top of page

സാമൂഹികനീതിബോധം സ്ത്രീപക്ഷ സിനിമകളിൽ:      നേർക്കൊണ്ടപാർവൈ, ആട്ടം എന്നീ സിനിമകളെ അടിസ്ഥാനമാക്കി ഒരു താരതമ്യപഠനം

ബിന്ദു എ. എം.

താക്കോൽ വാക്കുകൾ:

ലിംഗസമത്വം സാമൂഹിക നീതി, സ്ത്രീവാദം, നവോത്ഥാനം, സ്ത്രീപക്ഷ സിനിമ, ഡൊക്യൂമെന്ററി

 

ഒരു സമൂഹത്തിലെ വ്യക്തികളുടെ അവകാശങ്ങൾ, സമത്വം, നീതി എന്നിവയെപ്പറ്റിയുള്ള അവബോധം, ഇവ നടപ്പിലാക്കുന്നതിനുള്ള നടപടികൾ, ഉത്തരവാദിത്തം എന്നിവയാണ് സാമൂഹികനീതിബോധം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. സ്ത്രീക്കും പുരുഷനും തുല്യനീതി ഉറപ്പാക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും ആണധികാരകേന്ദ്രീകൃതമായ പൊതുസമൂഹം, അവരുടെ സ്വഭാവം, തൊഴിൽ, സാമൂഹിക പശ്ചാത്തലം, ഇടപെടലുകൾ, സദാചാരബോധം, വസ്ത്രധാരണം, എന്നിവ നീതി നടപ്പിലാക്കുന്നതിന് മാനദണ്ഡമാക്കാറുണ്ട്. പൊതുസമൂഹവും നീതിന്യായ വ്യവസ്ഥയും നിലവിലുള്ള നിയമങ്ങൾക്കുപുറമെ ഇത്തരം വിലയിരുത്തൽകൂടി സ്വീകരിക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യുന്ന സിനിമകളാണ് ‘നേർകൊണ്ടപാർവൈ’ യും ‘ആട്ട’വും. ഈ സിനിമകളിലെ സമാന ഘടകങ്ങളെ താരതമ്യം ചെയ്ത് സ്ത്രീയെപ്പറ്റി സമൂഹം വച്ചുപുലർത്തുന്ന ചിന്താഗതികളെ എങ്ങനെ ഈ സിനിമകൾ ചിത്രീ കരിച്ചിരിക്കുന്നുവെന്നു വിശകലനം ചെയ്യുകയാണ് ഈ പഠനം.

സ്ത്രീയും സ്ത്രീവാദവും - സമൂഹത്തിലും സിനിമയിലും    

മാനവരാശിയുടെ നിലനിൽപ്പിനും സാംസ്‌ക്കാരികമായ മുന്നേറ്റത്തിനും സ്ത്രീ നിർണ്ണായകമായ ഒരു ഘടകമാണ്. മാതൃത്വം, ലൈംഗികത എന്നിവയുടെ അടിസ്ഥാനത്തിൽ പ്രധാനമായും നിർണ്ണയിക്കപ്പെടുന്ന ഒന്നാണ് സ്ത്രീത്വം. ചരിത്രത്തിലെ ശക്തമായ ഇടപെടലുകളിൽ മാറ്റിനിർത്താനാവാത്ത ഒന്നായി സ്ത്രീ സാന്നിദ്ധ്യം ഉണ്ടായിരുന്നുയെങ്കിലും എല്ലാ കാലത്തും സ്ത്രീകളെ രണ്ടാംതരം പൗരന്മാരായാണ് കണക്കാക്കിയിരുന്നത്. അവകാശങ്ങളെയും ആവശ്യങ്ങളെയും മുൻനിർത്തി പ്രവർത്തിക്കുന്ന സ്ത്രീവാദം ലിംഗസമത്വത്തെ വിഭാവനം ചെയ്യുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഒന്നാംഘട്ടവും അറുപതുകളിലും എഴുപതുകളിലും രണ്ടാംഘട്ടവും, 1980 മുതലുള്ള കാലഘട്ടത്തിൽ മൂന്നാം ഘട്ടവുമായി സ്ത്രീവാദത്തിന്റെ വളർച്ചാതലങ്ങളെ തരംതിരിക്കുന്നു. നാളിതുവരെ വ്യത്യസ്തമായ മേഖലകളിലൂടെ ആവിഷ്‌ക്കരിക്കപ്പെട്ട ഒന്നാണ് സ്ത്രീവാദം. തുല്യപങ്കാളിത്തം, സ്വത്തവകാശം, വോട്ടവകാശം, വിദ്യാഭ്യാസവും തൊഴിലും സംബന്ധിച്ച അവകാശം തീരുമാനനിർണ്ണയാവകാശം തുടങ്ങി നിലവിലുള്ള എല്ലാ വിവേചനങ്ങൾക്കും അടിമത്തങ്ങൾക്കെതിരെയുള്ള പ്രചാരണമാണ് സ്ത്രീവാദത്തിന്റെ ഉദ്ദേശ്യലക്ഷ്യം.

ഇൻഡ്യൻ സമൂഹവും സ്ത്രീയും

ഇൻഡ്യൻ സമൂഹത്തിൽ വിവിധ കാലഘട്ടങ്ങൾക്ക് അനുസൃതമായാണ് സ്ത്രീകളുടെ സ്ഥാനത്തെ നിർണ്ണയിച്ചിരിക്കുന്നത്. കുടുംബം, സംസ്‌ക്കാരം, ധാർമ്മികത എന്നീ കാര്യങ്ങളിൽ സ്ത്രീകൾ പ്രധാനപങ്ക്‌വഹിക്കുമ്പോഴും പ്രത്യേകമായ വിഭാഗമാക്കി മാറ്റുന്നതിലേക്ക് വേഷം, അലങ്കാരം എന്നിവ അവർക്കുമേൽ ചുമത്തപ്പെട്ടിരിക്കുന്നു. സ്ത്രീകൾ കുടുംബത്തിന്റെ ദൈനംദിന ചുമതലകൾ, ദാമ്പത്യം, മാതൃത്വം തുടങ്ങിയ ബാധ്യത കൾ നിർവ്വഹിക്കാൻ നിർബന്ധിക്കപ്പെട്ടവരാകുന്നു. ഈ ഘടകങ്ങൾക്ക് മതപുരോഹിതർ കൂടുതൽ പവിത്രത കൽപ്പിച്ചുകൊടുത്ത് സ്ത്രീകളെ ആ മേഖലകളിൽ കുരുക്കിയിടുകയും ചെയ്തു. വേദകാലത്ത് അൽപ മെങ്കിലും സാമൂഹിക തുല്യതയുണ്ടായിരുന്ന സ്ത്രീകൾക്ക് മധ്യകാലഘട്ടത്തിൽ തികച്ചും പ്രാകൃതമായ നിയമങ്ങളാലും അസമത്വങ്ങളാലും നേരിടപ്പെട്ട് അടിമജീവിതം നയിക്കേണ്ടിവന്നതുകാണാം. ആധുനിക വിദ്യാഭ്യാസവും നവോത്ഥാനവും സ്ത്രീകളെ ബഹുദൂരം മുന്നോട്ടുനയിച്ചെങ്കിലും ഇൻഡ്യൻ അവസ്ഥയിൽ പല മേഖലയിലും സ്ത്രീ അസമത്വങ്ങളെ നേരിടുന്ന ഒരാളാണ്. സാമ്പത്തികസ്വാതന്ത്ര്യമില്ലായ്മ, ലൈംഗികചൂഷണം, വിവാഹവിപണി എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങളിൽ സ്ത്രീകൾ ഇന്നും വെല്ലുവിളികൾ നേരിടുന്നു.

