ഒരു ചുഴലിക്കാറ്റിനെ ആ കുട്ടി സങ്കൽപ്പിച്ചെടുക്കുന്നു. തെങ്ങുകൾ, അവയുടെ മണ്ടകൾ നിലത്തു മുട്ടുവോളം പിന്നിലേക്കു മടങ്ങി വളഞ്ഞുപോകുന്നു. പിന്നിലൂടെ അലയടിച്ചെടുത്ത വെള്ളത്തെ ഭയന്ന് ഓടുന്ന സ്ത്രീകളും കുട്ടികളും. തൻ്റെ പൂർവ്വികർ, അവിടെ ഒരു പുറമ്പോക്കിലിരുന്ന് ഒലിച്ചുപോകുന്ന തങ്ങളുടെ വാസസ്ഥലങ്ങളെ നിർവ്വികാരമായി നോക്കുന്നു. അക്കാലത്ത് അവരെ വിശേഷിപ്പിക്കാൻ പര്യാപ്‌തമായ ഒരു പ്രയോഗമില്ല. ഇന്നാണെങ്കിൽ അവർ അറിയപ്പെടുന്നത്, പാരിസ്ഥിതിക അഭയാർത്ഥികൾ എന്നാണ്. ഈ അനുഭവങ്ങളുടെ അബോധസ്മൃതികളെ, സുന്ദർബന്നിൻ്റെ പശ്ചാത്തലത്തിൽ 'തോക്ക്ദ്വീപി'ലൂടെ ഘോഷ് ആവിഷ്കരിച്ചു.
കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവുമൊന്നും കഥപറച്ചിലിനു വഴങ്ങുന്നതല്ലെന്ന വിചാരത്തെ ആ നോവൽ വെല്ലുവിളിക്കുന്നു. ആഗോളതാപനത്തിൻ്റെ പ്രവാഹങ്ങൾ, ശീലിച്ചുവന്ന ആഖ്യാനത്തിൻ്റെ ബാർക്കുകൾക്ക് (barques) ഓടിക്കാൻ കഴിയാത്തത്ര വന്യമൊന്നുമല്ല.' ഈ വന്യതയാണ് ഇന്നു നിയമം' (the wild has become the norm) എന്നു വന്നിരി ക്കുന്നു. ചില സാഹിത്യരൂപങ്ങൾക്ക് ഈ വെള്ളച്ചാട്ടങ്ങളോട് എതിരിടാനായില്ലെങ്കിൽ അവ പരാജയപ്പെടും (If certain literary forms are unable to negotiate these torrents, then they will have failed). അവ അടയാളപ്പെടുത്തപ്പെടുന്നതാകട്ടെ, കാലാവസ്ഥാപ്രതിസന്ധികളുടെ ഹൃദയഭാഗത്തുള്ള വിശാലവും സാംസ്കാരികവും ഭാവനാപരവുമായ പരാജയം എന്ന നിലയിലായിരിക്കും അത് അടയാളപ്പെടുത്തപ്പെടുക.
കാലാവസ്ഥാവ്യതിയാനസാഹിത്യം ഫിക്ഷനിൽ ധാരാളമായി വരണമെന്നാണ് ഘോഷിൻ്റെ നിലപാട്. എന്നാൽ, ഇതെപ്പറ്റി നന്നായി അറിയുന്ന നോവലിസ്റ്റുകൾപോലും നോൺ -ഫിക്ഷനായാണ് അതെപ്പറ്റി എഴുതിയിട്ടുള്ളത്. രണ്ടുപേരാണ് അരുന്ധതിറോയിയും പോൾ കിംഗ്‌സ് വർത്തും. നോൺഫിക്ഷൻ്റെ സാങ്കേതികഭാഷ, ഈ പ്രതിസന്ധിയെ നേരിട്ട് വിശദീകരിക്കാനുതകുന്നതാണെങ്കിലും അതിൻ്റെ സാംസ്കാരികപ്രത്യാഘാതങ്ങളെയും മനശ്ശാസ്ത്രപരമായ അസ്വസ്ഥതകളെയും ആവിഷ്കരിക്കാൻ ഫിക്ഷനാണു നല്ലത്.
