സാമൂഹികഘടന- ജാതി,മതം(തുടർച്ച )
- GCW MALAYALAM
- Feb 15
- 4 min read
ഒരു ദേശത്തിൻകതൈ ഭാഗം ഏഴ്
ഡോ.ഷിബു കുമാർ പി എൽ

അമ്പട്ടർ/വിളക്കിത്തലനായർ
തെക്കൻതിരുവിതാംകൂറിലെ ക്ഷുരകരാണ് അമ്പട്ടർ. അമ്പട്ടർ രണ്ടുവിഭാഗമുണ്ട്. (1) തമിഴ് അമ്പട്ടർ (2) മലയാളി അമ്പട്ടർ. ദിവസവും വീടുകൾതോറുംചെന്ന് മുടിവെട്ടുകയും മുഖക്ഷൗരം ചെയ്യുകയുമായിരുന്നു ഇവരുടെ പഴയ ജോലി. പല സമുദായക്കാരുടെയും ശവസംസ്‌കാരച്ചടങ്ങുകൾ നടത്തിയിരുന്നത് അമ്പട്ടരായിരുന്നു. ഇവരുടെ സ്ത്രീകൾ പേറ്റിച്ചികളായി സേവനം ചെയ്തിരുന്നു.
മലയാളിഅമ്പട്ടന്മാരിൽ മക്കത്തായികളും മരുമക്കത്തായികളുമുണ്ട്. മരുമക്കത്തായികൾ 'വിളക്കിത്തലനായർ' എന്നാണ് അറിയപ്പെടുന്നത്. മേല്പറഞ്ഞ രണ്ടുവിഭാഗങ്ങൾ തമ്മിൽ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാറില്ല. ഇവർ തമ്മിൽ വിവാഹബന്ധവും നടപ്പിലില്ല. മതം, ദായക്രമം, വിവാഹം എന്നിവയിൽ വിളക്കിത്തലനായന്മാർ നായന്മാരുടെ രീതിയാണു പിൻതുടരുന്നത്. എന്നാൽ ഇവരെ നായന്മാർ, നായരായി പരിഗണിച്ചിട്ടില്ല. അമ്പട്ടന്മാർ എല്ലാ വിഭാഗക്കാരുടെയും മുടിവെട്ടുമ്പോൾ 'വിളക്കിത്തലനായന്മാർ' നായന്മാരുടെയും സമുദായികമായി മുന്നിൽ നില്ക്കുന്നവരുടെയും മുടിയാണ് വെട്ടിയിരുന്നത്. ഇന്നും ഇവരിൽ മിക്കവരും ക്ഷുരകവൃത്തി പിൻതുടരുന്നുണ്ട്. മറ്റുപല തൊഴിലിനും പോകുന്നവരുമുണ്ട്. മാടൻ, യക്ഷി, ഗന്ധർവൻ, പിതൃക്കൾ എന്നിവരെയാണ് പ്രധാനമായും ഇവർ ആരാധിച്ചിരുന്നത്.
മണ്ണാൻ/വെളുത്തേടത്തുനായർ
എല്ലാ ജാതിവിഭാഗക്കാരുടെയും അലക്കുകാരനാണ് മണ്ണാൻ. എന്നാൽ നായർവിഭാഗത്തിന്റെ മാത്രം അലക്കുകാരാണ് വെളുത്തേടത്തുനായർ. നായരുടെ പുലയും വാലായ്മയും മാറണമെങ്കിൽ വെളുത്തേടത്തുനായർ സ്ത്രീകൾ അലക്കി നല്കിയ മാറ്റ് ധരിക്കണം. 'മാറ്റാത്തി' എന്നൊരു പേരും ഈ ജാതിയിലെ സ്ത്രീകൾക്കുണ്ട്. അയിത്തജാതിക്കാരാണെങ്കിലും ഇവർ അലക്കിയ വസ്ത്രമുടുത്താൽ ആരുടെ അയിത്തവും മാറുമായിരുന്നു. പാരമ്പര്യത്തൊഴിലൊന്നും ഇന്ന് അവർ ചെയ്യുന്നില്ല. പാരമ്പര്യത്തൊഴിൽ ചെയ്യാനുള്ള സാമൂഹികസാഹചര്യവും നിലവിലില്ല. സാമൂഹികമാറ്റം ഇവരെയും പുതുതൊഴിലുകൾ തേടിപ്പോകാൻ പ്രേരിപ്പിച്ചു.
