top of page

സമയമെന്ന സമസ്യ

വിജയകൃഷ്ണൻ എം വി

നമ്മളേവർക്കും ഏറ്റവും സുപരിചിതമായ ഒരു വിവക്ഷയാണ് കാലം അഥവാ സമയം.നമ്മുടെ ദൈനംദിന ജീവിതത്തെ ക്രമീകരിക്കുന്നതും മുഴുവൻ പ്രപഞ്ചത്തിൻറയും മാറ്റങ്ങളെ ഉൾകൊള്ളുന്നതുമായ ഒരു സങ്കല്പമാണിത്. സമയം എന്നത് വാസ്തവത്തിൽ ഉള്ളതാണോ അതോ മനുഷ്യമനസ്സിന്റെ ഒരു സങ്കൽപ്പമാണോ എന്ന ചോദ്യം നമ്മുടെ ചിന്തയെ ഏറ്റവും കുഴക്കിയ, ഇന്നും വ്യക്തമായ ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്.   


കാലഗണനയുടെ വഴികൾ

ആദിമമനുഷ്യർ അദ്‌ഭുതത്തോടെ പ്രകൃതിയെ നോക്കിയിരുന്ന കാലത്ത് അവരെ ഏറെ വിസ്മയിപ്പിച്ച ഒരു വസ്തുതയായിരിക്കണം പ്രകൃതിയിലെ ആവർത്തനസ്വഭാവമുള്ള പ്രതിഭാസങ്ങൾ. കൃത്യമായി നടക്കുന്ന ഉദയാസ്തമനങ്ങൾ, ഋതുക്കൾ, ജീവജാലങ്ങളുടെ ജീവിതചക്രം എന്നിവ പോലെയുള്ളവ പ്രകൃതിയിൽ ചാക്രികമായ മാറ്റങ്ങൾ വളരെ പ്രധാനമാണെന്നു അവർക്കു കാണിച്ചുകൊടുത്തിരിക്കുംഇത്തരം പ്രതിഭാസങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യജീവിതവും ക്രമീകരിക്കാമെന്നു അവർ കണ്ടെത്തി. സൂരോദ്യായം, സൂര്യാസ്തമനം എന്നിവയിൽ നിന്ന് ദിവസം, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളിൽ നിന്ന് മാസം, ഋതുക്കളുടെ മടങ്ങിവരവിനനുസരിച്ചു വർഷം എന്നിങ്ങനെ സമയത്തിനെ സംബന്ധിച്ച നാമരീതികൾ ഉരുത്തിരിഞ്ഞു വന്നു. ഇതിലൂടെ ദൈനദിനജീവിതത്തിന്റെ ചിട്ടകളും കൃഷിയുടെ ക്രമീകരണങ്ങളും തുടർന്ന് മനുഷ്യസംസ്കാരത്തിന്റെ വളർച്ചയും സംജാതമായി. കൃഷിയിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയതോടെ പല സംസ്കാരങ്ങളിലും പ്രപഞ്ചത്തെ കുറിച്ചും സത്യത്തെ കുറിച്ചുമൊക്കെ ഉള്ള ഉന്നതമായ ചിന്തകളും ഉദാത്തമായ ദർശനങ്ങളും ഉടലെടുത്തു.ഇതിൽ സമയത്തെ കുറിച്ചുള്ള ധാരണകൾ വളരെ വ്യത്യസ്തവും കൗതുകകരവുമാണ്.കൃഷിയുടെ ആവശ്യത്തിനായി സൂര്യന്റെയും ചന്ദ്രന്റെയും ചലനത്തിന് അനുസരിച്ചാണ് മിക്ക സംസ്കാരങ്ങളിലും സമയത്തിന്റെ പ്രായോഗികമായ നിർവചനങ്ങളും കാലഗണനാസമ്പ്രദായങ്ങളും നിർമ്മിക്കപ്പെട്ടത്.ഇപ്രകാരം പലതരം കലണ്ടറുകൾ ഓരോ സംസ്കാരത്തിലും പ്രചാരത്തിൽ വന്നു.  ഇതിൽ ബാബിലോണിയക്കാർ വികസിപ്പിച്ചെടുത്ത 60 മിനിട്ടുള്ള മണിക്കൂറും 24മണിക്കൂറുള്ള ദിവസവും ഏഴു ദിവസത്തെ ആഴ്ചയുംനാലാഴ്ചത്തെ മാസവും ആണ്  ഇന്ന് പ്രചാരത്തിലുള്ളത്. മായൻ കലണ്ടർ, തമിഴ് കലണ്ടർ,ചൈനീസ് കലണ്ടർ എന്നിങ്ങനെ പ്രധാനപ്പെട്ട അനേകം കലണ്ടറുകൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചില കാലഗണനാരീതികൾ വളരെ വിപുലവും അദ്‌ഭുതകരവുമാണ്. ഉദാഹരണത്തിന്,ഭാരതത്തിൽ നിലവിലുണ്ടായിരുന്ന ഒരു കാലഗണനാരീതി നോക്കാം.അല്പകാലം രണ്ടു ഇലകൾ ചേർത്ത് വെച്ച് ഒരു മുള്ളു കൊണ്ട് കുത്തിയാൽ ഒരു ഇലയിൽ നിന്നും മറ്റേ ഇലയിലേക്കു കടക്കുന്നതിനു വേണ്ട സമയം 