ഇൻഡ്യൻ സ്ത്രീകളുടെ പ്രശ്‌നങ്ങൾ സിനിമയിൽ

     കുടുംബത്തിന്റെ ഉടമസ്ഥനും അന്നദാതാവും പുരുഷനാണെന്നും നല്ല വീട്ടമ്മയും ഭാര്യയും അമ്മയും മാത്രമാണ് സ്ത്രീയെന്നും അടയാളപ്പെടുത്തുന്ന സിനിമകളാണ് പൊതുവെ ഇൻഡ്യൻ ഭാഷകളിൽ കാണാറുള്ളത്. പിന്നീട് നായകന് പ്രേമിക്കാനും അടിമപ്പെടാനുമുള്ള ഒരു ഘടകമായാണ് മിക്ക സിനിമകളും സ്ത്രീയെ ആവിഷ്‌ക്കരിച്ചത്. പുരുഷകഥാപാത്രങ്ങളുടെ വീരഗാഥയ്‌ക്കൊപ്പം ചേർന്ന് നിശ്ശബ്ദമായി നടന്നുപോകുന്ന ഒരു നായികയെ മാത്രമാണ് ഇൻഡ്യൻ സിനിമയ്ക്ക് പൊതുവെ നൽകാനായത്. പ്രണയം, വിവാഹം എന്നിവയിൽ അവസാനിക്കുന്ന ഒന്നായി ഇന്നും നായികാ കഥാപാത്രത്തെ കാണാം. മാറിവന്ന സാമൂഹികപശ്ചാത്തലങ്ങൾക്കും മാറ്റങ്ങൾക്കുമനുസൃതമായി സ്ത്രീകളുടെ പ്രശ്‌നങ്ങൾ ചർച്ചചെയ്യുന്ന കുറച്ചു സിനിമകളും പിന്നീട് ഉണ്ടായതായി കാണാം. ആന്ധി, മിർച്ച് മരാല, കഹാനി, മദർ ഇൻഡ്യ, വാട്ടർ, ഫയർ, അവൾ അപ്പടിതാൻ, അവൾ ഒരു തൊടർക്കഥൈ, തണ്ണീർ തണ്ണീർ, ബാൻഡിറ്റ്ക്വീൻ, കറുത്തമ്മ, ആദാമിന്റെ വാരിയെല്ല്, സൂസന്ന, 22 ഫീമെയിൽ കോട്ടയം, ഗ്രേറ്റ് ഇൻഡ്യൻ കിച്ചൻ, ജയ ജയ ജയ ഹേ, ഉള്ളൊഴുക്ക്, സ്റ്റാൻഡ് അപ്പ്, നീരജ, പാഥേർ പാഞ്ചാലി, പഞ്ചാഗ്നി എന്നിങ്ങനെ വിവിധ ഭാഷകളിൽ സ്ത്രീകളുടെ പ്രശ്‌നങ്ങൾ അവതരിപ്പിച്ച സിനിമകൾ ഉണ്ടായിട്ടുണ്ട്. ഇവയിലെല്ലാം തന്നെ ഇൻഡ്യൻ സ്ത്രീകൾ അനുഭവിക്കുന്ന കുടുംബവും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു.

വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സ്ത്രീവിഷയങ്ങളും, ലൈംഗികചൂഷണങ്ങൾ നേരിടേണ്ടിവന്ന സ്ത്രീകളുടെ അവസ്ഥയും ചിത്രീകരിക്കുന്ന സിനിമകൾ വളരെക്കുറച്ചുമാത്രമാണെന്ന് കാണാം. ആണധികാര മേൽക്കോയ്മകൾ ആഘോഷിക്കുന്ന വെള്ളിത്തിരയിൽ സ്ത്രീകൾക്കെതിരെയുള്ള ചൂഷണം മുങ്ങിപ്പോകാറാണ് പതിവ്. സ്ത്രീയുടെ ഇഷ്ടവും അവളുടെ അന്തസ്സും പരിഗണിക്കുന്നതും പ്രശ്‌നങ്ങളെ ആവിഷ്‌ക്കരിക്കുന്നതുമായ സിനിമകൾ ചിലതുമാത്രം. പെണ്ണുടൽ വെറും കാഴ്ചവസ്തുവായി ചിത്രീകരിക്കുന്ന ഭൂരിപക്ഷസിനിമകൾക്കൊരപവാദമായി ഉണ്ടാകുന്ന ന്യൂനപക്ഷ സ്ത്രീപക്ഷ സിനിമകൾ പലപ്പോഴും സമൂഹത്തിന്റെ നേർചിത്രം കൂടിയാണ്. പാരമ്പര്യങ്ങളെയും പഴഞ്ചൻ ചിന്താഗതികളെയും സ്ത്രീവിരുദ്ധ നിലപാടുകളെയും അവ ചോദ്യം ചെയ്യുകയും വ്യത്യസ്തമായതും നവീകരിച്ചതുമായ ചിന്തകളെ പ്രദാനം ചെയ്യാറുമുണ്ട്. ആധുനിക സ്ത്രീയെ സംബന്ധിച്ച സാമൂഹികനീതിയെ ആവിഷ്‌ക്കരിച്ച രണ്ടു സിനിമകളായ ‘ആട്ടവും’ ‘നേർക്കൊണ്ട പാർവൈയും’ ഇൻഡ്യൻ മനസ്സിൽ കുടിയേറിയ സ്ത്രീ സങ്കല്പങ്ങളെയും സ്ത്രീ സുരക്ഷയുടെ ഉത്തരവാദിത്തത്തെപ്പറ്റിയുള്ള പൊതുബോധത്തെയും ഇളക്കി പ്രതിഷ്ഠിക്കുന്നു. ഈ രണ്ടു സിനിമകളെ താരതമ്യം ചെയ്യുകയാണ്.