കാവതി
പറയർ, പുലയർ, ചാന്നാർ തുടങ്ങിയ ജാതിക്കാരുടെ മുടിവെട്ടുന്നവരാണ് 'കാവതി'. വിളവൻകോടുതാലൂക്കിൽ ഇടയ്‌ക്കോട്, അരുമനഭാഗങ്ങളിൽ ഇവരെക്കാണാൻ സാധിക്കും. ഇന്നവർ ഈ തൊഴിലൊക്കെ ഉപേക്ഷിച്ചു മറ്റുതൊഴിലുകൾ ചെയ്തുവരുന്നു.
പരവതർ (മുക്കുവർ)
മീൻപിടിത്തവും വില്പനയും കുലത്തൊഴിലാക്കിയ വിഭാഗമാണ് പരവതർ. മുക്കുവരെന്നും വിളിക്കും. സംഘകാലസമൂഹമാണ് പരവതർ. മീനവർ, വലയർ എന്നിങ്ങനെയും ഇവർ അറിയപ്പെടുന്നുണ്ട്. തേങ്ങാപ്പട്ടണം, കുളച്ചൽ തുടങ്ങിയ തീരദേശപ്രദേശത്തെല്ലാം ഇവരാണ് കൂടുതൽ. ആദ്യകാലത്തു ഹൈന്ദവരായിരുന്ന ഇവർ ഇപ്പോൾ ലത്തീൻ കത്തോലിക്കവിഭാഗത്തിൽപ്പെടുന്ന ക്രൈസ്തവരാണ്.
കാണിക്കാർ
വിളവൻകോട്, നെയ്യാറ്റിൻകരത്താലൂക്കുകളിൽ കാണപ്പെടുന്ന ആദിവാസിജനതയാണ് കാണിക്കാർ. ആറുകാണി, പത്തുകാണി പ്രദേശങ്ങളിൽ താമസിക്കുന്ന ഇവർ നെയ്യാറ്റിൻകരത്താലൂക്കിലെ കള്ളിക്കാട്ടു 'നെയ്യാർ അണക്കെട്ട്' നിർമ്മിച്ചപ്പോൾ അവിടെനിന്നു കുടിയിറക്കപ്പെട്ടവരാണ്. പട്ടികവർഗ്ഗവിഭാഗത്തിൽപ്പെടുന്ന ഇവർ വിദ്യാഭ്യാസപരമായി മുൻപന്തിയിൽ നിൽക്കുന്ന ഗോത്രജനതയാണ്. സർക്കാരുദ്യോഗസ്ഥരായ കാണിക്കാർ ധാരാളമുണ്ട്. കാട്ടുവിഭവങ്ങൾ ശേഖരിക്കലാണ് ഇവരുടെ പ്രധാനതൊഴിൽ. ഒറ്റമൂലിവൈദ്യന്മാരാണ് മിക്ക കാണിക്കാരും. ഒടിവ്, ചതവ്, ഉളുക്ക് തുടങ്ങിയ അസുഖങ്ങൾക്കുള്ള ചികിത്സകളും പച്ചമരുന്നുകളും ഇവർക്കു സുപരിചിതമാണ്. ഇവർ തമിഴും മലയാളവും നന്നായി കൈകാര്യംചെയ്യും.