30  അല്പകാലം - 1  ത്രുടി 

30 ത്രുടി - 1 കല 

30 കല - 1 കാഷ്‌ഠ ( 1 നിമിഷം )

4 കാഷ്‌ഠ - 1 ഗണിതം 

10 ഗണിതം - 1 നെടുവീർപ്പ് 

6 നെടുവീർപ്പ്  - 1 വിനാഴിക 

60 വിനാഴിക  - 1 ഘടിക 

60 ഘടിക - 1 ദിവസം ( 1 അഹോരാത്രം )

15 അഹോരാത്രം - 1 പക്ഷം 

2  പക്ഷം - 1 ചാന്ദ്രമാസം 

12 ചാന്ദ്രമാസം - 1 മനുഷ്യവർഷം 

300 മനുഷ്യവർഷം - 1 ദേവവർഷം 

4800 ദേവവർഷം - 1 കൃതയുഗം 

3600 ദേവവർഷം - 1 ത്രേതായുഗം 

2400 ദേവവർഷം - 1 ദ്വാപരയുഗം 

1200 ദേവവർഷം - 1 കലിയുഗം 

4 യുഗങ്ങളും ചേർന്ന് 1 ചതുർയുഗം 

71 ചതുർയുഗം - 1 മന്വന്തരം 

14 മന്വന്തരം - 1 കല്പം 

2 കല്പം - 1 ബ്രഹ്മദിവസം 

360 ബ്രഹ്മദിവസം - 1 ബ്രഹ്മവർഷം 

120 ബ്രഹ്മവർഷം - 1 ബ്രഹ്‌മായുസ്സ്

ഓരോ കല്പം അവസാനിക്കുമ്പോഴും പ്രളയമുണ്ടായി ലോകം നശിക്കുന്നു. ലോകം ആവിർഭവിച്ചു ഒരു ബ്രഹ്‌മായുസ്സ് കാലം കഴിഞ്ഞാൽ പിന്നെ അത്രയും തന്നെ കാലം പൂർണശൂന്യതയാണ്. അത് കഴിഞ്ഞു ഇതേ പ്രക്രിയകൾ ആവർത്തിക്കുന്നു. ഇത് പോലെ ബൃഹത്തായ മറ്റു കാലഗണനാരീതികൾ ബുദ്ധമതഗ്രന്ഥങ്ങളിലും ജൈനമതകൃതികളിലും മറ്റും സുലഭമാണ്. ഇന്നത്തെ പ്രപഞ്ചചിത്രവുമായി താരതമ്യപ്പെടുത്തുമ്പോൾ ഏറെ സാമ്യത ധ്വനിപ്പിക്കുന്നതുമാണ് ഇവയൊക്കെ. നിലവിലെ ശാസ്ത്രീയമായ അറിവുപ്രകാരം ഏറ്റവും ദൈർഘ്യമേറിയ സമയം നമ്മുടെ പ്രപഞ്ചത്തിന്റെ പ്രായമാണ്. ഇത് ഏതാണ്ട് 13.7 ബില്യൺ വർഷമാണ് (ഇവിടെ മനുഷ്യവർഷമേയുള്ളു, ദേവന്മാരില്ല). മേലെ സൂചിപ്പിച്ച കാലഗണന ഒരു ചാക്രികമായ പ്രാതിഭാസിക പ്രപഞ്ചത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇന്നത്തെ മഹാവിസ്ഫോടനസിദ്ധാന്തപ്രകാരം പ്രപഞ്ചത്തിന്റെ ജീവിതം ചാക്രികമല്ല. ഇനി എത്ര കാലം കൂടി ബാക്കിയുണ്ടെന്നും