സ്ത്രീപക്ഷ സിനിമ: നേർക്കൊണ്ടെപാർവെയും ആട്ടവും

ആധുനിക കലയായ സിനിമ സാങ്കേതികതയും സാഹിത്യവും ഒരുമിക്കുന്ന ദൃശ്യ കലയാണ്. സാഹിത്യവും ദർശനങ്ങളും അതിന്റെ ഭാഗമായതുകൊണ്ടുതന്നെ നിരവധി വിഭാഗങ്ങൾ സിനിമയുടേതായുണ്ട്. ചരിത്ര സിനിമ, ജീവചരിത്രസിനിമ, കഥാചിത്രങ്ങൾ, ഡോക്യൂമെന്ററി, സയൻസ്ഫിക്ഷൻ ആനിമേഷൻ, കോമഡി, ഹൊറർ, ഡ്രാമ,ആക്ഷൻ, ഫാന്റസി എന്നിവ അവയിൽ ചിലതാണ് പുരുഷ കേന്ദ്രീകൃതമായ ആശയങ്ങളും സംഭവങ്ങളും ആവിഷ്‌കരിക്കപ്പെടുന്ന ഒരു മാധ്യമമായാണ് സിനിമ പൊതുവിൽ കാണപ്പെടുന്നത്. എങ്കിലും സ്ത്രീയുടെ പ്രശ്‌നങ്ങളെയും ജീവിതത്തേയും ആവിഷ്‌ക്കരിക്കുന്ന സിനിമകൾ പിന്നീട് എണ്ണത്തിൽക്കുറവാണെങ്കിലും ഉണ്ടായിട്ടുണ്ട്. സ്ത്രീപക്ഷ സിനിമകളെന്ന ഈ വിഭാഗം സ്ത്രീകളുടെ അവകാശങ്ങൾ, സാമൂഹികാവസ്ഥ, അതിജീവനം, സഹനം, പോരാട്ടം, സ്വാതന്ത്ര്യം എന്നീ വിഷയങ്ങളെ പ്രമേയമാക്കി ചിത്രീകരിക്കുന്നവയാണ്. പുരുഷാധി കാരവ്യവസ്ഥയ്‌ക്കെതിരെയുള്ള വിമർശനം, സമൂഹത്തിൽ സ്ത്രീയുടെ തുല്യാവകാശം, ലിംഗപദവി ഇവ സംബന്ധിച്ച നിലപാട് വ്യക്തമാക്കൽ എന്നിവയുൾപ്പെടുന്ന കഥകളും സംഭാഷണങ്ങളും സ്ത്രീപക്ഷ സിനിമ മുന്നോട്ടു വയ്ക്കുന്നതുകാണാം. ജീവശാസ്ത്രപരവും മനഃശാസ്ത്രപരവുമായ സവിശേഷതകൾ വെളിവാക്കുന്നതിലേക്ക് സ്ത്രീയുടെ അന്തർസംഘർഷങ്ങളെ വിഷയമാക്കി ചിത്രീകരി ക്കുന്നു. ആണധികാരത്തിന്റെ ആവരണമിട്ട സമൂഹവും കുടുംബവും സ്ത്രീയുടെ വ്യക്തിത്വത്തെ നിർണ്ണയിക്കുന്നതും ഉപഭോഗവസ്തു വാക്കുന്നതുമെല്ലാം സ്ത്രീപക്ഷ സിനിമകൾ ചോദ്യം ചെയ്യാറുണ്ട്. പുരുഷന്മാരും സ്ത്രീകളും സ്ത്രീപക്ഷ സിനിമകൾ ആവിഷ്‌കരിക്കാറുണ്ട്. ആധുനിക സ്ത്രീ സമൂഹം അനുഭവിക്കുന്ന പ്രശ്‌നങ്ങളെ അവതരിപ്പിക്കാൻ പുതിയകാല സ്ത്രീപക്ഷ സിനിമകൾ കൂടുതൽ ശ്രദ്ധപുലർത്തു ന്നതുകാണാം.

സ്ത്രീപക്ഷ ചിന്താഗതികളെ ആവിഷ്‌ക്കരിക്കുകയും സമൂഹത്തിൽ സ്ത്രീയുടെ സ്ഥാനം എന്തെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യുന്ന അനവധി സിനിമകൾ ഇൻഡ്യൻ ഭാഷകളിലുണ്ടായിട്ടുണ്ട്. കേവലമൊരു വിനോദത്തിനപ്പുറം സാമൂഹികപ്രശ്‌നങ്ങളിൽ ഇടപെട്ട് വിമർശനാന്മകസമീപനം പുലർത്തുന്ന സിനിമകൾ പൊതുസമൂഹത്തിന് നേരെ പിടിച്ച കണ്ണാടിയായി സാമൂഹികനീതി ബോധത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. സ്ത്രീക്കും പുരുഷനും തുല്യനീതിയെന്ന നീതിന്യായ വ്യവസ്ഥ നിലനിൽക്കുമ്പോൾത്തന്നെ ലിംഗം, സ്വഭാവം, തൊഴിൽ, സാമൂഹികപശ്ചാത്തലം എന്നിവയെ അടിസ്ഥാനമാക്കി സ്ത്രീ സാമൂഹികനീതിയിൽ വ്യത്യസ്തമായി നിരീക്ഷിക്കപ്പെടുന്നവളാണ്. (ഇത്തരമൊരു പ്രശ്‌നത്തെ ദളിതർ കൂടി അഭിമുഖീകരിക്കുന്നുണ്ട്.) ആ നിരീക്ഷണ ബോധം പലപ്പോഴും നീതിന്യായ വ്യവസ്ഥയിൽപോലും പ്രതിഫലിക്കുന്നത് കാണാം. ഈ വിഷയത്തെ പ്രതിപാദിക്കുന്ന വ്യത്യസ്ത ഭാഷകളിൽ റിലീസായ രണ്ട് ചിത്രങ്ങളാണ് നേർക്കൊണ്ടപാർവൈയും ആട്ടവും.