ചക്കാലനായർ
എണ്ണയാട്ട് കുലത്തൊഴിലാക്കിയവരാണ് ചക്കാലനായർ. വാണിയചക്കാലർ എന്നും ഇവർ ഇവിടെ അറിയപ്പെടുന്നു. നായരുടെ അവാന്തരവിഭാഗമായിട്ടാണ് ഇവർ അറിയുന്നത്. തമിഴും മലയാളവും മാതൃഭാഷയാക്കിയവർ തെക്കൻതിരുവിതാംകൂറിലെ ചക്കാലനായർക്കിടയിലുണ്ട്. നെയ്യാറ്റിൻകര, വിളവൻകോട് താലൂക്കുകളിൽ മലയാളം സംസാരിക്കുന്ന ചക്കാലനായരും കൽക്കുളം, തോവാളത്താലൂക്കുകളിൽ തമിഴുസംസാരിക്കുന്ന വണിയചക്കാലരുമാണ് ഉള്ളത്. ചക്കാലനായരുടെ ആചാരങ്ങൾക്കു നായരോടും വണിയവിഭാഗത്തിനു വെള്ളാളവിഭാഗത്തോടുമാണ് അടുപ്പം.
കണിയാന്മാർ
ജ്യോതിഷം, വൈദ്യം, അധ്യാപനം എന്നിവ കുലത്തൊഴിലാക്കി ജീവിച്ചിരുന്നവരാണ് കണിയാന്മാർ. 'ഗണകൻ' എന്ന സംസ്‌കൃതപദത്തിന്റെ തദ്ഭവമാണ് കണിയൻ. തമിഴിൽ കണിയൻ എന്നും മലയാളത്തിൽ കണിയാൻ, ആശാൻ, പണിക്കർ എന്നും അറിയപ്പെടുന്നു. തെക്കൻതിരുവിതാംകൂറിലെ കുട്ടികളെ എഴുത്തിനിരുത്തുന്നത് ഈ ആശാന്മാരാണ്. തമിഴ് ബ്രാഹ്‌മണവിഭാഗത്തിന്റെ ഉപവിഭാഗമാണ് കണിയാരെന്ന വിശ്വാസവും നിലനില്ക്കുന്നുണ്ട്.
ജനനസമയം നോക്കി ഗ്രഹനിലയും ജാതകവും തയ്യാറാക്കുക, ഭാവി പ്രവചിക്കുക, നല്ലകാര്യങ്ങൾക്കു മുഹൂർത്തം കുറിക്കുക, കവടി നിരത്തി ഫലംപറയുക എന്നിവയാണ് ഇവരുടെ പ്രധാന തൊഴിൽ. ജ്യോതിശ്ശാസ്ത്രം, ജ്യോതിഷം, ഗണിതം എന്നിവയിൽ അറിവുള്ളവരായിരുന്നു കണിയാന്മാർ. തെക്കൻതിരുവിതാംകൂറിന്റെ എല്ലാഭാഗങ്ങളിലും ഇവരുടെ പ്രാതിനിധ്യമുണ്ട്. ഇവരിൽനിന്ന് അറിവുനേടിയവരാണ് പുതിയകാലത്തു കണിയാന്മാരായി അറിയപ്പെടുന്നത്. ഇന്നു എല്ലാജാതിവിഭാഗത്തിലും 'ആശാൻ'മാരെന്ന് അറിയപ്പെടുന്ന കണിയാന്മാരുണ്ട്. ജാതിത്തൊഴിൽ എന്നതിൽനിന്നു പൊതുതൊഴിലിലേക്കു കണിയവൃത്തി മാറിയിട്ടുണ്ട്. മലയാളവും തമിഴും മാതൃഭാഷയായിട്ടുള്ളവർ കണിയാന്മാരുടെയിടയിലുണ്ട്. ഇവരുടെ പുതിയതലമുറ പാരമ്പര്യത്തൊഴിലുകൾ ചെയ്യാൻ വിമുഖത കാണിക്കുന്നവരാണ്. മറ്റുതൊഴിലുകൾ ചെയ്തു ജീവിക്കാനാണ് പുതുതലമുറയ്ക്കു താല്പര്യം.
മേൽപ്പറഞ്ഞ ജാതി വർഗ വിഭാഗങ്ങളെക്കൂടാതെ കാടുകളിൽ താമസിക്കുന്ന മലയരയർ, ഉള്ളാടർ, നാഞ്ചിനാട്ടിലെ ഉപ്പളങ്ങളിൽ പണിചെയ്യുന്ന ആലവർ, മൺപാത്രങ്ങൾ നിർമ്മിക്കുന്ന കുശവർ, പാണ്ടിവേളാൻ എന്നിവരെയും തെക്കൻതിരുവിതാകൂറിൽ കാണാൻ സാധിക്കും.