പറയാൻ നിവൃത്തിയില്ലതാനും. അതു പോലെ,ഇത് വരെ അളന്നിട്ടുള്ള ഏറ്റവും ചെറിയ സമയദൈർഘ്യം  സെക്കണ്ടുകളാണ് ( ഇതിനെ ഒരു zeptosecond എന്ന് പറയുന്നു). തത്വത്തിൽ അളക്കാവുന്ന സമയത്തിന്റെ ഏറ്റവും ചെറിയ കണിക ഒരു പ്ലാങ്ക് സെക്കൻഡ് ആണ് -  സെക്കൻഡ്.

പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലുമായിട്ടാണ് ഇന്നത്തെ നിലയിലുള്ള സെക്കൻഡ്, മിനിട്ട്, മണിക്കൂർ കണക്കിലുള്ള കാലഗണന ശാസ്ത്രീയമായത്. ഇന്നത്തെ നിർവചനപ്രകാരം 1 സെക്കൻഡ് എന്നാൽ ഒരു  സീഷിയം - 133 (Cesium - 133 ) ആറ്റത്തിന്റെ രണ്ടു ഊർജ്ജനിലകൾക്കിടയ്ക്കുള്ള ചലനഫലമായി പുറപ്പെടുവിക്കുന്ന വികിരണത്തിന്റെ 9,192,631,770 തരംഗങ്ങൾക്കു വേണ്ടിവരുന്ന സമയമാണ്. ഈ പുതിയ ശാസ്ത്രീയനിർവചനവും പൗരാണിക നിർവചനങ്ങളും ഒരു സാധാരണക്കാരന് ഒരു പോലെ സങ്കീർണമായി തോന്നിയാൽ അദ്‌ഭുതമില്ല.


ദാർശനികരുടെ സമയം

ഇതു വരെ പറഞ്ഞതൊക്കെ സമയത്തിന്റെ പ്രായോഗികമായ അളക്കലിന്റെയും ഉപയോഗത്തിന്റെയും കാര്യങ്ങളാണ്. എന്നാൽ വാസ്തവത്തിൽ എന്താണ് സമയം എന്നും അതിന്റെ സ്വഭാവം എന്താണെന്നും അത് വാസ്തവമാണോ എന്ന് തന്നെയും നമ്മൾ ചിന്തിച്ചു തുടങ്ങിയിട്ടു വളരെയധികം കാലമായി. പല പ്രാചീന സംസ്കാരങ്ങളിലും കാലം എന്നത് ലോകക്രമം നിയന്ത്രിക്കുന്ന ശക്തിയാണ് ; അത് കൊണ്ട് തന്നെയും ലോകനാശത്തിനു ശക്തിയുള്ളതുമാണ്. ഭഗവദ് ഗീതയിൽ 'കാലോ അസ്മി ലോകക്ഷയകൃത്' - ഞാൻ ലോകനാശകനായ കാലമാകുന്നു - എന്ന വരിയുണ്ട് (11.32). അഥർവ്വ വേദത്തിൽ കാലത്തെ പ്രപഞ്ചസൃഷ്ടാവായും സർവ്വ  വസ്തുക്കളുടെയും നിയന്തിതാവായും സംബോധന ചെയ്യുന്ന അനേകം ശ്ലോകങ്ങളുണ്ട്.മഹാഭാരതത്തിൽ പ്രപഞ്ചനാടകത്തിന്റെ സൂത്രധാരനായി കാലത്തെ ഉപമിച്ചിട്ടുണ്ട്.