നേർക്കൊണ്ടപാർവൈ

2019 ൽ എച്ച് വിനോദ് സംവിധാനം ചെയ്ത് അജിത് കുമാർ, അഭിരാമി, ശ്രദ്ധ ശ്രീനാഥ് എന്നിവരെ കഥാപാത്രങ്ങളായി ചിത്രീകരിച്ച തമിഴ് സിനിമയാണ്. ‘പിങ്ക് ’എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു എങ്കിലും ഇതിൽ തമിഴ് സംസ്‌ക്കാരത്തെ ഉൾക്കൊള്ളിക്കാൻകൂടി ശ്രമിച്ചിട്ടുണ്ട്. വ്യത്യസ്തമായ ജോലികൾ ചെയ്ത് മഹാനഗരത്തിൽ സ്വതന്ത്രരായി ജീവിക്കുന്ന മൂന്നു പെൺകുട്ടികൾക്കുണ്ടാകുന്ന പ്രതിസന്ധിയും അതിൽ നിന്നുള്ള മോചനവുമാണ് കോർട്ട് റൂം ഡ്രാമയായ ഈ സിനിമയുടെ ഇതിവൃത്തം. പാർട്ടികളിലും മറ്റും സജീവമാകുന്ന മീരകൃഷ്ണൻ, ആൻഡ്രിയ, ഫാമിത എന്നീ പെൺകുട്ടികളെ അവരുടെ സുഹൃത്തുക്കൾ ഒരു രാത്രി റിസോർട്ടിൽ താമസിക്കാൻ ക്ഷണിക്കുന്നു. അവിടെയുള്ള താമസത്തിനിടയിൽ തന്നോട് മോശമായി പെരുമാറിയ എം എൽ എ യുടെ മകനായ ആദിക് എന്ന ചെറുപ്പക്കാരന്റെ ശിരസ് കുപ്പികൊണ്ട് അടിച്ചുതകർക്കുന്ന മീരാകൃഷ്ണനും സുഹൃത്തുക്കൾക്കും നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരുന്നു. ക്ഷമപറഞ്ഞ് കേസ് ഒതുക്കിതീർക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്നതോടെ ആദിയും കൂട്ടരും പെൺകുട്ടികളെ ഉപദ്രവിച്ചുതുടങ്ങുന്നു. മോശക്കാരികളായി ആ പെൺകുട്ടികളെ ചിത്രീകരിക്കുന്നു. തുടർന്ന് മീരയെ കാറിൽ കടത്തിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുന്നു. പരാതികൊടുക്കാനെത്തിയപ്പോൾ പോലീസ് പറയുന്നത് വീടിനടുത്തുള്ള മീര എന്തിനാണ് ഫ്രണ്ട്‌സിനൊപ്പം താമസിക്കുന്നതെന്നും സാധാരണ തമിഴ് പെൺകുട്ടികൾ പബ്ബിലും റിസോർട്ടിലും പുരുഷന്മാർക്കൊപ്പം പോകാറില്ലെന്നും മറ്റുമാണ്. കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കുന്ന മീരയെ ഭരത് സുബ്രഹ്മണ്യം എന്ന അഡ്വക്കേറ്റ് രക്ഷിക്കുകയും കോടതിയിൽ അവൾക്കുവേണ്ടി വാദിച്ച് രക്ഷപ്പെടുത്തുകയും ചെയ്യുന്നതാണ് കഥ. കോടതിയിലുള്ള വാദഗതികളാണ് ഈ ചിത്രത്തിന്റെ കാതൽ. മീരയുടെ രണ്ടുതവണയുള്ള പരാതി യിന്മേൽ കേസ് എടുക്കാത്ത പോലീസ് തന്നെ ആക്രമിച്ച മീരയ്‌ക്കെതിരെ ആദികൊടുത്ത പരാതിയിന്മേൽ വധശ്രമത്തിനും വേശ്യാവൃത്തിക്കും പണം ചോദിച്ച് ഭീഷണിപ്പെടുത്തലിനും കേസ് ഫയൽ ചെയ്തു. മീരയെ അറസ്റ്റുചെയ്യാൻ വന്ന വനിതാ പോലീസ് ഓഫീസർ മോഡേൺ വസ്ത്രധാരണവും പെൺകുട്ടികൾ മാത്രം ഫ്‌ളാറ്റെടുത്ത് താമസിക്കുന്നതും വെറുപ്പോടെയാണ് നോക്കുന്നത്. അസമയത്ത് ജോലികഴിഞ്ഞ് വരുന്നതും വസ്ത്രധാരണവും ഒറ്റയ്ക്ക് യാത്രയും പോലീസ്‌കേസുമെല്ലാം അയൽവാസികളെ അവരുടെ ക്യാരക്ടർ ശരിയല്ല എന്ന നിഗമനത്തിലെത്തിക്കുന്നു. ആറു മണിക്ക് വീട്ടിൽ കയറുന്നവരും കുടുംബത്തോടൊപ്പം താമസിക്കുന്നവരും തുണയോടെ സഞ്ചരിക്കുന്നവരുമാണ് നല്ലതെന്ന പൊതുബോധത്തെയാണ് ഈ നിഗമനം ഉറപ്പിക്കുന്നത്. പെൺകുട്ടികളുടെ പശ്ചാത്തലവും സ്വഭാവവും കോടതിയിൽ ചോദ്യം ചെയ്യപ്പെടുന്നു. എതിർഭാഗം വക്കീലായ സത്യമൂർത്തി ചോദിക്കുന്ന ചോദ്യങ്ങൾ പൊതുസമൂഹം ആക്രമിക്കപ്പെടുന്ന സ്ത്രീകളോട് ചോദിക്കുന്ന ചോദ്യങ്ങൾ തന്നെയാണ്. റിസോർട്ടിൽ ആൺ സുഹൃത്തുക്കൾക്കൊപ്പം എന്തിനുപോയി? തനിയെ മദ്യബോട്ടിലെടുത്ത് മദ്യം കഴിച്ചതെന്തിന്? മുറിയിൽ വാഷ്‌റൂം ഉണ്ടായിട്ടും പൊതുവാഷ് റൂം എന്തിന് ആ സമയത്ത് ഉപയോഗിച്ചു. അതിന് എന്തിന് ഒരു ആൺസുഹൃത്തിനെ കൂട്ടിന് കൊണ്ടുപോയി എന്നിങ്ങനെ അനവധി ചോദ്യങ്ങൾ മീരയ്ക്കും കൂട്ടുകാർക്കും നേരിടേണ്ടിവരുന്നു. ലിംഗസമത്വത്തെപ്പറ്റി പറയുമ്പോഴും നമുക്ക് സേഫാണെന്ന് തോന്നുന്ന ഇടങ്ങളിലെ പൊതുസ്ഥലങ്ങൾ ഉപയോഗിക്കുന്നതുപോലും തെറ്റാണെന്നും, സുരക്ഷിതരായിരിക്കേണ്ടത് ‘സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമാണ്. ഞങ്ങളുടെ കടമയല്ല’ എന്നും സമൂഹം നിശ്ചയിക്കുന്നത് കാണാം. തന്നോട് അശ്ലീലച്ചുവയുള്ള തമാശ പറഞ്ഞ ആൺ സുഹൃത്തിനോട് അതേനാണയത്തിൽ മറുപടി കൊടുത്ത മീരയുടെ സ്വഭാവത്തെമാത്രം മോശമായി റിസോർട്ട് മാനേജർ കണക്കിലെടുത്ത് മൊഴിനൽകുന്നു. ആദിയുടെ മുറിയിൽചെന്ന മീര കുറച്ചുസമയം പുറത്തിറങ്ങി നിന്നതും പിന്നീട് അകത്ത് കയറിയെങ്കിലും അവിടെനിന്ന് കൂട്ടുകാരെയും കൂട്ടി പുറത്തേക്കോടിയതും വിലപേശലിന് സമ്മതിക്കാത്തതിനാലാണെന്നും ദേഷ്യം മൂലം തുടർന്ന് ആക്രമിക്കുകയാണുണ്ടായതെന്നും വസ്തുതാവിരുദ്ധമായി അവതരിപ്പിക്കപ്പെടുന്നു. സിഗരറ്റ്പുക മൂലം പുറത്ത് നിന്നതാണെന്നും വിടാൻ കൂട്ടാക്കാതെ നിരവധി തവണ ആവശ്യപ്പെട്ടിട്ടും കെട്ടിപ്പിടിച്ചതാണ് ബിയർകുപ്പികൊണ്ട് തലക്കടിക്കാൻ കാരണമെന്ന് മീര പറഞ്ഞെങ്കിലും അത് കണക്കിലെടുക്കുന്നില്ല. പലതവണ നോ പറഞ്ഞിട്ടും ഉണ്ടായ ആക്രമണത്തെ ചെറുത്ത മീരയുടെവാദങ്ങളെ അവൾ ഒരു മോശംപെൺകുട്ടിയാണെന്ന വാദങ്ങൾ തകർക്കുന്നു. ആദിയെ ഭരത്‌സുബ്രഹ്മണ്യം വിസ്തരിക്കുമ്പോൾ അവൻ പറയുന്നത് മീര ഒരു മോശം പെൺകുട്ടിയാണെന്ന് അറിഞ്ഞുതന്നെയാണ് റിസോർട്ടിലേക്ക് ക്ഷണിച്ചത് എന്നാണ്. അതിന് കാരണമായി അവൻ പറയുന്നത് തന്റെ കുടുംബത്തിലൊരു സ്ത്രീയും പാർട്ടികളിൽ പങ്കെടുക്കുകയോ മദ്യപിക്കുകയോ ചെയ്യില്ലെന്നാണ്. അങ്ങനെയുള്ള സ്ത്രീകൾ മോശക്കാരാണെന്ന ചിന്ത അടിയുറച്ച ആദി, മീരയും സുഹൃത്തുക്കളും മോശം സ്ത്രീകളാണെന്ന ധാരണയിലാണ് അവരോട് സൗഹൃദം പുലർത്തിയിരുന്നതെന്ന് കാണാം. ആ നിലയിലാണ് അവളോടുള്ള മോശം പെരുമാറ്റവും. നിലവിൽ പുരുഷൻ ചെയ്യുന്ന കാര്യങ്ങളെല്ലാം ചെയ്യുന്ന - മദ്യപിക്കുന്ന, തമാശപറയുന്ന, പാർട്ടിക്കുപോകുന്ന - സ്ത്രീകൾ ലൈംഗീക ആവശ്യങ്ങൾക്ക് വിധേയരായിരിക്കും എന്ന ചിന്തയെ ഭരത് സുബ്രഹ്മണ്യം എതിർക്കുന്നു. മീരയ്ക്ക് മുമ്പുണ്ടായിരുന്ന ഒരു ബന്ധം അവളുടെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നുവെന്നും അതിൽ പണം പ്രശ്‌നമല്ലായിരുന്നുവെന്നും ഇഷ്ടമില്ലാത്തതിനെ എതിർക്കാനും സ്വയരക്ഷയ്ക്ക് ആക്രമിക്കാനും അവൾക്ക് അവകാശമുണ്ടെന്ന് സ്ഥാപിക്കുന്നു. സ്ത്രീ ലൈംഗീകതയിൽ അവൾക്ക് നോ പറയാനുള്ള അവകാശമുണ്ടെന്നും സമൂഹത്തെയും കോടതിയെയും ബോധിപ്പിക്കുന്നു. കാമുകി, സെക്‌സ്‌വർക്കർ, ഭാര്യ എന്നിങ്ങനെ ഏതൊരു സ്ത്രീയും നോ എന്നുപറഞ്ഞാൽ നോ എന്നു തന്നെയാണ് അർത്ഥമെന്ന് സ്ഥാപിക്കുകയാണ് ക്ലൈമാക്‌സ്. ആൺ സുഹൃത്തുക്കളോട് സൗഹൃദത്തോടെ സംസാരിക്കാനും, മദ്യപിക്കാനും ആഗ്രഹിക്കുന്ന സ്ത്രീ അർത്ഥമാക്കുന്നത് അവരോടൊപ്പം ഉറങ്ങാനോ, സ്വകാര്യനിമിഷങ്ങൾ പങ്കിടാനോ ആഗ്രഹിക്കുന്നില്ല എന്ന സന്ദേശമാണ് സിനിമ പങ്കുവയ്ക്കുന്നത്.