ജനസംഖ്യാടിസ്ഥാനത്തിൽ നോക്കിയാൽ തെക്കൻതിരുവിതാംകൂറിലെ പകുതിയോളം വരുന്ന ജാതിസമൂഹം ഇന്ന് ക്രൈസ്തവനാടാരാണ്. ബാക്കി സമുദായക്കാരെല്ലാം കൂടിച്ചേർന്നതാണ് ബാക്കി അൻപതുശതമാനം ജാതിവിഭാഗങ്ങൾ.
ജാതികൾക്കിടയിലെ ഉച്ചനീചത്വങ്ങൾ
തെക്കൻതിരുവിതാംകൂറിലെ ജാതികളിൽ മിക്കതും കുടിയേറ്റക്കാരാണ് (മലയരയർ, കുറവർ തുടങ്ങി വനാന്തരങ്ങളിൽ ജീവിക്കുന്നവരൊഴിക). അതുകൊണ്ടാണ് ഇവിടത്തെ ഭാഷയിലും ജീവിതത്തിലും ഒരുതരം ഉഭയസംസ്‌കാരം നിലനിൽക്കുന്നത്. തിരുനെൽവേലി, മധുരഭാഗങ്ങളിൽനിന്നു വന്നവരുടെയും മലയാളദേശത്തുനിന്നു എത്തിച്ചേർന്നവരുടെയും സംഗമഭൂമിയാണ് നാഞ്ചിനാടുൾപ്പെടുന്ന തെക്കൻതിരുവിതാംകൂർ. ഈഴവർ, വെള്ളാളർ, കൃഷ്ണവകക്കാർ, ബ്രാഹ്‌മണർ, നായർ, ചാന്നാർ/നാടാർ, കമ്മാളർ തുടങ്ങിയ സമുദായക്കാരെല്ലാം കൂടിച്ചേർന്നതാണ് ഇവിടത്തെ ജാതിസമൂഹം. ഇവർ ജന്മനാട്ടിൽനിന്നു പലായനംചെയ്ത് എത്തിയവരോ ഉപജീവനാർഥം ഇവിടെ എത്തിച്ചേർന്നവരോ ആണ്. എവിടെനിന്നാണോ വന്നത് അവിടെ ചെയ്തിരുന്ന തൊഴിൽ തന്നെ അവർ ഇവിടെയും ചെയ്തുപോന്നു. ഭൂപ്രകൃതിയുടെയോ, തിണയുടെയോ അടിസ്ഥാനത്തിൽ രൂപപ്പെട്ടതല്ല തെക്കൻതിരുവിതാംകൂറിലെ തൊഴിലുകൾ. അതു വ്യത്യസ്തജാതിവിഭാഗങ്ങൾ കൊണ്ടുവന്ന തൊഴിലുകളാണ്. നായർ പടയാളികളായും വെള്ളാളർ കർഷകരായും നിലനിന്നത് അതുകൊണ്ടാണ്. 'സമൂഹത്തിന്റെ സംരക്ഷണത്തിനും നിലനില്പിനുമുള്ള ഒരു സാമൂഹികരാഷ്ട്രീയസംവിധാനമായിരുന്നു അന്ന് ജാതി' (രാധാകൃഷ്ണൻ എസ്. (പ്രൊഫ.) സമൂഹം പിന്നീടു ചില തൊഴിലുകൾക്കു പ്രത്യേകപദവി നൽകിയതിലൂടെ തൊഴിൽസ്ഥാനങ്ങൾക്കു ഉയർന്നത്, താഴ്ന്നത് എന്ന അവസ്ഥ വന്നു. പദവിയും ഭൂസ്വത്തും ധാരാളമായി കിട്ടിയ വിഭാഗവും അധികാരം കൈയാളിയിരുന്ന വിഭാഗവും പുരോഹിതവിഭാഗവും സമൂഹത്തിലെ ഒന്നാംസ്ഥാനക്കാരായിമാറി. ബാക്കിയുള്ളവർ അധഃസ്ഥിതരായി പരിണമിക്കുകയും ചെയ്തുവെന്നതാണ് തിരുവിതാംകൂറിന്റെ ജാതിഘടനയുടെ പ്രത്യേകത.