 ചലനത്തിൽ നിന്നും ആവിഷ്‌ക്കരിക്കപ്പെട്ട ഒരു സങ്കൽപ്പമാണ് സമയം. ചലനം യാഥാർത്ഥമാണെന്നു നമ്മൾ അനുഭവിച്ചറിയുന്നുണ്ട്, അതിനാൽ തന്നെ അതിൽ നിന്നും നമ്മൾ നിർമ്മിച്ചെടുത്ത സമയവും യാഥാർത്ഥമാണെന്നു നമ്മൾ ധരിക്കുന്നു.ഇത് യുക്തിപരമായി ശരിയല്ല എന്ന് പറയാം. എങ്കിലും സമയത്തിന്റെ പ്രധാന വിഭജനങ്ങളായ ഭൂതം, ഭാവി, വർത്തമാനം എന്നത് നമ്മൾക്ക് അനുഭവവേദ്യമാണെന്നതും കഴിഞ്ഞകാലസംഭവങ്ങളെ കുറിച്ചുള്ള ഓർമ്മകൾ നമുക്കുണ്ടെന്നതും കാലക്രമത്തിൽ സംഭവിക്കുന്ന പരിണാമങ്ങളും( ജനനം, വളർച്ച, മരണം) കാലത്തിന്റെ അസ്തിത്വത്തെ നിരാകരിക്കുവാൻ ബുദ്ധിമുട്ടാകുന്നു. ഇക്കാരണത്താൽ കാലമെന്നത് എക്കാലവും ദാർശനികരുടെ ഒരു ചിന്താവിഷയം തന്നെയായിരുന്നു.

പുരാതനദർശനങ്ങളിലെ കാലസങ്കല്പം പൊതുവെ സൃഷ്ടിയുടെ കാരണവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. അദ്വൈതദർശനത്തിന്റെ മായവാദപ്രകാരം സ്ഥല - കാല - നിയമങ്ങൾ (Space – Time – Causality) എന്നത് മായയാണ്. ഗ്രീക്ക് തത്വചിന്തകനായ സിനോ യുടെ ദർശനവും സമയം എന്നത് മിഥ്യയാണെന്നു പലതരം വിരോധാഭാസപരമായ ഉപമകളിലൂടെ (Zeno’s paradoxes) സ്ഥാപിക്കാൻ ശ്രമിക്കുന്നു. പ്ലേറ്റോയുടെ അഭിപ്രായപ്രകാരം സമയം എന്നത് സൂര്യചന്ദ്രന്മാരുടെയും അഞ്ചു ഗ്രഹങ്ങളുടെയും ചലനം നിമിത്തം സൃഷ്ടിക്കപ്പെടുന്ന മിഥ്യാധാരണയാണ് (Plato’s Timaeus). ഭാരതീയ, ഗ്രീക്ക് ദർശനങ്ങളിൽ ഏറെയും Ex Nihilo Nihil fit - അസത്തയിൽ നിന്നും സത്തിനെ സൃഷ്ടിക്കാനാവില്ല - എന്ന തത്വത്തിൽ അധിഷ്ഠിതമായതിനാൽ ചാക്രികമോ (Cyclic Time) അനന്തമോ (Eternal Time)  ആയ കാലസങ്കല്പമാണ് ഇവ മുന്നോട്ടു വെയ്ക്കുന്നത്. ഒരു കാലചക്രത്തിൽ - ചതുർയുഗത്തിൽ  -  സംഭവിക്കുന്നത്തെല്ലാം എല്ലാ ചക്രങ്ങളിലും - എല്ലാ ചതുർയുഗങ്ങളിലും  -  അത് പോലെ ആവർത്തിക്കുന്നതായുള്ള ഭാരതീയ സങ്കല്പത്തോട് സാമ്യമുള്ളതാണ് ഒരേ സംഭവങ്ങൾ അതേപടി അനന്തം തവണ ആവർത്തിക്കുമെന്ന ഗ്രീക്ക് ചിന്തകനായ പൈഥഗോറസിൻ വാദം (ഇതിനെ കുറിച്ച് അരിസ്റ്റോട്ടിലിന്റെ ശിഷ്യനായ യൂഡിമുസ് – Eudemus -  രേഖപ്പെടുത്തിയിട്ടുണ്ട്).  എന്നാൽ ജൂത, ക്രിസ്തീയ ദർശനങ്ങളാകട്ടെ, Creation Ex Nihilo - ഒന്നുമില്ലായ്മയിൽ നിന്നും സൃഷ്ടി - എന്ന സങ്കൽപ്പത്തിൽ അധിഷ്ഠിതമായതിനാൽ കാലത്തിന്റെ ഒരു തുടക്കം ആവശ്യപ്പെടുന്നു (In the Beginning, God created the heavens and the Earth– Genesis 1:1). ബുദ്ധദർശനത്തിൽ ക്ഷണികാവാദപ്രകാരം സമയം എന്നതും വസ്തുക്കളുടെ അസ്തിത്വം എന്നതും ക്ഷണികമാകുന്നു;എല്ലാം അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. ഇവിടെ കാലപ്രവാഹം എന്ന അവസ്ഥ ഇല്ല തന്നെ. എന്നാൽ ജൈനദർശനത്തിലാകട്ടെ,പ്രപഞ്ചത്തിലെ അഞ്ചു കേവലസത്യങ്ങളിൽ ഒന്നാണ് കാലം. ഇതിനെ യഥാർത്ഥത്തിലുള്ള പരമാർത്ഥകാലം (Absolute time) എന്ന് വിളിക്കുമ്പോൾ ദ്രവ്യത്തിന്റെ ചലനഫലമായി അനുഭവവേദ്യമാകുന്ന കാലപ്രവാഹത്തെ അയഥാർത്ഥമായ വ്യവഹാരകാലമെന്നും (Conventional time) വിളിക്കുന്നു.ഇങ്ങനെ സമയത്തെ സംബന്ധിച്ച് വളരെ വ്യത്യസ്തങ്ങളായ കാഴ്ചപ്പാടുകളാണ് വിവിധ ദർശനങ്ങൾ അവതരിപ്പിക്കുന്നത്.