പുതിയ ഈ അവബോധത്തെ നമ്മുടെ സാംസ്കാരിക മാട്രിക്സ് ഏറ്റെടുക്കാത്ത പക്ഷം അവ പുതിയതാവുന്നില്ല. കവിതയിലും കലയിലും വാസ്‌തുവിദ്യയിലും അരങ്ങിലും ഫിക്ഷനലുമെല്ലാം (ഈ സാസ്‌കാരികമാട്രിക്‌സുകളിലെല്ലാം) പുതിയ അവബോധത്തിൻ്റെ രശ്‌മികൾ നിറയുന്നു. എല്ലാക്കാലത്തും കലയുടെ മാട്രിക്‌സ്, ലോകദുരിതങ്ങളെ പ്രതിരോധി ച്ചിട്ടുണ്ട്- യുദ്ധങ്ങളെ ,വറുതികളെ, സാമൂഹികചൂഷണങ്ങളെ ഒക്കെ….
ഈ അവബോധത്തിൻ്റെ സൗന്ദര്യശാസ്ത്രഘടനയെ, അമിതാവ് നിർവചിക്കുന്നത് ഇങ്ങനെയാണ് : “സ്‌പഷ്ടമായ മാറ്റങ്ങൾ വന്നുകഴിഞ്ഞ ഒരു ലോകത്ത്, സമുദ്രനിരപ്പുയർന്ന് സുന്ദർബൻ മുങ്ങിപ്പോവുകയും കൊൽക്കത്തയും ന്യൂയോർക്കും ബാങ്കോക്കും വാസയോഗ്യമല്ലാതായിത്തീരുകയും ചെയ്യുന്ന കാലത്ത് മ്യൂസിയം സന്ദർശകരൊക്കെ നമ്മുടെ കാലത്തെ കലയിലേക്കും സാഹിത്യത്തിലേക്കും തിരയുമ്പോൾ, ഏറ്റവും ആദ്യം ഏറ്റവും അടിയന്തിരമായി തങ്ങളുടെ പാരമ്പര്യത്തിൽ മാറ്റം വരുത്തിയ ലോകത്തിൻ്റെ അടയാളങ്ങളെയും ദുർലക്ഷണങ്ങളെയും (traces and portents) അവർ കാണാതിരിക്കുമോ? അവർ, അതിൽ തങ്ങളെ കാണുന്നതിൽ പരാജയപ്പെടുകയാണെങ്കിൽ അവർ എന്തു ചെയ്യും? അവർ ഇങ്ങനെയൊരു നിഗമനത്തിൽ എത്തിയേക്കാം. നമ്മുടെ കാലത്തെ കലയുടെയും സാഹിത്യത്തിന്റെയും ഒട്ടുമിക്ക രൂപങ്ങളും ആളുകളെ അവർ നേരിടുന്ന ദുരന്തയാഥാർത്ഥ്യങ്ങളെ തിരിച്ചറിയുന്നതിൽനിന്ന് തടയുന്ന രീതികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന്. അങ്ങനെയാണെങ്കിൽ. ഈ കാലം മഹാപരാജയത്തിൻ്റെ ഈ കാലം അതിന്റെ സ്വാവബോധം കൊണ്ട് സ്വയം അഭിനന്ദിക്കപ്പെടാൻ സാധ്യതയുള്ള കാലമാണ്.”
ഈ അവബോധത്തിൻ്റെ സങ്കീർണ്ണയാഥാർത്ഥ്യങ്ങളിൽ നിന്നു രൂപപ്പെടുത്തിയ കഥകളാണ് ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളുടെ പാതിയിൽ പുറത്തുവരുന്ന ഘോഷിന്റെ ഏതാണ്ടെല്ലാ കൃതികളുമെന്ന് കാണാൻ കഴിയും.