'വേണാടു'രാജവംശത്തിന്റെ ആവശ്യാർത്ഥം തിരുവിതാംകൂറിലെത്തിയവരാണ് നായർ. സൈനികവൃത്തി ചെയ്യാനെത്തിയ ഇവർക്ക് എല്ലാവിധ സഹായങ്ങളും ഭരണകൂടം അനുവദിച്ചിരുന്നു. വീടും ഭൂമിയും ആ രീതിയിൽ അവർക്ക് ഇവിടെ ലഭ്യമായി. സ്വത്തുടമകളായ നായർ അധികാരികളായിരുന്നതിനാൽ സാമൂഹികാവസ്ഥയിൽ അവരുടെ സ്ഥാനം മുൻപന്തിയിലായി. പരദേശിബ്രാഹ്‌മണരും അങ്ങനെ തന്നെയായിരുന്നു. പുരോഹിതരും ക്ഷേത്രപൂജാരികളുമായ ഇവരുടെ നില സാമൂഹികമാന്യത ലഭിക്കാൻ കാരണമായി. നാഞ്ചിൽകുറവന്റെ നിർദ്ദേശപ്രകാരം ഇവിടെ എത്തിയെന്നു പറയപ്പെടുന്ന നാഞ്ചിനാട്ടിലെ വെള്ളാളരുടെ കാർഷികപാരമ്പര്യം വലുതാണ്. ഇവിടേക്ക് ആദ്യമെത്തിയ കുടിയേറ്റജനത വെള്ളാളരാണ്. വെള്ളാളർക്കും സാമൂഹികാവസ്ഥയിൽ ഉയർന്ന സ്ഥാനമാണ് പതിനാറാംനൂറ്റാണ്ടിൽ ഉണ്ടായിരുന്നത്. ചാന്നാർസമുദായവും ഇവിടേക്കു പലായനം ചെയ്‌തെത്തിയവരാണ്. അഭയാർത്ഥികളായെത്തിയ അവർക്ക് യാതൊന്നുംതന്നെ സ്വന്തമായിട്ടുണ്ടായിരുന്നില്ല. അവർക്കു പദവികൾ നൽകാൻ പറ്റാതെപോയതിന്റെ കാരണം, അവർ ക്ഷണിച്ചെത്തിയവരായിരുന്നില്ല എന്നതാണ്. വർഷങ്ങളുടെ ശ്രമഫലംകൊണ്ടു ജീവിതം കരുപിടിപ്പിച്ചവരാണ് നാടാർസമുദായം. സാമ്പത്തികശക്തിയോ സാമൂഹികശക്തിയോ ഇല്ലാത്തതുകൊണ്ട് നാടാർവിഭാഗത്തിനു സാമൂഹികാവസ്ഥയിൽ താഴേക്കിടയിലുള്ള സ്ഥാനമാണുണ്ടായിരുന്നത്. എന്നാൽ നിലവിൽ നാടാർസമുദായം സാമൂഹികപരമായും സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും വളരെയേറെ പുരോഗമിക്കുകയും അധികാരവ്യവസ്ഥയിൽ ഭാഗമാകുകയും ചെയ്തിട്ടുണ്ട്.
പുലയർ, പറയർ എന്നിവർ കേരളത്തിൽനിന്നു വന്നവരാണ്. അവിടത്തെ അതേ സാമൂഹികനില തന്നെയാണ് തെക്കൻതിരുവിതാംകൂറിലും അവർക്കു കൈവന്നത്. കാടുമായി ബന്ധപ്പെട്ടു ജീവിച്ചവർ ജാതിഘടനയിൽ എല്ലായിടത്തുമെന്നപോലെ ഇവിടെയും പിന്നാക്കം തള്ളപ്പെട്ടു.