സമയവും ശാസ്ത്രവും

ന്യൂട്ടോണിയൻ ചലനനിയമങ്ങളുടെ ആവിർഭാവത്തോടു കൂടിയാണ് സമയത്തിന് കുറിച്ചുള്ള ഗണിതപരമായ ശാസ്ത്രീയപഠനം തുടങ്ങിയത് എന്ന് പറയാം. ന്യൂട്ടനെ സംബന്ധിച്ച് സമയം എന്നത് കേവല(Absolute) - മായ ഒരു വസ്തുവാണ് - Absolute, true, and mathematical time, from its own nature, passes equably without relation to anything external, and thus without reference to any change or way of measuring of time – Principia Mathematica – Scholium. ഇരുപതാം നൂറ്റാണ്ടു തുടങ്ങുന്നത് വരെ ഈ സങ്കല്പം നിലനിന്നു. ന്യൂട്ടോണിയൻ ചലനസിദ്ധാന്തങ്ങളിലെ സമയസങ്കൽപ്പത്തിന് ഒരു പ്രതേകത ഉണ്ടായിരുന്നു - അത് സമയത്തിന്റെ ഭൂതകാലത്തു നിന്നും ഭാവിയിലേക്കുള്ള പ്രവാഹത്തിനെ ഉൾക്കൊണ്ടില്ല. അതായത്, ന്യൂട്ടോണിൻ ചലനസിദ്ധാന്തങ്ങൾ സമയം മുന്നോട്ടു പോയാലും പിന്നോട്ടു പോയാലും ഒരു പോലെ ശരിയായി തന്നെ നിലനിൽക്കും. ഈ പ്രശ്നത്തിന് പരിഹാരമായി ഭൗതികശാസ്ത്രജ്ഞർ എൻട്രോപ്പി (Entropy) എന്ന സങ്കല്പം മുന്നോട്ടു വെച്ചു. പ്രപഞ്ചത്തിന്റെ മൊത്തം എൻട്രോപ്പി കൂടിക്കൊണ്ടിരിക്കുമെന്നും ഇതിനു അനുസൃതമായാണ് എല്ലാ പ്രക്രിയകളും സംഭവിക്കുന്നതെന്നും നമ്മൾ കണ്ടെത്തി. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ഈ സങ്കല്പം ശാസ്ത്രത്തിലെ ഏറ്റവും വിസ്മയകരമായ ചില കണ്ടുപിടിത്തങ്ങളിലേക്കു നയിച്ചു. ജീവൻ എന്ന പ്രതിഭാസത്തിനെ ഭൗതികശാസ്ത്രരീതികൾ ഉപയോഗപ്പെടുത്തി വിശദീകരിക്കുക എന്ന നിലയിലാണ് ഈ പഠനം ഇപ്പോൾ എത്തി നില്കുന്നത്. സ്ഥലപരിമിതി മൂലം ഈ വിഷയത്തെ കുറിച്ച്  കൂടുതൽ ഇവിടെ പരാമർശിക്കുന്നില്ല. എൻട്രോപ്പി എന്ന സങ്കല്പം സമയത്തിന്റെ ദിശാസൂചികയായി പറയപ്പെടുന്നു (The Arrow of Time). 