നീതിയും അനീതിയും രണ്ട് സമാന്തര രേഖകളായിട്ടാണ് ചരിത്രത്തിലൂടെ സഞ്ചരിക്കുന്നത്. ഇവ രണ്ടും രാഷ്ട്രീയബദ്ധമാമെന്നതുകൊണ്ടുതന്നെ ഇവയുടെ നിർവചനങ്ങളും വ്യാഖ്യാനങ്ങളുമെല്ലാം പ്രത്യയശാസ്ത്രരവും സംവാദാത്മകവുമാണ്. ഈ രണ്ടു സങ്കല്‌പങ്ങളെയും, കൂടുതൽ സൂക്ഷ്മമായും സജീവമായും പരിശോധിക്കുന്നതിനുള്ള സാധ്യതകൾ തുറന്നിടുന്ന രാഷ്ട്രീയമാണ് കാലാവസ്ഥാവ്യതിയാനം മുന്നോട്ടുവയ്ക്കുന്നത്. കാലാവസ്ഥാനീതി, കാലാവസ്ഥാ അനീതി (climate injustice) മുതലായ താക്കോൽ വാക്കുകൾ അങ്ങനെ ഉണ്ടായതാണ്. 'കാലാവസ്ഥാവ്യതിയാനം വംശീയമാണ്' (climate change is racist) എന്ന് ജെറിമിവില്യംസ് പറയുന്നത് വംശീയതയെ സംബന്ധിച്ച പഠനങ്ങളെയും കൂടുതൽ സമകാലികമാക്കുന്നു.
കാർബൺ പാദമുദ്ര (carbon foot prints) യുടെ കാര്യത്തിൽ വലിയ അസമത്വമാണ് നിലനിൽക്കുന്നത്. ഇത് അസമത്വത്തിന്റെ വലിയ സാമ്പത്തികശാസ്ത്രമാണ്. പുതിയതും ഏറ്റവും കുറവ് കാർബൺ വിസർജ്ജനമുള്ള അഥവാ ഏറ്റവും കുറഞ്ഞ കാർബൺപാദമുദ്രയുള്ള രാജ്യങ്ങളാണ് ഏറ്റവും വലിയ ആഘാതങ്ങൾ നേരിടുന്നത്. അത്തരം രാജ്യങ്ങളൊക്കെയും മിക്കവാറും കറുത്തമനുഷ്യരുടെ രാഷ്ട്രങ്ങളാണ്. അതുകൊണ്ടാണ് പറയുന്നത്, 'കാലാവസ്ഥാവ്യതിയാനം ഒരു വെളുത്ത പ്രശ്ന'മാണെന്ന് (climate change is a white problem).
കാലാവസ്ഥാവ്യതിയാനത്തിനു പിന്നിലെ കാർബൺ കോർപ്പറേറ്റുകളെ മുൻനിർത്തി നടത്തിയ പഠനങ്ങൾ തെളിയിക്കുന്നതും ഈ വെളുത്തരാഷ്ട്രീയമാണ് (പുരുഷാധിപത്യരാഷ്ട്രീയവും). 1888 മുതലുള്ള ആഗോളതാപനത്തിൻ്റെ മൂന്നിൽ രണ്ടും ഭാഗത്തിനും കാരണക്കാർ തൊണ്ണൂറോളം വരുന്ന ഇന്ധനകമ്പനികളാണെന്ന പഠനറിപ്പോർട്ടുകളുണ്ട്. ജോർദാൻ ഏൻ ജെലിന്റെ 'ഡി കൊളോണിയൽ അറ്റ്ലസ്' എന്ന പുസ്തകം ഈ വിഷയത്തെയും എടുത്തു പഠിച്ചിട്ടുണ്ട്.
മലിനീകരണങ്ങൾക്കു കാരണമായ ഉപഭോഗവാദത്തിനു പിന്നിലുള്ള വെളുത്ത തൃഷ്‌ണകളെ പുനർവായിക്കാൻ ഇത്തരം മാതൃകകൾ സഹായിക്കും. കാലാവസ്ഥാവ്യതിയാനത്തിന്റെ കാരണങ്ങൾ പരോക്ഷഫലം ചെയ്യുന്നവയാണ് എന്നാണിതിനർത്ഥം. കാലാവസ്ഥാശാസ്ത്രജ്ഞരായ ലിയോൺ റോട്ട് സ്റ്റെയ്ൻന്റെയും ഉൾറിക്ക് ലോഹ്മാൻ്റെയും ഒരു മോഡലിംഗ് ഈ പരോക്ഷഫലത്തെ പുറത്തുകൊണ്ടു വരുന്നതായിരുന്നു. ഉത്തരാർദ്ധഗോളത്തിലെ അന്തരീക്ഷ മലിനീകരണം എങ്ങനെയാണ് ആഫ്രിക്കയിലെ സഹേൽപ്രദേശങ്ങളിലെ മഴപ്പെയ്ത്തിനെ അടക്കിക്കളയുന്നതെന്ന് (suppressed) അവർ കണ്ടെത്തി. അവ ഏത്യോപ്യയെപ്പോലെയുള്ള രാജ്യങ്ങളിലും എഴുപതുകളിലും എൺപതുകളിലും കൊടുംവരൾച്ചകൾക്കു കാരണമായിത്തീർന്നതിനെക്കുറിച്ചു പറയാൻ അവരുടെ മോഡലിംഗിനു സാധിച്ചു. ന്യൂഡെയ്‌ജിയുടെ കവിതയുടെ വരികൾ ഈ അവസ്ഥയെയാണു പറഞ്ഞുതരുന്നത്.