ജാതീയമായ ഉച്ചനീചത്വങ്ങൾ കേരളത്തിലെ പൊതുമണ്ഡലത്തിൽ എന്നപോലെ തെക്കൻതിരുവിതാംകൂറിൽ അത്ര ശക്തമായിരുന്നില്ല. തിരുവിതാംകൂറിന്റെ ഭരണവ്യവസ്ഥയിൽ എല്ലാവിഭാഗം ജനങ്ങളെയും പരിഗണിച്ചിരുന്നു. 'പുള്ളിപ്പട്ടാളം' എന്ന സൈനികവിഭാഗത്തിൽ നായർ, ഈഴവ, മറവ, അരയ, നാടാർസമുദായക്കാർ ഉണ്ടായിരുന്നു. തിരുവിതാംകൂറിലെ ഏറ്റവും മികച്ച സൈനികത്തലവനു കിട്ടുന്ന രാജകീയപദവിയായ 'അനന്തപത്മനാഭസ്ഥാനം' നാടാർ, നായർ, അരയസമുദായങ്ങൾക്കും ലഭിച്ചിട്ടുണ്ട്. തക്കലയ്ക്കടുത്തുള്ള കണ്ണൻകോട് 'അനന്തപത്മനാഭസ്മാരകം' നാടാർസമുദായത്തിലെ വീരപുരുഷന്റേതാണ്. മാർത്താണ്ഡവർമ്മ എന്ന നോവലിൽ പ്രത്യക്ഷപ്പെടുന്ന ഭ്രാന്തൻചാന്നാനും ഈ അനന്തപത്മനാഭനും ഒരാളാണെന്ന് ഇവരുടെ പിൻഗാമികളിൽ ചിലർ വിശ്വസിക്കുന്നു (വരദരാജൻ നാടാർ കെ പി.:80 വയസ്സ്:കാട്ടാത്തുറ). വേലുത്തമ്പിദളവയുടെ കാലത്തു കൊച്ചിക്കായലിൽവച്ചു കേണൽ മെക്കാളെയെ ആക്രമിച്ച അരയനും അനന്തപത്മനാഭസ്ഥാനം ലഭിച്ചിട്ടുണ്ട് (മലയാളമനോരമ ദിനപത്രം: 2001 ജൂലായ് 24).
സാമൂഹികാസമത്വമായിരുന്നു ആ കാലഘട്ടത്തിലെ പ്രധാനപ്രശ്‌നം. അതിനെതിരെയാണ് അയ്യാ വൈകുണ്ഠസ്വാമികളും ആറാട്ടുപുഴ വേലായുധപ്പണിക്കരും ശബ്ദമുയർത്തിയത്. എല്ലാപേർക്കും അവരവരുടെ തൊഴിൽചെയ്യാൻ യാതൊരുവിധത്തിലുള്ള തടസ്സവും അക്കാലത്തില്ലായിരുന്നു. ജാതീയമായ പരിഗണനകൾ സ്ഥാനമാനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ ജീവിക്കാനുള്ള ആരുടെയും അവകാശത്തെ അതു തടസ്സപ്പെടുത്തുന്നതല്ലായിരുന്നു.
മതം
തെക്കൻതിരുവിതാംകൂറിലെ ഭൂരിപക്ഷം ജനതയും മതവിശ്വാസികളാണ്. 2011-ലെ കന്യാകുമാരി ജില്ലാസെൻസസ് റിപ്പോർട്ടുപ്രകാരം കന്യാകുമാരി ജില്ലയിലെ ജനസംഖ്യ പതിനെട്ടുലക്ഷത്തി എഴുപതിനായിരത്തി മുന്നൂറ്റിയെഴുപത്തിനാലാണ്. ഇതിൽ മതവിശ്വാസികളല്ലാത്തവർ നാലായിരത്തിഎണ്ണൂറ്റിനാല്പത്തിയൊന്നു മാത്രമേയുള്ളൂ; 0.26 ശതമാനം. ഹിന്ദുക്കൾ-9,09,872, ക്രിസ്ത്യാനികൾ 8,76,299, മുസ്ലീം-78,590, സിക്ക്-160, ബുദ്ധമതവിശ്വാസികൾ-438, ജൈനമതവിശ്വാസികൾ-156, മറ്റു വിഭാഗക്കാർ-10 എന്നിങ്ങനെയാണ് (കന്യാകുമാരിജില്ലാ സെൻസസ് റിപ്പോർട്ട്:2011:32).