1905ൽ ആൽബർട്ട് ഐൻസ്റ്റീൻ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം മുന്നോട്ടു വെച്ചതോടു കൂടി സമയത്തിനെസംബന്ധിച്ച് മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ഒരു വിപ്ലവം സൃഷ്ഠിക്കപ്പെട്ടു.സമയം എന്നത് കേവലമല്ല എന്നും ഓരോ വ്യൂഹവും (Every system)  അതിന്റെ ചലനത്തെ ആശ്രയിച്ചു വിവിധ കാലക്രമങ്ങളിൽ ആണെന്നും ഈ സിദ്ധാന്തം പ്രസ്താവിക്കുകയും ഇവ പരീക്ഷണങ്ങളിൽ സംശയരഹിതമായി തെളിയിക്കപ്പെടുകയും ചെയ്തു. ഇതിനർത്ഥം, വഴിക്കരികിൽ ഒരിടത്തു നിൽക്കുന്ന ഒരാൾക്കും ആ വഴിയിലൂടെ ഒരു വാഹനത്തിൽ സഞ്ചരിക്കുന്ന ഒരാൾക്കും രണ്ടു രീതിയിലുള്ള സമയക്രമമാണുള്ളത് എന്നാണ് .ഇവരെ രണ്ടു പേരെയും സംബന്ധിച്ചു ഒരു മിനിറ്റിനുള്ള ദൈർഘ്യം ഒന്നാകില്ല. മാത്രമല്ല, ഇവർ രണ്ടു പേരും വ്യത്യസ്ത ചലനസ്ഥിതികളിലായതിനാൽ ഇവരുടെ സ്ഥലകാലങ്ങൾ (space & time)  വ്യത്യസ്തമായിരിക്കും.ഒരേ സ്പേസിൽ ഒരേ കാലപ്രവാഹം അനുഭവപ്പെടുന്നവരായി ഇവരെ കരുതാനാകില്ല. ഇതാണ് യാഥാർത്ഥമെങ്കിൽ നമ്മളെന്തു കൊണ്ട് ഇത് തിരിച്ചറിയുന്നില്ല എന്ന ചോദ്യത്തിനുത്തരം പ്രകാശവേഗത അത്രത്തോളം വലുതാണെന്നുള്ളതാണ് ( ഒരു സെക്കൻഡിൽ 300 ദശലക്ഷം കിലോമീറ്റർ). സ്ഥലവും കാലവും കേവലമല്ലെങ്കിൽ, അവ എല്ലാവർക്കും ഒരു പോലെ യഥാർത്ഥമായി അനുഭവപ്പെടുന്ന കേവലസത്യമല്ലെങ്കിൽ പിന്നെ  യാഥാർഥ്യം (Absolute Reality) എന്താണെന്നുള്ള ഒരു പുതിയ അന്വേഷണത്തിന് ഈ കണ്ടുപിടിത്തം തുടക്കമിട്ടു. അത് പോലെ 1915 ൽ ഐൻസ്റ്റീൻ തന്നെ അവതരിപ്പിച്ച സാമാന്യ ആപേക്ഷികതാ സിദ്ധാന്തപ്രകാരം ഭൂമിയെ പോലെ ഗുരുത്വാകര്ഷണശേഷിയുള്ള വസ്തുക്കളുടെ സാനിധ്യത്തിൽ സമയം മെല്ലെ നീങ്ങുകയും ചെയുന്നു. പ്രപഞ്ചത്തിൽ മൊത്തത്തിൽ ഒരു സമയം എന്നൊന്നില്ല.  ഈ വസ്തുത ഉപയോഗപ്പെടുത്തിയാണ് ഇന്നത്തെ മൊബൈൽ കമ്മ്യൂണിക്കേഷനു വേണ്ട GPS സാറ്റിലൈറ്റ് ശ്രുംഖലയുടെ പ്രവർത്തനം തന്നെ.  അങ്ങനെ ആപേക്ഷികതാ സിദ്ധാന്തം സമയമെന്ന സമസ്യക്ക് ഒരർത്ഥത്തിൽ കൃത്യമായ ഒരു ഉത്തരം നൽകുന്നു.