കാലാവസ്ഥാദുരന്തങ്ങൾ എന്തൊക്കെയാണെന്ന് അതിനുകാരണക്കാരായ ജനത കാണുകയോ അറിയുകയോ ചെയ്യുന്നില്ല. അതിൻ്റെ ദുരിതമനുഭവിക്കുന്ന ജനതകളുടെ വേദനകളെ, മാധ്യമങ്ങൾ ആ നിലയിലല്ല അഭിസംബോധന ചെയ്യുന്നതും. മാർഷൽദ്വീപുകളുടെ കാലാവസ്ഥാ ആലോചനകളുടെ നേതാവായിരുന്ന ടോണി ടിബ്രൂമിൻ്റെ വാക്കുകൾ കേൾക്കാത്തത് ഈ മനോഭാവം (തിരിച്ചറിവില്ലായ്‌മ) കൊണ്ടാണ്. ബംഗ്ലാദേശിനെക്കുറിച്ചും ഇതാണു വസ്തുത.
പ്രകൃതിദുരന്തങ്ങളെ അവതരിപ്പിക്കുന്ന മാധ്യമപ്രവർത്തകരിൽ നല്ലൊരുശതമാനത്തിനും ഈ വിഷയങ്ങളെപ്പറ്റി ഒരു ധാരണയുമില്ല. വെളുത്ത സമ്പന്നർക്ക് സംഭവിക്കുന്ന പ്രകൃതിദുരന്തങ്ങളെപ്പറ്റി അമിതപ്രതികരണം നടത്തുന്ന മാധ്യമങ്ങൾ അതിലും വലിയ ദുരന്തങ്ങൾ നേരിടുന്ന കറുത്ത ജനതയെ തമസ്ക്കരിക്കുകയോ തെറ്റായി പ്രതിനിധാനം ചെയ്യുകയോ ആണ് ചെയ്യാറ്. അത്തരം കാര്യങ്ങളിൽ മതം, നിറം, ഭൂമിശാസ്ത്രം, വിദ്യാഭ്യാസം, സംസ്‌കാരം മുതലായവയെ കാരണങ്ങളായി കൊണ്ടുവരുന്ന അവർ- ആ ജനതയ്ക്കുമേൽ അടിഞ്ഞുകൂടുന്ന വെളുത്തകാർബണുകളെ അവഗണിക്കുകയാണു പതിവ്. മിക്കവാറും അറിവില്ലായ്‌മ കൊണ്ടാണങ്ങനെ സംഭവിക്കുന്നത്.
കാലാവസ്ഥാവ്യതിയാനം പ്രകടമായി കേരളത്തെ ബാധിച്ചിട്ടുണ്ട്. ഋതുക്കളുടെ സ്വഭാവത്തിലുണ്ടായ മാറ്റങ്ങൾ മുതൽ മഴയും വെയിലും തമ്മിലുള്ള അനുപാതത്തിന്റെ കാര്യത്തിൽ വരെ കേരളപ്രകൃതിനേരിടുന്ന തുടർച്ചകൾ കാലാവസ്ഥാവ്യതിയാനത്തിൻ്റെ ഭാഗമാണ്.