2011-ലെ തിരുവനന്തപുരം സെൻസസ് റിപ്പോർട്ടുപ്രകാരം നെയ്യാറ്റിൻകരത്താലൂക്കിലെ മതവിശ്വാസികൾ താഴെപ്പറയുംപ്രകാരമാണ്.
ഹിന്ദുക്കൾ - 486,270, ക്രിസ്ത്യാനികൾ - 335,359, മുസ്ലീം - 53,278, സിക്ക് - 82, ബുദ്ധമതക്കാർ - 131, ജൈനർ - 16, മറ്റുവിശ്വാസികൾ - 193, മതവിശ്വാസമില്ലാത്തവർ - 5657 (തിരുവനന്തപുരം ജില്ലാ സെൻസസ് റിപ്പോർട്ട്:2011:186).
രാജഭരണകാലത്തു തിരുവിതാംകൂറിലെ ഏറ്റവും വലിയ വിഭാഗം ഹിന്ദുമതവിശ്വാസികളായിരുന്നു. 1947 വരെ ആ നില തുടർന്നു. 'പൗരാണികമായ ഹൈന്ദവഭരണകൂടം' എന്നാണ് സാമുവൽ മെറ്റീർ തിരുവിതാംകൂറിനെക്കുറിച്ചു പറഞ്ഞത്. ഇക്കാരണങ്ങൾകൊണ്ടുതന്നെ ഒരു കാലത്ത് ഇൻഡ്യയിലെ ഏകഹിന്ദുരാഷ്ട്രം എന്ന പദവി തിരുവിതാംകൂറിനുണ്ടായിരുന്നു. ക്രിസ്ത്യൻമിഷണറിമാരുടെ വരവോടുകൂടി ക്രിസ്തുമതത്തിലേക്കു നടത്തിയ മതപരിവർത്തനത്തിലൂടെ 'ഹിന്ദുരാജ്യം' എന്ന പദവി തിരുവിതാംകൂറിനു നഷ്ടമായി. ഇന്നു തെക്കൻതിരുവിതാംകൂറിലെ പ്രബലവിഭാഗം ക്രിസ്തുമതവിശ്വാസികളാണ്. ഇസ്ലാംമതവിശ്വാസികൾ, തിരുവിതാംകോട്, തക്കല, കുളച്ചൽ, തേങ്ങാപ്പട്ടണം, കളിയിക്കാവിള ഭാഗങ്ങളിലാണ് കൂടുതലുള്ളത്. ബുദ്ധ-ജൈന-സിക്ക് വിശ്വാസികളിൽ പലരും ഇന്നാട്ടുകാരല്ല. തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി ഇവിടെ വന്നു തത്കാലം താമസിക്കുന്നവരാണ് അവരിൽ ഭൂരിഭാഗവും.