എന്നാൽ ഇരുപതാം നൂറ്റാണ്ടിലെ മറ്റൊരു ശാസ്ത്രവിപ്ലവമായ ക്വാണ്ടം ബലതന്ത്രം സമയത്തെ കുറിച്ചു വളരെയധികം പ്രതേകതകൾ ഉള്ള വ്യത്യസ്തമായ ഒരു ചിത്രമാണ് നൽകുന്നത്. ക്വാണ്ടം ബലതന്ത്രത്തിന്റെ അർത്ഥം വിശദീകരിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട  കോപ്പൻഹാഗൻ വ്യാഖ്യാനം (Copenhagen Interpretation) അനുസരിച്ചു  ഒരു വ്യൂഹത്തിന്റെ ചലനസ്ഥിതി അനുവാചകനെ ആശ്രയിച്ചാണ് നിഴ്ചയിക്കപ്പെടുക. പദാർത്ഥവും വികിരണങ്ങളും ദ്വന്ദസ്വഭാവമുള്ളവയായതിനാൽ (Wave / particle duality) നമ്മൾ തരംഗദൈർഖ്യം കണ്ടുപിടിക്കാൻ ശ്രമിക്കുമ്പോൾ അവ തരംഗസ്വഭാവം കാണിക്കുകയും നമ്മൾ പദാർത്ഥത്തിന്റെ പ്രതേകതകൾ അളക്കാൻ ശ്രമിച്ചാൽ അവ പദാർത്ഥസ്വഭാവം കാണിക്കുകയും ചെയുന്നു. ഇതിനെ Observer created reality എന്ന് വിളിക്കുന്നു. ഒരു വ്യൂഹത്തെ നിരീക്ഷിക്കുന്ന ഒരു നിരീക്ഷകന്റെ നിരീക്ഷണനിമിഷത്തിൽ മാത്രം ആ നിരീക്ഷണരീതിക്കനുസരിച്ചു സൃഷ്ടിക്കപ്പെടുന്ന ഒരു 'സത്യ'മാണ് അതിന്റെ  ചലനസ്ഥിതി എന്നർത്ഥം. ഈ പറഞ്ഞതും സമയവിവക്ഷയുമായുള്ള ബന്ധം വ്യക്തമാണ്. നിരീക്ഷണനിമിഷത്തിനു മുൻപുള്ള സ്ഥിതിയാണ് ആ വ്യൂഹത്തിന്റെ ഭൂതകാലം (Past). നിരീക്ഷണവേളയിൽ ഉടലെടുക്കുന്ന സ്വഭാവവിശേഷങ്ങളുള്ള ഒരു വ്യൂഹത്തിനു ഒരു ഭൂതകാലം ഉള്ളതായി പറയുക പ്രശ്നമുള്ള ഒരു കാര്യമാണ്. ഫലത്തിൽ ക്വാണ്ടം ബലതന്ത്രം പഠിക്കുന്ന ആറ്റങ്ങളുടെ ലോകത്ത് സമയക്രമമനുസരിച്ചു കാര്യങ്ങൾ സംഭവിക്കുന്നു എന്ന് പറയുന്നത് ശരിയല്ല എന്ന നിഗമനത്തിലാണ് നാം എത്തിച്ചേരുക. ഇത് സമയത്തെ സംബന്ധിച്ച ചർച്ചകളെ കൂടുതൽ സങ്കീർണമാക്കുന്നു. സാമാന്യ ആപേക്ഷികതാ സിദ്ധാന്തവും ക്വാണ്ടം ബലതന്ത്രവും ഒന്നിപ്പിക്കുക എന്നതാണ് ഇന്നത്തെ ഭൗതികശാസ്ത്രത്തിന്നു മുന്നിലുള്ള ഒരു വലിയ കടമ. ഇതിൽ വിജയിക്കുമ്പോൾ സമയത്തെ കുറിച്ച് പുതിയ ഒരു അറിവ് നമുക്ക് ലഭിക്കുമെന്നു പ്രതീക്ഷിച്ചു കാത്തിരിക്കാം.