സ്ത്രീ സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ സമൂഹം നിർണ്ണയിക്കുന്നതിനെയും വസ്ത്രധാരണം, പെരുമാറ്റം എന്നിവ വ്യക്തിഗുണത്തെ നിർണ്ണയിക്കുന്നതിനെയും അത്തരം സംഗതികൾ നീതിനിർവ്വഹണത്തിന് മാനദണ്ഡമാക്കുന്നതിനെയും വിമർശിക്കുകയാണ്ചിത്രം. ‘ശരിയായ നോട്ടം’ എന്നർത്ഥമുള്ള തലക്കെട്ട് ആധുനിക സ്ത്രീയെ കാണേണ്ടരീതിയെക്കുറിച്ചാണ് ബോധ്യപ്പെടുത്തുന്നത്. കുടുംബസ്ഥരല്ലാത്ത, സ്വാതന്ത്ര്യമെടുക്കുന്ന, തൊഴിലിടങ്ങളിൽ സമയം ചെലവഴിക്കുന്ന, വ്യത്യസ്തമായ അനുഭവങ്ങളെ നേരിടേണ്ടിവരുന്ന ആധുനിക സ്ത്രീകളെ സംബന്ധിച്ച പഴഞ്ചൻ പാരമ്പര്യചിന്തകളെ മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുകയാണ് ചിത്രം. ‘പുതുമൈപ്പെൺ’ എന്ന ദർശനത്തെ ആവിഷ്‌ക്കരിച്ച സുബ്രഹ്മണ്യഭാരതിയുടെ ‘നേർക്കൊണ്ടപാർവൈ’ എന്ന വരികളെ തലക്കെട്ടായെടുത്ത ചിത്രം എല്ലാക്കാലത്തും പ്രസക്തമാണ്. പീഡനാരോപണം ഉന്നയിച്ച സ്ത്രീയുടെ സ്വഭാവപശ്ചാത്തലം അന്വേഷിക്കേണ്ടതില്ലായെന്ന കേരള ഹൈക്കോടതിയുടെ പരാമർശം ഈ സന്ദർഭത്തിൽ ഓർക്കാവുന്നതാണ്.

ആട്ടം

2023 ൽ ആനന്ദ്. ഏകർഷി സംവിധാനം ചെയ്ത് ആ വർഷത്തെ ദേശീയപുരസ്‌ക്കാരം കരസ്ഥമാക്കിയ മലയാള ചലച്ചിത്രമാണ് ആട്ടം. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ സമൂഹം കൈകാര്യം ചെയ്യുന്നതിനെപ്പറ്റിയുള്ള ഗൗരവാവഹമായ ചർച്ചയാണ് ഈ സിനിമ. ഒരാക്രമണത്തെ ചോദ്യങ്ങളിലൂടെയും സ്വഭാവ ചർച്ചയിലൂടെയും പെരുമാറ്റ വിലയിരുത്തലിലൂടെയും എങ്ങനെയാണ് ഇല്ലാതാക്കുന്നതെന്ന് ‘ആട്ടം’ എന്ന സിനിമ വെളിപ്പെടുത്തുന്നു.