യക്ഷിയമ്പലങ്ങളും കാവുകളും
യക്ഷികളെയും കാവുകളെയും ആരാധിക്കുന്നവരാണ് തെക്കൻതിരുവിതാംകൂറിലെ വലിയൊരുവിഭാഗം ജനത. തോവാള, അഗസ്തീശ്വരംതാലൂക്കുകൾ ഉൾപ്പെടുന്ന നാഞ്ചിനാടൻമേഖലകളിലും നെയ്യാറ്റിൻകര, വിളവൻകോട്, കൽക്കുളംതാലൂക്കുകളിലും യക്ഷിയമ്പലങ്ങൾ സാർവ്വത്രികമാണ്. നെയ്യാറ്റിൻകര, വിളവൻകോട്, കൽക്കുളംപ്രദേശങ്ങളിലാണ് കാവുകൾ കൂടുതലുള്ളത്. കാവുകൾ കേരളീയസംസ്‌കൃതിയുടെയും യക്ഷികൾ തമിഴുപാരമ്പര്യത്തിന്റെയും ചിഹ്നങ്ങളാണ്. ഉഭയസംസ്‌കൃതിയുടെ ഇടമായതുകൊണ്ടാണ് ഇങ്ങനെയൊരു സാംസ്‌കാരികസവിശേഷത ഇവിടെ വരാൻ കാരണം. അകാലത്തിൽ മരിച്ചുപോയ ധീരവനിതകളും പതിവ്രതകളും ദുർമരണം സംഭവിച്ച പെൺകുട്ടികളും സ്ത്രീകളുമാണ് യക്ഷിസങ്കല്പത്തിന് ആധാരം. അമ്മദൈവാരാധനയാണ് യക്ഷിയമ്പലങ്ങളിൽ നടന്നുവരുന്നത്. സൗമ്യരൂപിയായ യക്ഷികളും രുദ്രരൂപിയായ യക്ഷികളുമുണ്ട്. ദ്രാവിഡസങ്കല്പപ്രകാരം രക്ഷകസ്വഭാവമുള്ള ഈ ദൈവങ്ങൾ ബ്രാഹ്‌മണമതത്തിൽ ദുഷ്ടദേവതകളാണ്. യക്ഷിയമ്പലങ്ങളിൽ പലതും നിലവിൽ 'ഇശക്കിയമ്മൻക്ഷേത്രങ്ങളായി പരിവർത്തനം ചെയ്തുകൊണ്ടിരിക്കയാണ്. കള്ളിയങ്കാട്ടുനീലി, മേലാംകോട്ടമ്മ തുടങ്ങിയ യക്ഷികളെ ക്ഷേത്രസങ്കല്പത്തിലേക്കു കുടിയിരുത്തിക്കഴിഞ്ഞു. ആരാധനയിലും പൂജയിലും മിശ്രസംസ്‌കാരമാണ് യക്ഷിയമ്പലങ്ങളിൽ നിലവിൽ കാണുന്നത്.'
കാവുകൾക്ക് അടുത്തകാലംവരെ തെക്കൻതിരുവിതാംകൂറിലെ ആരാധനാസമ്പ്രദായത്തിൽ വലിയ പ്രാധാന്യമുണ്ടായിരുന്നു. പ്രകൃതിതന്നെയാണ് ഇവിടെ ദൈവം. മുക്കംപാലയും പാലയും ആലും അരശുമാണ് കാവുകളിലെ പ്രധാനമരങ്ങൾ. നാഗങ്ങളാണ് പ്രധാനപ്രതിഷ്ഠ. കുടുംബക്കാരുടെ പേരിലും സ്ഥലത്തുമാണു കാവുകൾ ഉണ്ടായിരുന്നത്. കാവുകളിൽ ആരാധന നടത്താനുള്ള അധികാരം അതതു കുടുംബക്കാർക്കാണ്. മറ്റുള്ളവരും കുടുംബക്കാരുടെ അനുവാദത്തോടെ പൂജ ചെയ്യാറുണ്ട്. കാവുകളിൽ നിത്യപൂജ സാധാരണമല്ല. എന്നാൽ ദിവസവും വിളക്കു കത്തിക്കും. വിശേഷദിവസങ്ങളിൽ മാത്രമാണു പൂജയും ആരാധനയുമുള്ളത്. കുടുംബകാരണവരായ പോറ്റിയോ അമ്മാവനോ ആയിരിക്കും പൂജ ചെയ്യുന്നത്. ഈ രീതിക്കും മാറ്റം വന്നിട്ടുണ്ട്. ബ്രാഹ്‌മണപൂജയാണ് ഇപ്പോൾ കാവുകളിലുമുള്ളത്. പലതും ക്ഷേത്രങ്ങളായി മാറുകയും ചെയ്തിട്ടുണ്ട്.
ഡോ.ഷിബു കുമാർ പി എൽ
അസിസ്റ്റൻറ് പ്രൊഫസർ
മലയാളവിഭാഗം
ഗവ.കോളേജ് കാസറഗോഡ്
Comments