ഇതിനു മുൻപൊരു അദ്ധ്യായത്തിൽ പത്മനാഭമേനോന്റെ പുസ്തകം മുൻനിർത്തി 'കേരളത്തിലെ മഴക്കാലങ്ങളുടെ ഗുണമേൻമ അന്നും ഇന്നും' എന്നൊരു താരതമ്യം നടത്താമെന്ന പറയുകയുണ്ടായി. കേരളത്തിൻ്റെ ഭൂമിശാസ്ത്രഘടനയെ (ജൈവഭൗതികഘടനയെ) സൂക്ഷ്മമായി വിലയിരുത്തിയാലും മഴ അടക്കമുള്ള എല്ലാ പ്രകൃതിഗുണങ്ങളിലും വലിയ തകർച്ച തന്നെ ഉണ്ടായിട്ടുണ്ടെന്നു കണ്ടെത്താൻ കഴിയും. കഴിഞ്ഞ ഏതാനും ദശകങ്ങളിലെ മഴയുടെയും താപനിലയുടെയും കണക്കുകൾ വച്ച് കേരളം തണുത്തനിലയിൽ നിന്ന് ചൂടിലേയ്ക്ക് മാറികൊണ്ടിരിക്കുകയാണ്. കാലാവസ്ഥാപഠനത്തിന്റെ ഭാഷയിൽ പറഞ്ഞാൽ B4-B3 ക്ലാസിൽ നിന്ന് B2-B1 ക്ലാസ്സിലേയ്ക്ക് കേരളത്തിന്റെ കാലാവസ്ഥാസ്വഭാവം മാറിക്കൊണ്ടിരിക്കുകയാണ്. * മഴയുടെ വാർഷികാനുപാതത്തിൽ സംഭവിച്ച വലിയ ഇടിവ്, കൂടുതൽ കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ കണക്ക് ഇപ്രകാരമാണ്. 1950 മുതൽ 2002 വരെയുള്ള കാലയളവെടുത്താൽ ദുർബ്ബലമായ മൺസൂൺ മുറകളുടെ (weak monsoon spells) ഇടവേളകൾ 30% കണ്ട് വർദ്ധിച്ചു. മൺസൂൺകാലത്ത് (ജൂൺ 1 മുതൽ സെപ്‌തംബർ 30 വരെ) ദിനംപ്രതി ശരാശരി മഴ 8 കി.മീ. കിട്ടുന്ന ദിനങ്ങൾ 45.4 % വർദ്ധിച്ചപ്പോൾ, ദിനംപ്രതി ശരാശരി 12 മി. മീ കൂടുതൽ മഴ ലഭിക്കുന്ന ദിനങ്ങൾ 78. 1% കുറവാണ് രേഖപ്പെടുത്തിയത്. (ജോസഫും സൈമണും, current science ലെ ലേഖനം).
മഴപ്പെയ്ത്തിലുണ്ടായ കുറവും, വർദ്ധിച്ചുവരുന്ന ചൂടും കേരളത്തിന്റെ ജീവിതഗുണനിലവാരത്തെ ബാധിച്ചിട്ടുണ്ട്. വിശേഷിച്ചും കൃഷിയും കന്നുകാലിവളർത്തലും മത്സ്യബന്ധവും ചെറുകിടകച്ചവടവും ജീവനോപാധിയായ ബഹുഭൂരിപക്ഷംവരുന്ന ജനതയെ അവ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആഗോളമായി സമുദ്രനിരപ്പുയരുന്നത് കേരളത്തിൻ്റെ തീരപ്രദേശങ്ങളെയും ബാധിക്കുന്നുണ്ട്. കൊച്ചിയെ ആസ്‌പദമാക്കിയുള്ള ഒരു ജി ഐ എസ് (Geographic Information Sytem) പഠനം സൂചിപ്പിക്കുന്നത് സമുദ്രനിരപ്പിൽ 1 മീറ്റർ വർദ്ധനയുണ്ടാവുന്നത് നമ്മുടെ 169 ചതുരശ്രക.മീറ്റർ ഭൂമിയെ വെള്ളത്തിലാക്കുമെന്നാണ്. 2 മീറ്റർ ഉയർന്നാൽ 599 ചതുരശ്രകിലോമീറ്ററിനെയും.സമുദ്രനിരപ്പിലുണ്ടാകുന്ന വർദ്ധനവ് കുട്ടനാടിനെപ്പോലെ സമുദ്രനിരപ്പിനു താഴെയുള്ള തണ്ണീർത്തടങ്ങളെയും, അവയുടെ ശുദ്ധജലസംസ്ക്കാരത്തെയും ഭയാനകമായ തോതിലാവും ബാധിക്കുക.
Comments