ഇതിവൃത്തം

പല ജോലികളിലേർപ്പെട്ട് കുടുംബം പുലർത്തുമ്പോഴും കലയെ ജീവനായി കണ്ട് അരങ്ങെന്ന നാടകഗ്രൂപ്പിൽ അംഗങ്ങളായി നാടകം അവതരിപ്പിക്കുന്നവരാണ് ഇതിലെ കഥാപാത്ര ങ്ങൾ. സിനിമാതാരമായ നായകനും നായകവേഷം കൊതിക്കുന്ന നടനും അയാളുടെ കാമുകിയായ നായികയുമാണ് പ്രധാന കഥാപാത്രങ്ങൾ. നാടകം കണ്ട് ഇഷ്ടപ്പെട്ട വിദേശികൾ, തങ്ങളുടെ സുഹൃത്തും നായകനുമായ ഹരി വഴി നാടകപ്രവർത്തകർക്കു ഒരു പാർട്ടി ഓഫർചെയ്യുന്നു. സംഘത്തിലെ ഏക പെൺകുട്ടിയായ നായിക അഞ്ജലിയും സീനിയറായ സുധീറിന്റെ ഭാര്യയും മകളായ കൊച്ചുകുട്ടിയുമായിരുന്നു പെൺസാന്നിധ്യമായി ആ ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. റിസോർട്ടിൽ വച്ച് പാർട്ടിയിൽ പങ്കെടുക്കുകയും മദ്യപിക്കുകയും ചെയ്ത് ഉറങ്ങാൻ കിടന്ന അഞ്ജലിയെ ആരോ ഉറക്കത്തിൽ ഉപദ്രവിച്ചതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമാകുന്നത്. ആരുമറിയാതെ റിസോർട്ടിൽ നിന്നുപോയ അഞ്ജലി തന്റെ കാമുകനും നടനുമായ വിനയചന്ദ്രനോട് കാര്യങ്ങൾ പറയുകയും അയാൾ ഗ്രൂപ്പ് മാനേജരെ വിവരം അറിയിക്കുകയും നാടകസമിതി അംഗങ്ങൾ ചേർന്ന് ചർച്ചചെയ്ത് എതിർപ്പുകൾക്കും അസ്വാരസ്യങ്ങൾക്കുമൊടുവിൽ ആരോപിതനായ ഹരിയെ പുറത്താക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. സമിതിയിൽ മുമ്പ് നടന്ന ചില തീരുമാനങ്ങൾ ഉണ്ടാക്കിയ ഐക്യമില്ലായ്മയും മോശമാക്കലും മൂലം ആദ്യം എതിർപ്പ് പറഞ്ഞ അംഗങ്ങൾ അഞ്ജലിയെ വിളിച്ചുവരുത്തി തങ്ങൾ കൂടി ചേർന്നാണ് തീരുമാനമെടുത്തതെന്ന് ബോധ്യപ്പെടുത്താൻ ആവശ്യപ്പെടുന്നു. അതിനായി അഞ്ജലിയെ വിളിക്കാൻ പോകുമ്പോൾ ഹരി ഒരു വിദേശട്രിപ്പിന്റെ ഓഫറുമായി വരികയും തുടർന്ന് സംഘാംഗങ്ങൾക്കിടയിൽ അയാളെ പുറത്താക്കിയാൽ തങ്ങളുടെ സുവർണ്ണാവസരം നഷ്ടപ്പെടുന്ന ചിന്ത ഉണ്ടാവുകയും ചെയ്യുന്നു. അഞ്ജലിക്കുമുമ്പിൽ മുതിർന്ന നടന്മാർ ഹരിക്കു വേണ്ടി മാപ്പ് പറഞ്ഞ് വിഷയം പരിഹരിക്കാൻ ശ്രമിക്കുന്നു. ‘നിന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട് ഇവരുടെയൊന്നും കൂടെ കള്ള് കുടിക്കാൻ ഇരിക്കരുതെന്ന്’ എന്ന സീനിയർ നടനായ ശെൽവന്റെ സംഭാഷണത്തിൽ പ്രകോപിതയായ അഞ്ജലി ട്രൂപ്പ് വിടാനൊരുങ്ങുന്നു. അന്നത്തെ സംഭവത്തെ വിശകലനം ചെയ്യുകയും അഞ്ജലിക്ക് നിരവധി കള്ളങ്ങൾ പറയാൻ സാധ്യമല്ലാത്തിനാൽ താനുമായുള്ള റിലേഷൻഷിപ്പ് പരസ്യമാക്കാൻ മടിയുള്ള കാമുകനെ ഉപേക്ഷിച്ച് പോകേണ്ടിവരികയും ചെയ്യുന്നു. അവൾ സ്വന്തമായി നാടകസംഘം ഉണ്ടാക്കി. ഒരു സ്ത്രീ ആക്രമിക്കപ്പെടുമ്പോൾ അക്രമി മാത്രമല്ല അവരുടെ പക്ഷത്ത് നിൽക്കാത്ത തെളിവ് ചോദിക്കുന്ന ഓരോരുത്തരും അക്രമികളാണെന്ന് പറഞ്ഞ് നാടകം അവതരിപ്പിക്കുന്നതാണ് ക്ലൈമാക്‌സ്.

വിദ്യാസമ്പന്നമായ ആധുനികസമൂഹം എങ്ങനെയാണ് ഒരു സ്ത്രീപീഡന പരാതിയെ കൈകാര്യം ചെയ്യുന്നതെന്ന് വിമർശിക്കുകയാണ് സിനിമ. ഉപദ്രവിച്ച ആളെ അറിയാമെങ്കിലും തെളിയിക്കാൻ സാധ്യമല്ലെന്നുകണ്ട് ഇരയായ പെൺകുട്ടി തനിക്കൊരു പരാതിയുമില്ലെന്നും ഗ്രൂപ്പിൽനിന്ന് പുറത്തുപോകാമെന്നും തീരുമാനിച്ച് നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങുന്നു. നീയല്ല കുറ്റം ചെയ്തവരാണ് പുറത്തേക്ക് പോകേണ്ടത് എന്ന് പറഞ്ഞ് വിനയചന്ദ്രൻ അഞ്ജലിയെക്കൊണ്ട് ഗ്രൂപ്പ് മാനേജരോട് പരാതി പറയിപ്പിക്കുന്നു. ഇത്തരം ഒരു കുറ്റകൃത്യം ഒരിക്കലും പോലീസിനെ അറിയിക്കാതെ രഹസ്യമായി പരിഹരിക്കാനാണ് ഗ്രൂപ്പിന്റെ കൂട്ടുതീരുമാനം. പോലീസിനോടും പൊതുസമൂഹത്തോടും പറഞ്ഞാലുണ്ടാകുന്ന കുഴപ്പങ്ങൾ തങ്ങളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നു കരുതുന്ന ഇവർ ദുരഭിമാനത്താലും സ്വാർത്ഥചിന്തയാലും നീതിനിഷേധത്തിനു തയ്യാറാകുന്നു. അവരിൽ പലർക്കും അത്തരമൊരു നടപടി സ്വീകാര്യമാകാത്തതിന്റെ കാരണം, ഹരി അങ്ങനെ ചെയ്യുമോയെന്ന സംശയവും, മദ്യപിച്ചുറങ്ങിയ പെൺകുട്ടിയുടെ ഹാലൂസിനേഷനാ ണെന്ന നിഗമനവുമാണ്. തനിക്കുണ്ടായഅപമാനത്തിനുപുറമെ തന്റെ സ്വഭാവത്തെ സംബന്ധിച്ച വിലയിരുത്തലും അവൾക്കു കേൾക്കേണ്ടി.വരുന്നു. ‘‘അവളുടെ വേഷം ശരിയല്ല, പലപ്പോഴും ആണുങ്ങളുടെ കൂടെ മദ്യപിക്കുന്നതുവേണ്ടന്നു ഞാൻ പറഞ്ഞിട്ടുള്ളതാണ് അപ്പോഴൊക്കെ ഞാൻ പഴഞ്ചൻ’’ എന്നാണ്മുതിർന്ന നാടക പ്രവർത്തകനായ ശെൽവന്റെ വിമർശനം. തന്റെ കുഴപ്പം കൊണ്ടാണു് ഇങ്ങനെ സംഭവിച്ചതെന്ന പരാമർശം അഞ്ജലിയെ ചൊടിപ്പിക്കുന്നു.തന്റെ വേഷവും സൗഹൃദവും വർഷങ്ങളായി അറിയുന്നവരുടെയിടയിലുള്ള പെരുമാറ്റവും ഒരുലൈംഗിക വസ്തുവായി തന്നെ നിർണ്ണയിച്ചു എന്നത് അഞ്ജലിയിലെ കലാകാരിയെഞെട്ടിക്കുന്നു. കല മനുഷ്യനിലെ മൃഗത്തെ മെരുക്കുന്നില്ല എന്ന തിരിച്ചറിവാണ് ആ ഞെട്ടലിനാധാരം. പോലീസിനെ ഏൽപ്പിക്കാൻ മടിക്കുന്ന ആ പരാതി നാടക ഡയറക്ടറുടെ അടുത്തുപോലും എത്തുന്നില്ല എന്നതാണ് ദുഃഖകരം.താൻ അനുഭവിച്ച അവസ്ഥയെ അനവധിതവണ അവൾ വിശദീകരിക്കേണ്ടിവരുന്നത് വേദനാജനകമാണെന്നു പറയുമ്പോൾ തന്നെ വിധിപറയേണ്ട പുരുഷന്മാർ അങ്ങനെയൊരു കൃത്യം തെളിയിക്കേണ്ടതിലേക്ക് അവളെക്കൊണ്ട് സംഭവിച്ചത് ആവർത്തിപ്പിക്കുന്നു.തങ്ങൾക്കു കിട്ടിയ വിദേശ ടൂറെന്ന ഓഫറിനുവേണ്ടി അഞ്ജലിക്ക് സംഭവിച്ച കാര്യം തന്നെ നിസാരവൽ ക്കരിച്ച് ഒരു സാധാരണ കാര്യംപോലെ ആക്കി മാറ്റുകയാണ് സഹപ്രവർത്തകർ.ഒടുവിൽ ആ സംഭവത്തെ അവൾ ഉണ്ടാക്കിപ്പറയുകയാണെന്ന് അവൾക്ക് വിശ്വാസമുള്ള സഹപ്രവർത്തകൻ പറയുന്നു; അവളുടെ കാമുകനും ഒടുവിൽ ആ സംശയം ഉന്നയിക്കുന്നതാണ് കാണുന്നത്.ട്രിപ്പിനു പോകുന്നു ണ്ടെങ്കിൽ നീകൂടെഉണ്ടാകും എന്നുപറയുന്നതോടെ തന്നെ സപ്പോർട്ട് ചെയ്ത കാമുകന്റെ ഉള്ളിലിരുപ്പുകൂടി വ്യക്തമാകുന്ന അഞ്ജലി പരിഹാസപൂർവ്വം പൊട്ടിച്ചിരിക്കുന്നു. സ്ത്രീകൾക്കു നേരെയുള്ള കുറ്റകൃത്യങ്ങൾ അവളുടെ കുഴപ്പങ്ങൾ മൂലമാണുണ്ടാകുന്നതെന്നും മാപ്പുപറച്ചിലിലോ മറന്നുകളയലിലോ ഒതുക്കേണ്ട ഒന്നു മാത്രമാണെന്നും വലിയ കോലാഹലങ്ങൾ ഉണ്ടാക്കി നാണക്കേടുസൃഷ്ടിക്കാതെ പരിഹരിക്കേണ്ട താണെന്നുമുള്ള ചിന്താഗതിപുലർത്തുന്ന പൊതുസമൂഹത്തിന്റെ പ്രതിനിധികളായാണ് നാടകനടന്മാർ ഓരോരുത്തരും തങ്ങളുടെ വേഷം ആടുന്നത്. സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ, അവർക്ക്സാഹചര്യങ്ങളെ മാറ്റിനിർത്തി യും, നിയന്ത്രിച്ചും ഒഴിവാക്കാൻ സാധിക്കുമെന്നു പറഞ്ഞുവയ്ക്കുകയും, സമൂഹത്തിന് അതിൽ ഉത്തരവാദിത്വമില്ല എന്ന നിലപാട് എടുക്കുകയും ചെയ്യുന്നതാണ് ഈ സമീപനം. വസ്ത്രം, പെരുമാറ്റം, ആൺസുഹൃത്തുക്കൾ, മദ്യപാനം എന്നിങ്ങനെ പലഘടകങ്ങൾ ആക്രമണത്തി നിരയാകുന്ന സ്ത്രീയ്ക്ക് നീതി നൽകുന്നതിനുതടസമാകുന്നത് ഈ സിനിമയിലും കാണാം. സദാചാര പരമായ ഇത്തരം വെല്ലുവിളികൾ നിറഞ്ഞ ചോദ്യങ്ങളെ അഭിമുഖീകരി ക്കേണ്ടിവരുന്നതിനെ ഭയന്ന് നല്ല ശതമാനത്തോളം അക്രമങ്ങൾ റിപ്പോർട്ട്‌ചെയ്യാതെ വരുന്നു എന്നതാണ് വാസ്തവം. തങ്ങൾക്കു നീതി ലഭിക്കയില്ല എന്നചിന്തയിൽനിന്നുകൊണ്ട് പരാതിയിൽ നിന്ന് പിൻവലിയാനും ഉൾവലിയാനും അവരെ സമൂഹം പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നുവെന്ന് ആട്ടം എന്ന സിനിമ പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നു.

