സങ്കീര്‍ത്തനം.
- GCW MALAYALAM
- Feb 15
- 1 min read
കവിത
പ്രശോഭൻ ചെറുന്നിയൂർ

എന്നെ പ്രകീര്‍ത്തിക്കാന്‍
ഞാന്‍ മാത്രമുള്ള
സമുദ്രത്തില്‍
ഉപ്പുതേടി മുങ്ങണം.
അതിന്‍റെ ആഴങ്ങളില്‍
ചില സ്വപ്നാതിശയങ്ങള്‍
ഘനംകൂടി അണയായി
പ്രതിരോധിക്കുന്നുണ്ടാവും.
ഞാനൊരു മഹാകവിയാണ്,
അത്രയേറെ വായിക്കപ്പെടാത്ത
കവിതകള്‍ക്ക് ഘോരഘോരം
വാഴ്ത്തപ്പെട്ട പുംഗവന്‍..!!
ഞാനൊരു മഹര്‍ഷിയാണ്,
ആരുമാരും ഗുരുത്വപ്പെടാത്ത
വാഗ്വിലാസങ്ങളുടെ ചൂടില്‍
'സര്‍'വജ്ഞപീഠമേറിയോന്‍...!!
ഞാനൊരു ഗൃഹസ്ഥനാണ്,
പാതിയോടും ജനികളോടും
വെന്തഭാഷയുടെ വിഷത്താല്‍
നിര്‍ബോധമായുറങ്ങുവോന്‍..!!
ഞാനൊരു സുഹൃത്താണ്,
പതംപറഞ്ഞു കെണിയൊരുക്കാന്‍
പതീതപാവനമന്ത്രത്താല്‍
കെണിയൊരുക്കുന്നു ഹൃത്തിനാല്‍..!!
ഞാനൊരു പാവം ശവമാണ്,
ശിവം തേടിയലഞ്ഞ്
തെരുവിലെവിടെയോ
മരിച്ചുവീണ ''തത്ത്വമസി ''...!!
Comentarios