ഗ്രന്ഥസൂചിക:

1.     A Brief Study On History And Evolution Of Time by Udhaya Sankar Ganesamoorthy &  Chinnadurai Ganesa Moorthy, Indian Journal of History of Science (2023) 58:103–110

2.     A Study of Time in Indian Philosophy by Balslev, A. N., Motilal Bamarsidass publishers, 2009

3.     ഋഗ്വേദം: ശാസ്ത്രാധിഷ്ഠിത പഠനം by Guru Nithyachaithanya Yati, Narayana Gurukulam Foundation, 2001

4.     Time in Powers of Ten by Gerard 't Hooft & Stefan Vandoren, World Scientific, 2014

5.     Philosophical Understanding and Religious Truth by Erich Frank, Oxford University Press, 1945

6.     Schrodinger’s Kittens and the Search for Reality by John Gribbin, Phoenix Publishers, 1994

7.     About Time by Paul Davies, Simon & Schuster, 1995

8.     The Labyrinth of Time by Michael Lockwood, Oxford University Press, 2005

9.     The End of Time by Julian Barbour, Oxford University Press, 1999

10.  The River of Time by Igor D. Novikov, Cambridge University Press, 1998


 

വിജയകൃഷ്ണൻ എം വി

അസിസ്റ്റന്റ് പ്രൊഫസർ & ഹെഡ് 

ഫിസിക്സ് വിഭാഗം 

ഗവ: കോളേജ് ചിറ്റൂർ 

പാലക്കാട് – 678104

Mob: 9447045991

Comments

Rated 0 out of 5 stars.
No ratings yet

Add a rating
No^v F-Un-äÀ
-tUm. em-ep-. hn-v

Ìm^v FUnäÀ
tUm.KwKmtZhn. Fw

ÌpUâv FUn-äÀ
cXojv Fk


ഇഷ്യു എഡിറ്റർ v
ഡോ. അമ്പിളി ആർ.പി.
FUntäm-dnb t_mÀUv 
AwK§Ä
tUm.kPohv IpamÀ Fkv 
tUm. Zo] _n Fkv 
tUm.tkXpe£van Fw Fkv 
-tUm A-¼n-fn- B-À- ]n-
-
ഡോ. ശ്രീലക്ഷ്മി എസ്.കെ
_nµp. F Fw
Pqen F 
a©p sI BÀ
Publishers Name:          
Dr.Lalu.V,
Head of the Department, Department of Malayalam, Govt College for Women, Thiruvananthapuram pin 695014   
Mob:9446457996         
email:gcwmalayalam2023@gmail.com            laluvatl@gmail.com 

Unssk³ & te Hu«vv
cXojv. Fkv

aebmfhn-`m-Kw
kÀ¡mÀ h\nXmtImtfPv 
Xncph\´]pcw

©GCW VAIKNJAANIKA MALAYALAM ONLINE 2024

bottom of page