താരതമ്യം

സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചും, സ്ത്രീക്കെതിരെയുള്ള അക്രമങ്ങളെക്കുറിച്ചും, സമൂഹത്തിന്റെ സ്ത്രീയെ സംബന്ധിച്ച നീതിബോധത്തെക്കുറിച്ചും, ചർച്ചചെയ്യുന്ന ഇൻഡ്യൻ ചലച്ചിത്ര ങ്ങളാണ് ‘ആട്ടവും’ ‘നേർക്കൊണ്ടപാർവൈയും’. ആധുനിക സമൂഹത്തിൽ ജോലിചെയ്തു ജീവി ക്കുന്ന ഒരുപറ്റം വ്യക്തികളാണ് കഥാപാത്രങ്ങൾ. സ്വന്തം സഹപ്രവർത്ത കരിൽനിന്നോ സുഹൃത്തുക്കളിൽനിന്നോ വിശ്വസനീയമായ ഇടങ്ങളിൽനിന്നോ ആണ് ഇതിലെ സ്ത്രീകൾക്കുനേരെ ആക്രമണം ഉണ്ടാകുന്നത്.നീതിന്യായവ്യവസ്ഥയെ മറച്ചുവച്ചോ വെല്ലുവിളിച്ചോ പ്രശ്‌നം സന്ധി ചെയ്യാനുള്ള നീക്കങ്ങൾ പൊതുവെ സ്ത്രീകൾക്കെതിരെയുള്ള കേസുകളിൽ സംഭവിക്കുന്നത് ഇരുസിനിമകളിലും കാണാം. സ്വാതന്ത്ര്യം ആഗ്രഹിക്കുകയും സ്വന്തമായി തൊഴിൽ ചെയ്തു ജീവിക്കുന്നവരോആയ, കുടുംബം അപ്രസക്തമായ സ്ത്രീകഥാപാത്ര ങ്ങളെയാണ്രണ്ടു ചിത്രങ്ങളിലും ആവിഷ്‌ക്കരിക്കുന്നത്. തങ്ങളുടെസ്വാതന്ത്ര്യത്തിനും നിലപാടിനും വേണ്ടി ത്യാഗം സഹിക്കുന്നവരാണ് ഇരകൾ. വിശ്വസിക്കുന്ന സുഹൃത്തുക്കളുടെ വഞ്ചനയോ പിന്മാറ്റമോ രണ്ടു ചിത്രങ്ങളുടെയും സവിശേഷതയാണ്. ആധുനികമായ വസ്ത്രങ്ങൾ ധരിക്കുകയും പാർട്ടികളിൽ പങ്കെടുക്കുകയും അതിന്മേൽ വിമർശനം നേരിടേണ്ടിവരുന്നവരുമാണ് പെൺകഥാപാത്ര ങ്ങൾ. നീതിലഭിക്കില്ലെന്ന ചിന്ത എല്ലാ സ്ത്രീ കഥാപാത്രങ്ങളും വച്ചു പുലർത്തുന്നു.തങ്ങൾക്കു ശരിയെന്നു തോന്നുന്ന ബന്ധങ്ങളിൽ ഏർപ്പെടാനും പുരുഷനിലുപരി അത് തുറന്നുപറയാനും ധൈര്യം കാണിക്കുന്നവരായി ഇരകളെ അവതരിപ്പിച്ചിരിക്കു ന്നു. സദാചാരപരമായ വിചാരണകൾ ഇരു സിനിമകളിലെയും ഇരകൾക്കു നേരിടേണ്ടി വരുന്നു. സ്ത്രീയുടെ ഉത്തരവാദിത്വമാണ് അവളുടെ സുരക്ഷയെന്ന ചിന്താഗതിയെയും പൊതുബോധത്തിനു വിധേയയല്ലാത്ത സ്ത്രീ വശംവദയാണ് എന്ന വിചാരത്തെയും ഈ സിനിമകൾ വിചാരണചെയ്യുന്നു. ആധുനിക സ്ത്രീയെക്കുറിച്ചുള്ള പുതിയൊരവബോധം സൃഷ്ടിക്കപ്പെടേണ്ടതാണെന്നു് രണ്ടു സിനിമകളും ഓർമ്മിപ്പിക്കുന്നു.

ഉപസംഹാരം

ഒരു സമൂഹത്തിന്റെ നീതിബോധത്തിലും പുരോഗതിയിലും സ്ത്രീകളെ സംബന്ധിച്ച കാഴ്ച പ്പാടുകളും അടയാളപ്പെടുന്നുണ്ട്. ഒരാളുടെ സംസ്‌ക്കാരം അവൻ വൃദ്ധരോടും, സ്ത്രീകളോടും കുട്ടികളോടും മൃഗങ്ങളോടും പെരുമാറുന്നതുവച്ചു കണക്കുകൂട്ടാമെന്ന് പറഞ്ഞത് ഗാന്ധിജിയാണ്. ഇൻഡ്യൻസമൂഹം എല്ലാ കാലഘട്ടങ്ങളിലും സ്ത്രീയെ സംബന്ധിച്ച് വ്യത്യസ്തമായ നീതിബോധം പുർത്തിയിരുന്നു എന്നു കാണാം. സമത്വവും സ്വാതന്ത്ര്യവും നേടാനുള്ള മുന്നേറ്റങ്ങൾ നടക്കുമ്പോഴും സ്ത്രീകൾ സമൂഹത്തിൽ അനവധി വെല്ലുവിളികൾ നേരിടുന്നു. വിദ്യാഭ്യാസം, തൊഴിൽ, ലിംഗസമത്വം, ലൈംഗികത എന്നീക്കാര്യങ്ങളിൽ പുരുഷകേന്ദ്രീ കൃതസമൂഹം നിർമ്മിച്ച അന്തരീക്ഷത്തിനൊത്ത് ചരിക്കേണ്ടതായ അവസ്ഥ സ്ത്രീകൾക്ക് ആധുനിക കാലത്തുമുണ്ട്. സമത്വവും തുല്യനീതിയും ഉറപ്പാക്കേണ്ട ഇടങ്ങളിൽ ആധുനികസ്ത്രീക്ക് വ്യത്യസ്തമായ അനുഭവങ്ങളും വിമർശനങ്ങളും നേരിടേണ്ടിവരുന്നു. സ്ത്രീകൾക്കുനേരെയുള്ള അതിക്രമം തടയൽ, പീഡനവിരുദ്ധനിയമങ്ങൾ, തൊഴിൽ, അവകാശ ങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്ന നിയമങ്ങൾ വ്യവസ്ഥചെയ്യുമ്പോഴും നിയമപ്രശ്‌നങ്ങളിൽ പലപ്പോഴും പൊതുസമൂഹം സ്ത്രീക്കുനേരെ പുലർത്തുന്ന സദാചാരബോധം നീതിനിർവഹണത്തിനു് മാനദണ്ഡമാകുന്ന രീതികാണാം. ആധുനികസ്ത്രീ പുരുഷനു തുല്യയാണ് എന്നുനിർവചിക്കുമ്പോഴും ഒരേ തെറ്റും സാഹചര്യവും വ്യത്യസ്തമായി കണക്കാക്കുകയും അവളുടെ സ്വാതന്ത്ര്യബോധം തെറ്റായി അടയാളപ്പെടുത്തുകയും ചെയ്യുന്നതിനെതിരെയാണ് വ്യത്യസ്തമായഇൻഡ്യൻ ഭാഷകളിലുണ്ടായ രണ്ടു ചിത്രങ്ങൾ- ആട്ടവും നേർകൊണ്ട പാർവൈയും- സംസാരിക്കുന്നത്. ആധുനികസ്ത്രീ സ്വന്തം സ്വാതന്ത്ര്യത്തെ നിർവചിച്ചവളും പുരുഷനുതുല്യമായ അന്തസിനെയും സമത്വത്തെയും ഉൾക്കൊണ്ടവളുമാണ്.അവളുടെ സ്വാതന്ത്ര്യത്തിൽ സ്വീകരിക്കാനുള്ളതുപോലെ നിഷേധിക്കാനുള്ള അവകാശവുമുണ്ട്. വർഗ്ഗം, ലിംഗം, വസ്ത്രം, പൊതു ഇടങ്ങളിലെ പെരുമാറ്റം എന്നിവ വച്ച് സ്ത്രീസ്വഭാവത്തെ നിർണ്ണയിക്കുന്നത് ശരിയായ രീതിയല്ല.ആധുനിക സമൂഹം സ്ത്രീകളെ സംബന്ധിച്ച കാഴ്ച്ചപ്പാടുകളെ പുതുക്കി നിർണ്ണയിച്ച്, വ്യക്തിയെന്ന നിലയിലും, സമൂഹസൃഷ്ടിയിലെ ഘടകമെന്ന നിലയിലും സ്ത്രീയുടെ സ്ഥാനത്തെയും അന്തസിനെയും പുനർനിർണ്ണയി ക്കേണ്ടതാണെന്ന് ഈ ചിത്രങ്ങൾ ഓർമ്മപ്പെടുത്തുന്നു..സ്ത്രീപക്ഷ സിനിമകളുടെ നിരയിലേക്ക് പൊതു സമൂഹത്തിന്റെ സ്ത്രീ നൈതികതയെ സംബന്ധിച്ച പുതിയ ബോധ്യങ്ങളുമായി ചേർന്നിരിക്കുന്നു, എച്ച് വിനോദും ആനന്ദ് ഏകർഷിയുമൊരുക്കിയ നേർക്കൊണ്ടപാർവൈയും ആട്ടവും.

ഗ്രന്ഥസൂചി

1) ആനന്ദ് ഏകർഷി, ആട്ടം സിനിമ, യൂട്യുബ്.

2) അജു കെ നാരായണൻ, ചെറി ജോസഫ്- പലവക സംസ്‌കാരപഠനങ്ങൾ.

3) ദേവിക, ജെ, ഡോ., കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ? സൈൻ ബുക്‌സ്.

4) വിനോദ്, എച്ച്, നേർക്കൊണ്ടപാർവൈ-സിനിമ -യൂട്യുബ്.

5) വിജയകൃഷ്ണൻ, ചലച്ചിത്രത്തിന്റെപൊരുൾ, കേരള ഭാഷാ ഇൻസ്റ്റിറ്റിയുട്ട്. 1984.

6) വിജയകൃഷ്ണൻ, ഇൻഡ്യൻ സിനിമയുടെ നൂറു വർഷങ്ങൾ, ചിന്താപബ്ലിഷേഴ്‌സ്, 2013.

7) രാജേഷ്, എം. ആർ., സിനിമ മുഖവും മുഖം മൂടിയും, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, 2019.

****

 

 

ബിന്ദു എ എം

അസി: പ്രൊഫസർ

മലയാള വിഭാഗം

സർക്കാർ വനിതാകോളെജ്

വഴുതക്കാട്

തിരുവനന്തപുരം-14

M# 9446479517

 

0 comments
bottom of page